എന്‍.എസ്.എസ്സിന്റെ രാഷ്ട്രീയ അടവുനയങ്ങള്‍ - ബിജു ഗോവിന്ദ്
|ഭൂരിപക്ഷ സമുദായമെന്നും ഹിന്ദു സമൂഹമെന്നൊക്കെയുള്ള എന്‍.എസ്.എസിന്റെ വാചകതന്ത്രങ്ങള്‍ കാര്യം കാണാനും ഇഷ്ടമില്ലാത്തവരോട് പടപ്പുറപ്പാട് നടത്താനുമുള്ള അടവുനയം മാത്രമാണ്. ലീഗിന്റെ അഞ്ചാം മന്ത്രിക്കെതിരെ വര്‍ഗീയത ഇളക്കിവിട്ട് സ്വന്തക്കാരനായ ആളെ ആഭ്യന്തര മന്ത്രിയാക്കി. പിണറായി വിജയനോടുള്ള വ്യക്തി വിരോധം കാരണം ശബരിമലയില്‍ ലഹളയും നടത്തി. രണ്ടിനും കാരണമായി പറഞ്ഞത് ഭൂരിപക്ഷ ഹിന്ദു സമുദായത്തോടുള്ള സര്‍ക്കാരുകളുടെ അവഗണനയും അവജ്ഞയുമാണെന്നായിരുന്നു.
നായര്‍ ഭൃത്യജനസംഗം എന്ന ആദ്യകാല നായര്‍ സംഘടനയും സമാന സാമൂഹ്യ അവസ്ഥയിലുള്ള സമുദായങ്ങളും തമ്മില്‍ ലയിച്ചാണ് 1914 ല്‍ മന്നത്ത് പത്മനാഭന്റെ കാര്‍മികത്വത്തില്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി എന്ന എന്‍.എസ്.എസിന് രൂപം നല്‍കുന്നത്. ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യനീതിയുടെ രാഷ്ട്രീയ ബോധ്യത്തിലൊന്നുമല്ല എന്‍.എസ്.എസ് പ്രവര്‍ത്തിച്ചുവരുന്നത്. എല്ലാ സാമൂഹ്യ വിഷയങ്ങളിലും വ്യക്തമായൊരു സവര്‍ണ്ണപക്ഷ നിലപാട് തന്നെയാണ് അവര്‍ നാളിതുവരെയും കൈകൊണ്ടിട്ടുള്ളത്. കേരളത്തിലെ പൊതു സവര്‍ണ്ണപക്ഷത്തിന്റെ മുഖമായിരുന്നു എന്‍.എസ്.എസ്. അത്തരം നിലപാടുകളിള്‍ തുടരുന്നതോടൊപ്പം അപര വിദ്വേഷം കൂടി പ്രചരിപ്പിക്കുന്ന തരത്തിലേക്ക് മാറുന്നുവെന്നതാണ് സുകുമാരന്‍ നായര്‍ ജനറല്‍ സെക്രട്ടറി ആയതിനുശേഷം എന്‍.എസ്.എസിനുണ്ടായ ഒരു പാരഡൈം ഷിഫ്റ്റ്.
പതിനെട്ട് വര്‍ഷം ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചുവെന്ന് അഭിമാനത്തോടെ പറയുന്ന ഒരാളില്‍ നിന്നും അപര വിദ്വേഷം വമിക്കുന്നതില്‍ അത്ഭുതമൊന്നുമില്ല എന്നത് മറ്റൊരു സത്യം. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വ്യത്യാസം വളരെ നേര്‍ത്തതായിരുന്നു. കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലകളിലെല്ലാം രണ്ടു മുന്നണികളും ഏതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നു. ഒരു ചെറിയ മേല്‍കൈ ലഭിച്ചതാകട്ടെ എല്‍.ഡി.എഫിനും. മലപ്പുറം ജില്ലയിലെ തെരഞ്ഞെടുപ്പുഫലമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് യഥാര്‍ഥത്തില്‍ വഴിയൊരുക്കിയത്. മലപ്പുറത്ത് അന്നത്തെ 12 സീറ്റുകളില്‍ 10 ഉം യു.ഡി.എഫ് നേടിയതുകൊണ്ടാണ് ഭൂരിപക്ഷ സംഖ്യക്ക് മുകളില്‍ 72 സീറ്റിലെത്താന്‍ യു.ഡി.എഫിന് കഴിഞ്ഞത്. അതായത് മുസ്‌ലിം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് യു.ഡി.എഫ് സര്‍ക്കാരിനെ സൃഷ്ടിച്ചതെന്നര്‍ഥം. അല്ലായിരുന്നുവെങ്കില്‍ എല്‍.ഡി.എഫിന്റെ ആദ്യ തുടര്‍ഭരണം 2011 ല്‍ ആയേനെ. ഒരു സര്‍ക്കാറിനെ സൃഷ്ടിച്ചവരെന്ന മെറിറ്റില്‍ ലീഗ് അഞ്ചാമതൊരു മന്ത്രി സ്ഥാനം കൂടി നേടിയെടുത്തു.
