Analysis
ഹിന്ദുത്വ ഹെജിമണിക്കിടയില്‍ നസീറിന്റെ മുസ്‌ലിം കീഴാള ജീവിതം
Analysis

ഹിന്ദുത്വ ഹെജിമണിക്കിടയില്‍ നസീറിന്റെ മുസ്‌ലിം കീഴാള ജീവിതം

രൂപേഷ് കുമാര്‍
|
24 Jun 2024 11:13 AM GMT

സിനിമയുടെ ഭാഷ തന്നെ അട്ടിമറിച്ചു വേറെ ഈസ്‌തെറ്റിക്‌സ് നിര്‍മിച്ചു കൊണ്ട് ഒരു അന്താരാഷ്ട്ര സിനിമ എങ്ങനെയെന്ന്, അതും ചങ്കില്‍ കൊള്ളുന്നത് എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്ന് അരുണ്‍ കാര്‍ത്തിക് എന്ന ഫിലിം മേക്കര്‍ നസീര്‍ എന്ന സിനിമയിലൂടെ കാണിച്ചു തരുന്നു.

കുറച്ചു ദിവസം മുമ്പായിരുന്നു നസീര്‍ (Nasir 2020) എന്ന സിനിമ കാണുവാനായി വാച്ച് ലിസ്റ്റില്‍ വച്ചത്. ഇന്ത്യന്‍ സിനിമ ആയത് കൊണ്ട് തന്നെ പിന്നീട് കാണാമെന്നും നമുക്ക് ചിന്തിക്കാന്‍ പറ്റുന്ന ജ്യോഗ്രഫി ആയത് കൊണ്ട് തന്നെ വേറെ രാജ്യങ്ങളിലെ സിനിമകളിലേക്ക് തേടി പോവുകയുമായിരുന്നു. അങ്ങനെ a piece of sky എന്ന സ്വിസ്-ജര്‍മന്‍ സിനിമ കാണുവാന്‍ തുടങ്ങി. അത്രയധികം സ്ലോ ആയതുകൊണ്ട് തന്നെ ആ സിനിമ മാറ്റിവെച്ചു വീണ്ടും നസീറിലേക്ക് പോയി. ഇന്ത്യന്‍ പാരലല്‍ സ്ട്രീമിലുള്ള സിനിമകളുടെ പലപ്പോഴുമുള്ള ഫേസ് നമ്മളെ സിനിമയില്‍ നിന്നു വിടുവിക്കുന്നത് കൊണ്ട് തന്നെ അത്രയൊന്നും താല്‍പര്യമില്ലാതെ ഒരു സമയം കൊല്ലി എന്ന രീതിയിലാണ് നസീര്‍ കാണുവാന്‍ തുടങ്ങിയത്. നേരത്തെ പേടിച്ചത് പോലെ തന്നെ വളരെ സ്ലോ ആയ സിനിമ ആണെങ്കിലും നസീര്‍ ഒരു കാണി എന്ന രീതിയില്‍ ആകെ ഉലച്ചു കളഞ്ഞു. ഒരു 4:3 ആസ്‌പെകറ്റ് റേഷ്യുവില്‍ വരുന്ന, അരുണ്‍ കാര്‍ത്തിക് എന്ന യുവ സംവിധായകന്‍ എഴുതി സംവിധാനം ചെയ്ത ഈ സിനിമ പതുക്കെ പതുക്കെ നമ്മുടെ ഉള്ളിലേക്ക് ഇരച്ചു കയറി അത് ഒരു പുഴുവിനെ പോലെയോ, ആത്മാവിലേക്ക് കയറുന്ന കുത്തുന്ന പുക പോലെയോ ഇറങ്ങിപ്പോകാതെ ഉള്ളില്‍ തന്നെ ജീവിച്ചു തുടങ്ങി. ഈ സിനിമ ശരിക്കും ഒരു ആര്‍ട്ട് ഫോം എന്ന രീതിയില്‍ ഞെട്ടിച്ചു. അത്രക്ക് പച്ചക്ക് സത്യം വിളിച്ചു പറയുന്ന സിനിമ. അപാരമായ ധൈര്യം വേണം ഇത്തരം ഒരു സിനിമ, ഹിന്ദുത്വം അതിന്റെ എല്ലാ അധികാര സ്വരൂപങ്ങളോടും ഭീകരതയോടും കൂടി നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ നിര്‍മിക്കുവാനും പുറത്തിറക്കുവാനും.

