Analysis
രാഷ്ട്രീയാധികാരങ്ങളില്‍ നിന്ന് പുറം തള്ളപ്പെടുന്ന,  വംശഹത്യാ മുനമ്പിലെ ഇന്ത്യന്‍ മുസ്‌ലിംകള്‍
Analysis

രാഷ്ട്രീയാധികാരങ്ങളില്‍ നിന്ന് പുറം തള്ളപ്പെടുന്ന, വംശഹത്യാ മുനമ്പിലെ ഇന്ത്യന്‍ മുസ്‌ലിംകള്‍

സജീദ് ഖാലിദ്
|
26 Oct 2022 7:36 AM GMT

ജെനോസൈഡ് വാച്ച് എന്ന ആഗോള സംഘടനയുടെ സ്ഥാപകന്‍ പ്രഫ. ഗ്രിഗറി എച്ച് സ്റ്റാന്റണ്‍ നടത്തിയ പഠനമനുസരിച്ച് 10 ഘട്ടങ്ങളായാണ് വംശഹത്യ (Genocide) അരങ്ങേറുന്നതെന്ന് സ്ഥാപിക്കുന്നുണ്ട്. വംശഹത്യയുടെ ആ പത്ത് ഘട്ടങ്ങളും ഇന്ത്യയില്‍ ഭാഗികമായിട്ടെങ്കിലും നടന്നിട്ടുണ്ടാകുമെന്ന് അനുമാനിക്കാം. പൂര്‍ണമായി എട്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായതായാണ് ജെനോസൈസ് വാച്ച് കണ്ടെത്തുന്നത്.

മുസ്ലിം സമുദായത്തിനെതിരേ ഇന്ത്യ വംശഹത്യയുടെ എട്ടാം ഘട്ടത്തിലെത്തിനില്‍ക്കുകയാണെന്ന് ജെനോസൈഡ് വാച്ച് എന്ന ആഗോള സംഘടനയുടെ സ്ഥാപകന്‍ പ്രഫ. ഗ്രിഗറി എച്ച് സ്റ്റാന്റണ്‍ പറഞ്ഞത് ഇക്കഴിഞ്ഞ ജനുവരിയിലാണ്. വംശഹത്യ അടക്കമുള്ള എല്ലാത്തരം കൂട്ടക്കൊലകളും തടയുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയാണ് ജെനോസൈഡ് വാച്ച് (Genocide Watch).

അമേരിക്കന്‍ വിദേശകാര്യ വകുപ്പിന് വേണ്ടി നടത്തിയ പഠനത്തിലാണ് 1996 ല്‍ ഡോ. ഗ്രിഗറി എച്ച് സ്റ്റാന്റണ്‍ വംശഹത്യയുടെ പത്ത് ഘട്ടങ്ങള്‍ വിശദീകരിച്ചത്. അന്ന് അദ്ദേഹം റുവാണ്ടയില്‍ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ പഠനമനുസരിച്ച് 10 ഘട്ടങ്ങളായാണ് വംശഹത്യ (Genocide) അരങ്ങേറുന്നതെന്ന് സ്ഥാപിക്കുന്നുണ്ട്.


1. ഞങ്ങളും നിങ്ങളും എന്ന വേര്‍തിരിവ് ഉണ്ടാക്കുക (Classification),

2. അടയാളപ്പെടുത്തല്‍ (Symbolization) - വര്‍ണമോ വേഷവിദാനമോ ചൂണ്ടിക്കാട്ടി അവരെ വേര്‍തിരിക്കുക; ഇരയാക്കപ്പെടേണ്ടവരെ. വര്‍ഗീകരിക്കുകയും പ്രതീകവല്‍ക്കരിക്കുകയും ചെയ്യുക.

3. വിവേചനം (Discrimination) - മറ്റ് വിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് ഒരു പ്രബല വിഭാഗം നിയമം, ആചാരം, രാഷ്ട്രീയ അധികാരം എന്നിവ ഉപയോഗിക്കുന്നു. ശക്തിയില്ലാത്ത വിഭാഗത്തിന് പൂര്‍ണ പൗരാവകാശങ്ങള്‍ നല്‍കാനാവില്ലെന്ന് സ്ഥാപിക്കുന്നു.