മലപ്പുറം ജില്ലയിലെ തെരഞ്ഞെടുപ്പുഫലമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് യഥാര്‍ഥത്തില്‍ വഴിയൊരുക്കിയത്. മലപ്പുറത്ത് അന്നത്തെ 12 സീറ്റുകളില്‍ 10 ഉം യു.ഡി.എഫ് നേടിയതുകൊണ്ടാണ് ഭൂരിപക്ഷ സംഖ്യക്ക് മുകളില്‍ 72 സീറ്റിലെത്താന്‍ യു.ഡി.എഫിന് കഴിഞ്ഞത്. അതായത് മുസ്‌ലിം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് യു.ഡി.എഫ് സര്‍ക്കാരിനെ സൃഷ്ടിച്ചതെന്നര്‍ഥം.
രാഷ്ട്രീയത്തിലിതൊക്കെ സ്വാഭാവികമാണ്. പക്ഷെ, എന്തോ അനര്‍ഹമായത് ലീഗ് നേടിയെടുത്തുവെന്ന് പ്രചരിപ്പിച്ച്, കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ ഭരണമാണ് നടക്കുന്നതെന്ന് വര്‍ഗീയത പറഞ്ഞ് കേരള സാമൂഹ്യ അന്തരീക്ഷത്തെ വിഷലിപ്തമാക്കിയതിന്റെ തുടക്കക്കാരന്‍ സുകുമാരന്‍ നായരാണ്. ആര്‍.എസ്.എസ് പോലും വിഷയം ഏറ്റെടുക്കുന്നത് അദ്ദേഹത്തില്‍ നിന്നാണ്. പരിഹാരവും സുകുമാരന്‍ നായര്‍ തന്നെ പറഞ്ഞു. ഭൂരിപക്ഷ സമുദായം അസംതൃപ്തരാണെന്നും രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കി അത് പരിഹരിക്കണമെന്നുമായിരുന്നു തിട്ടൂരം. ഇല്ലാത്ത ഭൂരിപക്ഷ വികാരത്തിന്റെ പേരില്‍ സ്വന്തം സമുദായക്കാരനെ ആഭ്യന്തര മന്ത്രിയാക്കുകയെന്നതായിരുന്നു സുകുമാരന്‍ നായരുടെ ഉദ്ദേശം. പക്ഷെ, അതിനെ ചോദ്യം ചെയ്യാന്‍ കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുസമുദായമായ ഈഴവര്‍ക്കോ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കോ പട്ടിക വിഭാഗങ്ങള്‍ക്കോ ശേഷിയില്ലാതെപ്പോയി. ഒന്നാന്തരം വര്‍ഗീയ കാര്‍ഡിറക്കി സ്വസമുദായക്കാരനായ സ്വന്തം നോമിനിയെ ആഭ്യന്തര മന്ത്രിയുമാക്കി. കുറച്ചുമാസങ്ങള്‍ ശേഷം 2012 ല്‍ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ നിന്നും എം.പി മാരായത് രണ്ട് സിറിയന്‍ ക്രൈസ്തവരാണ്. കോണ്‍ഗ്രസിലെ പി.ജെ കുര്യനും കേരള കോണ്‍ഗ്രസ്സിലെ ജോയി എബ്രഹാമും. പക്ഷെ, ഒരു ന്യൂനപക്ഷ മേധാവിത്ത ആക്ഷേപവും സുകുമാരന്‍ നായര്‍ ഉന്നയിച്ചില്ല. അദ്ദേഹത്തിന്റെ ന്യൂനപക്ഷ ആക്ഷേപം മുസ്‌ലിംകള്‍ക്ക് നേരെ മാത്രമാണ്. അന്നും ഇന്നും. മധ്യകേരളത്തില്‍ സിറിയന്‍ ക്രൈസ്തവ സഭകളും എന്‍.എസ്.എസും തമ്മിലുള്ള അന്തര്‍ധാര സംസ്ഥാന രൂപീകരത്തിനുമുമ്പേ ഉള്ളതാണ്. വിമോചന സമരം ഈ സമുദായങ്ങളുടെ സൃഷ്ടിയാണല്ലോ. സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനുവേണ്ടി സുകുമാരന്‍ നായര്‍ സാക്ഷി പറഞ്ഞതോര്‍ത്താല്‍ മതിയാകും ആ ബന്ധം ഏതുരീതിയിലുള്ളതാണെന്ന്.
