Analysis
ഇസ്‌ലാമോഫോബിയ വിരുദ്ധത: യു.എന്‍ന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുമ്പോള്‍
Analysis

ഇസ്‌ലാമോഫോബിയ വിരുദ്ധത: യു.എന്‍ന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുമ്പോള്‍

ഡോ. ബിനോജ് നായര്‍
|
16 March 2023 3:27 PM GMT

ഇസ്‌ലാമോഫോബിയയെ ചെറുക്കാനുള്ള പ്രതിജ്ഞ പുതുക്കാനെന്ന പേരില്‍ വര്‍ഷത്തില്‍ ഒരു ദിവസം തന്നെ മാറ്റി വെയ്ക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ തീരുമാനം സെക്രട്ടറി ജനറല്‍ അന്റോണിയോ ഗ്യുറ്റെറസ് കഴിഞ്ഞ വര്‍ഷമാണ് അറിയിച്ചത്. മുസ്‌ലിം വിരുദ്ധത ഒരു പകര്‍ച്ചവ്യാധിയായി മാറിക്കഴിഞ്ഞു എന്ന പച്ചയായ സത്യം ധൈര്യസമേതം വിളിച്ചു പറയുകയാണ് ഇതിലൂടെ ഐക്യരാഷ്ട്രസഭ ചെയ്തത്. | TheFourthEye

മാര്‍ച്ച് 15 ലോകമെമ്പാടും ഇസ്‌ലാമോഫോബിയാ വിരുദ്ധ ദിനമായി ആചരിയ്ക്കാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിയ്ക്കുന്നത് ഇക്കഴിഞ്ഞ വര്‍ഷമാണ്. ഇത് പ്രകാരം ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ലോകം ഇതാദ്യമായി ഇസ്‌ലാമോഫോബിയാ വിരുദ്ധദിനം ആചരിച്ചത്. സോഷ്യല്‍ മീഡിയയിലാകെ ആ ദിനം സംഘപരിവാറിന്റെ മുസ്‌ലിം വിരുദ്ധതയ്ക്കും മുസ്‌ലിം വംശഹത്യാ പദ്ധതിയ്ക്കും എതിരെയുള്ള ചെറുത്തുനില്‍പിനുള്ള ആഹ്വാനങ്ങളും പ്രതിജ്ഞയുമെല്ലാമായി ഒരു ഉത്സവ പ്രതീതി കാണപ്പെടുകയുണ്ടായി. കാലങ്ങളായി തങ്ങള്‍ തൊണ്ടപൊട്ടുമാറ് വിളിച്ചു കൂവുന്ന സത്യം ലോകം ഇങ്ങനെയെങ്കിലും ഒന്ന് അംഗീകരിച്ചു കണ്ടതിലുള്ള മുസ്‌ലിംകളായ മനുഷ്യരുടെ ആശ്വാസം മനസ്സിലാക്കാവുന്നതാണ്. എന്നാല്‍, നെടുങ്കന്‍ പ്രഭാഷണങ്ങളും വെള്ളരിപ്രാവുകളെ അനന്തവിഹായസ്സിലേക്ക് തുറന്നു വിടലുമൊക്കെയായി ഇങ്ങനെയൊരു ദിവസം തള്ളിനീക്കിയതുകൊണ്ട് അതില്‍ കൂടുതലായി ഒന്നും നേടാനില്ല എന്ന സത്യം കൂടി അവര്‍ തിരിച്ചറിയേണ്ടതുണ്ട് എന്ന് തോന്നുന്നു.

മുകളില്‍ പങ്കുവെച്ച അശുഭപ്രതീക്ഷ തികഞ്ഞ യാഥാര്‍ഥ്യബോധത്തില്‍ നിന്ന് മുളച്ചുപൊന്തുന്നതാണ് എന്ന് ഈ ലേഖനത്തിന്റെ ബാക്കി കൂടി വായിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ബോധ്യമാവും. ആദ്യം, ഐക്യരാഷ്ട്രസഭയുടെ തന്നെ ഭാഗത്തു നിന്ന് ഇക്കഴിഞ്ഞ കുറച്ചു നാളുകളായി ഇസ്‌ലാഫോബിയയെപ്പറ്റി വന്നിട്ടുള്ള ഇതിന് പിന്നിലെ രാഷ്ട്രീയമൊന്നും തിരിച്ചറിയാത്തവര്‍ക്ക് ന്യായമായും പ്രതീക്ഷ നല്‍കുന്ന ശക്തമായ ചില നിലപാടുകളും അഭിപ്രായങ്ങളും പരിശോധിക്കാം.

ഇസ്‌ലാമോഫോബിയയെ ചെറുക്കാനുള്ള പ്രതിജ്ഞ പുതുക്കാനെന്ന പേരില്‍ വര്‍ഷത്തില്‍ ഒരു ദിവസം തന്നെ മാറ്റി വെയ്ക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ തീരുമാനം സെക്രട്ടറി ജനറല്‍ അന്റോണിയോ ഗ്യുറ്റെറസ് കഴിഞ്ഞ വര്‍ഷം അറിയിച്ചത് മുസ്‌ലിം വിരുദ്ധത ഒരു പകര്‍ച്ചവ്യാധിയായി മാറിക്കഴിഞ്ഞു എന്ന പച്ചയായ സത്യം ധൈര്യസമേതം വിളിച്ചു പറഞ്ഞുകൊണ്ടാണ്. ഒന്നാം വാര്‍ഷികം ആഘോഷിച്ച ഇക്കഴിഞ്ഞ ദിവസവും അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ഇസ്‌ലാം വിരുദ്ധതയെ ചോദ്യം ചെയ്യുകയും തുറന്നെതിര്‍ക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറയുന്നുണ്ട്. ഇതിന് മുന്‍പ് 2021ല്‍ Organization of Islamic Countries (OIC) സംഘടിപ്പിച്ച ഒരു പ്രത്യേക സമ്മേളനത്തിലും മുസ്‌ലിംകളുടെ മനുഷ്യാവകാശവും മതപരവും സാംസ്‌കാരികവുമായ സ്വാതന്ത്ര്യവും ഏത് വിധേനയും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത അന്റോണിയോ ഗ്യുറ്റെറസ് എടുത്തു പറഞ്ഞിരുന്നു.

