രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം; പ്രതിപക്ഷ ഐക്യം പ്രതീക്ഷ നല്‍കുന്നത് - ഡോ. പി.ജെ ജയിംസ്
|2014 ല്‍ മോദി അധികാരത്തില്‍ വരുമ്പോള്‍ എട്ട് ശതകോടി ഡോളര്‍ ആസ്തി മാത്രമുണ്ടായിരുന്ന അദാനി ഏഴു വര്‍ഷംകൊണ്ട് 150 ശതകോടി ഡോളര്‍ ആസ്തിയുടെ ഉടമയായി മാറി. അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റിന് അകത്തോ പുറത്തോ ഉന്നയിക്കുന്നത് തടയുക എന്ന അജണ്ടയാണ് അദ്ധേഹത്തെ തിടുക്കപ്പെട്ട് അയോഗ്യനാക്കിയ നടപടികളുടെ കാര്യത്തില്‍ ഉണ്ടായത്.
കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്റിന് മുന്നിലും വിജയ് ചൗക്കിലുമായി പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത ധര്‍ണ നടന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ നിരാശാജനകമായ അവസ്ഥയില്‍നിന്നും പ്രതീക്ഷാ നിര്‍ഭരമായ അവസ്ഥയിലേക്കുണ്ടായ ഒരു മാറ്റമാണത്. പ്രത്യേകിച്ച് പാര്‍ലമെന്ററി നേതൃത്വം പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരുന്ന അവസ്ഥയില്‍നിന്ന്. മൂന്നാം മുന്നണിയെന്ന് ഒരു വിഭാഗം പറയുകയും കോണ്‍ഗ്രസ്സ് നേതൃത്വം അതിനെതിരായി വ്യത്യസ്തമായ സമീപനം സ്വീകരിക്കുകയും ചെയ്ത സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. അതെല്ലാം മാറി ഒരു ഐക്യം രൂപപ്പെട്ടിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാര്‍ലമെന്ററി പ്രതിപക്ഷത്തിന്റെ ഐക്യം പ്രകടമായിട്ടുണ്ട്. അത് സ്വാഗതാര്‍ഹമായ കാര്യമാണ്. പക്ഷേ, പാര്‍ലമെന്റിനു മുന്നിലെ പ്രതിഷേധ പരിപാടിക്കു ശേഷം സി.പി.എം ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന വന്നു, 2024 ല്‍ വിശാല സഖ്യം ഉണ്ടാകില്ല എന്ന്. മറിച്ച്, സംസ്ഥാനതലത്തിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും ഐക്യമുണ്ടാവുകയെന്ന്. അതിന്റെ അര്‍ഥം ഇതില്‍നിന്നും വീണ്ടും അവര്‍ പാഠം പഠിക്കുന്നില്ല എന്നുതന്നെയാണ്.
ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണത്തിനെതിരായ ശക്തമായ ഒരു പ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവരുന്നത് തന്റെ നിലപാടുകളിലൂടെ രാഹുല്‍ ഗാന്ധി തന്നെയാണ്. മറ്റു കോണ്‍ഗ്രസ്സ് നേതാക്കളെല്ലാം തന്നെ നിശബ്ദരാവുകയോ മൃതുഹിന്ദുത്വ സമീപനം സ്വീകരിക്കുകയോ ചെയ്യുമ്പോഴാണ് രാഹുല്‍ഗാന്ധി വളരെ കാലമായി സ്ഥിരതയുള്ള നിലപാട് എടുക്കുന്നത്. അതുകൊണ്ടുതന്നെയാണ് രാഹുലിനെതിരായ മോദിയുടെ പടയൊരുക്കവും. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് കര്‍ണാടകത്തിലെ കോലാറില്‍ വെച്ച് നടന്ന പൊതുയോഗത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം അയോഗ്യതയിലേക്ക് നയിച്ച പരാമര്‍ശമുണ്ടായത്. ലളിത് മോദി മുതല്‍ നീരവ് മോദിവരെയുള്ള കള്ളന്‍മാര്‍ക്ക് എന്തുകൊണ്ടാണ് മോദി എന്ന കുടുംബപ്പേര് ഉണ്ടാകുന്നത് എന്ന, സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രസംഗങ്ങളില്‍ ഉണ്ടാകാവുന്ന ഒരു പരാമര്‍ശമാണ് രാഹുലിന്റെ പ്രസംഗത്തിലും ഉണ്ടായത്. കാരണം, ലളിത് മോദിയും നീരവ് മോദിയുമൊക്കെതന്നെ പതിനായിരക്കണക്കിന് കോടി രൂപ വെട്ടിപ്പ് നടത്തി രാജ്യം വിട്ടവരാണ്. ഇതിലെല്ലാം ഉത്കണ്ഠയുള്ള ഏതൊരു രാഷ്ട്രീയ നേതാവും പറയാവുന്നതേ രാഹുലും പറഞ്ഞിട്ടുള്ളൂ. അത് പറയുന്നത് രാജ്യദ്രോഹമാണെന്നും അത് പ്രധാനമന്ത്രിക്കെതിരാണെന്നും പറയുന്നതിനെയൊക്കെ തന്നെയാണ് ഫാഷിസം എന്നു പറയുന്നത്. ആ വിഷയം ചികഞ്ഞെടുത്ത് കര്‍ണാടകത്തില്‍നിന്ന് സൂറത്തില്‍ കൊണ്ടുവന്നാണ് രാഹുലിനെതിരായ ഒരു വിധി സമ്പാദിച്ചത്. അതേസമയം, രാഹുല്‍ നടത്തിയ പരാമര്‍ശത്തേക്കാള്‍ വളരെ മോശമായ കമെന്റുകള്‍ നടത്തിയ വ്യക്തിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി മോദി. അദ്ദേഹം ഗുജറാത്തില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ സോണിയ ഗാന്ധി ജേഴ്‌സിപ്പശു ആണെന്നും രാഹുല്‍ഗാന്ധി സങ്കര ഇനമാണെന്നും ഉള്ള പ്രസ്താവന നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്തരത്തില്‍ വളരെ തരം താഴ്ന്ന പരാമര്‍ശങ്ങള്‍ നടത്തിയ വ്യക്തിയാണ് മോദി.
വിധി വന്നതിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് അടിയന്തരമായി കൂടി രാഹുലിന്റെ ലോക്‌സാഭാംഗത്വത്തിന് അയോഗ്യത കല്‍പിച്ചത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. അത് കൃത്യമായ ഒരു അജണ്ടയുടെ ഭാഗമാണെന്ന് ആര്‍ക്കും മനസ്സിലാകും. കാരണം, സാധാരണ ഉത്തരവാദിത്തപ്പെട്ട ഒരു കോടതി, ഇത്തരം കേസ് വന്നുകഴിഞ്ഞാല്‍ അത് ഫയലില്‍പോലും സ്വീകരിക്കപ്പെടാതെ തള്ളിക്കളയുമെന്നാണ് പ്രതീക്ഷിക്കാറ്. പല നിയമ പണ്ഡിതരും അത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് അങ്ങിനെ ചെയ്യാതിരുന്നത് കൃത്യമായ ഒരു പദ്ധതിയുടെ ഭാഗമായാണ്. ജുഡീഷ്യറി അടക്കം ഭരണഘടനാ സ്ഥാപനങ്ങളെല്ലാം തന്നെ ഫാഷിസ്റ്റ് പിടിയിലായിത്തീര്‍ന്നിട്ടുണ്ട്. വരുതിയില്‍ നില്‍ക്കാത്തവരെ വകവരുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. ഭരണഘടനാ സ്ഥാപനങ്ങളെല്ലാം തന്നെ മഹാ ഭൂരിപക്ഷവും വരുതിയിലായിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് രാഹുലിനെതിരായ വിധിയും നടപടിക്രമങ്ങളും ഉണ്ടായിരിക്കുന്നത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതോടുകൂടിയാണ് വളരെ വലിയ തട്ടിപ്പുകളും വെട്ടിപ്പുകളും നിറഞ്ഞ ഒരു പ്രക്രിയയിലൂടെയാണ് ഈ കോര്‍പറേറ്റ് സാമ്രാജ്യം കെട്ടിപ്പടുത്തതെന്നുള്ള വസ്തുത പുറത്തുവരുന്നത്. അദാനിയുടെ ഈ കോര്‍പറേറ്റ് കുമിള ഊഹസമ്പത്താണ്. അതുകൊണ്ടൊക്കെത്തന്നെയാണ് രാജ്യ സമ്പത്ത് അദാനി കൈക്കലാക്കുന്നത്. ഊഹക്കുമിള പൊട്ടുകയും അദാനിയുടെ സമ്പത്ത് 150 ബില്യണ്‍ ഡോളറില്‍നിന്ന് 37 ബില്യണ്‍ ഡോളറായി തകരുകയും ചെയ്തു.
