Analysis
മുസ്‌ലിം പ്രീണനം, ന്യൂനപക്ഷ പ്രീണനം: ഇസ്‌ലാമോഫോബിയ - 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത്
Analysis

മുസ്‌ലിം പ്രീണനം, ന്യൂനപക്ഷ പ്രീണനം: ഇസ്‌ലാമോഫോബിയ - 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത്

ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്
|
9 July 2024 8:14 AM GMT

ന്യൂനപക്ഷപ്രീണനമെന്ന ആക്ഷേപം മുന്നോട്ടുവെക്കുന്ന എല്ലാവരുടെയും നിലപാടുകള്‍ ഒരുപോലെയാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാമെങ്കിലും അതങ്ങനെയല്ല. ന്യൂനപക്ഷപ്രീണനമെന്ന ആശയത്തെ അംഗീകരിക്കുന്നവര്‍ മുഴുവന്‍ പേരും സംഘ്പരിവാര്‍ സംഘത്തില്‍പ്പെട്ടവരല്ല. | 2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ | ഭാഗം: 03

ലോക്‌സഭാ തെരെഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ എല്‍.ഡി.എഫിനെ രൂക്ഷമായി വിമര്‍ശിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്‍ നടത്തിയ പ്രതികരണം പുതിയൊരു വിവാദത്തിന് തുടക്കമിട്ടു. പട്ടികജാതിക്കാരന്റെ വോട്ട് ലഭിക്കാന്‍ കിറ്റും പെന്‍ഷനും മാത്രം നല്‍കിയാല്‍ പോരെന്നും അധികാര പങ്കാളിത്തം വേണമെന്നും അഭിപ്രായപ്പെട്ട അദ്ദേഹം ഇടതുപക്ഷം മുസ്‌ലിംകളെ മാത്രം പ്രീണിപ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചു. എറണാകുളം കുന്നത്തുനാട് എസ്.എന്‍.ഡി.പി ശാഖാ ഭാരവാഹികളുടെ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈഴവര്‍ക്ക് അവകാശപ്പെടുന്നത് നല്‍കാതെ തടഞ്ഞുവയ്ക്കുന്ന ഇടതുപക്ഷം ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ചിന്തിക്കുന്നതെന്നും കുറ്റപ്പെടുത്തി. (ജൂണ്‍ 7, 2024, മീഡിയവണ്‍).

വെള്ളാപ്പള്ളി ഇതാദ്യമായല്ല ഇങ്ങനെ പറയുന്നത്: 2015ല്‍ കോഴിക്കോട് കരുവശേരി സ്വദേശി നൗഷാദ്, മാന്‍ഹോളില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിക്കുന്നതിനിടയില്‍ ശ്വാസം മുട്ടി മരിച്ചിരുന്നു. മനുഷ്യസ്നേഹപരമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വെള്ളാപ്പള്ളി നടേശന്‍ ഇത് വിവാദമാക്കി. മുസ്‌ലിമായാലേ സര്‍ക്കാരില്‍നിന്ന് ധനസഹായം ലഭിക്കൂ എന്നായിരുന്നു എസ്.എന്‍.ഡി.പിയുടെ സമത്വമുന്നേറ്റ യാത്ര കൊച്ചിയിലെത്തിയപ്പോള്‍ അദ്ദേഹം പ്രസംഗിച്ചത്. ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായ നേട്ടങ്ങള്‍ തട്ടിയെടുക്കുന്നുവെന്നായിരുന്നു ആരോപണം. (വിശദാംശങ്ങള്‍: മിസ്റ്റര്‍ വൈറ്റ് ചര്‍ച്ച് നിങ്ങളൊരു അപമാനമാണ്... സോഷ്യല്‍മീഡിയയുടെ കൊലവിളി, ബിനു ഫല്‍ഗുണന്‍, നവംബര്‍ 30, 2015, വണ്‍ ഇന്ത്യ) മുസ്‌ലിംകള്‍ക്കെതിരേ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു ആരോപണമാണ് ഇത്. 'ഹജ്ജ് യാത്രക്ക് മുസ്‌ലിംകള്‍ക്ക് ആനുകൂല്യം നല്‍കുന്നു. മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ശമ്പളം നല്‍കുന്നു. ക്ഷേമപെന്‍ഷന്‍ നല്‍കുന്നു. ഹിന്ദുക്കള്‍ക്കുകൂടി അവകാശപ്പെട്ട പണമാണ് അതുവഴി നഷ്ടപ്പെടുന്നത്. ദേവസ്വം ഫണ്ട് സര്‍ക്കാരുകള്‍ കൈക്കലാക്കി പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. പള്ളികളിലെ ഫണ്ട് അപ്രകാരം ചെയ്യുന്നില്ല'- ആരോപണങ്ങള്‍ ഇങ്ങനെ നിരവധിയാണ്. വോട്ട് ബാങ്കിന്റെ ബലത്തില്‍ മതേതര പാര്‍ട്ടികളെ കയ്യിലെടുത്ത് അനര്‍ഹമായവ നേടിയെടുക്കുന്നതിനെയാണത്രെ 'ന്യൂനപക്ഷപ്രീണനം' എന്നു പറയുന്നത്.

2022 മെയ് 16ന് യോഗനാദത്തിന് എഴുതിയ എഡിറ്റോറിയലിലും (കേരളകൗമുദി ഇത് പുനഃപ്രസിദ്ധീകരിച്ചു) ഇതേ വാദങ്ങള്‍ അദ്ദേഹം അക്കമിട്ട് നിരത്തി. രാഷ്ട്രീയാധികാരവും ഭരണാധികാരവും സമ്പത്തും കൈയൂക്കും കൊണ്ട് മദിക്കുകയാണ് കേരളത്തിലെ ന്യൂനപക്ഷങ്ങളെന്ന് ലേഖനം വാദിച്ചു. ന്യൂനപക്ഷങ്ങളെന്ന് പറയുന്നുണ്ടെങ്കിലും മുസ്‌ലിംകളെയാണ് പ്രസ്താവന ലക്ഷ്യം വച്ചിരുന്നത്. ഇതൊക്കെ പഴയ കഥ.

എം.കെ മുനീറിന്റെ പ്രയോഗം

വെള്ളാപ്പള്ളി നടേശന്‍ പ്രീണന ആരോപണം ഉയര്‍ത്തുന്നതിനും രണ്ടു ദിവസം മുമ്പ് മുസ്‌ലിം പ്രീണന നയമെന്ന ആഖ്യാനത്തിന് അപ്രതീക്ഷിതമായ ഒരു തുടക്കം ഉണ്ടായിരുന്നു. സി.പി.എമ്മിന്റെ മുസ്‌ലിം പ്രീണന നയങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീര്‍ പറഞ്ഞത് പലരും ഞെട്ടലോടെയാണ് കേട്ടത്. പിണറായി വിജയന്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒരു മുസ്‌ലിം പ്രീണനം നടത്താന്‍ ശ്രമിച്ചു. അതിനായി ഫലസ്തീന്‍ റാലി, സി.എ.എ വിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു. എന്നാല്‍, ഇതിലൊക്കെ മോദിക്കെതിരേയല്ല, രാഹുല്‍ ഗാന്ധിക്കെതിരെയാണ് പിണറായി സംസാരിച്ചത്. ഇടതുപക്ഷത്തുള്ളവര്‍ക്ക് അവിടെ നില്‍ക്കണോ എന്ന് സംശയം നിലനില്‍ക്കുന്ന ഒരു സമയമാണിത്. എല്‍.ഡി.എഫിലുള്ള പലര്‍ക്കും മുന്നണി വിടേണ്ടി വരുമെന്നും മുനീര്‍ പറഞ്ഞു. (ജൂണ്‍ 5, 2024, ഏഷ്യാനെറ്റ് ന്യൂസ്). മുസ്‌ലിംകളെ കബളിപ്പിക്കുന്നതിനും വോട്ട് പിടിച്ചെടുക്കുന്നതിനും വേണ്ടി വ്യാജമായി അവരെ പിന്തുണയ്ക്കുന്നതായി നടിക്കുന്നതിനെയാണ് അദ്ദേഹം 'പ്രീണന'മെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മുനീറിന്റേതു ഒരു സി.പി.എം വിമര്‍ശനം ആയിരുന്നെങ്കിലും ഗൗരവമുള്ള ഒരു ഹിന്ദുത്വ പദാവലി (മുസ്‌ലിം പ്രീണനം) അസ്ഥാനത്തു ഉപയോഗിച്ചതായിരുന്നു പ്രശ്നം.

ക്രൈസ്തവ- മുസ്‌ലിം മതപ്രീണനം കോണ്‍ഗ്രസിന്റെ മാത്രം കുത്തകയായിരുന്നു. മുസ്‌ലിം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും തടവറയിലായിരുന്നു കോണ്‍ഗ്രസ്. വിദ്യാഭ്യാസ, വ്യവസായ, പൊതുമരാമത്ത്, ധന വകുപ്പുകള്‍ പിടിച്ചുവാങ്ങി വേണ്ടപ്പെട്ടവരെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിച്ച് കേരളത്തിന്റെ പൊതുസമ്പത്ത് സ്വന്തം മതക്കാര്‍ക്കായി അവര്‍ വീതംവച്ചുനല്‍കി. അതിന്റെ ഉന്നതി ഇരുമതക്കാര്‍ക്കും എല്ലാ രംഗത്തുമുണ്ടായി. പുറമ്പോക്കിലേക്കു പോയത് ഹിന്ദുക്കളായിരുന്നു. ഇടതുഭരണം വരുമ്പോള്‍ മാത്രമാണ് പിന്നാക്ക, പട്ടികവിഭാഗക്കാര്‍ക്ക് എന്തെങ്കിലും പരിഗണന ലഭിച്ചിരുന്നത്. കുറച്ചു നാളായി അതും നഷ്ടമായി. ഇടതുപക്ഷവും ന്യൂനപക്ഷ പ്രീണനം പ്രധാന അജണ്ടയാക്കി - വെള്ളാപ്പള്ളി പറഞ്ഞത്.