ഇനിയാണ് എന്റെ ചോദ്യം. മുസ്‌ലിംകള്‍ നേരിടുന്ന ഉന്മൂലനഭീഷണിയുടെ ആഴവും പരപ്പും പൂര്‍ണ്ണമായും മനസ്സിലാക്കിയിട്ടുള്ള യു.എന്നും അതിന്റെ സെക്രട്ടറി ജനറലും അതിന് തടയിടാനായി ഇക്കാലമത്രയും എന്ത് ചെയ്തു? തേനും പാലുമൂറുന്ന വാചകക്കസര്‍ത്തുകള്‍ക്ക് അപ്പുറം എന്തെങ്കിലും ഒരു പ്രതിരോധ നടപടി ആ സംഘടന കൈക്കൊണ്ടതായി നിങ്ങളുടെ അറിവിലുണ്ടോ? ഗ്യുറ്റെറസ് മാത്രമല്ല അദ്ദേഹത്തിന്റെ മുന്‍ഗാമികളെല്ലാം തങ്ങളുടെ മുസ്‌ലിം സ്‌നേഹവും മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധതയും വാക്കുകളില്‍ തന്നെ ഒതുക്കിയതായി നമുക്ക് കാണാനാവും.


അമേരിയ്ക്ക എന്ന ദുരമൂത്ത സാമ്രാജ്യദുര്‍ഭൂതത്തിന്റെ കഴുകന്‍ കണ്ണുകള്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലുമെല്ലാം ഇരതേടിയലഞ്ഞപ്പോള്‍ നിലയ്ക്ക് നിര്‍ത്താന്‍ ഹാവിയര്‍ പെരെസ് ഡി ക്വേയെര്‍ എന്ന അധ്യക്ഷന് സാധിച്ചോ? തൊണ്ണൂറുകളുടെ തുടക്കത്തില്‍ സെര്‍ബ് പട്ടാളം ഒരു ലക്ഷത്തോളം ബോസ്നിയന്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്തപ്പോഴും ഇന്ത്യയില്‍ സംഘ്പരിവാര്‍ ഭീകരന്മാര്‍ അയോധ്യാപ്രക്ഷോഭമെന്ന പേരില്‍ ആയിരക്കണക്കിന് മുസ്‌ലിംകളെ കൊന്നുതള്ളിയപ്പോഴും ബുത്രോസ് ഘാലി എന്ന സെക്രട്ടറി ജനറല്‍ എന്ത് ചെയ്തു?

അമേരിയ്ക്കയും ബ്രിട്ടനും ചേര്‍ന്ന് ഇറാഖ് എന്ന സമ്പന്ന രാഷ്ട്രത്തെ വളഞ്ഞിട്ട് ആക്രമിയ്ക്കുകയും ഭരണാധികാരിയെ വേട്ടയാടി കൊലപ്പെടുത്തുകയും ചെയ്ത് കോടിക്കണക്കിന് ഇറാഖി മുസ്‌ലിംകളെ പട്ടിണിയിലേയ്ക്കും അരാജകത്വത്തിലേയ്ക്കും തള്ളിയിട്ടപ്പോള്‍ കോഫി അന്നന്‍ എന്ന യു.എന്‍ സെക്രട്ടറി ജനറലിന് ചെറുവിരല്‍ ഒന്നനക്കാനായോ? ഇതേ കാലഘട്ടത്തില്‍ സംഘ്പരിവാര്‍ ഇന്ത്യയില്‍ വിത്ത് പാകിയ മുസ്‌ലിം ഉന്മൂലന രാഷ്ട്രീയം ഇന്ന് വളര്‍ന്ന് ഇന്ദ്രപ്രസ്ഥത്തില്‍ കൊടിനാട്ടിയിട്ടും പിന്നീട് വന്ന ബാന്‍ കി മൂണോ പിന്മുറക്കാരനായ ഇപ്പോഴത്തെ അധ്യക്ഷനോ പ്രസ്താവനയ്ക്കപ്പുറം എന്തെങ്കിലും ചെയ്‌തോ? ദശാബ്ദങ്ങളായി പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കമുള്ള ഫലസ്തീന്‍ ജനതയെ കൊല്ലാക്കൊല ചെയ്യുന്ന ഇസ്രയേലിനോടുള്ള യുഎന്നിന്റെ മൃദുസമീപനം മാത്രം മതി ഇരകളായ മുസ്‌ലിംകളോടുള്ള സംഘടനയുടെ ആത്മാര്‍ത്ഥത തിരിച്ചറിയാന്‍.