4. അപമാനവീകരണം (Dehumanization) -: ഒരു കൂട്ടര്‍ മറ്റൊരു കൂട്ടരുടെ മനുഷ്യത്വത്തെ നിഷേധിക്കുക. അവരെ അംഗങ്ങളെ മൃഗങ്ങള്‍ക്ക് തുല്യമായും, കീടങ്ങളെപ്പോലെയും അല്ലെങ്കില്‍ രോഗങ്ങള്‍ പരത്തുന്നവരായും കണക്കാക്കുക.

5. സംഘാടനം (Organization) - വംശഹത്യ എപ്പോഴും സംഘടിതമായാണ് നടക്കുന്നത്. സൈന്യത്തിന്റെ രൂപത്തിലും സര്‍ക്കാര്‍ ഏജന്‍സികളുമെല്ലാം ഇത്തരത്തില്‍ പ്രവര്‍ത്തിക്കാം. ചിലപ്പോള്‍ അനൗപചാരികമായിരിക്കും (പരിശീലിക്കപ്പെട്ട പ്രാദേശിക ജനക്കൂട്ടം), ചിലപ്പോള്‍ വീകേന്ദ്രീകൃത മിലീഷ്യകള്‍ വഴിയാകും.

6. ധ്രൂവീകരണം (Polarization) - ശക്തമായ പ്രചാരണത്തിലൂടെ സമൂഹത്തില്‍ ധ്രൂവികരണം ഉണ്ടാക്കുകയെന്നതാണ് ഈ ഘട്ടം. വിദ്വേഷപ്രസംഗങ്ങള്‍ വ്യാപകമാവുന്നത് ഈ ഘട്ടത്തിലാണ്.

7തയ്യാറെടുപ്പ് (Preparation) - ആക്രമിച്ച് ഇല്ലാതാക്കേണ്ട ആളുകളെ കണ്ടെത്തുന്നത്. ഇരകളെ കണ്ടെത്തുകയും അവരെ മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തില്‍ മാറ്റി നിര്‍ത്തുകയും ചെയ്യുന്നത് ഈ ഘട്ടത്തിലാണ്.

8.പീഡനം (Persecution)- നിയമവിരുദ്ധമായ കൊലപാതകങ്ങളിലൂടെയും പീഡനത്തിലൂടെയും നിര്‍ബന്ധിത നാടുവിടലിലൂടെയും ഇരകളുടെ ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ വ്യവസ്ഥാപിതമായി ലംഘിക്കപ്പെടുന്നു. മരണ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സ്റ്റേറ്റ് സ്പോണ്‍സര്‍ ചെയ്ത വംശഹത്യയില്‍, ഇരകളായ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ തിരിച്ചറിയുന്ന ചിഹ്നങ്ങള്‍ ധരിക്കാന്‍ നിര്‍ബന്ധിതരായേക്കാം.

9 ഉന്‍മൂലനം (Extermination)- ഈ ഘട്ടത്തില്‍ ഉന്മൂലനം ആരംഭിക്കുന്നു, പെട്ടെന്നുതന്നെ നിയമപരമായി 'വംശഹത്യ' എന്ന് വിളിക്കപ്പെടുന്ന കൂട്ടക്കൊലയായി മാറുന്നു. കൊലയാളികള്‍ക്ക് ഇത് 'ഉന്മൂലനം' ആണ്. കാരണം, അവരുടെ ഇരകള്‍ പൂര്‍ണമായും മനുഷ്യരാണെന്ന് അവര്‍ വിശ്വസിക്കുന്നില്ല. ഭരണകൂടം ഇത് സ്‌പോണ്‍സര്‍ ചെയ്യുമ്പോള്‍, സായുധ സേന പലപ്പോഴും കൊല നടത്താന്‍ മിലിഷ്യകളുമായി പ്രവര്‍ത്തിക്കുന്നു.

