Analysis
ജാതീതയയുടെ ഇന്ത്യന്‍ പരിസരം
Analysis

ജാതീതയയുടെ ഇന്ത്യന്‍ പരിസരം

അനീഷ എച്ച്.
|
8 Dec 2023 7:50 PM GMT

ഫ്രഞ്ച് രാഷ്ട്രതന്ത്രജ്ഞന്‍ ആയ ക്രിസ്റ്റഫര്‍ ജഫ്രലോട്ട് അംബേദ്കറെ കുറിച്ച് എഴുതിയ ഡോ. അംബേദ്കര്‍ എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന ചര്‍ച്ചയില്‍ വി.ആര്‍ അനൂപ് ഡോ. എം.ദാസന്‍, ഡോ. അജയ് ശേഖര്‍ എന്നിവര്‍ സംസാരിച്ചതിന്റെ സംക്ഷിപ്ത രൂപം. | MLF 2023 | റിപ്പോര്‍ട്ട്: അനീഷ എച്ച്.

വി.ആര്‍ അനൂപ് (മോഡറേറ്റര്‍)

അക്കാദമിക്‌സിലും മറ്റും ആവര്‍ത്തിക്കപ്പെടുന്ന അംബേദ്കര്‍ ആഖ്യാനങ്ങള്‍ പലപ്പോഴും അംബേദ്കറുടെ ലക്ഷ്യങ്ങളെ തന്നെ പരാജയപ്പെടുത്തുന്ന സാഹചര്യം ഇന്ന് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ ഒരു മുസ്‌ലിം- ദലിത് ബഹുജന്‍ വേദിയായ മലബാര്‍ സാഹിത്യോത്സവത്തില്‍ അംബേദ്കറെ കുറിച്ച് എന്ത് പറയുന്നു എന്നതിനേക്കാള്‍ ആര് പറയുന്നു എന്നതും പ്രാധാന്യമര്‍ഹിക്കുന്നതാണ്. അല്ലാത്തപക്ഷം അംബേദ്കര്‍ വിശകലനങ്ങളും ആഖ്യാനങ്ങളും അദ്ദേഹത്തിന്റെ മൂല്യസങ്കല്‍പങ്ങള്‍ പരാജയപ്പെടാനും ഒരുപക്ഷെ തെറ്റിധരിക്കപ്പെടാനും കാരണമായേക്കും.

കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെയെ പോലെ ഒരാള്‍ സ്വയം താന്‍ ഒരു അംബേദ്കറിസ്റ്റ് ആണെന്നും ആത്മീയമായി താന്‍ ഒരു ബുദ്ധമതസ്ഥന്‍ ആണെന്നും പ്രഖ്യാപിക്കുന്നു. എന്നാല്‍ 'വൈ ഐ അയാം എ ഹിന്ദു' എന്ന ശശി തരൂരിന്റെ പുസ്തകം, അദ്ദേഹം ആണ് മല്ലികാര്‍ജുന്‍ ഗാര്‍ഗെയെക്കാള്‍ വലിയ അംബേദ്കറിസ്റ്റ് എന്ന് അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ അംബേദ്കറിന്റെ സംവരണം എന്ന ആശയത്തെ കുറിച്ച് വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. കേരളത്തിലെ തന്നെ അംബേദ്കറെ കുറിച്ച് ആദ്യമായി വളരെ കൃത്യതയോടെ എഴുതിയ ആളെന്ന പരിഗണന ശശി തരൂരിന് ലഭിക്കുമ്പോള്‍ അതിനേക്കാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കേരളത്തില്‍ സഹോദരന്‍ അയ്യപ്പന്‍ അംബേദ്കറുടെ പുസ്തകം പരിഭാഷപ്പെടുത്തിയിരുന്നു എന്നത് ചരിത്ര വിരുദ്ധതയാണ്.


ശ്രീ നാരായണഗുരു ഈഴവര്‍ക്ക് വേണ്ടി പ്രതിഷ്ഠിച്ച 'ഈഴവ ശിവനെ' പോലെ അംബേദ്കറുടെ ആശയങ്ങളും അതിനെ ആര് അവതരിപ്പിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കുന്നു. ഇന്ന് ചിലര്‍ അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ മനസ്സിലാക്കാതെ വെറുമൊരു ആഘോഷവും അലങ്കാരവുമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ബുദ്ധനെ പോലും വിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്ന ഹിന്ദുത്വത്തിന്റെ പൊതുസ്വാഭാവമാണിത്. അതിനാല്‍ തന്നെ അംബേദ്കര്‍ ആശയങ്ങളെ എങ്ങനെ വായിക്കാം എന്നതിനേക്കാള്‍ പ്രസക്തി എങ്ങനെ വായിക്കപ്പെടരുത് എന്നതിനുണ്ട്.