മാധ്യമങ്ങളുടെ കണ്ണഞ്ചിപ്പിയ്ക്കുന്ന ക്യാമറവെട്ടത്തിന് മുന്നില്‍ ഇടയ്ക്കിടെ മുസ്‌ലിം പ്രേമം പ്രഖ്യാപിയ്ക്കുകയും അവര്‍ക്ക് മേല്‍ ക്രൂരമായ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ കാണാത്തമട്ടില്‍ മുഖംതിരിക്കുകയും ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ ഇരട്ടത്താപ്പിനെ ഏറ്റവും കൃത്യമായി തുറന്ന് കാട്ടിയത് മെക്കയിലെ മസ്ജിദ് അല്‍ ഹറം ഇമാം ആയിരുന്ന സലേഹ് ഇബ്ന്‍ മുഹമ്മദ് അല്‍ താലിബ് ആയിരുന്നു. തങ്ങളുടെ ഇഷ്ടക്കാരായ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ആയുധ കച്ചവടത്തില്‍ നിന്നും സമ്പന്ന മുസ്‌ലിം രാഷ്ട്രങ്ങളിലെ അധിനിവേശത്തില്‍ നിന്നും ലാഭമുണ്ടാക്കാനുള്ള അവസരമൊരുക്കുന്ന വെറും കാഴ്ചക്കാരന്‍ എന്നാണ് അദ്ദേഹം ഒരിയ്ക്കല്‍ ഐക്യ രാഷ്ട്രസഭയെ വിശേഷിപ്പിച്ചത്. ഫലസ്തീന്‍കാരോട് ഇസ്രായേല്‍ കാട്ടുന്ന കൊടുംക്രൂരതയോടുള്ള യു.എന്നിന്റെ നിഷ്‌ക്രിയത്വത്തെയാണ് അന്ന് ഇമാം ഏറ്റവും ശക്തിയായി വിമര്‍ശിച്ചത്. ഇസ്‌ലാം വിരുദ്ധതയോടുള്ള അന്നത്തെ അതേ നിഷ്‌ക്രിയത്വം സംഘടന ഇന്നും തുടരുന്നു എന്നത് കഴിവ്കേടിനെക്കാള്‍ ചിന്തിച്ചുറപ്പിച്ച നയസമീപനമായി മാത്രമേ കാണാനൊക്കൂ.

ഇസ്‌ലാമോഫോബിയയുടെ നൂറുകണക്കിന് ഉദാഹരണങ്ങള്‍ ദിവസേന പൊന്തിവരുന്ന ഇക്കാലത്ത് ഐക്യരാഷ്ട്രസഭ എന്തുകൊണ്ട് തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഓടിയൊളിയ്ക്കുന്നു എന്ന ചോദ്യം അതിപ്രസക്തമാണ്. ഒന്നാമതായി മുസ്‌ലിംകളോടുള്ള നയസമീപനങ്ങളില്‍ സംഘടനയിലെ സര്‍വ്വശക്തര്‍ എന്ന് പരക്കെ മാനിയ്ക്കപ്പെടുന്ന അഞ്ച് സ്ഥിരംഗങ്ങളുടെ പശ്ചാത്തലം ഒന്ന് പരിശോധിച്ച് കൊണ്ട് തുടങ്ങാം. സുരക്ഷാസമിതിയ്ക്ക് മുന്നില്‍ വരുന്ന പ്രമേയങ്ങളുടെ ഭാവി തീരുമാനിയ്ക്കുന്നതില്‍ വീറ്റോ അധികാരമുള്ള ഈ അഞ്ച് രാജ്യങ്ങളുടെ നിലപാടുകള്‍ നിര്‍ണ്ണായകമാണെന്നത് നമുക്ക് അറിവുള്ളതാണല്ലോ.


സ്ഥിരംഗങ്ങളായ അമേരിയ്ക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന എന്നീ അഞ്ച് രാജ്യങ്ങളുടെ ചരിത്രത്തില്‍ മുസ്‌ലിം രക്തം പുരളാത്തതായി ഒന്ന് പോലുമില്ല എന്നതാണ് നാം ആദ്യം തിരിച്ചറിയേണ്ട 'രസകരമായ' സത്യം. അവരവരുടെ രാജ്യങ്ങളിലെ മുസ്‌ലിംകളെ കഴിയാവുന്നത്ര വേട്ടയാടുകയും അവരുടെ മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്ത ശേഷം ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്തു പോയിരുന്ന് ആഗോളമുസ്‌ലിംകള്‍ക്കായി മുതലക്കണ്ണീര്‍ പൊഴിയ്ക്കുന്ന ഈ മാന്യന്മാരില്‍ നിന്നാണോ മുസ്‌ലിംകള്‍ നീതി പ്രതീക്ഷിയ്‌ക്കേണ്ടത്? മഹാകഷ്ടം എന്നല്ലാതെ വേറെന്ത് പറയാന്‍!

9/11 ആക്രമണങ്ങള്‍ക്ക് വെറും മൂന്ന് മാസങ്ങള്‍ക്ക് ശേഷം അന്നത്തെ അമേരിയ്ക്കന്‍ പ്രസിഡന്റ് ആയിരുന്ന ജോര്‍ജ്ജ്.W. ബുഷ് ഇറാഖ്, ഇറാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ രാസായുധങ്ങള്‍ ഉണ്ടാക്കി പാശ്ചാത്യ നാടുകള്‍ക്ക് നേരെ പ്രയോഗിയ്ക്കാനായി ഇസ്‌ലാമിക തീവ്രവാദികള്‍ക്ക് നല്‍കുന്നു എന്ന വിചിത്രമായ കണ്ടുപിടിത്തം നടത്തുകയും ഇവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തത് നമുക്ക് ഓര്‍മയുള്ളതാണല്ലോ. ഇതില്‍ രസകരമായ കാര്യം 9/11 പിന്നില്‍ പ്രവര്‍ത്തിച്ചതായി ബുഷ് തന്നെ കുറ്റപ്പെടുത്തിയ ബിന്‍ലാദന്റെ അല്‍ഖായിദയെ ഏറ്റവും ശക്തമായി പ്രതിരോധിച്ചിരുന്ന സദ്ദാം ഹുസൈനെ ബുഷ് ശത്രുപക്ഷത്ത് കൃത്യമായി പ്രതിഷ്ഠിച്ചു എന്നതാണ്. അല്‍ഖായിദയുടെ പ്രവര്‍ത്തനം ഇറാഖിന്റെ മണ്ണില്‍ അനുവദിക്കാതിരുന്ന ഹുസൈനെ ചതിപ്രയോഗത്തിലൂടെ മറിച്ചിടുകയും ഒരു പാവസര്‍ക്കാരിനെ പ്രതിഷ്ഠിച്ച് രാജ്യത്ത് ആഭ്യന്തര കലാപത്തിനും അരാജകത്വത്തിനും വഴിയൊരുക്കുകയുമാണ് ബുഷ് ചെയ്തത്. ഇറാഖിലെ അളവറ്റ എണ്ണസമ്പത്ത് മാത്രം ലക്ഷ്യമിട്ട് മനസമാധാനത്തോടെ ജീവിച്ച കോടിക്കണക്കിന് മുസ്‌ലിംകളെ അങ്ങനെ പട്ടിണിയിലേയ്ക്കും ദുരിതത്തിലേയ്ക്കും തള്ളിയിട്ട അമേരിയ്ക്കന്‍ കുറുക്കന്റെ സമ്പൂര്‍ണ്ണാധികാരത്തിലുള്ള യു.എന്നില്‍ നിന്നാണോ മുസ്‌ലിംകള്‍ നീതി പ്രതീക്ഷിയ്‌ക്കേണ്ടത്?

