സാക്ഷികളെല്ലാം കൂറുമാറിയാലും മധുവിന് നീതി കിട്ടും - എസ്. ജോസഫ്
|മധുവിനോടുള്ള സ്നേഹം കവിതകളിലേക്ക് പകര്‍ത്തിയിരിക്കുകയാണ് ഒരു കൂട്ടം കവികള്‍. 'മെലെ കാവുളു' എന്ന കവിതാസമാഹാരം ഒരു സ്മാരകമാണ്. കവിതകള്‍ കൊണ്ടുള്ള സ്മാരകം. പുസ്തകത്തിന്റെ എഡിറ്റര്‍മാരില്‍ ഒരാളായ എസ്. ജോസഫ് സംസാരിക്കുന്നു. | അഭിമുഖം: എസ്. ജോസഫ്/ ജെയ്സി തോമസ്
മധു ഒരു മുറിവാണ്. പരിഷ്കൃത സമൂഹമെന്നും സാക്ഷര ജനതയെന്നും അഭിമാനിക്കുന്ന മലയാളികള്‍ക്ക് മേലുണ്ടായ രക്തത്തക്കൊള് കളങ്കം നിറഞ്ഞ മുറിവ്. നാല് വര്‍ഷം കഴിഞ്ഞിരിക്കുന്നു ആ ക്രൂരമായ കൊലപാതകം നടന്നിട്ട്. മായുന്നില്ല ആ ദൈന്യം നിറഞ്ഞ കണ്ണുകളും നിഷ്ക്കളങ്കതയാര്ന്ന മുഖവും. കേസ് നടന്നുകൊണ്ടിരിക്കുകയാണ്. സാക്ഷികള്‍ കൂറുമാറിക്കൊണ്ടിരിക്കുന്നു. പുതുമയൊന്നുമില്ല. കാലാ കാലങ്ങളായി ഇവിടെ നടക്കുന്ന നീതിനിഷേധത്തിന്റെ ഇരയായി മധുവും മാറിക്കഴിഞ്ഞിരിക്കുന്നു.
മധുവിനോടുള്ള സ്നേഹം കവിതകളിലേക്ക് പകര്‍ത്തിയിരിക്കുകയാണ് ഒരു കൂട്ടം കവികള്‍. 'മെലെ കാവുളു' എന്ന കവിതാസമാഹാരം ഒരു സ്മാരകമാണ്. കവിതകള്‍ കൊണ്ടുള്ള സ്മാരകം. പ്രമുഖരുടേതടക്കം നിരവധി കവിതകള്‍ ഈ പുസ്തകത്തിലുണ്ട്. ഡി.സി ബുക്സാണ് ഈ കവിതാസമാഹാരം പുറത്തിറക്കിയിരിക്കുന്നത്. എസ്.ജോസഫ്, അന്‍വര്‍ അലി, സന്ദീപ് കെ.രാജ് എന്നിവരാണ് എഡിറ്റര്‍മാര്‍. മെലെ കാവുളു എന്ന കവിതാസമാഹാരത്തിന്റെ പിറവി കവി എസ്.ജോസഫ് പങ്കുവെക്കുന്നു.
മധുവിനെക്കുറിച്ചുള്ള കവിതകള്‍ സമാഹാരിക്കാനുളള്ള പ്രചോദനം എന്തായിരുന്നു?
മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ കോട്ടയത്ത് ഒരു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കവികളും ചിത്രകാരന്മാരുമൊക്കെ ആ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. മധുവിന്റെ ഓര്‍മക്കായി കുറച്ചു കവിതകളും ചിത്രങ്ങളും ചെയ്യണമെന്ന് അന്ന് ആഗ്രഹിച്ചിരുന്നു. ചിത്രങ്ങള്‍ സമാഹരിക്കാനായില്ല. ഞാനും കുറച്ചു സുഹൃത്തുക്കളും കൂടി മധുവിന്റെ വീട്ടില്‍ പോയിരുന്നു. അമ്മയെയും സഹോദരിയെയും കണ്ടു.
