സഹപാഠികളില്‍നിന്ന് മുഖത്തടിയേറ്റ ബാലന്‍ പ്രതീക്ഷയുടെ സൈക്കിള്‍ ബെല്ലടിക്കുമ്പോള്‍
|മാസങ്ങള്‍ക്ക് മുന്‍പ് യു.പിയില്‍ നടന്ന, അധ്യാപിക മുസ്ലിം ബാലനെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തിന്റെ തുടരന്വേഷണത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു ലേഖകന്‍.
'ഇപ്പോള്‍ കിട്ടുന്നതിന്റെ ഇരട്ടി ശമ്പളം കിട്ടിയ ജോലി ഉണ്ടായിട്ടും വീണ്ടും മാധ്യമപ്രവര്‍ത്തകന്‍ ആയി തുടരാന്‍ കാരണമെന്ത്? ഇന്ത്യാവിഷനില്‍ ശമ്പളം കിട്ടാതിരുന്ന കാലത്തും ആസ്വദിച്ചു റിപ്പോര്‍ട്ടിങ് നടത്തിയത് എങ്ങനെ?' വേണ്ടപ്പെട്ടവര്‍ പലപ്പോഴായി ചോദിച്ച ചോദ്യമാണ്.
രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ ഒന്നിന്റെയും കിട്ടും. പത്ത് വര്‍ഷം മുന്‍പുണ്ടായ സംഭവമാണ്. കള്ളക്കേസില്‍ കുടുക്കി എറണാകുളം ചേരാനെല്ലൂരില്‍ ലീബ എന്ന വീട്ടുജോലിക്കാരിയുടെ നട്ടെല്ല് പൊലീസ് ഇടിച്ചു പൊട്ടിച്ചിരുന്നു. വീട്ടില്‍ നിന്നും കാണാതായ സ്വര്‍ണമാല ജോലിക്കാരി എടുത്ത് കാണും എന്ന വീട്ടുടമയുടെ സംശയമാണ്, പൊലീസ് കൈക്കരുത്ത് കാട്ടാന്‍ കാരണം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആ പൊലീസ് ഉദ്യോഗസ്ഥരില്‍ അഞ്ച് പേര്‍ സസ്‌പെന്‍ഷനില്‍ ആയെന്നു മാത്രമല്ല, പാവപ്പെട്ട ആ സ്ത്രീയുടെ നിരപരാധിത്വം കൂടി പുറത്ത് വന്നു. (ഈ സംഭവം നേരെ തിരിച്ച്, അവരെ വീണ്ടും കള്ളിയാക്കിയ ആക്ഷന്‍ ഹീറോ ബിജുവിലെ രംഗത്തോട് - പ്രിയ സുഹൃത്ത് എബ്രിഡ് ഷൈനോട് എനിക്ക് ഇന്നും വിയോജിപ്പ് ഉണ്ട്. എന്റെ പിണക്കം അദ്ദേഹത്തിന് അറിയില്ലെങ്കില്‍ പോലും..)
അടുത്ത സംഭവം നടക്കുന്നത് കൊച്ചി കാക്കനാട് ആണ്. സെസ് (Cochin Special Economic Zone ) ലെ ഒരു കമ്പനിയുടെ ടോയ്ലെറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പാഡിന്റെ ഉടമയെ കണ്ടെത്താന്‍ വനിതാ സൂപ്പര്‍ വൈസര്‍മാര്‍, വനിതാ ജീവനക്കാരെ നഗ്‌നരാക്കി ആര്‍ത്തവ പരിശോധന നടത്തിയിരുന്നു. ഈ വാര്‍ത്ത ഇന്ത്യാവിഷനിലൂടെ പുറത്ത് കൊണ്ടുവന്നത്തോടെ കമ്പനിതന്നെ രണ്ടാഴ്ച പൂട്ടിയിടേണ്ടി വന്നു. മാധ്യമ പ്രവര്‍ത്തനത്തിലെ ആത്മസംതൃപ്തി ഇതൊക്കെ തന്നെയാണ്... ഇത് പോലെ ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി.
