കുരീപ്പുഴ ഒരു കടലാണ്
|തോറ്റു പോയവരുടെ തീക്ഷ്ണാനുഭവങ്ങളും വഴിതെറ്റിയവരുടെ താളഭംഗങ്ങളും പൊള്ളലേറ്റ വാക്കുകള്‍ കൊണ്ട് അടയാളപ്പെടുത്തി കൂരിപ്പുഴ.
കാലത്തിന്റെ അടയാളങ്ങളെ എല്ലാ കാലത്തും കവിത സംവഹിച്ചിട്ടുണ്ട്. തോറ്റു പോയവരുടെ തീക്ഷ്ണാനുഭവങ്ങളും വഴിതെറ്റിയവരുടെ താളഭംഗങ്ങളും പൊള്ളലേറ്റ വാക്കുകള്‍ കൊണ്ട് അടയാളപ്പെടുത്തുകയും കെട്ട കാലത്തോട് വാക്കുകളിലൂടെയും കവിതകളിലൂടെയും പ്രതിരോധിക്കുകയും ചെയ്യുന്ന മലയാളത്തിന്റെ പ്രിയ കവിയാണ് കുരീപ്പുഴ ശ്രീകുമാര്‍.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, വൈലോപ്പിള്ളി പുരസ്‌കാരം, കേസരി പുരസ്‌കാരം, മഹാകവി പി. പുരസ്‌കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങളുടെ അവസാനം ഇപ്പോള്‍ 2022 ലെ ആശാന്‍ സ്മാരക പുരസ്‌കാരവും കുരീപ്പുഴയെ തേടിയെത്തി.
ഹബീബിന്റെ ദിനക്കുറിപ്പുകള്‍, ചര്‍വാകന്‍, ശ്രീകുമാറിന്റെ ദുഃഖങ്ങള്‍, രാഹുലന്‍ ഉറങ്ങുന്നില്ല, അമ്മമലയാളം, യക്ഷിയുടെ ചുരിദാര്‍, നരകത്തിലേക്ക് ഒരു ടിക്കറ്റ്, ഇത്തിരി സ്‌നേഹമുണ്ടോ സിറിഞ്ചില്‍, കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍ തുടങ്ങി നിരവധി സമാഹാരങ്ങള്‍. ഒപ്പം Suicide point എന്ന പേരില്‍ കവിതയുടെ ഇംഗ്ലീഷ് വിവര്‍ത്തനവും. നിരവധി വേദികളിലൂടെ, കൂട്ടായ്മകളിലൂടെ, ചൊല്ലരങ്ങുകളിലൂടെ പടര്‍ന്നുപരന്ന കവിതകളാണ് കുരീപ്പുഴയുടേത്.
പൊതുഇടങ്ങളും മൈതാനങ്ങളും കയ്യേറുന്നതിനെതിരെ, ഫാസിസത്തിന്റെ വന്‍മതിലുകള്‍ക്കെതിരെ, സൗഹാര്‍ദ്ദ കേരളത്തെ വിഭാഗീയ കേരളമാക്കി മാറ്റുന്നതിനെതിരെ പ്രതിഷേധിക്കാനുള്ള മതാതീതമായ സാംസ്‌കാരികാവബോധമാണ് വേണ്ടതെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട് കുരീപ്പുഴയും അദ്ദേഹത്തിന്റെ കവിതകളും. വാക്കുകള്‍ വ്യര്‍ത്ഥമാകുന്ന കെട്ടകാലങ്ങളില്‍ വാക്കുകള്‍ കനലുകള്‍ ആക്കുന്ന കവികളിലൂടെയാണ് കാലം അടയാളപ്പെടേണ്ടത്.
കവിയരങ്ങളിലും ചൊല്‍ക്കാഴ്ചകളിലും സൗഹൃദ കൂട്ടായ്മകളിലും ഗാംഭീര്യത്തോടെ ആ കവിതകളും സഞ്ചരിക്കുന്നു. കവിതയുടെ കുരുക്കില്‍ അകപ്പെട്ടാല്‍ പിന്നെ മോചനം ഇല്ലെന്ന സത്യം ഉള്‍ക്കൊണ്ട കവിയുടെ വീണ വില്‍പനക്കാരനും ജെസ്സിയും, ശ്രീകുമാറിന്റെ ദുഃഖങ്ങളും, ഇഷ്ടമുടിക്കായലും, മലയാളികള്‍ ഹൃദയത്തില്‍ ഏറ്റെടുത്തു. കവിതയിലെ പാരമ്പര്യ വഴികളോട് നിരന്തരം കലഹിക്കുകയും കവിതയെ പരീക്ഷണോന്മുഖമാക്കുകയും ചെയ്തു കുരീപ്പുഴ. വരേണ്യവും സൗന്ദര്യാത്മകവുമായ അനുഭവങ്ങള്‍ക്കപ്പുറം അടിസ്ഥാന ജനത തലമുറകളായി അനുഭവിക്കുന്ന ജീവിത സംഘര്‍ഷങ്ങളുടെ ഭൂമികയിലാണ് കുരീപ്പുഴയുടെ കവിതകള്‍ നിലകൊള്ളുന്നത്.
