Analysis
മതേതര-ജനാധിപത്യ ഇന്ത്യയുടെ ഭാവി
Analysis

മതേതര-ജനാധിപത്യ ഇന്ത്യയുടെ ഭാവി

ഡോ. പി.ജെ ജയിംസ്
|
21 March 2022 12:34 PM GMT

നാൽപത് ശതമാനം മാത്രം വോട്ടുകൾ ലഭിച്ചിട്ടും ബി.ജെ.പിക്ക് അധികാരത്തിലേറാൻ സഹായിച്ചത് അറുപത് ശതമാനം വരുന്ന ബി.ജെ.പി വിരുദ്ധ വോട്ടുകൾ ശിഥിലീകരിക്കപ്പെട്ടതാണ്.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഏറെ നിർണായകമാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ട കാര്യമാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലവും വളരെ ഉത്കണ്ഠയോടെയാണ് ജനാധിപത്യ വിശ്വാസികൾ കാണുന്നത്. അതിലേറ്റവും പ്രധാനപ്പെട്ടത് ഉത്തർ പ്രദേശിലെ ഫലങ്ങൾ തന്നെയാണ്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും വിജയിച്ചത് സംഘ്പരിവാർ പക്ഷത്തുള്ളവരാണ്. ബി.ജെ.പിയുടെ വിജയത്തെ സംബന്ധിച്ച് നിരവധി വിശകലനങ്ങളും വിലയിരുത്തലുകളും വന്നു കഴിഞ്ഞു. വളരെ ശക്തമായ ഒരു ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണം നടന്നതിനൊപ്പം ആർഎസ്എസിന്റെ സംഘടനാ സംവിധാനങ്ങളും ഉപയോഗിച്ച് സംഘ്പരിവാറിനോട് ആഭിമുഖ്യമുള്ള ബ്രാഹ്മണ-സവർണ വിഭാഗങ്ങളും ഉൾപ്പെടെയുള്ളവരിലുള്ള വോട്ടർമാരുടെ അടിത്തറ വിപുലീകരിക്കാൻ ഉള്ള ശ്രമങ്ങൾ വിജയിക്കുകയുണ്ടായി. അവർണ്ണ വിഭാഗങ്ങളുടെ കുത്തകയാക്കി വെച്ചിരുന്ന പാർട്ടികളെ മറികടന്ന് അവരുടെ വോട്ടുകളും നേടാനും ബി.ജെ.പിക്ക് കഴിഞ്ഞു.



ബി.ജെ.പിയുടെ സോഷ്യൽ എഞ്ചിനീയറിങ്ങിലെ മികവും ഇലക്ഷൻ കമീഷനുൾപ്പെടെയുള്ള സംവിധാനങ്ങൾ ഉൾപ്പെടെ വഹിച്ച പങ്കും അമ്പത് ശതമാനത്തിലധികം മാധ്യമങ്ങൾ ഉടമസ്ഥത വഹിക്കുന്ന അംബാനിയടക്കമുള്ള കോർപ്പറേറ്റ് മുതലാളിമാരുടെ പിന്തുണയും ബി.ജെ.പിക്ക് തുണയായി. കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റിയുടെ ഫണ്ട് വ്യാപകമായി ബി.ജെ.പിക്ക് ഒഴുകിയെന്ന റിപ്പോർട്ടുകളുമുണ്ട്. നാൽപത് ശതമാനം മാത്രം വോട്ടുകൾ ലഭിച്ചിട്ടും ബി.ജെ.പിക്ക് അധികാരത്തിലേറാൻ സഹായിച്ചത് അറുപത് ശതമാനം വരുന്ന ബി.ജെ.പി വിരുദ്ധ വോട്ടുകൾ ശിഥിലീകരിക്കപ്പെട്ടതാണ്. സമാജ്വാദി പാർട്ടിയെന്ന മുഖ്യകക്ഷിയുടെ നേതൃത്വത്തിൽ ഒരു പ്രതിപക്ഷ മുന്നണി സഫലമായിരുന്നെങ്കിൽ ഉത്തർ പ്രദേശിൽ ബി.ജെ.പി പരാജയപ്പെടുമായിരുന്നു. അത് അസാധ്യമാക്കുന്ന രീതിയിൽ ഉണ്ടായ വിവിധ കക്ഷികളുടെ അനൈക്യവും ഫാസിസ്റ്റ് ശക്തികളെ കുറച്ച് കാണുകയും അവരെ പരോക്ഷമായി സഹായിക്കുന്ന സമീപനവുമാണ് ബി.ജെ.പിക്ക് അനുകൂലമായത്.

അതേസമയം, ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനെ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരു ലോഞ്ചിങ് പാഡ് ആയാണ് മോദി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ കണ്ടത്. 1925 ൽ രൂപം കൊണ്ട ആർ.എസ്.എസ് 2025 ആകുമ്പോൾ ഒരു നൂറ്റാണ്ടാവുകയാണ്. അവരുടെ പ്രഖ്യാപിത ലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കലാണെന്ന് നമുക്കറിയാം. ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കില്ലെന്നത് അവരുടെ നയമാണ്. ഹിജാബ് ഉൾപ്പെടയുള്ള വിഷയങ്ങൾ പരിഗണച്ചാൽ ഇവിടുത്തെ കോടതി ഉൾപ്പെടെയുള്ള നമ്മുടെ രാഷ്ട്രീയ , നിയമ, സാമൂഹ്യ, ഭരണ സംവിധാനങ്ങളിൽ സംഘ്പരിവാർവത്കരണം നടന്നുകഴിഞ്ഞിട്ടുണ്ട്. ഒരു ഹിന്ദുത്വ പൊതുബോധം വളരെ വിദഗ്ധമായി സൃഷ്ടിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഭൗതികമായ സംവിധാനങ്ങൾ ആർ.എസ്.എസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയുമാണ്. അത് വളരെ അടുത്തെത്തിയിരിക്കുന്നുവെന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ.



