പൊലീസ്, ഹിന്ദുത്വ, മലപ്പുറം, മുസ്‌ലിം - ഇസ്‌ലാമോഫോബിയ സെപ്റ്റംബര്‍ മാസം സംഭവിച്ചത്
|മുസ്ലിംകളെ ഒരു റിസ്‌ക് വിഭാഗമായിക്കാണുന്നുവെന്നതാണ് സുരക്ഷാ വ്യവഹാരങ്ങളിലൂടെ സംഭവിക്കുന്നത്. ഇസ്ലാമോഫോബിയയുടെ പ്രധാനപ്പെട്ട ഒരു രൂപമാണത്. 2024 സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ : ഭാഗം നാല്.
ഇന്ത്യന്‍ സാഹചര്യത്തില്‍ പൊലിസ് സേന ന്യൂനപക്ഷ വിരുദ്ധ വംശീയ ചിന്തകളുടെയും പ്രയോഗങ്ങളുടെയും ഭാഗമായി പ്രവര്‍ത്തിക്കുന്ന സവിശേഷ സാഹചര്യങ്ങളുണ്ടെന്നു 2006-ലെ സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട് (പേജ് 13-15) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് ഡിജിപിയായിരുന്ന വിഭൂതി നരൈന്‍ റായ് (ഹാഷിംപുര: ദി ഫോര്‍ഗോട്ടന്‍ സ്റ്റോറി ഓഫ് ഇന്‍ഡ്യാസ് ബിഗ്ഗസ്റ്റ് കസ്റ്റോഡിയല്‍ കില്ലിംഗ്, 2016 ) , ഗുജറാത്ത് ഡിജിപിയായിരുന്ന ആര്‍ബി ശ്രീകുമാര്‍ (ഗുജറാത്ത് ബിഹൈന്‍ഡ് ദി കര്‍ട്ടന്‍, 2021), മഹാരാഷ്ട്ര പൊലീസ് ഐജിയായിരുന്ന എസ് എം മുഷരിഫ് (ഹൂ കില്‍ഡ് കര്‍ക്കരെ? 2009) തുടങ്ങിയ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എഴുതിയ അനുഭവ രേഖകള്‍ ഇക്കാര്യം വിവിധ സന്ദര്‍ഭങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ പൊലീസും ന്യൂനപക്ഷങ്ങളും തമ്മിലുള്ള ബന്ധം സാമൂഹിക പഠന ഗവേഷകരും വിശദമായി പരിശോധിച്ചിട്ടുണ്ട്. ഒമര്‍ ഖാലിദി എഴുതിയ - കാക്കി ആന്റ് എത്‌നിക് വയലന്‍സ് ഇന്‍ ഇന്‍ഡ്യ: ആംഡ് ഫോഴ്‌സസ്, പൊലീസ് ആന്റ് പാരാമിലിട്ടറി ഡ്യൂറിംഗ് കമ്യൂണല്‍ റയറ്റ്‌സ് (2010) എന്ന പുസ്തകം വര്‍ഗീയ കലാപങ്ങളിലെ പൊലീസ് പക്ഷപാതിത്വക്കുറിച്ചു അനേകം വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഭീകരവേട്ടയുടെ പേരില്‍ അരങ്ങേറിയ, അന്വേഷ ഏജന്‍സികളുടെ വംശീയ മുന്‍വിധികളെക്കുറിച്ചു മനിഷ സേഥി എഴുതിയ പഠനം കാഫ്കലാന്‍ഡ്: പ്രജുഡിസ്, ലോ ആന്റ് കൗണ്ടര്‍ ടെററിസം ഇന്‍ ഇന്ത്യ (2014) സമാനമായ അനുഭവങ്ങള്‍ രേഖപ്പെടുത്തുന്നു. ഫാറൂഖ് ബി ഹകീം, എം.ആര്‍ ഹാബര്‍ഫീല്‍ഡ്, അരവിന്ദ് വര്‍മ തുടങ്ങിയവര്‍ എഴുതിയ പൊലീസിംഗ് മുസ്ലിം കമ്യൂണിറ്റീസ് ': കംപാരറ്റീവ് ഇന്റെര്‍നാഷനല്‍ കോണ്ടക്സ്റ്റ് (2012) എന്ന പഠനം അന്താരാഷ്ട്ര വീക്ഷണകോണില്‍ രണ്ടധ്യായങ്ങളിലായി ഇന്ത്യയിലെ പ്രശ്‌നം വിശദീകരിക്കുന്നു.
സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇസ്ലാമോഫോബിക് ആശയധാരകള്‍ ജനങ്ങളെ മാത്രമല്ല, ഭരണകൂട ഏജന്‍സികളെയും സ്വാധീനിക്കുന്നുവെന്നാണ് പഠനങ്ങളും അനുഭവങ്ങളും പറയുന്നത്. പൊലിസ് സേനയും വ്യത്യസ്തമല്ല. മലപ്പുറത്തെക്കുറിച്ചുള്ള മുന്‍വിധികള്‍ തിരുത്തണമെന്നു ജില്ലയില്‍ എസ്പിയായിരുന്ന കെ. സേതുരാമന്‍ ഐപിഎസ് 2017 ല്‍ തന്നെ എഴുതിയിരുന്നു (ചന്ദ്രിക ആഴ്ചപതിപ്പ്, 6 ഒക്ടോബര്‍ 2024) സംഘ്പരിവാര്‍ കാഴ്ചപ്പാടുള്ള മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ 2017-ല്‍ മലപ്പുറത്തെയും മുസ്‌ലിം ജനവിഭാഗത്തെയും കുറിച്ചു വംശീയ പ്രസ്താവനകളുടെ സാഹചര്യത്തിലായിരുന്നു ഇത്.
കഴിഞ്ഞ ഒരു മാസമായി പൊലീസിംഗിന്റെ പ്രശ്‌നങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം കേരളത്തില്‍ ചര്‍ച്ചയായി. ഈ ചര്‍ച്ച തുടങ്ങി വെച്ചത് സംസ്ഥാനത്തെ ഒരു മന്ത്രിയും എംഎല്‍എയുമാണ് എന്നതു ഏറെ ഗൗരവപൂര്‍വം പരിഗണിക്കേണ്ട കാര്യമാണ്. ഈ കുറിപ്പ് നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യ ഭാഗത്ത് പൊലിസിലെ ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹിമാനും എംഎല്‍എ പി.വി അന്‍വറും തുടങ്ങിവച്ച ചര്‍ച്ച പശ്ചാത്തലം വിശദീകരിച്ചിരിക്കുന്നു. രണ്ടാം ഭാഗം പൊലീസിലെ ആര്‍എസ്എസ് ഫ്രാക്ഷനെക്കുറിച്ചാണ്. മൂന്നാം ഭാഗത്ത് പൊലിസിന്റെ ഇസ്‌ലാമോഫോബിക് പ്രയോഗങ്ങളും ബന്ധപ്പെട്ട സംഭവങ്ങളും വിശകലനം ചെയ്തിരിക്കുന്നു. നാലാം ഭാഗം മലപ്പുറത്തെ ഒരു ക്രൈംകാപ്പിറ്റലായി മാറ്റുന്നതിനുള്ള ചില ശക്തികളുടെ ശ്രമങ്ങളെക്കുറിച്ചാണ്. അഞ്ചാം ഭാഗത്ത് ചില നിഗമനങ്ങളാണ്.