ഹുസൈന്‍ മടവൂരിന്റെ രാജി

ഇത്തവണ വെള്ളാപ്പള്ളിയുടെ പ്രസ്താവന പുറത്തുവന്നശേഷം കേരള നവോത്ഥാന സമിതി വൈസ് ചെയര്‍മാനും കോഴിക്കോട് പാളയം പള്ളി ചീഫ് ഇമാമുമായ ഹുസൈന്‍ മടവൂര്‍ രാജിവച്ചു. വെള്ളാപ്പള്ളിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും ഇടതുസര്‍ക്കാര്‍ മുസ്‌ലിംകളുടെ അവകാശങ്ങളില്‍ പലതും ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. സംവരണം, വിദ്യാഭ്യാസ സൗകര്യങ്ങള്‍, കോച്ചിങ് സെന്ററുകള്‍, ആരാധനാലയ നിര്‍മാണത്തിന്നുള്ള തടസ്സങ്ങള്‍ തുടങ്ങിയ പലതും മുസ്‌ലിം സമുദായത്തിന് പ്രയാസമുണ്ടാക്കുന്നതാണ്. മുസ്‌ലിംകളും ഈഴവരും മറ്റെല്ലാ മതേതര വിഭാഗങ്ങളും ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കേണ്ട വര്‍ത്തമാനകാലത്ത് വെള്ളാപ്പള്ളിയുടെ പ്രസ്താവന വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കേ ഉപകാരപ്പെടുകയുള്ളുവെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി (മാതൃഭൂമി, ജൂണ്‍ 8, 2024). ജാതി സെന്‍സസ് പുറത്തുവിട്ടുമാത്രമേ ഈ പ്രശ്‌നം പരിഹാരിക്കാനാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം (മീഡിയവണ്‍, ജൂണ്‍ 10, 2024). മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങ വീണപ്പോള്‍ രാജിവെച്ചുവെന്ന് ഹുസൈന്‍ മടവൂരിനെ വെള്ളാപ്പള്ളി പരിസഹിച്ചു. ഇദ്ദേഹം നേരത്തെയും തീവ്രവാദം പറഞ്ഞിട്ടുള്ളയാണെന്നും നവോത്ഥാന കമ്മിറ്റിയില്‍ ഇരിക്കാന്‍ അദ്ദേഹം അര്‍ഹനല്ലെന്നുകൂടി വെള്ളാപ്പള്ളി പറഞ്ഞു (ജൂണ്‍ 10, 2024, റിപോര്‍ട്ടര്‍ ടി.വി).



| വെള്ളാപ്പള്ളി നടേശന്‍, ഹുസൈന്‍ മടവൂര്‍

തുടരുന്ന ആരോപണങ്ങള്‍

പിന്നീടുള്ള ദിവസങ്ങളിലും വെള്ളാപ്പള്ളി ആക്രമണം തുടര്‍ന്നു: ഇടതുപക്ഷത്തിന്റെ പ്രധാന ശക്തി ഈഴവരാദി പിന്നാക്ക വിഭാഗങ്ങളാണ്. ഇത്തവണ അതവര്‍ക്ക് നഷ്ടപ്പെട്ടു. അവരത് പ്രതീക്ഷിക്കേണ്ടതായിരുന്നു. കാരണം, ചില വിഭാഗങ്ങളെ പ്രത്യേകമായി താലോലിക്കുകയും മറ്റുള്ളവരെ ആലുവാമണപ്പുറത്തുവച്ച് കണ്ട ഭാവം നടിക്കാതെ അവര്‍ കൂടെയുണ്ടെന്ന വിചാരത്തില്‍ പോവുമ്പോള്‍ എന്നും ഇവരുണ്ടാവില്ല. ഒന്നുകൂടെ ഉറപ്പിക്കാന്‍ വേണ്ടി മുസ്‌ലിംകളെ പ്രീണിപ്പിക്കാന്‍ നോക്കി. പ്രീണിപ്പിക്കുന്നതില്‍ തെറ്റില്ല. കൊടുക്കേണ്ടത് കൊടുക്കണം. ഇവിടെനിന്ന് എന്തെങ്കിലും ചോര്‍ച്ച പോയാല്‍ അത് പരിഹരിക്കാന്‍ വേണ്ടി മുസ്‌ലിംകളെ പ്രീണിപ്പിക്കാന്‍ നോക്കിയപ്പോള്‍ വന്ന അപകടമാണ്. പ്രീണനം കൂടിപ്പോയപ്പോള്‍ ക്രിസ്ത്യാനികള്‍ക്കുപോലും പാര്‍ട്ടിയോട് വിരോധമുണ്ടായി. മുസ്‌ലിംകളും ക്രിസ്ത്യാനികളും അഗോളതലത്തില്‍ത്തന്നെ യോജിപ്പിലല്ല. ഫലസ്തീന്‍ പ്രശ്‌നത്തില്‍ വലിയ സമ്മേളനങ്ങളും പ്രകടനങ്ങളും നടത്തി. എന്നിട്ടും കാന്തപുരം പോലും കൂടെയുണ്ടായില്ല. തെരഞ്ഞെടുപ്പു വന്നപ്പോള്‍ അവര്‍ മുസ്‌ലിംലീഗിനൊപ്പം നിന്നു. പ്രീണനം ഒരു ഭാഗത്തുനടക്കുമ്പോള്‍ എല്ലാം സഹിച്ചു നില്‍ക്കുന്ന വിഭാഗമുണ്ട്. സമ്പത്തും അവകാശങ്ങളും അധികാരങ്ങളും ന്യൂനപക്ഷങ്ങള്‍ക്ക് വാരിക്കൊടുക്കുകയാണ്. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പാക്കേജ് വേണം. മുസ്‌ലിംകള്‍ക്ക് ഉദ്യോഗസ്ഥ തലത്തില്‍ പ്രാതിനിധ്യം കുറവാണെന്ന് കണ്ടപ്പോള്‍ റിക്രൂട്ട്‌മെന്റ് നടത്തി. ഈഴവരുടെ കാര്യത്തില്‍ ഉണ്ടായില്ല. എന്‍.ഡി.എയിലേക്ക് ഈഴവരുടെ വോട്ട് പോയിട്ടുണ്ട്. മറ്റൊരു മാര്‍ഗവുമില്ലാതായതോടെയാണ് പിന്നാക്ക ദലിത് വിഭാഗങ്ങള്‍ എന്‍.ഡി.എയിലേക്ക് പോയത്. (ജൂണ്‍ 8, 2024, ഏഷ്യാനെറ്റ് ന്യൂസ്). ജനാധിപത്യത്തെ മതാധിപത്യം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി (ജൂണ്‍ 12. 2024, ഏഷ്യാനെറ്റ് ന്യൂസ്). സത്യം പറയുന്ന തന്നെ ജാതിവാദിയാക്കിയെന്നും അദ്ദേഹത്തിന് പരാതിയുണ്ട്.

രാജ്യസഭയിലെ 'അമിത മുസ്‌ലിം പ്രാതിനിധ്യം'

ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നു. ഇതിനെയും വെള്ളാപ്പള്ളി വിവാദമാക്കി. കേരളത്തില്‍നിന്നുള്ള മുസ്‌ലിം സമുദായക്കാരായ രാജ്യസഭ അംഗങ്ങളുടെ എണ്ണം എടുത്തുപറഞ്ഞുകൊണ്ട് വെള്ളാപ്പള്ളി കേരള കൗമുദിയില്‍ ഒരു ലേഖനമെഴുതി, 'നമ്മള്‍ വേലികെട്ടാന്‍ മാത്രം വിധിക്കപ്പെട്ടവര്‍' (കേരള കൗമുദി, ജൂണ്‍ 13, 2024) എന്ന ശീര്‍ഷകത്തില്‍. ആ ലേഖനം പഴയ കാര്യങ്ങള്‍ത്തന്നെയാണ് ആവര്‍ത്തിച്ചത്്: രാജ്യസഭാ സ്ഥാനാര്‍ഥിത്വം ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ചെയ്തതു പോലുള്ള നയങ്ങളുമായി സി.പി.എമ്മും ഇടതുമുന്നണിയും മുന്നോട്ടു പോകുകയാണെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ഇതു മനസിലാക്കിയാല്‍ പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി അവരുടെ പക്കലുണ്ടാകും. സീറ്റ് നല്‍കിയപ്പോള്‍ ഭൂരിപക്ഷ സമുദായം പടിക്കുപുറത്തായി. ഒരു മുസ്‌ലിം നേതാവ് നവോത്ഥാന സമിതി നേതൃസ്ഥാനം രാജിവച്ചു. മറ്റു ചിലര്‍ ധവളപത്രമിറക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. ഇരട്ടമുഖമുള്ള ഈ 'മതേതരവാദി'കള്‍ ഗള്‍ഫില്‍ ചെല്ലുമ്പോള്‍ നടത്തുന്ന തീവ്രവാദ പ്രസംഗങ്ങളെല്ലാം കേരളം നവമാധ്യമങ്ങളിലൂടെ കണ്ടിട്ടുള്ളതാണ്. അവരാണ് യാഥാര്‍ഥ്യം പറഞ്ഞതിന് എന്നെ വിമര്‍ശിക്കുന്നത്. ക്രൈസ്തവ- മുസ്‌ലിം മതപ്രീണനം കോണ്‍ഗ്രസിന്റെ മാത്രം കുത്തകയായിരുന്നു. മുസ്‌ലിം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും തടവറയിലായിരുന്നു കോണ്‍ഗ്രസ്. വിദ്യാഭ്യാസ, വ്യവസായ, പൊതുമരാമത്ത്, ധന വകുപ്പുകള്‍ പിടിച്ചുവാങ്ങി വേണ്ടപ്പെട്ടവരെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിച്ച് കേരളത്തിന്റെ പൊതുസമ്പത്ത് സ്വന്തം മതക്കാര്‍ക്കായി അവര്‍ വീതംവച്ചുനല്‍കി. അതിന്റെ ഉന്നതി ഇരുമതക്കാര്‍ക്കും എല്ലാ രംഗത്തുമുണ്ടായി. പുറമ്പോക്കിലേക്കു പോയത് ഹിന്ദുക്കളായിരുന്നു. ഇടതുഭരണം വരുമ്പോള്‍ മാത്രമാണ് പിന്നാക്ക, പട്ടികവിഭാഗക്കാര്‍ക്ക് എന്തെങ്കിലും പരിഗണന ലഭിച്ചിരുന്നത്. കുറച്ചു നാളായി അതും നഷ്ടമായി. ഇടതുപക്ഷവും ന്യൂനപക്ഷ പ്രീണനം പ്രധാന അജണ്ടയാക്കി.