യു.പി തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിന് ഇടയിലാണ് മുസഫര്‍പൂരിലെ ആ ബാലനെ ഓര്‍ത്തത്. മുസ്‌ലിം ആയതിന്റെ പേരില്‍ സഹപാഠികളില്‍ നിന്നും അടികൊണ്ട കുഞ്ഞ്. കസേരയില്‍ ഇരുന്ന് തൃപ്ത ത്യാഗി എന്ന അധ്യാപിക അടിക്കാന്‍ നിര്‍ദേശിക്കുക ആയിരുന്നല്ലോ. സാധാരണ വലിയ വിവാദമായ കേസുകള്‍ ഇരകള്‍ക്ക് നീതി ലഭിക്കാതെയാണ് പോവുക. ഈ സംഭവത്തിലും അങ്ങനെ ഉണ്ടായോ എന്ന് അറിയാന്‍ 40 കിലോമീറ്റര്‍ വീണ്ടും വണ്ടിയോടി. ഓടയില്ലാത്തതിനാല്‍ വഴിയുടെ ഇരുവശവും ചെറിയ മാലിന്യത്തോട് ഉള്ള വഴിയിലൂടെ ഞാനും ക്യാമറമാന്‍ ഇമ്രാന്‍ അന്‍സാരിയും നടന്നു. കഴിഞ്ഞ അഗസ്റ്റിലാണ് രാജ്യത്തെ നാണക്കേടില്‍ ആഴ്ത്തിയ സംഭവം ഉണ്ടായത്. സംഭവം വിവാദമായതോടെ ആ സ്വകാര്യ സ്‌കൂള്‍ അടച്ചു പൂട്ടുകയും ഈ കുട്ടിയെ 25 കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ സ്‌കൂളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഡാമേജ് കണ്‍ട്രോള്‍ ചെയ്യുന്നതിന്റെ ഭാഗമായി പുതിയ സ്വകാര്യ സ്‌കൂളിലെ പഠന ചെലവും യാത്രാ ചെലവും യു.പി സര്‍ക്കാര്‍ ഏറ്റെടുത്തു. എന്നാല്‍, പുതിയ അക്കാദമിക് വര്‍ഷം തുടങ്ങിയതോടെ ഈ കുട്ടി കുഴഞ്ഞു. പാഠപുസ്തകംവാങ്ങാനോ പുതിയ യൂണിഫോം വാങ്ങാനോ പാങ്ങില്ല. എല്ലാ ദിവസവും സ്‌കൂളില്‍ കൊണ്ടുപോകാന്‍ ബൈക്കില്‍ പെട്രോള്‍ അടിക്കാന്‍ പോലും വാപ്പയുടെ കൈയില്‍ കാശുമില്ല.
തൃപ്ത ത്യാഗി
സി.പി.എം പിബി അംഗം സുഭാഷിണി അലി പെരുന്നാള്‍ സമ്മാനമായി മോനു സമ്മാനിച്ച സമ്മാനിച്ച ചെറിയ സൈക്കിള്‍ മാത്രമാണ് അവന്റെ സന്തോഷം. സ്വകാര്യ ട്യൂഷ്യന്‍ ഫീ തുഷാര്‍ ഗാന്ധി (മഹാത്മാ ഗാന്ധിയുടെ ചെറുമകന്റെ മകന്‍) നല്‍കുന്നത് കൊണ്ട് നടന്നു പോകുന്നു. കുട്ടിയുടെ ഈ അവസ്ഥ മീഡിയവണില്‍ വാര്‍ത്തയാക്കി.