2019ല്‍ പ്യൂ റിസര്‍ച് നടത്തിയ ഒരു പഠനത്തില്‍ 82% അമേരിക്കക്കാരും നാട്ടില്‍ മുസ്‌ലിംകള്‍ വിവേചനം നേരിടുന്നുണ്ട് എന്ന അഭിപ്രായമാണ് പങ്കുവെച്ചത്. ഇതില്‍ 56% പേര്‍ ഏറ്റവുമധികം വംശീയ വിവേചനം നേരിടുന്ന വിഭാഗമായി മുസ്‌ലിംകളെ ചൂണ്ടിക്കാട്ടുകയും ചെയ്തു. സര്‍വ്വേയില്‍ പങ്കെടുത്ത 63% പേരും പറഞ്ഞത് ഒരു മുസ്‌ലിമിന് ഇന്നത്തെ അമേരിയ്ക്കന്‍ സമൂഹത്തില്‍ തൊഴില്‍പരമായും സാമൂഹികമായും ഉയരാന്‍ ഇതരവിഭാഗങ്ങളെ അപേക്ഷിച്ച് തടസങ്ങള്‍ ഏറെയാണ് എന്നാണ്. പഠനങ്ങളുടെ വെളിച്ചത്തിലായാലും അല്ലെങ്കിലും 9/11ന് ശേഷം രാജ്യത്ത് മുസ്‌ലിം വിരോധവും വിവേചനവും ഗണ്യമായി വര്ധിച്ചിരിക്കുന്നു എന്നത് പകല്‍ പോലെ വ്യക്തമായ വസ്തുതയാണ്. സ്വന്തം മൂക്കിന് കീഴെ നടക്കുന്ന സാമൂഹികനീതിയുടെ ഈ ലംഘനത്തിനെതിരെ ഐക്യരാഷ്ട്രസഭ എന്തെങ്കിലും ഒന്ന് ചെയ്യുകയോ പറയുകയോ ചെയ്തിട്ടുള്ളതായി നമുക്ക് അറിവുമില്ല.


മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കെതിരായ 'ഭീകരവിരുദ്ധ' പ്രവര്‍ത്തനങ്ങളില്‍ അമേരിയ്ക്കയുടെ വിശ്വസ്ത പങ്കാളിയായ ബ്രിട്ടനിലെ കാര്യവും വ്യത്യസ്തമല്ല. കഴിഞ്ഞ വര്‍ഷം ഒരു സ്വകാര്യസ്ഥാപനം നടത്തിയ സര്‍വ്വേ പ്രകാരം രാജ്യത്തെ മുസ്‌ലിംകളില്‍ 69% പേരും തെഴിലിടങ്ങളില്‍ ഇസ്‌ലാമോഫോബിയ അനുഭവപ്പെട്ടതായി തുറന്നു പറഞ്ഞു. മുസ്ലിംകളുടെ സാമൂഹ്യ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ലണ്ടനിലെ ഒരു സന്നദ്ധസ്ഥാപനത്തിന്റെ മേധാവിയായ ഫൈസാ മുഖിത് ഒരിയ്ക്കല്‍ തൊഴിലിടത്തില്‍ തനിയ്ക്ക് നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെക്കുറിച്ചു പറഞ്ഞത് ബ്രിട്ടനില്‍ മുസ്‌ലിം വിരുദ്ധത പൊതുസമൂഹത്തെ എത്രമാത്രം കീഴ്‌പ്പെടുത്തിക്കഴിഞ്ഞു എന്ന സത്യം വെളിവാക്കുന്നു. റമദാന്‍ മാസത്തില്‍ ഇഫ്താറിന്റെ നേരത്ത് ഭക്ഷണം കഴിയ്ക്കാനായി പത്രം തുറന്ന ഫൈസ കണ്ടത് ആരോ തന്റെ ഭക്ഷണപ്പാത്രത്തിനുള്ളില്‍ പന്നിയിറച്ചി വെച്ചിരിക്കുന്നതായിരുന്നുവത്രെ. ഈ വിധം ഒറ്റപ്പെട്ടതും കൂട്ടവുമായ ഇസ്‌ലാം അധിക്ഷേപങ്ങളുടെ ഞെട്ടിയ്ക്കുന്ന അനുഭവങ്ങള്‍ ബ്രൂട്ടിഷ് മുസ്‌ലിംകള്‍ക്ക് പറയാന്‍ നിരവധിയുണ്ട് എന്നതാണ് സത്യം.

