Analysis
ഷാര്‍ജയിലെ അക്ഷര വെളിച്ചം
Analysis

ഷാര്‍ജയിലെ അക്ഷര വെളിച്ചം

ബഷീര്‍ മാടാല
|
16 Nov 2023 4:51 AM GMT

ജന്മനാടിന്റെയും, മാതൃഭൂമിയുടെയും ചൂടും, ചൂരും, സ്വാദും ആസ്വദിക്കാന്‍ പോറ്റമ്മ നാട് ഒരുക്കുന്ന സ്നേഹവിരുന്നായാണ് മലയാളികള്‍ ഷാര്‍ജ പുസ്തകോത്സവത്തെ കാണുന്നത്.

മരുഭൂമിയുടെ നടുമുറ്റത്ത് ഉത്സവപ്പറമ്പിലെന്നപോലെ അവര്‍ അലസമായി ചുറ്റിനടന്നു. കുപ്പിവളക്കും ചാന്തിനും മുന്നില്‍ കൂടി നില്‍ക്കുംപോലെ സ്ത്രീകളും, കുട്ടികളും പുസ്തകസ്റ്റാളുകള്‍ക്ക് മുമ്പില്‍ നിന്ന് വിവിധങ്ങളായ പുസ്തകങ്ങള്‍ തിരിച്ചും മറിച്ചും നോക്കിനിന്ന് വാങ്ങിക്കൂട്ടി. ചെറിയ കുട്ടികള്‍ ഐസ്‌ക്രീമിനും, സാന്റ്വിച്ചിനും, ബര്‍ഗറിനുമൊക്കെയായി ഓടി നടന്നു. തിടമ്പുകയറ്റിയ ആനയും അമ്പാരിയുമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും തലയെടുപ്പുള്ള ഒട്ടേറെ പ്രശസ്തരായ എഴുത്തുകാരും, ചിന്തകരും, സെലിബ്രിറ്റികളും മുന്നിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ ആശ്ചര്യപ്പെട്ടു. തിറയും തെയ്യവും പോലെ ലോകപ്രശസ്തരായ ചിത്രകാരന്മാര്‍, സംഗീതജ്ഞര്‍ എന്നിവരുടെ സൃഷ്ടികള്‍ കാണാന്‍ ആളുകള്‍ തടിച്ചുകൂടി. നാടകവേദിക്ക് മുന്നിലെന്നപോലെ വിവിധ ഹാളുകളിലെ പുസ്ത സ്റ്റാളുകള്‍ക്ക് മുമ്പില്‍ എഴുത്തുകാരും, കലാകാരന്മാരും, സിനിമാക്കാരും പറയുന്നത് കേള്‍ക്കാനായി അവര്‍ അക്ഷമയോടെ കാത്തുനിന്നു. പ്രശസ്തര്‍ക്കൊപ്പം തിരക്കില്ലാതെ സെല്‍ഫിയെടുത്ത് അവര്‍ ആത്മനിര്‍വൃതിയിലാണ്ടു.

ലോകത്തെ ഏറ്റവും വലിയ അക്ഷരനഗരിയായ ഷാര്‍ജയിലെ പുസ്തകപൂരത്തിന്റെ കാഴ്ചകള്‍ ഇതിലും എത്രയോ അപ്പുറമാണ്. ഷാര്‍ജ എക്സ്പോ സെന്ററില്‍ നടന്ന ലോകത്തെ ഏറ്റവും വലിയ 42-ാമത് പുസ്തകമേള അനുഭവിച്ചറിയാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇത്തവണ എത്തിയത് ഇരുപത്തിയഞ്ച് ലക്ഷത്തിലധികം ആളുകളാണ്. കഴിഞ്ഞ 41 വര്‍ഷമായി യു.എ.ഇയിലെ മൂന്നാമത്തെ വലിയ നഗരമായ ഷാര്‍ജയില്‍ ഈ അക്ഷരോത്സവം നടക്കുന്നു. 1982ല്‍ ആരംഭിച്ച ഈ സവിശേഷ സംരംഭം നാല് പതിറ്റാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞു. സാഹിത്യം, സംസ്‌കാരം, രചന തുടങ്ങിയ മേഖലകളില്‍ നിന്നുള്ള അന്താരാഷ്ട്ര വ്യക്തിത്വങ്ങളുടെ അപൂര്‍വ്വ സംഗമവേദിയായി മാറാറുള്ള ഇവിടെ ഗവേഷകരുടെയും വിദ്യാര്‍ത്ഥികളുടെയും പുസ്തക പ്രേമികളുടെയും പ്രതീക്ഷയായി വളര്‍ന്നിട്ട് വര്‍ഷങ്ങളായി.