മധുവിന്റെ ഫോട്ടോ അവര്‍ കാണിച്ചുതന്നു. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരനായിരുന്നു ഫോട്ടോയില്‍. ദൂരെയെവിടെയോ ജോലിക്കു പോയി തിരിച്ചുവന്ന ശേഷം മാനസികമായ എന്തോ പ്രശ്നമുണ്ടായി എന്നാണ് അവര്‍ പറഞ്ഞത്. പിന്നീട് കാട്ടിലായിരുന്നു താമസം. വീട്ടില്‍ വല്ലപ്പോഴും മാത്രമേ വരാറുള്ളൂ. സഹോദരങ്ങള്‍ മധുവിന് അരിയും ചോറുമൊക്കെ കൊണ്ടുപോയി കൊടുക്കാറുണ്ടായിരുന്നു. മല്ലീശ്വരമുടി എന്ന മലയുടെ അടുത്താണ് മധു താമസിച്ചിരുന്നത്. കാടിനെക്കുറിച്ച് നന്നായി അറിയാവുന്ന ആളായിരുന്നു മധു. പുറത്തു നിന്നും സാധനങ്ങളൊക്കെ വാങ്ങുമായിരുന്നു. പിന്നെ കിഴങ്ങോ മറ്റോ മുക്കാലിയില്‍ കൊണ്ടുപോയി വില്‍ക്കുമായിരുന്നു.
മുഷിഞ്ഞ വേഷവും സ്വഭാവരീതിയുമൊക്കെയായപ്പോള് മധു മറ്റുള്ളവര്‍ക്ക് ഒരു പരിഹാസ കഥാപാത്രമായി. അങ്ങനെയുള്ളവരെ റാഗ് ചെയ്യുന്നൊരു പരിപാടി നമുക്കുണ്ടല്ലോ. അട്ടപ്പാടിയിലേക്കുള്ള ആ യാത്രയില്‍ ഞങ്ങള്‍ കുറെ ഫോട്ടോയൊക്കെ എടുത്തിരുന്നു. തേയ്ക്കാത്ത ചെറിയൊരു വീടാണ് അവരുടേത്. വഴിയൊന്നുമില്ല. കുറെ സ്ഥലമൊക്കെ അവര്‍ക്കുണ്ടായിരുന്നു. ആദ്യത്തെ യാത്ര കൊണ്ട് ഞങ്ങളുദ്ദേശിച്ചത് സാധിച്ചില്ല. ദാമു എന്നൊരു കവിയെ പരിചയപ്പെട്ടു. ദാമുവിന്റെ കവിതയും ഈ കവിതാസമാഹാരത്തിലുണ്ട്. പിന്നീട് ഞാനും ജയലാല്‍ എന്നൊരു സുഹൃത്തും കൂടി വീണ്ടു അട്ടപ്പാടിയില്‍ പോയി. ആദ്യം പോയപ്പോള്‍ ഇരുളരുടെ വീട്ടിലൊക്കെ പോയിരുന്നു. അവര്‍ കുറച്ചു ഭേദപ്പെട്ട രീതിയിലൊക്കെ ജീവിക്കുന്നവരാണ്. അവിടെയൊരു നാരായണന് സാറുണ്ട്. ഇരുള ഭാഷ എന്നു പറയുന്നത് തമിഴുമായി ബന്ധപ്പെട്ട ഭാഷയാണ്.
ഇരുളഭാഷക്ക് ലിപിയുണ്ടാക്കിയ ആളാണ് നാരായണന് സാര്‍. അതിന്റെ ബുക്കുകളൊക്കെ അദ്ദേഹം എനിക്കു തന്നു. ഇരുള, മുഡുക, കുറുമ്പ എന്നീ മൂന്നു ഭാഷകളാണ് അവിടെയുള്ളത്. ഞാനത് പഠിക്കാനുള്ള ശ്രമം നടത്തിയിരുന്നു. കുറച്ചു വാക്കുകളൊക്കെ പഠിച്ചിരുന്നു. മുഡുക വിഭാഗത്തില്‍ പെട്ടയാളാണ് മധുവിന്റെ അച്ഛന്. കുറുമ്പ വിഭാഗത്തില്‍ പെട്ടയാളാണ് അമ്മ. കുറുമ്പ വിഭാഗം താമസിക്കുന്ന സ്ഥലത്തൊക്കെ ഞങ്ങള്‍ പോയിരുന്നു. വളരെ ശോചനീയമാണ് അവരുടെ അവസ്ഥ. എന്നാല്‍, അതിനിടയില്‍ നാട്ടില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരുടെ വലിയ വീടുകളൊക്കെ കാണാം. മുഡുക ഭാഷക്ക് കന്നഡയുമായി ബന്ധമുണ്ടെന്നാണ് പറയുന്നത്. മൂന്നു ഭാഷകളിലെയും വാക്കുകള്‍ക്ക് ചെറിയ വ്യത്യാസമേയുള്ളൂ. 