രാഹുലിനെതിരായ നീക്കത്തിലെ പ്രധാനപ്പെട്ട ഒരു പ്രശ്‌നം അദാനിയുമായി ബന്ധപ്പെട്ടതാണ്. 2014 ല്‍ മോദി അധികാരത്തില്‍ വരുമ്പോള്‍ എട്ട് ശതകോടി ഡോളര്‍ ആസ്തി മാത്രമുണ്ടായിരുന്ന അദാനി ഏഴു വര്‍ഷംകൊണ്ട് 150 ശതകോടി ഡോളര്‍ ആസ്തിയുടെ ഉടമയായി മാറിയ പ്രക്രിയയാണത്. ഭരണകൂടവും അദാനിയുമായുള്ള ബാന്ധവം തന്നെയാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഘടകങ്ങള്‍. മോദി ഭരണത്തിനെതിരായ, പ്രത്യകിച്ചും മോദി സര്‍ക്കാറും അദാനിയുമായിട്ടുള്ള ഏറ്റവും അടുത്ത ബന്ധം (crony capitalism) വളരെ പ്രത്യക്ഷത്തില്‍ തുറന്നുകാട്ടപ്പെട്ടു. ഇതിലേക്കെല്ലാം വഴിവെച്ച സാഹചര്യം രാഹുല്‍ ഗാന്ധി പാര്‍ലമെന്റിന് അകത്തോ പുറത്തോ ഉന്നയിക്കുന്നത് തടയുക എന്ന അജണ്ടയാണ് അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടികളുടെ കാര്യത്തില്‍ അടിയന്തരമായി ഉണ്ടായത്.
കോര്‍പറേറ്റ് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു വളര്‍ച്ചയാണ് അദാനിക്കുണ്ടായത്. രണ്ടായിരത്തില്‍ മോദി ഗുജറാത്തില്‍ അധികാരത്തില്‍ വരുന്ന പശ്ചാത്തലത്തില്‍ അദാനിയുടെ ആസ്തി അംബാനിയുടെ ആസ്തിയുടെ അഞ്ഞൂറിലൊന്ന് മാത്രമായിരുന്നു. അതാണ് പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ കുത്തക സ്ഥാനത്തേക്കും ലോക കുത്തക പട്ടികയിലെ മൂന്നാം സ്ഥാനത്തേക്കും എത്തുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതോടുകൂടിയാണ് വളരെ വലിയ തട്ടിപ്പുകളും വെട്ടിപ്പുകളും നിറഞ്ഞ ഒരു പ്രക്രിയയിലൂടെയാണ് ഈ കോര്‍പറേറ്റ് സാമ്രാജ്യം കെട്ടിപ്പടുത്തതെന്നുള്ള വസ്തുത പുറത്തുവരുന്നത്. അദാനിയുടെ ഈ കോര്‍പറേറ്റ് കുമിള ഊഹസമ്പത്താണ്. അതുകൊണ്ടൊക്കെത്തന്നെയാണ് രാജ്യ സമ്പത്ത് അദാനി കൈക്കലാക്കുന്നത്. ഊഹക്കുമിള പൊട്ടുകയും അദാനിയുടെ സമ്പത്ത് 150 ബില്യണ്‍ ഡോളറില്‍നിന്ന് 37 ബില്യണ്‍ ഡോളറായി തകരുകയും ചെയ്തു. (അദാനിയെ സംബന്ധിച്ചിടത്തോളം മോദി അധികാരത്തില്‍ വരുമ്പോള്‍ എട്ട് ഡോളര്‍ സ്വത്തേ ഉള്ളൂ, അത് 37 ബില്യണ്‍ ഡോളറായി നില്‍ക്കുന്നുണ്ട്) പക്ഷേ, ഇതിനിടയില്‍ സംഭവിച്ച നഷ്ടം എന്നു പറയുന്നത്, അദാനിയുടെ ഓഹരികളില്‍ നിക്ഷേപിച്ച മധ്യവര്‍ഗങ്ങളെല്ലാം തന്നെ പൂര്‍ണമായും തകര്‍ന്നു എന്നതാണ്. അതുപലെതന്നെ ഇവിടത്തെ പൊതുമേഖല ബാങ്കുകള്‍, എല്‍.