യോഗനാദത്തിന്റെ എഡിറ്റോറിയല്‍

16ാം തിയ്യതി യോഗനാദത്തിന്റെ എഡിറ്റോറിയല്‍ കേരളകൗമുദി പുനഃപ്രസിദ്ധീകരിച്ചു. രക്തസാക്ഷിയാകാനും തയ്യാര്‍ എന്ന ശീര്‍ഷകത്തില്‍ വെള്ളാപ്പള്ളി എഴുതിയ കുറിപ്പില്‍ പഴയ ആരോപണങ്ങള്‍ ആവര്‍ത്തിച്ചതിനു പുറമെ ഒരു വെല്ലുവിളി കൂടി നടത്തി - സര്‍ക്കാര്‍ സാമ്പത്തിക സാമൂഹ്യ സര്‍വേ നടത്തണം: കേരളത്തില്‍ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന അസമത്വങ്ങളെക്കുറിച്ച് ബോദ്ധ്യമാകണമെങ്കില്‍ ഇവിടെ ഒരു സാമൂഹ്യ, സാമ്പത്തിക സര്‍വേ നടത്തുക തന്നെ വേണം. ഉന്നയിക്കപ്പെടുന്ന പരാതികളും ആരോപണങ്ങളും അപ്പോള്‍ വ്യക്തമാകും. ആധുനികലോകത്ത് കണക്കുകള്‍ക്കും വസ്തുതകള്‍ക്കുമാണ് വില. ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാനുള്ള ഏകമാര്‍ഗം ഇതു മാത്രമാണ്. എന്നെയും സംഘടനയെയും പുലഭ്യം പറയുന്നത് നിറുത്തി സാമൂഹ്യ, സാമ്പത്തിക സര്‍വേ നടത്താന്‍ അവര്‍ ആവശ്യപ്പെടട്ടെ. എല്ലാ ന്യൂനപക്ഷ സംഘടനകളെയും രാഷ്ട്രീയ കക്ഷികളെയും ഞാന്‍ വെല്ലുവിളിക്കുന്നു. നിലപാടുകളില്‍ ആര്‍ജ്ജവമുള്ളവര്‍ക്ക് മുന്നോട്ടുവരാം.

ഈഴവ നേതാക്കള്‍ വെള്ളാപ്പള്ളിക്കെതിരേ

അതിരു കടന്ന മുസ്‌ലിംപ്രീണനം നടക്കുന്നുവെന്നാണ് വെള്ളപ്പള്ളി നടേശന്‍ പറയുന്നതിനോട് വിയോജിച്ച നിരവധി നേതാക്കലുണ്ട്; ഈഴവരില്‍ത്തന്നെയുണ്ട്. അവരിലൊരാളാണ് ഡോ. മോഹന്‍ ഗോപാല്‍: ''അത് എത്രയോ കാലമായി രാജ്യം മുഴുവന്‍ സംഘ്പരിവാര്‍ പറയുന്ന വാദം മാത്രമാണ്. അത് വെള്ളാപ്പള്ളി നടേശന്റെ പുതിയ കണ്ടുപിടുത്തമല്ല. സംഘ്പരിവാറിന്റെ വാദമാണ് അദ്ദേഹം എടുത്തുപറയുന്നത്. അത് പറയുന്നതില്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ സാഹചര്യങ്ങള്‍ കാണണം. അദ്ദേഹത്തിന് ബിസിനസ് സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടാകാം. രാജ്യത്തെ എല്ലാ ബിസിനസ്സുകാരും ഇ.ഡി, സി.ബി.ഐ, ഐ.ടി ഇവരെ പേടിച്ച് കഴിയുന്ന സമയമാണ്. അവരെ പ്രീണിപ്പിക്കാന്‍ വേണ്ടി പറയുന്നതാണെന്ന് കരുതിയാല്‍ മതി. അതിനപ്പുറത്തേക്ക് സീരിയസായി എടുക്കേണ്ടതില്ല. എസ്.എന്‍.ഡി.പിയുടെ സംഘടനാ നേതൃത്വത്തിന്റെ പ്രശ്‌നം കോടതിയുടെ മുന്നിലാണ്. അവര്‍ വേണ്ട വിധത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. അവര്‍ക്ക് അധികാരത്തിലിരിക്കാന്‍ അവകാശമില്ലെന്ന വാദങ്ങള്‍ കോടതിയുടെ മുന്നിലാണ്. കോടതി നിര്‍ദേശമനുസരിച്ച് തെരഞ്ഞെടുപ്പ് നടക്കുന്നില്ല. സംഘടന ഇപ്പോള്‍ അവരുടെ നിയന്ത്രണത്തിലാണ്. എസ്.എന്‍.ഡി.പിയെ വെളളാപ്പള്ളിയുടെ നിലപാടുമായി ബന്ധപ്പെടുത്തരുത്. അവര്‍ സംഘ്പരിവാറിന്റെ അജണ്ടയെ മുന്നോട്ട് കൊണ്ടുപോവുകയാണ്. ഗുരുവിന്റെ പേരിലും എസ്.എന്‍.ഡി.പി.യുടെ പേരിലും മതവിദ്വേഷം പറയരുത്. മുസ്‌ലിംകള്‍ക്ക് ശബ്ദം നല്‍കണം. ഇന്ന് മിനിസ്ട്രിയില്‍ മുസ്‌ലിംകള്‍ക്ക് ഒറ്റ പ്രതിനിധിയില്ല. ലോക്‌സഭയിലും രാജ്യസഭയിലും നാലും അഞ്ചും ശതമാനമേയുള്ളൂ. മുസ്‌ലിംകള്‍ക്ക് ശബ്ദമില്ല. ഞങ്ങള്‍ക്ക് അവകാശപ്പെട്ട രണ്ടോ മൂന്നോ സീറ്റ് മുസ്‌ലിംകള്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. കാരണം, അവര്‍ ഞങ്ങളുടെത്തന്നെ സഹോദരങ്ങളാണ്. ആധ്യാത്മികമായ ചില വ്യത്യാസങ്ങളുണ്ടെന്നേയുള്ളൂ. അവര്‍ക്ക് പാര്‍ലമെന്റില്‍ ശബ്ദം കൊടുക്കണം. ഇപ്പോള്‍ ചെയ്യുന്നത് ചെറിയൊരു സംഭാവനമാത്രമാണ്. ഇത് പ്രീണനമല്ല. ഉത്തരവാദിത്തമാണ്. വളരെ ഉത്തരവാദിത്തത്തോടെയാണ് മുസ്‌ലിം വിഭാഗം മതദ്വേഷത്തിനെതിരേ പ്രതികരിക്കുന്നത്. അവര്‍ക്കൊരു ശബ്ദം പാര്‍ലമെന്റില്‍ കൊടുക്കണം. ഞങ്ങളുടെ ഷെയറില്‍നിന്ന് കുറച്ചെങ്കിലും കൊടുക്കണമെന്ന സെന്റിമെന്റ് ഞങ്ങള്‍ക്കുണ്ട്. അത് നിവൃത്തിക്കണം. അല്ലാതെ പ്രീണനമല്ല. സ്വമേധയാ ഞങ്ങളതിനെ പിന്തുണക്കുന്നു. ഒന്‍പത് സീറ്റു കൊടുക്കണമെന്നാണ് ഞങ്ങളില്‍ ചിലരുടെ അഭിപ്രായം. കാരണം, കേരളത്തിന് ഇതല്ലേ ചെയ്യാനാവൂ. പ്രാതിനിധ്യമില്ലാത്ത ഒരു പ്രതിസന്ധിയില്‍നില്‍ക്കുകയാണ്. ഈയൊരു അവസ്ഥ തരണംചെയ്യുന്നതുവരെ മൂന്ന് സീറ്റെങ്കിലും കൊടുക്കണമെന്നതിനെ ഗുരുദര്‍ശനത്തില്‍ വിശ്വസിക്കുന്നവര്‍ പിന്തുണയ്ക്കണം. (ജൂണ്‍ 20 2024 മീഡിയവണ്‍, ഡോ. മോഹന്‍ ഗോപാല്‍)


| ഡോ. ജി. മോഹന്‍ ഗോപാല്‍

യോഗം ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന ശ്രീനാരാണ മാനവ ധര്‍മത്തിനും സാമൂഹ്യ നീതിക്കും വസ്തുതകള്‍ക്കും നിരക്കാത്തതെന്ന് ആരോപിച്ച് ദ്രാവിഡ ധര്‍മ്മ വിചാര കേന്ദ്രവും രംഗത്തുവന്നു. തന്റെ സമുദായത്തിന് അര്‍ഹമായത് നായര്‍ സമുദായം കയ്യടക്കിയിരിക്കുകയാണെന്നും അല്ലാതെ മുസ്‌ലിം സമുദായത്തിനു മേല്‍ വസ്തുതാവിരുദ്ധമായ ആരോപണങ്ങളുന്നയിച്ച് പുകമറ സൃഷ്ടിക്കുകയല്ല വേണ്ടതെന്നുംകൂടി പ്രസ്താവനയില്‍ പറയുന്നു (മീഡിയവണ്‍, ജൂണ്‍ 8, 2024).

