ഉപമകളുടെ രാഷ്ട്രീയവും എം എൻ വിജയനും
|കേരളം കണ്ട മൗലിക പ്രതിഭകളിൽ ഒരാളായ എം.എൻ.വിജയൻ ഇടതുപക്ഷസാംസ്കാരികവിമർശകൻ, പ്രഭാഷകൻ, പത്രപ്രവർത്തകൻ, സാഹിത്യവിമർശകൻ തുടങ്ങിയ നിലകളിൽ പ്രഖ്യാതനാണ് .അദ്ദേഹം ഉപയോഗിച്ച ഉപമകളുടെ രാഷ്ട്രീയം അന്വേഷിക്കുകയാണ് ഇവിടെ.
ഉപമകളിലൂടെ സംസാരിക്കുക എന്നത് കവികളുടെ മാത്രമല്ല യേശുവിനെയും ബുദ്ധനെയും പോലുള്ള പ്രവാചകരുടേയും രീതിയായിരുന്നു. എം എൻ വിജയൻ കവിയും പ്രവാചകനും ആയിരുന്നു. ആയിരക്കണക്കിന് ഉപമകളിലൂടെ ആണ് എം.എൻ. വിജയൻ എന്ന സാംസ്കാരിക വിമർശകൻ തന്റെ കാലഘട്ടത്തോട് പ്രതികരിച്ചത്.
രാജാവിന്റെ മുഖത്തെ ചന്ദ്രനോട് സാദൃശ്യപ്പെടുത്തുന്നതല്ല ഉപമ.ഉയരങ്ങളുടെ സാമ്യതകളല്ല സർഗ്ഗാത്മകഅലങ്കാരങ്ങൾ.ഉയരങ്ങളെ താഴ്ചകളോടും താഴ്ചകളെ ഉയരങ്ങളോടും ബന്ധിപ്പിക്കുന്ന സാദൃശ്യത്തിന്റെയും വൈരുധ്യത്തിന്റേയും കിയാനുഭവം ഉപമകളിലുണ്ട്. സാഹിത്യാനുഭവം എം.എൻ വിജയന് ബ്രഹ്മാനന്ദ സഹോദരം എന്ന ഉയരങ്ങളുടെ ഉൾപ്രേക്ഷയല്ല.ഭരതമുനിയുടെ ഉപമയെ ഓർമ്മിപ്പിക്കും വിധം കലാനുഭവത്തെ എം.എൻ. വിജയൻ സാദൃശ്യപ്പെടുത്തുന്നത് ഭക്ഷണം കഴിക്കലിനോടാണ്. "നിങ്ങളുടെ വ്യക്തിപരമായ ഉമിനീരും, നിങ്ങൾ ജീവിക്കുന്ന കാലഘട്ടത്തിലെ ഉമിനീരും ചേർത്ത് ചവച്ചിട്ടാണ് ആസ്വദിക്കുന്നത് " എന്ന് അദ്ദേഹം പറഞ്ഞു. കൃതി ഒരു ആത്മീയ വസ്തുവല്ല .ഒരു ഭക്ഷണ പദാർത്ഥമാണ്. വ്യക്തിയുടെ ഉമിനീരിനോട് ചേർന്ന് കൃതി മറ്റൊന്നായി മാറുന്നു. വ്യക്തിയുടെ ഉമിനീരാകട്ടെ കാലഘട്ടത്തിന്റെ നിർമ്മിതി കൂടിയാണ്.അത് കാലഘട്ടത്തിന്റെ ഉമിനീരു കൂടിയാണ്. കലയെയും കലാനുഭവത്തെയും ലൗകികമാക്കുകയും ദൈനംദിന ജീവിതാനുഭവമാക്കുകയും അവശ്യവസ്തുവാക്കുകയും പരിവർത്തനാത്മകമാക്കുകയും ചരിത്രപരമാക്കുകയും ആണ് ഈ ഉപമയിലൂടെ എം എൻ വിജയൻ.