ലോകത്തെ ഏറ്റവും പുതിയ പുസ്തകമേള ആഘോഷമാക്കി മാറ്റുന്നതില്‍ പ്രഥമസ്ഥാനം മലയാളികള്‍ക്കാണ്. അതില്‍തന്നെ പ്രവാസികളായ മലയാളികളാണ് മേളയിലെ ഏഴാം നമ്പര്‍ ഹാളിനെ മേള നടക്കുന്ന പതിനൊന്ന് ദിവസവും സജീവമാക്കുന്നത്. നവംബര്‍ 1 മുതല്‍ 12 വരെയായി 13 ദിവസം നീണ്ടുനിന്ന പുസ്തകമേളയില്‍ മലയാളികള്‍ കുടുംബസമേതമാണ് എത്തിക്കൊണ്ടിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നും എത്തുന്ന പ്രമുഖ എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ഇവര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ജന്മനാടിന്റെയും, മാതൃഭൂമിയുടെയും ചൂടും, ചൂരും, സ്വാദും ആസ്വദിക്കാന്‍ പോറ്റമ്മ നാട് ഒരുക്കുന്ന സ്നേഹവിരുന്നായാണ് മലയാളികള്‍ ഷാര്‍ജ പുസ്തകോത്സവത്തെ കാണുന്നത്. പൊള്ളുന്ന കനല്‍മണലിലേക്ക് അക്ഷരങ്ങള്‍ പേമാരിയായി പെയ്യുമ്പോള്‍ പുതമഴകൊണ്ട മണ്ണില്‍ നിന്നെന്നപോലെ താളുകളില്‍ നിന്നുയര്‍ന്നുവരുന്ന പുസ്തകഗന്ധം അനുഭവിച്ചറിയാന്‍ ഓടിക്കൂടുന്നവരില്‍ മലയാളികള്‍ മാത്രമല്ല, വിവിധ രാജ്യക്കാരും, സ്വദേശികളുമുണ്ട്.