വെള്ളാപ്പള്ളി തിരുത്തണമെന്ന് കെ.ടി ജലീല്‍

അമിതമായ മുസ്‌ലിം പ്രീണനമെന്ന പ്രസ്താവന ശരിയല്ലെന്ന് മുന്‍ മന്ത്രി കെ.ടി ജലീല്‍ വിമര്‍ശിച്ചു: അമിതമായ മുസ്‌ലിം പ്രീണനമാണ് ഇടതുപക്ഷത്തിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായതെന്ന മട്ടില്‍ ചില ദുഷ്പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പരക്കുന്നുണ്ട്. പൗരത്വഭേദഗതി നിയമത്തിലും ഫലസ്തീന്‍ പ്രശ്‌നത്തിലും ഇടതുപക്ഷം സ്വീകരിച്ച ശക്തമായ നിലപാടുകളാണ് പ്രീണന കാര്യങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ രണ്ട് കാര്യങ്ങളിലെയും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമീപനം തികച്ചും മനുഷ്യത്വപരമാണ്. മതത്തിന്റെ പേരില്‍ പൗരത്വം നിഷേധിക്കപ്പെടുന്നതിന്റെ ഇരകള്‍ സിക്കുകാരോ പാര്‍സികളോ ജൂതന്‍മാരോ ക്രൈസ്തവരോ മാറ്റാരെങ്കിലുമോ ആയിരുന്നെങ്കിലും ഇടതുപക്ഷത്തിന്റെ നയം ഇതുതന്നെ ആകുമായിരുന്നു. മുസ്‌ലിംകള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലോ അഭ്യര്‍ഥിച്ചതിന്റെ വെളിച്ചത്തിലോ ആയിരുന്നില്ല ഇടതുപാര്‍ട്ടികളുടെ ഈ രണ്ടു വിഷയങ്ങളിലെയും സമീപനങ്ങള്‍. ആഗോള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പൊതുനയത്തിന്റെ ഭാഗമായിരുന്നു അത് (കെ.ടി ജലീല്‍, ജൂണ്‍ 9, മീഡിയവണ്‍, ജലീല്‍ ഫേസ്ബുക്ക് പോസ്റ്റ്).

വസ്തുതതകള്‍ പുറത്തുവിടണം: പി. മുജീബ് റഹ്മാന്‍

സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വസ്തുതാവിരുദ്ധവും സത്യസന്ധതക്ക് നിരക്കാത്തതുമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബ് റഹ്മാനും അഭിപ്രായപ്പെട്ടു. കേരളത്തിലെ മുസ്‌ലിം സമുദായം അനര്‍ഹമായി പലതും നേടിയെടുക്കുന്നു എന്ന രീതിയിലുള്ള പ്രചാരണം തുടങ്ങിയത് വെള്ളാപ്പള്ളിയല്ല, നേരത്തെയുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഇതിന്റെ വസ്തുത വെളിപ്പെടുത്തുന്ന രീതിയിലുള്ള ധവളപത്രം സര്‍ക്കാര്‍ പുറത്തിറക്കണം. 'തെറ്റായ പ്രസ്താവന വെള്ളാപ്പള്ളി തിരുത്തണം. സമുദായങ്ങള്‍ തമ്മിലെ പ്രശ്‌നമാവാന്‍ ഇതിനെ സര്‍ക്കാര്‍ വിട്ടുകൊടുക്കരുത്. തെറ്റായ പ്രചാരണം അര്‍ഹമായ അവകാശം ചോദിക്കുന്നതിന് കഴിയാത്ത സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. (ജൂണ്‍ 10, 2024, മീഡിയവണ്‍).

സൗഹാര്‍ദ്ദാന്തരീക്ഷം ഹനിക്കരുത്: പുലയര്‍ മഹാസഭ

വെള്ളാപ്പള്ളിയുടെ പരാമര്‍ശം സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കുന്നതാണെന്നാണ് പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിന്റെ വിമര്‍ശനം. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടുകൂടി രൂപീകരിച്ചതാണ് നവോഥത്ഥാന മൂല്യ സംരക്ഷണ സമിതി. സമൂഹത്തില്‍ സ്പര്‍ധയുളവാക്കുന്ന പരാമര്‍ശങ്ങളാണ് ഇപ്പോള്‍ സമിതി ഭാരവാഹികളില്‍നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാടിന്റെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തെ ഹനിക്കുന്ന ഇത്തരം പ്രവൃത്തി നിലവിലുള്ള സമിതിയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. (ജൂണ്‍ 18, 2024, മീഡിയവണ്‍).

കണക്കുകള്‍ പറയുന്നത്: ഫസല്‍ ഗഫൂര്‍

ജൂണ്‍ 16ാം തിയ്യതി ന്യൂസ് 18 ചാനലില്‍ നടന്ന ചര്‍ച്ചയില്‍ സി.പി.എം ന്യൂനപക്ഷപ്രീണനം നടത്തിയെന്ന ആരോപണം എം.ഇ.എസ് നേതാവ് ഡോ. ഫസല്‍ ഗഫൂര്‍ തള്ളി. ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായി ആനുകൂല്യം നേടിയെന്ന വാദം കണക്കുകള്‍ നിരത്തി അദ്ദേഹം തള്ളി. മുസ്‌ലിംകള്‍ക്കെതിരേ അപരവത്കരണം നടന്ന ചില വിഷയങ്ങളില്‍ സി.പി.എം ചേര്‍ന്നുനിന്നിട്ടുണ്ടെന്നും ആരോപണത്തിന്റെ പിന്നില്‍ ആതായിരിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു: സി.എ.എ, ഫലസ്തീന്‍ സമരസമയത്താണ് പ്രീണനം എന്ന് തോന്നിത്തുടങ്ങിയത്. സി.പി.എമ്മിനു മാത്രമല്ല, ഇടതുപ്രസ്ഥാനങ്ങള്‍ക്ക്, സ്റ്റാലിന്റെ കാലം മുതല്‍ ഫലസ്തീന്‍ വിഷയത്തില്‍ ഒരേ സ്റ്റാന്റാണ്. അതനുസരിച്ചാണ് അവര്‍ നിന്നിട്ടുള്ളൂ. സി.എ.എ വിഷയത്തിലും കോണ്‍ഗ്രസ്സും ആര്‍.ജെ.ഡിയും ജെ.ഡി.യുയും എടുത്ത സ്റ്റാന്റുതന്നെയാണ് സി.പി.എമ്മും എടുത്തിട്ടിള്ളൂ. അതിനെ പ്രീണനം എന്ന് പറയാനാവില്ല. മറുപുറത്ത് അനാവശ്യമായി മതസംഘടനകളുടെ കാര്യത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. സമസ്തയെ കയ്യിലെടുക്കാനോ മുജാഹിദിനെ കയ്യിലെടുക്കാനോ ആരു നോക്കിയിട്ടും കാര്യമില്ല. അതിലിടപെടാതിരിക്കുന്നതാണ് നല്ലത്. അവര്‍ക്ക് അവരുടേതായി ഒരു അജണ്ടയുണ്ടാവും. സാമുദായിക പ്രസ്ഥാനങ്ങള്‍ക്കും അവരുടേതായ അജണ്ടയുണ്ടാവും. എസ്.എന്‍.ഡി.പി പ്രസ്ഥാനം പിടിച്ചെടുത്താണ് വെള്ളാപ്പള്ളി വന്നത്. അത് കണക്കാക്കേണ്ടതില്ല. അദ്ദേഹം പല പ്രസ്ഥാനങ്ങളെ കുറിച്ചും ഇത്തരത്തില്‍ പറഞ്ഞിട്ടുണ്ടെന്നും കൂടി ഫസല്‍ ഗഫൂര്‍ പറഞ്ഞു. (ജൂണ്‍ 16, 2024, ന്യൂസ് 18)

വെള്ളാപ്പള്ളി നടേശന്റെ പ്രതികരണങ്ങള്‍ ഗൗരവമായി എടുക്കേണ്ടതില്ലെന്ന അഭിപ്രായക്കാരനാണ് പിയേഴ്‌സണ്‍. വെള്ളാപ്പള്ളിക്ക് ബിസിനസ് താല്‍പര്യങ്ങളാണ് ഉള്ളതത്രെ. ഇടതുപക്ഷത്തിന്റെ നേതൃനിരയില്‍ സവര്‍ണരാണെന്നും ഈഴവരുടെ കൊഴിഞ്ഞുപോക്കിന് അതും കാരണമായെന്നും പിയേഴ്‌സണ്‍ വിലയിരുത്തുന്നു.

