Analysis
കത്തോലിക്ക ബിഷപ്‌
Analysis

മുപ്പത് വെള്ളിക്കാശിന്റെ മൂല്യം

ഷബീര്‍ അഹമ്മദ്
|
14 April 2023 9:34 AM GMT

സഭയും സമൂഹവും ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്, സര്‍വ്വഗുണ സമ്പന്നന്‍ എന്ന രീതിയില്‍ പിതാവ് വാഴ്ത്തിയ മോദി, ഈ രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലക്ക് എന്ത് കൊണ്ടാണ് ക്രൈസ്തവ സമൂഹത്തിനുനേരെ നടക്കുന്ന അക്രമങ്ങള്‍ക്കും ആക്രോശങ്ങള്‍ക്കും എതിരെ ഒരക്ഷരം പോലും ഉരിയാടാത്തതെന്ന്. | LookingAround

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കര്‍ത്താവിനെ ഒറ്റിയവര്‍ അദ്ദേഹത്തിന്റെ കൂടെയുള്ളവരായിരിന്നു എന്ന് ഇന്ന് ആളുകള്‍ വീണ്ടും ഓര്‍ത്തെടുത്താല്‍ അതിന് കാരണം കഴിഞ്ഞു പോയ വിശുദ്ധ വാരം മാത്രമല്ല എന്ന് കേരളത്തില്‍ ഇരുന്നു കൊണ്ട് നമുക്ക് പറയേണ്ടി വരും. വ്രതമനുഷ്ഠിച്ച്, ലോകമൊട്ടുക്കും ഉള്ള വിശ്വാസികള്‍ അവസാന അത്താഴവും, കുരിശിന്റെ വഴിയും ഓര്‍ത്ത് പ്രാര്‍ഥനയില്‍ നിറഞ്ഞു നില്‍ക്കവെയാണ് ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് ആലഞ്ചേരി പറഞ്ഞത്, ഇന്ത്യയില്‍ ക്രിസ്തീയ സമൂഹം സുരക്ഷിതരാണ് എന്ന്. രണ്ടാഴ്ച മുന്‍പ് ബിഷപ്പ് പ്ലാംപ്ലാനി പറഞ്ഞ റബ്ബറിന് 300 രൂപയാക്കിയാല്‍ ബി.ജെ.പിക്ക് കേരളത്തില്‍ എം.പിമാരെ കിട്ടും എന്നതിനെ കവച്ചു വയ്ക്കുന്നതായി ഈ പുതിയ പ്രസ്താവന. ഒറ്റ നോട്ടത്തില്‍, സര്‍ക്കാരിനോട് ആരേക്കാള്‍ ഭക്തി കൂടുതല്‍ കാട്ടുന്നു എന്ന തരത്തിലുള്ള ഒരു മത്സരമായിട്ടാണ് തോന്നുക. വിശുദ്ധ വാരം പഴയ യേശുസ്മൃതികള്‍ ഉണര്‍ത്തിയത് കൊണ്ട് കൂടിയാകണം, കര്‍ത്താവിനെ ഒറ്റാന്‍ അന്ന് യൂദാസ് വാങ്ങിയ മുപ്പത് വെള്ളിക്കാശിന്റെ ഇപ്പോഴത്തെ മൂല്യം എത്രയാകും എന്ന് പലരും ഓര്‍ത്ത് നോക്കിയത്.

ആലഞ്ചേരി പിതാവ് നടത്തിയ പ്രസ്താവനയുടെ ഒരു വശം മാത്രമാണ് സമൂഹം ഏറ്റ് പിടിച്ചു ചര്‍ച്ചയാക്കിയത്. അതില്‍ അടങ്ങിയ അതിഭീകരമായ ഭിന്നിപ്പിന്റെ താല്‍പര്യം സമൂഹം കാണാതെ പോകരുത്. കാരണം, സര്‍ക്കാരിന് പിന്തുണ കൊടുക്കുക മാത്രമല്ല ബിഷപ്പ് ചെയ്തത്, അവരുടെ വ്യാജ വാര്‍ത്താ നിര്‍മിതിയുടെ കുഴലൂത്തുകാരന്‍ കൂടിയായി. ആളുകള്‍ ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങള്‍ നമുക്ക് വായിച്ചു നോക്കാം.