മുസ്‌ലിം തറവാട്, ഒപ്പന, ദഫ് മുട്ട്, തൊപ്പി, ബിരിയാണി, തീവ്രവാദം, അറബിക് മ്യൂസിക് തുടങ്ങിയ വെറുപ്പിക്കുന്ന മുസ്‌ലിം ക്രിഞ്ച് ക്‌ളീഷേകളെ മുഴുവന്‍ തകര്‍ത്ത് കൊണ്ട് നോര്‍ത്ത് ഇന്ത്യന്‍ ഗല്ലികളുടെ റിപ്ലിക്ക അല്ലാത്ത, കോയമ്പത്തൂരിലെ ഒരു തെരുവില്‍ ചേരിക്ക് സമാനമായ വേറിട്ട ഒരു ജ്യോഗ്രഫിയില്‍ ജീവിക്കുന്ന നസീറിന്റെയും ഭാര്യയുടെയും മകന്റെയും ജീവിതം വേറെ ഒരു സെമിയോട്ടിക്‌സിലൂടെ, ചിഹ്ന ശാസ്ത്രങ്ങളിലൂടെ ഈ സിനിമ കാണിച്ചു തരുന്നു.

കോയമ്പത്തൂരിലെ ഗാന്ധിപുരം എന്ന പ്രദേശത്തെ ഒരു തുണിക്കടയില്‍ സെയില്‍സ്മാന്‍ ആയി ജീവിക്കുന്ന നസീര്‍ എന്ന മനുഷ്യന്റെ ജീവിതം ആണ് സിനിമ പറയുന്നത്. കീഴാള മുസ്‌ലിം ആയ, രണ്ടാം ക്ലാസ് ഇടത്തരക്കാരനായ നസീറിന്റെ ജീവിതം ഈ സിനിമ കാണിച്ചു തരുമ്പോള്‍ ഇന്ത്യന്‍ സിനിമയിലെ വിഷ്വലൈസേഷനുകളില്‍ സൃഷ്ടിക്കപ്പെട്ട മുസ്‌ലിം ആര്‍കിടൈപ്പുകള്‍ മുഴുവന്‍ പൊളിഞ്ഞടുങ്ങുകയാണ്. നസീര്‍ കിടന്നുറങ്ങുമ്പോള്‍ രാവിലെ കേള്‍ക്കുന്ന ബാങ്ക് വിളിയില്‍ നിന്നുതന്നെ ഇത്തരം ആര്‍കിടൈപ്പുകളെ സംവിധായകന്‍ റീ കന്‍സ്ട്രക്റ്റ് ചെയ്തു തുടങ്ങുകയാണ്. അപാരമായ കള്‍ച്ചറല്‍ റീ കന്‍സ്ട്രക്റ്റിങ്ങിലൂടെ, വിഷ്വല്‍ പേര്‍ഫോമന്‍സുകളിലൂടെ ആണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. നസീറിന്റെ ഭാര്യയുടെ ക്ലോസ് ഷോട്ടുകളിലൂടെ സിനിമ മുന്നോട്ട് പോകുമ്പോള്‍ പിന്നെ നമ്മള്‍ ഒരു മുസ്‌ലിം കീഴാള ജീവിതത്തിന്റെ ഉള്ളിലേക്ക് കടന്നു കൂടെ പോകും. മുസ്‌ലിം തറവാട്, ഒപ്പന, ദഫ് മുട്ട്, തൊപ്പി, ബിരിയാണി, തീവ്രവാദം, അറബിക് മ്യൂസിക് തുടങ്ങിയ വെറുപ്പിക്കുന്ന മുസ്‌ലിം ക്രിഞ്ച് ക്‌ളീഷേകളെ മുഴുവന്‍ തകര്‍ത്ത് കൊണ്ട് നോര്‍ത്ത് ഇന്ത്യന്‍ ഗല്ലികളുടെ replica അല്ലാത്ത, കോയമ്പത്തൂരിലെ ഒരു തെരുവില്‍ ചേരിക്ക് സമാനമായ വേറിട്ട ഒരു ജ്യോഗ്രഫിയില്‍ ജീവിക്കുന്ന നസീറിന്റെയും ഭാര്യയുടെയും മകന്റെയും ജീവിതം വേറെ ഒരു സെമിയോട്ടിക്‌സിലൂടെ, ചിഹ്ന ശാസ്ത്രങ്ങളിലൂടെ ഈ സിനിമ കാണിച്ചു തരുന്നു. ഒരു വാതിലില്‍ മറഞ്ഞു നില്‍ക്കുന്ന കാമുകിയെ രക്ഷിക്കാന്‍, കുതിരപ്പുറത്തു പറന്നു വരുന്ന പ്രേം നസീറിനെ ആസ്വദിച്ച നമ്മള്‍ അദ്ദേഹത്തിന്റെ ഒരു ആര്‍ക്കിടൈപ്പല്‍ ഫിഗര്‍ ആക്കി വെച്ച നമ്മുടെ കോട്ടകളെ മുഴുവന്‍ ഈ നസീര്‍ കുഴി ബോംബ് വെച്ചു തകര്‍ക്കുകയാണ്. വേറെ ഒരു ഇമേജറി സൃഷ്ടിക്കുകയാണ്. (പ്രേം നസീറിന്റെ സിനിമകളെയും പ്രണയങ്ങളെയും തള്ളി പറഞ്ഞു കൊണ്ടല്ല ഈ പറച്ചില്‍ എന്നും കൂടെ പറയട്ടെ). ഒരു കീഴാളനായ, ദലിത് ജീവിതം ജീവിക്കുന്ന, കോയമ്പത്തൂരിലെ നഗരത്തിലെ ഓരത്ത് ജീവിക്കുന്ന നസീറിന്റെ ജീവിതം ഇന്ത്യന്‍ സിനിമയിലെ തന്നെ ദൃശ്യതയിലെ വേറിട്ട ഒരു ഗ്രാമര്‍ ആണ്.


