Analysis
ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ മോഷ്ടിക്കപ്പെടുമ്പോള്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ എന്തെടുക്കുകയാണ്?
Analysis

ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ മോഷ്ടിക്കപ്പെടുമ്പോള്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ എന്തെടുക്കുകയാണ്?

പി.എ പ്രേംബാബു
|
8 Jan 2024 9:07 AM GMT

ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കും നരഹത്യക്കും പുറമെയാണ് കൊല്ലപ്പെട്ടവരില്‍ നിന്നും, ഒരു പക്ഷേ ജീവന്‍ തുടിക്കുന്ന ഫലസ്തീന്‍ ശരീരങ്ങളില്‍ നിന്നു പോലും അവയവങ്ങള്‍ അനധികൃതമായി പറിച്ചെടുത്ത് വലിയ അവയവ വ്യാപാര അധോലോകം ഇസ്രായേല്‍ നടത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ഫലസ്തീന്‍ വിഷയം നാം മെല്ലെ മെല്ലെ മറന്നു തുടങ്ങിയിരിക്കുന്നു. സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും ഉള്‍പ്പെടെ 23,000 പേര്‍ കൊലചെയ്യപ്പെട്ട, ഇപ്പോഴും കൊലകള്‍ നടക്കുന്ന ഒരു പ്രേതനഗരമാണ് ഇന്ന് ഫലസ്തീന്‍. തീ ഗോളങ്ങള്‍ക്കും, ബോംബിനും ഇടയിലൂടെ മരണത്തെ അതിജീവിക്കുന്ന വിമോചന സ്വപ്നങ്ങളുമായി ഇന്നും ഫലസ്തീന്‍ ജനത പോരാടുകയാണ്.

റഫ മൃഗശാലയില്‍, പട്ടിണികിടക്കുന്ന കുരങ്ങുകളും, തത്തകളും സിംഹങ്ങളും ഇസ്രായേലിന്റെ ആക്രമണത്തിന് ശേഷം ആഴ്ചകളായി ഭക്ഷണത്തിനായി നിലവിളിക്കുന്നു. കുരങ്ങുകള്‍ ചത്തൊടുങ്ങുന്നു. ബാക്കിയായവ ദുര്‍ബലരായി തളര്‍ന്നു കിടക്കുന്നു. ഭക്ഷണം ലഭ്യമാകുമ്പോള്‍ സ്വയം ഭക്ഷണം കഴിക്കാന്‍ പോലും കഴിയാതെ തളര്‍ന്നു നിരങ്ങുന്ന മൃഗങ്ങള്‍. മൃഗശാല ഉടമ അഹമ്മദ് ഗോമ പറയുന്നത് തന്റെ രണ്ട് സിംഹ കുഞ്ഞുങ്ങളെ ജീവനോടെ നിലനിര്‍ത്താന്‍ വേണ്ടി വെള്ളത്തില്‍ കുതിര്‍ത്ത ഉണങ്ങിയ റൊട്ടി മാത്രമാണ് നല്‍കാന്‍ കഴിയുന്നത് എന്നാണ്. മൃഗങ്ങളുടെ സ്ഥിതി വളരെ പരിതാപകരമാണ്. ദിനംപ്രതി കൊടുത്തു കൊണ്ടിരുന്ന കോഴിയിറച്ചി പൂര്‍ണ്ണമായും നിര്‍ത്തലായി. സിംഹങ്ങള്‍ ഭാരം കുറഞ്ഞ് എല്ലും തോലുമായി മരണം കാത്തു കിടക്കുന്നു.