ഒന്നും രണ്ടും ലോകയുദ്ധങ്ങൾക്കിടെ യൂറോപ്പിൽ രൂപം കൊണ്ട നാസിസവും ഫാസിസവും രണ്ട് ദശാബ്ദങ്ങൾക്കൊണ്ട് രൂപപരമായെങ്കിലും പരാജയപ്പെട്ടു പോയതായി നമുക്ക് കാണാം. എന്നാൽ, ഏറ്റവും ശക്തവും ദീർഘവുമായ ഫാസിസ്റ്റ് ശക്തിയായ ആർഎസ്എസിന്റെ വേരോട്ടത്തെ യൂറോപ്പുമായി നമുക്ക് താരതമ്യം ചെയ്യാൻ സാധിക്കില്ല. ഇന്ത്യയുടെ തനത് സവിശേഷതയായ ബ്രഹ്മണ്യത്തിൽ ഊന്നിയുള്ള ജാതിവ്യവസ്ഥയും അതിന്റെ സംവിധാനങ്ങളുമൊക്കെ തന്നെ ഫലപ്രദമായി ഉപയോഗപ്പെടുത്താനും അവർണ്ണ ജാതികളെ കാവിവത്കരണത്തിലൂടെ ഹിന്ദുത്വത്തിലേക് അടുപ്പിക്കാനുമുള്ള ശ്രമങ്ങളും നടന്നു വരികയാണ്.

ഈ ഒരു സാഹചര്യത്തെ എങ്ങനെ നേരിടണമെന്നത് ലളിതമായ ഒരു ചോദ്യമല്ല. ഭീതിജനകമാവുമ്പോൾ തന്നെ നിരാശയുടെ ഒരു സമീപനത്തിലേക്ക് പോകണമെന്ന് എനിക്കഭിപ്രായമില്ല. വളരെ ശ്രമകരമായ, ബുദ്ധിമുട്ടേറിയ ഒരു ഘട്ടത്തിലാണ് നമ്മുടെ രാജ്യമുള്ളതെന്ന് നാം തിരിച്ചറിയണം. നമുക്ക് സാധാരണ വിലയിരുത്താൻ കഴിയുന്ന ഒരു ആലോചനകൾ അല്ല ആർഎസ്എസിൽ നിന്നുമുണ്ടാകുക. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന മതന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ചും മുസ്ലിംകൾക്കെതിരെ നടക്കുന്ന തെരഞ്ഞുപിടിച്ചുള്ള ആക്രമണങ്ങൾ വളരെ വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. യുഎപിഎയും ദേശ സുരക്ഷാ നിയമവും ഉൾപ്പെടെയുള്ള കിരാത നിയമങ്ങൾ ഉപയോഗപ്പെടുത്തി നടത്തുന്ന നരനായാട്ടും കർഷക സമരവുമൊക്കെ നടന്നിട്ടും അതിനെയൊക്കെ മറികടക്കാനുള്ള സംഘടനാ സംവിധാനം ഉപയോഗപ്പെടുത്താൻ ഉത്തർ പ്രദേശിൽ ആർഎസ്എസിന് കഴിഞ്ഞു. മറ്റാർക്കും ഇല്ലാത്ത സംഘടനാ സംവിധാനമാണത്.



പഞ്ചാബിലെ ആപ്പിന്റെ വിജയം ഒരു ജനാധിപത്യ വിജയമാണെന്ന് വിലയിരുത്തുന്നവരുണ്ട്. ആം ആദ്മി പാർട്ടിയെന്നത് നവലിബറൽ, നിയോഫാസിസ്റ്റ് ഘട്ടത്തിലെ ഒരു അരാഷ്ട്രീയ പ്രതിഭാസമായാണ് ഞാൻ കാണുന്നത്. ബി.ജെ.പിയുടെയോ ആർഎസ്എസിന്റെയോ ഒരു ബി ടീം എന്ന പോലെയാണ് അതിന്റെ നയസമീപനങ്ങൾ. കശ്മീരിലെ 370 വകുപ്പ് എടുത്തു കളഞ്ഞപ്പോഴും പൗരത്വ പ്രക്ഷോഭ വും അടക്കമുള്ള വിഷയങ്ങൾ നാം പരിശോധിച്ചാൽ തന്നെ ഒരു മൃദുഹിന്ദു സമീപനം അവർക്കുണ്ടെന്ന് കാണാം. ഇടതും വലതുമല്ലാത്ത രാഷ്ട്രീയ സമീപനമെന്ന് അവകാശപ്പെടുമ്പോഴും ഫലത്തിൽ നിയോലിബറൽ സമീപനങ്ങൾ നടപ്പാക്കുകയും എന്നാൽ ക്ഷേമപ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കിയും നയപരമായി കോർപ്പറേറ്റ് പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്യുന്ന ഒരു പാർട്ടിയാണത്. അതിനെയൊരു ബദലായി നമുക്ക് കാണാൻ കഴിയില്ല.


(തുടരും)

Similar Posts