10. നിഷേധം (Denial ) - ഇതൊക്കെ നിഷേധിക്കുന്നതാണ് അവസാന ഘട്ടം. വംശഹത്യയുടെ ഏറ്റവും ഉറപ്പുള്ള സൂചകങ്ങളില്‍ ഒന്നാണിത്. കൂട്ടക്കുഴിമാടങ്ങളില്‍ അടക്കം ചെയ്യുകയും മൃതദേഹങ്ങള്‍ കത്തിക്കുകയും തെളിവുകള്‍ മൂടിവെക്കുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവരാണ് വംശഹത്യ നടത്തിയവര്‍. തങ്ങള്‍ കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്ന് അവര്‍ നിഷേധിക്കുന്നു, പലപ്പോഴും ഇരകളെ കുറ്റപ്പെടുത്തുന്നു.

മേല്‍ സൂചകങ്ങള്‍ പരിശോധിച്ചാല്‍ വംശഹത്യയുടെ 10 ഘട്ടങ്ങളും ഇന്ത്യയില്‍ ഭാഗികമായി നടന്നിട്ടുണ്ടാകും എന്ന് തിരിച്ചറിയാനാകും. പക്ഷേ, പൂര്‍ണമായി എട്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായതായാണ് ജൈനോസൈസ് വാച്ച് കണ്ടെത്തുന്നത്.


നിലവിലെ ഇന്ത്യന്‍ മുസ്‌ലിംകളുമായി ബന്ധപ്പെട്ട നിരവധി വ്യവഹാരങ്ങള്‍, നിയമ നിര്‍മാണങ്ങള്‍, സമൂഹ്യപദവികള്‍ ഒക്കെ പരിശോധിക്കുന്നിടത്തെല്ലാം ഒരു ആമുഖമായി വംശഹത്യ സംബന്ധിച്ച ഗ്രിഗറി എച്ച.് സ്റ്റാന്റണ്‍ നടത്തിയ വംശഹത്യാ ഘട്ടങ്ങളുടെ നിര്‍വചനങ്ങള്‍ വെക്കുന്നത് നല്ലതാണ് എന്നതിനാലാണ് ഇത്രയും ആദ്യം തന്നെ സൂചിപ്പിച്ചത്.

നിലവില്‍ ഇന്ത്യയിലെ കോടതികളില്‍ മുസ്‌ലിംകളുമായി ബന്ധപ്പെട്ട സുപ്രധാന ഹര്‍ജികള്‍ നിലവിലുണ്ട്. നിക്കാഹ് ഹലാല (ചടങ്ങ് കല്യാണം), ബഹുഭാര്യത്വം, എന്നീ മുസ്‌ലിം വ്യക്തി നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കുന്ന ഹര്‍ജികള്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, ഹേമന്ത് ഗുപ്ത, സൂര്യകാന്ത്, എം.എം സുന്ദരേഷ്, സുധാംശു ധൂലിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് പരിശോധിക്കുന്നത്. മുസ്ലിം വനിതകളായ നൈസാ ഹസന്‍, ശബ്നം, ഫര്‍ജാന, സമീന ബീഗം എന്നിവരും അഡ്വ. അശ്വിനികുമാര്‍ ഉപാധ്യായ, മോഹ്സിന്‍ കാതിരി എന്നിവരുമാണ് ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ ജംഇയത്ത് ഉലമാ എ ഹിന്ദ് പിന്നീട് കക്ഷിചേര്‍ന്നിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് സംബന്ധിച്ച വിഷയത്തില്‍ കര്‍ണാടകയിലെ വിദ്യാര്‍ഥിനികളും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അടക്കം നിരവധി മുസ്‌ലിം സംഘടനകളും കക്ഷിചേര്‍ന്ന ഹര്‍ജിയാണ് മറ്റൊന്ന്. അതില്‍ ഡിവിഷന്‍ ബെഞ്ചിലെ ഭിന്ന വിധിയെ തുടര്‍ന്ന് വിശാല ബെഞ്ചിലേക്ക് വെച്ചിരിക്കുന്നു. അഡ്മിഷന്‍ കാലത്ത് അടിയന്തിരമായി പരിഗണിക്കണമെന്ന ഹര്‍ജിക്കാരുടെ വാദം ആ സമയത്ത് കോടതി തള്ളിയിരുന്നു. കഴിഞ്ഞയാഴ്ച ഹര്‍ജി വാദത്തിനെടുത്തപ്പോള്‍ ഇപ്പോള്‍ അടിയന്തിര സാഹചര്യമല്ലാത്തതിനാല്‍ സാവകാശം വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ സുപ്രിം കോടിത പരിഹസിക്കുകയാണ് ചെയ്തത്.


