അഹദ് തമീമി: തടവറയില്‍ നിന്നും തിരിച്ചുവന്ന താരം
|2017ല്‍ ഇസ്രായേല്‍ പട്ടാളത്തിന്റെ മുഖത്തടിച്ച വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് തമീമി ഇസ്രായേലിനു ഇഷ്ടപ്പെടാത്ത താരമാകുന്നത്. പതിനാറു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അഹദ് അല്‍ തമീമി അതോടെ ലോകമൊട്ടുക്കും അറിയപ്പെടുന്ന ധൈര്യശാലിയെന്ന ഖ്യാതി നേടി.
പട്ടാളത്തിന്റെ മുഖത്ത് നോക്കി രണ്ടെണ്ണം പൊട്ടിക്കുക, പൊതിരെ ചീത്ത വിളിക്കുക. അത് ഒരു പെണ്ണാണെങ്കില്‍ എങ്ങിനെയിരിക്കും, അതും ക്രൂരതയുടെ നേര്‍രൂപമായ ഇസ്രായേല്‍ പട്ടാളത്തിന്റെ നേര്‍ക്ക് തന്നെ. അതെ, അങ്ങനെയൊക്കെ ചെയ്യാന്‍ ഒരു മടിയുമില്ലാത്ത, ധീരതയുടെ പര്യായമായി മാറിയ ഒരു ഫലസ്തീനി വനിത. പേര് അഹദ് തമീമി. കഴിഞ്ഞ ദിവസം ഇസ്രായേല്‍ വിട്ടയച്ച ഫലസ്തീന്‍ തടവുകാരില്‍ ഈ ഈ ഫലസ്തീന്‍ ആക്റ്റിവിസ്റ്റുമുണ്ടായിരുന്നു. ആയിരക്കണക്കിനു ആളുകള്‍ ജീവിച്ചിരുന്ന നബിസാലിഹ് എന്ന ഗ്രാമത്തിലാണ് അഹ്ദ് തമീമിയുടെ ജനനം. ഏറെ അറിയപ്പെട്ട കുടുംബമായിരുന്നു തമീമിയുടേത്. ഗ്രാമത്തിലെ ജനങ്ങളധികവും ഏതെങ്കിലും വിധത്തില്‍ തമീമി കുടുംബവുമായി ബന്ധപ്പെട്ടു പോന്നിരുന്നു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റത്തെ ചെറുക്കുകയും അവരുടെ നയനിലപാടുകള്‍ക്കെതിരെ സ്ഥിരമായി പ്രതിഷേധങ്ങള്‍ നടക്കുകയും ചെയ്യുന്ന സ്ഥലമായിരുന്നു ഈ കൊച്ചു ഗ്രാമം.
പട്ടാളത്തെ അക്രമിച്ച കുറ്റത്തില്‍ അഹ്ദ് തമീമിയെ അറസ്റ്റ് ചെയ്തു. വിലങ്ങിട്ട് കോടതിയില്‍ ഹാജരാക്കി. ജാമ്യമില്ലാതെ അഞ്ച് ദിവസത്തേക്ക് വിചാരണത്തടവിലാക്കി. ''ധീരതയോടെ നിലകൊള്ളുക, ധീരതയോടെ നിലകൊള്ളുക വിധി കേട്ട പിതാവും ആക്ടിവിസ്റ്റുമായ ബാസിം തമീമി ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
2017ല്‍ ഇസ്രായേല്‍ പട്ടാളത്തിന്റെ മുഖത്തടിച്ച വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് തമീമി ഇസ്രായേലിനു ഇഷ്ടപ്പെടാത്ത താരമാകുന്നത്. പതിനാറു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അഹ്ദ് അല്‍ തമീമി അതോടെ ലോകമൊട്ടുക്കും അറിയപ്പെടുന്ന ധൈര്യശാലിയെന്ന ഖ്യാതി നേടി. എന്നാല്‍, മുമ്പേ രാഷ്ടീയമായ ഇടപെടലുകളാല്‍ തമീമി അറിയപ്പെട്ടിരുന്നു. ഇസ്രായേലുമായുള്ള ചെറുത്തു നില്‍പ്പ് സമരങ്ങളില്‍ വിവിധ രൂപങ്ങളിലുള്ള പ്രതിരോധങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ഫലസ്തീന്‍ വനിത ഇസ്രായേല്‍ പട്ടാളക്കാരന്റെ മുഖത്തടിക്കുന്നതും അത് പകര്‍ത്തി ലോകത്തിനു മുന്നില്‍ പ്രചരിപ്പിക്കുന്നതും അതാദ്യമായിരുന്നു. അന്ന് മുതല്‍ ഫലസ്തീനിനെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുന്ന പ്രചോദനവും അറബ് ജനതയൂടെ ഐകണുമായി മാറുകയായിരുന്നു ഈ ചെറുപ്പകാരി.