മുസ്‌ലിംപ്രീണനത്തിന്റെ വിമത ഇടതു വിശദീകരണം

എന്നാല്‍, മുസ്‌ലിംപ്രീണനം എന്ന ആരോപണം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഉയര്‍ത്തിയ ഏക നേതാവ് വെള്ളാപ്പള്ളിയായിരുന്നില്ല. വിമത ഇടത് എഴുത്തുകാരന്‍ എന്‍.എം പിയേഴ്‌സനാണ് മുസ്‌ലിംപ്രീണനമെന്ന സമീപനത്തെ സൈദ്ധാന്തികമായി വിശദീകരിക്കാന്‍ ശ്രമിച്ചത്. അതേസമയം അദ്ദേഹം വെള്ളാപ്പള്ളിയെ വ്യക്തിപരമായി തള്ളുകയും ചെയ്തു. എന്‍.എം പിയേഴ്‌സണും ജി. സിനുജിയുമായി നടന്ന എ.ബി.സി ടോക്കില്‍ അദ്ദേഹമത് വ്യക്തമാക്കിയിട്ടുണ്ട്: ഈഴവരില്‍ പല തരക്കാരുണ്ടെങ്കിലും വലിയൊരു വിഭാഗം തൊഴിലുറപ്പിനെയും കുടുംബശ്രീയെയും ആശ്രയിച്ചു ജീവിക്കുന്നവരാണ്. ഇവര്‍ക്ക് ഉയര്‍ന്ന ജോലികളില്‍ എത്തിച്ചേരാന്‍ പറ്റുന്നില്ല. ഈഴവര്‍ക്കിടയിലുള്ള യുവജനങ്ങള്‍ക്ക് നിരാശയുണ്ട്. അസംതൃപ്തിയുണ്ട്. അതിന്റെ ഭാഗമായി പലരും സംസ്ഥാനത്തുനിന്നുതന്നെ പുറത്തുപോകുന്നു. രാഷ്ട്രീയമായി ഈഴവര്‍ സി.പി.എമ്മിനെ ഉപേക്ഷിക്കാനുള്ള പ്രധാന കാരണം മുസ്‌ലിം വോട്ട് നേടുന്നതിനായി മുസ്‌ലിംപ്രീണനം നടത്താന്‍ തുടങ്ങിയതാണ് (എന്‍.എം പിയേഴ്‌സണ്‍, ജി. സിനുജി ചര്‍ച്ച, ജൂണ്‍ 15 2024, എ.ബി.സി ടോക്ക്).

തുടര്‍ന്ന് മുസ്‌ലിംപ്രീണനമെന്നാല്‍ എന്താണെന്നും അതിന്റെ സ്വഭാവവും ഫലവും എന്താണെന്നുകൂടി പിയേഴ്‌സണ്‍ വ്യക്തമാക്കി: (സി.പി.എം) സമസ്ത പോലുള്ള സംഘടനകളുമായി അടുക്കുന്നു, മുസ്‌ലിംകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം കൊടുക്കുന്നു. അതേസമയം ഈഴവ സംഘടനകളുമായി അടുക്കുന്നവരെപ്പോലും അകറ്റുന്നു- ഈ സംഘര്‍ഷമാണ് ഈഴവരെ സി.പി.എം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈഴവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് ചെവികൊടുക്കുന്നില്ല. അതിന്റെ ഫലമായാണ് ഇടതുകോട്ട എന്നറിയപ്പെടുന്ന പ്രദേശങ്ങളിലെ വോട്ട് ബി.ജെ.പിയിലേക്ക് പോയത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ കാലത്ത് ദരിദ്രവിഭാഗങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. അത് മനസ്സിലാക്കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടു. പുതിയ കാലത്ത് സി.പി.എമ്മിന്റെ പ്രധാന കണ്‍സേണ്‍ അധികാരം നിലനിര്‍ത്തലാണ്. അവര്‍ കരുതുന്നത് ഈഴവ വോട്ടുകള്‍ സ്ഥിരമായി കിട്ടുമെന്നാണ്. മുസ്‌ലിം - ക്രൈസ്തവ വോട്ടുകള്‍ കൂടി ലഭിച്ചാല്‍ ഭരണം നിലനിര്‍ത്താമെന്നും കണക്കുകൂട്ടുന്നു. ഇത് അപ്പൊളിറ്റിക്കലായ ചിന്തയാണ്. അതാണ് സി.പി.എമ്മിനെ നശിപ്പിച്ചിരിക്കുന്നത്. ഇത് അരാഷ്ട്രീയതയാണ്, അധികാരത്തിനുവേണ്ടി നടത്തുന്ന കച്ചവടമാണ്. ആ കച്ചവടത്തിനിടയിലാണ് മുസ്‌ലിം എന്ന പേര് പൊങ്ങിവരികയും നേതൃത്വനിരയിലേക്ക് അത്തരക്കാരെ പറക്കിവയ്ക്കുകയും ചെയ്യുന്നത്. അതോടെ അവര്‍ക്ക് പ്രാമുഖ്യമുണ്ടായി. അവര്‍ ശബ്ദിക്കാന്‍ തുടങ്ങി. സ്വാഭാവികമായും നേതൃനിരയിലുണ്ടായ ഈഴവ നേതാക്കള്‍ തഴയപ്പെട്ടു, അപ്രസക്തരായി. ഷംസീര്‍, റിയാസ് അങ്ങനെ എത്ര പേരാണ് വന്നിരിക്കുന്നത്. മണ്ടന്മാരായ സി.പി.എം നേതാക്കള്‍ക്ക് ഇത് തിരിച്ചറിയാനാവുന്നില്ല. കുറേ പേരെ പൊക്കിക്കൊണ്ടുവരുമ്പോള്‍ കുറേ പേരെ താഴത്തേക്ക് ഇടേണ്ടിവരും. അങ്ങനെ അവഗണിക്കപ്പെടുന്നത് ഈഴവ നേതാക്കളെയാണ്. അവരുടെ കൊഴിഞ്ഞുപോക്ക് മുസ്‌ലിം പ്രാതിനിധ്യം കൊണ്ട് നികത്താനാകില്ല. മുസ്‌ലിംകള്‍ക്ക് മുസ്‌ലിം സംഘടനകളുണ്ട്. ലീഗുണ്ട്. വേണ്ട സമയത്ത് അവര്‍ ഒരുമിക്കുകയും ചെയ്യും. ശൂന്യമാകുന്ന കൂടാരം സി.പി.എമ്മിന്റേതാകും. സി.പി.എം അവരുടെ രാഷ്ട്രീയം നിര്‍വചിച്ച് അതനുസരിച്ച് ചിട്ടപ്പെടുത്തണം. അല്ലാതെ ഈഴവനെയോ മുസ്‌ലിമിനെയോ നായരെയോ പിടിക്കാന്‍ നടക്കരുത്.

വെള്ളാപ്പള്ളി നടേശന്റെ പ്രതികരണങ്ങള്‍ ഗൗരവമായി എടുക്കേണ്ടതില്ലെന്ന അഭിപ്രായക്കാരനാണ് പിയേഴ്‌സണ്‍. വെള്ളാപ്പള്ളിക്ക് ബിസിനസ് താല്‍പര്യങ്ങളാണ് ഉള്ളതത്രെ. ഇടതുപക്ഷത്തിന്റെ നേതൃനിരയില്‍ സവര്‍ണരാണെന്നും ഈഴവരുടെ കൊഴിഞ്ഞുപോക്കിന് അതും കാരണമായെന്നും പിയേഴ്‌സണ്‍ വിലയിരുത്തുന്നു.

സി.പി.ഐക്കാരുടെ വിശദീകരണം

സി.പി.ഐ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവിന്റെ നിലപാടും വെള്ളാപ്പള്ളിയില്‍നിന്ന് വ്യത്യസ്തമായിരുന്നില്ല. മുസ്‌ലിം പ്രീണനപരാമര്‍ശം അവരും ആവര്‍ത്തിച്ചു: മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെ വിമര്‍ശിക്കുന്നതോടൊപ്പം അവര്‍ പൗരത്വനിയമത്തെ മുന്‍നിര്‍ത്തി നടത്തിയ യോഗങ്ങളില്‍ മുസ്‌ലിം സമുദായത്തെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കുറ്റപ്പെടുത്തി. എന്നിട്ടും ഈ സമുദായത്തിന്റെ വോട്ട് എല്‍.ഡി.എഫിന് ലഭിച്ചില്ല. ഹിന്ദുക്കളടക്കമുള്ള മറ്റ് സമുദായങ്ങള്‍ മുന്നണിയില്‍നിന്ന് അകലുകയും ചെയ്തു. ഇടതുപക്ഷത്തിന്റെ വോട്ടുകളും ബി.ജെ.പിയിലേക്ക് പോയി. എല്ലാ മതങ്ങളെയും സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടുപോകേണ്ട അനുരഞ്ജനത്തിന്റെ വഴിയാണ് വേണ്ടതെന്നും നേതാക്കള്‍ ഓര്‍മിപ്പിച്ചു. (2024, ജൂണ്‍ 10, മാതൃഭൂമി).