പൗരത്വ നിയമവുമായി ബന്ധപ്പെട്ട് നിരവധി സംഘടനകളും വിവിധ സംസ്ഥാനങ്ങളും കക്ഷിചേര്‍ന്ന ഹര്‍ജി, കാശ്മീരുമായി ബന്ധപ്പെട്ട 370 ാം വകുപ്പ് റദ്ദാക്കിയ വിഷയത്തിലെ ഹര്‍ജി എന്നിവ അടക്കമുള്ളവയും കോടതി പരിഗണനയിലാണ്.

സുപ്രീം കോടതി വിധി ധിക്കരിച്ച് 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തത് സംബന്ധിച്ച കോടതിയലക്ഷ്യക്കേസ് ഇനി തുടരേണ്ടതില്ലെന്ന് സുപ്രീം കോടതി തന്നെ തീരുമാനിച്ചത് ഇക്കഴിഞ്ഞ ആഗസ്റ്റ് 30 നാണ്. ഗുജറാത്ത് വംശഹത്യയില്‍ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷനടക്കം നല്‍കിയ 10 കേസുകള്‍ തുടന്വേഷണം വേണ്ടതില്ല എന്ന തരത്തില്‍ സുപ്രീം കോടതി തീര്‍പ്പാക്കിയതും അതേ ദിവസമാണ്.

എന്നാല്‍, മറ്റൊരു പ്രാധാന്യമുള്ള ഹര്‍ജി കോടതിയുടെ മുന്നിലുണ്ട്. മുസ്‌ലിംകള്‍ പിന്നാക്കമാണോ അല്ലയോ എന്ന് പരിശോധിക്കുന്ന ഭരണഘടനാ ബഞ്ചിന് മുന്നിലെ ഹര്‍ജിയാണത്. സനാതന്‍ വേദിക് ധര്‍മ് എന്ന ഹിന്ദു സംഘടനയും മറ്റ് നിരവധി ഹിന്ദുത്വ സംഘടനകളും മുസ്‌ലിം സംഘടനകളും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ അഞ്ച് അംഗ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ആണ് ഹര്‍ജി പരിശോധിക്കുന്നത്.


ഒരു സമുദായം പിന്നാക്കമാണോ അല്ലയോ എന്നതിന് അധികാരത്തിലും വിഭവങ്ങളിലും അവരുടെ പങ്കാളിത്തം ജനസംഖ്യയുമായി താരതമ്യം ചെയ്ത് പരിശോധിച്ചാല്‍ മാത്രം മതി എന്നതാണ് സാമാന്യ തത്വം. മുസ്ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് പഠനം നടത്തുന്നതിനും പ്രായോഗിക പരിഹാരങ്ങള്‍ തയ്യാറാക്കുന്നതിനുമായി മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നിയോഗിച്ച ഒരു ഉന്നതാധികാര സമിതിയായ രജീന്ദര്‍ സച്ചാര്‍ സമിതി (The Rajinder Sachar Committee) 2006 നവംബര്‍ 30 ന് ലോകസഭയുടെ മേശപ്പുറത്ത് വെച്ച 403 പേജടങ്ങിയ റിപ്പോര്‍ട്ടുണ്ട്. സച്ചാര്‍ സമിതി വിവരണ പ്രകാരം ഇന്ത്യന്‍ മുസ്ലിംകളുടെ അവസ്ഥ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തേക്കാള്‍ താഴ്ന്ന നിലവാരത്തിലുള്ളതാണ്. 2006 ന് ശേഷം 16 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. സച്ചാര്‍ റിപ്പോര്‍ട്ടിന്റെ സാമൂഹ്യ സാഹചര്യങ്ങളില്‍ നിന്നും രാജ്യവും മാറിയിട്ടുണ്ട്. പക്ഷേ, രാജ്യത്തെ മുസ്‌ലിം അവസ്ഥയെക്കുറിച്ച് ഇപ്പോള്‍ പഠനം നടത്തിയാലും വിദ്യാഭ്യാസ രംഗത്ത് നടന്ന ചില മാറ്റങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ വലിയ അന്തരം അന്നത്തെ കാലത്ത് നിന്നുണ്ടായിട്ടില്ല എന്ന് മനസ്സിലാക്കാന്‍ കഴിയും.