2017ല്‍ വെസ്റ്റ് ബാങ്കിനടുത്ത് നബീസാലിഹ് എന്ന ഗ്രാമത്തില്‍ പ്രതിഷേധറാലി നടക്കുകയായിരുന്നു. പ്രതിഷേധക്കാരെ തുരത്താന്‍ ഇസ്രായേല്‍ പട്ടാളം ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ആളുകള്‍ അടുത്തുള്ള വീടുകളില്‍ അഭയം തേടി. പട്ടാളക്കാര്‍ വീടുകയറി ആക്രമിച്ചു. ആക്രമത്തില്‍ അഹ്ദ് തമീമിയുടെ അടുത്ത കുടുംബക്കാരന്‍ കൂടിയായ മുഹമ്മദ് എന്ന ബാലന്റെ മുഖത്ത് സാരമായി പരിക്കേറ്റു. വീട്ടില്‍ വന്ന അതിഥിയുടെ മുഖത്താണ് പട്ടാളക്കാരന്റെ ബുള്ളറ്റ് വന്ന് തറച്ചത്. ഇത് അഹ്ദ് തമീമിയെ വല്ലാതെ സങ്കടത്തിലാക്കിയിരുന്നു. ഇളം പ്രായമുള്ള സഹോദരിയുടെ മകനെ ആക്രമിച്ചത് കണ്ടപ്പോള്‍ ഈ ചെറുപ്പക്കാരിക്ക് നോക്കി നില്‍ക്കാനായില്ല. ചോദിച്ചിട്ട് തന്നെ ബാക്കി കാര്യം. ഉടനെ അഹ്ദ് തമീമി തന്റെ വീടിനുമുന്നില്‍ നിന്ന് മാറിപ്പോകാന്‍ പട്ടാളക്കാരോട് ആവശ്യപ്പെട്ടു. അവള്‍ പട്ടാളത്തിന്റെ അടുത്തെത്തി ആക്രോശിച്ചു. കൃത്യമായ ഉത്തരം കിട്ടാതെ വന്നപ്പോള്‍ ഒരു തള്ള് വെച്ച് കൊടുത്തു. ഇടയില്‍ ആരോ കയറിവന്നു. പക്ഷെ തമീമി നോക്കി നിന്നില്ല, പ്രതികരണം മോശമായപ്പോള്‍ കൊടുത്തു ഒരു പ്രഹരം മുഖത്ത്. തീര്‍ന്നില്ല, രണ്ടാമത്തെ പട്ടാളക്കാരനും കിട്ടി അഹ്ദിന്റെ വക. പിന്നീട് ഉന്തും തള്ളുമായി. ഉമ്മയും മറ്റു വീട്ടുകാരും വന്ന് തടയിട്ടതോടെ അതങ്ങനെ അവസാനിച്ചുവെന്നാണു കരുതിയത്. എന്നാല്‍, ഈ രംഗം കൂട്ടുകാര്‍ വീഡിയോവില്‍ പകര്‍ത്തി യൂറ്റൂബില്‍ ഇട്ടു. പെട്ടെന്ന് ഈ വീഡിയൊ വൈറലായി. ലോകത്തുടനീളം വിഷയം ചര്‍ച്ചയായി.