ഐ.സി, സ്റ്റേറ്റ് ബാങ്ക് തുടങ്ങിയവയക്കുണ്ടാക്കിയ പ്രതിസന്ധികളും. ഇപ്പോള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനെ പറ്റിയുള്ള റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. നാലരക്കോടിയോളം വരുന്ന ജീവനക്കാരുടെ റിട്ടേയര്‍മെന്റ് പണം അദാനിയുടെ കമ്പനികളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. അതെല്ലാം തന്നെ മൂല്യമില്ലാതെ കുത്തനെ ഇടിഞ്ഞുപോകും.
2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്തുവിലകൊടുത്തും അധികാരത്തില്‍ തുടരുക എന്ന അജണ്ടയാണ് ആര്‍.എസ്.എസ് നയിക്കുന്ന മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കാരണം, ആര്‍.എസ്.എസ് നൂറ്റാണ്ട് തികക്കുന്ന 2025 ല്‍ ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞിരിക്കുകയാണ്. മുസ്‌ലിംകള്‍ക്കെതിരായുള്ള കടന്നാക്രമണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുന്നു. മനുസമൃതിയില്‍ എന്താണോ മുന്നോട്ടുവെക്കുന്നത് അത് തന്നെയാണ് രാജ്യത്ത് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ആ അജണ്ടയാണ് അവര്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. ഇന്ത്യയുടെ ഭരണഘടനാ രൂപീകരണ വേളയില്‍ ആര്‍.എസ്.എസ് മനുസ്മൃതിയെ ഇന്ത്യന്‍ ഭരണഘടനയാക്കാന്‍ വേണ്ടി നടത്തിയ ശ്രമങ്ങളും നീക്കങ്ങളും, അവരുടെ മുഖപത്രത്തിലൂടെ അവര്‍ ആവശ്യപ്പെട്ടതുമല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ന് അധികാരം കൈയിലൊതുങ്ങിയതോടുകൂടി സൂക്ഷ്മവും സ്ഥൂലവുമായ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും തന്നെ നിയന്ത്രിച്ചുകൊണ്ട് ഭരണകൂട അധികാരം മാത്രമല്ല, തെരുവിലെ അധികാരവും കൈവശപ്പെടുത്തി പൂര്‍ണമായും ഫാഷിസ്റ്റ് ഭരണക്രമത്തിലേക്കാണ് ആര്‍.എസ്.എസ് രാജ്യത്തെ കൊണ്ടുപോകുന്നത്. തെരഞ്ഞെടുപ്പു കമീഷനും വോട്ടിങ് മെഷീന്‍ ക്രമക്കേടുകളുമൊക്കെത്തന്നെ സംശയകരമായ കാര്യങ്ങളാണ്. പാര്‍ലമെന്റി ജനാധിപത്യം പ്രാക്ടീസ് ചെയ്യുന്ന, സാങ്കേതിക കാര്യങ്ങള്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ പോലും ഇന്ന് ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീനുകള്‍ ഉപയോഗിക്കുന്നില്ല.