സച്ചാര്‍ കാലം കഴിഞ്ഞു. സംഘ്പരിവാറിന് രാഷ്ട്രീയാധികാരം ലഭിച്ച ഈ കാലത്ത് മുസ്‌ലിംകളുടെ രാഷ്ട്രീയ പ്രാതിനിധ്യം അടിക്കടി കുറയുന്നതായാണ് കാണുന്നത്. യൂണിയന്‍ മന്ത്രിസഭയില്‍ ജനസംഖ്യയുടെ 15 ശതമാനമുള്ള മുസ്‌ലിംകള്‍ക്ക് ഒരൊറ്റ പ്രതിനിധി പോലുമില്ല. രാജ്യത്ത് ഒരൊറ്റ സ്റ്റേറ്റിലും മുഖ്യമന്ത്രിയായി മുസ്‌ലിം ഇല്ല.


ഇന്ത്യയിലെ 18 സംസ്ഥാനങ്ങളില്‍ മന്ത്രി പദവിയോ ക്യാബിനറ്റ് റാങ്കോ ഉള്ള മുസ്‌ലിംകളാരുമില്ല. ബാക്കി സംസ്ഥാന പദവിയില്ലാത്ത ഡല്‍ഹിയിലടക്കം 23 മന്ത്രിമാരാണ് ഉള്ളത്. ഇതില്‍ ഏഴ് പേര്‍ പശ്ചിമ ബംഗാളിലാണ്. ബീഹാറില്‍ അഞ്ച് പേരുണ്ട്. മൂന്നു പേര്‍ കേരളം, രണ്ടു പേര്‍ തെലങ്കാന എന്നിങ്ങനെയും തമിഴ്‌നാട്, രാജസ്ഥാന്‍, ആന്ധ്ര, ഝാര്‍ഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഓരോന്നു വീതവുമാണ് മന്ത്രിമാര്‍. അതില്‍ തന്നെ തെലങ്കാനയിലാണ് ആഭ്യന്തര വകുപ്പ് എന്ന നല്ല വകുപ്പ് ഉള്ളത്. പിന്നീട് കേരളത്തിലെ പൊതുമരാമത്തും പറയാം. ശേഷമുള്ളതെല്ലാം അപ്രധാനമായ വകുപ്പുകളാണ്.

ആന്ധ്രയില്‍ അഞ്ച് ഉപമുഖ്യമന്ത്രിമാരില്‍ ഒരാള്‍ അസ്മത്ത് ബാഷാ ഷെയ്ഖാണ്. ഉപമുഖ്യമന്ത്രി ഭരണഘടനാ പരമായ പദവിയല്ല. മന്ത്രിയുടെ അതേ റാങ്കാണ്. എങ്കിലും അത് ഒരു സ്ഥാനം ആണ് എന്ന് പറയാം. അപ്പോഴും അദ്ദേഹത്തിന് മൈനോറിറ്റി വെല്‍ഫെയര്‍ എന്ന താരതമ്യേനെ അപ്രധാനമായ വകുപ്പാണുള്ളത്.

542 അംഗ ലോക്‌സഭയിലെ മുസ്‌ലിം പ്രാതിനിധ്യം ഇപ്പോള്‍ 26 ആണ്. തുടക്കത്തില്‍ 27 ഉണ്ടായിരുന്നു. ഉപതെരെഞ്ഞെടുപ്പില്‍ ഒരു സീറ്റ് നഷ്ടപ്പെട്ടതോടെയാണ് 26 ആയത്. ആകെയുള്ളതിന്റെ 4.8 ശതമാനം മാത്രം. ജനസംഖ്യാനുപാതികമാകാന്‍ വേണ്ടത് 81 അംഗങ്ങളാണ്. ഈ 26 പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 5, INC - 4, IUML - 3, ബി.എസ്.പി 3, എസ്.പി 2 നാഷണല്‍ കോണ്‍ഫറന്‍സ് 3, എം.ഐ.എം 2, എന്‍.സി.പി -1, സി.പി.ഐ(എം) -1 , എ.ഐ.യു.ഡി.എഫ് -1, എല്‍.ജെ.എസ്.പി -1 എന്നിങ്ങനെയാണ് കക്ഷി നില. കോണ്‍ഗ്രസ് അടക്കമുള്ള ദേശീയ കക്ഷികളെക്കാള്‍ മുസ്‌ലിം പാര്‍ട്ടികള്‍ക്കും പ്രാദേശിക പാര്‍ട്ടികള്‍ക്കുമാണ് മുസ്‌ലിം പ്രതിനിധാനം കൂടുതലുള്ളത്.