എന്നാല്‍, നമ്മുടെ നാട്ടിലെ ലിബറല്‍ മൃഗ സ്‌നേഹികള്‍, തെരുവു നായ്ക്കള്‍ക്ക് വേണ്ടി കേഴുന്നവര്‍, അവയെ സംരക്ഷിച്ച് തെരുവുകള്‍ നായ്ക്കളെ കൊണ്ട് നിറയ്ക്കാന്‍ സുപ്രീംകോടതി വരെ പോകുന്നവര്‍ (ഫലം റാബിസ് വാക്‌സീന്‍ ലോബിയെ സഹായിക്കല്‍) ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണത്തിന്റെ ഭാഗമായി ഭക്ഷണം ഇല്ലാതെ പട്ടിണികിടന്ന് ചത്തൊടുങ്ങുന്ന മൃഗങ്ങളെ കുറിച്ച് എവിടെയെങ്കിലും പ്രതികരിച്ചതായി കേട്ടിട്ടില്ല.

ഇസ്രായേലിന്റെ ക്രൂരവും ഭയാനകവുമായ അവയവ കച്ചവടം

ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കും നരഹത്യക്കും പുറമെയാണ് കൊല്ലപ്പെട്ടവരില്‍ നിന്നും, ഒരു പക്ഷേ ജീവന്‍ തുടിക്കുന്ന ഫലസ്തീന്‍ ശരീരങ്ങളില്‍ നിന്നു പോലും അവയവങ്ങള്‍ അനധികൃതമായി പറിച്ചെടുത്ത് വലിയ അവയവ വ്യാപാര അധോലോകം ഇസ്രായേല്‍ നടത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. യൂറോ മെഡിറ്ററേനിയന്‍ ഹ്യൂമന്‍ റൈറ്റസ് മോണിറ്റര്‍ പുറത്തുവിട്ട വാര്‍ത്ത മനുഷ്യ മനഃസാക്ഷിയെ നടുക്കുന്നതാണ്. കൂട്ടക്കൊലയ്ക്ക് വിധേയമാകുന്ന ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ സയണിസ്റ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോവുകയും കുത്തിക്കീറി അവയവങ്ങള്‍ കവര്‍ന്നെടുക്കുകയും വലിയ അവയവ വ്യാപാരം നടത്തുകയും ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനീവ ആസ്ഥാനമായ യൂറോ മെഡിറ്ററേനിയന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ ആണ് ഈ വസ്തുത പുറത്തുകൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍, ഇതിനെക്കുറിച്ച് കൃത്യമായ നിലപാട് സ്വീകരിച്ച് അന്വേഷണം നടത്തി, ലോകജനതയ്ക്ക് മുമ്പില്‍ ഈ ഇസ്രായേല്‍ ഭീകരത തുറന്നുകാണിച്ച് നടപടി സ്വീകരിക്കുവാന്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ (United Nations Human Rights Council-UNHRC) തയ്യാറായിട്ടില്ല. മറിച്ച് മനുഷ്യാവകാശത്തിന്റെ കപട മുഖംമൂടി ധരിച്ച് പ്രസ്താവനാ പ്രൊപ്പഗണ്ടയിലൂടെ യാഥാര്‍ഥ്യം മറച്ചു പിടിക്കുകയാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സില്‍.

വടക്കന്‍ ഗസ്സയിലെ അല്‍-ഷിഫ, ഇന്തോനേഷ്യന്‍ ആശുപത്രികളില്‍ നിന്ന് ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ ഇസ്രായേല്‍ സൈന്യം പിടിച്ചെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ചില എന്‍.ജി.ഒ സംഘടനകള്‍ തന്നെ പറയുന്നുണ്ട്. കരള്‍, വൃക്കകള്‍, ഹൃദയങ്ങള്‍, കോക്ലിയകള്‍, കോര്‍ണിയകള്‍ എന്നിവയ്ക്കൊപ്പം സുപ്രധാന അവയവങ്ങള്‍ നഷ്ടപ്പെട്ടതായി മെഡിക്കല്‍ പ്രൊഫഷണലുകള്‍ കണ്ടെത്തുകയുണ്ടായത്രേ.

