Analysis
ഉള്ളൊഴുക്ക് സിനിമാ സംവാദവും സൈബറിടത്തെ അശ്ലീലങ്ങളും
Analysis

ഉള്ളൊഴുക്ക് സിനിമാ സംവാദവും സൈബറിടത്തെ അശ്ലീലങ്ങളും

വി.കെ ഷാഹിന
|
2 July 2024 4:09 AM GMT

ഉള്ളൊഴുക്ക് സിനിമയെ കുറിച്ചുള്ള ഓണ്‍ലൈന്‍ ചര്‍ച്ചക്കിടയില്‍ അങ്കിത്, സുനിത എന്നീ പേരുകളിലുള്ള അജ്ഞാത ഐഡികളില്‍ നിന്ന് അശ്ലീല വീഡിയോകളും ചിത്രങ്ങളും ഷെയര്‍ ചെയ്യുകയായിരുന്നു.

ദര്‍പ്പണ ഫിലിം ആന്റ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഗൂഗിള്‍ മീറ്റ് കഴിഞ്ഞ് ഞാന്‍ മെട്രോ ഫിലിം സൊസൈറ്റിയുടെ സെക്രട്ടറി ടി.ആര്‍ ജോര്‍ജിനെ വിളിച്ചപ്പോള്‍ ജോര്‍ജ് പറഞ്ഞു: 'മേലാല്‍ ഇത്തരം പരിപാടികള്‍ നമുക്കു വേണ്ടെന്നു വെക്കാം'. എല്ലാവരും അത്രയ്ക്ക് ഷോക്കില്‍ ആയിരുന്നു. മെട്രോ ഫിലിം സൊസൈറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പായ ഫിലിം ലവേഴ്‌സ് ഗ്രൂപ്പിലും കടുത്ത വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു.

സംവാദത്തില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ രണ്ടുമൂന്നുപേര്‍ എന്തൊക്കെയോ സംസാരിക്കുകയും എന്റെ സംസാരത്തിനിടയില്‍ കൈ ഉയര്‍ത്തി സംസാരം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. അഞ്ചോ ആറോ മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അങ്കിത്, സുനിത എന്നിങ്ങനെ രണ്ട് അജ്ഞാത ഐഡികളില്‍ നിന്നും അശ്ലീല ചിത്രങ്ങളും വീഡിയോകളും മീറ്റിലേക്ക് ഷെയര്‍ ചെയ്യാന്‍ തുടങ്ങി.

2020 മുതല്‍ മിക്കവാറും ദിവസങ്ങളിലും ഗൂഗിള്‍, സൂം പോലെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിരന്തരം മീറ്റിങ്ങുകളില്‍ പങ്കെടുക്കാറുള്ള എന്നെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന ഒരു അനുഭവമാണ് ജൂണ്‍ 29 ശനിയാഴ്ച സംഭവിച്ചത്. ഗുരുവായൂരുള്ള ദര്‍പ്പണ ഫിലിം ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി മൂന്നുവര്‍ഷമായി സംഘടിപ്പിക്കുന്ന സിനിമ ആസ്വാദന - സംവാദ ഓണ്‍ലൈന്‍ സദസ്സില്‍ ഞങ്ങളുടെ മെട്രോ ഫിലിം സൊസൈറ്റി കൂടി സഹകരിക്കണമെന്ന് ദര്‍പ്പണയുടെ സെക്രട്ടറിയായ തമ്പി ആഗ്രഹം പ്രകടിപ്പിക്കുകയും അതിന്റെ ആദ്യപടിയായി എന്റെ ഒരു പ്രഭാഷണം വേണമെന്ന് സെക്രട്ടറി ആവശ്യപ്പെടുകയും ആയിരുന്നു. 'ഉള്ളൊഴുക്ക് ' എന്ന സിനിമ റിലീസ് ചെയ്ത ഉടനെ കാണുകയും മീഡിയവണ്‍ ഷെല്‍ഫില്‍ അതിനെക്കുറിച്ച് ഒരു കുറിപ്പ് ഞാന്‍ എഴുതിയിടുകയും ചെയ്തിരുന്നു. മലയാളി പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച ക്രിസ്റ്റോ ടോമിയുടെ ഈ സിനിമയെക്കുറിച്ച് തന്നെ പ്രഭാഷണം നടത്താമെന്ന് ഞാന്‍ സമ്മതിച്ചു. സിനിമ കണ്ടവര്‍ ഏറെയുള്ളതിനാല്‍ ചര്‍ച്ചയില്‍ നല്ല പങ്കാളിത്തം ഉണ്ടാകും എന്നും പ്രതീക്ഷയുണ്ടായിരുന്നു. സംവാദത്തിന്റെ അഞ്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പോസ്റ്റര്‍ റെഡിയാക്കി ദര്‍പ്പണയുടെ സെക്രട്ടറി അയച്ചുതന്നു. അവര്‍ അത് വിവിധ ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്തിരുന്നു അതോടൊപ്പം തന്നെ ഗൂഗിള്‍ മീറ്റില്‍ പങ്കെടുക്കാനുള്ള മീറ്റ് ഐഡിയും ഉണ്ടായിരുന്നു. സംവാദത്തിന്റെ അന്ന് രാവിലെ ഇത് മെട്രോയുടെ എഫ്.ബി പേജില്‍ സെക്രട്ടറി ഷെയര്‍ ചെയ്തിരുന്നു.