ഭാഗം ഒന്ന്
പൊലിസിന്റെ ഇസ്‌ലാമോഫോബിയക്കെതിരേ മന്ത്രി വി. അബ്ദുറഹിമാന്‍:
പൊലിസ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ മന്ത്രി വി. അബ്ദുറഹിമാന്റെ മലപ്പുറം പൊലിസിനെതിരേയുള്ള പരാമര്‍ശത്തോടെയാണ് ഈ പ്രശ്നം പൊതുശ്രദ്ധയിലേക്ക് വന്നത്. മലപ്പുറം ജില്ലയില്‍ പൊലീസ് അനാവശ്യമായി കേസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുവെന്നും അതുവഴി ക്രഡിറ്റ് ഉണ്ടാക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്നും മന്ത്രി പരാതിപ്പെട്ടു: ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന മലപ്പുറത്ത് അനാവശ്യമായി കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ദേശീയതലത്തില്‍ മലപ്പുറത്തെ കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കും. കേസുകള്‍ എടുക്കനായി സാധാരണ പൊലീസ് ഉദ്യോഗസ്ഥരെ സീനിയര്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നു. കേസുകളുടെ എണ്ണംകൂട്ടാന്‍ അനാവശ്യ കേസുകള്‍ എടുക്കല്‍ സര്‍ക്കാര്‍ നയമല്ല. അക്കാര്യം പരിശോധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
എല്ലാ ആരോപണവും ജില്ലാ പൊലീസ് മേധാവി ശശിധരന്‍ നിഷേധിച്ചു. എസ്പിക്കുശേഷം പ്രസംഗിച്ച ക്രൈംബ്രാഞ്ച് എസ്പി പി. വിക്രമന്‍ മന്ത്രിയെ ശരിവച്ചു. പൊലീസ് പൊലീസിന്റെ പണിയെടുത്താല്‍ മതിയെന്നും മറ്റു പണികള്‍ എടുക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് പിടിക്കല്‍ എക്സൈസിന്റെ ജോലിയാണ്. മണല്‍ പിടികൂടല്‍ ജിയോളജിയുടെ പണിയാണ്. ഈ പണിയൊക്കെ എടുക്കാന്‍ പൊലീസ് പോയാല്‍ സ്റ്റേഷനില്‍ ആളുണ്ടാവില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി (അസോസിയേഷന്‍ സമ്മേളനത്തില്‍ പൊലീസിനെ വിമര്‍ശിച്ച് മന്ത്രി, പിന്തുണച്ച് ക്രൈംബ്രാഞ്ച് എസ്പി, മറുപടിനല്‍കി എസ്പി, മാതൃഭൂമി ഡോട്‌കോം, ജൂലൈ 19, 2024).
മരംമുറിയില്‍നിന്ന് സ്വര്‍ണക്കടത്തിലേക്ക്:
കേരള പൊലീസ് അസോസിയേഷന്‍ 38-ാമത് മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ആഗസ്റ്റ് 20ാം തിയ്യതി നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ നടത്തിയ പ്രസംഗം വലിയ ഭൂകമ്പമാണ് കേരള രാഷ്ട്രീയത്തിലുണ്ടാക്കിയത്. ഒരു വിഭാഗം ഐപിഎസ്. ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നുണ്ട് എന്നു പറഞ്ഞാണ് എംഎല്‍എ പ്രസംഗം തുടങ്ങിയത്: ''കഞ്ചാവ് കച്ചവടക്കാരുമായി ചേര്‍ന്ന് ചില പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതായി ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്. ചില പുഴുക്കുത്തുകള്‍ ഈ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പലഘട്ടത്തിലും പ്രതിസന്ധിയിലാക്കുന്നുണ്ട്. സര്‍ക്കാരിനെതിരേ ജനങ്ങളുടെ മനോവികാരമുണ്ടാക്കാന്‍ ചിലയാളുകള്‍ ശ്രമിക്കുന്നുണ്ട്. കഷ്ടപ്പെട്ട് ഇതരസംസ്ഥാനങ്ങളില്‍പ്പോയി പ്രതികളെ പിടിച്ചുകൊണ്ടുവരുന്ന സാധാരണ പൊലീസുകാര്‍ക്ക് ഒരു പേരും കിട്ടുന്നില്ല. പൊലീസിലെ ഉന്നതര്‍ക്ക് മാനുഷികമായ മാറ്റം ഉണ്ടായേതീരൂ'' -എംഎല്‍എ. പറഞ്ഞു (പി.വി അന്‍വര്‍, എഫ്ബി വിഡിയോ, ആഗസ്റ്റ് 20, 2024; മാതൃഭൂമി, ആഗസ്റ്റ് 2, 2024).
