Analysis
മീഡിയവണ്‍ നിരോധനം
Analysis

മീഡിയവണ്‍ കേസ്: സീല്‍ഡ് കവറിലെ എട്ട് കുറ്റങ്ങള്‍

ഷെല്‍ഫ് ഡെസ്‌ക്
|
7 April 2023 4:14 PM GMT

സീല്‍ഡ് കവറില്‍ ചില രേഖകള്‍ നല്‍കിക്കൊണ്ട് ആര്‍ക്കെതിരെയും എന്ത് നടപടിയും സ്വീകരിക്കാമെന്ന രീതി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിരന്തരമായി നടത്തുന്ന ഈ പ്രക്രിയക്കെതിരെ കൃത്യമായ താക്കീതാണ് മീഡിയവണ്‍ കേസില്‍ കോടതി നല്‍കിയത്.

മീഡിയവണ്‍ കേസ് കോടതിയില്‍ വന്നതു മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നതാണ് ഒരു സീല്‍ഡ് കവര്‍. പല സുപ്രധാന കേസുകളിലും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സീല്‍ഡ് കവര്‍ സമര്‍പ്പിക്കുന്നത് സാര്‍വത്രികമായിത്തീര്‍ന്നിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സീല്‍ഡ് കവറിലൂടെ കാര്യങ്ങള്‍ ബോധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരായി-മീഡിയവണ്‍ നല്‍കിയ ഹരജിയിലെ വിധിയുമായി ബന്ധപ്പെട്ട്-സുപ്രീം കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്.

എന്താണ് സീല്‍ഡ് കവര്‍

ജഡ്ജിമാര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന 'സീല്‍ ചെയ്ത കവറുകളില്‍' കോടതികള്‍ വിവരങ്ങള്‍ തേടുകയോ സ്വീകരിക്കുകയോ ചെയ്യുന്ന രീതിയാണ് സീല്‍ ചെയ്ത കവര്‍ സൂചിപ്പിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട കക്ഷികള്‍ക്കോ പൊതുജനങ്ങള്‍ക്കോ ഈ രേഖ ലഭ്യമാവുകയില്ല. പ്രധാനമായും രാജ്യത്ത് കോടതികളില്‍ സീല്‍ ചെയ്ത കവറുകള്‍ ഉപയോഗിക്കുന്നത് ദേശ സുരക്ഷ, അല്ലെങ്കില്‍ വ്യക്തികളുടെ സ്വകാര്യത എന്നിവയെ ബാധിക്കുന്ന രഹസ്യസ്വഭാവമുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്.

ഉള്ളടക്കത്തെ കുറിച്ച് കഥകള്‍ മെനയുകയും ഉത്തരാവാദിത്ത രഹിതമായി അഭിപ്രായങ്ങള്‍ പ്രചരിക്കുകയും ചെയ്തു. അപ്പോഴൊന്നും സീല്‍ഡ് കവറിലെ വിവരങ്ങള്‍ പുറത്തു വന്നില്ല. പുറത്തു വരാത്തതിന്റെ പ്രധാന കാരണം ഹരജിക്കാരായ മാധ്യമം ബ്രോഡ്കാസ്‌റ് ലിമിറ്റഡിന്-മീഡിയവണ്ണിന് അതിന്റെ വിശദംശങ്ങള്‍ പങ്കുവെക്കാന്‍ കഴിയില്ല എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത് എന്നതുകൊണ്ടാണ്.