ബിഷപ്പ് പറഞ്ഞത്, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ചു മതം മാറ്റം ചെയ്യപ്പെടുന്നുണ്ട് എന്നത് ഒരു സത്യമാണ്, ഇത് മുസ്‌ലിം സമുദായത്തിന്റെ മൊത്തത്തില്‍ ഉള്ളൊരു പോളിസി അല്ലെങ്കില്‍ കൂടിയും, ചില ആളുകള്‍ ഇങ്ങനെ ചെയ്യുന്നുണ്ട് എന്നായിരുന്നു. ഒരു തിരുസഭയുടെ തലപ്പത്തുള്ള ഒരാള്‍ ഇത് പറയുമ്പോള്‍ നമ്മള്‍ കുറെയൊക്കെ ആധികാരികത അതിനു കൊടുക്കും എന്ന കാര്യം ബിഷപ്പ് ഓര്‍ക്കണമായിരുന്നു. കണക്കുകള്‍ കാണിക്കാന്‍ ബിഷപ്പ് മിനക്കെട്ടാല്‍, മത പരിവര്‍ത്തനത്തിന്റെ വിരല്‍ ആര്‍ക്ക് നേരാകും ചൂണ്ടപ്പെടുക എന്ന് ബിഷപ്പിനു നന്നായി അറിയാവുന്നതാണ്. എന്തുകൊണ്ട് തങ്ങള്‍ ബി.ജെ.പിക്ക് ഒപ്പം നില്‍ക്കണം എന്ന തന്റെ വാദത്തിനു ഒരു ബലം കിട്ടാനാണ് ലൗജിഹാദ് എന്ന പ്രയോഗം ഉപയോഗിക്കാതെ തന്നെ കുഞ്ഞാടുകള്‍ക്ക് മുന്നില്‍ ഈ ഇല്ലാവചനം പുള്ളി പ്രസ്താവിച്ചത്. സംഘ്പരിവാറിന്റെ ഈ കള്ളം പൊലീസും, കോടതിയും പൊളിച്ചതാണ്. പക്ഷെ, അത് കാട്ടി സമുദായത്തെ ഭയപ്പെടുത്തി തന്റെ പിന്നില്‍ നിര്‍ത്താനുള്ള ഒരു ശ്രമമാണ് പിതാവ് നടത്തിയത്. ഒരു പൊതുവായ ശത്രുവിനെ ചൂണ്ടിക്കാട്ടി കുഞ്ഞാടുകളെ ഏത് മടയിലേക്കാണ് നയിക്കുന്നത് എന്ന് സ്വയം അദ്ദേഹം ചിന്തിച്ചു നോക്കുന്നത് നന്നാകും.


മറ്റൊന്ന്, തന്റെ കീഴിലുള്ള സഭയുടെ അടുത്ത കാലത്തായുള്ള ഗുരുതര പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഒരു അവസരമായി കൂടി ബിഷപ്പ് ഇതിനെ ഉപയോഗിച്ചു എന്നതാണ്. താന്‍ കൂടി ഉള്‍പ്പെട്ട റിയല്‍ എസ്റ്റേറ്റ് കേസുകള്‍, കുര്‍ബാന അര്‍പ്പിക്കുന്നത് സംബന്ധിച്ചുള്ള ആരാധനാ ക്രമവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും അടിപിടിയും, പാതിരിമാരുടെ ഇടയില്‍ ബിഷപ്പിനോടുള്ള ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് ഒക്കെ ഈ മോദിസ്തുതിയില്‍ ചുമ്മാതങ്ങ് ഒതുങ്ങുമെന്നു ആരും പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. പക്ഷെ, താന്‍ ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നതെന്നു മനസ്സിലാക്കാന്‍ ധ്യാനം ഇരിക്കേണ്ട കാര്യമില്ല. ബിഷപ്പ് ഇത്രയും സ്വാതന്ത്ര്യത്തോടെ സംസാരിക്കുന്നത് ഇന്ത്യയില്‍ ആയതു കൊണ്ടല്ല, പകരം ഇന്ത്യയിലെ കേരളത്തില്‍ ആയതു കൊണ്ടാണ് എന്നത് ഓര്‍ക്കണമായിരുന്നു.