വടക്കന്‍ ഗസ്സയിലെ അല്‍ശിഫ ആശുപത്രിയില്‍നിന്ന് ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇസ്രയേല്‍ വിട്ടുനല്‍കിയ മൃതദേഹങ്ങളില്‍ വൃക്ക, കരള്‍, ഹൃദയം, കോക്ലിയ, കോര്‍ണിയ തുടങ്ങിയ പ്രധാനപ്പെട്ട അവയവങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന് ഗസ്സയിലെ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയതായും യൂറോ മെഡിറ്ററേനിയന്‍ ഹ്യൂമന്‍ റൈറ്റസ് മോണിറ്റര്‍ പറയുന്നുണ്ട്.

ഇസ്രായേല്‍ വിട്ടുകൊടുത്ത ശേഷം ചില മൃതദേഹങ്ങള്‍ പരിശോധിച്ച ഗസ്സയിലെ മെഡിക്കല്‍ പ്രൊഫഷണലുകളുടെ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഫലസ്തീനിലെ മൃതദേഹങ്ങളില്‍ നിന്ന് അവയവ മോഷണത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് യൂറോ-മെഡ് ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ പറയുന്നുണ്ട്.

വടക്കന്‍ ഗസ്സയിലെ അല്‍-ഷിഫ, ഇന്തോനേഷ്യന്‍ ആശുപത്രികളില്‍ നിന്ന് ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ ഇസ്രായേല്‍ സൈന്യം പിടിച്ചെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ചില എന്‍.ജി.ഒ സംഘടനകള്‍ തന്നെ പറയുന്നുണ്ട്. കരള്‍, വൃക്കകള്‍, ഹൃദയങ്ങള്‍, കോക്ലിയകള്‍, കോര്‍ണിയകള്‍ എന്നിവയ്ക്കൊപ്പം സുപ്രധാന അവയവങ്ങള്‍ നഷ്ടപ്പെട്ടതായി മെഡിക്കല്‍ പ്രൊഫഷണലുകള്‍ കണ്ടെത്തുകയുണ്ടായത്രേ. മരണത്തിന് മുമ്പ് മൃതദേഹങ്ങള്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയാല്‍ അവയവ മോഷണം ഫോറന്‍സിക് മെഡിക്കല്‍ പരിശോധനയിലൂടെ മാത്രം തെളിയിക്കാനോ നിരാകരിക്കാനോ കഴിയില്ലെന്ന് ഗസ്സയിലെ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായി യൂറോ-മെഡ് ഉദ്ധരിക്കുന്നു.


അമേരിക്കയുടെ സി.എന്‍.എന്‍ നെറ്റ്വര്‍ക്ക് 2008-ല്‍ നടത്തിയ അന്വേഷണമനുസരിച്ച്, മനുഷ്യാവയവങ്ങളുടെ അനധികൃത ആഗോള വ്യാപാരത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായി ഇസ്രായേല്‍ കണക്കാക്കപ്പെടുന്നു. ഗസ്സയില്‍ ചിതറി വീഴുന്ന മൃതദേഹങ്ങളില്‍ നിന്ന് ഇസ്രായേല്‍ അവയവങ്ങള്‍ മോഷ്ടിക്കുന്നതായി മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത് ഇതാദ്യമല്ല. തെല്‍അവീവിനടുത്തുള്ള അബു കബീര്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ മേധാവി ഡോ. യെഹൂദ ഹിസുമായുള്ള അഭിമുഖത്തില്‍ ഇതിന്റെ ഭീകരത വ്യക്തമാക്കുന്നുണ്ട്. 1990 കളില്‍ കുടുംബാംഗങ്ങളോട് പറയാതെ ഇസ്രായേല്‍ മൃതദേഹങ്ങളില്‍ നിന്ന് അവയവങ്ങള്‍ ശേഖരിക്കുന്നത് പതിവായിരുന്നുവെന്ന് ഒരു മുതിര്‍ന്ന ഇസ്രായേലി ശാസ്ത്രജ്ഞന്‍ തന്നെ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രായേലിന്റെ ചാനല്‍ 2 സംപ്രേക്ഷണം ചെയ്ത ഡോ. യെഹൂദ ഹിസുമായുള്ള അഭിമുഖത്തില്‍ നിന്നാണ് ഈ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്.