മറ്റോതൊരു ഭരണവര്‍ഗ പാര്‍ട്ടിയേയും പോലെ ഭരണത്തിലിരിക്കുക എന്നും ഏത് ഫാഷിസ്റ്റ് ഭീകര സാഹചര്യത്തിലൂടെ രാജ്യം കടന്നുപോയാലും തങ്ങളുടെ വിഷയമല്ല എന്നുമുള്ള സമീപനമാണ് സി.പി.എന്റെ പ്രസ്താവനയില്‍ നിന്ന് വരുന്നത്. അഖിലേന്ത്യ അടിസ്ഥാനത്തില്‍ ഇന്ന് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പ്രാധാന്യം അവഗണിക്കുന്ന സമീപനമാണ് സി.പി.എമ്മിന്റേത്.
പാര്‍ലമെന്ററി സംവിധാനത്തെകൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണല്ലോ ഇന്ന് ഫാഷിസം നിലനില്‍ക്കുന്നത്. ഹിറ്റ്‌ലറിന്റെയും മുസ്സോളിനിയുടെയും കാലത്ത് പാര്‍ലമെന്ററി ജനാധിപത്യം അത്രയും മുന്നോട്ടുപോയിട്ടില്ലാത്ത ഏകദേശം ഒരു നൂറ്റാണ്ടിന് മുന്‍പുള്ള കാലഘട്ടമണ്. അതിനു ശേഷം പാര്‍ലമെന്ററി ജനാധിപത്യം പല രാജ്യങ്ങളിലും വളരെയധികം മുന്നോട്ടുപോയി. അതിന്റെ അടിസ്ഥാനത്തില്‍ അതിനെക്കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രക്രിയയിലേക്കാണ് മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. 2024 നു ശേഷം പാര്‍ലമെന്റും ഭരണഘടനയുമൊക്കെത്തനെ ഈ രൂപത്തില്‍ നിലനില്‍ക്കുമോ എന്നതൊക്കെ തന്നെ പരിശോധിക്കപ്പെടേണ്ടതാണ്. അത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനുള്ള അനുകൂലമായ സന്ദര്‍ഭം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്ത് രൂപപ്പെട്ടുവരുന്നുണ്ട്. അതില്‍ എങ്ങിനെയാണ് പ്രതിപക്ഷ പാര്‍ട്ടികളൊക്കെതന്നെ പങ്കുവഹിക്കാന്‍ പോകുന്നതെന്ന കാര്യം വളരെ നിര്‍ണായകമാണ്. ഫാഷിസ്റ്റ് കാലഘട്ടത്തില്‍ നാം എന്തു നിലപാട് സ്വീകരിക്കണെന്ന് ചോദ്യം ഉയര്‍ന്നു വരണം.