സംഘ്പരിവാര്‍ പിന്തുണ

മുസ്‌ലിംപ്രീണന ആരോപണമുയര്‍ത്തിയ മറ്റൊരു വിഭാഗം സ്വാഭാവികമായും സംഘ്പരിവാര്‍ സംഘങ്ങളാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വന്‍തോല്‍വിക്ക് കാരണമായി ബി.ജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കണ്ടെത്തിയത് സി.പി.എമ്മിന്റെ മുസ്‌ലിംപ്രീണനമാണ് (കേരള കൗമുദി, 17 ജൂണ്‍ 2024). ഹമാസ് അനുകൂലവും സി.എ.എ വിരുദ്ധവുമായ പ്രചരണമാണ് തെരഞ്ഞെടുപ്പ് കാലത്ത് സി.പി.ഐ.എം നടത്തിയത്. ഭരണപരാജയവും അഴിമതിയും മറച്ചുവെക്കാനാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ വര്‍ഗീയ പ്രചരണം നടത്തിയതെന്നുംകൂടി അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷപ്രീണനമെന്ന ഹിന്ദുത്വ പദാവലി: ഉല്‍ഭവവും വളര്‍ച്ചയും

ന്യൂനപക്ഷപ്രീണനം അഥവാ, മൈനോറിറ്റി അപീസ്‌മെന്റ് എന്ന ഇസ്‌ലാമോഫോബിക് നിര്‍മിതിക്ക് നീണ്ടതും സങ്കീര്‍ണവുമായ ചരിത്രമാണുള്ളത്. ഇംഗ്ലീഷില്‍ മൈനോറിറ്റി അപീസ്‌മെന്റ് എന്ന വാക്കായി ഹിന്ദുത്വ നിഘണ്ടുവിന്റെ ഭാഗമായാണ് ഇത് വികസിച്ചത്. സ്വതന്ത്ര ഇന്ത്യയില്‍ ന്യൂനപക്ഷാവകാശങ്ങള്‍ പ്രത്യേകം പരിഗണിക്കുന്ന നിലപാടിനെ 1951-ല്‍ത്തന്നെ ആര്‍.എസ്.എസ്സുകാര്‍ സ്യൂഡോ- സെക്കുലറിസം എന്ന് വിശേഷിപ്പിച്ചിരുന്നു (അധിക വായനക്ക്: Manisha Basu, The Rhetoric of Hindu India: Language and Urban Nationalism, 2017, Cambridge Univ--erstiy Press). അക്കാലത്തുതന്നെ ദേശീയതയിലേക്ക് മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ ഉള്‍ച്ചേര്‍ക്കാനും ആ അര്‍ഥത്തില്‍ ന്യൂനപക്ഷങ്ങളുടെ ദേശീയവത്കരണത്തിനും സാധ്യമാകുന്ന ഭൂരിപക്ഷാധികാര വ്യവഹാരമായി തീവ്രഹിന്ദു ദേശീയവാദ വ്യവഹാരങ്ങള്‍ മതേതരത്വത്തെ നിര്‍വചിക്കുന്നുണ്ട്.

യഥാര്‍ഥ സെക്കുലറിസ്റ്റുകള്‍ ജാതി-മത പ്രത്യേക പരിഗണനകള്‍ ഒഴിവാക്കുന്ന ദേശീയവാദികളാണ് എന്ന ആര്‍.എസ്.എസ് നിലപാട് കൂടുതല്‍ ശക്തമായത് അടിയന്തിരാവസ്ഥക്കാലത്തു സെക്കുലറിസം ഒരു ഭരണഘടനാ സംവര്‍ഗമായതോടെയാണ്. ദേശീയത പ്രധാനമാവുന്ന യഥാര്‍ഥ മതേതരത്വവും ന്യൂനപക്ഷ പ്രീണനത്തില്‍ അധിഷ്ടിതമായ കപട മതേതരത്വവുമെന്ന (സ്യൂഡോ സെക്കുലറിസം) വിഭജനം സൈദ്ധാന്തികമായി വികസിപ്പിച്ചത് ലാല്‍ കൃഷ്ണ അദ്വാനി, സ്വപന്‍ ദാസ് ഗുപ്ത, അരുണ്‍ ഷൂരി അടക്കമുള്ളവരായിരുന്നു. അന്നത്തെ ബി.ജെ.പിയുടെ മുഖ്യ എതിരാളിയായ കോണ്‍ഗ്രസ് ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുംനട്ടു നടത്തുന്ന പ്രീണനമാണ് കപട സെക്കുലറിസം എന്ന ആശയം. രാജീവ് ഗാന്ധിയുടെ കാലത്ത് അത് മൂര്‍ത്തമായി വികസിപ്പിക്കപ്പെട്ടു. 1991ലെ കോണ്‍ഗ്രസ്- ജനതാദള്‍ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയെ അരുണ്‍ ഷൂരി വിശേഷിപ്പിച്ചത് 'എക്‌സലന്റ എക്‌സാമ്പിള്‍ ഓഫ് മൈനോറിറ്റി അപീസ്‌മെന്റെ' എന്നാണ്.

കേരളത്തിനു പുറത്ത് മുസ്‌ലിം - ക്രിസ്ത്യന്‍ ന്യൂനപക്ഷ അവകാശങ്ങളെയാണ് ഈ വാദം ലക്ഷ്യമിട്ടിരുന്നത്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യക്തി നിയമങ്ങള്‍ തുടങ്ങി ഷാബാനു വിധിക്കെതിരെ രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന മുസ്‌ലിം വിമണ്‍സ് ആക്റ്റ, നബിദിനത്തിലെ സര്‍ക്കാര്‍ അവധി, സല്‍മാന്‍ റുഷ്ദിയുടെ സാത്താനിക്ക് വേഴ്‌സസ് നിരോധനം - എന്നിവയുടെ പട്ടിക നിരത്തി അരുണ്‍ ഷൂരി ന്യൂനപക്ഷ പ്രീണനമെന്ന നിര്‍മിതിക്കാവശ്യമായ 'തെളിവുകള്‍' കണ്ടെത്തി (അധിക വായനക്ക്: Mushirul Hasan,Legacy of a DÈded Nation, Oxford Univ--erstiy Press, 1997). ഇതാവട്ടെ 'കപട മതേതരത്വ'മെന്ന വ്യവഹാരത്തിന്റെ ഉപചര്‍ച്ചയായി പൊന്തിവന്നതുമാണ്.


എന്നാല്‍, ഈ ഇന്ത്യയില്‍ തന്നെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠമെന്താണ്? ഒരു രാഷ്ട്രീയ കക്ഷിയോ മുന്നണിയോ മുസ്‌ലിം പ്രീണനം എന്നതൊരു നയമാക്കി മാറ്റിയാല്‍ പോലും മുസ്‌ലിംകള്‍ക്ക് പരമാവധി 15 മുതല്‍ 25 വരെ സീറ്റുകളാണ് ലഭിക്കുക. എന്നാല്‍, മുസ്‌ലിം പ്രീണനം നടത്തുന്നുവെന്നു എതിരാളിക്കുമേല്‍ ആരോപണം ഉന്നയിച്ചാല്‍ നേട്ടം അതിന്റെ 20 മടങ്ങ് വരെയാണെന്നാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ കണക്കുകൂട്ടുന്നത് (ജയമോഹന്‍, ജൂണ്‍ 7, 2024, മനോരമ ന്യൂസ്).

ന്യൂനപക്ഷപ്രീണനമെന്ന പദാവലി: ഒരു കേരള ചരിത്രം

ന്യൂനപക്ഷങ്ങള്‍ വഴിവിട്ട് ആനുകൂല്യങ്ങള്‍ നേടുന്നുവെന്ന പരാതി നേരത്തെയുണ്ടെങ്കിലും 2003ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമാണ് ഈ വാക്ക് കേരള രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യം നേടുന്നത്. ആ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെക്കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് എ.കെ ആന്റണിയെ ചെയര്‍മാനായി ഒരു സമിതിയെ നിയോഗിച്ചിരുന്നു. ന്യൂനപക്ഷപ്രീണന നടപടികളാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍: ''കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ സംഘടിതരാണ്. ഈ സംഘടിത ന്യൂനപക്ഷം സംഘടിത ശക്തി ഉപയോഗിച്ചുകൊണ്ട് ഗവണ്‍മെന്റില്‍നിന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടുന്നു. കൂടുതല്‍ വിലപേശല്‍ നടത്തുന്നു എന്നൊരാക്ഷേപം ഇതര സമുദായങ്ങള്‍ക്കുണ്ട്. ആ ആക്ഷേപത്തിന്റെ അന്തരീക്ഷം കേരളത്തില്‍ നിലനില്‍ക്കുന്നു എന്ന സത്യം ആരും വിസ്മരിക്കരുത്. അതോടൊപ്പം തന്നെ ഗള്‍ഫിലേക്ക് ഉണ്ടായിട്ടുള്ള കുടിയേറ്റത്തിന്റെയും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെയുമൊക്കെ ആനുകൂല്യങ്ങള്‍ കൂടുതലുണ്ടായത്, കൂടുതല്‍ കിട്ടിയത് ന്യൂനപക്ഷ സമുദായങ്ങള്‍ക്കാണ്. അതുണ്ടാക്കിയ സാമ്പത്തിക അസമത്വം കേരളത്തിന്റെ നാട്ടിന്‍പുറങ്ങളിലുണ്ട്, കേരളത്തിന്റെ പട്ടണങ്ങളിലുണ്ട്. ഈ യാഥാര്‍ഥ്യം കാണാതിരുന്നിട്ട് കാര്യമില്ല. ഇതിന്റെ ഒരു കൂട്ടത്തിലാണ് രാഷ്ട്രീയമായിട്ടുള്ള പല ശക്തികളുടെയും മുതലെടുപ്പുകള്‍. ഇതെല്ലാം കാണാന്‍ ഇവിടത്തെ ന്യൂനപക്ഷ നേതാക്കള്‍ തയ്യാറാകണം. സംഘടിത ശക്തി ഉണ്ടെന്നതിന്റെ പേരില്‍ ഗവണ്‍മെന്റിനെക്കൊണ്ട് എന്തും ചെയ്തുകളയാമെന്ന നിലപാട് ന്യൂനപക്ഷങ്ങള്‍ക്ക് ശരിയല്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കേരളത്തിന്റെ രാഷ്ട്രീയ രംഗത്തും ഭരണരംഗത്തും കേരള സമൂഹത്തിലും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് ന്യൂനപക്ഷങ്ങളാണ്. ആ സത്യം കാണുന്നവനാണ് ഞാന്‍'' (എ.കെ ആന്റണി, മാതൃഭൂമി, 2003 ജൂലൈ 14).