ഏത് സര്‍ക്കാരുകള്‍ ഭരിച്ചാലും അവരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും പൊതുവിഭവങ്ങള്‍ നേടിയെടുക്കുന്നതില്‍ എന്‍.എസ്.എസും സിറിയന്‍ ക്രൈസ്തവ സഭകളും എക്കാലത്തും മികവ് കാണിച്ചിട്ടുണ്ട്. പി.ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് കേരളത്തിലെ സ്‌കൂളുകളില്‍ പ്ലസ്ടു അനുവദിച്ചത്. സാമുദായിക സ്വാധീനം ഉപയോഗിച്ച് മധ്യ-ദക്ഷിണ കേരളത്തില്‍ എന്‍.എസ്.എസും സിറിയന്‍ ക്രൈസ്തവ സഭകളുടെ മാനേജുമെന്റുകളും അധികം സീറ്റുകള്‍ നേടിയെടുത്തപ്പോള്‍ മലബാര്‍ മേഖല അവഗണിക്കപ്പെടുകയാണുണ്ടായത്. അതിന്റെ പ്രതിഫലനം ഇന്നും കാണാന്‍ കഴിയും. ഉത്തരകേരളത്തില്‍ പ്ലസ്ടു അഡ്മിഷന് കുട്ടികള്‍ നെട്ടോട്ടമോടുമ്പോള്‍ ദക്ഷിണ കേരളത്തിലും മധ്യകേരളത്തിലും ആവശ്യം കഴിഞ്ഞ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. സര്‍ക്കാരുകളുടെ ഈ വഴിപ്പെടലാണ് സംഘടിത സവര്‍ണ്ണ സമുദായങ്ങളുടെ എക്കാലത്തേയും ഹുങ്കിന്റെ ആധാരം.
രാഷട്ര നിര്‍മിതിയില്‍ അദൃശ്യ സാന്നിദ്ധ്യം പോലുമല്ലാതിരുന്ന ഹിന്ദുത്വവാദികളായവരെ സ്വാതന്ത്ര്യദാഹികളായ ചരിത്ര പുരുഷന്‍മാരാക്കി കപട ചരിത്രരചന നടത്തുന്നു. എന്തിനേറെ ഇന്ത്യന്‍ ഭരണഘടന ശില്പിയായ ഡോ. അംബേദ്കറെപോലും പാഠ്യവിഷയങ്ങളില്‍ നിന്നും ഒഴിവാക്കുന്നു. ഇത് ചോദ്യം ചെയ്യുകയും തുറന്നുകാട്ടപ്പെടുകയും ചെയ്യാതിരിക്കുന്നതെങ്ങനെ?
ഭൂരിപക്ഷ സമുദായമെന്നും ഹിന്ദു സമൂഹമെന്നൊക്കെയുള്ള എന്‍.എസ്.എസിന്റെ വാചകതന്ത്രങ്ങള്‍ കാര്യം കാണാനും ഇഷ്ടമില്ലാത്തവരോട് പടപ്പുറപ്പാട് നടത്താനുമുള്ള അടവുനയം മാത്രമാണ്. ലീഗിന്റെ അഞ്ചാം മന്ത്രിക്കെതിരെ വര്‍ഗീയത ഇളക്കിവിട്ട് സ്വന്തക്കാരനായ ആളെ ആഭ്യന്തര മന്ത്രിയാക്കിയവര്‍ പിണറായി വിജയനോടുള്ള വ്യക്തി വിരോധം കാരണം ശബരിമലയില്‍ ലഹളയും നടത്തി. രണ്ടിനും കാരണമായി പറഞ്ഞത് ഭൂരിപക്ഷ ഹിന്ദു സമുദായത്തോടുള്ള സര്‍ക്കാരുകളുടെ അവഗണനയും അവജ്ഞയും.
ഇതേ എന്‍.എസ്.എസ് ആണ് എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ ഒരു സ്ഥാപനങ്ങളുമില്ലാതിരുന്ന പട്ടിക വിഭാഗങ്ങള്‍ക്ക് ഉദ്യോഗത്തിന് അല്‍പം സംവരണം കൊടുക്കണമെന്ന് കേരള ഹൈക്കോടതി പറഞ്ഞപ്പോള്‍ അതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുത്തത്. സര്‍ക്കാരുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ഭൂരിപക്ഷ സമുദായത്തെ വഴിതിരിക്കാന്‍ വേണ്ടി ഹിന്ദുവിന്റെ നേതാവാകും. പിന്നോക്ക വിഭാഗങ്ങളും പട്ടിക വിഭാഗങ്ങളും അവരുടെ കാര്യം ചൂണ്ടിക്കാണിച്ചാല്‍ തനി സവര്‍ണ്ണ സംഘടനയാകും. അതാണ് എന്‍.എസ്.എസ്.