ഡോ. എം.ദാസന്‍

അംബേദ്കറും തൊട്ടുകൂടായ്മയും സാധാരണയായി ഒരു സാഹിത്യത്തില്‍ ഉള്‍പ്പെടാറില്ല. എന്നാല്‍, മലബാര്‍ സാഹിത്യോത്സവം പോലൊരു വേദിയില്‍ ഇത് ചര്‍ച്ച ചെയ്യപ്പെടുന്നു എന്നുള്ളത് എന്തുകൊണ്ടും അതിന്റെ സമകാലിക പ്രസക്തി ഉയര്‍ത്തുന്നതാണ്. 2003 ല്‍ ആണ് ഇന്ത്യന്‍ സര്‍വകലാശാലകളില്‍ ആദ്യമായി അംബേദ്കര്‍ ആശയങ്ങളായ ജാതികള്‍ക്കിടയിലെ തൊട്ടുകൂടായ്മയെ പോലുള്ള ഭാഗങ്ങള്‍ ചെറിയ രീതിയില്‍ എങ്കിലും ഉള്‍പ്പെടുത്തി തുടങ്ങിയത്. ഇന്ത്യന്‍ സമൂഹ്യശാസ്ത്രത്തില്‍ പുതുവഴികള്‍ തേടുന്നതില്‍ സുപ്രധാന പങ്കുവഹിച്ച മഹാനാണ് ഡോ. ബി.ആര്‍ അംബേദ്കര്‍. എന്നാല്‍, ഇന്ത്യന്‍ സാമൂഹ്യശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ ഒരു വ്യക്തി കൂടിയാണ് അംബേദ്കര്‍. അത് പരിഹരിക്കാനുള്ള ഒരു ചെറിയ ശ്രമം എന്ന നിലയിലാണ് താന്‍ ഈ പുസ്തകം എഴുതിയതെന്ന് ക്രിസ്റ്റഫര്‍ ജഫ്രലോട്ട് അവകാശപ്പെടുന്നു. ഇന്ത്യന്‍ സാമൂഹ്യശാസ്ത്രജ്ഞരില്‍ പൊതുവെ ജീവചരിത്രങ്ങള്‍ കുറവാണ്. ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയെ വളരെ അധികം വിമര്‍ശിച്ച വ്യക്തി കൂടിയാണ് അംബേദ്കര്‍. കൂടാതെ ചില ബ്രിട്ടീഷ് നയങ്ങളോട് അംബേദ്കര്‍ യോജിപ്പ് കാണിച്ചിരുന്നു. ഇതെല്ലാം അംബേദ്കറെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ഇന്ത്യയില്‍ ചര്‍ച്ച ചെയ്യാതെ പോകാന്‍ ഇടയാക്കി.



ഹിന്ദു മതത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളില്‍ നിന്നും തിന്മകളില്‍ നിന്നും മോചനം സാധ്യമാണെന്നും അടിച്ചമര്‍ത്തപ്പെടുന്ന ജനതക്ക് സമത്വത്തിന്റെ അടിസ്ഥാനത്തില്‍ അതിലേക്ക് ഉള്‍ച്ചേരാന്‍ സാധിക്കുമെന്നും ആദ്യകാലങ്ങളില്‍ വളരെ ആത്മാര്‍ഥമായി അംബേദ്കര്‍ പ്രസ്താവിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ഹിന്ദുമതത്തിനുള്ളിലെ സമത്വത്തിനായി മഹര്‍ സത്യാഗ്രഹവും നാസിക് സത്യാഗ്രഹവും സംഘടിപ്പിക്കുകയും മനുസ്മൃതി കത്തിക്കുകയും ചെയ്തു. എന്നാല്‍, തന്റെ ജീവിതാനുഭവങ്ങളില്‍ നിന്നും അടിച്ചമര്‍ത്തപ്പെടുന്ന ജനതക്ക് സമത്വം ലഭിക്കില്ലന്നും അസമത്വത്തെ അടിസ്ഥാനമാക്കിയാണ് ഹിന്ദുത്വം നിലനില്‍ക്കുന്നതെന്നും അദ്ദേഹം കണ്ടെത്തി. പിന്നീട് 1930 ല്‍ അംബേദ്കര്‍ പൊതുപരിപാടിയില്‍ പ്രഖ്യാപിച്ചത് 'ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു, ഞാന്‍ ഒരു ഹിന്ദുവായി മരിക്കുകയില്ല' എന്നായിരുന്നു. നമ്മുടെ ലക്ഷ്യം ഹിന്ദുമത പരിഷ്‌കാരമല്ല, മറിച്ച് അതില്‍ നിന്നുള്ള മോചനമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തുടര്‍ന്ന് 1956 ല്‍ ഒക്ടോബര്‍ 14 ന് അദ്ദേഹം സമത്വത്തെ പ്രധാനം ചെയ്യുന്ന ബുദ്ധമതം സ്വീകരിച്ചു. ശ്രീകൃഷ്ണ ജയന്തിയെ പോലെ ഹിന്ദു മത ആഘോഷങ്ങളെ നിര്‍ത്തി പകരം ബുദ്ധ ജയന്തിയും അശോക ജയന്തിയും ബുദ്ധ പൂര്‍ണിമയും ആഘോഷിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ലക്ഷ്യമായ സമത്വത്തിനും സാഹോദര്യത്തിനും സാമൂഹികനീതിക്കും വേണ്ടി ബൗദ്ധിക ദര്‍ശനങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്തതായി ഡോ. എം.ദാസന്‍ അഭിപ്രായപ്പെടുന്നു.