മതത്തിന്റെയും മുതലാളിത്തത്തിന്റെയും അധീശ വ്യവഹാരങ്ങൾ തമ്മിലുള്ള ബന്ധത്തെ അറിഞ്ഞു കൊണ്ടുള്ള ചരിത്രവിമർശനങ്ങളായിരുന്നു എം.എൻ വിജയന്റെ ഉപമകൾ
വിശിഷ്ട ഭോജ്യങ്ങൾ കാൺകിൽ കൊതിയാ മാർക്കും " എന്നിങ്ങനെ
"വിശപ്പിന് വിഭവങ്ങൾ വെറുപ്പോളമശിച്ചാലും
ഉപഗുപ്തൻ എന്ന ആത്മീയപുരുഷനെ സ്ത്രീയുടെ ഭക്ഷണമാക്കിയ ആശാന്റെ വഴിയായിരുന്നു എം.എൻവിജയന്റെത്. ആത്മീയകലാനുഭവത്തെയും കലയുടെ രൂപശില്പത്തെയും വയൽ കിളയ്ക്കുന്നവന്റെ മാംസപേശിയോടാണ് എം.എൻ വിജയൻ സാദൃശ്യപ്പെടുത്തിയത്. മാംസപേശികൾ രൂപപ്പെടുത്താനല്ല കിളക്കുന്നത് .എന്നാൽ കിളക്കുന്നവന് മാംസപേശികൾ മികച്ച രീതിയിൽ രൂപപ്പെടുന്നു. കലാസൗന്ദര്യവും കലയുടെ രൂപ സൗകുമാര്യവും അദ്ദേഹത്തിന് ആഡംബരമല്ല; ഭക്ഷണം പോലെ അനിവാര്യവും അതിന് വേണ്ടിയുള്ള അധ്വാനം പോയ ശ്രമകരവുമാണ്. സ്ഥലകാലങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്ന ആത്മീയാനുഭവങ്ങളെന്ന് വിളിക്കപ്പെടുന്ന സൗന്ദര്യാനുഭവങ്ങളുടെ ആകാശത്തെ മണ്ണോടും വയലോടും കർഷകനോടും അവന്റെ മാംസപേശികളോടും ബന്ധിപ്പിക്കുന്നതായിരുന്നു എം.എൻ വിജയന്റെ ഉപമകൾ.
മണ്ണും മുതലാളിത്തവും
എന്നാൽ വെറുതെയുള്ള ചവയ്ക്കലിനേയോ വെറുതെയുള്ള പേശീ സൗന്ദര്യ വർദ്ധനവിനേയോ അദ്ദേഹം സ്വീകരിച്ചില്ല. ധ്വന്യാലോകകാരനെ പോലെയുള്ള സംസ്കൃത ആലങ്കാരികന്മാർ പറഞ്ഞ ചർച്ചണ അഥവാ ചവയ്ക്കൻ എന്നത് വെറുതെയുള്ള ചവയ്ക്കൽ ആണ് . തിന്നുകഴിഞ്ഞാൽ അത് വയറിൽ ചെന്ന് ഉദരരോഗമായി ജീവിതം ദുരന്തമായി മാറുമെന്ന് കരുതി അനശ്വരതയ്ക്ക് വേണ്ടിയാണ് വെറുതെയുളള ചവയ്ക്കലിനെ സങ്കല്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അത് കലയെ ജീവിതത്തിൽ നിന്നും അടർത്തിമാറ്റി.കലയുടെ ലക്ഷ്യം കലയ്ക്കവേണ്ടി എന്നു പറയുന്നവരാണ് ചവക്കുന്നതിന്റെ ലക്ഷ്യം ആഹാരം കഴിക്കുകയല്ല ചവയ്ക്കുക എന്നതാണ് എന്ന് പറയുന്നത് എന്നു അദ്ദേഹം നിരീക്ഷിച്ചു .തിന്നുക ലക്ഷ്യമല്ലാത്ത വെറുതെയുള്ള ചവക്കൽ ആത്മീയതയുടെ മാത്രമല്ല മുതലാളിത്തത്തിന്റെ സവിശേഷത കൂടിയായി എം എൻ വിജയൻ മനസിലാക്കുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: "വെറുതെ ചവയ്ക്കാൻ കൊടുത്താൽ ആളുകൾ ഒന്നും സംസാരിക്കില്ലെന്നും അവർക്ക് വിശക്കില്ല എന്നും മുതലാളിത്തത്തിനറിയാം. ഒരു പാട് 'കല ' കൊടുത്താൽ, സീരിയൽ കാണിച്ചാൽ ജീവിതം ഒരു സീരിയലാണ് എന്നും അപകടം പിടിച്ച സീരിയലാണ് എന്നും നാം മറന്നു പോകുകയും സീരിയൽ സത്യമായി തീരുകയും ജീവിതം സീരിയലായി തീരുകയും ചെയ്യും. നമ്മൾ അരി അടുപ്പത്ത് വച്ച് സീരിയൽ കാണാനിരിക്കുകയും അടുപ്പത്തെ അരിയിൽ ശ്രദ്ധയില്ലാതെ സീരിയലിലെ അരി തിളച്ചു മറിയുന്നതിനെക്കുറിച്ച് ഉത്കണ്ഠപ്പെടുകയും ചെയ്യും" ഇങ്ങനെയാണ് വെറുതെയുള്ള ചവയ്ക്കലിന് ജീവിതവുമായി സംഭവിക്കുന്ന അന്യവത്ക്കരണത്തെ എം.എൻ വിജയൻ വിശദീകരിച്ചത്.