രാജ്യസഭയിലാകട്ടെ നിലവിലെ 237 പേരില്‍ കേവലം 13 അംഗങ്ങളാണ് മുസ്‌ലിംകളുള്ളത്. INC 2, CPI(M) 2, AITC 2, RJD 2, IUML 1, BJD 1, NCP 1, SP - 1, DMK 1, എന്നിങ്ങനെയാണ് കക്ഷിതിരിച്ച പ്രാതിനിധ്യം. നോമിനേറ്റഡ് അംഗങ്ങളിലോ ഭരണ പങ്കാളിത്തമുള്ള പാര്‍ട്ടികളിലോ ഒരൊറ്റ മുസ്‌ലിം അംഗം പോലുമില്ല. ഇന്ത്യയുടെ ദേശീയ പാര്‍ട്ടികള്‍ മുസ്‌ലിംകളെ ഏന്നോ കൈവിട്ടുകഴിഞ്ഞു. അവശേഷിക്കുന്നത് ചില പ്രാദേശിക പാര്‍ട്ടികളും സാമുദായിക രാഷ്ട്രിയമുയര്‍ത്തുന്ന ചില പാര്‍ട്ടികളും മാത്രമാണ് എന്ന് വ്യക്തമാണ്.

ആകെയുള്ള 28 സംസ്ഥാനങ്ങളില്‍ 18 എണ്ണത്തിലും ക്യാബിനറ്റ് റാങ്കുള്ള ഒരു ജനപ്രതിനിധിയും ഇല്ലാത്ത സമുദായമായി മുസ്‌ലിംകള്‍ രാജ്യത്ത് മാറി. അതായത് മുസ്‌ലിംകളെ അധികാര സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നതിലൂടെ വംശഹത്യയിലെ വിവേചനം എന്നഘട്ടം ഏതാണ്ട് പൂര്‍ത്തിയായി.

2017 ലെ ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലം ഓര്‍മിക്കുക. കോണ്‍ഗ്രസ് വിജയിച്ചാല്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകും എന്ന് ബി.ജെ.പി പ്രചരണം നടത്തിയപ്പോള്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല എന്നു പറഞ്ഞാണ് കോണ്‍ഗ്രസ് പ്രതിരോധിച്ചത്. അക്കാലത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി അംഗമായിരുന്ന സമുന്നത നേതാവിനെ തള്ളിപ്പറഞ്ഞത് മുസ്‌ലിംകളെ അധികാര സഥാനത്തിന് പുറത്ത് നിര്‍ത്തണമെന്ന് ഗുജറാത്തില്‍ രൂപപ്പെട്ട വിവേചന ഘട്ടത്തിന്റെ പ്രതിഫലനമായിരുന്നു. അതിനെ മറികടക്കാന്‍ കോണ്‍ഗ്രസിന് കഴിയുമായിരുന്നില്ല. കോണ്‍ഗ്രസ്സ് അടക്കമുള്ള മതേതര പാര്‍ട്ടികള്‍ തെരെഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മുസ്‌ലിം നേതാക്കളെ ഒഴിവാക്കുന്ന പ്രവണത 2014 മുതല്‍ നിത്യ സംഭവമാണ്. അഹമ്മദ് പട്ടേലിന്റെ മരണത്തിനും ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതിനും ശേഷം കോണ്‍ഗ്രസിന്റെ ഉന്നത നേതൃപദവിയില്‍ എണ്ണപ്പെട്ട ഒരു മുസ്‌ലിം പേരുപോലുമില്ല എന്നതാണ് വാസ്തവം


ജനറല്‍ ദല്‍ബിര്‍ സിംഗ് സുഹാഗിന്റെ പിന്‍ഗാമിയായി 2016 ല്‍ കരസേനാ മേധാവിയായി നിയമിക്കപ്പെടാന്‍ സീനിയോറിറ്റിയുണ്ടായിരുന്നത് ലഫ്റ്റനന്റ് ജനറല്‍ പി.എം ഹാരിസിനായിരുന്നു. ഇത് മറികടന്നാണ് ജസ്റ്റിസ് വിപിന്‍ റാവത്തിനെ നിയമിച്ചത്.

