Analysis
കോവിഡ് വകഭേദം
Analysis

കോവിഡ് വകഭേദങ്ങള്‍ വീണ്ടും ഭീഷണിയാകുമ്പോള്‍

ഷെല്‍ഫ് ഡെസ്‌ക്
|
10 April 2023 11:44 AM GMT

ജനിതകശ്രേണികളില്‍ ഉണ്ടായ വകഭേദങ്ങളില്‍ നേരത്തെ 15 ശതമാനമുണ്ടായ വയറസിന്റെ എണ്ണം കഴിഞ്ഞ ഒരാഴ്ചയില്‍ 40 ശതമാനം വരെ എത്തി എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഒരു ഇടവേളക്കു ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പുതുതായി 5,880 പേര്‍ക്കുകൂടിയാണ് കോവിഡ് സ്ഥിതീകരിച്ചത്. കോവിഡിന്റെ ദിനംപ്രതിയുള്ള ഉയര്‍ന്ന കണക്കുകള്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളായുള്ള കോവിഡിന്റെ കണക്കുകള്‍ നമ്മെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒരു പരിധി വരെ അവസാനിച്ചു എന്ന് കരുതുകയും, ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുകയും ചെയ്തതാണ്. പക്ഷെ, കോവിഡില്‍നിന്ന് മുക്തമായിട്ടില്ല എന്ന് തെളിയിക്കുന്നതാണ് വീണ്ടും വരുന്ന കണക്കുകള്‍. ഏപ്രില്‍ ഏഴ് വെള്ളിയാഴ്ച മാത്രം 6,050 പേര്‍ക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് ശേഷം വരുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഓരോ ദിവസത്തെയും കോവിഡ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആ വര്‍ധനവ് അതേ രീതിയില്‍ തന്നെ തുടരുന്നുണ്ട്. ആകെ കോവിഡ് രോഗികളുടെ എണ്ണം 35,199 ആയി ഉയര്‍ന്നിരിക്കുന്നു എന്ന ആശങ്കപ്പെടുത്തുന്ന കണക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍

കോവിഡ് വ്യാപനം നേരിടാന്‍ ജില്ലാ അടിസ്ഥാനത്തില്‍ യോഗം വിളിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ഇതുപോലുള്ള യോഗങ്ങള്‍ സജീവമാണ്. സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രി ചര്‍ച്ച നടത്തുകയും ചില തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

ആശങ്കപ്പെടുത്തുന്ന കണക്കാണ് പുറത്തുവരുന്നത്. കോവിഡ് മഹാമാരിയെ അതിജീവിച്ചവരാണെങ്കില്‍ കൂടി ജനങ്ങള്‍ക്കിടയില്‍ നിന്ന് രോഗാണു വിട്ടുപോയിട്ടില്ല, അത് വ്യാപിക്കുന്നുമുണ്ട്. ഒമിക്രോണ്‍ വകബേധം തന്നെയാണ് ഇപ്പോഴുമുള്ളത്. വ്യാപന ശേഷി കൂടുതലാണെങ്കിലും അത് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നില്ല.

കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ചില നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. വീണ്ടും ഒരു വ്യാപനം ഉണ്ടായാല്‍ എന്തൊക്കെ തയ്യാറെടുപ്പുകള്‍ സംസ്ഥാനങ്ങള്‍ നടത്തണം എന്നത് സംബന്ധിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനം ഉണ്ടായാല്‍ നേരിടാന്‍ ആശുപത്രികള്‍ ഉള്‍പ്പടെയുള്ള ആരോഗ്യ സംവിധാനങ്ങളെ സജ്ജമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. ഒരു എമര്‍ജന്‍സി സിറ്റുവേഷന്‍ ഉണ്ടായാല്‍ കൈകാര്യം ചെയ്യാവുന്ന രീതിയില്‍ ആശുപത്രികള്‍ സജ്ജീകരിക്കണമെന്നും, നേരത്തെ, കോവിഡ് വ്യാപന കാലഘട്ടത്തില്‍ സ്വീകരിച്ച ജാഗ്രതാ നടപടികള്‍ വീണ്ടും തിരിച്ചു കൊണ്ടുവരണം എന്നതാണ് പ്രധാന നിര്‍ദേങ്ങള്‍.