'ഞങ്ങള്‍ കോര്‍ണിയകള്‍ വിളവെടുക്കാന്‍ തുടങ്ങി. എന്തായാലും അത് വളരെ അനൗപചാരികമായിരുന്നു. കുടുംബത്തോട് അനുവാദം ചോദിച്ചിട്ടില്ല,' എന്ന് ഡോ. ഹിസ് അഭിമുഖത്തില്‍ പറയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റില്‍ ഒരു സ്വീഡിഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിപ്രായത്തില്‍, 1990 കളില്‍ ഫലസ്തീനികളുടെ അവയവങ്ങള്‍ ശേഖരിക്കുന്നതിനായി ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നും വാര്‍ത്തകളുണ്ട്.


പലപ്പോഴും കണ്ടെയ്നറുകളില്‍ എത്തുന്ന മൃതദേഹങ്ങളില്‍ ചിലത് കേടുകൂടാതെയിരിക്കും. മറ്റു പലതും കഷണങ്ങളായും, ചിലത് അഴുകിയ നിലയിലുമായിരിക്കും എന്നാണ് റഫ നഗരത്തിലെ മുഹമ്മദ് യൂസഫ് അല്‍-നജര്‍ ആശുപത്രി ഡയറക്ടര്‍ മര്‍വാന്‍ അല്‍-ഹംസ് പറയുന്നത്. യു.എന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍, ഗസ്സയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര റെഡ്‌ക്രോസ് കമ്മിറ്റി, തുടങ്ങിയ കോര്‍പ്പറേറ്റ് സ്‌പോണ്‍സേര്‍ഡ് ഏജന്‍സികള്‍ ഇത് അന്വേഷിക്കാനോ പുറത്തുകൊണ്ടുവരാനോ ഒരു ശ്രമവും നടത്തുന്നില്ല.

ഗസ്സയില്‍ മരിച്ചവരുടെ അവയവങ്ങള്‍ മോഷ്ടിക്കുന്നുവെന്നാരോപിച്ച് പല സംഘടനകളും ഇസ്രയേല്‍ സൈന്യത്തെ കുറ്റപ്പെടുത്തി, സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന തീവ്രമായ ആക്രമണം കണക്കിലെടുത്ത് കണ്ടെടുത്ത മൃതദേഹങ്ങളുടെ പൂര്‍ണ്ണ പരിശോധന സാധ്യമല്ല. ആരോഗ്യ സംവിധാനം തകര്‍ന്നതിനാല്‍ ഇനി മരിച്ചവരെ എണ്ണാന്‍ പോലും കഴിയില്ലെന്ന് ഗസ്സയിലെ ഫലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു.

ഇസ്രായേലി നാഷണല്‍ സ്‌കിന്‍ ബാങ്ക് (INSB) , 1986ല്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ്് (IDF) മെഡിക്കല്‍ കോര്‍പ്സും ആരോഗ്യ മന്ത്രാലയവും സംയുക്തമായി സ്ഥാപിച്ചതാണ്. ജറുസലേമിലെ ഹഡാസ്സ മെഡിക്കല്‍ സെന്ററിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലബോറട്ടറി ഓഫ് എക്‌സ്പിരിമെന്റല്‍ സര്‍ജറിയാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

1996 നും 2002 നും ഇടയില്‍ മരിച്ച ഫലസ്തീനികളില്‍ നിന്ന് അവയവങ്ങള്‍ എടുത്ത് ഇസ്രായേല്‍ സര്‍വകലാശാലകളില്‍ മെഡിക്കല്‍ ഗവേഷണത്തിനായി ഉപയോഗിക്കുകയും ഇസ്രായേലി രോഗികളുടെ ശരീരത്തിലേക്ക് മാറ്റിവയ്ക്കുകയും ചെയ്തുവെന്ന് ഇസ്രായേലി ഡോക്ടര്‍ മീര വെയ്സ് തന്റെ പുസ്തകത്തില്‍ ('Over Their Dead Bodies'- Israeli doctor Meira Weiss) രേഖപ്പെടുത്തുന്നുണ്ട്.