'മെലെ കാവുളു' എന്നാല്‍ കാട്ടുമൈന എന്നാണ് അര്‍ഥം. ഞാനതുമായി ബന്ധപ്പെട്ട് ഒരു കവിത എഴുതിയിരുന്നു. കാടാണ് ഞാന്‍ എന്നു തുടങ്ങുന്ന മധുവിനെക്കുറിച്ചുള്ള കവിത. അതില്‍ മൂന്നു ഭാഷകളിലെയും പദങ്ങള്‍ ധാരാളമായി ഉപയോഗിച്ചിരുന്നു. മലയാളത്തില്‍ ഇല്ലാത്ത ചില വാക്കുകളൊക്കെ വേണമെങ്കില്‍ നമുക്ക് ഈ ഭാഷകളില്‍ നിന്നും എടുക്കാവുന്നതാണ്. കവിതക്ക് മലയാള വാക്കില്ല. കവിത സംസ്കൃത പദമാണ്. കഥയും അതുപോലെ തന്നെ. ഒരുപാട് പദങ്ങളുടെ കുറവ് മലയാളത്തിലുണ്ട്. അത്തരം പദങ്ങള്വേണമെങ്കില് നമുക്ക് ആദിവാസി ഭാഷകളില്‍ നിന്നും സ്വീകരിക്കാവുന്നതാണ്. ആ ഒരു സങ്കല്പം എനിക്കുണ്ടായിരുന്നു.
രണ്ടാമത്തെ യാത്രക്ക് ശേഷമാണ് പുസ്തകം ചെയ്യുന്നത്. കവിതകളൊക്കെ കിട്ടാന്‍ വലിയബുദ്ധിമുട്ടായിരുന്നു. സച്ചിദാനന്ദനും കെ.ജി ശങ്കരപ്പിള്ളയും റഫീഖ് അഹമ്മദുമൊക്കെ കവിത തന്നു. എഡിറ്റര്‍മാരായി അന്‍വര്‍ അലിയും സന്ദീപ് കെ. രാജുമുണ്ടായിരുന്നു. സന്ദീപാണ് പുതിയ എഴുത്തുകാരുടെ കവിതകള്‍ ശേഖരിച്ചത്. ഈ പുസ്തകത്തിന്റെ ഒരു പ്രത്യേകത എന്താണെന്നു വച്ചാല്‍ ഇതില്‍ ആദ്യം പ്രമുഖരുടെ കവിതകളാണ്. പിന്നെ വരുന്നത് അത്ര പ്രമുഖരല്ലാത്തവരുടേതും. അവരുടെ കവിതകളൊക്കെ വളരെ നല്ല കവിതകളാണ്. ഇവരീ അനുഭവത്തോട് വളരെയധികം ഐക്യപ്പെട്ടാണ് കവിതകള്‍ എഴുതിയിരിക്കുന്നത്. അതിനു കാരണം ഈ സംഭവം കേരളത്തിലുള്ളവരുടെ മനസ്സിനെ വളരെയധികം ബാധിച്ചുവെന്നതാണ്. അതുകൊണ്ടാണ് കവികളുടെ മനസ്സിലൂടെ ഇത്തരമൊരു എക്സ്പ്രഷന്‍ വരുന്നത്. എസ്. കണ്ണന്, ചിത്തിര കുസുമന്‍, കളത്തറ ഗോപന്, ബാബു സക്കറിയ എന്നിവരെ കൂടാതെ എന്റെ കവിതയും എന്റെ മകളുടെ കവിതയും മെലെ കാവുളു എന്ന കവിതാസമാഹാരത്തിലുണ്ട്. അന്‍വര്‍ അലി, സന്ദീപ് കെ.രാജ്, അക്ബര്‍... പിന്നെ സ്ത്രീകളുടെ ഒരുപാട് നല്ല കവിതകളുണ്ട്. അത് എഡിറ്റ് ചെയ്തുകൊണ്ടുവരിക എന്നത് ശ്രമകരമായ കാര്യമായിരുന്നു. കാരണം, പലരും പല ഫോണ്ടുകളിലായിട്ടാണ് കവിതകള്‍ അയച്ചിരുന്നത്. ഒരേ ഫോണ്ടാക്കാനൊക്കെ വലിയ പാടായിരുന്നു.
