പൊയ്കയില്‍ അപ്പച്ചനും പ്രത്യക്ഷ രക്ഷാ ദൈവസഭയും; കേരള നവോത്ഥാനത്തിലെ ആത്മീയ വെളിച്ചം
|ദൈവം സ്വര്‍ഗത്തിലല്ലെന്നും അടിമകള്‍ക്കിടയിലാണെന്നും പ്രത്യക്ഷത്തില്‍ രക്ഷയും സൗഖ്യവും നല്‍കുന്ന ദൈവത്തെയാണ് അടിമകള്‍ ആരാധിക്കേണ്ടതെന്നും യോഹന്നാന്‍ ആഹ്വാനം ചെയ്തതോടെ അതൊരു പുതിയൊരു സുവിശേഷത്തിന്റെ വെളിപ്പെടുത്തലായി മാറി.
'കാണുന്നില്ലോരക്ഷവും എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തില്‍ ചരിത്രങ്ങള്‍
പൂര്‍വവംശത്തിന്‍ കഥയെഴുതി വച്ചീടാന്‍
പണ്ടിയൂര്‍വിയിലൊരുവരുമില്ലാതെ പോയല്ലോ '
എന്ന് കേരളത്തിലെ അടിസ്ഥാന ജനതയോടുള്ള ചരിത്ര നിഷേധത്തെപ്പറ്റി വിലപിച്ച നവോത്ഥാന ശില്‍പിയും സമുദായോദ്ധാരകനും സാമൂഹിക വിപ്ലവകാരിയും പ്രജാസഭാ അംഗവുമായിരുന്നു പൊയ്കയില്‍ അപ്പച്ചന്‍ എന്ന പൊയ്കയില്‍ കുമാര ഗുരുദേവന്‍. ജാതി നീതിക്കും സവര്‍ണാധിപത്യത്തിനും കീഴില്‍ നൂറ്റാണ്ടുകളോളം അടിമകളും തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി ചിത്രീകരിക്കപ്പെട്ട് ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്നുപോലും ആട്ടിപ്പായിച്ചിരുന്ന അടിസ്ഥാന ജനവിഭാഗങ്ങളെ ഒരു വിമോചന പോരാളിയുടെ ദീര്‍ഘവീക്ഷണത്തോടെ ജാതി-മത ചിന്തകള്‍ക്കതീതമായി സാമുദായികാടിത്തറയില്‍ സംഘടിപ്പിച്ച് ആത്മീയതയുടെ വെളിച്ചം പകര്‍ന്ന് നവോത്ഥാനത്തിന്റെ പുതുയുഗപുലരിയിലേക്ക് നയിച്ചതിലാണ് അപ്പച്ചന്റെ ഖ്യാതി.
ക്രിസ്തീയ സഭകളില്‍ നിലനിന്നിരുന്ന (ഇപ്പോഴും നിലനില്‍ക്കുന്ന) ജാതി ചിന്തകള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ സന്ധി ചെയ്യാതെ ശബ്ദമുയര്‍ത്തിയ അദ്ദേഹം യാഥാസ്ഥികരുടെ വെല്ലുവിളികളെ അതിസാഹസികമായി നേരിട്ടു കൊണ്ടായിരുന്നു അടിസ്ഥാന ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് അവരെ സാമൂഹിക നവോത്ഥാനത്തിന്റെ പടിവാതില്‍ക്കലേക്ക് ആനയിച്ചത്. സംഘാടനം, പോരാട്ടം, സ്വത്വാന്വേഷണം, സമുദായവത്കരണം, ആത്മീയ വിമോചനം എന്നിവയിലൂന്നി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളൊക്കെയും യഥാര്‍ഥത്തില്‍ കേരളത്തിലെ അടിസ്ഥാന ജനതയെ സംബന്ധിച്ചിടത്തോളം അവരുടെ സാമൂഹിക വിമോചന മുന്നേറ്റ ചരിത്രത്തിലെ തിളക്കമാര്‍ന്ന അദ്ധ്യായങ്ങളും നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലുകളുമായിരുന്നു. കേരളത്തിലെ ഇതര നവോത്ഥാന നായകന്മാര്‍ സമൂഹത്തില്‍ നിലനിന്നിരുന്ന ദുരാചാരങ്ങള്‍ക്കെതിരെ സാമൂഹിക പരിഷ്‌കരണത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയപ്പോള്‍, അപ്പച്ചന്‍ ഒരേസമയം ജാതീയമായ വിവേചനങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുകയും സമഗ്രമായ സാമൂഹിക വിപ്ലവത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്തു. ജാതിക്കും മതത്തിനും അതീതമായി അടിസ്ഥാന ജനതയെ സംഘടിപ്പിച്ചു കൊണ്ടായായിരുന്നു ജാതിക്കെതിരായ പോരാട്ടത്തിന് അപ്പച്ചന്‍ നേതൃത്വം നല്‍കിയത്. ആദ്യാവസാനം വരെ കടുത്ത വെല്ലുവിളികള്‍ നിറഞ്ഞ അപ്പച്ചന്റെ ജീവിതം ഒരേ സമയം സംഭവബഹുലവും സംഘര്‍ഷോന്മുഖവുമായിരുന്നു. നിരവധി വെല്ലുവിളികളെ അതിജീവിച്ച അദ്ദേഹം ഒടുവില്‍ അടിസ്ഥാന ജനതയുടെ വിമോചന മുന്നേറ്റത്തിന് കേരളത്തിന്റെ മണ്ണില്‍ രൂപവും ഭാവവും നല്‍കി.
മതപരിവര്‍ത്തനത്തിലൂടെ ക്രിസ്തുമതം സ്വീകരിച്ച പുതു ക്രിസ്ത്യാനികളെ ജാതിയുടെ അടിസ്ഥാനത്തില്‍ പുലയ ക്രിസ്ത്യാനികള്‍ എന്നും പറയ ക്രിസ്ത്യാനികള്‍ എന്നും വേര്‍തിരിച്ച് സഭയ്ക്കുള്ളില്‍ മാറ്റി നിര്‍ത്തുന്നതും, അവര്‍ക്കു വേണ്ടി പ്രത്യേക പള്ളികള്‍ നിര്‍മിക്കുന്നതും അക്കാലത്ത് സര്‍വസാധാരണമായിരുന്നു. സഭയ്ക്കുള്ളില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ നിലനിന്നിരുന്ന ഇത്തരം വേര്‍തിരിവുകളെ ശക്തമായി എതിര്‍ത്ത യോഹന്നാന്‍ ഇത്തരം വേര്‍തിരിവുകള്‍ ക്രിസ്തീയ വിശ്വാസം അനുശാസിക്കുന്നില്ലെന്ന് പ്രഭാഷണങ്ങളിലൂടെ പരസ്യ പ്രഖ്യാപനം നടത്തിയതോടെ അദ്ദേഹം സവര്‍ണ ക്രിസ്ത്യാനികളുടെ കണ്ണിലെ കരടായി മാറി. അഭിപ്രായ വ്യത്യാസം മൂര്‍ച്ഛിച്ചതതോടെ യോഹന്നാനും അനുയായികള്‍ക്കും കൂട്ടത്തോടെ മര്‍ത്തോമ സഭയില്‍ നിന്നും പിരിഞ്ഞു പോകേണ്ടി വന്നു.