രാജ്യത്ത് പൊതുവെ നിലവിലുള്ള നിയമങ്ങള്‍ക്ക് വിപരീതമായി മുസ്‌ലിംകളുടെ നേര്‍ക്ക് വിവേചനപരമായ പ്രത്യേക നിയമങ്ങള്‍ പ്രയോഗിയ്ക്കുന്ന ഇമ്മാനുവേല്‍ മക്രോണിന് കീഴിലുള്ള ഫ്രഞ്ച് സര്‍ക്കാരും ഇസ്‌ലാമോഫോബിയയുടെ വിളവെടുപ്പില്‍ മുന്‍പന്തിയില്‍ തന്നെയാണ്. മുസ്‌ലിംകളെ തിരഞ്ഞു പിടിച്ചു നിയമനടപടികള്‍ക്ക് വിധേയരാക്കുന്ന പൊലീസും കോടതികളും മുസ്‌ലിം സംഘടനകളെ കാരണമൊന്നും കൂടാതെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന സര്‍ക്കാരുമെല്ലാം ഇന്നത്തെ ഫ്രാന്‍സിലെ പച്ചയായ യാഥാര്‍ഥ്യങ്ങളാണ്. സര്‍ക്കാരിന്റെ നിരന്തര നിരീക്ഷണവലയത്തിനുള്ളില്‍ ശ്വാസം മുട്ടുന്ന മസ്ജിദുകളും മദ്രസകളും മുസ്‌ലിംകളുടെ കച്ചവടസ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളുമെല്ലാം ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ചു തീര്‍ക്കുന്ന ഫ്രഞ്ച് മുസ്‌ലിംകളുടെ നിസ്സഹായതയുടെ പ്രതിരൂപങ്ങള്‍ തന്നെ.

ഫ്രഞ്ച് സമൂഹത്തിന്റെ സവിശേഷതയായി മാറിക്കൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധതയുടെയും ഇസ്‌ലാമിനോടുള്ള മുന്‍വിധിയുടെയും വെറുപ്പിന്റെയും ആധിക്യം വിളിച്ചോതുന്നതായിരുന്നു 2022ലെ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ കോലാഹലങ്ങള്‍. മുസ്‌ലിം വിരുദ്ധതയെ വോട്ടാക്കി മാറ്റുന്ന മാക്രോണിന്റെ തന്ത്രങ്ങളെ മറികടക്കാന്‍ കൂടുതല്‍ തീവ്രവും ഭീകരവുമായ വംശീയതയും ഇസ്‌ലാം വിരുദ്ധതയും ഫ്രഞ്ച്കാര്‍ക്ക് ഉറപ്പ് നല്‍കുന്നതായിരുന്നു ഇതരരാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. എന്നാല്‍, കഴിഞ്ഞ കാലത്തെ ഇസ്‌ലാം വിരുദ്ധ നയങ്ങളുടെ അനുഭവ സാക്ഷ്യത്തിന്റെ ബലത്തില്‍ വെല്ലുവിളികളെ മറികടന്ന മാക്രോണ്‍ ഭരണകൂടവും തങ്ങളുടെ മുസ്‌ലിം വിരോധത്തിന് നല്‍കിയിട്ടുള്ള ഓമനപ്പേര് ഭീകരവിരുദ്ധ പോരാട്ടം എന്ന് തന്നെ.

മറ്റൊരു സ്ഥിരംഗമായ റഷ്യയാവട്ടെ ക്രിമിയ ഉപദ്വീപിലെ പുരാതന നിവാസികളായ റ്റാര്‍ട്ടര്‍ മുസ്‌ലിംകളെ നൂറ്റാണ്ടുകളായി പീഡിപ്പിച്ചുകൊണ്ടിരിയ്ക്കുന്നു. ജോസെഫ് സ്റ്റാലിന്‍ എന്ന നീചഭാരണാധികാരി രണ്ടു ലക്ഷത്തോളം മുസ്‌ലിംകളെ മധേഷ്യയിലേയ്ക്ക് നാടുകടത്തുകയും അതില്‍ ഏതാണ്ട് പകുതിയോളം സോവിയറ്റ് ക്യാമ്പുകളില്‍ തന്നെ മരണപ്പെടുകയും ചെയ്ത ചരിത്രം നമുക്ക് മറക്കാനാവില്ല. ഇപ്പോള്‍ വ്‌ളാദ്മിര്‍ പുടിന് കീഴില്‍ റഷ്യന്‍ സൈന്യം 2014ല്‍ ക്രിമിയ കൈയേറിയതോടെ അവര്‍ ഗോത്രവര്‍ഗക്കാരായ ഈ മുസ്‌ലിം സമൂഹത്തെ കൊല്ലാക്കൊല ചെയ്യുന്നു. സ്വന്തം ഭൂമി കൈയേറിയവരോട് സമരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഇവരെ തീവ്രവാദികള്‍ എന്ന് മുദ്രകുത്തി റഷ്യന്‍ സര്‍ക്കാര്‍ തുറുങ്കിലടയ്ക്കുകയും മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നത് ഐക്യരാഷ്ട്രസഭയുടെ മൂക്കിന് കീഴില്‍ വെച്ച് തന്നെ.

സിന്‍ജിയാങ് പ്രവിശ്യയിലെ ഉയ്ഗുര്‍ മുസ്‌ലിംകളോട് ചൈന പിന്തുടരുന്ന കാട്ടാളനയങ്ങള്‍ ഇന്ന് ലോകത്തിനാകെ അറിവുള്ളതാണ്. ശക്തമായ നിരീക്ഷണത്തിന് കീഴില്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിനും കൂലിയില്ലാത്ത വേലയ്ക്കും മറ്റു മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരയാക്കപ്പെടുന്ന കോടിക്കണക്കിന് ഉയ്ഗുര്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ ശക്തരായ മുസ്‌ലിം രാഷ്ട്രങ്ങള്‍ വരെ അറച്ചുനില്‍ക്കുന്നതാണ് നാം കാണുന്നത്. ചൈന എന്ന സാമ്പത്തിക ഭീമനുമായുള്ള അനന്തമായ വാണിജ്യസാധ്യതകള്‍ക്ക് മുന്നില്‍ ഭൗതിക നേട്ടങ്ങളിലും സാമ്പത്തിക ലാഭത്തിലും മാത്രം കണ്ണുള്ള കച്ചവട ലോകത്തിന് നിരാശ്രയരും ഹതഭാഗ്യരുമായ ഉയ്ഗുര്‍ ജനതയ്ക്ക് വേണ്ടി പാഴാക്കാന്‍ നേരമോ പണമോ താല്‍പര്യമോ ഇല്ല തന്നെ. ക്രൂരവും ശിക്ഷാര്‍ഹവുമായ പൈശാചിക മുസ്‌ലിം വേട്ട ചോദിയ്ക്കാനാരുമില്ല എന്ന അഹന്തയോടെ നടത്തുന്ന ചൈനയ്ക്ക് നേരെ തുറിച്ചൊന്ന് നോക്കാന്‍ പോലും നമ്മുടെ ഐക്യരാഷ്ട്രസഭ അശക്തരാണ്.