ഏതാണ്ട് നാലഞ്ച് വര്‍ഷം കഴിഞ്ഞിട്ടാണ് കവിതാസമാഹാരം പുറത്തിറങ്ങുന്നത്. ഇതിനിടയില്‍ കൊറോണ വന്നതും പുസ്തകം പുറത്തിറങ്ങുന്നതിന് തടസ്സമായി. ഇപ്പോഴത്തെ കാലത്തെ കവിതകള്‍ നോക്കിയാല്‍ അതില്‍ ഹൃദയസ്പര്‍ശിയായ കവിതകള്‍ കുറവായിരിക്കും. അത് ആരുടെയും കുറ്റമല്ല. ഈ പുസ്തകത്തിന്റെ ഒരു പ്രത്യേകത, ഇതൊരു സംഭവത്തെ അടിസ്ഥാനമാക്കി എഴുതിയതുകൊണ്ട് കൃത്രിമമായിട്ട് തോന്നുന്നില്ല. 51 വെട്ട് എന്ന കവിതാസമാഹാരം ഇറങ്ങിയിരുന്നു. അതുപോലുള്ളൊരു പുസ്തകമല്ല ഇത്. ആ പുസ്തകം അത്ര സ്വാധീനമുണ്ടാക്കിയില്ല. എന്നാല്‍, ഈ പുസ്തകത്തില്‍ എഴുതിയവര്ക്ക്അതിനോട് ഒരു സഹതാപം, അല്ലെങ്കില്‍ ഒരടുപ്പമുണ്ട്. ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് മെലെകാവുളു ഇറങ്ങിയത്. ആ സമയമാണ് മധുവധക്കേസിലെ സാക്ഷികള്‍ കൂറുമാറിയ സംഭവങ്ങളുണ്ടായത്. പണം കൊടുത്ത് സാക്ഷികളെ പിന്തിരിപ്പിക്കാന് നോക്കുന്നതുമൊക്കെ.
ഞാനൊരു സാമൂഹ്യപ്രവര്ത്തകനൊന്നുമല്ല. ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ആ ചെറുപ്പക്കാരനോട് ഒരിഷ്ടമുണ്ടായിരുന്നു. ഗഡാമര്‍ (Hans-Georg Gadamer) എന്ന ചിന്തകന്‍ പറയുന്നതുപോലെ സത്യങ്ങള്‍ പലതാണ്. അപ്പോള്‍ നമ്മളൊരു സത്യം നിര്‍മിക്കേണ്ടതായിട്ടുണ്ട്. മധുവിന്റെ കാര്യത്തെ സംബന്ധിച്ചിടത്തോളം പല നിഗമനങ്ങളും അഭിപ്രായങ്ങളും കള്ളക്കഥകളും ദുഷ്പ്രചരണങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. നിങ്ങളൊരു സത്യം നിര്മിക്കേണ്ടിയിരിക്കുന്നു എന്ന് ആദിവാസി സമൂഹത്തോട് ഞാന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ആ ഒരു നിര്‍മാണത്തിന്റെ ഭാഗമായി ഈ പുസ്തകത്തെ കരുതാമെന്നാണ് എനിക്ക് തോന്നുന്നത്. ഈ പുസ്തകം ഒരു സത്യം നിര്‍മിക്കുന്നുണ്ട്. മധുവിന്റെ അവസ്ഥയോട് സഹതപിക്കുന്ന മനുഷ്യരിലൂടെ. എല്ലാ മനുഷ്യരും ഒരര്‍ഥത്തില്‍ മധു തന്നെയാണ്. നമ്മളൊക്കെ മാനസിക നില തെറ്റിയാലോ. സ്വത്വസ്ഥാനത്തില് നിന്നും അഭയാര്‍ഥിയായി പോയാലോ ഒക്കെ അനുഭവിക്കുന്ന പ്രശ്നം തുല്യമാണ്.