മധ്യതിരുവിതാംകൂറിലെ തിരുവല്ല താലൂക്കില്‍, ഇരവിപേരൂര്‍ എന്ന ഗ്രാമത്തില്‍ മല്ലപ്പള്ളി പുതുപ്പറമ്പില്‍ കണ്ടന്റെയും പൊയ്കയില്‍ വീട്ടില്‍ കുഞ്ഞുളേച്ചിയുടെയും മൂന്നാമത്തെ പുത്രനായി, 1818 ഫെബ്രുവരി 17-ന് (1054 കുംഭം 5) ആയിരുന്നു അപ്പച്ചന്റെ ജനനം. കൊമരന്‍ (കുമാരന്‍) എന്നു മാതാപിതാക്കള്‍ പേരിട്ട ആ അടിയ ബാലന്‍ അക്കാലത്ത് ഒരു അടിയാള കുലജാതന്‍ അനുഭവിക്കേണ്ടതായ എല്ലാവിധ സാമൂഹിക ബഹിഷ്‌കരണങ്ങളും വിവേചനങ്ങളും അസ്വാതന്ത്ര്യവും അനുഭവിച്ചുകൊണ്ടായിരുന്നു ബാല്യകാലം പിന്നിട്ടത്. ഹിന്ദുമതത്തിലെ ഉച്ചനീചത്വങ്ങളെയും വിവേചനങ്ങളെയും അതിജീവിച്ച് പുതിയൊരു ജീവിതമാര്‍ഗം തേടി അയിത്തജാതിക്കാര്‍ കൂട്ടത്തോടെ ക്രിസ്തുമതത്തെ ആശ്ലേഷിച്ചു കൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്. ഈ ഒഴുക്കില്‍പ്പെട്ട് അപ്പച്ചന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ക്രിസ്തുമതം സ്വീകരിച്ചതായി കരുതപ്പെടുന്നു. ശങ്കരമംഗലത്തുകാരുടെ അടിയാളരായിരുന്ന കുമാരന്റെ മാതാപിതാക്കള്‍ മാര്‍ത്തോമ സഭയിലേക്കായിരുന്നു പരിവര്‍ത്തനം ചെയ്തത്. പരിവര്‍ത്തനാനന്തരമാണ് കുമാരന്‍, യോഹന്നാന്‍ എന്ന പേര് സ്വീകരിക്കുന്നത്. മാര്‍ത്തോമ സഭയില്‍ ചേര്‍ന്നെങ്കിലും തന്റെ മാതാപിതാക്കളെപ്പോലെ ശങ്കരമംഗലത്തുകാരുടെ അടിയാളനും അവരുടെ കാലിമേയ്പ്പുകാരനുമായി അടിയാള ജീവിതം തുടരാനായിരുന്നു യോഹന്നാന്റെയും നിയോഗം. അടിയാളന്മാര്‍ക്ക് വിദ്യാഭ്യാസം നേടാനോ മറ്റൊരു ജീവിതം സ്വപ്നം കാണുവാനോ പോലും അവസരങ്ങള്‍ യാതൊന്നും തന്നെ അക്കാലത്ത് ഉണ്ടായിരുന്നില്ല. അടിയാളനായി പിറന്നവന്‍ അടിയാളനായി തന്നെ ജീവിതം അവസാനിപ്പിക്കണം - അതായിരുന്നു അന്നത്തെ സാമൂഹിക നീതി. ഇക്കാലത്താണ് യാദൃച്ഛികമായി മുത്തൂറ്റ് കൊച്ചു കുഞ്ഞ് ഉപദേശി എന്ന പുരോഗമന ചിന്താഗതിക്കാരനായ സുവിശേഷ വേലക്കാരന്റെ സഹായത്താല്‍ യോഹന്നാന് വായനയും എഴുത്തും അഭ്യസിക്കാനുള്ള അപൂര്‍വ അവസരം ലഭിക്കുന്നത്. അക്ഷരാഭ്യാസം നേടിയ യോഹന്നാന് തുടര്‍ന്നു പഠിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും ജ്ഞാന തൃഷ്ണ അദ്ദേഹത്തിന്റെ മനസ്സില്‍ അലയടിച്ചുകൊണ്ടിരുന്നു. ഈയവസരത്തിലാണ് കൊച്ചു കുഞ്ഞു ഉപദേശിയിലൂടെ ഏതാനം ബൈബിള്‍ ലഘൂലേഖകള്‍ യോഹന്നാന്റെ കൈവശം എത്തുന്നതും ഒരു നിധിപോലെ യോഹന്നാന്‍ അത് പരായണം ചെയ്യാന്‍ തുടുങ്ങുന്നതും.