പതിനൊന്ന് ദിവസം നീണ്ടുനിന്ന അക്ഷരമേളയില്‍ മുമ്പൊരു മേളയിലും കണ്ടിട്ടില്ലാത്ത അക്ഷരസ്നേഹികളുടെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. 95 രാജ്യങ്ങളില്‍ നിന്നായി 2213 പ്രസാധകരമാണ് ഇത്തവണ ഷാര്‍ജ മേളക്കെത്തിയത്. 57 രജ്യങ്ങളിലെ എഴുത്തുകാര്‍ ഉള്‍പ്പടെ 130 പ്രമുഖര്‍ ഷാര്‍ജയിലെത്തി. 15 ലക്ഷത്തിലേറെ ശീര്‍ഷകങ്ങളോടെയുള്ള പുസ്തകങ്ങള്‍ മേളയില്‍ സ്ഥാനം പിടിച്ചു. 1047 സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. ക്യൂബ, കോസ്റ്റാറിക്ക, ലൈബീരിയ, ഫിലിപ്പൈന്‍സ്, അയര്‍ലണ്ട്, മാള്‍ട്ട, മാലി, ജമൈക്ക, ഐസ്ലാന്റ്, ഹംഗറി തുടങ്ങി 10 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര്‍ ആദ്യമായി ഷാര്‍ജ ബുക്ക്ഫെസ്റ്റിനെത്തി. ഇന്ത്യയില്‍ നിന്ന് 112 പ്രസാധകര്‍ പങ്കെടുത്തു. ഇതില്‍ കൂടുതല്‍ പ്രസാധകരും മലയാളത്തില്‍ നിന്നുള്ളവരാണ്. മലയാളികളെ സംബന്ധിച്ച് അഭിമാനം പകരുന്നതായിരുന്നു ഷാര്‍ജ പുസ്തകമേള. പ്രാദേശികമായി നോക്കിയാല്‍ മേളക്കെത്തുന്നവരില്‍ കൂടുതല്‍ കേരളീയര്‍. ഇന്ത്യയില്‍ നിന്നുള്ള പ്രസാധകരിലും കൂടുതല്‍ മലയാളത്തില്‍ നിന്നുതന്നെ. എക്സ്പോയിലെ ഏഴാം നമ്പര്‍ ഹാളില്‍ മലയാളത്തിന്റെ ആരവമാണ്. ഇവിടുത്തെ റൈറ്റേഴ്സ് ഫോറത്തില്‍ 300ലധികം പുസ്തകങ്ങളാണ്. ഇത്തവണ പ്രകാശിതമായത്. ഇതിനുപുറമെ, പുസ്തക സ്റ്റാളുകളിലും പ്രകാശനങ്ങള്‍ നടന്നു. റൈറ്റേഴ്സ് ഫോറത്തിലെ ചടങ്ങുകളൊന്നും തട്ടിക്കൂട്ടിയവയായിരുന്നില്ല. മുന്‍കൂട്ടി അനുമതി വാങ്ങി, പ്രമുഖരെ ക്ഷണിച്ച് പുസ്തകം ആ വായനക്കാര്‍ക്കുമുമ്പില്‍ അവതരിപ്പിക്കുന്നു. അതിനടുത്ത് തന്നെയുള്ള സ്റ്റാളുകളില്‍ പുസ്തകം എഴുത്തുകാരന്റെ കൈയ്യൊപ്പോടെ വാങ്ങുന്നതിനുള്ള സൗകര്യവുമുണ്ട്. പ്രശസ്തരായവരുടെ പുസ്തകങ്ങള്‍ക്കൊപ്പം എഴുതിവരുന്ന പുതിയ തലമുറയില്‍പ്പെട്ടവരുടെയൊക്കെ പുസ്തകങ്ങള്‍ വായനക്കാരുടെ ആരവങ്ങള്‍ക്കിടയില്‍ ഇവിടെ പ്രകാശിതമാകുന്നു.