| അരുണ്‍ കാര്‍ത്തിക്

കോയമ്പത്തൂരിലെ ഗാന്ധിപുരത്തേയും ഉക്കടത്തേയും തെരുവുകളിലും ചന്തകളിലും ബസ് സ്റ്റാന്‍ഡുകളിലും അങ്ങനെ പലയിടങ്ങളിലും പെരുമാറിയിട്ടുള്ളവരാകാം നമ്മളില്‍ ഭൂരിഭാഗവും. കഴിഞ്ഞ പത്തിരുപത് കൊല്ലമായി പലപ്പോഴും കോയമ്പത്തൂര്‍ നഗരവുമായി പെരുമാറേണ്ട അവസ്ഥകള്‍ ഈ ലേഖകനും ഉണ്ടായിട്ടുണ്ട്. പക്ഷേ, അപ്പോഴൊന്നും കാണാത്ത, അല്ലെങ്കില്‍ അടുത്തു പെരുമാറാത്ത മറ്റൊരു നഗര കാഴ്ചയാണ് അതി ഗംഭീരമായി ഈ സിനിമയിലൂടെ അരുണ്‍ കാര്‍ത്തിക് കാണിച്ചു തരുന്നത്. ദൂരക്കാഴ്ചകളായി മാത്രം കണ്ടിട്ടുള്ള കോയമ്പത്തൂരിലെ ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളുടെ ഒരു ഷട്ടര്‍ തുറക്കുന്ന ലിവറിലൂടെ തുണിക്കടയിലെ സെയില്‍സ്മാന്‍മാരുടെ ജീവിതത്തിന്റെ ക്ലോസ്അപ്പിലേക്ക് ഈ സിനിമ കടക്കുകയാണ്. മുസ്‌ലിംകളും ഹിന്ദുക്കളും ഒരുമിച്ച് സെയില്‍സ്മാന്‍മാരായി/ഗേള്‍സ് ആയി പെരുമാറുന്ന അവിടെ പ്രണയങ്ങള്‍, തമാശകള്‍ ഒക്കെ എക്‌സിബിറ്റ് ചെയ്യപ്പെടുന്നു. ആ സീനുകളില്‍ വളരെ സ്വാഭാവികമായി, വളരെ മൈന്യൂട് ആയി ഹിന്ദുത്വം പ്രവര്‍ത്തിക്കുമ്പോള്‍ അസ്വസ്ഥപ്പെടുന്ന നസീറിനെ കാണുന്നു. കോയമ്പത്തൂരിലെ ബ്രാഹ്മണ്‍ ഹോട്ടലുകളുടെയും ഹിന്ദു ഹോട്ടലുകളുടെയും വെജിറ്റേറിയന്‍ ബ്രേക്ക് ഫാസ്റ്റുകളുടെയും മഹിമ ആ കടയുടമ പൊലിപ്പിച്ചു പറയുന്ന ഒറ്റ സീനില്‍ തന്നെ എങ്ങനെയാണ് ഹിന്ദുത്വം നമ്മുടെ ജീവിതത്തില്‍ ടിക്കിള്‍ ചെയ്തു വെറുപ്പിച്ചു, അതിന്റെ ഭീകരത പ്രകടിപ്പിക്കുക, അസ്വസ്ഥത ഉണ്ടാക്കുക എന്നു മനസ്സിലാകും. 'ഞാനും നീയും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നുണ്ട്, ഒരുമിച്ച് ജോലി ചെയ്യുന്നുണ്ട്, കെട്ടിപ്പിടിക്കുന്നുണ്ട്, നിന്റെ വീട്ടില്‍ ഞാന്‍ വരുന്നുണ്ട്,' എന്നിങ്ങനെയുള്ള സെക്കുലര്‍ ഹിന്ദുത്വ; അനുഭവങ്ങള്‍ക്കി'ടയില്‍ ഹിന്ദുത്വത്തിന്റെ കാര്‍ഡുകള്‍ ഇറങ്ങുക ഇങ്ങനെ പോറ്റി ഹോട്ടലുകളുടെ ഭക്ഷണ മാഹാത്മ്യം എന്ന അശ്ലീലത വിളമ്പിക്കൊണ്ടു കൂടിയാണ്.