ബൈബിള്‍ വായിക്കാന്‍ തുടങ്ങിയതോടെ ആത്മീയ വെളിപാടിന്റെ പുതിയൊരുലോകം തനിക്ക് മുന്നില്‍ തുറക്കപ്പെട്ടതായി യോഹന്നാന് അനുഭവപ്പെട്ടു. ഇതോടൊപ്പം താന്‍ വായിച്ച് മനഃപാഠമാക്കിയ ബൈബിള്‍ കഥകള്‍ സമപ്രായക്കാരുമായി പങ്കുവയ്ക്കാനും യോഹന്നാന്‍ സമയം കണ്ടെത്തിയിരുന്നു. അങ്ങനെ ഒരു സാധാരണ ഇടയ ബാലനായിനായി ജീവിതം ആരംഭിച്ച യോഹന്നാന് ആദ്യമായി സമപ്രായക്കാരായ ഒരു കൂട്ടം അനുയായികളെ ലഭിച്ചു. ബൈബിള്‍ കഥകളുടെ സാരാംശങ്ങള്‍ അവര്‍ക്ക് മുന്നില്‍ സാധ്യതയുടെ മറ്റൊരു ലോകം തുറന്നിടുകയായിരുന്നു. 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്ന ക്രിസ്തുവിന്റെ സന്ദേശം അടിയാള ജീവിതത്തിനപ്പുറത്തെ ഒരു ലോകത്തെപ്പറ്റി അവര്‍ക്ക് പ്രത്യാശയും പ്രതീക്ഷയും നല്‍കാന്‍ വഴിതുറന്നു. പതിനെട്ടു വയസ്സാപ്പോഴേക്കും യോഹന്നാന് ബൈബിളിന്റെ സാരാംശം അതിന്റെ ഗഹനതയില്‍ തന്നെ മനസ്സിലാക്കാന്‍ സാധിച്ചു. ബൈബിള്‍ പാരായണത്തിലൂടെ താന്‍ സ്വായത്തമാക്കിയ ജ്ഞാന വെളിച്ചം മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നു നല്‍കേണ്ടത് തന്റെ നിയോഗമാണെന്ന് ഒരു വേള തിരച്ചറിഞ്ഞ യോഹന്നാന്‍ താമസ്സിയാതെ മാര്‍ത്തോമ സഭയിലെ ഒരു നിത്യസന്ദര്‍ശകനും ഉപാസകനുമായി മാറി. യോഹന്നാന് ബൈബിളിലുള്ള അഗാധമായ പരിജ്ഞാനവും പ്രസംഗ ചാതുര്യവും സഭാ അധികാരികളെ ആകര്‍ഷിക്കുക തന്നെ ചെയ്തു. പതിയെപ്പതിയെ പുതു ക്രിസ്ത്യാനികള്‍ക്കിടയില്‍ ഒരു ഉപദേശിയുടെ പദവിയിലേക്ക് യോഹന്നാന്‍ ഉയര്‍ത്തപ്പെട്ടു. ശ്രോതക്കളെ പിടിച്ചിരുത്തി ചിന്തിപ്പിക്കുന്ന അദ്ദേഹത്തിന്റെ സുവിശേഷ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ അന്യദേശത്തുകാരായ വിശ്വാസികളെ പോലും ആകര്‍ഷിച്ചത് വിശ്വാസികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ സ്വീകാര്യതയും പേരും പെരുമയും വര്‍ധിപ്പിച്ചു. വിശ്വാസികള്‍ സംഗമിക്കുന്ന സ്ഥലങ്ങളിലെല്ലാം യോഹന്നാന്‍ ഉപദേശിയുടെ ശബ്ദം പതിവായി ഉയര്‍ന്നു കേട്ടുകൊണ്ടിരുന്നു. അങ്ങനെ വളരെ ചെറിയൊരു കാലത്തിനുള്ളില്‍ തന്നെ നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരു ഉപദേശിയായി യോഹന്നാന്‍ മാറി. എന്നാല്‍, യോഹന്നാന്റെ സുവിശേഷ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ എത്തികൊണ്ടിരുന്നവരില്‍ ഭൂരിഭാഗവും അധഃസ്ഥിത വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു എന്നതായിരുന്നു യാഥാര്‍ഥ്യം. ഇക്കാലത്ത് സഭക്ക് അകത്തും പുറത്തും അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക യോഗങ്ങളും പ്രഭാഷണങ്ങളും അദ്ദേഹം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് അദ്ദേഹത്തെ പിന്തുടര്‍ന്നവരൊക്കെയും ക്രിസ്തുമതത്തിലൂടെയുള്ള തങ്ങളുടെ മോചനം സമാഗതമായിരിക്കുന്നതായും യോഹന്നാന്‍ തങ്ങളുടെ വഴികാട്ടിയാണെന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്തു. ഇക്കാലത്താണ് സഭക്കുള്ളില്‍ നിലനില്‍ക്കുന്ന ജാതീയമായ വിവേചനങ്ങളിലേക്ക് യോഹന്നാന്റെ ശ്രദ്ധ തിരിയുന്നത്. മതപരിവര്‍ത്തനത്തിലൂടെ ക്രിസ്തുമതം സ്വീകരിച്ച പുതു ക്രിസ്ത്യാനികളെ ജാതിയുടെ അടിസ്ഥാനത്തില്‍ പുലയ ക്രിസ്ത്യാനികള്‍ എന്നും പറയ ക്രിസ്ത്യാനികള്‍ എന്നും വേര്‍തിരിച്ച് സഭയ്ക്കുള്ളില്‍ മാറ്റി നിര്‍ത്തുന്നതും, അവര്‍ക്കു വേണ്ടി പ്രത്യേക പള്ളികള്‍ നിര്‍മിക്കുന്നതും അക്കാലത്ത് സര്‍വസാധാരണമായിരുന്നു. സഭയ്ക്കുള്ളില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ നിലനിന്നിരുന്ന ഇത്തരം വേര്‍തിരിവുകളെ ശക്തമായി എതിര്‍ത്ത യോഹന്നാന്‍ ഇത്തരം വേര്‍തിരിവുകള്‍ ക്രിസ്തീയ വിശ്വാസം അനുശാസിക്കുന്നില്ലെന്ന് പ്രഭാഷണങ്ങളിലൂടെ പരസ്യ പ്രഖ്യാപനം നടത്തിയതോടെ അദ്ദേഹം സവര്‍ണ ക്രിസ്ത്യാനികളുടെ കണ്ണിലെ കരടായി മാറി. അഭിപ്രായ വ്യത്യാസം മൂര്‍ച്ഛിച്ചതതോടെ യോഹന്നാനും അനുയായികള്‍ക്കും കൂട്ടത്തോടെ മര്‍ത്തോമ സഭയില്‍ നിന്നും പിരിഞ്ഞു പോകേണ്ടി വന്നു.