മീഡിയവണിന്റെ സംപ്രേഷണ വിലക്കും സീല്‍ഡ് കവറും

മീഡിയവണ്‍ ടി.വി ചാനലിന്റെ സംപ്രേഷണ വിലക്കിനെതിരായി നല്‍കിയ ഹരജിയില്‍ സിംഗിള്‍ ബെഞ്ചിലും ഡിവിഷന്‍ ബെഞ്ചിലും സുപ്രീം കോടതിയിലുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ സീല്‍ഡ് കവര്‍ സമര്‍പിച്ചിരുന്നു. ഈ ചാനലിന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധം ഗുരുതരമായ ചില പ്രശ്‌നങ്ങളുണ്ടെന്നും ആ പ്രശ്‌നങ്ങള്‍ അക്കമിട്ട് നിരത്തിയ അതീവ ഗൗരവ സ്വഭാവമുള്ള വിവരങ്ങളാണ് ഈ സീല്‍ഡ് കവറിലുള്ളത് എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. ഇത് സംബന്ധിച്ച് പുറത്ത് വന്ന വാര്‍ത്തകളൊക്കെത്തന്നെ സീല്‍ഡ് കവറിലെ ഭീതിജനകമായ കാര്യങ്ങളെ കുറിച്ചായിരുന്നു. പലപ്പോഴും അതിലെ ഉള്ളടക്കത്തെ കുറിച്ച് കഥകള്‍ മെനയുകയും ഉത്തരാവാദിത്ത രഹിതമായി അഭിപ്രായങ്ങള്‍ പ്രചരിക്കുകയും ചെയ്തു. അപ്പോഴൊന്നും സീല്‍ഡ് കവറിലെ വിവരങ്ങള്‍ പുറത്തു വന്നില്ല. പുറത്തു വരാത്തതിന്റെ പ്രധാന കാരണം ഹരജിക്കാരായ മാധ്യമം ബ്രോഡ്കാസ്‌റ് ലിമിറ്റഡിന്-മീഡിയവണ്ണിന് അതിന്റെ വിശദംശങ്ങള്‍ പങ്കുവെക്കാന്‍ കഴിയില്ല എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത് എന്നതുകൊണ്ടാണ്. ഹരജിക്കാരായ മീഡിയവണിന് ഇതിന്റെ വിശദാംശങ്ങള്‍ നല്‍കേണ്ടതില്ല, കാരണം ദേശ സുരക്ഷയുമായി ബന്ധപ്പെട്ട അതി ഗുരുതരമായ കാര്യങ്ങളാണ് അതിലുള്ളത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ആവര്‍ത്തിച്ചുള്ള വാദം. അതുകൊണ്ടുതന്നെ വളരെ ഉദ്വോഗത്തോടെ കാത്തിരിക്കുകയായിരുന്നു സീല്‍ഡ് കവറിലെ ഉള്ളടക്കമെന്തെന്ന് അറിയാന്‍.


മീഡിയവണ്‍ ചാനല്‍ നിരോധിക്കപ്പെടേണ്ടതിന്റെ കാരണം ചൂണ്ടിക്കാട്ടിക്കൊണ്ട് സീല്‍ഡ് കവറില്‍ ഉള്‍ക്കൊള്ളിച്ച കാര്യങ്ങളാണ് താഴെ പറയുന്നത്. പ്രധാനമായും എട്ട് ആരോപണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചത്.

കരിനിയമങ്ങള്‍ക്ക് എതിരെ നിലപാട് സ്വീകരിക്കുന്ന ചാനല്‍

യു.എ.പി.എ നിയമത്തോട് വിമര്‍ശന സ്വഭാവത്തോടെയാണ് ഈ ചാനല്‍ നിലപാട് സ്വീകരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ പ്രത്യേക സൈനിക അധികാര നിയമത്തിനോടും (AFSPA) വിമര്‍ശനത്തോടെയാണ് ചാനല്‍ സമീപിക്കുന്നത്. ഇത്തരം നിയമങ്ങളെ എതിര്‍ക്കുന്ന ചാനല്‍ ഭരണകൂട താല്‍പര്യങ്ങളെ ഹനിക്കുകയാണ് എന്നതാണ് ഒന്നാമത്തേത്.

ജഡീഷ്യറി, സേനാവിഭാഗങ്ങള്‍ എന്നിവയെ വിമര്‍ശിക്കുന്നു

കോടതി ഉത്തരവുകള്‍ വിമര്‍ശിക്കുന്നു. സേനാവിഭാഗങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രശ്‌നങ്ങളെ വിമര്‍ശിക്കുന്നു എന്നതാണ് രണ്ടാമത്തെ കുറ്റമായി എഴുതപ്പെട്ടിരുന്നത്.

ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നു

ന്യൂനപക്ഷങ്ങള്‍ക്കു മേല്‍ നടക്കുന്ന പ്രശ്‌നങ്ങളെ വലുതായി അവതരിപ്പിക്കുകയും അതില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുകയും ചെയ്യുന്നു. അത് വലിയ തോതില്‍ വിവേചനവും വിഭജനവും ഉണ്ടാക്കുന്നു എന്നതാണ് സീല്‍ഡ് കവറില്‍ കണ്ടെത്തുന്ന മൂന്നാമത്തെ പ്രശ്‌നം.