ഒരു 4:3 റേഷ്യുവില്‍ സെറ്റ് ചെയ്തിരിക്കുന്ന ഈ സിനിമയുടെ വിഷ്വല്‍ ബ്യൂട്ടി ഒരു രക്ഷയുമില്ലാത്തതുമാണ്. നസീര്‍ തന്റെ ഭാര്യയെ കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും യാത്രയാക്കാന്‍ പോകുന്ന ബസ് സ്റ്റാന്‍ഡിലെ സീനില്‍ അത് പ്രകടമായും കാണുവാന്‍ കഴിയും. നഗരത്തിന്റെ ശബ്ദവും ബസ്സുകള്‍ നീങ്ങുന്നതും അതുപോലെ നഗരത്തിന്റെ ഏരിയല്‍ ഷോട്ടുകളും അത്രക്കും കണിശതയിലും കൃത്യതയിലും ദൃശ്യതപ്പെടുമ്പോഴും നസീറിനെയും ഭാര്യയെയും അതില്‍ കൃത്യമായി പ്ലേസ് ചെയ്തു കൊണ്ടും, ഒരു ക്ലോസ്അപ് ഷോട്ടിലൂടെ ഒറ്റയ്ക്ക് ബസ്സില്‍ ഇരിക്കുന്ന ഭാര്യയുടെ മൈന്‍ഡ് ഷിഫ്റ്റ് ദൃശ്യതയില്‍ വരുന്നതുമൊക്കെ അത്രക്കും കൃത്യമായ മാത്തമാറ്റിക്കല്‍ ക്ലാരിറ്റിയുള്ള വിഷ്വല്‍ ഈസ്‌തെറ്റിക്‌സ് ആണ്. കോയമ്പത്തൂര്‍ നഗരത്തിലെ രാത്രി കച്ചവടങ്ങള്‍, തെരുവിലെ ഇടനാഴികള്‍, ചേരികള്‍, തൊട്ട് തൊട്ട് കിടക്കുന്ന വീടുകളുടെ വാതിലുകള്‍, കുളിമുറികള്‍, ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഇന്റീമേറ്റ് സീനുകള്‍, ചയക്കടകള്‍, ബീഡി വലികള്‍, ഹോസ്റ്റലിലെ കഞ്ചാവടികള്‍, അങ്ങനെ ഭൂരിഭാഗവും ക്ലോസ് ഷോട്ടുകളിലൂടെയും കാണിച്ച്, നഗരത്തിന്റെ, അതിലെ ജീവിതങ്ങളെ കാണിക്കുന്നത് പലരും പിന്തുടര്‍ന്നു പോകുന്ന സിനിമയുടെ ഗ്രാമറുകളെ മാറ്റിമറിച്ചു കൊണ്ട് കൂടെയാണ്.

