Analysis
ക്ലൗഡലിസം, വരുഫാകിസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്,
Analysis

ടെക്നോഫ്യൂഡലിസത്തിന്റെ 'മേഘപാളികള്‍'ക്കിടയില്‍ മറഞ്ഞിരിക്കുന്ന ഭൗതിക യാഥാര്‍ഥ്യങ്ങള്‍

കെ. സഹദേവന്‍
|
2 Jun 2024 7:02 AM GMT

യാനിസ് വരുഫാകിസിന്റെ Techno feudalsim: What Killed Capitalsim എന്ന പുസ്തകത്തിന്റെ വായന - ഭാഗം : 02

തൊണ്ണൂറുകളുടെ ആരംഭത്തോടെ സാമാന്യ ജനങ്ങളിലേക്ക് ഇറങ്ങിവന്ന വിവര സാങ്കേതികവിദ്യാ വിപ്ലവം - ഇന്റര്‍നെറ്റ് കോമണ്‍സ്-ക്ലൗഡ് മൂലധനമായി മാറിയതിന്റെ സാമ്പത്തിക ചരിത്ര പശ്ചാത്തലം സമ്പദ് വ്യവസ്ഥയുടെ ഗതിവിഗതികളെ നിരീക്ഷിക്കുന്നവര്‍ക്ക് ബോധ്യമുണ്ടായിരിക്കും.

അമേരിക്കന്‍ സബ്പ്രൈം മോര്‍ട്ട്ഗേജ് ക്രൈസിസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന 2008ലെ സാമ്പത്തിക പ്രതിസന്ധിയുടെ പരിഹാരാര്‍ത്ഥം G7 രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വീകരിച്ച നടപടികളാണ് ഇന്ന് നാം കാണുന്ന ക്ലൗഡ് മൂലധനത്തിന്റെ ആവിര്‍ഭാവത്തിന് കാരണമായിട്ടുള്ളത്! 2008ലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഗവണ്‍മെന്റുകള്‍ ജനങ്ങളെ കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ക്കായി (austerity policy) നിര്‍ബന്ധിച്ചുകൊണ്ടിരുന്നപ്പോള്‍ മറുഭാഗത്ത് സെന്‍ട്രല്‍ ബാങ്കുകള്‍ പ്രതിസന്ധി പരിഹാരത്തിനായി ഡോളറുകള്‍ അച്ചടിച്ചുകൂട്ടുന്ന തിരക്കിലായിരുന്നു! ഇക്കാലയളവില്‍ 35 ട്രില്യണ്‍ ഡോളറായിരുന്നു പുതുതായി പണ വിപണിയിലേക്ക് അച്ചടിച്ച് ഇറക്കപ്പെട്ടത്. അതിഭീമമായ തോതിലുള്ള ഈ പണം ചെന്നെത്തിയത് സ്റ്റോക് എക്സേഞ്ചുകളിലും ബോണ്ട് നിക്ഷേപങ്ങളിലേക്കുമായിരുന്നു. ഷെയറുകള്‍, ബോണ്ടുകള്‍, ബിറ്റ്കോയിനുകള്‍, എന്‍.എഫ്.ടികള്‍ എന്നിങ്ങനെ സകല ആസ്തികളും വാങ്ങിക്കൂട്ടിയതിന് പിന്നില്‍ വന്‍കിട ടെക് കമ്പനികളായിരുന്നുവെന്ന് പിന്നീട് തിരിച്ചറിയപ്പെട്ടു. ഉദാഹരണത്തിന്, ഫേസ്ബുക്ക് കമ്പനി സ്വരൂപിച്ച മൂലധനത്തില്‍ 10ല്‍ 9 ഡോളറും സെന്‍ട്രല്‍ ബാങ്ക് അച്ചടിച്ചുവിട്ട ഈ പുത്തന്‍ ഡോളറുകളായിരുന്നു. ഇത് ഫേസ്ബുക്കിന്റെ മാത്രം കാര്യമല്ല. ഇന്ന് നാം കാണുന്ന ക്ലൗഡ് മൂലധനം 2008ലെ സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാര നടപടികളില്‍ നിന്ന് സ്വരൂപിക്കപ്പെട്ടതാണ്. ക്ലൗഡലിസം പുത്തന്‍ ഭരണവര്‍ഗ്ഗമായി മാറുന്നതിങ്ങനെയാണെന്ന് വരുഫാകിസ് നിരീക്ഷിക്കുന്നു.

