Analysis
മണിപ്പൂര്‍: വിഭജിക്കപ്പെട്ട ഒരു ഇന്ത്യന്‍ സംസ്ഥാനം സമാധാനത്തിനായി കേഴുന്നു - ബഷീര്‍ മാടാല
Analysis

മണിപ്പൂര്‍: വിഭജിക്കപ്പെട്ട ഒരു ഇന്ത്യന്‍ സംസ്ഥാനം സമാധാനത്തിനായി കേഴുന്നു - ബഷീര്‍ മാടാല

ബഷീര്‍ മാടാല
|
16 Aug 2024 11:06 AM GMT

ഇപ്പോഴും സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാന്‍ കഴിയാതെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഇരുട്ടില്‍ തപ്പുകയാണ്. സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള എല്ലാ ചര്‍ച്ചകളും വിഫലമാണ്.

കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി മണിപ്പൂര്‍ എന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍പ്പെട്ട ഒരിടം വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. രാജ്യത്തിന് പുറത്തും മണിപ്പൂര്‍ ഇപ്പോഴും ചര്‍ച്ചകളാല്‍ മുഖരിതമാണ്. ഇസ്രയേല്‍ ഫലസ്തീനില്‍ നടത്തുന്ന വംശഹത്യ പോലെ മണിപ്പൂരില്‍ ഗോത്ര വംശജര്‍ക്കെതിരായ കടുത്ത ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. രാജ്യത്തെ ഒരു സംസ്ഥാനം രണ്ടായി വിഭജിക്കപ്പെട്ട് കഴിഞ്ഞിട്ട് നാളേറെയായി. മണിപ്പൂര്‍ എന്ന ഇന്ത്യന്‍ സംസ്ഥാനം ഇന്ന് വ്യക്തമായി വിഭജിക്കപ്പെട്ട് രണ്ട് രാജ്യങ്ങളായി മാറിയിരിക്കുന്നു. പരസ്പരം കാണാന്‍ പോലും ഇഷ്ടപ്പെടാതെ കനത്ത പിരിമുറുക്കവും അവിശ്വാസവുമായി രണ്ട് ധ്രുവങ്ങളിലായി ഇവിടുത്തെ ജനത മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വ്യക്തികള്‍, സമുദായങ്ങള്‍, കച്ചവടം, തുടങ്ങി എല്ലാവിധ ബന്ധങ്ങളും ഇവിടെ വിഛേദിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ഗോത്ര വര്‍ഗ ജനത പൂര്‍ണ്ണമായും മലമ്പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും, മറ്റിതര വിഭാഗങ്ങള്‍ ഇംഫാല്‍ താഴ്‌വരയിലുമായി അതിര്‍ത്തിയിട്ടാണ് ഇപ്പോള്‍ ജീവിക്കുന്നത്. ഈ അതിര്‍ത്തികള്‍ കാക്കുന്നത് ഇന്ത്യന്‍ സുരക്ഷാ സേനകളാണ്. താഴ്‌വരയും മലഞ്ചെരുവുകളും അതിര്‍ത്തി പങ്കിടുന്ന ബഫര്‍ സോണുകള്‍ ഇന്ന് പട്ടാളത്തിന്റെ അധീനതയിലാണ്. ഈ അതിര്‍രേഖ മറികടക്കുക തികച്ചും ദുഷ്‌കരമാണ്. എന്നാല്‍, ഈ ബഫര്‍സോണുകളില്‍ നുഴഞ്ഞു കയറുന്ന തീവ്രവാദി ഗ്രൂപ്പുകാര്‍ വിവിധ ഗ്രാമങ്ങളില്‍ ചെന്ന് ഇപ്പോഴും നിരപരാധികളായവരെ വെടിവെച്ചു കൊന്നു കൊണ്ടിരിക്കുന്നു. കഴിഞ്ഞ അനേകം മാസങ്ങളായി തുടരുന്ന ഇത്തരം ആക്രമങ്ങള്‍ക്ക് തടയിടാന്‍ ആര്‍ക്കും കഴിയുന്നില്ല. ആക്രമികളില്‍ നിന്ന് രക്ഷനേടാന്‍ സ്വമേധയാ ആയുധമെടുത്തവരും, സായുധ സേനകളുടെ ആയുധങ്ങള്‍ മോഷ്ടിച്ചവരും ഇന്ന് മണിപ്പൂരില്‍ പരസ്പരം പോരാടുകയാണ്.

ഇപ്പോഴും സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാന്‍ കഴിയാതെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഇരുട്ടില്‍ തപ്പുകയാണ്. സമാധാനം തിരിച്ചു കൊണ്ടുവരാനുള്ള എല്ലാ ചര്‍ച്ചകളും വിഫലമാണ്. അടുത്തിടെ ഒരു ജില്ലയില്‍ നടന്ന ചര്‍ച്ചയില്‍ സമാധാന കരാര്‍ ഉണ്ടായെങ്കിലും അതിന് ഒരു ദിവസത്തെ ആയുസ്സ് പോലും ഉണ്ടായില്ല. കനത്ത സുരക്ഷയിലും പ്രതികാര ആക്രമങ്ങള്‍ക്ക് ഇപ്പോഴും കുറവില്ല. ആക്രമങ്ങള്‍ നടക്കാത്ത ദിവസങ്ങള്‍ ഇന്ന് മണിപ്പൂരിലില്ല. ഒരു സമ്പൂര്‍ണ്ണ ഇടപെടല്‍ ആണ് മണിപ്പൂരിന് ആവശ്യം. ഇത് ഒന്നോ രണ്ടോ ദിവസം കൊണ്ട് സാധ്യവുമല്ല. ഈ ഇടപെടലിന് ഇനിയും വൈകിയാല്‍ മണിപ്പൂരില്‍ ഇനി അവശേഷിക്കുന്നവരുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കും.

കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി തുടരുന്ന മണിപ്പൂരിലെ വംശഹത്യയെക്കുറിച്ച് ഗവേഷണം നടത്തുന്ന കാംഗ്‌കോക്പിയിലെ മിസ്. ഹായോകിപ്പ് പറയുന്നത് ഭാവി ഇരുളടഞ്ഞതാണ് എന്നാണ്. കുക്കി, സോമി, ഹമര്‍ ഗോത്രവര്‍ഗക്കാരും മെയ്‌തേയ് വിഭാഗക്കാരും തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ സൂഷ്മമായി വിലയിരുത്തുന്ന ഗവേഷകയായ ഹയോ കിപ്പിന്റെ നിരീക്ഷണങ്ങള്‍ ശക്തവും, പഠന വിധേയവുമാണ്. എല്ലാം നഷ്ടപെട്ടു കഴിഞ്ഞ ഒരു ജനസമ്യൂഹത്തിന്റെ നേര്‍ചിത്രം ഇവരിലൂടെ അടുത്തറിയാം. എങ്ങനെയാണ് ഒരു ഗോത്രവര്‍ഗ ജനതയെ ലോക സാമ്പത്തിക ശക്തികള്‍ കഴുത്ത് ഞെരിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് എന്നതിന്റെ ഏറ്റവും പുതിയ രൂപമാണ് മണിപ്പൂര്‍ നല്‍കുന്നത്. കലാപ കാരണങ്ങളുടെ അടിസ്ഥാന പ്രശ്‌നം ഭൂമിയാണെന്നിരിക്കെ അത് എങ്ങനെയാണ് വംശീയതയായി മാറിയത് എന്നതാണ് വിഷയം. ജനസംഖ്യയില്‍ 53 ശതമാനം മെയ്‌തേയ്കളും 41 ശതമാനം ഗോത്ര ജനതയുമാണ്. ഏഴു ശതമാനം മുസ്‌ലിം പംഗല്‍ വിഭാഗക്കാരുമാണ്. സംസ്ഥാനത്തെ ആകെ 90 ശതമാനം ഭൂമിയുടെയും ആവകാശികള്‍ ഗോത്ര വിഭാഗക്കാരാണ്.


ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന മെയ്‌തേയ്കള്‍ക്ക് സംസ്ഥാനത്തെ ഭൂമിയില്‍ 10 ശതമാനം മാത്രമെ അവകാശമുള്ളൂ. കാലങ്ങളായി അധികാരം കയ്യാളുന്നത് മെയ്‌തേയ്കളാണ്. എന്നാല്‍, ഭൂമികളില്‍ അവര്‍ക്ക് ആധിപത്യമില്ല. കുക്കികള്‍ക്ക് താഴ്‌വരകളിലും ഭൂമി വാങ്ങാമെന്നിരിക്കെ മെയ്‌തേയ്കള്‍ക്ക് മലമുകളില്‍ ഭൂമി വാങ്ങാന്‍ നിയമം അനുവദിക്കുന്നില്ല. ഈ വൈരുധ്യം മണിപ്പൂരില്‍ നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇതിന് പുറമെ ഗോത്രവര്‍ഗക്കാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സംവരണവും നല്‍കുന്നുണ്ട്. ഇതിനെയെല്ലാം മറികടക്കാനുള്ള അജണ്ടകള്‍ വര്‍ഷങ്ങളായി മെയ്‌തേയ്കള്‍ പ്രയോഗിക്കാറുണ്ട്. അത് പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇങ്ങിനെയൊക്കെ ആണെങ്കിലും ഈ രണ്ട് വിഭാഗക്കാരും മണിപ്പൂരില്‍ ഒന്നിച്ചാണ് കഴിഞ്ഞു വന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം മേയ് 3 ന് തുടങ്ങിയ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവിഭാഗവും രണ്ട് രാജ്യങ്ങളെ പോലെയായി. ജനസംഖ്യയില്‍ ഭൂരിപക്ഷമായ മെയ്‌തേയ്കള്‍ക്ക് സര്‍ക്കാര്‍ സംവരണം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് വന്നതോടെയാണ് മണിപ്പൂര്‍ ആളികത്താന്‍ തുടങ്ങിയത്. ഹൈക്കോടതി ഉത്തരവിനെതിരെ ചൂരാചന്ദ്പൂരില്‍ കുക്കികള്‍ നടത്തിയ പ്രതിഷേധ പ്രകടനം ആക്രമത്തിലേക്ക് നീങ്ങുന്നത് നോക്കി നില്‍ക്കാന്‍ മാത്രമെ കുക്കികള്‍ക്കായുള്ളൂ. വളരെ ആസൂത്രിതമായി മെയ്‌തേയ്കള്‍ ഈ സാഹചര്യം ഉപയോഗിച്ചു.

ഗോത്രവര്‍ഗ മേഖലകളില്‍ ആഞ്ഞടിച്ച മെയ്‌തേയ്കള്‍ കുക്കി, സോമി വംശജരുടെ സര്‍വവും നശിപ്പിച്ചു. അനേകായിരം വീടുകളും, ആരാധനാലയങ്ങളും, ബിസിനസ് സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ചു. നിരവധി പേരെ കൊന്നൊടുക്കി. അവശേഷിക്കുന്നവര്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. എല്ലാം അവസാനിച്ചപ്പോള്‍ 70,000 ല്‍ അധികം പേര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റനേകം പേര്‍ തൊട്ടടുത്ത സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തതായും കണ്ടെത്തി. സമാധനത്തിനായി സൈനികരെ വിന്യസിച്ചെങ്കിലും അതുണ്ടായില്ല. ഏറ്റുമുട്ടുകളിലൂടെ നിരവധി പേര്‍ പിന്നെയും കൊല്ലപ്പെട്ടെങ്കിലും ഭരണകൂടം ഇതെല്ലാം കണ്ടുനിന്നു. ഇപ്പോഴും സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാന്‍ കഴിയാതെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഇരുട്ടില്‍ തപ്പുകയാണ്. സമാധാനം തിരിച്ചു കൊണ്ടുവരാനുള്ള എല്ലാ ചര്‍ച്ചകളും വിഫലമാണ്. അടുത്തിടെ ഒരു ജില്ലയില്‍ നടന്ന ചര്‍ച്ചയില്‍ സമാധാന കരാര്‍ ഉണ്ടായെങ്കിലും അതിന് ഒരു ദിവസത്തെ ആയുസ്സ് പോലും ഉണ്ടായില്ല. കനത്ത സുരക്ഷയിലും പ്രതികാര ആക്രമങ്ങള്‍ക്ക് ഇപ്പോഴും കുറവില്ല. ആക്രമങ്ങള്‍ നടക്കാത്ത ദിവസങ്ങള്‍ ഇന്ന് മണിപ്പൂരിലില്ല. ഒരു സമ്പൂര്‍ണ്ണ ഇടപെടല്‍ ആണ് മണിപ്പൂരിന് ആവശ്യം. ഇത് ഒന്നോ രണ്ടോ ദിവസം കൊണ്ട് സാധ്യവുമല്ല. ഈ ഇടപെടലിന് ഇനിയും വൈകിയാല്‍ മണിപ്പൂരില്‍ ഇനി അവശേഷിക്കുന്നവരുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കും.


Similar Posts