അധിനിവേശം ഒലിവുമരങ്ങളോട് ചെയ്തത്; നക്ബ ബാക്കിയാക്കിയ ഫലസ്തീന് താക്കോല്‍
|പരിമിത സ്വാതന്ത്ര്യത്തിന്റെ അവസാനത്തെ തുരുത്തില് നിന്നാണ് ഫലസ്തീന് ജനത തങ്ങളുടെ അതിജീവനപ്പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്കെതിരെ നടത്തിയ കടുത്ത അനീതി കാരണമായി സമാധാനത്തിന്റെ ചിഹ്നമായ ഒലിവു ശിഖരങ്ങള്‍ താഴെയിട്ടു ആയുധമെടുക്കാന്‍ ഈ ജനത നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.
'നട്ടു നനച്ച കരങ്ങളേതെന്ന് ഒലിവുമരമോര്ത്താല് അതിന്റെ എണ്ണ കണ്ണീരായി പരിണമിക്കുമായിരുന്നു' മഹ്മൂദ് ദര്‍വേശ്
ഫലസ്തീന് സംസ്കാരത്തിന്റെ പ്രധാന അടയാളങ്ങളില്‍ ഒന്നാണ് ഒലിവു മരങ്ങള്‍. വിശുദ്ധ വേദഗ്രന്ഥങ്ങളില്‍ ഇത് അനുഗ്രഹീത വൃക്ഷമാണ്. ഒലിവു ചില്ലകള്‍ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകങ്ങളാണ്. ദീര്‍ഘകാലം നിലനില്‍ക്കാനുള്ള ശേഷിയാണ് ഒലിവുമരത്തിന്റെ ഒരു പ്രത്യേകത. അതുകൊണ്ടുതന്നെ ഫലസ്തീന് മണ്ണിനോടുള്ള സുദീര്‍ഘ ബന്ധത്തിന്റെ അടയാളവും തങ്ങളുടെ കുടുംബ പരമ്പരയിലെ പൂര്വപിതാക്കളുടെ ജീവിതത്തിന്റെ മഹാസാക്ഷിയുമാണ് ഫലസ്തീനികള്‍ക്ക് ഒലിവുമരങ്ങള്‍. നൂറ്റാണ്ടുകള്‍ക്കുമുമ്പ് തന്റെ വംശവൃക്ഷത്തിലെ മുന്‍ഗാമിയുമായി സംഗമിക്കുന്നതിന്റെ വൈകാരികമായ ഒരു അനുഭൂതി ഒലിവുമരങ്ങള്‍ പുതിയ തലമുറയ്ക്ക് കൈമാറുന്നു. ഫലസ്തീന് സ്വത്വത്തെ പ്രതിഫലിപ്പിക്കാന്‍ കവിതകളില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഇമേജറി ഒലിവു വൃക്ഷമാണ്. കവി മുരീദ് ബര്‍ഗൂസിയുടെ വാക്കുകളില്‍ 'ഔദ്യോഗിക മുദ്രയോ ഫോട്ടോയോ ആവശ്യമില്ലാത്ത, ഉടമസ്ഥന്റെ മരണത്തോടെ കാലാവധി തീരാത്ത ഐഡന്റിറ്റി കാര്‍ഡ് ആണ് ഒലിവുമരങ്ങള്‍'
ഫലസ്തീനില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്‍ഷിക ഉത്പന്നങ്ങള്‍ പ്രധാനം ചെയ്യുന്നത് ഒലിവ് കൃഷിയാണ്. ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് പ്രാഥമിക വരുമാന മാര്‍ഗം ഈ കൃഷിയാണ്. വിളവെടുക്കുന്ന ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഫലസ്തീനില്‍ കാര്‍ഷിക ഉത്സവകാലം കൂടിയാണ്. വെസ്റ്റ്ബാങ്കിലേയും മറ്റു പ്രദേശങ്ങളിലെയും ഒലിവു തോട്ടങ്ങളില്‍ കര്‍ഷകര്‍ കുടുംബങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ഒത്തുചേരുന്നു. നാടോടി നൃത്ത-സംഗീത മേളങ്ങളോടെയും ചൂട് ചായയും കോഫിയും നുകര്‍ന്നും മരചുവടുകളില്‍ ഭക്ഷണം പാകം ചെയ്തു കഴിച്ചും ആഘോഷിക്കുന്നു. ഈ കൂടിച്ചേരലിലൂടെ ഈ മണ്ണുമായുള്ള സുദീര്‍ഘ ബന്ധത്തെ അഭിമാനത്തോടെ ഓര്‍ത്തെടുക്കുകയും ഒലിവുപഴങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തിയിലെ ക്ലേശങ്ങളെ അലിയിച്ചു കളയുകയും ചെയ്യുന്നു അധിനിവേശം ഒലിവുമരങ്ങളോട് ചെയ്തത്.