ഫ്രഞ്ച് സിനിമയായ റോഡിയോ (rodeo 2022) പറയുന്നത് ഒരു വുമണ്‍ ബൈക്ക് റൈഡറുടെ പ്ലോട്ട് ആണ്. പലര്‍ക്കും റൈഡേഴ്‌സിന്റെ ബൈക്കുകളുടെ ശബ്ദങ്ങള്‍ ആരോചകങ്ങള്‍ ആകുമ്പോള്‍ ആ സിനിമയില്‍ ആ ബൈക്ക് റൈഡിങുകളുടെ ശബ്ദങ്ങള്‍ ഒരു സ്പിരിച്വല്‍ ലെവലിലേക്ക് പോലും വളരുന്നുണ്ട്. നസീര്‍ എന്ന സിനിമയില്‍ നഗരങ്ങളുടെ തെരുവുകളുടെ സെയില്‍സ്മാന്മാരുടെ കച്ചവടങ്ങളുടെ എല്ലാം ശബ്ദങ്ങള്‍ ഒരു തരി സംഗീതത്തിന്റെ അകമ്പടി ഇല്ലാതെ ഈ സിനിമ കേള്‍പ്പിക്കുന്നത് ദൃശ്യവും ശബ്ദങ്ങളും അത്രക്ക് ബ്ലെന്‍ഡ് ചെയ്തു കൊണ്ടാണ്. ഒരു കീഴാള മുസ്‌ലിമിന്റെ ജീവിതത്തിലേക്ക് ഒരു മൈക്കിലൂടെ വരുന്ന 'അല്ലാഹു അക്ബര്‍' എന്ന ബാങ്ക് വിളിയൊക്കെ വേറെ ലെവല്‍ ആണ്. ഒരു ചേരിയിലെ, തെരുവിലെ പൈപ്പ് എന്നത് പരദൂഷണത്തിന്റെയും തെറി വിളിയുടെയും ഇടമാണെന്ന് ചിത്രീകരിക്കുന്ന പല സംവിധായകര്‍ക്കും ഈ സിനിമയിലെ പൈപ്പ് സീന്‍ ഒരു റെഫറന്‍സ് കൂടി ആണ്.

സിനിമയില്‍ ഏറ്റവും പാരഡോക്‌സിക്കല്‍ ആയി കാണുന്നത്, നസീര്‍ പൂമാലയിട്ട് വൃത്തിയാക്കിയ ഒരു കൃഷണന്റെ പ്രതിമയ്ക്ക് കീഴില്‍ ഇരുന്നാണ് ഒരു മുതലാളി മുസ്‌ലിംകളെ ഇവിടെ നിന്നും ഓടിക്കണം എന്നു വിളിച്ചു പറയുന്ന സീന്‍ ആണ്. ഓണത്തിനും സ്വാതന്ത്ര്യ ദിനത്തിനും കേരളത്തില്‍ ഇറക്കുന്ന ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍ ഭായി ഭായി സെക്കുലര്‍ ഫോട്ടോകള്‍ക്കു ശേഷം എന്താണ് സംഭവിക്കുന്നത് എന്നു ഈ സീന്‍ കാണിച്ചുതരുന്നു.