മലപ്പുറം എസ്പി, എസ്. ശശിധരനും മലപ്പുറം പൊലിസിനും എതിരേയായിരുന്നു അന്‍വറിന്റെ വിമര്‍ശനം. എംഎല്‍എക്കെതിരേ ഐപിഎസ് അസോസിയേഷന്‍ പ്രതികരിച്ചതോടെ പോര് മുറുകി. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറിയുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് അന്‍വര്‍ പ്രവേശിച്ചു. മരംമുറിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ അന്‍വര്‍ എസ്പി ഓഫിസിലെത്തിയെങ്കിലും ഉദ്യോഗസ്ഥന്‍ തടഞ്ഞു. (ന്യൂസ് മലയാളം, ആഗസ്റ്റ് 29, 2024). തൊട്ടടുത്ത ദിവസം മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസുമായി ബന്ധപ്പെട്ട മരംമുറി വിവാദത്തിന്റെ രേഖകള്‍ എംഎല്‍എ പുറത്തുവിട്ടു. പൊലീസ് ക്യാമ്പ് ഓഫീസിലെ മരങ്ങള്‍ വില കുറച്ച് വിറ്റതിന്റെ രേഖകളാണ് പുറത്തുവിട്ടത്. മുന്‍ എസ്പി സുജിത് ദാസാണ് രേഖകളില്‍ ഒപ്പുവച്ചിരുന്നത്. അന്‍വര്‍ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല.
അടുത്ത ദിവസം എംഎല്‍എ ജില്ലാ പൊലിസ് മേധാവിയുടെ ക്യാമ്പ് ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പു നടത്തി. മലപ്പുറം എസ്പിക്കെതിരേ നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം (ആഗസ്റ്റ് 30, 2024, ന്യൂസ് മലയാളം). ഇത് വാര്‍ത്തയായതോടെ കേസ് പിന്‍വലിക്കണമെന്ന് മലപ്പുറം മുന്‍ എസ് പി. സുജിത് ദാസ് ഫോണിലൂടെ അന്‍വറിനോട് അഭ്യര്‍ഥിച്ചു. ആ ഫോണ്‍ സംഭാഷണം അന്‍വര്‍ പുറത്തുവിട്ടു.
സെപ്തംബര്‍ 01-ാം തിയ്യതി പൊലിസിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി എംഎല്‍എ രംഗത്തെത്തി. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. എം.ആര്‍ അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകുന്നു. പത്തനംതിട്ട എസ്പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചു. അജിത് കുമാര്‍ ഒരു അസിസ്റ്റന്റിനെ വെച്ചിട്ടുണ്ട്. സൈബര്‍ സെല്ലില്‍ ഒരു പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. ഇത് എല്ലാ മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും ഫോണ്‍കോള്‍ ചോര്‍ത്താനാണ്. (സെപ്തംബര്‍ 1, 2024, മാതൃഭൂമി). പത്തു കോടിയോളം രൂപ ചെലവഴിച്ച് സ്ഥലം വാങ്ങി ആഢംബര വീടുണ്ടാക്കുന്നു. സ്വര്‍ണക്കടത്തിന് കൂട്ടുനിന്നു. കൊലയും കുറ്റകൃത്യങ്ങളും നടത്തി (മാധ്യമം സെപ്തംബര്‍ 5, 2024). മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേയും അന്‍വര്‍ ആരോപണമുയര്‍ത്തി.