ബിഷപ്പിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചു വന്ന അതേ ദിവസം, കര്‍ണ്ണാടകയില്‍ ഒരു ഇലക്ഷന്‍ റാലിയില്‍ പങ്കെടുത്തു കൊണ്ട് അവിടത്തെ ഒരു മന്ത്രി പറഞ്ഞത്, ക്രിസ്ത്യാനികളെ നല്ല അടി കൊടുത്തു പായിക്കണം എന്നാണ്. തിരിഞ്ഞു നോക്കാതെ ഓടുന്ന പോലത്തെ അടി കൊടുക്കണം, ബാക്കി താന്‍ നോക്കിക്കൊള്ളാം എന്നാണ് മന്ത്രി പറഞ്ഞത്. അതിന്റെ അടുത്ത ദിവസം ഉത്തരേന്ത്യയില്‍ ഒരു നഗരത്തില്‍ പരസ്യമായി സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ അവിടത്തുകാര്‍ ഒരു പ്രതിഞ്ജ എടുത്തു. അതായത്, ഇനി മുതല്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങളെ സാമൂഹികവും, സാമ്പത്തികവുമായി ബഹിഷ്‌ക്കരിക്കണം എന്നാണ് കൈ നീട്ടി പിടിച്ചു അവര്‍ ചൊല്ലിയത്. ഇല്ലാത്ത ലൗജിഹാദ് കാണുന്ന ബിഷപ്പ്, ദേശീയ മാധ്യമങ്ങളില്‍ വന്ന ഈ വാര്‍ത്തകള്‍ എങ്ങനെ കാണാതെ പോകുന്നു എന്നത് അത്ഭുതം തന്നെ. ഈ ആഴ്ച മുംബൈയില്‍ അവിടത്തെ ക്രിസ്തീയ സഭകളുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കു അറുതി വരുത്തണം എന്ന ആവശ്യമാണ് ഉയര്‍ന്നത്.


എന്തുകൊണ്ടാണ് സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങളെ, അവരുടെ വിചാരധാരയെ കേരളത്തിലെ സഭാധ്യക്ഷന്മാര്‍ കണ്ടില്ലെന്നു നടിക്കുന്നത്? ഇത്തരുണത്തില്‍ ആരെങ്കിലും പഴയൊരു പഴഞ്ചൊല്ല് പറഞ്ഞാല്‍ അച്ചന്മാര്‍ കെറുവിക്കരുത്, മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയമുള്ളൂ എന്നാണല്ലോ ആ ചൊല്ല് പറയുന്നത്. പക്ഷെ, സഭയും സമൂഹവും ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്, സര്‍വ്വഗുണ സമ്പന്നന്‍ എന്ന രീതിയില്‍ പിതാവ് വാഴ്ത്തിയ മോദി, ഈ രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലക്ക് എന്ത് കൊണ്ടാണ് ഈ അക്രമങ്ങള്‍ക്കും ആക്രോശങ്ങള്‍ക്കും എതിരെ ഒരക്ഷരം പോലും ഉരിയാടാത്തത്? എന്തേ, ആക്രമിക്കപ്പെട്ട ജനസമൂഹം ക്രിസ്ത്യാനികള്‍ ആയതു കൊണ്ട് അവര്‍ കുറഞ്ഞ ഇന്ത്യക്കാരാണോ? ഇത്രയെങ്കിലും ചോദിച്ചില്ലെങ്കില്‍, അധികം വൈകാതെ ജനം നേരത്തെ പറഞ്ഞ ആ വെള്ളിക്കാശിന്റെ കണക്കു ചോദിക്കും, കട്ടായം.


Similar Posts