കേരളത്തില്‍ മഞ്ഞളാംകുഴി അലി മന്ത്രിയായപ്പോഴുള്ള അഞ്ചാം മന്ത്രി വിവാദവും സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട് പാലോളി കമ്മിറ്റി ശിപാര്‍ശയില്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി നടപ്പാക്കിയ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം സംബന്ധിച്ച വിവാദങ്ങളും കോടതി വിധിയും ഒക്കെ വംശഹത്യയിലേക്ക് രാജ്യം സഞ്ചരിക്കുന്ന വിവിധ ഘട്ടങ്ങളുടെ വലുതും ചെറുതുമായ വക ഭേദങ്ങളാണ്. മുസ്‌ലിംകള്‍ രാജ്യത്ത് അധികാര സ്ഥാനങ്ങള്‍ ഏല്‍പിക്കാന്‍ കൊള്ളാത്ത അന്യരാണ് എന്ന് സ്ഥാപിക്കുകയാണ് ഇതെല്ലാം. സാമൂഹ്യ പിന്നാക്കാവസ്ഥയുള്ള ന്യൂനപക്ഷമെന്ന നിലയില്‍ ലഭിക്കേണ്ട ഭരണഘടനാപരവും സാമൂഹ്യനീതിപരവുമായ അവകാശങ്ങള്‍ പോലും തടയപ്പെടുന്ന സ്ഥിതിയാണ്.

ഉദ്യോഗസ്ഥ തലങ്ങളിലും വിഭവങ്ങളുടെ തലങ്ങളിലും മുസ്‌ലിം പ്രാതിനിധ്യം എത്ര ചെറുതാണെന്ന് സച്ചാര്‍ സമിതി റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രീയ അധികാര പ്രതിനിധ്യത്തിലെ പങ്കാളിത്തം ഒറ്റ നോട്ടത്തില്‍ വ്യക്തമാകുന്നതാണ് ഉപരി സൂചിത വിവരങ്ങള്‍.

അധികാര വിഭവങ്ങളില്‍ നിന്ന് പുറംതള്ളപ്പെടുന്നത് മുസ്‌ലിംകള്‍ വംശഹത്യയുടെ നിര്‍ണായകമായ സാഹചര്യത്തിലാണ് എന്ന് വ്യക്തമാക്കുന്നതാണ്. ഇന്ത്യയില്‍ ഒരു മുസ്‌ലിമിനെ പ്രധാനമന്ത്രിയായി കാണാന്‍ കഴിയുമോ എന്ന് ശശി തരൂര്‍ ഉയര്‍ത്തുന്ന ചോദ്യം അത്ര ചെറുതല്ല.


ഈ സാഹചര്യത്തില്‍ മുസ്‌ലിംകള്‍ പിന്നാക്കമാണോ അല്ലയോ എന്ന വിഷയത്തില്‍ ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ അഞ്ച് അംഗ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് എന്ത് തീരുമാനമെടുക്കുമെന്നറിയില്ല. പൗരത്വ നിയമമടക്കം നിലവിലെ ഭരണകൂട നിയമ നിര്‍മാണങ്ങളും കോടതി വ്യവഹാരങ്ങളിലെ തീരുമാനങ്ങളും പരിശോധിച്ചാല്‍ ആമുഖമായി സൂചിപ്പിച്ച ഇന്ത്യ വംശഹത്യയുടെ എട്ട് സ്റ്റേജുകള്‍ പിന്നിട്ടു എന്ന ഡോ. ഗ്രിഗറി എച്ച് സ്റ്റാന്റണിന്റെ നിരീക്ഷണം ശരിവെക്കുന്നതാണെന്ന് ബോധ്യപ്പെടും.

Similar Posts