എല്ലാ മനുഷ്യ അനുഭവങ്ങളെയും സാമൂഹിക ഇടപെടലുകളെയും ഡാറ്റകളിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന കോര്‍പ്പറേറ്റ് അഭിലാഷം ഭാവിയില്‍ സൃഷ്ടിക്കാന്‍ പോകുന്ന പ്രതിസന്ധികളെക്കുറിച്ചും. ക്ലൗഡ് കമ്പ്യൂട്ടിംഗും അതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യാ നവീകരണങ്ങളെയും ഭൗതിക പരിസ്ഥിതിയില്‍ നിന്നും വേര്‍പ്പെടുത്തി നിര്‍ത്തിക്കൊണ്ടുള്ള ആഖ്യാനങ്ങള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ പുതുകാല വില്‍പനതന്ത്രമായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്.

പരമ്പരാഗത മുതലാളിത്തം തൊഴിലാളികളുടെ അധ്വാനത്തില്‍ നിന്ന് മിച്ചമൂല്യം കണ്ടെത്തുമ്പോള്‍ ക്ലൗഡ് മൂലധന ഉടമകള്‍ കൂലിയില്ലാത്ത അധ്വാനത്തിനായി സദാ സന്നദ്ധരായിരിക്കുന്ന ജനങ്ങളുടെ സേവനത്തില്‍ നിന്നും മൂലധന പുനര്‍നിര്‍മാണം തുടരുന്നു.

അധ്വാനം, വിപണി, ലാഭം എന്നിവയെ പുതിയ രീതിയില്‍ പുനഃസംഘടിപ്പിക്കുകയോ തിരുത്തിക്കുറിക്കുകയോ ചെയ്യുന്ന സാങ്കേതികവിദ്യാ ജന്മിത്വത്തെ പരമ്പരാഗത മുതലാളിത്തത്തില്‍ നിന്ന് ഭിന്നമായി അവതരിപ്പിക്കുമ്പോഴും പരമ്പരാഗത മുതലാളിത്തത്തെ പിന്‍പറ്റിയല്ലാതെ ക്ലൗഡ് കാപിറ്റലിനോ, സാങ്കേതികവിദ്യാ ജന്മിത്വത്തിനോ നിലനില്‍പ്പില്ലെന്ന് കൂടി വരുഫാകിസ് പറഞ്ഞുവെക്കുന്നുണ്ട്. പരമ്പരാഗത മുതലാളിത്തത്തിന് കീഴിലെ പരാന്നഭോജികളായിരിക്കും സാങ്കേതികവിദ്യാ ജന്മിത്വമെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു. ഫ്യൂഡലിസത്തെ മാറ്റിമറിച്ചതിന് ശേഷവും അവയ്ക്ക് കീഴിലെ പരാന്നഭോജികളായി സാമ്പ്രദായിക മുതലാളിത്തം തുടരുന്നതിനെ ഇതുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നുണ്ട് വരുഫാകിസ്.

2021-ല്‍ അന്തരിച്ച പിതാവുമായുള്ള സംഭാഷണ രൂപത്തിലൂടെയാണ് വരുഫാകിസ് തന്റെ നിരീക്ഷണങ്ങളും നിഗമനങ്ങളും വായനക്കാരുമായി പങ്കുവെക്കുന്നത്. സാമ്പത്തിക-സാങ്കേതിക ചരിത്രത്തെയും ഇടയ്ക്കിടെ ഗ്രീക്ക് മിത്തോളജിയെയും സമന്വയിപ്പിച്ചുകൊണ്ടുള്ള വരുഫാകിസിന്റെ വിഷയാവതരണം നല്ലൊരു വായനാനുഭവം നല്‍കുന്നുണ്ടെങ്കിലും കുറേയേറെ അവ്യക്തകള്‍ കൂടി അനുവാചകരിലേക്ക് പകരുന്നുണ്ട്.