ആദിവാസികളെ കളിപ്പാവകളായിട്ടാണ് മനുഷ്യര്‍ ഉപയോഗിക്കുന്നത്. നഞ്ചിയമ്മയെ പോലുള്ളവര്‍ക്ക് അവാര്‍ഡ് കിട്ടി. എന്നാല്‍, ആദിവാസികളുടെ അവസ്ഥ പഴയ പോലെ തന്നെയാണ്. ഒരാളെ അംഗീകരിച്ചിട്ട് കാര്യമില്ല. ആ സമൂഹത്തിന് കിട്ടേണ്ട അവകാശം അവര്‍ക്ക് കിട്ടുകയും അവരുടെ ജീവിതം ധന്യമാവുകയും ചെയ്യണം. കേരളത്തിലെ മനുഷ്യര്‍ ആദിവാസികള്‍ക്ക് വലിയൊരു നഷ്ടപരിഹാരം കൊടുക്കേണ്ടതായിട്ടുണ്ട്. കാരണം, അവരുടെ ഭൂമിയെല്ലാം മറ്റുള്ളവര്‍ കൈക്കലാക്കി. അവരെ സ്വന്തം ഭൂമിയില്‍ അന്യരാക്കി. കേരളത്തില്‍ എല്ലാ മേഖലയിലും സംഭവിക്കുന്നൊരു കാര്യമാണിത്.
മധുവിനെക്കുറിച്ച് നേരത്തെ ഒരു പുസ്തകം ഇറങ്ങിയിരുന്നു. അത് എങ്ങുമെത്താതെ പോയി. ഈ കവിതാസമാഹാരത്തിന് കുറച്ചൊക്കെ ശ്രദ്ധ കിട്ടിയെന്നാണ് എനിക്ക് തോന്നുന്നത്. ആദിവാസികള്‍ക്ക് ഒരു ഐഡന്റിറ്റിയുണ്ട്. എന്നാല്‍ അവരുടെ വംശീയമായ സ്വത്വത്തെ ചിതറിച്ചുകളഞ്ഞു. പ്രകൃതിയുമായി ഇണങ്ങി ജീവിച്ച സമൂഹമാണ് അവര്‍. രാജഭരണകാലത്തൊക്കെ രാജാക്കന്മാര് അവരെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാനൊന്നും പോയിട്ടില്ല. അപരിഷ്കൃതരെന്ന് ആധുനിക കാലത്ത ആദിവാസികളെ വിളിക്കാറുണ്ട്. എന്നാല്‍, അങ്ങനെയൊന്ന് ഇല്ല. എല്ലാം ഒരു സംസ്കാരമാണ്. നാഗരികത സൃഷ്ടിക്കുന്ന ഒന്നാണ് ഈ മാനസികമായ സമ്മര്‍ദം. വൈലോപ്പിള്ളിയുടെ സഹ്യന്റെ മകനിലൊക്കെ പറയുന്നുണ്ടല്ലോ അമ്പലത്തില്‍ ആനയെ എഴുന്നള്ളിച്ചതുകൊണ്ടാണ് ആനക്ക് മദമിളകിയതെന്ന്. അമ്പലമെന്ന് പറയുന്നത് നാഗരികതയുടെ ചിഹ്നമാണ്. അതിന്റെ മറുപുറമാണ് സഹ്യന്റെ മകന്.
മോഡേണിസം എന്നു പറയുന്ന കൃത്രിമ ജീവിതം, അതുണ്ടാക്കുന്നതാകാം ഇത്തരം സമൂഹങ്ങളിലെ മാനസിക തകര്‍ച്ച. പൊതുസമൂഹത്തെ ഭയം അല്ലെങ്കില്‍ നഗരത്തെ ഭയം. അതായിരിക്കാം മധുവിന്റെ കാട്ടിലേക്കുള്ള പിന്മടക്കം എന്നാണ് എനിക്ക് തോന്നുന്നത്. ഇന്നത്തെ ജീവിതത്തോട് പൊരുത്തപ്പെടാന്‍ പറ്റാത്ത വിധം എന്തോ ഒരു അടി മധുവിന് കിട്ടിയിട്ടുണ്ട്. വളരെ തകര്‍ന്ന രീതിയിലാണ് അദ്ദേഹം പ്രകൃതിയിലേക്ക് മടങ്ങിയത്.
കവിതകളുടെ ശേഖരണം ശ്രമകരമായ ജോലിയായിരുന്നില്ലേ?