നിയമസഭ സ്പീക്കര്‍ എ.എം ഷംസീര്‍ വിദ്യാര്‍ഥികളോട് സംസാരിക്കുമ്പോള്‍ മിത്തുകളെ ചരിത്രമാക്കാനുള്ള സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ നയത്തെ തുറന്നുകാണിക്കുക മാത്രമാണ് ചെയ്തതെന്ന് സ്ഥിര ബുദ്ധിയുള്ളവര്‍ക്കും അരിയാഹാരവും പൊറോട്ടയും കഴിക്കുന്ന മലയാളിക്കും മനസ്സിലായി. അതല്ലാതെ ഏതെങ്കിലും മതത്തേയോ ദൈവങ്ങളേയോ വിശ്വാസങ്ങളേയോ ഷംസീര്‍ ചോദ്യം ചെയ്യുന്നില്ല. ചരിത്രത്തിനുള്ളിലേക്ക് മിത്തിനെ തിരുകിക്കയറ്റി സത്യമേത് കഥയേത് എന്നറിയാന്‍ കഴിയാത്ത തരത്തില്‍ വിദ്യാഭ്യാസരംഗത്തെ സവര്‍ണ്ണവത്കരിക്കുകയാണ് ഹിന്ദുത്വ ഭരണകൂടം. ബ്രാഹ്മണ്യത്തിന് ജാതി വ്യവസ്ഥയുമായി ബന്ധമില്ലെന്ന് പഠിപ്പിക്കുന്നു. ഇന്ത്യാ രാജ്യത്തെ കെട്ടിപ്പടുക്കുന്നതില്‍ വലിയ സംഭാവന നല്‍കിയ ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ടവരുടെ പേരുകള്‍ പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കുന്നു. രാഷട്ര നിര്‍മിതിയില്‍ അദൃശ്യ സാന്നിദ്ധ്യം പോലുമല്ലാതിരുന്ന ഹിന്ദുത്വവാദികളായവരെ സ്വാതന്ത്ര്യദാഹികളായ ചരിത്ര പുരുഷന്‍മാരാക്കി കപട ചരിത്രരചന നടത്തുന്നു. എന്തിനേറെ ഇന്ത്യന്‍ ഭരണഘടന ശില്പിയായ ഡോ. അംബേദ്കറെപോലും പാഠ്യവിഷയങ്ങളില്‍ നിന്നും ഒഴിവാക്കുന്നു. ഇത് ചോദ്യം ചെയ്യുകയും തുറന്നുകാട്ടപ്പെടുകയും ചെയ്യാതിരിക്കുന്നതെങ്ങനെ? ആ തുറന്നുകാട്ടല്‍ ഹിന്ദുവിരുദ്ധമാകുമോ? വിശ്വാസ വിരുദ്ധമാകുമോ? അങ്ങനെ പറഞ്ഞു പരത്തുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന് വിളക്കുതെളിക്കലാണ്. ആ പണിയാണ് എന്‍.എസ്.എസും സുകുമാരന്‍ നായരും ചെയ്യുന്നത്.
കമ്യൂണിസവും മതവിശ്വാസവും ഒരുമിച്ചൊഴുകുന്ന സംയുക്ത ധാരയാണ് കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയമെന്ന് ആര്‍ക്കാണ് അറിയാത്തത്. ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മടങ്ങി പോകുന്ന സ്ത്രീകള്‍ക്ക് മോരുംവെള്ളം കൊടുക്കാന്‍, ഓടുന്ന ബസ്സിന്റെ പിന്നാലെ പായുന്നവരില്‍ ആര്‍.എസ്.എസുകാരെക്കാള്‍ കൂടുതല്‍ ഡി.വൈ.എഫ് ഐക്കാരെ കാണാന്‍ കഴിയും. സുകുമാരന്‍ നായരുടെ ഈ പൊറാട്ടുനാടകം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പൊളിറ്റിക്കല്‍ ഗണപതി ഡ്രാമ മാത്രമാണ്. അയ്യപ്പ രാഷ്ട്രീയംപോലെ അതു പൊളിഞ്ഞടങ്ങുകതന്നെ ചെയ്യും. കാരണം, എന്‍.എസ്.എസിനേയും സുകുമാരന്‍നായരേയും മലയാളിക്ക് നന്നായി അറിയാം.