ഈ അഞ്ച് ലോകഭീമന്മാരുടെ മുസ്‌ലിം വിരുദ്ധതയ്ക്ക് മുന്നില്‍ യു.എന്‍ എന്ത് കൊണ്ട് അനങ്ങാപ്പാറ നയം തുടരുന്നു എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സംഭാവനയുടെ 60% ഇപ്പറഞ്ഞ അഞ്ച് രാജ്യങ്ങളാണ് വഹിയ്ക്കുന്നത് എന്ന യാഥാര്‍ഥ്യം മനസ്സിലാക്കുമ്പോഴേ ഇവരുടെ അപ്രമാദിത്വത്തിന് മുന്നില്‍ യു.എന്നിന് ചെറുവിരല്‍ ചലിപ്പിയ്ക്കാന്‍ ത്രാണിയില്ലാത്ത പോകുന്നത് എന്തുകൊണ്ട് എന്ന ആ ചോദ്യത്തിന് ഉത്തരമാവൂ. കോറോണയെപ്പറ്റിയുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ ചൈനയും യു.എന്നും ചേര്‍ന്ന് മറച്ചു വെയ്ക്കുന്നു എന്ന ആരോപണമുയര്‍ത്തി ചൈനയെ നിലയ്ക്ക് നിര്‍ത്താന്‍ WHO തയ്യാറാകണമെന്നും അല്ലാത്തപക്ഷം തങ്ങള്‍ യുഎന്നിനുള്ള ഫണ്ടിങ് പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്നുമുള്ള അമേരിയ്ക്കയുടെ മുന്നറിയിപ്പ് വലിയ ചര്‍ച്ചയായതാണ്. ഇതേപോലെ തന്നെ ജനറല്‍ അസംബ്ലിയില്‍ തങ്ങളുടെ നിലപാടിനെ എതിര്‍ക്കുന്ന ചെറുരാജ്യങ്ങള്‍ക്കെതിരെ ധനസഹായം വെട്ടിച്ചുരുക്കും നിര്‍ത്തിക്കളയും തുടങ്ങിയ ഭീഷണികള്‍ ഉയര്‍ത്തുന്നത് ഡോണള്‍ഡ് ട്രംപിന്റെ കാലത്ത് നിത്യസംഭവമായിരുന്നു എന്നതും ഓര്‍ക്കുക.

ഐക്യരാഷ്ട്ര സഭയുടെ നടത്തിപ്പിന്റെ മാത്രമല്ല ഇസ്‌ലാമാഫോബിയയുടെ പ്രചാരത്തിനുള്ള ചിലവിന്റെ സിംഹഭാഗവും വഹിയ്ക്കുന്നത് അമേരിയ്ക്കയും ബ്രിട്ടനും ഉള്‍പ്പെടുന്ന യു.എന്‍ സ്ഥിരംഗങ്ങളാണെന്ന് മനസ്സിലാക്കാന്‍ വലിയ പരിശോധനയുടെ ആവശ്യമില്ല. 9/11 ആക്രമണത്തിന് ശേഷം തന്റെ രാഷ്ട്രീയ ഭാവി തന്നെ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ ജോര്‍ജ്.W.ബുഷ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി ബ്രിട്ടനുമായി ചേര്‍ന്നൊരുക്കിയ War on terror എന്ന മുസ്‌ലിം സംഹാരപദ്ധതിയുടെ അണിയറ രഹസ്യങ്ങളെല്ലാം ഇപ്പോള്‍ പരസ്യമായിക്കഴിഞ്ഞല്ലോ. ഇറാഖിന്റെ പക്കല്‍ വിനാശകാരിയായ ആണവായുധങ്ങള്‍ ഉണ്ടെന്നും സദ്ദാം ഹുസൈനെ പുറത്താക്കി അവയെല്ലാം പിടിച്ചെടുക്കേണ്ടത് മാനവരാശിയുടെ തന്നെ നിലനില്‍പിന് നിര്‍ണ്ണായകമാണെന്നുമുള്ള നരേറ്റിവ് സൃഷ്ടിച്ചത് താനും ബുഷുമായി ചേര്‍ന്നാണെന്നും അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ടോണി ബ്ലെയര്‍ പിന്നീട് തുറന്ന് സമ്മതിച്ചതാണ്.

ട്വിന്‍ ടവര്‍ ആക്രമണത്തിന് ശേഷം ബുഷ് തന്നെയും കുടുംബത്തെയും ടെക്സാസിലെ ഫാമിലേയ്ക്ക് ക്ഷണിയ്ക്കുകയും സദ്ദാമിനെ സൈനിക നീക്കത്തിലൂടെ അട്ടിമറിയ്ക്കാനുളള പദ്ധതി തയ്യാറാക്കുകയും ആയിരുന്നു എന്നാണ് ബ്ലെയര്‍ വെളിപ്പെടുത്തിയത്. സുപ്രധാനതീരുമാനങ്ങള്‍ കൈക്കൊണ്ട ആ കൂടിക്കാഴ്ചയില്‍ മറ്റ് ഉദ്യോഗസ്ഥരോ ഉപദേശകരോ എന്ന് വേണ്ട ചര്‍ച്ചയുടെ മിനിറ്റ്‌സ് തയ്യാറാക്കുന്നവര്‍ പോലും പങ്കെടുത്തിരുന്നില്ലത്രേ. സദ്ദാമുമായി ഉഭയകക്ഷി ചര്‍ച്ചയ്ക്ക് അപ്പോഴും അവസരം ഉണ്ടായിരുന്നിട്ടും തങ്ങള്‍ സൈനിക നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു എന്നും ബ്ലെയര്‍ പറയുന്നു. അധികാരമാറ്റത്തിനായി അന്യരാജ്യങ്ങളിലുള്ള സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാവും എന്നതിനാല്‍ ഐക്യരാഷ്ട്രസഭയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി സൈനിക നടപടിയ്ക്ക് യു.എന്‍ സമാധാന നീക്കത്തിന്റെ പരിവേഷം നേടിയെടുത്തത് എപ്രകാരമെന്ന ബ്ലെയറിന്റെ വിവരണം ഇപ്പോള്‍ ഇസ്‌ലാമോഫോബിയയുടെ പേരില്‍ മുതലക്കണ്ണീര്‍ വാര്‍ക്കുന്ന യു.എന്നിന്റെ ഇക്കാര്യത്തിലുള്ള ഇരട്ടത്താപ്പിന്റെ ആഴം വെളിവാക്കുന്നു.