വരുഫാകിസിന്റെ പുസ്തകം മൂലധനത്തിന്റെ പുത്തന്‍ രൂപപരിണാമത്തെ സംബന്ധിച്ച ആലോചനകളിലേക്ക് കടക്കാന്‍ നിര്‍ബന്ധപൂര്‍വ്വം നമ്മോടാവശ്യപ്പെടുന്നുവെന്നത് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമായിത്തന്നെ കണക്കാക്കേണ്ടതുണ്ട്. അതേസമയം ഈ രൂപപരിണാമത്തെ മൂലരൂപത്തിന്റെ അന്ത്യമായി കണക്കാക്കുന്നതില്‍ അദ്ദേഹം പിഴവരുത്തുന്നുവെന്ന് സന്ദേഹിക്കുകയേ നിവൃത്തിയുള്ളൂ. കാരണം, ഭൗതിക രൂപത്തെ മറികടന്നുകൊണ്ടുള്ള, അല്‍ഗോരിതങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഈ പുത്തന്‍ ആവാസവ്യവസ്ഥയ്ക്ക് പിന്നിലെ ഭൗതികാടിത്തറയെ(material base), മിച്ച മൂല്യോ(surplus value)ത്പാദനത്തിന്റെ അടിസ്ഥാന ഘടകത്തെ -ഊര്‍ജ്ജരൂപത്തെ- തിരിച്ചറിയുന്നതില്‍ അദ്ദേഹം അക്ഷന്തവ്യമായ പിഴവ് വരുത്തുന്നതായി കാണാം.

സാമ്പ്രദായിക മൂലധനം ടെക്നോഫ്യൂഡലിസത്തിലേക്ക് പരിണമിച്ചുകൊണ്ടിരിക്കുന്ന അതേ അവസരത്തില്‍ അവയുടെ പ്രയോഗവത്കരണം സാധ്യമാക്കുന്നതിനായി ബൊളിവീയയിലെയും കോംഗോയിലെയും സുമാത്രയിലെയും അടക്കം നിരവധി തദ്ദേശ ജനവിഭാഗങ്ങള്‍ക്ക് തങ്ങളുടെ ജീവിതം ദുരിതമയമാക്കേണ്ടി വരുന്നുണ്ടെന്ന യാഥാര്‍ഥ്യത്തെ വരുഫാകിസിന്റെ പുസ്തകം പരിഗണിക്കുന്നേയില്ല.

വരുഫാകിസ് ക്ലൗഡ് കാപിറ്റലിനെ സംബന്ധിച്ച് നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്ന ചിത്രം ഇക്കാരണം കൊണ്ടുതന്നെ അപൂര്‍ണ്ണമോ അവ്യക്തമോ ആയിത്തീരുന്നു. അദ്ദേഹത്തിന്റെ ആഖ്യാനം ക്ലൗഡ് മൂലധന രൂപീകരണത്തിനായി നിര്‍മിക്കപ്പെട്ട അതിവിപുലമായ ഭൗതിക പശ്ചാത്തല സൗകര്യങ്ങളെ (inftrastructure) ബോധപൂര്‍വ്വമോ അല്ലാതെയോ നമ്മുടെ കണ്ണില്‍ നിന്നും മറയ്ക്കുന്നു. അതിവിപുലമായ കേബ്ള്‍ ശൃംഖലകള്‍, സെമി കണ്ടക്ടര്‍, ബാറ്ററി ഉത്പാദന സംവിധാനങ്ങള്‍, ഊര്‍ജ്ജോത്പാദന കേന്ദ്രങ്ങള്‍ എന്നിവയടങ്ങുന്ന അതി ബൃഹത്തായ പശ്ചാത്തല സൗകര്യങ്ങള്‍, അവയ്ക്ക് മേലുള്ള കുത്തകകള്‍ എന്നിവയെല്ലാം ടെക്നോ ഫ്യൂഡലിസത്തിന്റെ മേഘാവരണത്തിനുള്ളില്‍ മറക്കപ്പെടുന്നതായി കാണാം. ഒരൊറ്റകാര്യം മാത്രം പരിഗണിക്കുക; നിലവില്‍ ടെക്നോഫ്യൂഡലിസത്തിന്റെ നിര്‍മിതിക്കായ് തയ്യാറാക്കപ്പെട്ട അതിവിപുലമായ കേബ്ള്‍ ശൃംഖലകളുടെ ഉടമകള്‍ ഗൂഗ്ള്‍, മെറ്റാ, മൈക്രോസോഫ്റ്റ്, ആമസോണ്‍ എന്നിങ്ങനെയുള്ള നാല് കമ്പനികള്‍ മാത്രമാണെന്ന കാര്യം. ഇതോടൊപ്പം തന്നെ എല്ലാ മനുഷ്യ അനുഭവങ്ങളെയും സാമൂഹിക ഇടപെടലുകളെയും ഡാറ്റകളിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന കോര്‍പ്പറേറ്റ് അഭിലാഷം ഭാവിയില്‍ സൃഷ്ടിക്കാന്‍ പോകുന്ന പ്രതിസന്ധികളെക്കുറിച്ചും. ക്ലൗഡ് കമ്പ്യൂട്ടിംഗും അതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യാ നവീകരണങ്ങളെയും ഭൗതിക പരിസ്ഥിതിയില്‍ നിന്നും വേര്‍പ്പെടുത്തി നിര്‍ത്തിക്കൊണ്ടുള്ള ആഖ്യാനങ്ങള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ പുതുകാല വില്‍പനതന്ത്രമായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്.