കവിതകള്‍ പലരും അയച്ചു തന്നത് പല ഫോണ്ടുകളിലായതുകൊണ്ട് വായിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇത്രയും കവിതകള്‍ ക്രമീകരിക്കാന്‍ തന്നെ വലിയ പണിയായിരുന്നു. സമ്മതപത്രമൊക്കെ ഒപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. പലരുടെയും അഡ്രസ് പോലും നമുക്കറിയില്ല. മധുവുമായി ബന്ധപ്പെട്ട കവിതകള്‍ തന്നെ വേണമല്ലോ? അല്ലെങ്കില്‍ മധുവിന്റെ ജീവിതത്തോട് സമാനമായ അനുഭവങ്ങള്‍ പറയുന്ന കവിതകളെങ്കിലും. നാഗരിക മനുഷ്യന് പോലും ആദിമമായ ലോകത്തേക്ക് പോകാന്‍ ഉള്ളിലൊരു അഭിലാഷമുണ്ട്. അതുകൊണ്ടാണ് നമ്മളീ കാട്ടിലേക്കൊക്കെ പോകുന്നത്. അതൊരു ചോദനയാണ്. കടമ്മനിട്ടയുടെ കാട്ടാളനും കിരാതവൃത്തം പോലുള്ള കവിതകള്‍ അതൊരു ആശയം പോലെ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ആദിവാസികള്‍ അതിനകത്ത് ഉണ്ടായിരുന്നില്ല. അദ്ദേഹം എഴുതിയത്ആ ഫ്രിക്കയിലെങ്ങാണ്ടുള്ള ആദിവാസികളാണ്.
കേരളത്തില്‍ ആദ്യമായി ആദിവാസികളെക്കുറിച്ച് ഒരു പുസ്തകമെഴുതുന്നത് കെ.എസ് പാനൂരാണ്. എന്‍.വി കൃഷ്ണവാര്യര്‍ മാതൃഭൂമിയിലുണ്ടായിരുന്ന സമയത്ത് അദ്ദേഹം പറഞ്ഞിട്ടാണ് പാനൂര്‍ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന് 'കേരളത്തിലെ ആഫ്രിക്ക' എന്ന പുസ്തകമെഴുതുന്നത്. അതിനു മുന്‍പ് കൃഷ്ണ വാര്യര്‍ 'ആഫ്രിക്ക' എന്നൊരു പുസ്തകമെഴുതി. അന്ന് എല്ലാവരും കേരളത്തിലെ ആദിവാസികളെ കാണുന്നതിനു പകരം ആഫ്രിക്കയിലെ ആദിവാസികളെയാണ് നോക്കിയത്. കേരളത്തിലെ മധ്യവര്‍ഗ സംസ്കാരം മനുഷ്യവിരുദ്ധമായി മാറിയിട്ടുണ്ട്.
ആദിവാസി ഭാഷകളില്‍ ഒരുപാട് വാക്കുകളുണ്ട്. അത് മലയാളത്തിലേക്ക് എടുക്കുകയാണെങ്കില്‍ മലയാള ഭാഷയെ സമ്പുഷ്ടമാക്കാന്‍ സാധിക്കും. ആദിവാസി ഭാഷകളുടെ ഒരു പഠന ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ടാവുക എന്നത് വളരെ അത്യാവശ്യമാണ്. അതില്‍ കുറെ പേര്‍ക്ക് ജോലി കിട്ടും. നമുക്ക് പഠിക്കാന്‍ പറ്റും. പണിയ വിഭാഗത്തിന്റെ ഒരു ഡിക്ഷണറി കിര്‍ത്താഡ്സ് ഉണ്ടാക്കിയിട്ടുണ്ട്. കുറുമ്പ വിഭാഗത്തെക്കുറിച്ച് ഒരു ഗവേഷണവും കിര്‍ത്താഡ്സ് നടത്തിയിട്ടുണ്ട്. ഞാനാ ഗവേഷണം നോക്കിയിട്ടുണ്ട്. നമുക്കറിയാത്ത കുറെയധികം അറിവുകളാണ് ആ ഗവേഷണം തുറന്നുതരുന്നത്.
മധുവിന് നീതി കിട്ടും എന്നു പ്രതീക്ഷിക്കുന്നുണ്ടോ?