ചികിത്സയില്‍ ഉള്ളവരുടെ എണ്ണവും കൂടിവരുകയാണ്. നിലവില്‍ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ആശങ്കപ്പെടുത്തുന്ന വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ ഉയര്‍ന്നാല്‍ കൂടുതല്‍ ആശങ്കപ്പെടേണ്ടതുണ്ടെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞത്. നല്ല ജാഗ്രത വേണമെന്നും മാസ്‌ക് അടക്കമുള്ള സംവിധാനങ്ങള്‍ തിരികെ കൊണ്ടുവരാന്‍ സംസ്ഥന സര്‍ക്കാരുകള്‍ക്ക് വേണമെങ്കില്‍ നിര്‍ദ്ദേശം

കൊടുക്കാമെന്നും ഇ്കകാര്യത്തില്‍ അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന രീതിയിലാണ് കേന്ദ്ര മന്ത്രി പറഞ്ഞത് യോഗത്തില്‍ നിര്‍ദേശം നല്‍കിയത്. ഇത് വരെ ആകെ 5,30,943 പേര്‍ക്കാണ് കോവിഡ് മഹാമാരി മൂലം ജീവന്‍ നഷ്ടമായിട്ടുള്ളത്. അതില്‍ ആശങ്കയുണര്‍ത്തുന്നത് ഇതുവരെ വന്ന കണക്കുകള്‍ പ്രകാരം കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതലായി വരുന്നത് എന്നതാണ്. പലസംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ വളര്‍ച്ച പ്രകടമാവുന്നുണ്ടെങ്കിലും കേരളവും മഹാരാഷ്ട്രയുമാണ് മുന്നില്‍ നില്‍ക്കുന്നത്.


കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍ക്ക് കൊടുത്ത നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കണം എന്നുള്ളതാണ്. അത് ഒരു പരിധിവരെ ഇപ്പോള്‍ നിന്നുപോയിരിക്കുകയാണ്. സാധാരണ രീതിയിലേക്ക് ആളുകളുടെ ജീവിത രീതി മാറിവന്നിട്ടുണ്ട് എങ്കിലും കോവിഡ് കാലത്ത് നാം ചെയ്തു വന്ന അടിസ്ഥാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പരിശോധനയും ജനിതക ശ്രേണീകരണവും കര്‍ശനമാക്കണം എന്നതാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങളിലെ മറ്റൊന്ന്. ടെസ്റ്റ് പരമാവധി കൂട്ടുകയും രോഗ വാഹകരെ കണ്ടെത്തുകയും ചെയ്യണം എന്നുകൂടി ആരോഗ്യ വകുപ്പ് പറയുന്നുണ്ട്. തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ ഒരു മോക്ഡ്രില്‍ നടത്തണം. മുന്‍പ് അടിയന്തിര സാഹചര്യത്തെ നേരിട്ട പരിചയമുണ്ടെങ്കിലും കുറച്ചു നാളത്തെ ഇടവേള ഉണ്ടായിട്ടുണ്ട്. ആയതിനാല്‍ പുതിയ സാഹചര്യത്തില്‍ പ്രവര്‍ത്തന സജ്ജീകരണത്തിന്റെ മുന്നോടിയായാണ് മോക്ഡ്രില്‍ നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ആശങ്കപ്പെടുത്തുന്ന കണക്കാണ് പുറത്തുവരുന്നത്. കോവിഡ് മഹാമാരിയെ അതിജീവിച്ചവരാണെങ്കില്‍ കൂടി ജനങ്ങള്‍ക്കിടയില്‍ നിന്ന് രോഗാണു വിട്ടുപോയിട്ടില്ല, അത് വ്യാപിക്കുന്നുമുണ്ട്. ഒമിക്രോണ്‍ വകബേധം തന്നെയാണ് ഇപ്പോഴുമുള്ളത്. വ്യാപന ശേഷി കൂടുതലാണെങ്കിലും അത് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നില്ല. എന്നാല്‍, അസുഖ ബാധിതരായവര്‍ക്ക് അത് വലിയ ബുദ്ധിയമുട്ട് തന്നെ സൃഷ്ടിച്ചേക്കും.