മര്‍ത്തോമ സഭയില്‍ നിന്നും വേര്‍പിരിഞ്ഞെങ്കിലും ഒരു വിമോചന പ്രത്യയശാസ്ത്രം എന്ന നിലയില്‍ ബൈബിളിലും ക്രിസ്തുമതത്തിലുമുള്ള ദൃഢമായ വിശ്വാസം ഉപേക്ഷിക്കാന്‍ യോഹന്നാന്‍ തയ്യാറായിരുന്നില്ല. ഒരു വിമോചന ശാസ്ത്രമെന്ന നിലയില്‍ ക്രിസ്തീയ ദര്‍ശനത്തില്‍, പ്രത്യേകിച്ചും ബൈബിളില്‍ ഉണ്ടായിരുന്ന അടിയുറച്ച വിശ്വാസമായിരുന്നു ഇതിന് ആധാരം. ഈ വിശ്വാസം അക്കാലത്ത് കൂടുതല്‍ ലിബറല്‍ എന്നു പരക്കെ അറിയപ്പെട്ടിരുന്ന ബ്രദര്‍ മിഷനിലേക്കാണ് യോഹന്നാനെയും അനുയായികളെയും നയിച്ചത്. എന്നാല്‍, മിഷന്റെ നിലപാടുകള്‍ ലിബറല്‍ ആയിരുന്നെങ്കിലും സഭയിലെ സവര്‍ണ ക്രിസ്ത്യാനികള്‍ പുതുതായി മാര്‍ഗം കൂടുന്ന പുതുക്രിസ്ത്യാനികളോട് വിവേചനത്തോടു കൂടിയാണ് പെരുമാറുന്നതെന്ന് വൈകാതെ യോഹന്നാന്‍ തിരിച്ചറിഞ്ഞു. പുതുക്രിസ്ത്യാനികളോടുള്ള വിവേചനത്തെ ശക്തിയായി എതിര്‍ത്ത യോഹന്നാന്‍ വളരെപ്പെട്ടന്നു തന്നെ അവിടെയും ഒരു പ്രൊട്ടസ്റ്റന്റ് മതവിശ്വാസിയായി ചിത്രീകരിക്കപ്പെടുകയുണ്ടായി. അധഃസ്ഥിത വിഭാഗങ്ങള്‍ക്കു വേണ്ടി പ്രത്യേക പള്ളികള്‍ നിര്‍മിക്കുന്നതിനെ കൂടി എതിര്‍ത്തതോടെ യോഹന്നാന്‍ സഭാ മേലധികാരികളുടെ എക്കാലത്തെയും പ്രതിയോഗിയായി മാറി. അക്കാലത്ത് പുല്ലാടടുത്ത്, പുലരിക്കാട്ടെ സെമിത്തേരിയില്‍ ഒരു കീഴ്ജാതിക്കാരന്റെ ശവം സംസ്‌കരിച്ചതില്‍ സവര്‍ണ കിസ്ത്യാനികള്‍ പ്രതിഷേധിച്ചതും, ഒരു ദലിത് ക്രൈസ്തവ യുവതിയും സവര്‍ണ ക്രൈസ്തവ യുവാവും തമ്മിലുള്ള വിവാഹം യോഹന്നാന്‍ നടത്തി കൊടുത്തതും സവര്‍ണ ക്രിസ്ത്യാനികളുടെ കെട്ടടങ്ങാത്ത പകക്കും പ്രതിഷേധത്തിനും വഴിതെളിച്ചിരുന്നു. ഏതു നിമിഷവും താന്‍ ആക്രമിക്കപ്പെടുമെന്ന സ്ഥിതിവിശേഷം സംജാതമായതോടെ അദ്ദേഹവും അനുയായികളും നാട്ടില്‍ നിന്നും പലായനം ചെയ്യുകയും 1905-ല്‍ വേര്‍പാട് സഭയില്‍ ചേരുകയും ചെയ്തു. എന്നാല്‍, വേര്‍പാട് സഭയിലും അദ്ദേഹത്തിനും അനുയായികള്‍ക്കും കടുത്ത വിവേചനങ്ങള്‍ തന്നെയാണ് നേരിടേണ്ടി വന്നത്. ഇതിനെ ചോദ്യം ചെയ്തതോടെ അവിടെയും അദ്ദേഹത്തിന് ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വന്നു. ഇക്കാലത്താണ് ക്രിസ്തീയ സഭകള്‍ക്കുള്ളിലെ ജാതീയമായ വിവേചനങ്ങള്‍ക്കെതിരെ യോഹന്നാന്‍ ഉപദേശി പരസ്യ പ്രചാരണവുമായി രംഗത്ത് എത്തുന്നത്. 1907 മുതല്‍ ദൈവസന്തതികളും ദുഷ്ടസന്തതികളും എന്ന വിഷയത്തെപ്പറ്റി യോഹന്നാന്‍ ഉപദേശി പ്രസംഗിക്കാന്‍ ആരംഭിച്ചതോടെ അദ്ദേഹത്തോടുള്ള സഭയുടെ ശത്രുതയും വര്‍ധിച്ചു വന്നു. സവര്‍ണ ക്രിസ്ത്യാനികളുടെ എതിര്‍പ്പുകള്‍ വര്‍ധിച്ചതോടെ 1908-ല്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും വേര്‍പാട് സഭയെയും ഉപേക്ഷിക്കേണ്ടി വന്നു.
കേരളത്തില്‍ തൊട്ടുകൂടാത്തവരെന്നും തീണ്ടിക്കൂടാത്തവരെന്നും അടിമ ജാതികളെന്നും മുദ്രകുത്തപ്പെട്ടിരുന്ന ജനവിഭാഗം അയിത്ത ജാതിക്കാരല്ലെന്നും അവര്‍ ആദിയര്‍ ജനതയായ ആദി ദ്രാവിഡരുടെ പിന്‍തലമുറക്കാരാണെന്നും അവരെ അടിച്ചമര്‍ത്തിയത് ഹിന്ദു മതത്തിലെയും ക്രിസ്തുമതത്തിലെയും ജാതി സമ്പ്രദായവുമാണെന്നുമുള്ള ചരിത്ര സത്യമാണ് തന്റെ പ്രഭാഷണങ്ങളിലൂടെ പൊയ്കയില്‍ അപ്പച്ചന്‍ വെളിപ്പെടുത്തിയത്.
സഭകളില്‍ നിന്നും സഭകളിലേക്ക് അനുയായികളോടൊപ്പം പലായനം ചെയ്യുമ്പോഴും ഒരു വിമോചന പ്രത്യയശാസ്ത്രം എന്ന നിലയില്‍ ക്രിസ്തുമതത്തിലെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങള്‍ ഉപേക്ഷിക്കാന്‍ യോഹന്നാന്‍ ഉപദേശി തയ്യാറായിരുന്നില്ല. അധഃസ്ഥിതരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമതം ഉദാത്തവും നിര്‍മലവുമാണെന്നും അതിലൂടെ അവരുടെ വിമോചനം സാക്ഷാത്കരിക്കാന്‍ കഴിയുമെന്നും ഉറച്ചു വിശ്വസിച്ചിരുന്ന യോഹന്നാന്‍, ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി തുടര്‍ന്നങ്ങോട്ട് സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ തന്നെ ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതോടെ യോഹന്നാന്റെ പ്രവര്‍ത്തനങ്ങള്‍ വ്യതിരിക്തമായൊരു മുന്നേറ്റമായി തന്നെ തഴച്ചു വളരാന്‍ ആരംഭിച്ചു. കേരളത്തില്‍ ക്രിസ്തുമതം ജാതി വെറിയന്മാരായ സവര്‍ണ ക്രിസ്ത്യാനികളുടെ പിടിയിലാണെന്നും ആ മതത്തില്‍ അകപ്പെട്ടു പോയ അധഃസ്ഥിത വിഭാഗക്കാര്‍ സമാനതകളില്ലാത്ത വിവേചനങ്ങളാല്‍ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ലോകത്തോടു നിരന്തരം വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ അധഃസ്ഥിതനായ ഒരു പുതുക്രിസ്ത്യാനിയുടെ അനുഭവസാക്ഷ്യങ്ങളുടെ രേഖപ്പെടുത്തലുകളായി മാറിയതോടെ അത് പുതിയൊരു ആത്മീയ നവോത്ഥാന മുന്നേറ്റത്തിന്റെ ആരവമായി മാറി. പിന്നീട് അങ്ങോട്ടുള്ള യോഹന്നാന്‍ ഉപദേശിയുടെ ജീവിതം നിതന്തമായ പ്രഭാഷണ യോഗങ്ങളുടെയും ജ്ഞാനാന്വേഷത്തിന്റെയും സംഘാടനത്തിന്റേതുമായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും പാട്ടുകളുമെല്ലാം ആദിമജനതയുടെ ഉണര്‍ത്ത് പാട്ടുകളായി പരിണമിച്ചുകൊണ്ടിരുന്നു. ഒരു പിതാമഹന്റെ കരുതലോടെയും ജാഗ്രതയോടെയും അദ്ദേഹം നല്‍കിയ സ്‌നേഹവും വാല്‍സല്യവും അന്നുവരെ അടിമകളും അടിയാളരുമായി തമസ്‌കരിക്കപ്പെട്ടിരുന്ന ഒരു ജനസഞ്ചയത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കളമൊരുക്കുകയായിരുന്നു. ആദിമ ജനതയുടെ ചരിത്രം അന്വേഷിച്ചും, ഹിന്ദു മതവും ക്രിസ്തുമതവും അവരോട് കാട്ടിയ ചരിത്രത്തിലെ സമാനതകളില്ലാത്ത വിവേചനങ്ങളെയും ക്രൂരതകളെയും നഗ്‌നമായി തുറന്നുകാട്ടി കൊണ്ടും അദ്ദേഹം നടത്തിയ പ്രോജ്ജ്വലമായ പ്രസംഗങ്ങളും കരളലിയിപ്പിക്കുന്ന പാട്ടുകളും കാതങ്ങളായി വിമോചനത്തിനായി കതോര്‍ത്തിരുന്ന അടിമ ജാതികളെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുക തന്നെ ചെയ്തു. കേരളത്തില്‍ തൊട്ടുകൂടാത്തവരെന്നും തീണ്ടിക്കൂടാത്തവരെന്നും അടിമ ജാതികളെന്നും മുദ്രകുത്തപ്പെട്ടിരുന്ന ജനവിഭാഗം അയിത്ത ജാതിക്കാരല്ലെന്നും അവര്‍ ആദിയര്‍ ജനതയായ ആദി ദ്രാവിഡരുടെ പിന്‍തലമുറക്കാരാണെന്നും അവരെ അടിച്ചമര്‍ത്തിയത് ഹിന്ദു മതത്തിലെയും ക്രിസ്തുമതത്തിലെയും ജാതി സമ്പ്രദായവുമാണെന്നുമുള്ള ചരിത്ര സത്യമാണ് തന്റെ പ്രഭാഷണങ്ങളിലൂടെ പൊയ്കയില്‍ അപ്പച്ചന്‍ വെളിപ്പെടുത്തിയത്.
' കേരളത്തിലുള്ള ചരിത്രങ്ങളോരോന്നും
പരിശോധന ചെയ്യാനൊരുങ്ങി
എന്റെ വംശത്തെ കാണുന്നില്ല;
കാണുന്നീ ല്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിന്‍ ചരിത്രങ്ങള്‍.
പൂര്‍വ വംശത്തിന്‍ കഥയെഴുതി വച്ചീടാന്‍
പണ്ടീയൂര്‍വിയിലൊരുവരുമില്ലാതെ പോയല്ലോ '
എന്നു പാടിയ അപ്പച്ചന്‍ തന്റെ ജനതക്ക് വ്യക്തമായ ചരിത്രം ബോധം നല്‍കുകയും ആ ബോധത്തിന്റെ വെളിച്ചത്തില്‍ അവരെ തൊട്ടുണര്‍ത്തി സംഘബോധത്തിലേക്കും അവകാശബോധത്തിലേക്കും നയിക്കുകയും ചെയ്തു.
ഒരു നിതാന്ത ചരിത്രാന്വോക്ഷിയായിരുന്ന അദ്ദേഹം ഹിന്ദുമതവും കിസ്തുമതവും ആദിയര്‍ ജനതയോടു പുലര്‍ത്തുന്ന വിവേചനത്തെ ഇപ്രകാരം തുറന്നു കാട്ടി.
'തെക്കൊരു പള്ളി
വടക്കൊരു പളളി
കിഴക്കൊരു പളളി
പടിഞ്ഞാറൊരു പള്ളി
തമ്പുരാനൊരു പള്ളി
അടിയാനൊരു പള്ളി
അക്കൂറ്റും ഇക്കൂറ്റും വെവ്വേറെ പളളി
പുലയനൊരു പള്ളി
പറയനൊരു പള്ളി
മീന്‍പിടുത്തക്കാരന്‍ മരയ്ക്കാനൊരു പള്ളി
പള്ളിയോട് പള്ളി നിരന്നിങ്ങു വന്നിട്ടു വ്യത്യാസം മാറി ഞാന്‍ കാണുന്നില്ല'
'നമ്മെ ചേര്‍ക്കാത്ത മതങ്ങളും നമ്മെ ശുദ്ധി ചെയ്യാത്ത വെള്ളവുമുണ്ടോ ' എന്ന അപ്പച്ചന്റെ ചോദ്യം ഇപ്പോഴും പ്രസക്തമാണ്.
'പള്ളി കൊണ്ടും യോജിപ്പില്ല
പട്ടം കൊണ്ടും യോജിപ്പില്ല
കര്‍മാദികള്‍ കൊണ്ട ശേഷം യോജിപ്പില്ല
പിന്നെ വിശ്വാസം കൊണ്ടെങ്ങനെ യോജിക്കും ഞാന്‍ ' എന്ന് പള്ളികള്‍ക്കുള്ളില്‍ നിലനിന്നിരുന്ന പരസ്പരം യോജിക്കാത്ത സാഹചര്യങ്ങളെയും അദ്ദേഹം ചോദ്യം ചെയ്യുകയുണ്ടായി. ഹിന്ദുമതവും ക്രിസ്തുമതവും വിവേചനബുദ്ധിയോടെ അടിയാളരായി ചവിട്ടിമെതിക്കപ്പെട്ടിരുന്ന അടിസ്ഥാന ജനതയുടെ സാമൂഹിക ദുരന്തത്തെപ്പറ്റി ഒരു വേള അപ്പന്‍ ഇങ്ങനെ പാടി
'ഹിന്ദുമതത്തിന്‍ പുറവഴിയേ നമ്മള്‍
അനാഥരെന്നപോല്‍ സഞ്ചരിച്ചു.
ക്രിസ്തുമതത്തിന്‍ പുറവഴിയേ നമ്മള്‍
അനാഥരെന്ന പോല്‍ സഞ്ചരിച്ചു.
ഹിന്ദു മതത്തിലും ചേര്‍ക്കയില്ല നമ്മെ
ക്രിസ്തുമതത്തിലും ചേര്‍ക്കയില്ല.'