ഇസ്രായേല്‍ പട്ടാളത്തിന്റെ നടപടി ചോദ്യം ചെയ്യപ്പെട്ടു. ഇസ്രായേല്‍ പട്ടാളത്തിനു അപമാനം സഹിക്കവയ്യാതായി. ഉടന്‍ ഇസ്രായേല്‍ ബാലാന്വേഷണ കോടതി സംഭവത്തെ പറ്റി അന്വേഷണത്തിന് ഉത്തരവിട്ടു. വീഡിയൊ പുറത്തുവിട്ട യുവതിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ തീരുമാനമായി. പിറ്റേ ദിവസം പട്ടാളം അഹ്ദിന്റെ വീടു കയറി സംഹാര താണ്ഠവമാടി. വീടു റൈഡ് ചെയ്തു. വീട്ടിലുള്ള എല്ലാ ഫോണുകളും ലാപ്‌ടോപ്പും ക്യാമറയും പിടിച്ചെടുത്തു. അഹ്ദ് തമീമിയുടെ ഉമ്മയെ ചവിട്ടി. മറ്റു സഹോദരിമാരെ ആക്രമിച്ചു. പട്ടാളത്തെ അക്രമിച്ച കുറ്റത്തില്‍ അഹ്ദ് തമീമിയെ അറസ്റ്റ് ചെയ്തു. വിലങ്ങിട്ട് കോടതിയില്‍ ഹാജരാക്കി. ജാമ്യമില്ലാതെ അഞ്ച് ദിവസത്തേക്ക് വിചാരണത്തടവിലാക്കി. ''ധീരതയോടെ നിലകൊള്ളുക, ധീരതയോടെ നിലകൊള്ളുക വിധി കേട്ട പിതാവും ആക്ടിവിസ്റ്റുമായ ബാസിം തമീമി ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
അഹദിന്റെ പിതാവ് ബാസിം തമീമി ഫെയ്‌സ്ബുക്കില്‍ സംഭവം വിശദീകരിച്ചു. ''ഇസ്രായേല്‍ പട്ടാളം അവരുടെ അരിശം എന്റെ വീട്ടില്‍ വന്ന് തീര്‍ക്കുകയായിരുന്നു. എന്റെ മകളെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയി, വീട്ടുകാരിയെ ക്രൂരമായി അവര്‍ ആക്രമിച്ചു. വീട്ടിലുണ്ടായിരുന്ന സകലവിധ ഇലക്ട്രോണിക് സാധനങ്ങളും അവര്‍ കൊള്ളയടിച്ചു.'' അഹ്ദ് തമീമിയുടെ പ്രവൃത്തിയെ കുറിച്ച് ബാസിം തമീമി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ''ഞാന്‍ എന്റെ മകളുടെ ചെയ്തിയില്‍ അഭിമാനിക്കുന്നു, പക്ഷെ രാക്ഷസന്മാരുടെ കയ്യിലാണ് എന്റെ മകള്‍ എന്ന ഭയം മാത്രമേ എനിക്കുള്ളൂ. അവര്‍ ഫലസ്തീനികളെ ആവും വിധം തല്ലിക്കെടുത്താനാണു ശ്രമിക്കുന്നത്. ഞങ്ങള്‍ പതറുകയില്ല'' ധൈര്യശാലിയായ പിതാവിന്റെ വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്. ഈ ആര്‍ജവത്തില്‍ പരിപാലിക്കപ്പെട്ട അദ്ദേഹത്തിന്റെ മക്കള്‍ ധീരതയുള്ളവരാകാതെ തരമില്ല.