മെലെ കാവുളു എന്ന ഈ പുസ്തകം ഇറങ്ങുമോ എന്നു പോലും സംശയിച്ചിരുന്നു. അഞ്ചു വര്‍ഷത്തെ കാത്തിരിപ്പ് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശ്നമായിരുന്നു. ഇപ്പോള്‍ അതിറങ്ങിയപ്പോള്‍ സാക്ഷികള്‍ കൂറുമാറുന്ന വാര്‍ത്തയാണ് കേട്ടുകൊണ്ടിരിക്കുന്നത്. ഞാന്‍ ദൈവ വിശ്വാസിയൊന്നുമല്ല. എല്ലാ മതങ്ങളെയും ഇഷ്ടമാണ്. എങ്കില്‍ പോലും ദൈവം രക്ഷിക്കുമെന്നാണ് ആ കേസിനെക്കുറിച്ച് ഞാന്‍ പറഞ്ഞത്. അതെന്റെയൊരു വിശ്വാസമാണ്. സാക്ഷികളെല്ലാം കൂറുമാറിയാലും മധുവിന് നീതി കിട്ടുമെന്നാണ് വിശ്വസിക്കുന്നത്. കവിതയിലുള്ള വിശ്വാസം പോലുള്ള ഒരു വിശ്വാസമാണത്. ആരെങ്കിലും എവിടെയെങ്കിലും ഒരു സാക്ഷി വരും. അഭയ കേസില്‍ ഒരു കള്ളന് വന്ന പോലെ. മധുവിന് നീതി കിട്ടിയിരിക്കും. അക്കാര്യത്തില്‍ എനിക്ക് പ്രതീക്ഷയുണ്ട്.
ഇന്നത്തെ നീതികളെല്ലാം തന്നെ മാറ്റിവയ്ക്കപ്പെടുന്നു എന്നതാണ്. അന്വേഷണങ്ങളുടെ നൂലാമാലകള്‍ക്കിടയിലൂടെ നീതി മാറ്റിവയ്ക്കപ്പെടുകയാണ്. മാറ്റിവയ്ക്കപ്പെടുന്തോറും നീതി കിട്ടുന്നില്ല എന്നതാണ് വസ്തുത. നീതി എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ എല്ലാവരുടെയും ജീവിതം നിലനില്‍ക്കുന്നത്. ആദിവാസികളുടെ കാര്യത്തില്‍ നമ്മുടെ സര്‍ക്കാര്‍ പുതിയൊരു നിലപാട് തന്നെ സ്വീകരിക്കേണ്ടതായിട്ടുണ്ട്. നമ്മുടെ മനോഭാവത്തില്‍ തന്നെ മാറ്റമുണ്ടാകേണ്ടതുണ്ട്. അപരിഷ്കൃതരായി അവരെ കാണേണ്ട ആവശ്യമില്ല. പക്ഷെ, നീതി എന്നു പറയുന്ന സംഗതി അത് എവിടെ നിന്നെങ്കിലും വരുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. വേറെയാര്‍ക്ക് നീതി കിട്ടിയില്ലെങ്കിലും മധുവിന് നീതി ലഭിക്കും. കവിതകള്‍ സംഘടിപ്പിക്കാനും മറ്റുമായി ആ കവിതാസമാഹാരത്തിനു വേണ്ടി ഞാനത്ര മാത്രം കഷ്ടപ്പെട്ടു. പക്ഷെ, ഇതൊരു വലിയ സംഭവമായിട്ടാണ് എനിക്ക് തോന്നുന്നത്. കാരണം, ഇത്രയും കവികള്‍ അതിലെഴുതി, അവര്‍ ആത്മാര്ഥമായിട്ട് കൂടെ നിന്നു. ആരും പൈസ ചോദിച്ചില്ല.
എം.ടിയുടെ പേരിലെ നായര്‍ എന്ന ജാതിപ്പേര് അദ്ദേഹം ഉപേക്ഷിച്ചിരുന്നെങ്കില്‍ നല്ലൊരു മാതൃകയായേനെ എന്ന താങ്കളുടെ പ്രസ്താവന ചിലരെയെങ്കിലും അസ്വസ്ഥപ്പെടുത്തിയല്ലോ?