തങ്ങളുടെ പാരമ്പര്യത്തിന്റെ ജീവിക്കുന്ന അടയാളങ്ങള്‍ മായ്ച്ചു കളയുന്നത് ഫലസ്തീനികളെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. വേരാഴമുള്ള ഒരു സമൂഹത്തെ വൈകാരികമായും സാമ്പത്തികമായും വേരറുക്കാനുള്ള സയണിസ്റ്റ് പദ്ധതി ഒലിവു മരങ്ങളുടെ നശീകരണത്തില്‍ ഉള്ളടങ്ങിയിട്ടുണ്ട്. 'ഇസ്രായേല്‍ ബുള്‍ഡോസറുകള്‍ ഒരു ഒലിവുമരത്തിന്റെ വേരറുക്കുമ്പോള്‍ ഒരു ഫലസ്തീന് കര്‍ഷകന്റെ വംശ വൃക്ഷത്തിന്റെ ചിത്രം ചുമരില്‍ നിന്നടര്‍ന്നു വീഴുന്നു' എന്നാണ് കവി മുരീദ് ബര്‍ഗൂസി ഇതിനേക്കുറിച്ചു പറഞ്ഞത്.
ഇസ്രായേല്‍ അധിനിവേശത്തിന്റെ വരവോടെ താളാത്മകമായ ഗ്രാമീണജീവിതത്തിനു ശ്രുതി ഭംഗം സംഭവിച്ചു തുടങ്ങി. അവരുടെ രാഗവിസ്താരങ്ങളെ ഇത് വ്യഥയുടേതും നഷ്ടബോധത്തിന്റെതുമാക്കി. അവര്‍ നുകര്‍ന്ന ചായക്കോപ്പകളില്‍ കണ്ണുനീരിന്റെ ചവര്‍പ്പ് പടര്‍ന്നു തുടങ്ങി. പുതിയ സെറ്റില്‍മെന്റുകള്‍ നിര്‍മിക്കാനായി ഇസ്രായേല്‍ പുതിയ പ്രദേശങ്ങള്‍ കൈയടക്കി ഫലസ്തീനിനികളുടെ ആത്മാവിന്റെ ഭാഗമായ ഒലിവുമരങ്ങള്‍ നിരനിരയായി മുറിച്ചു മാറ്റി. 700 മുതല്‍ 1000 വരെ വര്‍ഷങ്ങള്‍ പഴക്കമുള്ള മരങ്ങള്‍ ഇങ്ങനെ മുറിച്ചു മാറ്റപ്പെട്ടു. വെസ്റ്റ്ബാങ്കിലെ നബ്ലസ്സിലും മറ്റിടങ്ങളിലുമായി 1967 മുതല്‍ ഒരു മില്യണ്‍ ഒലിവുമരങ്ങള്‍ ഇങ്ങിനെ നശിപ്പിക്കപ്പെട്ടു എന്നാണ് കണക്ക്. കൃഷിയെ ആശ്രയിച്ചു കഴിഞ്ഞവരുടെ വരുമാനം നഷ്ടമായി. ഇസ്രായേല്‍ പട്ടാളം നിരന്തരം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ കാരണം ബാക്കിയായ മരങ്ങളില്‍ നിന്നുള്ള വിളവെടുപ്പിന്റെ അവസരങ്ങള്‍ സംഘര്‍ഷ ഭരിതമായി. ഇസ്രായേല്‍ സൃഷ്ടിക്കുന്ന നിയന്ത്രണങ്ങളും ഉപരോധങ്ങളും കാരണം ഒലിവു ഉല്പന്നങ്ങള് സ്വതന്ത്രമായി വില്പന നടത്താന്‍ കഴിയാതായി. വരുമാന നഷ്ടം കൊണ്ട് ദരിദ്രരായ സാധാരണക്കാര്‍ക്ക് ഈ ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ ശേഷി ഇല്ലാത്തവരായി മാറി. തങ്ങളുടെ പാരമ്പര്യത്തിന്റെ ജീവിക്കുന്ന അടയാളങ്ങള്‍ മായ്ച്ചു കളയുന്നത് ഫലസ്തീനികളെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. വേരാഴമുള്ള ഒരു സമൂഹത്തെ വൈകാരികമായും സാമ്പത്തികമായും വേരറുക്കാനുള്ള സയണിസ്റ്റ് പദ്ധതി ഒലിവു മരങ്ങളുടെ നശീകരണത്തില്‍ ഉള്ളടങ്ങിയിട്ടുണ്ട്. 'ഇസ്രായേല്‍ ബുള്‍ഡോസറുകള്‍ ഒരു ഒലിവുമരത്തിന്റെ വേരറുക്കുമ്പോള്‍ ഒരു ഫലസ്തീന് കര്‍ഷകന്റെ വംശ വൃക്ഷത്തിന്റെ ചിത്രം ചുമരില്‍ നിന്നടര്‍ന്നു വീഴുന്നു' എന്നാണ് കവി മുരീദ് ബര്‍ഗൂസി ഇതിനേക്കുറിച്ചു പറഞ്ഞത്.
നക്ബ ബാക്കിയാക്കിയ താക്കോലുകള്‍-മറവിക്കെതിരെയുള്ള പ്രതിരോധം
ഫലസ്തീന് ജനതയ്ക്ക് കണ്ണീര് ഓര്‍മയാണ് നക്ബ. 7,50,000 ഫലസ്തീന് കുടുംബങ്ങളെ തങ്ങളുടെ വീടുകളില്‍നിന്നും ജന്മദേശത്തു നിന്നും സിയോണിസ്റ്റു മിലിട്ടറി പുറം തള്ളിയ ദുരന്ത സംഭവം. ഉടന്‍ തിരിച്ചു വരാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ തങ്ങളുടെ ഹൃദയത്തിന്റെ ഭാഗമായതെല്ലാം പിറകിലുപേക്ഷിച്ചു പോകുമ്പോള്‍ അവര്‍ തങ്ങളുടെ ജന്മഗൃഹങ്ങളുടെ താക്കോല്‍ മാത്രം കൈയില്‍ കരുതി. ചില്ലറ സാധനങ്ങള്‍ മാത്രം കയ്യിലെടുത്തു ജോര്‍ദാനിലെയും സിറിയയിലെയും അഭയാര്‍ഥി ക്യാമ്പുകളിലേക്ക് താത്കാലികമായി കുടിയേറി. വേരറുക്കപ്പെട്ടതിന്റെ വേദനയില്‍ രക്തം കിനിയുന്ന മനസ്സുമായി പലായനത്തിന്റെയും അഭയാര്‍ഥി ജീവിതത്തിന്റെയും ക്ലേശങ്ങളിലൂടെ കടന്നുപോകുമ്പോഴും തങ്ങളുപേക്ഷിപോന്ന ഗ്രാമങ്ങളുടെ സ്വാസ്ഥ്യത്തിലേക്കുള്ള മടങ്ങി പോക്കിന്റെ നാളുകള്‍ക്കായി പ്രതീക്ഷയോടെ അവര്‍ കാത്തിരുന്നു. ഈ പ്രതീക്ഷ ഈ താക്കോലുകളോടൊപ്പം അനന്തര തലമുറകള്‍ക്കു കൈമാറി. യാത്രപറഞ്ഞു പോയ മകനെ ഓര്‍ക്കുന്ന അമ്മയെ പോലെ തങ്ങളുടെ ഗ്രാമങ്ങള്‍ തങ്ങളെ ഓര്‍ക്കുന്നുണ്ടാവുമെന്നും കാത്തിരിക്കുന്നുണ്ടാവുമെന്നും അവര്‍ പ്രതീക്ഷിച്ചു. നക്ബ പലായനത്തിന്റെ വേദനകള്‍ കോറിയിടുന്ന 'Aim for the Moon' എന്ന കഥയിലെ പിതാവിനെ പോലെ ചന്ദ്രനിലേക്ക് കുടിയേറുന്നതിനേക്കാള്‍ വിദൂരമാണ് ജന്മനാട്ടിലേക്കുള്ള മടക്കമെന്ന സ്വപ്നമെന്നു വന്നാലും പ്രതീക്ഷ ഉപേക്ഷിക്കരുതെന്നു തങ്ങളുടെ മക്കളെ ഓര്‍മപ്പെടുത്തി. ഈ പ്രതീക്ഷയുടെ പ്രതീകമായി തങ്ങള്‍ കൂടെ കൊണ്ടുവന്ന താക്കോലുകള്‍ അവര്‍ സൂക്ഷിച്ചു. നക്ബക്കു ശേഷം 75വര്‍ഷം പിന്നിടുമ്പോഴും മറവിക്കെതിരെയുള്ള പ്രതിരോധമായും അണയാത്ത പ്രതീക്ഷയുടെ സിംബല്‍ ആയും തലമുറകള്‍ കൈമാറി ഈ താക്കോല്‍ക്കൂട്ടങ്ങള്‍ സൂക്ഷിക്കുന്നു. ഇത്തരം സാംസ്കാരിക അടയാളങ്ങളിലൂടെയും കലയിലൂടേയും സാഹിത്യത്തിലുടെയും തങ്ങളുടെ ജന്മനാടിനെക്കുറിച്ചുള്ള ഓര്‍മയും സ്വാതന്ത്ര്യം എന്ന സ്വപ്നവും അവര്‍ കെടാതെ സൂക്ഷിക്കുന്നു.
പരിമിത സ്വാതന്ത്ര്യത്തിന്റെ അവസാനത്തെ തുരുത്തില് നിന്നാണ് ഫലസ്തീന് ജനത തങ്ങളുടെ അതിജീവനപ്പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്കെതിരെ നടത്തിയ കടുത്ത അനീതി കാരണമായി സമാധാനത്തിന്റെ ചിഹ്നമായ ഒലിവു ശിഖരങ്ങള്‍ താഴെയിട്ടു ആയുധമെടുക്കാന്‍ ഈ ജനത നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. സ്വാതന്ത്ര്യവും മനുഷ്യാന്തസ്സും ആഗ്രഹിക്കുന്ന ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും ഈ ജനതയോട് ബന്ധുത്വമുണ്ട്. നിലനില്പിന്റെ അവസാനത്തെ അതിര്‍ത്തിയും കടന്നു അവര്‍ ഇനി എങ്ങോട്ടു പോവാനാണ്?
'അവസാനത്തെ അതിര്‍ത്തിയും കടന്നു ഞങ്ങള്‍ എങ്ങോട്ടു പോകാനാണ് ' 'അവസാനത്തെ ആകാശവും കടന്നു പക്ഷികള്‍ എങ്ങോട്ടു പറക്കും'' - മഹ്മൂദ് ദര്വേശ്അധിനിവേശം ഒലിവുമരങ്ങളോട് ചെയ്തത്; നക്ബ ബാക്കിയാക്കിയ ഫലസ്തീന് താക്കോല്‍