ബാബരി മസ്ജിദ് വിഷയത്തില്‍ പ്രത്യേക നിലപാട്

ബാബരി മസ്ജിദ് പ്രശ്‌നം അവസാനിച്ചതിന് ശേഷവും ബാബരി മസ്ജിദ് തകര്‍ത്ത പ്രതികളോട്, ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് പിന്നിലുള്ള ആളുകളോട് ഗവണ്‍മെന്റുകള്‍ മൃതുസമീപനം സ്വീകരിക്കുന്നു എന്ന് ഇവര്‍ ആവര്‍ത്തിച്ചു പറയുന്നു എന്നതാണ് മറ്റൊരു പ്രശ്‌നമായി കാണുന്നത്.

മാധ്യമം ദിനപത്രവുമായി ബന്ധം, മാധ്യമത്തിന് ജമാഅത്തെ ഇസ്‌ലാമി ബന്ധം

മാധ്യമം ദിനപത്രവുമായി മീഡിയ വണ്ണിന് ബന്ധമുണ്ട്. മാധ്യമം ദിനപത്രം ജമാഅത്തെ ഇസ്‌ലാമി എന്ന മുസ്‌ലിം സംഘടനയുടെ പത്രമാണ് എന്നതും ഒരു കുറ്റമായി എടുത്തുകാണിക്കുന്നു.

മാധ്യമത്തിന്റെ ഉള്ളടക്കം പ്രശ്‌നമുള്ളത്

മാധ്യമം ദിനപത്രത്തിന്റെ ഉള്ളടക്കം പലപ്പോഴും പ്രശ്‌നമുള്ളതാണ്. പത്രം സര്‍ക്കാരിനെ വിമര്‍ശിക്കുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട നയങ്ങളെ വിമര്‍ശിക്കുന്നു. ദേശ സുരക്ഷാപ്രശ്‌നം ഉണ്ടാക്കുന്ന വിധത്തില്‍ ഉള്ളടക്കം നല്‍കുന്ന സ്ഥാപനമാണ് മാധ്യമം എന്നതാണ് ഉയര്‍ന്നു വന്ന മറ്റൊരു പ്രശ്‌നം.

മീഡിയവണ്ണിലെ ചിലര്‍ക്ക് ജമാഅത്തെ ഇസ്‌ലാമി ബന്ധം

മീഡിയവണ്ണിലെ ചിലയാളുകള്‍ക്ക് ജമാഅത്തെ ഇസ്‌ലാമി സംഘടനയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. ഷെയര്‍ ഹോള്‍ഡേഴ്‌സിന് ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുണ്ട്. ഷെയര്‍ ഹോള്‍ഡേഴ്‌സും മറ്റുള്ളവരും അതിലെ ആശയങ്ങള്‍ ഉള്‍കൊള്ളുന്നവരുമാണ് എന്നതും ചാനലിന് എതിരെയുള്ള കുറ്റങ്ങളില്‍ ഒന്നാണ്.

സംപ്രേഷണാനുമതി ജമാഅത്തെ ഇസ്‌ലാമിക്ക് ഗുണമാകും

ചാനലിന് സംപ്രേഷണാനുമതി നല്‍കുന്നത് ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയുടെ ആശയങ്ങളും താല്‍പര്യങ്ങളും പ്രചരിപ്പിക്കാന്‍ സഹായകമാകും, അവര്‍ക്ക് അത് ഗുണകരമാവും. അതുകൊണ്ട് ഇത് നിരോധിക്കണം എന്നതാണ് മറ്റൊരു കാരണം.

കോടതിയുടെ നിരീക്ഷണം

സീല്‍ഡ് കവറില്‍ മഹാ കുറ്റമായി അവതരിപ്പിക്കപ്പെട്ട കാര്യങ്ങള്‍ക്കൊക്കെത്തന്നെ കോടതി ശക്തമായി തന്നെ മറുപടി പറയുന്നുണ്ട്. സര്‍ക്കാറിനെ വിമര്‍ശിക്കല്‍ ഭരണകൂട വിരുദ്ധതയല്ല. ഭരണകൂടത്തിനെ തകര്‍ക്കണം എന്ന ആസ്രൂത്രിത പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിമര്‍ശനത്തെ എടുക്കരുത്. ആരോഗ്യകരമായ വിമര്‍ശനം മാധ്യമ സ്വതന്ത്രവുമായും പൗരാവകാശവുമായും അഭിപ്രായ സ്വതത്രവുമായും ബന്ധപ്പെട്ടതാണ്. അതിനെ ഭരണകൂടത്തെ തകര്‍ക്കാന്‍ നടത്തുന്ന ഒന്നായി വ്യാഖ്യാനിക്കാന്‍ കഴിയില്ല എന്ന് കോടതി കൃത്യമായി ചൂണ്ടിക്കാണിക്കുന്നു.