മുന്‍ മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസാണ് ആരോപണം നേരിട്ടവരില്‍ മറ്റൊരാള്‍: സ്വര്‍ണം കടത്തുന്നവരെ മനസ്സിലായിട്ടും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന മട്ടില്‍ അവരെ വിട്ടയക്കുന്നു. വിവരം സുജിത് ദാസിനെ അറിയിക്കുന്നു. പൊലിസ് സ്വര്‍ണക്കടത്തുകാരെ പിന്തുടര്‍ന്ന് പിടിക്കുന്നു. സ്വര്‍ണത്തിന്റെ അളവ് കുറച്ചുകാണിച്ച് ബാക്കിവരുന്ന സ്വര്‍ണം പൊലിസ് പങ്കുവെച്ചെടുക്കുന്നു (സെപ്തംബര്‍ 4, 2024; മാധ്യമം, സെപ്തംബര്‍ 6, 2024).
ആരോപണം പുറത്തുവന്നതിനെത്തുടര്‍ന്ന് കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ സുജിത് ദാസിനെ പത്തനംതിട്ട എസ്പി സ്ഥാനത്തുനിന്ന് മാറ്റുകയും പിന്നീട് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
സുജിത് ദാസ് അടക്കമുള്ള പൊലിസ് മേധാവികള്‍ മലപ്പുറത്ത് സ്വര്‍ണക്കടത്ത്-മയക്കുമരുന്നു കേസുകളില്‍ നിരപരാധികളെ ബോധപൂര്‍വം പെടുത്തുന്നുവെന്നായിരുന്നു മന്ത്രി അബ്ദുറഹിമാനും പിന്നീട് എംഎല്‍എ അന്‍വറും നല്‍കിയ സൂചന. പൊലിസ് സേനയിലെ പ്രമുഖരുടെ ആര്‍എസ്എസ് ബാന്ധവത്തിനു സമാന്തരമായാണ് ഇത് സംഭവിച്ചത്. വെറുമൊരു പ്രത്യയശാസ്ത്രപ്രശ്നമെന്നതിനുപരി പ്രായോഗികമായി ആര്‍എസ്എസ് കേന്ദ്രങ്ങള്‍ സേനയില്‍ പിടിമുറുക്കിയിരിക്കുന്നുവെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്.
ഭാഗം രണ്ട്:
പോലിസിലെ ആര്‍എസ്എസ് ഫ്രാക്ഷന്‍:
പൊലിസില്‍ ആര്‍എസ്എസ്സിന് സ്വാധീനമുണ്ടെന്ന ആരോപണം പുതിയതല്ല. 2016ല്‍ പൊലിസ് ആസ്ഥാനത്ത് ബീഫ് വിളമ്പിയതിന് നിരോധനം ഏര്‍പ്പെടുത്തുകയും ബീഫ് കഴിച്ചവര്‍ക്കെതിരേ നടപടിയെടുക്കുകയും ചെയ്ത ഐജി സുരേഷ് രാജ് പുരോഹിത് പിന്നീട് തലസ്ഥാനത്തെ പൊലിസ് ആസ്ഥാനത്തെത്തിയശേഷം താന്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുമെന്ന് പരസ്യമായി വെല്ലുവളിച്ചയാളാണ് (ഡൂള്‍ ന്യൂസ്, സെപ്തംബര്‍ 7, 2017). 2017 ഏപ്രില്‍ 17നാണ് സംഘ്പരിവാര്‍ ബന്ധം ആരോപിക്കപ്പെട്ടിരുന്ന മുന്‍ പൊലിസ് മേധാവി രമണ്‍ ശ്രീവാസ്തവയെ പൊലിസ് ഉപദേഷ്ടാവായി നിയമിച്ചത്. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ വൈരാഗ്യബുദ്ധിയോടെ സംസ്ഥാന പൊലിസ് കേസെടുത്തതും എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകരോട് മൃദുഭാവത്തില്‍ പെരുമാറിയതും പല കാലത്തും വാര്‍ത്തയായിരുന്നു. (സെപ്തംബര്‍ 6, മാധ്യമം, 2024). പ്രതിപക്ഷവും ഇത് ഉന്നയിച്ചിരുന്നു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആര്‍എസ്എസ്സുകാരെ എഡിജിപി രക്ഷപ്പെടുത്താന്‍ സഹായിച്ചെന്ന് പി.വി അന്‍വര്‍തന്നെ ആരോപിച്ചിരുന്നു. കേസന്വേഷിച്ച ഉദ്യോഗസ്ഥന്‍ വിരമിച്ച ശേഷം ബിജെപിയില്‍ ചേര്‍ന്നതിന്റെ തെളിവും അദ്ദേഹം കൊണ്ടുവന്നു (സെപ്തംബര്‍ 12, 2024, മാധ്യമം).