അതേസമയം, അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഒരു മുന്നണി ഉണ്ടാകില്ലെന്ന് സി.പി.എം നേതാവിന്റെ പ്രസ്താവന വന്നുകഴിഞ്ഞു. കാരണം, സി.പി.എമ്മിന്റെ പ്രദേശികമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രമാണ്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ മുന്നണി ഉണ്ടായാല്‍ കേരളത്തിലെ ഭരണം പ്രശ്‌നമാകുമല്ലോ. കോര്‍പറേറ്റുകളെ മോദി സംരക്ഷിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ തങ്ങള്‍ക്ക് കഴിയുമെന്ന് കോര്‍പറേറ്റുകള്‍ക്ക് ഉറപ്പുകൊടുത്തുകൊണ്ടുള്ള ഭരണമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. മറ്റോതൊരു ഭരണവര്‍ഗ പാര്‍ട്ടിയേയും പോലെ ഭരണത്തിലിരിക്കുക എന്നും ഏത് ഫാഷിസ്റ്റ് ഭീകര സാഹചര്യത്തിലൂടെ രാജ്യം കടന്നുപോയാലും തങ്ങളുടെ വിഷയമല്ല എന്നുമുള്ള സമീപനമാണ് സി.പി.എന്റെ പ്രസ്താവനയില്‍ നിന്ന് വരുന്നത്. അഖിലേന്ത്യ അടിസ്ഥാനത്തില്‍ ഇന്ന് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പ്രാധാന്യം അവഗണിക്കുന്ന സമീപനമാണ് സി.പി.എമ്മിന്റേത്. 2023 ലെ പാര്‍ട്ടി പ്രമേയത്തില്‍ പറഞ്ഞിരിക്കുന്നത്, ഫാഷിസം ഇവിടെ ഇതുവരെ എത്തിയിട്ടില്ലെന്നാണ്. ഫാഷിസത്തിന്റെ ലക്ഷണങ്ങളേയുള്ളൂ, ഫാഷിസം ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നുമാണ്.
ഫാഷിസം എന്നു പറയുന്നത് നിലവിലുള്ള എല്ലാ ജനാധിപത്യ ക്രമത്തേയും ഇല്ലാതാക്കുന്ന ഒന്നാണ്. കോര്‍പറേറ്റുകളും ഹിന്ദുത്വ അജണ്ടകളുമായുള്ള അവിഹിത ബാന്ധവത്തിലൂടെ കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തെ അടിയറവ് വെക്കുകയാണ് മോദി. രാജ്യത്തെ ജനങ്ങളെ കൃത്യമായ ഹിന്ദുത്വ അജണ്ടയിലൂടെ വിഭജിച്ച് ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക, കോര്‍പറേറ്റ് സേവ നടത്തുക എന്നുള്ളതുതന്നെയാണ് മോദി സര്‍ക്കാറിന്റെ അജണ്ട. അത് ഇവിടത്തെ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും എതിരാണെന്നും അവര്‍ കോര്‍പറേറ്റുകളെയും ആഗോള കുത്തകകളെയുമൊക്കെത്തന്നെയാണ് സ്വീകരിക്കുന്നത് എന്നും തിരിച്ചറിഞ്ഞുകൊണ്ടുള്ള സമീപനമാണ്
പ്രതിപക്ഷ കക്ഷികളില്‍നിന്ന് ഉണ്ടാകേണ്ടത്. ഇവിടത്തെ മര്‍ദിത ജനവിഭാഗങ്ങളെയും മതന്യൂനപക്ഷങ്ങളെയും, അടിച്ചമര്‍ത്തപ്പെടുന്ന ദലിത്-ആദിവാസി-സ്ത്രീ ജനവിഭാഗങ്ങളൊക്കെയും ഐക്യപ്പെടുത്തുന്ന ഒരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകേണ്ടത്. അതിന് സഹായകരമായ സാഹചര്യമണ് രാഹുല്‍ഗാന്ധിയുടെ വിഷയത്തിലൂടെ രൂപപ്പെട്ടിട്ടുള്ളത്. അതിനെ ശരിയായി പ്രയോജനപ്പെടുത്തുന്നത് ഫാഷിസ്റ്റ് വിരുദ്ധ ശക്തികള്‍ എന്ന് അവകാശപ്പെടുന്നവരുടെ ഉത്തരവാദിത്തം കൂടിയാണ്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം എന്നു പറയുന്നത് ഫാഷിസ്റ്റുകള്‍ അല്ലാത്ത എല്ലാ പാര്‍ട്ടികളും ഐക്യപ്പെടേണ്ട വിഷയമണ്. ഈ ഘട്ടത്തില്‍ കമ്യൂണിസ്റ്റുകാരെന്ന് പറയുന്നവരുടെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ് ഫാഷിസത്തെ പരാജയപ്പെടുത്തുക എന്നത്. ഫാഷിസ്റ്റുകളെ, ആര്‍.എസ്.എസ്-ബി.ജെ.പി ശക്തികളെ ഒറ്റപ്പെടുത്തണമെന്നും ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കണം എന്നുമുള്ള കാഴ്ചപ്പാടായിരിക്കണം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മുന്നോട്ടുവെക്കേണ്ടത്.
ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികളില്‍നിന്ന് ആകെക്കൂടി കൃത്യമായ രാഷ്ട്രീയ നിലപാട് വെച്ചുകൊണ്ടുള്ള സമീപനം ഉണ്ടായത് രാഹുല്‍ ഗാന്ധിയില്‍നിന്നു തന്നെയാണ്. ആര്‍.എസ്എസ്സിനെ കൃത്യമായി ടാര്‍ഗറ്റ് വെക്കുന്ന, ഇന്ത്യന്‍ ഫാഷിസത്തെ കൃത്യമായി ലക്ഷ്യംവെക്കുന്ന സമീപനമാണ്അദ്ദേഹത്തിന്റേതെന്ന് കാണാന്‍ കഴിയും. രാഹുല്‍ ഗാന്ധി നടത്തിയ പത്രസമ്മേളനത്തില്‍ രണ്ട് കാര്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്. ഒന്ന് അദാനിയും മോദിയും തമ്മിലുള്ള ബന്ധമാണ്. യാതൊരു രേഖകളുമില്ലാതെ അദാനിയുടെ ഷെല്‍ കമ്പനിയില്‍ ഇരുപതിനായിരം കോടിയുടെ നിക്ഷേപം വന്നതെങ്ങിനെയാണ് എന്നതാണത്. ആ ചോദ്യം എവിടെയാണ് കൊള്ളുന്നത് എന്ന് നമുക്ക് അറിയാം. അതുപോലെത്തന്നെ മാപ്പുപറയാന്‍ ഞാന്‍ സവര്‍ക്കറല്ല എന്നു പറയുന്നതും. ബ്രിട്ടീഷുകാര്‍ക്ക് അഞ്ചുതവണ മാപ്പെഴുതിക്കൊടുത്ത സവര്‍ക്കറെയാണ് ആ വാക്കുകള്‍ ഓര്‍മിപ്പിക്കുന്നത്. കൊളോണിയല്‍ കാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യരുതെന്നും ഒരുതുള്ളി വിയര്‍പ്പുപോലും ഒഴുകാതെ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയും ഇല്ലാതാക്കണമെന്ന് പറഞ്ഞവരാണല്ലോ ആര്‍.എസ്.എസ്. അപ്പോള്‍ അതിനെ ടാര്‍ഗറ്റ് ചെയ്യുന്ന ഫാഷിസ്റ്റ് വിരുദ്ധ-കോര്‍പറേറ്റ് വിരുദ്ധ-ഹിന്ദുത്വ വിരുദ്ധ പൊളിറ്റിക്‌സ് ആണ് രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ചത്. അതുതന്നെയാണ് മോദിയെ വിറളിപിടിപ്പിക്കുന്നതും. ഇന്ത്യയിലെ മറ്റു പ്രതിപക്ഷ നേതാക്കളില്‍നിന്നും കൃത്യമായ ഒരു നിലപാട് വരുന്നില്ല. പാര്‍ലമെന്റിന് അകത്തും പുറത്തും രാഹുല്‍ ഗാന്ധിയെ നിശബ്ദമാക്കാനുള്ള അവര്‍ നടത്തിയ നീക്കങ്ങള്‍ താല്‍ക്കാലികമായിട്ടാണെങ്കിലും അവര്‍ക്ക് തന്നെ തിരിച്ചടിയായിട്ടുണ്ട്.
(ഫോണ്‍ സംഭാഷണത്തില്‍ നിന്നും പകര്‍ത്തിയെഴുതിയത്)