ഭരണഘടനയില്‍ തുടങ്ങി സുപ്രീംകോടതി താക്കീതില്‍ എത്തിനില്‍ക്കുന്ന മാനുവല്‍ സ്കാവഞ്ചിങ്
|മാനുവല്‍ സ്കാവഞ്ചേഴ്സിനെ കരാര്‍ തൊഴിലാളികളോ സ്വയംതൊഴില്‍ വിഭാഗക്കാരോ ആയിട്ടാണ് ഇന്ത്യയില്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. ആയതിനാല്‍ തന്നെ ഇവര്‍ക്ക് തൊഴില്‍ സുരക്ഷ നല്‍കുന്നതിനോ നഷ്ടപരിഹാരം നല്‍കുന്നതിനോ ഉത്തരവാദിത്തപ്പെട്ട തൊഴിലുടമ ഉണ്ടാവുകയില്ല.
തോട്ടിപ്പണി രാജ്യത്ത് നിന്ന് പൂര്‍ണമായും ഉന്മൂലനം ചെയ്യണമെന്നും തോട്ടിപ്പണി ചെയ്യിക്കുന്നത് നിരോധിക്കണമെന്നും അഴുക്കുചാലുകള്‍ വൃത്തിയാക്കുമ്പോഴുണ്ടാകുന്ന മരണങ്ങളില്‍ നഷ്ടപരിഹാരം 30 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നും നിര്‍ദേശിച്ചുക്കൊണ്ട് ഒക്ടോബര്‍ 20ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. തൊഴിലിട മരണങ്ങള് കൂടി വരുകയും എല്ലാ നിയമങ്ങളേയും വെല്ലുവിളിച്ച് രാജ്യത്ത് ഇപ്പോഴും 95 ലക്ഷത്തോളം വെള്ളം ഉപയോഗിക്കാത്ത കക്കുസുകള്‍ ഉപയോഗിക്കുന്നുമുണ്ടെന്ന കണ്ടെത്തലുകളില്‍ നിന്നുമാണ് സുപ്രീകോടതി കേന്ദ്രസംസ്ഥാന ഗവണ്മെന്റുകളെ ശക്തമായി താക്കീത് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിലുള്ള നിയമങ്ങള്‍:
1955 മുതല്‍ രാജ്യത്ത് മാനുവല്‍ സ്കാവഞ്ചിങ്ങുമായി ബന്ധപ്പെട്ട നിയമനിര്‍മാണം നടത്തി കൊണ്ടിരിക്കുന്നുണ്ട്. Protection of Civil Rights Act1955, Bounded Labour Act 1976, SC and ST ( Prevention of Atrocities Act) 1976, Employment of Manual Scavengers and Construction of Dry Latrines( Prohibition) Act 1993, Prohibition of Employment of Manual Scavengers and their Rehabilitation Act2013, തുടങ്ങിയവ ഇതിലെ പ്രധാനപ്പെട്ടവയാണ്. കൂടാതെ ആര്‍ട്ടിക്കിള്‍ 14, 16(2), 17, 19(1),21, 23,41,42,46,47,338 തുടങ്ങിയ ഭരണഘടനാ വകുപ്പുകളും ഈ വിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിനായി നിലവിലുണ്ട്. 1949 മുതല്‍ 1991 വരെ എട്ട് സര്‍ക്കാര്‍ കമീഷനുകളും വിവിധ കമ്മിറ്റികളും വിവിധ വിഷയങ്ങളില്‍ നടത്തിയ പഠനങ്ങളും റിപ്പോര്‍ട്ടുകളും ഇതുസംബന്ധിച്ച് ഉണ്ടായിട്ടുണ്ട്. കൂടാതെ, മൂന്ന് അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും നടന്നിട്ടുണ്ട്. ഈ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കിയിരുന്നെങ്കില്‍ പുതിയ കോടതി പ്രഖ്യാപനങ്ങളുടെ ആവശ്യം ഉണ്ടാവുക പോലുമില്ലായിരുന്നു. തോട്ടിപ്പണി ചെയ്യുന്നയാള്‍ തൊഴില്‍ സ്ഥലത്ത് മരണപ്പെട്ടാല്‍ 10 ലക്ഷം രൂപ ആ ജോലിയുടെ കരാര്‍ ഏറ്റെടുത്തിരുന്നയാള്, അല്ലെങ്കില്‍ സ്ഥാപനം നല്‍കണം എന്നതാണ് നിലവിലെ നിയമം. എന്നാല്‍, ഇന്ത്യയില്‍ 1993 മുതല്‍ 2019 വരെ 814 ആളുകള്‍ ഇത്തരത്തില്‍ മരിച്ചതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഏറ്റവും കൂടുതല്‍ മരണം തമിഴ്നാട്ടിലാണ് സംഭവിച്ചിട്ടുള്ളത് 206 പേര്; അതിന് താഴെ 156 പേരുമായി ഗുജറാത്തും. കേരളത്തില്‍ മൂന്ന് പേര് തോട്ടിപ്പണിക്കിടെ മരിച്ചിട്ടുണ്ട്.