അധഃസ്ഥിതരുടെ വിമോചനം ആദ്യം ക്രിസ്തുമതത്തില്‍ ദര്‍ശിച്ച യോഹന്നാന്‍ ഉപദേശി ആ വഴിയേ കുറെയേറെ ദൂരം സഞ്ചരിച്ചെങ്കിലും അത് സാധ്യമല്ലെന്ന് ബോധ്യപ്പെടുന്നതോടെയാണ് ക്രിസ്തു മാര്‍ഗം ഉപേക്ഷിച്ച് ആദിമജനതയുടെ മോചനം ലക്ഷ്യമാക്കി ഒരു ബദല്‍ വിമോചന പ്രത്യയശാസ്ത്രം അദ്ദേഹം രൂപകല്‍പന ചെയ്യുന്നത്. ബൈബിള്‍ മര്‍ദിതരുടെ വിമോചന ഗ്രന്ഥമോ തത്വസംഹിതയോ അല്ലെന്ന് തിരിച്ചറിഞ്ഞ യോഹന്നാന്‍ തന്റെ അനുയായികളെ അത് ബോധ്യപ്പെടുത്താന്‍ 1906-ല്‍ ബൈബിള്‍ കത്തിക്കുകകൂടി ചെയ്തുവെന്നത് തികച്ചും യാദൃച്ഛികമായിരുന്നില്ല.
ജാതി സമ്പ്രദായത്തിന്റെ അടിയാളരാണ് അധഃസ്ഥിതര്‍ എന്ന ഉത്തമ ബോധ്യത്തിന്റെ അിസ്ഥാനത്തിലായിരുന്നു യോഹന്നാന്‍ മര്‍ദിതരുടെ വിമോച പ്രത്യയശാസ്ത്രം രൂപകല്‍പന ചെയ്തത്. ബൈബിള്‍ തമസ്‌കരിച്ചെങ്കിലും ബൈബിള്‍ പ്രഘോഷണം ചെയ്യുന്ന ദൈവശാസ്ത്ര ബോധത്തെ അവലംബിച്ചു കൊണ്ടായിരുന്നു യോഹന്നാന്‍ തന്റെ വിമോചന ദൈവശാസ്ത്രത്തിന് ഊടും പാവും നല്‍കിയതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉപജാതി വൈജാത്യങ്ങള്‍ക്കതീതമായി അധഃസ്ഥിത വിഭാഗങ്ങളെ ഒരൊറ്റ ജനതയായി സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ട യോഹന്നാന്റെ വിമോചന ദൈവശാസ്ത്രം പ്രത്യക്ഷ രക്ഷയിലാണ് അഭയം കണ്ടെത്തിയത്. ദൈവം സ്വര്‍ഗത്തിലല്ലെന്നും അടിമകള്‍ക്കിടയിലാണെന്നും പ്രത്യക്ഷത്തില്‍ രക്ഷയും സൗഖ്യവും നല്‍കുന്ന ദൈവത്തെയാണ് അടിമകള്‍ ആരാധിക്കേണ്ടതെന്നും യോഹന്നാന്‍ ആഹ്വാനം ചെയ്തതോടെ അതൊരു പുതിയൊരു സുവിശേഷത്തിന്റെ വെളിപ്പെടുത്തലായി മാറി. യോഹന്നാന്റെ വാക്കുകള്‍ അടിമ ജാതികള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കിയതോടെ അനുയായികളുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരുന്നു. തന്നില്‍ അഭയം തേടി എത്തിയവര്‍ക്കൊക്കെയും അദ്ദേഹം രക്ഷാമാര്‍ഗം ഉപദേശിക്കുകയും ആ മാര്‍ഗത്തിലൂടെ ജീവിതം നയിക്കാനുള്ള ആത്മവിശ്വാസം പകര്‍ന്നു നല്‍കുകയും ചെയ്തു. അദ്ദേഹത്തില്‍ അഭയം തേടിയവര്‍ അദ്ദേഹത്തെ സ്‌നേഹാദരങ്ങളോടെ അപ്പച്ചന്‍ എന്നു അഭിസംബോധന ചെയ്യാന്‍ തുടങ്ങിയതോടെ യോഹന്നാന്‍ ഉപദേശി എന്ന പൂര്‍വ നാമം വിസ്മൃതിയിലാവുകയും പൊയ്കയില്‍ അപ്പച്ചന്‍ എന്ന പേരില്‍ അദ്ദേഹത്തിന്റെ യശസ്സ് ചരിത്രത്തില്‍ ലബ്ദ പ്രതിഷ്ഠമാവുകയും ചെയ്തു.
പ്രജാസഭയില്‍ അംഗമായിരിക്കുമ്പോഴും പ്രത്യക്ഷരക്ഷാ ദൈവസഭയുടെ (പി.ആര്‍.ഡി.എസ്) പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇക്കാലത്താണ് അദ്ദേഹം സഭയെ സ്ഥാപനവത്കരിക്കുന്നതിലേക്ക് നയിക്കുന്നത്. ഇരവിപേരൂരില്‍ ഹെഡ് ഓഫീസ് നിര്‍മിക്കുന്നതും അമരയില്‍ സ്‌കൂള്‍ ആരംഭിക്കുന്നതുമെല്ലാം ഇക്കാലത്തായിരുന്നു. ഇക്കാലത്താണ് നെയ്യാറ്റിന്‍കര വച്ച് അദ്ദേഹം ഗാന്ധിജിയെ സന്ദര്‍ശിച്ച് സംഭാഷണം നടത്തുന്നത്.