മനുഷ്യാനുഭവങ്ങളും സാമൂഹിക ഇടപെടലുകളും കമ്പോളത്തിലെ ചരക്കുകളായി പരിവര്‍ത്തിപ്പിക്കപ്പെടുമ്പോള്‍ സംഭവിക്കാവുന്നതെന്തെന്ന് മനസ്സിലാക്കാന്‍ നമുക്ക് കാള്‍ പോളാനിയിലേക്ക് തിരിയേണ്ടതുണ്ട്. ചരക്ക്വത്കരണ പ്രക്രിയയുടെ അനന്തരഫലങ്ങളെന്തെന്ന് അദ്ദേഹം തന്റെ ക്ലാസിക് കൃതിയായ ദി ഗ്രേറ്റ് ട്രാന്‍സ്ഫോര്‍മേഷനി (The Great Transformation, Karl Polyani 1944) ലൂടെ പതിറ്റാണ്ടുകള്‍ക്ക് മുന്നെ തന്നെ മുന്നറിയിപ്പു നല്‍കിയതാണ്. ഭൂമി, അധ്വാനം, പണം എന്നിവ ചരക്കുകളായി രൂപാന്തരപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും കമ്പോള സമൂഹം സൃഷ്ടിക്കുന്നതിനും ആവശ്യമായ ചരിത്രപരമായ ഹിംസയെ അദ്ദേഹം തന്റെ മഹത്തായ കൃതിയിലൂടെ വിശദീകരിക്കുന്നുണ്ട്.


സാമ്പ്രദായിക മൂലധനം ടെക്നോഫ്യൂഡലിസത്തിലേക്ക് പരിണമിച്ചുകൊണ്ടിരിക്കുന്ന അതേ അവസരത്തില്‍ അവയുടെ പ്രയോഗവത്കരണം സാധ്യമാക്കുന്നതിനായി ബൊളിവീയയിലെയും കോംഗോയിലെയും സുമാത്രയിലെയും അടക്കം നിരവധി തദ്ദേശ ജനവിഭാഗങ്ങള്‍ക്ക് തങ്ങളുടെ ജീവിതം ദുരിതമയമാക്കേണ്ടി വരുന്നുണ്ടെന്ന യാഥാര്‍ഥ്യത്തെ വരുഫാകിസിന്റെ പുസ്തകം പരിഗണിക്കുന്നേയില്ല. ക്ലൗഡ് കാപ്പിറ്റലിസത്തിന്റെ ഈ ഡിജിറ്റല്‍ ഇക്കണോമിയെ പരിപാലിച്ചുനിര്‍ത്തുന്നതിനായി ബൊളിവീയയിലെ ലിത്വിയം ഖനികളിലും, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കോബാള്‍ട്ട് ഖനികളിലും സുമാത്രയിലെ ടിന്‍ ഖനികളിലും ഒക്കെ നശിപ്പിക്കപ്പെടുന്ന വന്‍തോതിലുള്ള മഴക്കാടുകളെക്കുറിച്ചും, അത്തരം ഖനികളില്‍ നടമാടുന്ന ബാലവേലകളെക്കുറിച്ചും വരുഫാകിസിന്റെ ഗ്രന്ഥം സുഖകരമായ മൗനം പാലിക്കുന്നു.