ഇന്ത്യ പോലെ 147 കോടി ജനങ്ങള്‍ പാര്‍ക്കുന്നിടത്ത് നിര്‍മിച്ച കേവലം 816 ട്രീറ്റ്മെന്റ് പ്ലാന്റുകളില്‍ 522 എണ്ണം മാത്രമാണ് പേരിനെങ്കിലും പ്രവര്‍ത്തിക്കുന്നത്. കാരണം ഒന്നേയുള്ളൂ, അധികം പണം ചെലവാക്കാതെ ഒരു വിഭാഗത്തെ, അതില്‍ തന്നെയുള്ള സ്ത്രീവിഭാഗത്തെ ചൂക്ഷണം ചെയ്യാന്‍ സാധിക്കുന്നുവെന്നതാണത്. കാലാകാലം ബജറ്റില്‍ അനുവദിക്കുന്ന വിവിധ തരം പദ്ധതി ഫണ്ടുകള്‍ പോലും അവരിലേക്ക് എത്തി ചേരുന്നില്ല.
എന്നാല്‍, ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതായി രേഖകള്‍ ഇല്ല. അതിന് ഒന്നാമത്തെ കാരണം, 1993 ലെ ആക്ട് പ്രകാരം മാനുവല്‍ സ്കാവഞ്ചിങ്ങ് നിരോധിച്ചിരിക്കുകയാണ്. അതുമല്ല, സഫായി കര്‍മ്മചാരി എന്ന വിഭാഗത്തില്‍ ഇവര്‍ പെടുന്നുമില്ല. മുനിസിപ്പാലിറ്റികള്‍, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ നേരിട്ട് എടുത്തിരിക്കുന്ന തൂപ്പു ജോലിക്കാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവരാണ് സഫായി കര്മ്മചാരിയില് പെടുന്നത്. എന്നാല്‍, മാനുവല്‍ സ്കാവഞ്ചേഴ്സ് കരാര്‍ തൊഴിലാളികളോ സ്വയം തൊഴില്‍ വിഭാഗക്കാരോ ആയിട്ടാണ് ഇന്ത്യയില്‍ നിലവില്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. ആയതിനാല്‍ തന്നെ ഇവര്‍ക്ക് തൊഴില്‍ സുരക്ഷ നല്‍കുന്നതിനോ നഷ്ടപരിഹാരം നല്‍കുന്നതിനോ ഉത്തരവാദിത്തപ്പെട്ട തൊഴില്‍ ഉടമ ഉണ്ടാവുകയില്ല. നിലവിലെ നിയമപ്രകാരം ഈ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ജയില്‍വാസവും പിഴയുമുള്‍പ്പെടെയുള്ള ശിക്ഷ അനുഭവിക്കേണ്ടി വരുന്നതിനാലും നിയമപരമായിട്ടല്ല ഈ തൊഴില്‍ കരാറുകള്‍ വ്യക്തികളും സ്ഥാപനങ്ങളും ഏറ്റെടുക്കുന്നത്.