കാരണം, ഒമിക്രോണ്‍ വകഭേദം

നിലവിലെ കോവിഡ് സാഹചര്യങ്ങളെ കുറിച്ച് ആരോഗ്യ വിദഗ്ധന്‍ പത്മനാഭ ഷേണായ് പറയുന്നത് ഇപ്രകാരമാണ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലും ഇന്ത്യയിലുമെല്ലാം കോവിഡ് കേസുകളില്‍ വലിയ വര്‍ധന ഉണ്ടാകുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേസുകളും വര്‍ധിക്കുന്നുണ്ട്. ഇതിലെ പ്രധാനപ്പെട്ട കാരണമായി ഒമിക്രോണിന്റെ പുതിയ ഒരു വകഭേദമായ എക്‌സ് പി.ബി 1.16 എന്ന വകഭേദമാണെന്നാണ് കരുതപ്പെടുന്നത്. ജനിതകശ്രേണികളില്‍ ഉണ്ടായ വകഭേദങ്ങളില്‍ നേരത്തെ 15 ശതമാനമുണ്ടായ വയറസിന്റെ എണ്ണം ഈ കഴിഞ്ഞ ഒരാഴ്ചയില്‍ 40 ശതമാനം വരെ എത്തി എന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്തുകൊണ്ടാണ് ഇത്രയും -അറുനൂറ് എഴുനൂറ്-വകേഭദങ്ങള്‍ ഈ വയറസ്സിനുണ്ടാകുന്നത് എന്നും എന്തുകൊണ്ട് ഈ വകഭേദം ഇത്രയും വളര്‍ന്നു വ്യാപിക്കുന്നു എന്നതും ഗൗരവപ്പെട്ട ചോദ്യമാണ്. അതിനുള്ള പ്രധാനപ്പെട്ട കാരണം നമ്മുടെ പ്രതിരോധ ശക്തിയെ മറികടക്കാനുും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാനുമുള്ള ഈ വയറസിന്റെ ശേഷി മുന്‍പ് ഉണ്ടായിരുന്ന വകഭേദങ്ങളെക്കാള്‍ കൂടുതലായത് കൊണ്ടാണ്. അതുകൊണ്ട് തന്നെ ആശങ്കക്ക് അടിസ്ഥാനമുണ്ട്.


കഴിഞ്ഞ ജനുവരി മാസത്തിലാണ് കോവിഡ് കേസുകള്‍ ചെറുതായി കൂടുകയും പിന്നീട് ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോള്‍ കുറഞ്ഞു വരുകയും ചെയ്യുന്ന ട്രെന്‍ഡ് കാണുന്നത്. എന്നാല്‍, ഇത്തവണത്തെ കോവിഡിന്റെ ചെറിയ തരംഗത്തില്‍ കുറച്ചു കേസുകള്‍ കൂടുതലായി വന്നു തുടങ്ങിയിട്ടുണ്ട്. പക്ഷെ, ഇത് വളരെ വലിയൊരു വേവ് ആവുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷെ, നമ്മള്‍ ഒരുങ്ങിയിരിക്കണം. നമ്മള്‍ നോക്കേണ്ടത് കേരളത്തില്‍ പലസ്ഥലങ്ങളിലും ജനിതക ശ്രേണീകരണം തുടര്‍ച്ചയായി ചെയ്തു നോക്കുക, പുതിയ വേരിയേഷന്‍സ് വരുന്നുണ്ടോ എന്ന് നോക്കുക എന്നതാണ്. ഒപ്പം ഈ എക്‌സ് പി.ബി 1.16 തന്നെയാണോ കേരളത്തില്‍ പടര്‍ന്നുപിടിക്കുന്നത് എന്നും പരിശോധിക്കണം. രണ്ടാമത്തെ കാര്യം, കേസുകള്‍ ചെറുതായിട്ട് വരുമെന്നതാണ്. എല്ലാവര്‍ക്കും ഇമ്യൂണിറ്റി ഉള്ളതുകൊണ്ട് കേസുകള്‍ വരുമെങ്കിലും കേസുകളുടെ തീവ്രത കുറഞ്ഞ് നില്‍ക്കാന്‍ തന്നെയാണ് സാധ്യത. രണ്ടാം തരംഗത്തിലും മൂന്നാം തരംഗത്തിലും കണ്ടത് പോലെ വലിയ രീതിയിലുള്ള അഡ്മിഷന്‍സ് വരാനുള്ള സാധ്യത കുറവാണ്.

