ആരല്ലന്‍ ഗുരുനാഥന്‍ ഗുരു-ശിഷ്യര്‍ വര്‍ത്തമാനക്കാലത്തില്‍
|ഒക്ടോബര്‍ 05: ലോക അധ്യാപക ദിനം
ആരല്ലെന്‍ ഗുരുനാഥ-
രാരല്ലെന്‍ ഗുരുനാഥര്‍
പാരിതിലെല്ലാമെന്നെ
പഠിപ്പിക്കുന്നുണ്ടെന്തോ!
ഒളപ്പമണ്ണയുടെ എന്റെ വിദ്യാലയം എന്ന കവിതയിലെ ആരല്ലെന്‍ ഗുരുനാഥനെന്ന പ്രയോഗം വര്‍ത്തമാന കാലത്തെ അധ്യാപകര്‍ കീറിമുറിച്ച് അര്‍ഥം ഉള്‍ക്കൊള്ളേണ്ടതുണ്ട്, ഒരു അധ്യാപകന്‍/അധ്യാപിക ആരാകരുത് ഒരു വിദ്യാര്‍ഥിയുടെ ഭാവിജീവിതത്തിന് രൂപവും ഭാവവും നല്‍കേണ്ട ശില്‍പിയാണ് അധ്യാപകര്‍. അധ്യാപകന് തന്റെ ക്ലാസ്സ് മുറിയിലെ വിദ്യാര്‍ഥിയെ ഏറ്റവും നല്ല ഒരു വ്യക്തിയാക്കാന്‍ കഴിയും എന്നതുപോലെത്തന്നെയുള്ള വസ്തുതയാണ് ഒരു അധ്യാപകന് ഒരു കുട്ടിയെ ഏറ്റവും മോശം വ്യക്തിയും ആക്കി തീര്‍ക്കുവാന്‍ സാധിക്കും എന്നത്. അങ്ങനെ അധ്യാപകനാല്‍ തളിരിട്ട, തളര്‍ന്ന എത്രയെത്ര ബാല്യകൗമാരങ്ങള്‍ നമുക്കിടയിലുണ്ട്.
ഏകലവ്യന്‍ തന്റെ ഗുരുവിന് വേണ്ടി എന്തും ത്യജിക്കാന്‍ തയ്യാറായ കാലഘട്ടത്തില്‍ നിന്നും ഇന്നിലേക്കെത്തുമ്പോള്‍ അധ്യാപക വിദ്യാര്‍ഥി മാനങ്ങള്‍ ഏറെക്കുറെ ചോര്‍ന്നു പോയിരിക്കുന്നു, അധ്യാപകനാല്‍ മാനസികമായും ശാരീരികമായും ലൈംഗികമായും ആക്രമിക്കപ്പെടുന്ന വിദ്യാര്‍ഥികളും, വിദ്യാര്‍ഥികളാല്‍ ആക്രമിക്കപ്പെടുന്ന അധ്യാപകരും ഇന്നത്തെ വാര്‍ത്ത മാധ്യമങ്ങളില്‍ പരിചിതമായതാണ്.
കേവലം ജീവിത ഉപാധി എന്നതിലപ്പുറം അധ്യാപനം എന്നത് സമൂഹസ്ഥാപകനാണെന്ന തീര്‍ത്തും ഉത്തരവാദിത്വപൂര്‍വമായ ഒരു കാര്യമാണ് താന്‍ കൈകാര്യം ,ചെയ്യുന്നതെന്ന് ഓരോ അധ്യാപകരും ഉള്‍കൊള്ളേണ്ടതുണ്ട്. ആത്മപരിശോധന നടത്തേണ്ടതുണ്ട്. ജാതിയും മതവും വര്‍ഗ്ഗവും വര്‍ണ്ണവും ലിംഗവും അളന്ന് വിദ്യാര്‍ഥികളെ വേര്‍തിരിച്ചു കാണുന്ന, വിദ്യാര്‍ഥികളില്‍ തന്നെ അത്തരം വേര്‍തിരിവ് സൃഷ്ടിക്കുന്ന ഇന്നിന്റെ ഭീതിപ്പെടുത്തുന്ന ഒരു സംഭവത്തിന് സാക്ഷിയാണ് നാം. യു.പിയിലെ മുസഫര്‍ നഗറില്‍ നിന്ന് 'ശക്തിയായി അടിക്കൂ' എന്ന കല്‍പന അനുസരിച്ച് മുഖത്തടിച്ച വിദ്യാര്‍ഥിയും അടിയേറ്റ വിദ്യാര്‍ഥിയും ഒരു അധ്യാപകന്റെ വിദ്വേഷ സൃഷ്ടികളാണ്. ഇവിടെയാണ് ഒരധ്യാപിക എങ്ങനെ ആവരുത് എന്നതിന്റെ ഉത്തരം. ജനാധിപത്യത്തിന്റെ മുഖത്തേറ്റ അടി എന്ന് ഇതിനെ വ്യാഖ്യാനിക്കാം. ഏറ്റവും ഭയാനകരമായ ഒരുവശം എന്തെന്നാല്‍ പ്രവര്‍ത്തി ഒരാളുടെ ഹൃദയത്തില്‍ നിന്ന് ഇരുട്ടിനെ വെളിച്ചമാക്കേണ്ട ഗുരുവില്‍ നിന്നാണ് അത്തരമൊര നടപടി എന്നതാണ്.
കാലഘട്ടത്തിനനുസരിച്ച് ഗുരുശിഷ്യ ബന്ധത്തിന്റെ ചലനാത്മകതയില്‍ മാറ്റങ്ങള്‍ ഉണ്ടാകുമ്പോഴും പരസ്പരം ബഹുമാനിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുക എന്നത് അധ്യാപകന്റെ കര്‍മത്തില്‍ അധിഷ്ഠിതമാണ്. അവദൂതനായ നാറാണത്തു ഭ്രാന്തന്റെ അടുക്കല്‍ ഒരിക്കല്‍ ഒരു സാധാരണക്കാരന്‍ ഇങ്ങനെ പറഞ്ഞു: 'ശിഷ്യനായി എന്നെ സ്വീകരിച്ചാലും' രൂപഭാവത്തില്‍ നിന്നും കര്‍മത്തിലേക്ക് വരുമ്പോഴാണ് ഗുരുജനിക്കുന്നത്. അധ്യാപകര്‍ വിദ്യാര്‍ഥികളില്‍ വഴികാട്ടിയും തത്വചിന്തകരും സര്‍വോപരി സുഹൃത്തും രക്ഷിതാവുമായിരിക്കണം. ഒരു അധ്യാപകനില്‍ നിന്ന് പഠിക്കുന്നത് ചിലപ്പോഴൊക്കെ വിദ്യാഭ്യാസത്തേക്കാള്‍ ആഴമേറിയ അനുഭവമാണ്.' ആഴമേറിയ അനുഭവങ്ങള്‍ നല്‍കിയ അധ്യാപകനെന്നും കളര്‍ ചോക്ക് പോലെ കുട്ടിയുടെ മനസ്സില്‍ ചിത്രങ്ങള്‍ വരച്ചു കൊണ്ടേയിരിക്കും.