മുതലാളിത്ത സംസ്കാരത്തെ ചൂയിംഗത്തോടാണ് എം.എൻ.വിജയൻ സാദൃശ്യപ്പെടുത്തന്നത്. വെറുതെ ചവയ്ക്കുന്നു, വെറുതെ പണിയെടുക്കുന്നു ഒന്നും ഉത്പാദിപ്പിക്കുന്നില്ല, ഒന്നും വയറിലേക്ക് പോണില്ല. ജനങ്ങൾ ഉപഭോക്താക്കൾ മാത്രമായി മാറുന്നു.വൈകുന്നേരം നടക്കാൻ പോകുന്നു പക്ഷെ എവിടേക്ക് എവിടെയാണ് എത്തേണ്ടത് എന്നറിയില്ല. ലക്ഷ്യമില്ലാത്ത യാത്രകളെയാണ് ടൂറിസ്റ്റ് യാത്രകൾ എന്നു പറയുന്നത് .ടൂറിസത്തെ എം.എൻ.വിജയൻ ഉപമിച്ചത് " ഒരു പാട് ഈന്തപ്പഴം തിന്നു മടുത്ത ദുഷ്യന്തരാജാവിന് കാട്ടിലെ പുളി എന്നു പറയാവുന്ന ശകുന്തള യോട് തോന്നിയപ്രേമം" എന്നാണ്. പുളി എന്നത് അച്ചാറ് എന്നത് വിശപ്പ് തീർക്കാനായി കഴിക്കുന്നതല്ല തിന്നു മടുക്കുമ്പോൾ വീണ്ടും കഴിക്കാൻ വേണ്ടി നാവിന് രുചി വ്യത്യാസം നൽകാനാണ് അച്ചാറ് ഉപയോഗിക്കുന്നത്. അത് തൊട്ടുകൂട്ടാൻ ഉള്ളതാണ്. ശകുന്തള തൊട്ടുകൂട്ടാൻ ഉള്ളതായിരുന്നു. ശകുന്തളേയോട് തനിക്കുള്ള ആത്മീയ പ്രണയത്തെക്കുറിച്ച് രാജാവ് പറയുമ്പോൾ വിദൂഷകൻ പറയുന്ന മറുപടിയാണ് ഈന്തപഴത്തിന്റെയും പുളിങ്ങയുടെയും ഉപമ. കൊട്ടാര സ്ത്രീകളെ മടുത്ത ദുഷ്യന്തൻ, ഈന്തപ്പഴം തിന്നു മടുത്ത ദുഷ്യന്തൻ വെറൈറ്റിയ്ക്ക് വേണ്ടി രുചിഭേദത്തിന് വേണ്ടി ആണ് ശകുന്തള എന്ന കാട്ടിലെ പുളിയെ തേടിയത് എന്നാണ് വിദൂഷകൻ പറയുന്നത്. ശാപവൃത്താന്തം ഇല്ലെങ്കിലും ശകുന്തളയെ ദുഷ്യന്തൻ മറക്കുകയും ഉപേക്ഷിക്കുകയും ചെയ്യുമെന്ന് എന്ന് വിദൂഷക വാക്യത്തിൽ നിന്ന് മനസ്സിലാക്കുന്നു. ഇങ്ങനെ ലക്ഷ്യമില്ലാത്ത, എവിടെയും എത്തണമെന്നില്ലാത്ത ഉടനെ ഉപേക്ഷിക്കുമെന്ന് ഉറപ്പുള്ള ,യാത്ര മാത്രം ലക്ഷ്യമാക്കിയിട്ടുള്ള യാത്രകളാണ്, ഉൽപ്പാദനം ഇല്ലാത്ത യാത്രകളാണ് ടൂറിസ്റ്റ് യാത്രകൾ എന്ന് എം എൻ വിജയന്റെ ഉപമയിലൂടെ വെളിപ്പെടുന്നു .ലോകത്തിൽ വികസിച്ചതും കേരളത്തിൻ്റെ അവസാന ആശ്രയമായി കാണുന്ന തുമായ ടൂറിസം എന്നത് സ്വയം വിൽക്കുന്ന പദ്ധതി ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉൽപാദനക്ഷമമായ പദ്ധതികളാണ് വേണ്ടത് വേണ്ടത്. അച്ചാറ് പോലെ കണ്ണാടിയിൽ വയ്ക്കുന്ന പദ്ധതികളല്ല ,അനുഭവങ്ങളല്ല; നമ്മുടെ വിശപ്പ് തീർക്കുന്ന പദ്ധതികളാണ് വേണ്ടത് എന്ന് എന്ന് അദ്ദേഹം കരുതി.