അസുഖങ്ങളുള്ളവരും പ്രായമായവരുമൊക്കെ നേരത്തെ എങ്ങനെയാണോ കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ചത് അതേരീതി തുടരണമെന്നുകൂടിയാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പക്ഷെ, പ്രായമുള്ളവര്‍, 60 വയസ്സിന് മുകളിലുള്ളവര്‍, അനുബന്ധ അസുഖമുള്ളവര്‍, കിഡ്‌നിക്ക് അസുഖമുള്ളവര്‍ അല്ലെങ്കില്‍ ഇമ്മ്യൂണിറ്റി സിസ്റ്റം ശരിയായി പ്രവര്‍ത്തിക്കാത്തവര്‍, ഹാര്‍ട്ടിനും ലങ്‌സിനും അസുഖമുള്ളവര്‍ തുടങ്ങിയവര്‍ക്കെല്ലാം അസുഖം തീവ്രമാകാനും ഹോസ്പിറ്റലുകളില്‍ അഡ്മിറ്റാവാനും സാധ്യതയുണ്ട്. അതുകൊണ്ട് ഹോസ്പിറ്റല്‍ ഡേറ്റ നമ്മള്‍ വ്യക്തമായി നോക്കണം. ഹോസ്പിറ്റല്‍ അഡ്മിഷന്‍സും ഐ.സി.യു അഡ്മിഷന്‍സും കൂടുന്നുണ്ടോ എന്ന് നോക്കണം. മാത്രമല്ല, ഇതുപോലെ അനുബന്ധ രോഗമുള്ളവരും ഹൈറിസ്‌ക് കാറ്റഗറിയില്‍ പെടുന്നവരുമായ ആളുകള്‍ കഴിയുന്നതും പനിയുള്ളവരുമായിട്ട് കുറച്ചു അകലം പാലിക്കണം. മാസ്‌കുകള്‍ ഉപയോഗിക്കണം. അടഞ്ഞ ഇടങ്ങളില്‍ കൂടുതല്‍ ആളുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. മാത്രമല്ല, ബൂസ്റ്റര്‍ ഡോസ് എടുക്കാത്ത വളരെ കൂടുതല്‍ ആളുകളുണ്ട്. അറുപത് വയസ്സിന് മുകളിലുള്ളവര്‍ ബൂസ്റ്റര്‍ ഡോസ് എടുത്തിട്ടില്ല എന്നുണ്ടെങ്കില്‍ - പ്രതിരോധശേഷി ശരിക്കും പ്രവര്‍ത്തിക്കാത്തവരോ, കിഡ്‌നിക്ക് അസുഖമുള്ളവരോ, ഷുഗര്‍ ഉള്ളവരോ, ഹാര്‍ട്ടിനും ലങ്‌സിനും അസുഖമുള്ളവരും - കഴിയുന്നതും ബൂസ്റ്റര്‍ ഡോസ് എടുക്കണം' പത്മരാജ ഷേണായ് പറയുന്നു.

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ വലിയ ആശങ്ക വേണ്ടതില്ല, എങ്കിലും നിസ്സാരവത്കരിച്ച് കാണരുത് എന്നാണ് വ്യക്തമാകുന്നത്. അസുഖങ്ങളുള്ളവരും പ്രായമായവരുമൊക്കെ നേരത്തെ എങ്ങനെയാണോ കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ചത് അതേരീതി തുടരണമെന്നുകൂടിയാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

തയ്യാറാക്കിയത്: അമീന പി.കെ

അവലംബം: മീഡിയവണ്‍ ഡീക്കോഡ്


Similar Posts