പ്രവാസി എഴുത്തുകാര്‍ക്കു പുറമെ, കേരളത്തില്‍ നിന്ന് നിരവധി എഴുത്തുകാരാണ് സ്വന്തം പുസ്തകവുമായി പ്രസാധകരോടൊത്ത് ഇവിടെയെത്തി പുസ്തകപ്രകാശനത്തില്‍ നേരിട്ട് പങ്കെടുത്തത്. അനേകം കുടുംബങ്ങള്‍ ഷാര്‍ജ ബുക്ക് ഫെസ്റ്റ് കാണാനായി എത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. പുസ്തക പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കാന്‍ പ്രമുഖ എഴുത്തുകാര്‍ ഒരു മടിയും കാണിച്ചില്ല. സാധാരണ വായനക്കാരുമായി സംവദിക്കുന്നതിനും, ഇടപെടുന്നതിലും ഇവര്‍ മുന്നോട്ടുവന്നു. കേരളത്തിലാണെങ്കില്‍ ഇവരോട് സംസാരിക്കുക എളുപ്പമല്ല. സംഘാടകരുടെ നിയന്ത്രണം മുതല്‍ ആള്‍ക്കൂട്ട അച്ചടക്കമില്ലായ്മയൊക്കെ തടസ്സമാവുമ്പള്‍ ഷാര്‍ജ പുസ്തകമേളയുടെ ഘടന മറ്റൊന്നാണ്. ഇവിടെ എഴുത്തുകാര്‍ ആശയവിനിമയത്തിന് പ്രാപ്യമാകുന്നത് വായനക്കാര്‍ എഴുത്തുകാരെ നെഞ്ചേറ്റുന്നതുകൊണ്ടുതന്നെയാണെന്ന് കാണാം. എല്ലാ വര്‍ഷവും നവംബറിന്റെ തുടക്കത്തില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി ഷാര്‍ജയില്‍ എത്തുന്ന കപ്പലുകളിലും, വിമാനങ്ങളിലും കൂടുതലും പുസ്തകകെട്ടുകളായിരിക്കും. പല ഭാഷകളിലുള്ള ലക്ഷക്കണക്കിന് പുസ്തകങ്ങള്‍. ഇവക്ക് സെന്‍സറിംഗ് ഇല്ല. കസ്റ്റംസ് പരിശോധനകളില്ല. അത് ഷാര്‍ജാ ഭരണാധികാരിയുടെ ഉത്തരവാണ്. മേള നഗരിയിലെ സ്റ്റാന്റില്‍ പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കുന്നതുവരെയുള്ള എല്ലാ നടപടികളും സൗജന്യമാണ്. കാരണം, അവ ഷാര്‍ജയുടെ അഭിമാനമായ സാംസ്‌കാരികോത്സവത്തിന്റെ ആത്മാവുകളാണ്.

കടുത്ത ചൂടില്‍ നിന്ന് തണുപ്പിലേക്ക് മാറുന്ന നവംബറിന്റെ ആദ്യ ദിവസങ്ങളിലാണ് അക്ഷരോത്സവം നടക്കുക. വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്ന് എഴുത്തുകാരും മറ്റു അതിഥികളും എത്തുന്നതുകൊണ്ട് ഏറ്റവും മികച്ച കാലാവസ്ഥ നോക്കിയാണ് നവംബറില്‍ മേള നിശ്ചയിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി തുടരുന്ന ഈ രീതിക്ക് ഒരു മാറ്റവും വന്നിട്ടില്ല. പത്തോ പതിനഞ്ചോ ദിവസം നീളുന്ന ഇതിനെ വാര്‍ഷിക തീര്‍ത്ഥാടനമായിട്ടാണ് പുസ്തക പ്രേമികള്‍ കാണുന്നത്. മറ്റെല്ലാ പരിപാടികളും മാറ്റിവെച്ച് എഴുതുന്നതും, പറയുന്നതുമായ വാക്കുകളുടെ ഗന്ധം തേടിയെത്തുന്നവര്‍, നാട്ടില്‍ പോകുന്നതും വരുന്നതുമെല്ലാം ഇതിനനുസരിച്ച് ക്രമീകരിക്കുന്ന പ്രവാസികളുടെ എണ്ണം ഏറെ വലുതാണ്. പ്രവാസം മതിയാക്കി പോയ നിരവധി പേര്‍ ഷാര്‍ജാ മേളയുടെ ആത്മാവില്‍ ലയിക്കാനെത്തുന്നു. പുസ്തക പ്രേമികള്‍ക്ക് ഏറ്റവും കുറഞ്ഞ വിലയില്‍ പുസ്തകം വാങ്ങാനുള്ള അവസരമായും ഇതിനെ കാണുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിക്കൂട്ടി പോകുന്നതുപോലെ നാനാ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ഉന്തുവണ്ടിയില്‍ (Trolly) പുസ്തകങ്ങളുമായി നടന്നുനീങ്ങുന്ന കാഴ്ച ലോകത്ത് മറ്റൊരിടത്തും കാണാനായില്ല.