2014-ലെ വിവാദമായ ഇസ്രായേലി ടെലിവിഷന്‍ അന്വേഷണത്തില്‍, പൊള്ളലേറ്റ സൈനികര്‍ ഉള്‍പ്പെടെയുള്ള ഇസ്രായേലികളെ ചികിത്സിക്കാന്‍, മരിച്ച ഫലസ്തീനികളുടെ മൃതദേഹങ്ങളില്‍ നിന്നും ആഫ്രിക്കന്‍ തൊഴിലാളികളുടെ ശരീരത്തില്‍ നിന്നും തൊലി എടുത്തതായി ഉന്നത ഉദ്യോഗസ്ഥരുടെ കുറ്റസമ്മതം ഉണ്ടായിട്ടുണ്ട്. അതില്‍, ഇസ്രായേലി സ്‌കിന്‍ ബാങ്കിന്റെ ഡയറക്ടര്‍ രാജ്യത്തെ ''മനുഷ്യ ചര്‍മത്തിന്റെ'' കരുതല്‍ 170 ചതുരശ്ര മീറ്ററിലെത്തിയതായും ഇസ്രായേലിന്റെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഒരു വലിയ ശേഖരമാണെന്നും പറയുന്നുണ്ട്.


2009-ല്‍, സ്വീഡിഷ് പത്രമായ അഫ്ടോണ്‍ബ്ലാഡെറ്റ് (Aftonbladet) ഇസ്രായേലി സൈനികര്‍, മരിച്ച ഫലസ്തീനികളുടെ അവയവങ്ങള്‍ ശേഖരിച്ചുവെന്ന് ആരോപിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചത് വിവാദമായി. സ്വീഡിഷ് മാധ്യമപ്രവര്‍ത്തകന്‍ ഡൊണാള്‍ഡ് ബോസ്ട്രോം (Donald Bostrom) എഴുതിയ ലേഖനത്തില്‍ ഇസ്രായേല്‍ സൈനികര്‍ ഫലസ്തീനികളുടെ അവയവങ്ങള്‍ കുടുംബത്തിന്റെ സമ്മതമില്ലാതെ എടുത്തതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

2015-ല്‍, ഐക്യരാഷ്ട്രസഭയിലെ മുഖ്യ ഫലസ്തീന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ (Riyad Mansour) , മരിച്ച ഫലസ്തീനികളുടെ അവയവങ്ങള്‍ ഇസ്രായേല്‍ സൈന്യം വിളവെടുക്കുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, യു.എന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കൗണ്‍സിലിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.


ഇസ്രായേലി നാഷണല്‍ സ്‌കിന്‍ ബാങ്ക് (INSB) , 1986ല്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ്് (IDF) മെഡിക്കല്‍ കോര്‍പ്സും ആരോഗ്യ മന്ത്രാലയവും സംയുക്തമായി സ്ഥാപിച്ചതാണ്. ജറുസലേമിലെ ഹഡാസ്സ മെഡിക്കല്‍ സെന്ററിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലബോറട്ടറി ഓഫ് എക്‌സ്പിരിമെന്റല്‍ സര്‍ജറിയാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. കൊല്ലപ്പെടുന്നതോ തട്ടിക്കൊണ്ടു പോകപ്പെടുന്നതോ ആയ ഫലസ്തീന്‍ യുവാക്കളുടെ ത്വക്കും ആന്തരികാവയവങ്ങളും നിരന്തരം കൊള്ള ചെയ്യപ്പെടുന്നു എന്ന ഞെട്ടിക്കുന്ന, സ്ഥിരീകരിക്കപ്പെട്ട വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ മനുഷ്യാവകാശത്തിന്റെ ഉദാത്ത രൂപമായി ആഘോഷിക്കുന്ന യു.എന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കൗണ്‍സിലും, ലോക മനുഷ്യാവകാശ ദിന ഉത്സവങ്ങളും ആരെയാണ് അഭിസംബോധന ചെയ്യുന്നത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

Similar Posts