ഈ സിനിമയിലെ തൊണ്ണൂറു ശതമാനം ഫ്രെയിമുകളും സ്റ്റാറ്റിക് ഷോട്ടുകള്‍ ആകുമ്പോള്‍ ഓരോ ഷാട്ടുകളും ഒരു ഫോട്ടോ ഫീച്ചര്‍ പോലെ ജീവിതം തുറന്നു കാട്ടുന്നു. ഷെല്‍ഫില്‍ വെച്ചിരിക്കുന്ന തുണികള്‍ ഒരു പെണ്‍കുട്ടി, സെയില്‍സ് ഗേള്‍ അടുക്കി വെക്കുമ്പോള്‍ അതിന്റെ താഴെ ഇരുന്നു കവിത എഴുതുന്ന നസീറിന്റെ ഷോട്ട് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് തന്നെ അത്രയ്ക്കും സൗന്ദര്യാത്മകമായിട്ടാണ്. ഒരു ബോയ് ഫ്രണ്ട് ഉള്ള ആ പെണ്‍കുട്ടി (അവള്‍ അതിനു പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്നറിയില്ല) തുണി അടുക്കി വെക്കുമ്പോള്‍ ഷോട്ടിന്റെ മറ്റൊരു വശത്ത് ഇരുന്ന് വെറും മൂന്നു ദിവസത്തേക്ക് വീട്ടിലേക്ക് പോയ സ്വന്തം ഭാര്യക്ക് നസീര്‍ പ്രണയപൂര്‍വം കത്തെഴുതുകയാണ്. അടുക്കി വെച്ചിരിക്കുന്ന പല നിറത്തിലുള്ള തുണി ഷെല്‍ഫുകളുടെ കീഴെ ഇരുന്നാണ് ആ മനുഷ്യന്‍ ആ കവിത പോലെയുള്ള കത്ത് എഴുതുന്നത്. അവിടെ വെച്ചു തന്നെയാണ് അയാള്‍ മറ്റുള്ളവര്‍ക്കു മനോഹരമായ കവിത പാടിക്കൊടുക്കുന്നത്. ഏറ്റവും പാരഡോക്‌സിക്കല്‍ ആയി കാണുന്നത്, അയാള്‍ പൂമാലയിട്ട് വൃത്തിയാക്കിയ ഒരു കൃഷണന്റെ പ്രതിമയ്ക്ക് കീഴില്‍ ഇരുന്നാണ് ഒരു മുതലാളി മുസ്‌ലിംകളെ ഇവിടെ നിന്നും ഓടിക്കണം എന്നു വിളിച്ചു പറയുന്നത്. കേരളത്തിലെ ഹിന്ദു മുസ്‌ലിം ക്രിസ്ത്യന്‍ ഭായി ഭായി (ഓണത്തിനിറക്കുന്ന/സ്വാതന്ത്ര്യ ദിനത്തിനും) സെക്കുലര്‍ ഫോട്ടോകള്‍ക്കും ശേഷം എന്താണ് സംഭവിക്കുന്നത് എന്നു ഈ സീന്‍ കാണിക്കുന്നു. ഒരു പാനിങ്ങും സൂമീങ്ങും പോലും അധികമില്ലാത്ത ഈ സിനിമയില്‍ അഭിനേതാക്കളുടെ അത്രയും ഗംഭീരമായ ഒരു ട്രാന്‍സ്ഫര്‍മേഷനിലൂടെ ഒരു കാലത്തിന്റെ ആന്റി ഹിന്ദുത്വ രാഷ്ട്രീയവും ഈ സിനിമ പറഞ്ഞു വെക്കുന്നു. അതും ഹിന്ദുത്വം ബുള്‍ഡോസര്‍ ചെയ്യുന്ന ഒരു രാജ്യത്ത്, കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ബി.ജെ.പി എം.പി ഇവിടെയും ബുള്‍ഡോസര്‍ വരണം എന്ന ഭീകരത പ്രൊക്ലൈം ച്ചെയ്യുന്ന ഒരു കാലത്ത് , നാലു വര്‍ഷം മുമ്പാണ് ഈ ഫ്യൂച്ചറിസ്റ്റ് സിനിമ - ഇന്ത്യന്‍ ഡച്ച് പ്രൊഡക്ഷന്‍ ആയ ഈ നസീര്‍ - പുറത്തു വരുന്നത്.


ഈ സിനിമയുടെ അവസാനം (അവസാനിക്കുന്നുണ്ടോ?) ഇങ്ങനെ ആണ് സംഭവിക്കുക എന്നത് പ്രഡിക്റ്റബിള്‍ ആണെങ്കിലും അത് ചിത്രീകരിച്ചു അവസാനിപ്പിച്ച (അവസാനിക്കുണ്ടോ?) ആ ലാസ്റ്റ് ഷോട്ട് നമ്മളെ ഹോണ്ടു ചെയ്യും, ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം അത്രക്ക് ഭീകരമായി നിലനില്‍ക്കുന്നിടത്തോളം അതിനു ശേഷവും ഒരു ചരിത്ര യാഥാര്‍ഥ്യം എന്ന നിലയില്‍ നമ്മുടെ ഉള്ളില്‍ കൊളുത്തി വലിക്കും. ഇന്ത്യയില്‍ അടൂര്‍ ഗോപാലകൃഷ്ണനെയൊക്കെ ആഘോഷിച്ചു തള്ളിമറിക്കുന്നവര്‍ നസീര്‍ എന്ന സിനിമ കണ്ടു നോക്കണം. സിനിമയുടെ ഭാഷ തന്നെ അട്ടിമറിച്ചു വേറെ ഈസ്‌തെറ്റിക്‌സ് നിര്‍മിച്ചു കൊണ്ട് ഒരു അന്താരാഷ്ട്ര സിനിമ എങ്ങനെയെന്ന്, അതും ചങ്കില്‍ കൊള്ളുന്നത് എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്ന് അരുണ്‍ കാര്‍ത്തിക് എന്ന ഫിലിം മേക്കര്‍ നസീര്‍ എന്ന സിനിമയിലൂടെ കാണിച്ചു തരുന്നു.


Similar Posts