താന്‍ കൂടി ഉള്‍പ്പെടുന്ന കാലത്തെ മാറിനിന്ന് ആക്ഷേപഹാസ്യത്തോടെ വിമര്‍ശിക്കുന്ന ഉത്തരാധുനിക ബോധ്യത്തിന്റെ ഫലമാണ് നഗ്‌ന കവിതകള്‍. കാലത്തിന്റെ ഉത്കണ്ഠകളില്‍ കവിത പ്രതിഷേധമാകുമ്പോള്‍ അതിനു പിന്നിലെ സങ്കടങ്ങള്‍ നാം കാണാതെ പോകുന്നില്ല. രാജാവ് നഗ്‌നനാണെന്ന് വിളിച്ചു പറയുന്ന കുട്ടിയെ പോലെ സത്യസന്ധമാണ് നഗ്‌ന കവിതകള്‍. 1991 ലെ 'ബുള്ളറ്റിനി'ല്‍ തുടങ്ങി വാര്‍ത്താകുമാരി, വയലും പുസ്തകവും, യക്ഷിയുടെ ചുരിദാര്‍, പുയ്യാപ്ല, ഫോണിന്‍മേല്‍കളി, ഒരു പ്രമേഹ കവിത, ഫോട്ടോഷോപ്പ്, ബര്‍മുഡ, രാഹുകാലം, ജ്യോത്സ്യന്‍, കുരീപ്പുഴ നിരീശ്വരം, യുറീക്ക തുടങ്ങി നിരവധി നഗ്‌ന കവിതകള്‍ പുതുകാലത്തിന്റെ വിമര്‍ശനങ്ങളായി മാറുന്നു.
'എട്ടാം ക്ലാസിലെ എട്ടുംപൊട്ടും
തിരിയാത്ത കുഞ്ഞാമിനയെ
കാണാന്‍ ഒരാളുവന്നു.
ഒട്ടക വിയര്‍പ്പിന്റെ സുഗന്ധം
താടി, തലേക്കെട്ട് നെറ്റിയില്‍ ചെമ്പ്തുട്ട് ഉമ്മ പറഞ്ഞു പുയ്യാപ്ല ബാപ്പ പറഞ്ഞു പുയ്യാപ്ല കുഞ്ഞാമിനയുടെ ഉള്ളു പറഞ്ഞു ഉപ്പൂപ്പാ ഉപ്പൂപ്പാ'
എന്ന ഒറ്റ നഗ്‌ന കവിത മതി കുഞ്ഞാമിനയുടെ നിഷ്‌കളങ്കഭാഷ കത്തുന്ന വിമര്‍ശനമായി മാറാന്‍.
ഉത്തരാധുനികതയുടെ സവിശേഷതകളെ ഭാഷയിലും ആശയത്തിലും ഒരേ സമയം പകര്‍ത്തി വെക്കാന്‍ നഗ്‌ന കവിതകള്‍ക്ക് കഴിഞ്ഞു.
'ബാലികയെ ബലാത്സംഗം ചെയ്തവരില്‍
എട്ടു ഹിന്ദുക്കള്‍
ആറു മുസ്‌ലിംകള്‍
നാല് ക്രിസ്ത്യാനികള്‍ യുറീക്ക യുറീക്ക മതസൗഹാര്‍ദ്ദം മതസൗഹാര്‍ദ്ദം'
വെറും വാക്കുകളെ വീറുള്ള വാക്കുകള്‍ ആക്കി മാറ്റുന്ന ഈ രസതന്ത്രമാണ് നഗ്‌ന കവിതകളുടെ ശക്തി.
ദുരന്തഫലിതത്തെ (Trajic Joke) ഇതിനപ്പുറം എങ്ങനെ ഭാഷയില്‍ പകര്‍ത്താനാവും?
'തുഴത്തണ്ടില്‍ താളമിട്ട് തുടിക്കുന്ന 'അഷ്ടമുടിക്കായലിനെ കുറിച്ച് ഇന്നാണ് എഴുതിയിരുന്നതെങ്കില്‍ താനതിന് കഷ്ടമുടിക്കായലെന്ന് വിളിച്ചേനെ എന്ന് കവി പറയുമ്പോള്‍ പുഴകള്‍ മലിനമാക്കപ്പെടുന്നതിന്റെ പ്രതിഷേധവും അമര്‍ഷവും കൂടിയാണതെന്ന് നാം തിരിച്ചറിയുന്നു.
മണ്ണും പെണ്ണും ഭാഷയും മലിനമാകുന്ന പുതിയകാലത്ത് നിലവിലുള്ള വ്യവസ്ഥിതിയെ കറുത്തഹാസ്യത്തിലൂടെ അവതരിപ്പിക്കേണ്ടി വരുന്നു. അന്നും ഇന്നും ഒരേ തീക്ഷ്ണതയോടെ ആലപിക്കപ്പെടുന്ന കുരീപ്പുഴയുടെ ജെസ്സി 'ആധുനിക നാഗരികത നശിപ്പിച്ച സ്ത്രീത്വത്തിന്റെ പ്രതീകമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
പ്രണയിനിയും ഭാര്യയും ചേച്ചിയും ഒക്കെ കൂട്ടുകാരികള്‍ ആകുന്നതാണ് കുരീപ്പുഴയുടെ കവിതാലോകം. ദാമ്പത്യത്തിലെ സ്ത്രീയുടെ ഇടത്തിന്റെ പരിമിതികളെ തിരിച്ചറിയുന്ന കവിതയാണ് 'തിരിച്ചു വന്നവള്‍'.