ഡോ. അജയ് ശേഖര്‍

അംബേദ്കറുടെ പരിശ്രമഫലമായാണ് ഇന്ത്യന്‍ മുഖമുദ്രയായി അശോക സ്തംഭം നിലവില്‍ വന്നത്. ബുദ്ധന്റെ സിംഹനാദം ലോകത്തിന്റെ നാല് ദിശകളില്‍ പ്രതിധ്വനിക്കുന്ന അശോക സ്തംഭം പോലും ക്രൂരതയുടെ പ്രതീകമായി ചിത്രീകരിക്കുന്ന ഒരു പ്രവണതയില്‍ ആണ് ഇന്ന് ഇന്ത്യന്‍ സമൂഹം. ഇന്ത്യന്‍ മെഡിക്കല്‍ ലോഗോയുമായി ബന്ധപ്പെട്ട് ഈ അശോക സ്തംഭത്തിന്റെ മുദ്ര നീക്കം ചെയ്ത് ധന്വന്തരിയെ പ്രതിഷ്ഠിച്ചത് അംബേദ്കറുടെ ബൗദ്ധധര്‍മത്തിന് എതിരാണ്. ജാതിയാല്‍ ഉണ്ടാകുന്ന അടിച്ചമര്‍ത്തലുകളില്‍ നിന്നും മോചിതനാകാന്‍ പരിശ്രമിച്ച അതേ ഇന്ത്യയില്‍ ആണ് കേരളത്തിലെ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും ജാതിത്തെറി കേള്‍ക്കേണ്ടി വന്നത്.


ഒരു പൊതുവേദിയില്‍ വെച്ച് ജാതിത്തെറി കേള്‍ക്കേണ്ടി വന്നിട്ടും സമൂഹം നിശബ്ദത പാലിക്കേണ്ടി വരുന്നു. വ്യക്തിപരമായ അധിക്ഷേപത്തേക്കാള്‍ ഇത് മാനവരാശിക്ക് എതിരെയുള്ള കുറ്റകൃത്യം കൂടെയാണ്. അംബേദ്കറുടെ ഭരണഘടന നിലവില്‍ വന്നതോടെ നിയമാവിരുദ്ധമായി മാറിയ ജാതിയാല്‍ ഉള്ള അധിക്ഷേപങ്ങളും അടിച്ചമര്‍ത്തലുകളും ഇന്നും നിലനില്‍ക്കുന്നു എന്നത് ഇന്ത്യന്‍ നിയമ വ്യവസ്ഥയെ ചൂണ്ടിക്കാട്ടുന്നു. അംബേദ്കര്‍ മാത്രമാണ് ജാതിയുടെ ഭീകരതയെ കുറിച്ച് പഠനം നടത്തിയതും എഴുതിയതും. ആരാണ് തൊട്ടുകൂടാത്തവര്‍ (Who are the untouchables) അവര്‍ എങ്ങനെ ആയിതീരുന്നു ( how they become so ) എന്ന അദ്ദേഹത്തിന്റെ ചോദ്യങ്ങളെ ഏറ്റെടുത്തുകൊണ്ട് മാത്രമേ ഇന്ത്യയുടെ ജാതിവ്യവസ്ഥയില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ കഴിയു. അതിനു മാത്രമേ സാമൂഹിക ജനാധിപത്യത്തിലും പ്രാതിനിധ്യത്തിലും അടിയുറച്ച ഇന്ത്യയെ വീണ്ടെടുക്കാനാകൂ.

Related Tags :
Similar Posts