ശനിയാഴ്ച വൈകിട്ട് 7.35നാണ് ഗൂഗിള്‍ മീറ്റ് ആരംഭിക്കുന്നത്. സ്വാഗത പ്രസംഗത്തിനുശേഷം എന്നോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ രണ്ടുമൂന്നുപേര്‍ എന്തൊക്കെയോ സംസാരിക്കുകയും എന്റെ സംസാരത്തിനിടയില്‍ കൈ ഉയര്‍ത്തി സംസാരം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. അഞ്ചോ ആറോ മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അങ്കിത്, സുനിത എന്നിങ്ങനെ രണ്ട് ഐഡികളില്‍ നിന്നും അശ്ലീല ചിത്രങ്ങളും വീഡിയോകളും മീറ്റിലേക്ക് ഷെയര്‍ ചെയ്യാന്‍ തുടങ്ങി. എല്ലാവരും അസഹ്യതയോടെ കൂടി ഇവരെ പുറത്താക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അഡ്മിന് അത് സാധിച്ചില്ല. കൂടാതെ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ടിരുന്ന എന്റെ പേര് വിളിച്ച് ഇവര്‍ വീഡിയോ ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചുകൊണ്ടിരുന്നു. ഹിന്ദി ചുവയുള്ള ഇംഗ്ലീഷിലാണ് അവര്‍ സംസാരിച്ചത്. മീറ്റ് തുടരാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കി എല്ലാവരും ലെഫ്റ്റ് ആവുകയും ചെയ്തു.

അതിനുശേഷം ഞങ്ങളുടെ ഫിലിം ലവേഴ്‌സ് ഗ്രൂപ്പില്‍ എല്ലാവരും കടുത്ത അമര്‍ഷത്തോടെ ഇതേ കുറിച്ച് ചര്‍ച്ച തുടര്‍ന്നു. മീറ്റ് കണ്ടക്ട് ചെയ്ത അഡ്മിന്റെ ശ്രദ്ധക്കുറവാണ് ഈ സംഭവമെന്ന് പലരും കുറ്റപ്പെടുത്തുകയും ചെയ്തു. എന്താണ് സംഭവിച്ചത് എന്ന് അറിയാന്‍ ഞാന്‍ അഡ്മിന്‍, തമ്പി സാറിനെ വിളിച്ചു. തനിക്ക് ഈ വീഡിയോ ഷെയര്‍ ചെയ്തവരെ പുറത്താക്കാന്‍ സാധിച്ചില്ല എന്നും താന്‍ ലെഫ്റ്റ് ആയെങ്കിലും വീണ്ടും മീറ്റ് തുടര്‍ന്നതിനാല്‍ ഒടുവില്‍ മറ്റുള്ളവരോടും ലെഫ്റ്റ് ആവാന്‍ ആവശ്യപ്പെടുകയാണ് ചെയ്തതെന്നും അദ്ദേഹം മറുപടി പറഞ്ഞു. സൈബര്‍ സെല്ലില്‍ ഈ കാര്യങ്ങള്‍ കാണിച്ച് അദ്ദേഹം പരാതി നല്‍കി. പിന്നീട് ഈ വിഷയം ഫിലിം സൊസൈറ്റി ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചയാവുകയും എഫ്.ബിയില്‍ ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ എഴുതി ഇട്ടപ്പോള്‍ കെ. സന്തോഷ് കുമാര്‍ തനിക്ക് ഉണ്ടായ ഒരു അനുഭവം എന്നോട് പങ്കുവെക്കുകയുമുണ്ടായി. ആറുമാസങ്ങള്‍ക്കു മുന്‍പ് എന്‍ലൈറ്റന്‍ഡ് യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ 'ഹിന്ദുത്വ ഫാസിസം: ജനാധിപത്യ ധ്വംസനങ്ങളും അംബേദ്കര്‍ ദര്‍ശനങ്ങളുടെ സാധ്യതയും' എന്ന വിഷയത്തെക്കുറിച്ച് ഒരു ഗൂഗിള്‍ മീറ്റ് നടത്തിയപ്പോള്‍ വിദേശി പേരുകളില്‍ ഉള്ള ചില ഐഡികള്‍ മീറ്റില്‍ ജോയിന്‍ ചെയ്യുകയും അശ്ലീല വീഡിയോകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. സന്തോഷിന് അവരെ മീറ്റില്‍ നിന്ന് റിമൂവ് ചെയ്യാന്‍ സാധിച്ചില്ല. അതു മാത്രമല്ല, സന്തോഷിന്റെ ജിമെയില്‍ അവര്‍ ഹാക്ക് ചെയ്തു എന്ന് സംശയം തോന്നിക്കത്തക്ക രീതിയില്‍ ജിമെയില്‍ ലൊക്കേഷന്‍ റഷ്യയിലെ ഒരു സ്ഥലപേരില്‍ കാണിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇത്തരമൊരു സംഘം സജീവമായി പ്രവര്‍ത്തിക്കുന്നതായിട്ടാണ് ഇത്തരം അനുഭവങ്ങള്‍ തെളിയിക്കുന്നത്.