വ്യതിരിക്തമായ പ്രവര്‍ത്തനങ്ങളിലൂടെ ക്രിസ്തുമതവും ഹിന്ദുമതവും അടിമകളാക്കിയ അടിസ്ഥാന ജനവിഭാഗങ്ങളുടെ ആത്യന്തിക വിമോചനം ലക്ഷ്യമാക്കി രക്ഷാനിര്‍ണയ യോഗങ്ങള്‍ സംഘടിപ്പിച്ചു വരികെ, നിരവധി പ്രതിസന്ധികളെ അപ്പച്ചന് നേരിടേണ്ടതായി വന്നിട്ടുണ്ട്. അപ്പച്ചന്റെ സ്വതന്ത്ര പ്രവര്‍ത്തനങ്ങളില്‍ സര്‍വണ ക്രിസ്ത്യാനികളായിരുന്നു അദ്ദേഹത്തോട് കടുത്ത ശത്രുത പുലര്‍ത്തിയത്. ബൈബിള്‍ കത്തിച്ചതും സഭകള്‍ക്കുള്ളിലെ സവര്‍ണാധിപത്യത്തെ ചോദ്യം ചെയ്തതും സഭകളില്‍ എത്തപ്പെട്ട അടിയാളരെ വേറിട്ട് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതുമെല്ലാം സവര്‍ണ ക്രിസ്ത്യാനികളെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയിരുന്നത്. അവര്‍ പല രീതികളില്‍ അപ്പച്ചന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ വിഫലശ്രമം നടത്തി കൊണ്ടിരുന്നു. അവര്‍ നിരന്തരം, സംഘടിതമായി അപ്പച്ചനെതിരെ അപവാദ പ്രചരണങ്ങളും ആക്രമങ്ങളും അഴിച്ചു വിട്ടു കൊണ്ടിരുന്നു. ഇതാകട്ടെ പലപ്പോഴും ലഹളകള്‍ക്ക് വഴിതെളിക്കുകയുണ്ടായി. മാത്രമല്ല, അദ്ദേഹം ജര്‍മന് അനുകൂലമായി ബ്രിട്ടന് എതിരെ പ്രസംഗിക്കുന്നുണ്ടെന്നു വരെ ശത്രുക്കള്‍ പ്രഛണ്ഡമായ പ്രചരണം നടത്തി. ഈ വിഷയം നിരന്തരം ഉന്നയിച്ച ശത്രുക്കള്‍ ചങ്ങനാശ്ശേരി കോടതിയില്‍ അദ്ദേഹത്തിനെതിരെ കേസ് ഫയല്‍ ചെയ്യുക പോലും ഉണ്ടായി. കോടതിയില്‍ ഹാജരായ അപ്പച്ചനെ മജിസ്‌ട്രേറ്റ് ചോദ്യം ചെയ്യുന്ന അവസരത്തിലാണ് പൊടുന്നനെ തന്റെ സഭയുടെ പേര് പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നത്. 1910-ല്‍ ആയിരുന്നു ഈ സംഭവം നടന്നത്. അന്നു മുതല്‍ അപ്പച്ചന്റെ സഭ പ്രത്യക്ഷരക്ഷാ ദൈവ സഭ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. ക്രിസ്തുമതത്തിന്റെ രീതിശാസ്ത്രത്തെയും നൈതികതയെയും പിന്‍പറ്റി ഒരു പ്രൊട്ടസ്റ്റന്റ് മതവിഭാഗം എന്ന നിലയില്‍ പിറവി കൊണ്ട പ്രത്യക്ഷ രക്ഷാ ദൈവസഭ പ്രധാനമായും ലക്ഷ്യം വച്ചത് അടിസ്ഥാന ജനവിഭാഗങ്ങളുടെ ആത്മീയ വിമോചനമായിരുന്നെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചരിത്രപരമായ കാരണങ്ങളാല്‍ ജാതി സമ്പ്രദായത്തിന്റെ ബലിയാടുകളായി മാറിയ അടിസ്ഥാന വിഭാഗങ്ങളുടെ വിമോചനത്തിന് വേണ്ടി ജീവിതം ഹോമിച്ച പൊയ്കയില്‍ അപ്പച്ചന്‍ തന്റെ കുടുംബ ജീവിതത്തിന് അത്ര പ്രാധാന്യം നല്‍കിയിരുന്നില്ല എന്നു വേണം കരുതാന്‍. 1907-ല്‍ ഉപദേശിയായി സുവിശേഷ വേലയിലേര്‍പ്പെട്ടിരിക്കെ പൂവത്തൂര്‍ മേലത്തേതില്‍ കുഞ്ഞാതിയുടെ മകള്‍ മറിയയെ വിവാഹം കഴിച്ചെങ്കിലും ആ ദാമ്പത്യ ജീവിതം അധികാള്‍ നീണ്ടു നിന്നില്ല. തുടര്‍ന്ന് 1925-ല്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ മര്യാപുരത്ത് കുന്നുവിള വീട്ടില്‍ ജാനമ്മയെ അദ്ദേഹം വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ ബേബി (മുത്തുസ്വാമി) , തങ്കപ്പന്‍ (തങ്ക സ്വാമി) എന്നീ പുത്രന്മാരുണ്ടായി
1914ല്‍ നിരവധി പ്രതിബന്ധങ്ങളെ മറികടന്ന് ചെങ്ങന്നൂരില്‍ വച്ച് ശ്രീ മുലം തിരുനാള്‍ രാജാവിന് അപ്പച്ചന്റെ നേതൃത്വത്തില്‍ ഒരു ഗംഭീര സ്വീകരണം നല്‍കി. തന്റെ ജനങ്ങള്‍ക്ക് രാജ്യം ഭരിക്കുന്ന രാജാവിനെ ഒന്നു കാട്ടികൊടുക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സ്വീകരണത്തില്‍ പങ്കെടുത്ത രാജാവ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അദ്ദേഹം യാതൊന്നും തന്നെ ആവശ്യപ്പെട്ടില്ല. ഇതില്‍ ദുഃഖിതരായ അനുയായികളോട് ആ ധിഷണാശാലി ഇപ്രകാരം പറഞ്ഞത്രെ, 'ഈ രാജ്യം അധ്വാനശീലരായ നമ്മുടേതാണ്. മണ്ണിനു വേണ്ടി ഈ രാജ്യത്തിന്റെ അവകാശികള്‍ മറ്റുള്ളവരോട് യാചിക്കുന്നതില്‍ അര്‍ഥമില്ല. രാജാക്കന്മാര്‍ തങ്ങളുടെ കിരീടം താഴെ വയ്ക്കുന്ന കാലം വിദൂരമല്ല.'
1921 ലും 1931- ലും അപ്പച്ചനെ ശ്രീമൂലം പ്രജാ സഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുകയുണ്ടായി. പ്രജാസഭയില്‍ അംഗമായിരിക്കെ അധഃസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യാസം, ഫീസ് സൗജന്യം, പ്രത്യേക സ്‌കോളര്‍ഷിപ്പ്, ഭൂമി, സര്‍ക്കാര്‍ ജോലി എന്നിവക്കു വേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തി. മാത്രമല്ല, ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരില്‍ അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
പ്രജാസഭയില്‍ അംഗമായിരിക്കുമ്പോഴും പ്രത്യക്ഷരക്ഷാ ദൈവസഭയുടെ (പി.ആര്‍.ഡി.എസ്) പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇക്കാലത്താണ് അദ്ദേഹം സഭയെ സ്ഥാപനവത്കരിക്കുന്നതിലേക്ക് നയിക്കുന്നത്. ഇരവിപേരൂരില്‍ ഹെഡ് ഓഫീസ് നിര്‍മിക്കുന്നതും അമരയില്‍ സ്‌കൂള്‍ ആരംഭിക്കുന്നതുമെല്ലാം ഇക്കാലത്തായിരുന്നു. ഇക്കാലത്താണ് നെയ്യാറ്റിന്‍കര വച്ച് അദ്ദേഹം ഗാന്ധിജിയെ സന്ദര്‍ശിച്ച് സംഭാഷണം നടത്തുന്നത്. സംഭാഷണ മധ്യേ അപ്പച്ചന്‍ ഇപ്രകാരം അഭിപ്രായപ്പെടുകയുണ്ടായി, ' അങ്ങ് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നു, ഞാന്‍ അധഃസ്ഥിത വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിനും അഭ്യുന്നതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു.'
