ഫലസ്തീന്‍ ക്യു.ആര്‍ കോഡ് സോളിഡാരിറ്റി കാമ്പയിന്‍ ഐ.എഫ്.എഫ്.കെയില്‍
|ഐക്യം കൂട്ടായ്മ' എന്നു പറയുന്ന പൗര കൂട്ടായ്മയാണ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരുപത്തിയെട്ടാമത് ഐ.എഫ്.എഫ്.കെ വേദിയില്‍ എത്തിയത്.
പി.ക്യു.ആര്‍.എസ് (ഫലസ്തീന്‍ ക്യു.ആര്‍ കോഡ് സോളിഡാരിറ്റി) എന്നു പറയുന്ന ഒരു പ്രചാരണമാണ് ഇത്. ക്യു.ആര്‍.കോഡു വഴി ഫലസ്തീന്‍ സിനിമയെക്കുറിച്ചും ലിറ്ററേച്ചറിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം. ജനങ്ങളെ ബോധവത്കരിക്കുക, അവരെകൊണ്ട് കൂടുതല്‍ സംസാരിപ്പിക്കുക എന്നതാണ് ഈ കാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഫലസ്തീനില്‍ ഒരു യുദ്ധമോ സംഘര്‍ഷമോ അല്ല നടക്കുന്നത്. എഴുപതിയഞ്ചു വര്‍ഷത്തിലധികമായി ചെറുത്തുനില്‍പ്പാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ ഇതിനെക്കുറിച്ച് സംസാരിച്ചാല്‍ മാത്രമേ മാറ്റങ്ങള്‍ സംഭവിക്കുകയുള്ളു. ദിവസങ്ങള്‍ പോകുംതോറും അവിടെ കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടുപോകുന്ന അവസ്ഥ ആയതുകൊണ്ടുതന്നെ ജനങ്ങള്‍ സംസാരിക്കുക, അല്ലെങ്കില്‍ പ്രതികരിക്കുക എന്നത് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ പി.ക്യു.ആര്‍.എസ് പോലെയുള്ള കാമ്പയിനുകള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ എത്തിക്കുവാന്‍ സഹായകമാവുന്നു.
'കൂടുതലും ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടു വരുന്നവര്‍ ആണെങ്കിലും ഹമാസ് തുടങ്ങിയ ഒരു യുദ്ധമാണ് ഇതിനെല്ലാം കാരണം എന്നു പറയുന്നവരും, ഇസ്രായേലിന്റെ ഭാഗത്താണ് ശരി എന്നു പറഞ്ഞു വരുന്ന ആളുകളും ഉണ്ട്. കൂടുതല്‍ പേര്‍ക്കും എന്താണ് ഫലസ്തീന്‍-ഇസ്രായേല്‍ വിഷയം എന്ന് ഇപ്പോഴും അറിയില്ല എന്നത് വളരെ വിഷമിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. ഇത് ഏകദേശം എഴുപതിയഞ്ചു വര്‍ഷമായി നടക്കുന്ന ഒരു കാര്യമാണെന്നും ഇത് ഒരു ചെറുത്തുനില്‍പ്പാണ് എന്നും പലര്‍ക്കും ഇന്നും അറിയാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ ആ ഒരു മാനസികാവസ്ഥയില്‍ ആളുകള്‍ സംസാരിക്കാനും തര്‍ക്കിക്കാനും വരാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ പല രീതിയിലുള്ള ആക്രമണങ്ങളും ഫലസ്തീന്‍ ഐക്യദാര്‍ഢ്യം നടത്തുന്നവര്‍ നേരിടുന്നുണ്ട്. എങ്കിലും ഈ ഒരു ഐക്യദാര്‍ഢ്യം മുന്നോട്ടു കൊണ്ടുപോവുന്നതിനുള്ള പ്രധാന കാരണം തന്നെ ഇത്തരത്തിലുള്ള ആളുകളെ ബോധവത്കരിക്കുക അല്ലെങ്കില്‍ സത്യസന്ധമായ വിവരങ്ങള്‍ അവര്‍ക്ക് പകര്‍ന്നുകൊടുക്കുക എന്നുള്ളത് കൊണ്ടാണ്' സംഘാടകര്‍ പറയുന്നു.
തങ്ങളെ ഇതൊന്നും ബാധിക്കില്ല എന്നു വിചാരിച്ച് ശബ്ദമുയര്‍ത്താതെ പ്രതികരിക്കാതെ നില്‍ക്കുന്നവരാണ് കൂടുതല്‍. എന്നാല്‍, ഇതെല്ലാം അവരെ ബാധിക്കുന്നുണ്ട്. പ്രത്യേക പദവിയില്‍ ഉള്ളവരായതിനാല്‍ അതിന്റെ ഫലങ്ങള്‍ അവര്‍ അനുഭവിക്കുന്നില്ല എന്നുമാത്രം. എന്നാല്‍, എല്ലാ സമയവും ഈ രീതിയില്‍ തന്നെ മുന്നോട്ടു പോകണം എന്നില്ല. ഫലസ്തീന്‍ അനുകൂല വസ്ത്രങ്ങളും തോരണങ്ങളും ഉള്‍പ്പടെ വാദ്യമേള അകമ്പടിയോടെ ഐ.എഫ്.എഫ്.കെ വേദിയെ ഒന്നടങ്കം ഈ ഒരു ഐക്യദാര്‍ഢ്യത്തിലേക്ക് കൊണ്ടുവരാന്‍ ഈ കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്.