അനുഭവങ്ങളുടെ അകാശത്തെ മണ്ണുമായി ബന്ധിപ്പിച്ച് അനുഭവങ്ങളെ മണ്ണുമായി ബന്ധിപ്പിക്കുക മാത്രമല്ല, അനുഭവങ്ങൾ ചോർത്തിക്കളഞ്ഞ് വില്പനയ്ക്ക് വയ്ക്കുന്ന മണ്ണിനെ അങ്ങനെ തന്നെ തിരിച്ചറിയുകയും ചെയ്യുന്നു.
വയലിൽ കിളക്കുന്ന കർഷകന്റെ മാംസപേശികൾ മുതൽ ഹെൽത്ത് ക്ലിനിക്കിലേയും ഉഴിച്ചിൽ കേന്ദ്രത്തിലേയും മാംസപേശി വരെ എം.എൻ.വിജയന്റെ ഉപമകളിൽ കടന്ന് വരുന്നു.ഭക്ഷണ സംബന്ധമായ ഉപമകളുടെ അതിസമൃദ്ധിയും കാണാം.
കൃഷ്ണനും ആഗോളീകരണവും
നാവു കൊണ്ടു മാത്രം ലോകത്തെ തൊട്ടറിയുന്ന കുട്ടികളുടെ മനോഘടനയിലേക്ക് ലോകത്തെ കൊണ്ടുവരിക എന്നതാണ് ആഗോളീകരണം ചെയ്യുന്നത് എന്ന് എം .എൻ. വിജയൻ നിരീക്ഷിച്ചു. മീശ മുളച്ചാലും മുലകുടിമാറാത്ത കേരളീയജനതയുടെ മനോഭാവമാണ് വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയുടെ ജനപ്രീതിക്ക് കാരണമെന്ന് ആദ്യകാല സാഹിത്യ നിരൂപണങ്ങളിൽ പറഞ്ഞിട്ടുണ്ട് .ഇത് സംസ്കാര വിമർശനത്തിലേക്ക് കൊണ്ടുവരികയാണ് പിൽക്കാലത്ത് കാണുന്നത്. ഭൂമിയെ ഉരുട്ടി വിഴുങ്ങാൻ വെല്ലുന്ന മുതലാളിത്ത ബാലിശം എന്നാണ് ആഗോളീകരണത്തെ എം എൻ വിജയൻ നിർവചിക്കുന്നത് .ശ്രീകൃഷ്ണൻ ഭൂമി വിഴുങ്ങിയ പോലെ ലോകം വിഴുങ്ങുന്ന മുതലാളിത്തം എന്ന ഉപമയും ഉണ്ട് .മതത്തിൽ നിന്നും വ്യത്യസ്തമായ സ്വാതന്ത്ര്യവാദമായാണ് മുതലാളിത്തം വരുന്നതെങ്കിലും മതത്തിന്റെ മനശാസ്ത്രസ്ഥലത്തെ തന്നെയാണ് മുതലാളിത്തം ഉപയോഗിക്കുന്നത് .കൽപ്പാന്തജലത്തിലെ ആലിലയിൽ പെരുവിരൽ കുടിച്ചു മയങ്ങുന്ന കൃഷ്ണനും വായക്കുള്ളിൽ ലോകത്തെ നിറച്ച കൃഷ്ണനും തന്നിലേക്ക് മടങ്ങുന്ന നാവു കൊണ്ടു മാത്രം ലോകത്തെ അറിയുന്ന ആഗോളീകരണകാല കൺസ്യൂമറിസ്റ്റ് ജനതയും തമ്മിൽ പലനിലകളിൽ ബന്ധപ്പെട്ടിരിക്കുന്നു.