വീഡിയൊ പുറത്തുവന്നതോടെ ലോകത്തുടനീളം അഹദ് അല്‍ തമീമി വലിയ ചര്‍ച്ചയായി. മില്ല്യണ്‍ കണക്കിനു ആളുകള്‍ തമീമിയുടെ വീഡിയൊ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തു. ധൈര്യശാലിയെന്ന് നേരെത്തെ പേരു കിട്ടിയ തമീമി 2015-ല്‍ ഫലസ്തീനിയന്‍ ബാലനെ എടുത്ത ഇസ്രായേല്‍ പട്ടാളക്കാരന്റെ കൈ കടിച്ചത് വാര്‍ത്തയായിരുന്നു. ചെറുപ്പം മുതല്‍ തന്നെ ധൈര്യം കാണിച്ച അഹ്ദ് തമീമിക്ക് 2012ല്‍ ധീരതക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. പിന്നീട് അറബ് യുവ തലമുറയുടെ താരമായി അവള്‍ മാറി. പൊതുവെ കായിക വിദ്യാഭ്യാസത്തില്‍ തല്‍പരയായ അഹ്ദ് തമീമി ഒരു സോക്കര്‍ കളിക്കാരി കൂടിയാണ്. അവളുടെ ഉയരങ്ങള്‍ക്ക് തടസ്സമാകുന്നത് ഇസ്രായേല്‍ അല്ലാതെ മറ്റൊന്നുമല്ലെന്നും വെറും 30 മിനുട്ട് നടന്നാല്‍ എത്തുന്ന കടല്‍തീരത്തെത്താന്‍ പോലും നിയമാവകാശമില്ലാതെ ചവിട്ടിയരക്കപ്പെട്ട ഒരു ജനതയുടെ ഭാഗമാണുതങ്ങളെന്ന് ഉറക്കെ പറയുന്നുണ്ട് അവര്‍. അവളുടെ വാക്കുകളില്‍ ധീരത പ്രകടമാണ്. എന്തിനേയും നേരിടാനാണ് തന്റെ മക്കളെ പര്യാപ്തമാക്കുന്നതെന്ന് അവളുടെ ഉമ്മയും പറയുന്നുണ്ട്. എന്തായാലും ആ സംഭവം ഇസ്രായേലിനു കിട്ടിയ വമ്പന്‍ പ്രഹരമായിട്ടാണ് രാഷ്ട്രീയ ലോകം വിലയിരുത്തിയത്. ഇസ്രായേലിനെതിരെ നടത്തുന്ന പോരാട്ടങ്ങള്‍ക്കിടയില്‍ അധിനിവേശ സൈന്യത്തെ വെല്ലുവിളിക്കാനുള്ള ധൈര്യത്തിന് തുര്‍ക്കിയിലെ ''ബസക്‌സെഹിര്‍'' മുനിസിപ്പാലിറ്റിയില്‍ നിന്ന് 2012 ല്‍ അഹദ് തമീമിക്ക് പ്രത്യേക ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു, ആ സമയത്ത് അവര്‍ തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് എര്‍ദോഗനെയും ഭാര്യയേയും കാണാനും അവസരമുണ്ടായി.
വിപ്ലവം സൃഷിക്കാന്‍ തിരിച്ചു വരവ്
പല കാരണങ്ങള്‍ കൊണ്ടും അഹദ് തമീമി ഇനിയും വിപ്ലവങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ചെറുപ്പം മുതല്‍ തമീമിയുടെ നാട്ടില്‍ നടക്കുന്ന എല്ലാ പ്രതിഷേധങ്ങളിലും തമീമിയും കൂട്ടുകാരും മുന്നിലുണ്ടായിരുന്നു. പട്ടാളത്തെ അടിച്ചതിന്റെ പേരില്‍ അറസ്റ്റ് വരിച്ച് അന്ന് കോടതിയിലേക്ക് പോകുമ്പോഴും കോടതിയില്‍ നിന്ന് ജയില്‍വാസത്തിനു വിധിച്ചിട്ടും പതറാതെ ചിരിച്ച് കൊണ്ട് കോടതി വരാന്തയില്‍ നിന്നും എല്ലാവരോടും യാത്ര പറഞ്ഞ അഹദ് പുതിയ ഊര്‍ജവുമായാണ് തിരിച്ചുവന്നിരിക്കുന്നത്. ചെറുപ്പം മുതല്‍ ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളില്‍ ഞെരിഞ്ഞമരുകയും, യുദ്ധവും സംഘര്‍ഷങ്ങളും നിരന്തരം കണ്ട് വളരുകയും ചെയ്തവള്‍. ഉപരോധങ്ങളെ നേരിട്ടും രക്തസാക്ഷികളെ കണ്‍മുന്നില്‍ കണ്ടുകൊണ്ടും ജീവിതം നയിച്ച ഒരു വനിത. ചെറുപ്പം മുതല്‍ അധിനിവേശത്തെ ചെറുക്കുന്ന പ്രക്രിയകളില്‍ ഭാഗഭാക്കായി. പ്രതിരോധ സമരങ്ങള്‍ക്ക് കൂട്ടുകാരെ നിരന്തരമായി ക്ഷണിക്കുകയും ചെയ്തിരുന്നു. സയണിസ്റ്റ് സാനിദ്ധ്യമുള്ള പ്രദേശങ്ങള്‍ നിരീക്ഷിക്കുകയും പോരാളികളെ നിരന്തരം സഹായിക്കുകയുമൊക്കെ ചെയ്യുന്നതിലും അഹദ് തമീമി മുന്നിലുണ്ടായിരുന്നു. ''ഒന്നുകില്‍ വിജയം അല്ലെങ്കില്‍ രക്തസാക്ഷിത്വം'' ഇതുമാത്രം പ്രതീക്ഷിക്കുന്ന ഫലസ്തീന്‍ വനിതകളില്‍ ഏറെ ധീരതയുള്ള അഹദ് തമീമിയെ പോലുള്ളവര്‍ വിജയപോരാട്ടത്തില്‍ മുന്നിലുണ്ടാകാതെ തരമില്ല.