'അനുഭവങ്ങളുടെ ആഭരണങ്ങള്‍ നിറഞ്ഞു നിറഞ്ഞ് ഉടല്‍ പൊളിഞ്ഞ ദിവസം തെക്കേ കുഴിയിലേക്ക്' എന്ന് ബക്കറ്റ് എന്ന നഗ്‌ന കവിതയില്‍ കുരീപ്പുഴ എഴുതുന്നു. ബക്കറ്റും സ്ത്രീ ജീവിതവും തമ്മിലുള്ള സാദൃശ്യങ്ങളെ തീവ്രതയുള്ള വരികളിലൂടെ അടയാളപ്പെടുത്തുകയാണ് കവിതയില്‍. പെണ്‍ ജീവിതത്തിന്റെ നിസ്സഹായത നഗ്‌ന കവിതകളില്‍ പലതിലും വിമര്‍ശനാത്മകമായി കടന്നുവരുന്നു. എന്നാല്‍, രാപ്പനി എന്ന കവിതയില്‍
'ഇനിയൊരു ജന്മമുണ്ടെങ്കില്‍ കാമുകാ
അതില്‍ നിന്റെ പെണ്ണ് ഞാന്‍,
നീ എന്റെ ആണ്‍കൊടി' എന്നെഴുതുമ്പോള്‍ ചിന്തകള്‍ക്കൊപ്പം വാക്കുകളും കലഹിക്കുന്നത് കാണാം. പുതുകാലത്തേക്കാണ് കവിതയുടെ സഞ്ചാരം. കീഴാള സ്ത്രീത്വത്തിന്റെ ശക്തിയും ആര്‍ജ്ജവവും ഉള്‍ക്കൊള്ളുന്ന കവിതയാണ് തേള്‍ക്കുടം.
'ഇവളുമെന്‍ ദുര്‍വിധി പോല്‍ കുടത്തിനുള്ളില്‍
കുടുങ്ങിയതാണിവളെ തൊടില്ലെന്‍ദാഹം'
എന്ന വരികളില്‍ സ്ത്രീയവസ്ഥയെ സൗഹാര്‍ദ്ദത്തോടെ സമീപിക്കുന്ന കവിയെ കാണാം.
ഈ ഹ്രസ്വജീവിതത്തിന്റെ അല്‍പശാന്തിക്ക് വേണ്ടി ഇത്തിരി സ്‌നേഹം സിറിഞ്ചില്‍ കരുതി വയ്ക്കുവാന്‍ 'ഒറ്റ ഡോക്ടര്‍' എന്ന കവിതയില്‍ കവി വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.
അസ്വസ്ഥത പൂക്കുന്ന പുതിയ കാലക്രമത്തെ കവിതകളിലൂടെ മാത്രമല്ല ശക്തമായ വാക്കുകളിലൂടെയും പ്രതിരോധിക്കാതിരിക്കാന്‍ കുരീപ്പുഴക്കാവില്ല. നേര് വിളിച്ച് പറയുന്നവര്‍ എവിടെയും ആക്രമിക്കപ്പെടുന്നു. പൊതുഇടങ്ങളും മൈതാനങ്ങളും കയ്യേറുന്നതിനെതിരെ, ഫാസിസത്തിന്റെ വന്‍മതിലുകള്‍ക്കെതിരെ, സൗഹാര്‍ദ്ദ കേരളത്തെ വിഭാഗീയ കേരളമാക്കി മാറ്റുന്നതിനെതിരെ പ്രതിഷേധിക്കാനുള്ള മതാതീതമായ സാംസ്‌കാരികാവബോധമാണ് വേണ്ടതെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട് കുരീപ്പുഴയും അദ്ദേഹത്തിന്റെ കവിതകളും. വാക്കുകള്‍ വ്യര്‍ത്ഥമാകുന്ന കെട്ടകാലങ്ങളില്‍ വാക്കുകള്‍ കനലുകള്‍ ആക്കുന്ന കവികളിലൂടെയാണ് കാലം അടയാളപ്പെടേണ്ടത്. മതരഹിത കൂട്ടായ്മകളാണ് ഫാസിസത്തിന്റെ പരിഹാരമായി കവി കണ്ടെത്തുന്നത്. 'കാലം നടക്കുന്ന വീഥിയിലൊക്കെയും കാലിടറാതെ നടക്കാന്‍' താക്കീതും ഊര്‍ജ്ജവും ആകുന്നു ആശാന്‍ സമ്മാനത്തിന്റെ നിറവില്‍ നില്‍ക്കുന്ന മലയാളത്തിന്റെ പ്രിയ കവി.