ഉഴിച്ചിലും മർദ്ദനവും
ആഗോളീകരണം മനുഷ്യനെ ശരീരത്തിലേക്കും വംശത്തിലും സ്വന്തം പ്രദേശങ്ങളിലേക്കും മടങ്ങാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ ഇര വാദവും പ്രാദേശിക വാദവും ഭാഷാമൗലികവാദവും ലൈംഗിക വിപണനസ്വാതന്ത്ര്യവാദവും തീവ്രവാദവും ഒക്കെ വലിയ വ്യവസായി മാറുന്നു മുതലാളിത്തവും ഒരു മതമാണ് ഷോപ്പിങ്ങിനെ ക്ഷേത്രദർശനത്തോട് ആണ് ആണ് എം എൻ വിജയൻ ഉപമിക്കുന്നത് .സാധനം വാങ്ങാൻ അല്ല സമാധാനത്തിനു വേണ്ടിയാണ് ,സന്തോഷത്തിനു വേണ്ടിയാണ് സൂപ്പർ മാർക്കറ്റിലേക്ക് പോകുന്നത്. പരസ്യങ്ങളെ മന്ത്രവാദങ്ങളോടും അദ്ദേഹം സാദൃശ്യപ്പെടുത്തുന്നു .ഒരു അർഥമില്ലാത്ത വാക്കുകളുടെ ആവർത്തനങ്ങൾ ഫലം തരുന്നു എന്ന അവസ്ഥയാണ് ഉള്ളത് .ആവർത്തനങ്ങളിലൂടെ സത്യമായിത്തീരുന്നു .സോപ്പ് സൗന്ദര്യം തരുമെന്ന് ആവർത്തിക്കുമ്പോൾ യുക്തിരഹിതമായ ഒരു വിശ്വാസം ഉണ്ടായി വരുന്നു.മതത്തെ പോലെ കച്ചവടക്കാരും ഉപയോഗിക്കുന്നത് വിശ്വാസത്തെയാണ്. സ്വർണ്ണ കച്ചവടക്കാർ വിശ്വാസത്തെ പരസ്യം ചെയ്യുന്നത് അതുകൊണ്ടാണ്. പണമാണ്, വൈദേശിക ധനസഹായങ്ങളാണ് നമ്മുടെ വിശ്വാസങ്ങളെ, വിദ്യാഭ്യാസങ്ങളെ, മാധ്യമങ്ങളെ, നമ്മുടെ പദ്ധതികളെ നിയന്ത്രിക്കുന്നത്. ചുട്ട തേങ്ങ വച്ച് എലിയെ പിടിക്കും പോലെ ബുദ്ധിജീവികളെ പണം കൊടുത്ത് പിടിച്ചെടുക്കുന്നു. സ്വർണ്ണമത്സ്യങ്ങളുടെ ആകർഷകമായ തടവറകളിൽ എഴുത്തുകാർ പെട്ടിരിക്കുന്നു.കുഴിയിൽ വീണ ആനയുടെ അവസ്ഥയിലേക്ക് വിദ്യാർത്ഥികൾ എത്തുന്നു. അങ്ങനെ മുതലാളിത്തം പിടികൂടുന്ന വിദ്യാർത്ഥികളിൽ ചിലരെ കൊണ്ട് തടി പിടിപ്പിക്കുന്നു, ചിലരെ നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളിക്കുന്നു. ADB, ലോകബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളാണ് ഇന്ന് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത്. മാധ്യമസ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതും വ്യവസായികൾതന്നെയാണ്. മതത്തിന്റെ വിശ്വാസവും മുതലാളിത്തത്തിന്റെ സ്വാതന്ത്ര്യവാദവും തമ്മിലുള്ള സംഘർഷങ്ങളായാണ് മാധ്യമങ്ങൾ എല്ലാ വാർത്തകളെയും ക്രമീകരിച്ചിരിക്കുന്നത്.ഇതിൽ ഏത് വിജയിച്ചാലും അത് മുതലാളിത്തത്തിന്റെ വിജയമായി മാറുന്നു.ചെറിയ മർദ്ദനങ്ങൾ മാത്രമേ മാധ്യമങ്ങളിൽ കാണൂ." വലുതായി മർദ്ദിച്ചാൽ മരിക്കുന്നു. ചെറുതായി മർദ്ദിച്ചാൽ അത് ഉഴിച്ചിലായി മാറുന്നു " എന്നാണ് ഇതിനെ കുറിച്ച് എം.എൻ വിജയൻ പറയുന്നത്. മാധ്യമങ്ങൾ ചെയ്യുന്നത് ഉഴിച്ചിലുകളാണ്. ആ മർദ്ദനങ്ങൾ മുതലാളിത്തം സ്വാംശീകരിക്കുകയും മാംസപേശികൾ കൂടുതൽ കരുത്തുറ്റതാകുകയും ഇനി ആരെങ്കിലുമുണ്ടോ വാ എന്ന വെല്ലുവിളിയുമായി നിൽക്കുകയും ചെയ്യും. വിപ്ലവകരമായ ഒരു കാര്യവും പത്രത്തിൽ എഴുതാൻ കഴിയില്ല. എഴുതാൻ കഴിയുന്നത് വിപ്ലവകരമല്ല എന്ന് അദ്ദേഹം പറയുന്നു. വ്യവസായികൾക്ക് വേണ്ടിയല്ലാത്ത ഒന്നും വ്യവസായികൾ നിയന്ത്രിക്കുന്ന മാധ്യമങ്ങളിൽ ഉണ്ടാവില്ല.കുരയ്ക്കുന്ന നായകൾക്ക് മുതലാളിത്തം എച്ചിൽ കഷണങ്ങൾ എറിഞ്ഞു കൊടുക്കുകയും നമ്മുടെ വീട്ടിലും മനസ്സിലും അവർ യഥേഷ്ടം കയറി മോഷ്ടിക്കുകയും ചെയ്യുന്നു. മതവും മുതലാളിത്തവും ഇണചേരുന്ന അത്യന്തം അപകടകാരിയായ ഒരു ഭരണകൂടത്തെ നമ്മുക്ക് ലഭിക്കുന്നത് അങ്ങനെയാണ്.