ഷാര്‍ജയുടെ ഈ പുസ്തക പ്രണയത്തിനുപിന്നില്‍ മഹാനായ ഒരു ഭരണാധികാരിയുണ്ട്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജാ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. അറിവിനും സംസ്‌കാരത്തിനും പ്രഥമ പരിഗണന നല്‍കുന്ന അത്യപൂര്‍വ്വ സ്വഭാവങ്ങള്‍ ഒത്തുചേര്‍ന്ന, വിജ്ഞാനത്തിന്റെ ഉപാസകനായ, മഹാപ്രതിഭയായ ഭരണാധികാരി. ഒട്ടുമിക്ക വിജ്ഞാനശാകളുടെയും സാംസ്‌കാരിക ധാരകളുടെയും, ഗവേഷണ മേഖലകളുടെയും ആധികാരിക റഫറന്‍സ് എന്ന് വിളിക്കാവുന്ന വ്യക്തിയാണ് ഈ ഭരണാധികാരി. 50ലധികം പുസ്തകങ്ങളുടെ രചയിതാവാണിദ്ദേഹം. മികച്ച എഴുത്തുകാരനായ ഇദ്ദേഹത്തെ തേടി നിരവധി അന്താരാഷ്ട്ര ബഹുമതികളും, പദവികളും എത്തിയിട്ടുണ്ട്. കോഴിക്കോട് സര്‍വ്വകലാശാല ഡി. ലിറ്റ് ബഹുമതി നല്‍കി ആദരിച്ചിരുന്നു. എഴുത്തും വായനയും ജീവിതത്തിന്റെ ഭാഗമാക്കിയ ഷാര്‍ജാ ഭരണാധികാരിയുടെ ഇടപെടലുകളാണ് ഷാര്‍ജാ പുസ്തകോത്സവത്തെ ലോകോത്തരമാക്കുന്നത്.


മറ്റെല്ലാ താല്‍പ്പര്യങ്ങളും മാറ്റിവെച്ച് വായനക്കാരന് പ്രാധാന്യം നല്‍കുക, വായന വര്‍ധിപ്പിക്കുക എന്നീ രണ്ട് ലക്ഷ്യമേ മേളക്ക് ഉണ്ടാകാന്‍ പാടുള്ളൂ എന്നാണ് ഷാര്‍ജാ ഭരണാധികാരിയുടെ നിര്‍ദേശം. മേളയെ മുന്നില്‍ നിന്ന് നയിക്കുന്നത് അദ്ദേഹമാണ്. മേള തുടങ്ങുന്നതിന് മാസങ്ങള്‍ മുമ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അദ്ദേഹമുണ്ടാകും. ഉദ്ഘാടനത്തിന് മുമ്പുതന്നെ പുസ്തക നഗരി നേരില്‍ സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്‍കും. ശൈഖ് സുല്‍ത്താന്റെ ഈ പുസ്തകപ്രേമം കണ്ട് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുള്‍ കലാം ഉള്‍പ്പടെയുള്ളവര്‍ വിസ്മയം പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും മൂന്ന് ലക്ഷം ഡോളര്‍ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാനായി മാത്രം നീക്കിവെക്കാറുണ്ട്. ഏത് ഭാഷയിലുള്ള പുസ്തകമായാലും ഈ ഗ്രാന്റ് ലഭിക്കും. ഒറ്റ ഉപാധിയേയുള്ളൂ. ഷാര്‍ജ പുസ്തകമേളയില്‍ വച്ചായിരിക്കണം ഈ കരാര്‍ ഒപ്പിടേണ്ടത്. കോടിക്കണക്കിന് ദിര്‍ഹമാണ് ഓരോ വര്‍ഷവും മേളയുടെ സുഗമമായ നടത്തിപ്പിന് ഷാര്‍ജാ ഭരണാധികാരി ചിലവഴിക്കുന്നത്. ആര്‍ക്കും ഒരു പരിഭവത്തിനും ഇടം നല്‍കാതെ മേള നടക്കുന്ന 13 ദിവസവും ലക്ഷക്കണക്കിന് പേരെത്തി ലോകത്തെ ഒന്നാം നമ്പര്‍ മേളയാക്കി ഷാര്‍ജാ ബുക്ക് ഫെസ്റ്റിനെ നിലനിര്‍ത്തുന്നു.