പെരുമാറ്റ നിയന്ത്രണ (behavioural modification) മാണ് ക്ലൗഡ് കാപിറ്റല്‍ എന്ന ആവാസവ്യവസ്ഥയുടെ ധര്‍മമെന്ന് വരുഫാകിസ് പറയുമ്പോഴും അത് ആത്യന്തികമായി സാമ്പ്രദായിക മൂലധനം ഉത്പാദിപ്പിക്കുന്ന ചരക്കുകള്‍ കൂടുതല്‍ കൂടുതലായി ആളുകള്‍ വാങ്ങുന്നതിനായി പ്രേരിപ്പിക്കുന്ന തരത്തിലുള്ള നിയന്ത്രണമായി മാറുകയാണെന്ന യാഥാര്‍ഥ്യം അദ്ദേഹം വിസ്മരിക്കുന്നതായി കാണാം. ക്ലൗഡ് മൂലധനം ഉത്പാദിപ്പിക്കുന്ന മിക്ക ഡാറ്റയുടെയും പ്രാഥമിക ലക്ഷ്യം പരസ്യമാണെന്ന് കാണാം. അന്തിമമായി അത് നമ്മെ സാമ്പ്രദായിക വിപണികളിലേക്ക് നയിക്കുകയും ചെയ്യുന്നു.

സാമ്പ്രദായിക മൂലധനത്തിന് മേല്‍ ക്ലൗഡ് മൂലധനം ആധിപത്യം നേടിയെന്ന് വിലയിരുത്തുമ്പോഴും ഈ ആധിപത്യം എത്രകാലം തുടരും എന്നതും ആലോചനാവിഷയമാണ്. കാരണം, കൗഡലിസ്റ്റുകള്‍ നേടിയെടുക്കുന്ന പ്ലാറ്റ്ഫോം വാടക നിഷ്‌ക്രിയമായ ഒന്നാണ്. അത് ലാഭത്തെപ്പോലെ വളര്‍ച്ചയെ പ്രതിനിധീകരിക്കുന്നില്ല. അധ്വാനവും പ്രകൃതി വിഭവങ്ങളും ചരക്കുകളില്‍ ഉള്‍ച്ചേര്‍ക്കുന്ന മൂല്യം സമ്പദ് വ്യവസ്ഥയില്‍ ലാഭമായി പരിവര്‍ത്തിപ്പിക്കപ്പെടുന്നുണ്ട്. നിഷ്‌ക്രിയമായി തുടരുന്ന വാടക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വിഘാതമാകുകയോ സ്തംഭനത്തിലേക്ക് നയിക്കുകയോ ചെയ്യുമെന്നതില്‍ തര്‍ക്കമുണ്ടാകേണ്ട കാര്യമില്ല.

മുതലാളിത്തത്തെ സാങ്കേതികവിദ്യാ ഭൂപ്രഭുത്വമായി വരുഫാകിസ് വിലയിരുത്തുമ്പോള്‍ ഏതാണ്ട് 125 കൊല്ലങ്ങള്‍ക്കപ്പുറത്ത് കാള്‍ മാക്സ് എഴുതിയ ഈ വാചകം ഓര്‍മിക്കേണ്ടത് പ്രധാനമാകുന്നു. 'The philosophers have only interpreted the world, in various ways. The point, however, is to change it.'

വിലയിരുത്തലുകളിലും നിഗമനങ്ങളിലും എത്രതന്നെ വിയോജിപ്പുകള്‍ ഉണ്ടെന്ന് വരികിലും മൂലധനത്തിന്റെ പുതിയ രൂപപരിണാമത്തെ വിശകലനം ചെയ്യുന്നതിലും മനസ്സിലാക്കിത്തരുന്നതിലും വരുഫാകിസിന്റെ പുസ്തകം ചെറുതല്ലാത്ത സംഭാവന നല്‍കുന്നുണ്ടെന്നത് വസ്തുതയാണ്; ഒരുവേള ആഗോള മാനവികതയുടെ വിമോചനത്തിനായ് ഉറവെടുത്ത ഒരു സാങ്കേതികവിദ്യയെ തിരിച്ചുപിടിക്കുന്നതിനായുള്ള ഭാവിയിലെ പോരാട്ടങ്ങള്‍ക്ക് വേണ്ടിയെങ്കിലും.

Technofeudalsim: What Killed Capitalism | Yanis Varoufakis, Penguin Books, Page 304, 2023

ഒന്നാം ഭാഗം വായിക്കാം: Read Alsoടെക്‌നോ ഫ്യൂഡലിസം, ക്ലൗഡ് കാപിറ്റലിസം; മുതലാളിത്തത്തിന്റെ അന്ത്യം


Similar Posts