ന്യൂനപക്ഷപ്രീണനമെന്ന ആക്ഷേപം മുന്നോട്ടുവയ്ക്കുന്നവരില്‍ ചിലര്‍ അതിനു പ്രതിവിധിയായി സാമൂഹ്യ-സാമ്പത്തിക സര്‍വേ (സമുദായ സെന്‍സസ്) നിര്‍ദേശിക്കുന്നു. വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം അതാണ്. തന്നെയും തന്റെയും സംഘടനയെയും ദോഷം പറയുന്നത് നിറുത്തി സാമൂഹ്യ, സാമ്പത്തിക സര്‍വേ നടത്താന്‍ അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. അതൊരു വെല്ലുവിളികൂടിയാണ്.

ന്യൂനപക്ഷപ്രീണനം: വിവിധ വ്യവഹാരങ്ങള്‍

പില്‍ക്കാലത്ത് 'ന്യൂനപക്ഷപ്രീണനം' എന്ന വാക്ക് 'മുസ്‌ലിംപ്രീണന'ത്തിന് വഴിമാറി. കേരളത്തിലാണ് ഈ പരിണാമം ഏറെ ദൃശ്യമായത്. ഹിന്ദുത്വ വളര്‍ച്ചക്ക് ക്രിസ്ത്യന്‍ വോട്ടുകള്‍ പ്രധാനമാണെന്ന തിരിച്ചറിവായിരിക്കാം ഇതിനു കാരണം. ന്യൂനപക്ഷ പദവിയുടെ നിഷേധം നേരിട്ടല്ല നടന്നത്. അതിനൊപ്പം വികസിച്ച മുസ്‌ലിംപ്രീണനമെന്ന പ്രചാരണമാണു മുസ്‌ലിം ന്യൂനപക്ഷ പ്രതിനിധാന നിഷേധത്തിനു കാരണമായിരിക്കുന്നത്. നാമമാത്രമായി മുസ്‌ലിംകള്‍ക്ക് പ്രതിനിധാനം നല്‍കിയാല്‍ പോലും അതു മുസ്‌ലിംപ്രീണനമെന്നു മുദ്രകുത്തുന്ന പൊതുമനോഭാവം വികസിച്ചിരിക്കുന്നു.

ന്യൂനപക്ഷപ്രീണനമെന്ന ആക്ഷേപം മുന്നോട്ടുവയ്ക്കുന്ന എല്ലാവരുടെയും നിലപാടുകള്‍ ഒരുപോലെയാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാമെങ്കിലും അതങ്ങനെയല്ല. ന്യൂനപക്ഷപ്രീണനമെന്ന ആശയത്തെ അംഗീകരിക്കുന്നവര്‍ മുഴുവന്‍ പേരും സംഘ്പരിവാര്‍ സംഘത്തില്‍പ്പെട്ടവരല്ല. നാമിവിടെ പരിശോധിച്ച വെള്ളാപ്പള്ളി നടേശന്‍, അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച എസ്.എന്‍.ഡിപിയില്‍ത്തന്നെയുള്ള ഏതാനും കീഴ്ഘടകങ്ങള്‍, കമ്യൂണിസ്റ്റുകളായ സി.പി.ഐയുടെ തിരുവനന്തപുരം ഘടകം, എന്‍.എം പിയേഴ്‌സനെപ്പോലുള്ള ഇടതുപക്ഷ ചിന്തകര്‍, ലീഗ് നേതാവായ എം.കെ മുനീര്‍, മുന്‍കാലത്താണെങ്കിലും കോണ്‍ഗ്രസ് നേതാവായ എ.കെ ആന്റണി, .. ഈ പട്ടിക ഇനിയും നീട്ടാം.

ന്യൂനപക്ഷപ്രീണനമെന്ന ആക്ഷേപം മുന്നോട്ടുവയ്ക്കുന്നവരില്‍ ചിലര്‍ അതിനു പ്രതിവിധിയായി സാമൂഹ്യ-സാമ്പത്തിക സര്‍വേ (സമുദായ സെന്‍സസ്) നിര്‍ദേശിക്കുന്നു. വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം അതാണ്. തന്നെയും തന്റെയും സംഘടനയെയും ദോഷം പറയുന്നത് നിറുത്തി സാമൂഹ്യ, സാമ്പത്തിക സര്‍വേ നടത്താന്‍ അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. അതൊരു വെല്ലുവിളികൂടിയാണ്. ജാതി സെന്‍സസിലൂടെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ നേരത്തെത്തന്നെ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സംഘ്പരിവാര്‍ അജണ്ടയ്ക്ക് കീഴ്‌പ്പെട്ടുവെന്ന് വെള്ളാപ്പള്ളിയെ വിമര്‍ശിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാഷും മുഖ്യമന്ത്രി പിണറായി വിജയനും സംഘടനയും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

ന്യൂനപക്ഷപ്രീണനമെന്ന ആരോപണത്തെ പൂര്‍ണായും തള്ളുന്ന ശ്രീനാരായണീയരുടെ സംഘടനയായ ശ്രീനാരായണ മാനവധര്‍മവും ഭരണഘടനാവിദഗ്ധന്‍ ഡോ. മോഹന്‍ഗോപാലിനെപ്പോലുള്ള അതിന്റെ നേതാക്കളും സമുദായ സെന്‍സസ് ആവശ്യപ്പെടുന്നവരാണ്. ഇതേ വിഭാഗത്തില്‍പ്പെട്ട ജമാഅത്തെ ഇസ് ലാമിയെപ്പോലുള്ള മുസ്‌ലിം സംഘടനകളും സമുദായ സെന്‍സസ് ആവശ്യപ്പെടുന്നു.

മറ്റൊന്ന് ന്യൂനപക്ഷപ്രീണനമെന്ന വാക്കിനു നല്‍കുന്ന അര്‍ഥമാണ്. അതിലും വ്യത്യസ്തയുണ്ട്. വെള്ളാപ്പള്ളി നടേശനെ സംബന്ധിച്ചിടത്തോളം മുസ്‌ലിം രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കു ചെവി കൊടുക്കുന്നതിനെയും അദ്ദേഹം മുസ്‌ലിംപ്രീണനമെന്നാണ് പറയുന്നത്. ഉദാഹരണത്തിന് ഫലസ്തീന്‍, പൗരത്വ നിയമം... എന്നാല്‍, മുസ് ലിംകള്‍ക്ക് ആവശ്യമായ അവകാശം നല്‍കുന്നതിന് അദ്ദേഹം എതിരല്ല. അതദ്ദേഹം തന്റെ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സി.പി.ഐയുടെ തിരുവനന്തപുരം ഘടകവും ഏതാണ്ട് ഇതേ സമീപനക്കാരാണ്.

ചിലരാകട്ടെ മുസ്‌ലിംകള്‍ക്ക് അവകാശങ്ങള്‍ നല്‍കുന്നതിനെയാണ് പ്രീണനമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സംഘ്പരിവാര്‍ സംഘങ്ങള്‍ പൂര്‍ണമായും ഈ നിലപാടുകാരാണ്. ചില ഘട്ടത്തില്‍ വെള്ളാപ്പള്ളിയും ഈ സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് പൂര്‍ണ ഉറപ്പല്ല ഉള്ളത്.

മറ്റൊരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നത് എം.കെ മുനീറിനെപ്പോലുള്ളവരാണ്. മുസ്‌ലിംകളെ കബളിപ്പിക്കുന്നതിനും വോട്ട് പിടിച്ചെടുക്കുന്നതിനും വേണ്ടി വ്യാജമായി അവരെ പിന്തുണയ്ക്കുന്നതായി നടിക്കുന്നതിനെയാണ് അദ്ദേഹം പ്രീണനമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

മുസ്‌ലിം ന്യൂനപക്ഷപ്രീണനം: കണക്കുകള്‍ എന്തുപറയുന്നു

ന്യൂനപക്ഷപ്രീണനം വസ്തുതാപരമായ യാഥാര്‍ഥ്യമല്ലെന്ന് തെളിയിക്കുന്ന നിരവധി കണക്കുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഡോ. പി. നസീറും (മാധ്യമം, 19 ജൂണ്‍ 2024) ഡോ. എ.ബി മൊയ്തീന്‍ കുട്ടിയും (29, 30 ജൂണ്‍ 2024, സുപ്രഭാതം) നിരത്തിയ വസ്തുതകള്‍ ചുരുക്കി വിവരിക്കാം:

ചീഫ് സെക്രട്ടറി: ഐക്യകേരളത്തില്‍ 48 ചീഫ് സെക്രട്ടറിമാര്‍ ഉണ്ടായി. അതില്‍ ഒരാള്‍ പോലും കേരളത്തിലെ മുസ്‌ലിം സമുദായത്തില്‍നിന്ന് നിയമിക്കപ്പെട്ടിട്ടില്ല.

വൈസ് ചാന്‍സലര്‍: രണ്ട് കേന്ദ്ര സര്‍വകലാശാലകള്‍ക്ക് പുറമെ സംസ്ഥാനത്ത് 14 സര്‍വകലാശാലകളാണ്. ഇപ്പോള്‍ മുസ്‌ലിം സമുദായത്തില്‍നിന്ന് ഒരാള്‍ പോലും ഈ പദവിയിലില്ല

സ്റ്റാറ്റിയൂട്ടറി കമീഷന്‍: സംസ്ഥാനത്ത് രണ്ട് ഡസനില്‍ അധികം സ്റ്റാറ്റിയൂട്ടറി കമീഷനുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. 150ലേറെ പേരാണ് ഇത്തരം കമീഷനുകളില്‍ ചെയര്‍മാനും അംഗങ്ങളുമായി പ്രവര്‍ത്തിച്ചുവരുന്നത്. ഇതില്‍ വെറും നാലുപേരാണ് മുസ്‌ലിം സമുദായത്തില്‍നിന്ന് നിയമിക്കപ്പെട്ടത്.