മതവിവേചനം റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ഗീയതയല്ല. ന്യൂനപക്ഷ പ്രശ്‌നങ്ങള്‍, മുസ്‌ലിം വിഷയങ്ങള്‍ എടുത്തുകാണിക്കുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും ഒരു വര്‍ഗീയ പ്രവര്‍ത്തനമായും വിഭജന ആശയം നടപ്പാക്കുന്നതായും കാണാന്‍ കഴിയില്ല എന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് ഭരണഘടനാപരമായി 19(2) വകുപ്പിന്റെ പരിധിയില്‍ വരില്ല. അതുകൊണ്ട് തന്നെ ഈ നിരോധനം നടപ്പാക്കാന്‍ കഴിയില്ല എന്നാണ് കോടതി വ്യക്തമാക്കുന്നത്. സീല്‍ഡ് കവറില്‍ അക്കമിട്ട് നിരത്തിയ ഓരോ വിഷയങ്ങളും കോടതി പരിശോധിക്കുകയും അതിന്റെ അപ്രസക്തിയെയും സീല്‍ഡ് കവറിലാക്കേണ്ടതിന്റെ ആവശ്യകതയെയും ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. ചാനല്‍ നിരോധനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച എല്ലാ കുറ്റങ്ങളും ആരോപണങ്ങളും മുഴുവന്‍ തള്ളിക്കളയുകയും ചാനലിന് തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കേണ്ടതുണ്ട് എന്ന് തീരുമാനിക്കുകയുമാണ് കോടതി ചെയ്തത്.


ദേശസുരക്ഷാ പ്രശ്‌നമുണ്ട് എന്ന് ചൂണ്ടികാണിച്ച് കൊണ്ട് മീഡിയവണ്ണിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയില്ല എന്നാണ് കോടതി വ്യകത്മാക്കിയത്. നാഷണല്‍ സെക്യൂരിറ്റിക് വിഘാതമുണ്ടാക്കുന്നു എന്ന പേരില്‍ മുന്നോട്ട് വെക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെ അംഗീകരിക്കാന്‍ കഴിയാത്തവയാണെന്നും അത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമായാണ് കാണാന്‍ കഴിയുകയെന്നുമാണ് കോടതി പറഞ്ഞത്. നിശിത വിമര്‍ശന സ്വഭാവമുള്ള നിരീക്ഷണങ്ങളാണ് കോടതിയില്‍ നിന്നും ഉണ്ടായത്.

സീല്‍ഡ് കവര്‍: സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം

മുദ്രവെച്ച കവറില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിനെതിരായ മാര്‍ഗനിര്‍ദേശം കൂടിയാണ് മീഡിയവണ്‍ കേസിലെ വിധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ചത്. പരാതിക്കാരന് ഒരു വിവരവും നല്‍കാതെ കോടതികളില്‍ സര്‍ക്കാര്‍ നേരിട്ട് രേഖകള്‍ സമര്‍പ്പിക്കുന്നതിന് എതിരെയാണ് ചീഫ് ജസ്റ്റിസ് നിലപാട് സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിരന്തരമായി നടത്തുന്ന ഈ പ്രക്രിയക്കെതിരെ കൃത്യമായ താക്കീതാണ് മീഡിയവണ്‍ കേസില്‍ കോടതി അറിയിച്ചത്. ഇങ്ങനെ സീല്‍ഡ് കവറില്‍ ചില രേഖകള്‍ നല്‍കിക്കൊണ്ട് ആര്‍ക്കെതിരെയും എന്ത് നടപടിയും സ്വീകരിക്കാമെന്ന രീതി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഇരുകൂട്ടര്‍ക്കും വസ്തുതകള്‍ നല്‍കിയാല്‍ മാത്രമാണ് കൃത്യമായ കോടതി വ്യവഹാരങ്ങള്‍ സാധ്യമാവുകയുള്ളു. അല്ലാതെ ഒരു വിഭാഗത്തിന് കൃത്യമായ വിവരങ്ങള്‍ നല്‍കാതെ വളരെ സുപ്രധാന വിവരങ്ങള്‍ ആണ് എന്ന് പറഞ്ഞുകൊണ്ട് കോടതിയില്‍ സീല്‍ഡ് കവറുകളില്‍ വിശദംശങ്ങള്‍ നല്‍കുമ്പോള്‍ അത് വലിയ രീതിയിലുള്ള നീതി നിഷേധമായി മാറുന്നു എന്ന് കോടതി ഓര്‍മപ്പെടുത്തുന്നു.