ഇന്നലെ രാവിലെ പത്ത് മണി കഴിഞ്ഞപ്പോള്‍ ഇതുവരെ കാണാത്ത ഒരാള്‍ വിളിക്കുന്നു പേര്, ഷിബു മീരാന്‍. ആ കുട്ടിയ്ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതാണ് ചോദ്യം. സി.കെ സുബൈര്‍ ചെയര്‍മാന്‍ ആയ ലാഡര്‍ ഫൗണ്ടേഷന്‍ എന്തും ചെയ്യാന്‍ തയാര്‍ ആണ്. നിറം മങ്ങിയ പ്ലാസ്റ്റിക് കസേരയില്‍ സങ്കടത്തോടെ ഇരിക്കുന്ന ആ വാപ്പയുടെ ചിത്രമാണ് മനസില്‍ ഓടിവന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കായി പതിനായിരം രൂപയും മാസം രണ്ടായിരം രൂപയും നല്‍കാം എങ്കില്‍ വാപ്പയുടെ നമ്പര്‍ നല്‍കാം എന്ന് പറഞ്ഞു. അദ്ദേഹം സമ്മതിച്ചതോടെ നമ്പര്‍ കൈമാറി. അവര്‍ തമ്മില്‍ സംസാരിച്ചു. അശ്വസിപ്പിച്ചു. പതിനായിരം കൈമാറിയതിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചു നല്‍കി. ഓരോ മാസവും കുട്ടിയ്ക്കായി രണ്ടായിരം രൂപ അയച്ചു കൊടുക്കും എന്ന ഉറപ്പും. ഇങ്ങനെയുള്ള നന്മയുള്ളവരാണ് ഈ ലോകത്തെ സുന്ദരമാക്കുന്നതും എന്നെപോലുള്ളവരെ മാധ്യമപ്രവര്‍ത്തകരായി തുടരാന്‍ പ്രേരണ നല്‍കുന്നതും.
Read Alsoസഹപാഠികളെ കൊണ്ട് മുസ്‍ലിം ബാലനെ മർദിച്ച സംഭവം: സഹായ ഹസ്തവുമായി ലാഡർ ഫൗണ്ടേഷൻ
ഇനി ആ കേസിനെ പറ്റികൂടി പറയാം. തൃപ്ത ത്യാഗി എന്ന അധ്യാപിക ഇപ്പോഴും സ്വന്തം വീട്ടിലുണ്ട്. അറസ്റ്റ് ചെയ്തു എന്നൊക്കെ അന്ന് വാര്‍ത്ത വന്നിരുന്നു. ഇവരെ പൊലീസ് കൊണ്ടുപോയില്ലെന്നു കുട്ടിയുടെ ബാപ്പ പറയുന്നു. പരിസരത്ത് അന്വേഷിച്ചപ്പോള്‍ ടീച്ചര്‍ സുഖമായി ഇരിക്കുന്നു എന്ന് നാട്ടുകാരും പറഞ്ഞു.
തൃപ്ത ത്യാഗിക്കെതിരെ യു.പി സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെക്കുറിച്ച് അറിയിക്കാന്‍ സുപ്രീംകോടതി റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. തുഷാര്‍ ഗാന്ധിയാണ് ഹരജിക്കാരന്‍. യു.പി പൊലീസ് ഇനി സുപ്രീംകോടതിയില്‍ എന്ത് കഥയാണ് പറയുന്നത് എന്നറിയണമല്ലോ. അതിനായി കാത്തിരിക്കുന്നു.
പിന്‍കുറിപ്പ്: ഓമനത്തം തുളുമ്പുന്ന ആ കുഞ്ഞിന്റെ തലയില്‍ വിരലോടിച്ചു, ആരാകാനാണ് ആഗ്രഹം എന്ന് ചോദിച്ചു. ഉടന്‍ ഉത്തരമെത്തി: സൈക്കിളിസ്റ്റ്.,
(മീഡിയവണ്‍ ഡല്‍ഹി ബ്യുറോ ചീഫ് ആണ് ലേഖകന്‍)