ആരാണ് മാനുവല്‍ സ്കാവഞ്ചേഴ്സ്
പൊതു ശൗചാലയങ്ങള്‍ വൃത്തിയാക്കുന്നതിനും വെള്ളം ഉപയോഗിക്കാത്ത കക്കൂസുകളില്‍ നിന്നും വഴിയോരങ്ങളില്‍ നിന്നും മനുഷ്യമാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും പൊതുസ്ഥലത്തെ അഴുകിയ മാലിന്യങ്ങള്‍, ചത്ത ജീവികളുടെ ശവശരീരങ്ങള്‍ എടുത്തു മാറ്റുക തുടങ്ങിയ മനുഷ്യര്‍ ചെയ്യാന്‍ മടിക്കുന്ന ജോലികള്‍ ഏല്‍പ്പിക്കുന്ന വിഭാഗങ്ങളാണിവര്‍. എന്നാല്‍, അന്താരാഷ്ട്ര തൊഴില്‍ സംഘടന മൂന്ന് തരം തൊഴില്‍ വിഭാഗങ്ങളെ മാനുവല്‍ സ്കാവഞ്ചേഴ്സ് ആയി നിര്‍ണയിച്ചിട്ടുണ്ട്.
1. മനുഷ്യവിസര്‍ജ്യം നീക്കം ചെയ്യുന്നവര്‍
2. സെപ്ടിക് ടാങ്കുകള്‍ വൃത്തിയാക്കുന്നവര്‍
3. മാലിന്യ ടാങ്കുകളും പൈപ്പുകളും വൃത്തിയാക്കുന്നവര്‍, റെയില്‍വേ ട്രാക്കില്‍ പണിയെടുക്കുന്നവര്‍.
കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1,87,000 കുടുംബങ്ങളാണ് ഇത്തരം തൊഴിലില്‍ നിന്ന് ജീവിത വരുമാനം കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ മുനിസിപ്പാലിറ്റികളുടെ രൂപീകരണവുമായി ബന്ധപ്പെട്ടാണ് പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കുന്നതിനായി വ്യക്തികളെ നിയമിക്കാന്‍ തുടങ്ങിയത്. കണ്ടെയ്നര്‍ കക്കൂസുകള്‍ നിറയുമ്പോള്‍ മാലിന്യം ഒഴിച്ച് കളഞ്ഞ് വൃത്തിയാക്കുന്നതും പൊതു കക്കൂസുകളുടെ വരവോടെ ആരംഭിച്ചു. 1214 ല്‍ യൂറോപ്പിലാണ് ആദ്യമായി പൊതു കക്കൂസെന്ന ആശയം വന്നത്. എന്നാല്‍, 1596 ല്‍ വെള്ളം ഉപയോഗിക്കുന്ന തരം കക്കൂസുകളും 1870 ല്‍ ഫ്ളഷ് ചെയ്യുന്ന കക്കൂസുകളും ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍, ഇന്ത്യയില്‍ ഇത്തരത്തിലുള്ള പുരോഗതികളൊന്നുംതന്നെ ഒരു ജനവിഭാഗത്തിന്റെ ദുരിത ജീവിതത്തിന് യാതൊരു മാറ്റവും വരുത്തിയില്ല.
മാനുവല്‍ സ്കാവഞ്ചേഴ്സിന്റെ തൊഴിലിട സുരക്ഷ
മാനുവല്‍ സ്കാവഞ്ചേഴ്സിന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 67 വയസ്സാണ്. 35 ല്‍ പരം രോഗങ്ങളാണ് ജീവിച്ചിരിക്കുന്ന കാലയളവില്‍ ഇവര്‍ അനുഭവിക്കുന്നത്. ടൈഫോയ്ഡ്, കോളറ, ഡിസെന്‍ട്രി, ക്ഷയം, ആന്ത്രാക്സ്, ന്യുമോണിയ, മലേറിയ, ത്വക്ക് രോഗങ്ങള്‍ എന്നിവ പൊതുവായി കാണപ്പെടുന്ന രോഗങ്ങളാണ്. ഇതിനെല്ലാം ഉപരിയായി ഇത്തരം തൊഴിലാളികളോടും കുടുംബത്തോടുമുള്ള പൊതുസമൂഹത്തിന്റെ സമീപനം അവരിലുണ്ടാക്കുന്ന മാനസികസമ്മര്‍ദ്ദങ്ങള്‍ വേറെയും.
