മലയാള സിനിമയില്‍ മലപ്പുറം ഇനി പഴയ മലപ്പുറമല്ല
|ആരൊക്കെയോ വരച്ച മൈലാഞ്ചി നിറമുള്ള താടിയിലും തൊപ്പിയിലും തട്ടത്തിലും തട്ടി മലപ്പുറത്തെ മുസ്ലിം കഥാപാത്രങ്ങള്‍ മോക്ഷം കിട്ടാതെ അലയുകയായിരുന്നു നാളിതുവരെ. മാടമ്പി തറവാടുകളുടെയും സവര്‍ണരുടെയും കഥകള്‍ മാത്രമായിരുന്ന മലയാള സിനിമയില്‍ മലബാര്‍ സിനിമകളുടെ വിമോചന സമരം അതിന്റെ ലക്ഷ്യ പ്രാപ്തിയിലെത്തിയെന്ന് പറയാം.
ഒരു പറ്റം ചെറുപ്പക്കാര്‍ മലപ്പുറത്തിന്റെ മണം തിരശ്ശീലയില്‍ വിജയം തീര്‍ത്ത വര്‍ഷം, അങ്ങനെയും 2022 ലെ മലയാള സിനിമയെ അടയാളപ്പെടുത്താം. മലയാള നിഘണ്ടുവില്‍ മഴക്ക് മയ എന്ന പര്യായം കൂട്ടിച്ചേര്‍ത്ത വര്‍ഷം.
മലപ്പുറം കഥാ പശ്ചാത്തലമായി വന്ന തല്ലുമാല എന്ന സിനിമ മലപ്പുറത്തിന്റെ മാത്രമല്ല കേരളത്തിന്റെതന്നെ ഹിറ്റായി മാറിയതാണ് കഴിഞ്ഞ കൊല്ലം കണ്ടത്. തല്ലുമാല ടോവിനോ തോമസിന്റെ കരിയര്‍ ബ്ലോക്ക് ബസ്റ്ററായി. വെറുമൊരു മാസ് മസാല കൊമേഴ്സ്യല്‍ സിനിമയായല്ല തല്ലുമാലയെ മലയാള സിനിമയില്‍ രേഖപ്പെടുത്തുക. 'ഓളും' 'ഇജ്ജും' 'അനക്കു'മൊക്കെ മറ്റേത് ജില്ലയിലെ പ്രാദേശിക ഭാഷകളുടെ വൈവിധ്യത്തെ പോലെയുള്ള വാക്കുകള്‍ മാത്രമാണെന്ന് പറയാനാണ് സിനിമ ശ്രമിച്ചത്. സംവിധായകന് ഖാലിദ് റഹ്മാന്റെ ആ ശ്രമം വിജയം കണ്ടു. 'ഓളെ മെലഡിയെന്നും' 'ഇജ്ജ് ഇണ്ടാക്കിക്കോ' ന്നും മലപ്പുറം മാത്രമല്ല, കേരളക്കരയാകെ പാടി. കഥാ പശ്ചാത്തലം മാത്രമല്ല, പാട്ട് ഉള്‍പ്പടെ മലപ്പുറം ഭാഷയില്‍ വന്ന മറ്റൊരു സിനിമയില്ല. സിനിമ കാണാന്‍ ട്രാന്സ്ലേഷന് വേണ്ടി വരുമെന്ന് പറഞ്ഞ മറ്റു ജില്ലക്കാര്‍ വരെ സിനിമക്ക് ടിക്കറ്റെടുത്തു.
ആരൊക്കെയോ വരച്ച മൈലാഞ്ചി നിറമുള്ള താടിയിലും തൊപ്പിയിലും തട്ടത്തിലും തട്ടി മലപ്പുറത്തെ മുസ്ലിം കഥാപാത്രങ്ങള്‍ മോക്ഷം കിട്ടാതെ അലയുകയായിരുന്നു നിളിതുവരെ. മാടമ്പി തറവാടുകളുടെയും സവര്‍ണരുടെയും കഥകള്‍ മാത്രമായിരുന്ന മലയാള സിനിമയില്‍ മലബാര്‍ സിനിമകളുടെ വിമോചന സമരം അതിന്റെ ലക്ഷ്യ പ്രാപ്തിയിലെത്തിയെന്ന് പറയാം.