ഒരുപാട് ജാതിവാദികളുണ്ട്. ചിലര്‍ മതവും ജാതിയും കൂടി കൂട്ടിക്കെട്ടും. മതം വേറെ ജാതി വേറെ. ജാതി എന്നു പറയുന്നത് ഇന്ത്യയില്‍ മാത്രമേയുള്ളൂ. ആദിവാസികള്‍ക്കൊന്നും ജാതിയില്ല. ഗോത്രമാണ്. ഗോത്രങ്ങളുടെ ഒരു കൂട്ടായ്മയാണ് ജാതിയായിട്ട് പരിണമിച്ചത്. നായര്‍ എന്നു പറയുന്നതു തന്നെ പല തരത്തിലുള്ള ഗോത്രങ്ങളുടെ കൂട്ടായ്മയാണ്. പറയരിലും പുലയരിലുമുണ്ട് ഗോത്രങ്ങള്‍. ക്രിസ്ത്യാനികളിലുമുണ്ടായിരുന്നു. കേരളത്തിന്റെ ജാതിപരിവര്‍ത്തനം പഠിച്ചാല്‍ നമ്മള് ഞെട്ടിപ്പോകും. തിരുവനന്തപുരത്തെ രാജാക്കന്മാര് ഹിരണ്യഗര്‍ഭം നടത്തിയാണ് ക്ഷത്രിയരായി മാറിയത്. അതിനു മുന്‍പ് അവര്‍ ക്ഷത്രിയരല്ലായിരുന്നു. കൊച്ചി രാജാക്കന്മാരുടെ മുന്നില്‍ തിരുവനന്തപുരം രാജാക്കന്മാര്ക്ക് അന്തസ് കുറവായിരുന്നല്ലോ? ജാതിരൂപീകരണം എന്നു പറയുന്നത് വലുതായിട്ട് പഠിക്കേണ്ട ഒരു വിഷയം തന്നെയാണ്.
എം.ടി വാസുദേവന്‍ നായരെപ്പോലുള്ള ആളുകള്‍ക്ക് ഇത്ര വലിയ ഗെറ്റപ്പ് വരുന്നതു അദ്ദേഹം നായരതുകൊണ്ടാണ്. അല്ലെങ്കില്‍ മാതൃഭൂമി അദ്ദേഹത്തെ ചീഫ് എഡിറ്ററാക്കുമോ? ആദിവാസികളെക്കുറിച്ച് നാരായന് എഴുതിയ നോവലാണ് കൊച്ചരേത്തി. പല ഭാഷകളിലേക്കും ആ പുസ്തകം തര്‍ജമ ചെയ്യപ്പെട്ടു. മൗലികമായ കൃതിയാണ്. ലോകം അംഗീകരിക്കുന്ന കൃതി. പക്ഷെ, ഇതൊന്നും സാധാരണക്കാര്‍ മനസ്സിലാക്കുന്നില്ല. വലിയ നേട്ടങ്ങള്‍ കൈവരിച്ച ഒരുപാട് ആളുകളുണ്ട്. പക്ഷെ, ജാതിയില്‍ താണവരായതുകൊണ്ട് അവരെ ആരും പരിഗണിക്കുന്നില്ല. സ്ഥാനമാനങ്ങള്‍ കിട്ടുകയില്ല. എം.ടി നായരായതുകൊണ്ടാണ് മാതൃഭൂമിയിലൊക്കെ എത്തിയത്. സിനിമയില്‍ സ്വീകരിക്കപ്പെട്ടത്. അല്ലെങ്കില്‍ തള്ളിപ്പോകും. ജാതി ഒരു കള്‍ച്ചറല്‍ ക്യാപിറ്റലാണ്. അതുകൊണ്ടാണ് അദ്ദേഹം പേരിലെ ജാതിവാല് എടുത്തുകളയാത്തത്. ആദിവാസി പ്രശ്നത്തില്‍ മുന്നില്‍ നിന്നയാളാണ് എം.ടി. മുത്തങ്ങ വെടിവെപ്പുണ്ടായപ്പോള്‍ ഞങ്ങളൊക്കെ പോയിരുന്നു. അദ്ദേഹമാണ് ഒരു കാരണവരെപ്പോലെ എല്ലാം നിയന്ത്രിച്ചത്. പ്രതിഷേധ മീറ്റിംഗ് ഒക്കെ ഉദ്ഘാടനം ചെയ്തത് അദ്ദേഹമാണ്. വലിയൊരു മനുഷ്യനാണ് അദ്ദേഹം. പക്ഷെ, ജാതിവാല് കൂടി മാറ്റിയാല്‍ നല്ലതായിരിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. കാരണം, മറ്റുള്ളവര്‍ക്ക് അതൊരു പ്രചോദനമായിരിക്കും.
എസ്. ജോസഫ്