വയലിൽ കിളക്കുന്ന കർഷകന്റെ മാംസപേശികൾ മുതൽ ഹെൽത്ത് ക്ലിനിക്കിലേയും ഉഴിച്ചിൽ കേന്ദ്രത്തിലേയും മാംസപേശി വരെ എം.എൻ.വിജയന്റെ ഉപമകളിൽ കടന്ന് വരുന്നു.ഭക്ഷണ സംബന്ധമായ ഉപമകളുടെ അതിസമൃദ്ധിയും കാണാം. മതത്തിന്റെ ബ്രഹ്മാനന്ദാനുഭവങ്ങളെ അട്ടിമറിക്കാനാണ് ശരീരത്തിന്റെയും ഭക്ഷണത്തിന്റെയും ഉപമകളെ അദ്ദേഹം ഉപയോഗിക്കുന്നത്. എന്നാൽ ശരീരപരിചരണവും ഭക്ഷണവും വ്യവസായമാകുന്ന മുതലാളിത്ത വ്യവസ്ഥയുടെ ന്യായീകരണമാവാതിരിക്കാനുള്ള ജാഗ്രതയും അദ്ദേഹത്തിനുണ്ട്. വെറുതെയുള്ള ശരീരപരിചരണത്തെയും വെറുതെയുള്ള ചവയ്ക്കലിനെയും അദ്ദേഹം എതിർത്തു.മഹത്തായ ആത്മീയ അനുഭവങ്ങളെ ലൗകികവത്കരിക്കുകയും മുതലാളിത്തത്തിന്റെ യാന്ത്രികലൗകികവാദത്തെ എതിർക്കുകയും ചെയ്ത് കൊണ്ട് വൈരുധ്യാത്മക ഭൗതികവാദം സാംസ്കാരികവിമർശനത്തിൽ അവതരിപ്പിക്കുകയാണ് എം.എൻ വിജയൻ ചെയ്തത്.അടിത്തറ വ്യവഹാരങ്ങളെ മേൽപ്പുര വ്യവഹാരങ്ങൾ കൊണ്ടു അട്ടിമറിക്കാനും മറിച്ച് മേൽപ്പുര വ്യവഹാരങ്ങളെ അടിത്തറ വ്യവഹാരങ്ങൾ കൊണ്ട് അട്ടിമറി ക്കാനുമാണ് ഉപമകൾ ഉപകരിക്കുന്നത്. രാഷ്ട്രീയത്തോട് ചേർന്നു നിൽക്കുന്ന എഴുത്തുകാരെക്കുറിച്ചു ചോദിക്കുമ്പോൾ രാഷ്ടീയത്തെ ദാമ്പത്യത്തോട് ബന്ധിപ്പിക്കുന്നു. രാഷ്ടീയത്തോട് ചേർന്നു നിൽക്കുന്നതും നിൽക്കാത്തതും ആയ എഴുത്തുകാരുടെ നിലപാടിനെ ഫ്രീ ലവിനോടും ദാമ്പത്യത്തോടും സാദൃശ്യപ്പെടുത്തുന്നു.രണ്ടിനും ഗുണവും ദോഷവുമുണ്ട്. ദാമ്പത്യത്തിനുള്ള ഗുണം അതിൽ ഒരു ഡൈവോർസിൻ്റെ സാധ്യത കൂടി ഉണ്ട് എന്നു പറയുന്നു.