മലപ്പുറം കഥാപശ്ചാത്തലമായി മുന്‍പ് വന്ന കൊമേഴ്സ്യല്‍ സിനിമകളെല്ലാം ആ നാടിന് ബാധ്യതയായിരുന്നു. മലപ്പുറം ഭാഷകളെ സ്ക്രീനില്‍ എത്തിച്ചവരൊക്കെ തോല്‍വിയുടെ സ്വാദറിഞ്ഞു. പ്രിയദര്‍ശന്റെ കിളിച്ചുണ്ടന്‍ മാമ്പഴം പോലെ നിരവധി ഉദാഹരണങ്ങളുണ്ട്. ഈ കാണുന്ന ഞങ്ങളല്ല യഥാര്‍ഥ ഞങ്ങളെന്നു പറയാന്‍ മലപ്പുറത്തുകാര്‍ ധാരാളം ശ്രമിച്ചെങ്കിലും സിനിമയാക്കി കാണിച്ചു കൊടുക്കാന്‍ പിന്നെയും വര്‍ഷമെടുത്തു.
മലപ്പുറത്തെ സാമൂഹിക പ്രശ്നങ്ങള്‍ പറയാന്‍ ചില സിനിമകള്‍ ഉണ്ടായി. പാഠം ഒന്ന് ഒരു വിലാപം, പരദേശി തുടങ്ങിയവയൊക്കെ അതിനുദാഹരണങ്ങളാണ്. കൃത്യമായി രാഷ്ട്രീയം പറഞ്ഞ് കെ.എല്‍ പത്തും (KL-10) സുഡാനി ഫ്രം നൈജീരിയയും ശ്രദ്ധ നേടിയെങ്കിലും കേരളം മുഴുവന്‍ സാമ്പത്തികമായി വലിയ വിജയം കൈവരിക്കാന്‍ ആ സിനിമകള്‍ക്കും കഴിഞ്ഞില്ല. മലബാറില്‍ ചുറ്റപ്പെട്ട വിജയത്തിലൊതുങ്ങേണ്ടി വന്നു. എന്നാല്‍, തല്ലുമാല അതിനെയെല്ലാം മറികടന്നു. രാഷ്ട്രീയമായും സാമൂഹികമായും വാണിജ്യപരമായും തല്ലുമാലയുടെ സ്ഥാനം 2022ല്‍ ഏറെ ഉയരെയാണ്.
ഒറ്റ നോട്ടത്തില്‍ വര്‍ണ കടലാസ്സില്‍ പൊതിഞ്ഞ കാണാന്‍ ഇമ്പമുള്ള മിട്ടായി. എന്നാല്‍, മലയാള സിനിമ ചരിത്രത്തില്‍ ഇത്രയും കളര്‍ഫുള്‍ ആയി രാഷ്ട്രീയം പറഞ്ഞ വേറെ സിനിമയുണ്ടാകുമോ? കണ്ടിരുന്നവര്‍ പോലും അറിയാതെ സിനിമ കൈകാര്യം ചെയ്ത രാഷ്ട്രീയം ലളിതമായി സംവദിച്ചു. സരസം എന്ന് തോന്നിപ്പിക്കുന്ന പാട്ടിലെ വരികളിലുടെ പോലും ആഴത്തില്‍ പറഞ്ഞത് തുല്യതയുടെ രാഷ്ട്രീയം. മലയാള സിനിമയില്‍ ഞങ്ങള്‍ക്കും തുല്യമായ സ്ഥാനമുണ്ടെന്ന് പാട്ടിന്റെ വരികളിലൂടെ മുഹ്സിന് പരാരി പറയാതെ പറഞ്ഞു. സമ ഗമ സമ ഗമ എന്ന വരി ഈണത്തിനൊപ്പിച്ച ഈരടികളായിരുന്നില്ല, മറിച്ച് തന്റെ രാഷ്ട്രീയ മുദ്രാവാക്യമാണെന്ന് ഗാനരചയിതാവ് മുഹ്സിന് പരാരി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
അപരിഷ്കൃതരുടെ കഥയല്ല, ഫ്രീക്കന്മാരുടെയും കഥ മലപ്പുറത്തുണ്ട്; ഏത് നാട്ടിലെയും പോലെ തന്നെ. മലയാള സിനിമയില്‍ തുല്യതയുടെ വിജയം ഇനിയും പ്രത്യാശിക്കാം. തല്ലുമാല അതിന്റെ ഒരു തുടക്കം മാത്രമാണ്.