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സ്റ്റഡീസ് നടത്തിയ പഠനത്തില്‍ പറയുന്നത്, തൊണ്ണൂറ് ശതമാനം തൊഴിലാളികളും അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളായ കൈയുറകള്‍, മാസ്ക്ക്, കാലുറകള്‍, ചൂലുകള്‍ എന്നിവ പോലും ഇല്ലാതെയാണ് ജോലിചെയ്യുന്നത് എന്നാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങള് എല്ലാം സംഭവിച്ചിരിക്കുന്നത് തന്നെ മാന്‍ഹോളുകളില്‍ നിന്നും സേഫ്റ്റി ടാങ്കില്‍ നിന്നുമൊക്കെ വമിക്കുന്ന വിഷവാതകങ്ങള്‍ ശ്വസിച്ചിട്ടാണ്. തൊഴിലാളികളെ ഇറക്കുന്നതിന് മുമ്പ് വിഷവാതകങ്ങളുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കുന്ന നിസ്സാരമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിക്കുന്നില്ല.
ലോകം പുരോഗമിക്കുമ്പോള്‍ ഇത്തരം മനുഷ്യത്തരഹിതമായ സംവിധാനങ്ങളെ ഉടച്ച് വാര്‍ക്കപ്പെട്ടിട്ടുണ്ട് പലയിടങ്ങളിലും. ജപ്പാന്, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ പരിസ്ഥിതി സന്തുലിതമായ മാലിന്യ നിര്‍മാര്‍ജന മാതൃകകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച രാജ്യങ്ങളാണ്. ഇന്ത്യ പോലെ 147 കോടി ജനങ്ങള്‍ പാര്‍ക്കുന്നിടത്ത് നിര്‍മിച്ച കേവലം 816 ട്രീറ്റ്മെന്റ് പ്ലാന്റുകളില്‍ 522 എണ്ണം മാത്രമാണ് പേരിനെങ്കിലും പ്രവര്‍ത്തിക്കുന്നത്. കാരണം ഒന്നേയുള്ളൂ, അധികം പണം ചെലവാക്കാതെ ഒരു വിഭാഗത്തെ, അതില്‍ തന്നെയുള്ള സ്ത്രീവിഭാഗത്തെ ചൂക്ഷണം ചെയ്യാന്‍ സാധിക്കുന്നുവെന്നതാണത്. കാലാകാലം ബജറ്റില്‍ അനുവദിക്കുന്ന വിവിധ തരം പദ്ധതി ഫണ്ടുകള്‍ പോലും അവരിലേക്ക് എത്തി ചേരുന്നില്ല.
തങ്ങള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച് കൂട്ടിയിരിക്കുന്ന നിയമങ്ങളോ, ബോധവത്കരണ പദ്ധതികളോ, പുനരധിവാസ പാക്കേജുകളോ എന്തെന്നറിയാതെ കഴിഞ്ഞുകൂടുന്നവരാണവര്‍. നിവര്‍ന്ന് നിന്ന് പണി ചെയ്യാന്‍ കഴിയാതെ, ബസില്‍ ഒരുമിച്ച് യാത്ര ചെയ്യാന്‍ കഴിയാതെ, കൂട്ടുക്കാര്‍ക്കൊപ്പം പഠിക്കാന്‍ കഴിയാതെ, മുന്‍ പന്തിയില്‍ വിവാഹ സദ്യ കഴിക്കാന്‍ കഴിയാതെ അകറ്റിനിര്ത്തപ്പെട്ടവരാണവര്. നമ്മുടെ മുറ്റത്ത് അല്ലെങ്കില്‍ അടുത്ത കടത്തിണ്ണയില്‍ പാട്ടയും തൂക്കി മുഷിഞ്ഞ തോര്‍ത്തുടുത്ത്, നമ്മള് കഴിച്ച് മതിച്ച് കക്കൂസ് നിറക്കണേ എന്ന് പ്രാര്‍ഥിച്ച് അവന്റെ വയറും അമര്ത്തിയിരിപ്പുണ്ടാകും അവരിലൊരാള്‍.
അവലംബം: റിപ്പോര്‍ട്ട് Dr.Babasaheb Ambedkar Research and Training institute, BARTI, Pune