സീല്‍ഡ് കവറുമായി ബന്ധപ്പെട്ട് വിശദമായി തന്നെ ചില കാര്യങ്ങള്‍ കോടതി, വിധിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, സ്വാഭാവിക നീതി നിഷേധമാണ് സീല്‍ഡ് കവറിലൂടെ-കോടതിയെ ചില കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നതിലൂടെ ഇല്ലാതാകുന്നത് എന്നതാണ്. സ്വാഭാവികമായിട്ടുള്ള നീതിയാണ് ഇതുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും നഷ്ടമാകുന്നത്. വാദിക്കും എതിര്‍ കക്ഷിക്കും കോടതികളില്‍ തുല്യ നീതിയാണ് നല്‍കുന്നത്. തുല്യ അവസരങ്ങള്‍ ഇരുവര്‍ക്കും നല്‍കുന്നത് കൊണ്ട് തന്നെ ഏത് കേസുകളിലും സീല്‍ഡ് കവറിലൂടെ കാര്യങ്ങള്‍ കോടതിയില്‍ അറിയിക്കുമ്പോള്‍ അത് ഒരു വിഭാഗത്തില്‍ വലിയ രീതിയില്‍ ഉള്ള നീതി നിഷേധമാണ് ഉണ്ടാകുന്നത് എന്നും കോടതി നിരീക്ഷിക്കുന്നു.

എതിര്‍കക്ഷി എന്താണ് തങ്ങള്‍ക്കെതിരെയുള്ള കുറ്റമെന്ന് നിരന്തരം ആവര്‍ത്തിച്ച് ചോദിച്ചാല്‍ പോലും അത് അവരെ അറിയിക്കാത്ത സാഹചര്യമുണ്ട്. ഒരു തരത്തിലും നീതിന്യായ വ്യവസ്ഥയില്‍ ഇത് അംഗീകരിക്കാന്‍ സാധിക്കില്ല എന്ന് കൂടി വിധി ന്യായത്തില്‍ കോടതി സൂചിപ്പിക്കുന്നു. ഇംഗ്ലണ്ടിലെ നിയമ വ്യവസ്ഥകള്‍ അടക്കം ഉദ്ധരിച്ചുകൊണ്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇത് വ്യകത്മാക്കിയത്. ഇരുകൂട്ടര്‍ക്കും വസ്തുതകള്‍ നല്‍കിയാല്‍ മാത്രമാണ് കൃത്യമായ കോടതി വ്യവഹാരങ്ങള്‍ സാധ്യമാവുകയുള്ളു. അല്ലാതെ ഒരു വിഭാഗത്തിന് കൃത്യമായ വിവരങ്ങള്‍ നല്‍കാതെ വളരെ സുപ്രധാന വിവരങ്ങള്‍ ആണ് എന്ന് പറഞ്ഞുകൊണ്ട് കോടതിയില്‍ സീല്‍ഡ് കവറുകളില്‍ വിശദംശങ്ങള്‍ നല്‍കുമ്പോള്‍ അത് വലിയ രീതിയിലുള്ള നീതി നിഷേധമായി മാറുന്നു എന്ന് കോടതി ഓര്‍മപ്പെടുത്തുന്നു. ഇത്തരത്തില്‍ ഉള്ള സംഭവങ്ങള്‍ കോടതിയില്‍ പല തവണകള്‍ ആയി ഉണ്ടായിട്ടുണ്ടെന്നും കോടതി ഓര്‍മിപ്പിക്കുന്നു.

തയ്യാറാക്കിയത്: അമീന പി.കെ

അവലംബം: മീഡിയവണ്‍ ഡീക്കോഡ്


Similar Posts