ദേഹവിയോഗാനന്തരം അദ്ദേഹത്തിന്റെ വിമോചന ദൈവശാസ്ത്ര പരികല്‍പനയെ ക്രിസ്തുമതത്തില്‍ രൂപപ്പെട്ട ജാതിവിരുദ്ധ പ്രസ്ഥാനമായി വിലയിരുത്താനും ഹിന്ദുമതത്തിനുള്ളിലെ സമുദായ പരിഷ്‌കരണ പ്രസ്ഥാനങ്ങളോട് അനുരൂപപ്പെടുത്താനും ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങളുടെ വിമോചന പോരാട്ട പാതയിലെ ആത്മീയ ബദല്‍ അന്വേഷണത്തിന്റെ തിളക്കമാര്‍ന്ന അധ്യായം എന്ന നിലയില്‍ വര്‍ത്തമാനകാലഘട്ടത്തിലും പൊയ്കയില്‍ അപ്പച്ചന്റെ വീക്ഷണങ്ങള്‍ക്ക് പ്രസക്തിയുണ്ട്.
പൊയ്കയില്‍ അപ്പച്ചന്റെ കാലഘട്ടം അധഃസ്ഥിത വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പ്രോജ്ജ്വലമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹാത്മ അയ്യന്‍കാളിയുടെ കാലഘട്ടം കൂടിയായിരുന്നു. അയ്യന്‍കാളി പ്രധാനമായും പൗരാവകാശങ്ങള്‍ക്കു വേണ്ടി നിലകൊണ്ടപ്പോള്‍, അപ്പച്ചന്‍ ആത്മീയ വിമോചനത്തിന് ഊന്നല്‍ നല്‍കി അധഃസ്ഥിത വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും ആത്മീയവുമായ പുരോഗതി ആര്‍ജിക്കുന്നതിനു വേണ്ടിയാണ് യജ്ഞിച്ചത്. അക്കാലത്ത് ദേശീയ തലത്തില്‍ അധഃസ്ഥിതരുടെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഡോ.അംബേദ്ക്കറെ പോലെ കേരളത്തിലെ അധഃസ്ഥിത വിഭാഗക്കാരുടെ വേറിട്ട സ്വത്വത്തെപ്പറ്റിയും അദ്ദേഹം ബോധവാനായിരുന്നു. അടിസ്ഥാന ജനതയുടെ വേറിട്ട സ്വത്വത്തെ ചരിത്രപരമായി അന്വേഷണ വിധേയമാക്കുക മാത്രമല്ല, പ്രസ്തുത സ്വത്വബോധത്തെ ദലിത് സാമുദായികതയിലൂടെ വീണ്ടെടുക്കാനും അദ്ദേഹം ശ്രമം നടത്തിയിരുന്നു. അദ്ദേഹം രൂപം നല്‍കിയ സഭക്ക് ഈ ദൗത്യം എത്രത്തോളം വിജയിപ്പിക്കാന്‍ കഴിഞ്ഞു എന്നു വിശകലനം ചെയ്യുമ്പോള്‍ തന്നെ അപ്പച്ചന്റെ വീക്ഷണം മഹത്തരമായിരുന്നു എന്നു കാണാം.
പൊയ്കയില്‍ അപ്പച്ചനെ അടക്കം ചെയ്തിരിക്കുന്ന ദേവാലയം
ദലിതരെ അടിമ സന്തതികള്‍ എന്നു വിശേഷിപ്പിച്ച അദ്ദേഹം, അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ജാതീയമായ വേര്‍തിരിവുകള്‍ അര്‍ഥശൂന്യമാണെന്ന പക്ഷക്കാരനായിരുന്നു. സവര്‍ണ ജാതികള്‍ക്കിടയില്‍ നടന്ന സമുദായ പരിഷ്‌കരണ മാതൃകളെ അനുകരിച്ച് അധഃസ്ഥിത വിഭാഗക്കാര്‍ തങ്ങളുടെ ജാതിപേരുകള്‍ നവീകരിക്കുന്നതിനെയും അദ്ദേഹം പരിഹസിക്കുകയുണ്ടായി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലുണ്ടായ ഇത്തരം ശ്രമങ്ങളെ പരിഹസിച്ച അദ്ദേഹം പാമ്പാടി ജോണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ പൊടിപ്പാറയില്‍ സംഘടിപ്പിക്കപ്പെട്ട ഒരു ചേരമര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്കവെ ഇപ്രകാരം പാടി
'പുലയരെല്ലാം കൂടി ചേരമായാലെന്നാ
പുലയന്റെ പുല മാറുമോ?
ഇദ്ധരതന്നില്‍ ഇതിനൊരു ശുഭം വരുമോ?
പറയരെല്ലാം കൂടി സാംബവ രായാലെന്നാ
പറയന്റെ പഴി മാറുമോ?
ഇദ്ധരതന്നില്‍ ഇതിനൊരു ശുഭം വരുമോ?
കുറവരെല്ലാം കൂടി സിദ്ധനരായിലെന്നാ
കുറവന്റെ കുറ തീരുമോ?
ഇദ്ധരതന്നില്‍ ഇതിനൊരു ശുഭം വരുമോ?'
ജാതി സമ്പ്രദായത്തിന്‍ കീഴില്‍ ജാതികളും ഉപജാതികളുമായി വേര്‍തിരിക്കപ്പെട്ട് തൊട്ടുകൂടാത്തവരെന്നും തീണ്ടിക്കൂടാത്തവരെന്നും അവശ ക്രൈസ്തവരെന്നും മുദ്രകുത്തപ്പെട്ട് നൂറ്റാണ്ടുകളോളം സമൂഹിക ജീവിത്തിന്റെ സമസ്ത വിതാനങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടിരുന്ന കേരളത്തിലെ അധഃസ്ഥിത വിഭാഗങ്ങളെ ജാതി മത ചിന്തകള്‍ക്കതീതമായി ആത്മീയ നവോത്ഥാത്തിന്റെ പുതിയൊരു പന്ഥാവിലേക്ക് നയിച്ച പൊയ്കയില്‍ അപ്പച്ചന്റെ സംഭവബഹുലമായ ജീവിതത്തിന് 1939 ജൂലായ് രണ്ടിന് തിരശ്ശീല വീണു. അദ്ദേഹത്തിന്റെ ദേഹവിയോഗാനന്തരം അദ്ദേഹത്തിന്റെ വിമോചന ദൈവശാസ്ത്ര പരികല്‍പനയെ ക്രിസ്തുമതത്തില്‍ രൂപപ്പെട്ട ജാതിവിരുദ്ധ പ്രസ്ഥാനമായി വിലയിരുത്താനും ഹിന്ദുമതത്തിനുള്ളിലെ സമുദായ പരിഷ്‌കരണ പ്രസ്ഥാനങ്ങളോട് അനുരൂപപ്പെടുത്താനും ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങളുടെ വിമോചന പോരാട്ട പാതയിലെ ആത്മീയ ബദല്‍ അന്വേഷണത്തിന്റെ തിളക്കമാര്‍ന്ന അധ്യായം എന്ന നിലയില്‍ വര്‍ത്തമാനകാലഘട്ടത്തിലും പൊയ്കയില്‍ അപ്പച്ചന്റെ വീക്ഷണങ്ങള്‍ക്ക് പ്രസക്തിയുണ്ട്.