രാഷ്ട്രീയത്തെ ദാമ്പത്യവുമായി ഉപമിച്ചു രാഷ്ട്രീയത്തെ ചെറുതാക്കുകയും ദാമ്പത്യത്തിലെ ഡൈവോർഡ് സാധ്യത എന്ന വൈരുധ്യം ചൂണ്ടിക്കാട്ടി വ്യക്തിബന്ധങ്ങളെ രാഷ്ടീയവത്കരിക്കുകയും ചെയ്യുന്നു. എതിർത്തുകൊണ്ടും നിരന്തരം നവീകരിച്ചു കൊണ്ടും പുതിയ ഘടനകൾ തേടുന്ന വ്യക്തി ബന്ധവും രാഷ്ടീയവും ഇതിലൂടെ ഉന്നയിക്കപ്പെടുന്നു. ഒരു ഘടനയും വേണ്ട എന്നു പറയുന്ന ഫ്രീ ലവ് എന്ന വ്യക്തിബന്ധസങ്കല്പത്തെയും അതിൻ്റെ അധികാരഘടനയായ ആഗോളീകരണത്തെയും യാന്ത്രികമായ ദാമ്പത്യത്തെയും അതിൻ്റെ അധികാരഘടന എന്നു പറയാവുന്ന ഏകാധിപത്യം നിറഞ്ഞ രാഷ്ടീയ സംഘടനാ സംവിധാനത്തെയും പരസ്പരം ബന്ധിപ്പിക്കാനും വിമർശിക്കാനും ഈ ഉപമയിലൂടെ സാധിക്കുന്നു.(എം.എൻ.വിജയനെ അനുകരിക്കുന്ന പ്രഭാഷകർക്ക് ഇല്ലാതെ പോകുന്നത് ഈ വൈരുധ്യാത്മകതയാണ്) മാർക്സിനെ ഫ്രോയിഡുമായി ഉപമിക്കുകയും ഫ്രായിഡിനെ മാർക്സുമായി സാദൃശ്യപ്പെടുത്തുകയുമാണ് ഇവിടെയെല്ലാം എന്നു പറയാം അപ്പോൾ മാർക്സും ഫ്രോയിഡും പരിവർത്തിക്കപ്പെടുന്നു.അതു കൊണ്ട് മതത്തെയും മുതലാളിത്തത്തെയും പരസ്പരം ബന്ധിപ്പിക്കാനും രണ്ടിനെയും വിമർശിക്കാനും അദ്ദേഹത്തിന് സാധിക്കുന്നു.
മതത്തിന്റെയും മുതലാളിത്തത്തിന്റെയും അധീശ വ്യവഹാരങ്ങൾ തമ്മിലുള്ള ബന്ധത്തെ അറിഞ്ഞു കൊണ്ടുള്ള ചരിത്രവിമർശനങ്ങളായിരുന്നു എം.എൻ വിജയന്റെ ഉപമകളിൽ.ഉപമകൾ രാഷ്ട്രീയ വിമർശനമാകുന്നത് അതുകൊണ്ടാണ്. അതുകൊണ്ട് വരാൻ പോകുന്ന ഏത് വ്യവസ്ഥ യോടും എം.എൻ.വിജയന്റെ ഉപമകൾ പ്രതികരിച്ചു കൊണ്ടിരിക്കും. അതുകൊണ്ടാണ് തന്റെ വചനങ്ങളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞത്: ''വയലറ്റ് മഷിയിൽ എഴുതിപ്പോയ ഈ കുറിപ്പുകൾ വരാൻ പോകുന്ന പെരുമഴക്കാലത്ത് കൂടുതൽ തെളിഞ്ഞു വരിക തന്നെ ചെയ്യും". വെള്ളം തൊടുമ്പോൾ തെളിഞ്ഞ് വരുന്ന പഴയ പെൻസിലിനോടാണ് തന്റെ എഴുത്തുകളെ അദ്ദേഹം ഉപമിക്കുന്നത്. സാമ്പത്തിക ദുരന്തങ്ങളുടെ പെരുമഴക്കാലത്ത് എം.എൻ വിജയന്റെ വാക്കുകൾ കൂടുതൽ തെളിഞ്ഞു വരുന്നു.