തിരിച്ചെത്തിയ ശേഷം യുദ്ധത്തിനിടെയും ചാനലുകള്‍ക്ക് മുന്നില്‍ വന്ന് ജയിലനുഭവങ്ങള്‍ തുറന്ന് പറയാന്‍ അഹദ് തമീമി ധൈര്യം കാണിച്ചു. ഇസ്രായേല്‍ പട്ടാളം തടവുകാരോട് വലിയ ക്രൂരതകളാണു നടത്തുന്നതെന്നും വെള്ളവും ഭക്ഷണവും നല്‍കാതെ ദിവസങ്ങളോളം പട്ടിണിക്കിടുകയും ക്രൂരമായി തങ്ങളെ മര്‍ദിക്കുമായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളൊട് പറഞ്ഞു. തമീമി മാത്രമല്ല ഗസ്സയില്‍ ദൃഡതയുടെ പര്യായമായി വേറെയും സ്ത്രീകളുണ്ട്. സമാനകളില്ലാത്ത നമ്മെ അത്ഭുതപ്പെടുത്തുന്ന ഘടകങ്ങള്‍ അവരുടെ ജീവിതത്തെ വ്യതിരിക്തമാക്കുന്നു. യാതൊരിക്കലും ജന്മനാട്ടില്‍ നിന്നു പുറത്ത് പോകില്ലെന്ന് പറയുന്നവരാണവര്‍. ജന്മനാടിന്റെ മണ്ണില്‍ പറ്റിപ്പിടിച്ച് സയണിസ്റ്റുകള്‍ക്ക് ഒരു പാഠം നല്‍കുന്നവരാണവര്‍. നക്ബയുടെ പലായനത്തിന് ശേഷം മറ്റൊരു പലായനവും ഇനി ഉണ്ടാകില്ലെന്ന് അവര്‍ ഉറക്കെ വിളിച്ച് പറയുന്നുണ്ട്, 'ജന്മനാട്ടില്‍ ജീവിതം. ജന്മനാട്ടില്‍ മരണം' എന്നാണവരുടെ നയം. മിസൈലുകളും ബോംബാക്രമണവും കണ്ട് മടുത്തവരാണാവര്‍. വിശ്വാസത്തിന്റെ കരുത്തില്‍ ജീവിതം കരുപ്പിടിപ്പിച്ച ഗസ്സയിലെ സ്ത്രീ സമൂഹത്തെ മറ്റൊന്നുമായും താരതമ്യം ചെയ്യാന്‍ സാധ്യമല്ല. അവര്‍ ഗസ്സാവികള്‍ മാത്രമാണ്. മക്കളെ ഇരുകൈയും വീശി യുദ്ധക്കളത്തിലേക്ക് പറഞ്ഞ് വിടുന്ന ധീരതയുടെ ആള്‍ രൂപങ്ങളായ ഉമ്മമാരാണവര്‍. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഇരട്ടത്താപ്പും സയണിസ്റ്റ് ചതിക്കുഴികളും മക്കളെ അവര്‍ പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ട്. ആ മക്കള്‍ ലോകത്തിന്റെ ഏതു കൊണുകളിലെത്തിയാലും പ്രതിരോധത്തിന്റെ ഒരിക്കലും കെടാത്ത ഒരു കനല്‍ അവരുടെയുള്ളില്‍ ശേഷിപ്പിക്കും.