ഈ ലോകോത്തര പുസ്തകമേളക്ക് പിന്നിലും തീര്‍ച്ചയായും ഒരു മലായളിയുടെ കൈയൊപ്പുണ്ട്. പയ്യന്നൂര്‍ സ്വദേശിയായ പി.വി മോഹന്‍കുമാര്‍. ഷാര്‍ജാ ബുക്ക് അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ്, അറബികള്‍ മാത്രം നിയന്ത്രിക്കുന്ന ഷാര്‍ജാ പുസ്തകോത്സവത്തിലെ ഏക വിദേശി. മേളയില്‍ ഇന്ത്യന്‍ പ്രസാധകര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്നതിന്റെ അടിസ്ഥാന ഘടകം. കഴിഞ്ഞ 41 മേളകളിലും സംഘാടക പ്രമുഖനായി നില്‍ക്കുന്നത് കെ.വി. മോഹന്‍കുമാറെന്ന മോഹനേട്ടനാണ്. മനസ്സും ശരീരവും പുസ്തകമേളക്കായി സമര്‍പ്പിച്ച അദ്ദേഹത്തെ മേളയില്‍ എല്ലായിടത്തും കാണാം. പുസ്തകമേളയുടെ വിജയത്തിനായി ഓടി നടക്കുമ്പോള്‍ പ്രായം മറന്നുപോകുന്നതായും പ്രത്യേകം ഉന്മേഷം ലഭിക്കുന്നതായും അദ്ദേഹം പറയുന്നു. വായനയെ സ്നേഹിക്കുന്ന ഭരണാധികാരി ഷാര്‍ജയിലുള്ളതുകൊണ്ട് മാത്രമാണ് ഇത്തരമൊരു മേള ഭംഗിയായി നടത്താന്‍ കഴിയുന്നത്. ഇവിടെ എത്തുന്ന ആയിരക്കണക്കിന് വരുന്ന പ്രസാധകര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നു. ഓരോ വര്‍ഷവും പുസ്തകം വില്‍പ്പനയിലൂടെ മാത്രം ജീവിതം നീക്കുന്നവരുണ്ട്. കോവിഡ് കാലത്തുപോലും മേള നടത്തിയത് ഇത്തരക്കാരെ കണ്ടിട്ടായിരുന്നു.