അനുമതിയില്ലാതെ വിദേശ ഫണ്ട് കൈപ്പറ്റി ചാരപ്പണി ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തി എന്ന് എം.എൻ വിജയൻ പത്രാധിപരായിരുന്ന പാഠം മാസികയിൽ എസ് സുധീഷ് എഴുതി. തുടർന്ന് പരിഷത്ത് കൊടുത്ത മാനനഷ്ടക്കേസിൽ പാഠത്തിന് അനുകൂലമായി കോടതി വിധി ഉണ്ടായതിനെ തുടർന്നുള്ള പത്രസമ്മേളനത്തിൽ മാധ്യമങ്ങളുടെ മുന്നിൽ വച്ചാണ് 2007 ഒക്ടോബർ 3ന് എം.എൻ .വിജയൻ മരിച്ച് വീഴുന്നത്. കേൾക്കണമെങ്കിൽ പാഠത്തിന്റെത് പോലുള്ള ശക്തമായ ഭാഷ വേണമെന്ന് പറഞ്ഞു കൊണ്ട് ബർണാർഡ് ഷായുടെ ഉപമകൾ ഉദ്ധരിക്കാൻ ശ്രമിക്കുമ്പോഴാണ് മരിക്കുന്നത്.ഈ ഉപമ എം.എൻ വിജയൻ മുമ്പ് പരാമർശിച്ചിട്ടുണ്ട്. ചെകിടത്ത് അപ്രതീക്ഷിതമായി കിട്ടുന്ന അടി പോലെയാകണം ഭാഷ എന്നാണ് ബർണാർഡ് ഷാ പറയുന്നത്.ആദ്യം അടിക്കണം പിന്നെ പറയണം എന്ന് അദ്ദേഹം പറഞ്ഞു..എസ് സുധീഷിന്റെ ഭാഷ മാത്രമല്ല എം. എൻ വിജയന്റെ ഭാഷയും നമ്മുടെ സ്ഥിരബോധ്യങ്ങൾക്ക് മേലുള്ള കൊടും പ്രഹരങ്ങൾ ആയിരുന്നു. എന്നാൽ അത് കഥകളിലൂടെയും രൂപകങ്ങളിലൂടെയും ആയിരുന്നു പ്രത്യക്ഷപ്പെട്ടത്.. ഭൗതിക വസ്തുക്കൾ മാത്രമല്ലായിരുന്നു ഉപമാനങ്ങൾ. സാധാരണ സംഭവങ്ങളും പുരാണ കഥാസന്ദർഭങ്ങളും തന്റെ രാഷ്ട്രീയ വിമർശനത്തിനുള്ള മാധ്യമമായിരുന്നു. സ്വാതന്ത്ര്യാനന്തരം വ്യാമോഹങ്ങളിൽ പെട്ടു വിശക്കുന്നവരെയും ദാഹിക്കുന്നവരെയും മറന്ന് പോയ ഭരണകൂടത്തെ ഒരു പുരാണ കഥാസന്ദർഭത്തെ മുൻനിർത്തി വിമർശിക്കുന്ന ഭാഗം ഉദ്ധരിച്ച് കൊണ്ട് ഈ പ്രഭാഷണം അവസാനിപ്പിക്കാം:
"നാരദനേയും കൃഷ്ണനെയും സംബന്ധിക്കുന്ന ഒരു കഥയുണ്ട്. നാരദനും കൃഷ്ണനും കാട്ടിലൂടെ യാത്ര പോകുമ്പോൾ കൃഷ്ണന് വല്ലാതെ ദാഹിച്ചു.നാരദൻ വെള്ളമന്വേഷിച്ച് ഒരു പുഴവക്കിലെ ത്തി. അവിടെ കുളിച്ചു കൊണ്ട് നിൽക്കുന്ന സ്ത്രീയെ കണ്ട് നാരദൻ ഭ്രമിച്ച് പോയി. അവരെ വിവാഹം ചെയ്ത് കുട്ടികളുമൊക്കെയായായി കഴിയുമ്പോൾ നാരദൻ കൃഷ്ണന്റെ വിളി കേട്ടു.നാരദാ വെള്ളം എവിടെ ' എന്ന അന്വേഷണം. ഇവിടെ താൻ എത്തിപ്പെട്ട ലോകമല്ല യഥാർത്ഥം എന്ന് നാരദൻ മനസ്സിലാക്കുന്നു. അതുപോലെ സ്വാതന്ത്ര്യത്തിന്റെ പുഴവക്കിൽ നിൽക്കുന്ന നമ്മുടെ പിന്നിൽ നിന്ന് ദാഹിക്കുന്നവരുടെ വിളി നാം കേൾക്കുന്നു.അപ്പോൾ മാത്രം വ്യാമോഹങ്ങളിൽ നിന്ന് നാം പിൻ വാങ്ങുന്നു. അങ്ങനെയൊരു പിൻമാറ്റം വരാനിരിക്കുന്നതേ ഉള്ളു "
(റേഡിയോ പ്രഭാഷണം)