ഇനി ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടില്‍ ഇസ്‌ലാമോഫോബിയയുടെ ആഗോള പ്രഭവകേന്ദ്രമെന്ന് കണ്ണടച്ച് വിശേഷിപ്പിയ്ക്കാവുന്ന ഒരു രാജ്യത്തിന്റെ കാര്യം കൂടി പറഞ്ഞവസാനിപ്പിയ്ക്കാം. മുസ്‌ലിം വിരുദ്ധ അപവാദങ്ങളും കള്ളവാര്‍ത്തകളും പ്രചരിപ്പിച്ച് പാശ്ചാത്യലോകത്ത് ഇസ്‌ലാമിനെപ്പറ്റി അവിശ്വാസവും അവജ്ഞയും പടര്‍ത്തുന്ന യു.എന്‍ സ്ഥിരാംഗങ്ങള്‍ പക്ഷേ, ഇസ്‌ലാമോഫോബിയ പരത്തുന്നതില്‍ ഈ രാജ്യത്തിന് മുന്നില്‍ ഒന്നുമല്ല എന്ന് പറയേണ്ടി വരും. പാശ്ചാത്യരാജ്യങ്ങളുടെ ഇസ്‌ലാം വിരുദ്ധത കൂടുതല്‍ ആശയപരവും സര്‍ക്കാര്‍ സംവിധാനങ്ങളുടെ നേരിട്ടുള്ള ഇടപെടലില്‍ നിന്നെല്ലാം മുക്തവുമാണെങ്കില്‍ ഇപ്പറയുന്ന രാജ്യത്ത് മുസ്‌ലിം വെറിയും വിരോധവുമെല്ലാം മൂര്‍ത്തവും ദൃശ്യവും അതിനേക്കാളേറെ ഭരണ-നിയമസംവിധാനങ്ങളുടെ ബോധപൂര്‍വ്വമായ പിന്തുണയോടെയുമാണ് തഴച്ചു വളരുന്നത് എന്നതാണ് വിചിത്രമായ വസ്തുത.

ഇത്രയും പറഞ്ഞതില്‍ നിന്ന് തന്നെ സര്‍ക്കാര്‍ ചിലവില്‍ ഇസ്‌ലാമോഫോബിയ തഴച്ചു കൊഴുക്കുന്ന ആ രാജ്യം ഇന്ത്യയാണ് എന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ. ലോക സമസ്താ സുഖിനോ ഭവന്തു എന്ന മഹദ് സങ്കല്‍പം ലോകത്തെ പഠിപ്പിച്ചു എന്നവകാശപ്പെടുന്ന ഇന്ത്യ തന്നെ എങ്ങനെ വംശീയതയുടെയും അപരമത വിദ്വേഷത്തിന്റെയും ലോകതലസ്ഥാനമായി മാറി എന്ന് നാം ചിന്തിയ്‌ക്കേണ്ടതാണ്. ആസ്‌ട്രേലിയയിലെ Islamic Council of Victoria സോഷ്യല്‍ മീഡിയയില്‍ വരുന്ന മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളുടെ ഉറവിടം സംബന്ധിച്ച് നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഞെട്ടിയ്ക്കുന്നതാണ്. 2007-2021 കാലഘട്ടത്തില്‍ ട്വിറ്ററില്‍ വന്ന ഇസ്‌ലാമോഫോബിക്ക് ട്വീറ്റുകളില്‍ 85 ശതമാനത്തിന്റെയും ഉത്ഭവം ഇന്ത്യയായിരുന്നുവത്രെ. ഇക്കാലയളവില്‍ അമേരിയ്ക്കക്കാര്‍ മൂന്ന് ലക്ഷവും ബ്രിട്ടീഷുകാര്‍ രണ്ടു ലക്ഷവും മുസ്‌ലിം വിരുദ്ധ ട്വീറ്റുകള്‍ ചെയ്തപ്പോള്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മുത്തശ്ശി എന്ന് മാര്‍ക്ക് ടൈ്വന്‍ വിശേഷിപ്പിച്ച ഇന്ത്യക്കാര്‍ ചീറ്റിയത് മുസ്‌ലിം വെറിയുടെ വിഷം പുരട്ടിയ ഒന്‍പത് ലക്ഷത്തോളം ട്വീറ്റുകളാണ് എന്ന് ചിന്താശേഷിയുള്ളവര്‍ മറന്നു പോകരുത്. ഇതില്‍ ചെറുതല്ലാത്ത പങ്ക് ഭരണയന്ത്രം തിരിയ്ക്കുന്ന മന്ത്രിമാരും ജനപ്രതിനിധികളും ഇന്ത്യ ഭരിയ്ക്കുന്ന രാഷ്ട്രീയകക്ഷിയുടെ തന്നെ നേതാക്കന്മാരും ആയിരുന്നു എന്നതും അവഗണിയ്ക്കാവുന്നതല്ല. ഇത്രയെല്ലാമായിട്ടും ഗുജറാത്തിലെ ആയിരക്കണക്കിന് നിരപരാധികളായ മുസ്‌ലിംകളുടെ ചോരക്കറ പുരണ്ട ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കൈപിടിച്ച് കുലുക്കിയും ഗാഢാലിംഗനം ചെയ്തും ചുവപ്പ് പരവതാനി വിരിച്ചുമെല്ലാം യു.എന്‍ അതിന്റെ കപടനാട്യങ്ങള്‍ തുടരുന്നു.


പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തിന്റെ ബലത്തില്‍ മാത്രം പിടിച്ചു നില്‍ക്കുന്ന യു.എന്‍ മുസ്‌ലിം രാഷ്ട്രങ്ങളോട് വെച്ച് പുലര്‍ത്തുന്ന ഗൗരവകരമായ വിവേചനവും മുന്‍വിധിയും വെളിച്ചത്തു കൊണ്ടുവന്ന സംഭവമായിരുന്നു കഴിഞ്ഞ വര്‍ഷം ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട് നടന്നത്. തങ്ങളെ പിന്തള്ളി മത്സരങ്ങള്‍ക്ക് ആതിഥ്യമരുളാനുള്ള അവകാശം ഒരു മുസ്‌ലിം രാഷ്ട്രം നേടിയെടുത്തതില്‍ അമേരിയ്ക്കയ്ക്കും കൂട്ടാളികള്‍ക്കുമുള്ള അസഹിഷ്ണുതയുടെ വെറിപൂണ്ട ശബ്ദമാണ് അവരുടെ ചട്ടുകമായ യു.എന്നിന്റെ വായിലൂടെ നാം കേട്ടത്. വിദേശ നിര്‍മാണത്തൊഴിലാളികളുടെ സുരക്ഷയും ജോലിസാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതില്‍ ഖത്തര്‍ ഒരുപാട് മുന്നോട്ട് പോകാനുണ്ട് എന്ന യു.എന്നിന്റെ നിരീക്ഷണം അനാവശ്യവും അസംബന്ധവും ആയിരുന്നു. എന്നാല്‍, ഖത്തറിലെ മനുഷ്യാവകാശലംഘനങ്ങള്‍ മൈക്രോസ്‌കോപ്പിലൂടെ നോക്കി കൃത്യമായി തിരിച്ചറിയുകയും വിളിച്ചുപറയുകയും ചെയ്യുന്ന യു.എന്നിന് പശുവിന്റെ പേരില്‍ പട്ടാപ്പകല്‍ ഹിന്ദുത്വതീവ്രവാദികളുടെ

ക്രൂരമര്‍ദനത്തിന് ഇരയായി ജീവന്‍ വെടിയേണ്ടി വരുന്ന മുസ്‌ലിംകളെ കാണാനാവുന്നില്ല. മുസ്‌ലിം ഭൂരിപക്ഷ പ്രദേശം എന്ന ഒരൊറ്റ കാരണത്താല്‍ കശ്മീരിലെ ജനങ്ങളെ രണ്ടാം തരം പൗരന്മാര്‍ എന്ന് വേണ്ട, ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ജനാധിപത്യപരമായ അവകാശങ്ങളുള്ള മനുഷ്യരായിപ്പോലും കണക്കാക്കാതെ അവഗണനയുടെയും അധിക്ഷേപത്തിന്റെയും ഇരുമ്പഴിക്കുള്ളില്‍ തള്ളിയിട്ടുള്ള സംഘ്പരിവാര്‍ ഭരണകൂടത്തോട് യു.എന്നിന് യാതൊരു പരിഭവവുമില്ല. ഇറാനിലെ ഹിജാബ് വിപ്ലവത്തിന്റെ ഭാഗമായി ആ രാജ്യത്തെ ഭരണാധികാരികള്‍ക്കെതിരെ അമേരിയ്ക്കന്‍ കോളാമ്പിയിലൂടെ ശബ്ദമുയര്‍ത്തുന്ന യു.എന്‍. അമേരിയ്ക്കയില്‍ സര്‍വ്വസാധാരണമായ കറുത്തവര്‍ഗക്കാര്‍ക്കെതിരായ ക്രൂരതകള്‍ കാണുന്നുമില്ല.

ചൈനയിലെ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കോ ഫലസ്തീനിലെ നിരാശ്രയരായ മനുഷ്യര്‍ക്കോ മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കോ നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ കണ്ണിലോ നെഞ്ചിലോ തറയ്ക്കുന്നില്ല. ഇപ്പറഞ്ഞ മനുഷ്യരുടെ കൂട്ടനിലവിളികള്‍ യു.എന്നിന്റെ കാതുകളില്‍ പതിയ്ക്കുന്നില്ല. പാശ്ചാത്യ ശക്തികള്‍ കഴുത്തില്‍ കെട്ടിയ ചരടിന്റെ താളത്തില്‍ ചാടിക്കളിയ്ക്കുന്ന കുഞ്ഞിരാമനായി അധഃപതിച്ച യു.എന്‍ വംശഹത്യയുടെ മുനമ്പില്‍ എത്തിനില്‍ക്കുന്നതായി Genocide Watch പ്രവചിച്ച ഇന്ത്യയിലെ മുസ്‌ലിംകളുടെ ഇരുളടഞ്ഞ ഭാവിയ്ക്ക് നേരെ ഇനി എന്നാണ് ഒന്ന് ദൃഷ്ടി പായിയ്ക്കുക? ഇസ്‌ലാമോഫോബിയാ വിരുദ്ധ ദിനം ലോകമെമ്പാടും ഉത്സവമാക്കാന്‍ ആഹ്വനം ചെയ്യുന്ന ഐക്യരാഷ്ട്രസഭ ആദ്യം പരിഹാരം തേടേണ്ടത് തങ്ങളുടെ മുസ്‌ലിം വിരുദ്ധതയ്ക്കും കഴിവില്ലായ്മയ്ക്കുമാണ് എന്ന് തോന്നുന്നു.


Similar Posts