പുസ്തകങ്ങള്‍ പലപ്പോഴും വിലക്കുവാങ്ങി പ്രസാധകരെ സഹായിക്കുന്ന ഭരണാധികാരി ലോകത്ത് മറ്റൊരിടത്തുമില്ല. ഷാര്‍ജാ പുസ്തകമേള പോലെ മറ്റൊന്ന് ലോകത്തൊരിടത്തും കാണാന്‍ കഴിയില്ല. ജനങ്ങള്‍ ഒഴുകിയെത്തുകയാണിവിടെ, വരുന്നവരില്‍ നല്ലൊരു ശതമാനം ആളുകളും പുസ്തകം വാങ്ങിയാണ് മടങ്ങുന്നത്. ആയിരക്കണക്കിന് കുട്ടികളാണ് ദിനംപ്രതി മേളക്ക് എത്തുന്നത്. ഇവരിലേക്ക് വായനയുടെ ഊര്‍ജ്ജം പകരാന്‍ മേളക്കായിട്ടുണ്ട്. നാട്ടില്‍ നിന്ന് നിരവധി കുടുംബങ്ങളാണ് ഈ മേള കാണാന്‍ എത്തുന്നതെന്നും അദ്ദേഹം പറയുന്നു. ലോകത്തെ എല്ലാ പുസ്തകമേളകളിലും സ്ഥിരം സന്ദര്‍ശകനാണ് മോഹന്‍കുമാര്‍. അതുകൊണ്ടുതന്നെ ലോകത്തിലെ ഏത് പുസ്തകമേളയക്കുറിച്ചുമുള്ള ഗഹനമായ പഠനവും നടത്തിയിട്ടുണ്ട്. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് പുസ്തക മേളയായിരുന്നു ഇക്കാലമത്രയും ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്നത്. അവിടെ എട്ടാം നമ്പര്‍ ഹാളാണ് ആ മേളയുടെ ഹൃദയം. ലോകത്തെ എല്ലാ പ്രമുഖ പ്രസാധകരും ഒത്തുച്ചേരുന്ന വമ്പന്‍ ഹാള്‍. കഴിഞ്ഞ ചില വര്‍ഷങ്ങളായി ഇവിടെ പങ്കാളിത്തം വളരെ കുറവായിരുന്നു. വലുപ്പത്തില്‍ അടുത്തത് ലണ്ടന്‍ പുസ്തകമേളയാണ്. പിന്നെ ബുക്ക് എക്സ്പോ അമേരിക്ക. ഇവിടെയെല്ലാം പ്രസാധകരുടെയും, സന്ദര്‍ശകരുടെയും എണ്ണം വളരെ കുറഞ്ഞുവരുന്നതായി കാണാം. എന്നാല്‍, ഷാര്‍ജയിലേക്കെത്തിയാല്‍ പ്രസാധകര്‍ക്ക് സ്റ്റാളുകള്‍ അനുവദിക്കാന്‍ പറ്റാത്ത നിലയാണുള്ളത്. അടുത്ത വര്‍ഷങ്ങളില്‍ ഇതിലധികം പ്രസാധകര്‍ എത്തും. എങ്ങനെ നോക്കിയാലും ലോകത്തെ ഒന്നാം നമ്പര്‍ പുസ്തകോത്സവമെന്ന അംഗീകാരത്തിന് അര്‍ഹത ഷാര്‍ജാ ബുക്ക് ഫെസ്റ്റിനുതന്നെയാണ്.


ഷാര്‍ജാ മേളക്ക് പിന്നിലെ മനസ്സാണ് അതിന്റെ വിജയമെന്ന് മോഹന്‍കുമാര്‍ പറഞ്ഞു. ഇതൊരു വാണിജ്യമേളയായല്ല സംഘടിപ്പിക്കുന്നത്. സാംസ്‌കാരിക മേളയായിട്ടാണിതിനെ കാണുന്നത്. മറ്റു മേളകളില്‍ നിന്നെല്ലാം ഷാര്‍ജയെ വിഭിന്നമാകുന്ന ഘടകം ഇതുതന്നെയാണ്. ഈ വര്‍ഷം ലോകപ്രശസ്തരായ പലരെയും കൊണ്ടുവരാന്‍ കഴിഞ്ഞു.

ആയിരത്തിലധികം സാംസ്‌കാരിക പരിപാടികള്‍ നടത്തി. എല്ലാറ്റിനും പ്രവേശനം സൗജന്യമാണ്. പുസ്തക വില്‍പ്പന മുന്‍വര്‍ഷങ്ങളേക്കാള്‍ പതിന്മടങ്ങായിരുന്നു. ഇത് നല്‍കുന്നത് ശുഭസൂചനയാണ്. ലോക പുസ്തകോത്സവത്തിലെ പതിനൊന്ന് നാളുകള്‍ പുതിയ അറിവുകളുടേതായിരുന്നു. പ്രശസ്തരായവര്‍ക്കൊപ്പം, എഴുതി തുടങ്ങുന്നവര്‍ക്കൊപ്പം, എന്തും എഴുതുന്നവര്‍ക്കൊപ്പവും അവരുടെ കൃതികളെ അടുത്തറിയാനുള്ള സന്ദര്‍ഭം. വിവിധ മേഖലകളില്‍ പ്രമുഖരായവരെ അടുത്ത് കാണുമ്പോഴുള്ള ആദരം. ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ക്കിടയിലൂടെ ഒരു ചെറിയ ജീവിയായി പറന്നു നടക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷാനുഭവം. ലോകം വായിക്കുകയാണ്, അക്ഷരങ്ങള്‍ പരക്കുകയാണ്.

Similar Posts