| കെ. സന്തോഷ്‌കുമാര്‍ പങ്കുവെച്ച ഗൂഗിള്‍മീറ്റ് സ്‌ക്രീന്‍ഷോട്ട്‌

ഗൂഗിള്‍ മീറ്റ് പബ്ലിക് ആയി സംഘടിപ്പിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കുന്നത് പ്രാഥമികമായ ചില ആഘാതങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

1. പബ്ലിക് മീറ്റുകള്‍ പരമാവധി റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിക്കുക.

2. ഒരു പുതിയ മീറ്റ് നിങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ഷെയര്‍ ഇന്‍വൈറ്റ് എന്ന ഓപ്ഷനു താഴെയുള്ള മൂന്നു കുത്തുകള്‍ ശ്രദ്ധിക്കുക. അതില്‍ activities, Add others, in call-messages, Share screen, Show captions, Report a problem, Report abuse, Host controls, settings എന്നിവ കാണാന്‍ സാധിക്കും.

3. Host controls എന്ന ഓപ്ഷനില്‍ ചെന്നാല്‍ Let Everyone എന്ന തലക്കെട്ടിനു താഴെ share their screen, send chat messages, Turn on their microphone, Turn on their video, send reactions എന്നിവയും കാണാന്‍ സാധിക്കും. പബ്ലിക് മീറ്റില്‍ പങ്കെടുക്കുന്നവര്‍ അഡ്മിനെ സംബന്ധിച്ച് അപരിചിതരാകയാല്‍ ഈ ഓപ്ഷന്‍സ് ആവശ്യമുള്ള സമയത്ത് മാത്രം തുറന്നു കൊടുക്കുന്നതായിരിക്കും ഉചിതം.

ഗൂഗിള്‍ മീറ്റില്‍ അപരിചിതര്‍ കയറി ഹിതകരമല്ലാത്ത പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും, അവരെ പുറത്താക്കാന്‍ സാധിക്കുന്നില്ലെന്നും കണ്ടാല്‍ പെട്ടെന്ന് മീറ്റ് നിര്‍ത്താന്‍ ശ്രമിക്കുക. അഡ്മിന്‍ ലെഫ്റ്റ് ആയതു കൊണ്ട് മീറ്റ് അവസാനിക്കില്ല. നിങ്ങളുടെ ജി മെയില്‍ ഹാക്ക് ചെയ്യപ്പെട്ടോ എന്നു സംശയമുണ്ടെങ്കില്‍ ജി മെയില്‍ പാസ്സ് വേര്‍ഡ് മാറ്റാനും മറക്കാതിരിക്കുക.

വി.കെ ഷാഹിന എഴുതിയ ഉള്ളൊഴുക്ക് ആസ്വാദന കുറിപ്പ് വാിയിക്കാം : Read Alsoഉള്ളൊഴുക്ക്: വികാരത്തിനും വിചാരത്തിനുമിടയില്‍


Similar Posts