സംസ്ഥാന മന്ത്രിസഭ: ഇരുപത് അംഗ മന്ത്രിസഭയില്‍ ജനസംഖ്യാനുപാതികമായി കുറഞ്ഞത് ആറു പേരെങ്കിലും വരേണ്ടതാണ്. രണ്ടുപേരാണ് മുസ്‌ലിം സമുദായത്തെ പ്രതിനിധാനം ചെയ്ത് ഇപ്പോള്‍ കാബിനറ്റിലുള്ളത്.

മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ്: സംസ്ഥാന മന്ത്രിമാര്‍ക്ക് എല്ലാവര്‍ക്കും കൂടി 489 പേഴ്സനല്‍ സ്റ്റാഫ് ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. മുഖ്യമന്തിയുടെ ഓഫീസ് സ്റ്റാഫില്‍ പ്രൈവറ്റ് സെക്രട്ടറി മുതല്‍ അഡീഷനല്‍ സെക്രട്ടറി വരെയുള്ള ഉന്നത തസ്തികകളില്‍ മാത്രം 14 പേരുണ്ട്. ഇതില്‍ ഒരാള്‍ പോലും മുസ്ലിം സമുദായത്തില്‍നിന്ന് ഇല്ല.

20 മന്ത്രിമാരുടെ ഓഫിസുകളില്‍ ശരാശരി നൂറിലധികം പേരുണ്ട്. മുസ്‌ലിം സമുദായത്തില്‍നിന്ന് ആകെ രണ്ടുപേരാണുള്ളത്.

പൊതുമേഖലാ സ്ഥാപനങ്ങള്‍: 130ലധികം വരുന്ന പൊതുമേഖല സ്ഥാപനങ്ങളില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ചെയര്‍മാന്മാരുടെയും എം.ഡിമാരുടെ എണ്ണവും ഒറ്റ അക്കത്തിലൊതുങ്ങുന്നു.

എം.എല്‍.എമാര്‍: സി.പി.എം. നേതൃത്വം കൊടുക്കുന്ന ഇടതുമുന്നണിയിലെ 99 എം.എല്‍.എമാരില്‍ 15 പേരാണ് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളത്. കോണ്‍ഗ്രസ് ആകട്ടെ എപ്പോഴും മുസ്‌ലിം പ്രാതിനിധ്യം മുസ്‌ലിം ലീഗിന്റെ അക്കൗണ്ടില്‍ മാത്രം നിലനിറുത്തുന്നു

ഭൂമി: ആദിവാസികളും ദലിതരും പിന്നാക്ക ക്രിസ്ത്യാനികളും കഴിഞ്ഞാല്‍ മുസ്‌ലിംകളാണ് കുറഞ്ഞ ഭൂമിയുള്ളവര്‍.

എയ്ഡഡ് സ്ഥാപനങ്ങള്‍: കേരളത്തില്‍ മുസ്ലിം മാനേജ്മെന്റ് എയ്ഡഡ് മെഡിക്കല്‍ കോളജ് ഇല്ല. ആകെ ഒരു എയ്ഡഡ് പോളി ടെക്നിക്കാണ് മുസ്ലിം മാനേജുമെന്റിനു കീഴില്‍ നടന്നുവരുന്നത്. ഒരു എയ്ഡഡ് എന്‍ജിനിയറിങ് കോളജും ഉണ്ട്. എയ്ഡഡ് സ്‌കൂള്‍ കോളജ് എടുത്താലും ക്രിസ്ത്യന്‍ ഈഴവ കമ്യൂണിറ്റിക്ക് താഴെയാണ് മുസ്‌ലിം പ്രാതിനിധ്യം. ഓരോ സമുദായവും നടത്തുന്ന എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ ഇതര സമുദായക്കാരുടെ എണ്ണം വളരെ കുറവായിരിക്കും.

പബ്ലിക് സര്‍വീസ് കമീഷന്‍: 2018, 2019, 2020, 2021, 2022 എന്നീ അഞ്ചു വര്‍ഷത്തെ പി.എസ്.സി ഷോര്‍ട്ട് ലിസ്റ്റ് പ്രകാരം മുസ്ലിം പ്രാതിനിധ്യം ജനസംഖ്യാനുപാതികമല്ല. ഈ വര്‍ഷങ്ങളില്‍ മുസ്ലിം പ്രാതിനിധ്യം യഥാക്രമം 11, 11, 11 , 17, 13 ആയിരുന്നു. ഈഴവ /തിയ്യ/ ബില്ലവ പ്രതിനിധാനം, യഥാക്രമം 25, 29, 32 ,33 ശതമാനമായിരുന്നു. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പുറമെ മുന്നോക്ക ഹിന്ദുക്കള്‍ യഥാക്രമം 40, 42,36, 43, 28 ശതമാനം പ്രാതിനിധ്യം നേടി.

പ്രതിശീര്‍ഷ വരുമാനം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2006ല്‍ പ്രസിദ്ധീകരിച്ച കേരളപഠന പ്രകാരം ഹിന്ദു ഉന്നതജാതിക്കാരും ക്രിസ്ത്യന്‍സമുദായവും മാത്രമാണ് പ്രതിശീര്‍ഷവരുമാനത്തിന്റെ സംസ്ഥാന ശരാശരിയ്ക്കു (11,250 രൂപ) മുകളില്‍ വരുമാനം നേടുന്നത്. മുസ്‌ലിം സമുദായക്കാരുടെ പ്രതിശീര്‍ഷവരുമാനം മുന്നോക്കക്കാരുടെ വരുമാനത്തിന്റെ മൂന്നില്‍ രണ്ടു മാത്രമാണ്.

ദാരിദ്യം: പരിഷത്തിന്റെ പഠന പ്രകാരം മതപരമായി പരിശോധിച്ചാല്‍ കേരളത്തിലെ പാവപ്പെട്ടവരില്‍ ഏകദേശം മൂന്നിലൊന്ന് മുസ്‌ലിംകളാണ്. ഹിന്ദു-ക്രിസ്ത്യന്‍ സമുദായക്കാര്‍ക്കിടയിലെ ദരിദ്രരുടെ ശതമാനത്തിന്റെ രണ്ടിരട്ടിയോളം വരും മുസ്‌ലിംസമുദായത്തിനുള്ളിലെ ദരിദ്രരുടെ ശതമാനക്കണക്ക്.

ഗള്‍ഫ് പണം: പരിഷത്തിന്റെ പഠനപ്രകാരം 2003-08 കാലത്തെ കണക്കു പ്രകാരം ഹിന്ദുക്കള്‍ക്കാണ് ഏറ്റവും വലിയ നേട്ടം- കേരളത്തിലേക്ക് ഹിന്ദുപ്രവാസികള്‍ അയച്ച പണം 201 ശതമാനം വര്‍ധിച്ചുവെന്നും മുസ്‌ലിംകളുടെ കാര്യത്തില്‍ ഈ സംഖ്യ 129 ശതമാനവും ക്രിസ്ത്യാനികള്‍ക്ക് 67 ശതമാനവുമാണ്.


യാഥാര്‍ഥ്യം ഇതായിരിക്കെ മുസ്ലിം പ്രീണനം ഇന്നും ഒരാശയമായി നിലനില്‍ക്കുകയാണ്. അതിനര്‍ഥം ഇതൊരു ഇസ്‌ലാമോഫോബിക് പ്രൊപ്പഗാന്‍ഡയാണെന്നാണ്. ഈ പ്രൊപ്പഗാന്‍ഡ സംഘ്പരിവാര്‍ മാത്രമല്ല ഉപയോഗിക്കുന്നത്. നാം ഇതുവരെ കണ്ടതുപോലെ സംഘ്പരിവാര്‍ വിരുദ്ധര്‍ക്കും ഇതില്‍ പങ്കുണ്ട്.

മറ്റൊന്ന് ഒരു ഈഴവ വിഭാഗ നേതാവിന്റെ അഭിപ്രായത്തെ ഹൈലൈറ്റ് ചെയ്യുകയും ഈഴവ സമുദായവോട്ടുകളെക്കുറിച്ചുള്ള ചര്‍ച്ച പൊടിപൊടിക്കുകയും ചെയ്തുകൊണ്ട് വിവിധ സംഘടനകളിലെ സവര്‍ണ നേതാക്കള്‍ (അല്ലാത്തവരും) സവര്‍ണരും ബി.ജെ.പിയും തമ്മിലുള്ള അടിസ്ഥാന ബന്ധത്തെ ഒളിച്ചുവയ്ക്കുന്നുവെന്നതാണ്. ബി.ജെ.പിയുടെ അടിസ്ഥാന വോട്ടുകള്‍ (കോര്‍ വോട്ട്) സവര്‍ണ വോട്ടുകളാണ്. മറ്റുള്ള വോട്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്ന വോട്ടുകള്‍ (ഇന്‍എസെന്‍ഷ്യല്‍ വോട്ട്) മാത്രമാണ്. തെറ്റായ രീതിയില്‍ വിഷയത്തെ ഹൈലൈറ്റ് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ട്. വെള്ളാപ്പള്ളി നടേശന്‍ സമുദായ സെന്‍സസ്-സമൂഹ്യ സെന്‍സസ് തുടങ്ങിയവയെക്കുറിച്ച് പറഞ്ഞ പ്രതികരണങ്ങള്‍ അപ്രധാനമായി അവതരിപ്പിച്ചുകൊണ്ട് അവരും ഇസ്‌ലാമോഫോബിക് നീക്കങ്ങളിലേക്ക് തങ്ങളുടെതായ സംഭാവന ചെയ്യുന്നു.

(റിസര്‍ച്ച് ഇന്‍പുറ്റ്സ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റെന്‍സന്‍ വി.എം)


Similar Posts