ആര്‍എസ്എസ് ഗ്യാങ്: സിപിഐയുടെ നിലപാട്
ആര്‍എസ്എസ് അനുഭാവമുള്ള നിരവധി പൊലിസുകാരുണ്ടെന്നും പൊലിസ് സേനയില്‍ അവര്‍ക്ക് സ്വാധീനമുണ്ടെന്നും അനുഭവത്തിലൂടെ പലര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും 2021ല്‍ സിപിഐ ദേശീയ നേതാവ് ആനിരാജയാണ് ഇത് മൂര്‍ത്തമായ ആരോപണമായി ഉന്നയിക്കുന്നത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസ് സേനയില്‍ നിന്ന് ഉണ്ടാകുന്നുവെന്ന ആരോപണത്തോടൊപ്പമാണ് ആര്‍എസ്എസ് ഗ്യാങ്ങിനെക്കുറിച്ച് ആനി രാജ പറഞ്ഞത്: പൊലീസുകാരുടെ അനാസ്ഥ കൊണ്ട് പല മരണങ്ങളും സംഭവിക്കുന്നു. ദേശീയ തലത്തില്‍ പോലും നാണക്കേട്. ഇതിനായി ആര്‍എസ്എസ് ഗ്യാങ് പൊലീസില്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. (സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍, കേരളാ പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ്; രൂക്ഷ വിമര്‍ശനവുമായി ആനിരാജ, ഏഷ്യാനെറ്റ്, സെപ്തംബര്‍ 1, 2021)
എന്നാല്‍, ഈ ആരോപണത്തോട് സിപിഐയുടെ സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം രൂക്ഷമായിരുന്നു. അവര്‍ തങ്ങളുടെ നേതാവിനോട് വിയോജിക്കുക മാത്രമല്ല, അന്നത്തെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആനിരാജയുടെ പ്രതികരണത്തില്‍ അതൃപ്തിയും വിയോജിപ്പും രേഖപ്പെടുത്തി കേന്ദ്ര നേതൃത്തിന് കത്തെഴുതുകയും ചെയ്തു. ആനിരാജയെ പിന്തുണച്ച ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയെയും വിമര്‍ശിച്ചിരുന്നു. സംസ്ഥാന ഘടകവുമായി ആലോചിച്ചുവേണം സംസ്ഥാന വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തേണ്ടതെന്ന തീരുമാനം ആനി രാജ ലംഘിച്ചെന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ വാദം കേന്ദ്ര സെക്രട്ടേറിയറ്റും ശരിവച്ചു. പൊലീസിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നു പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ആനി രാജയെ ദേശീയ നേതാവാണല്ലോയെന്ന് പരിഹസിക്കാനും മറന്നില്ല (സെപ്തംബര്‍ 8, 2024, മനോരമ).
ശ്രീ. എം മായുള്ള സിപിഎം ചര്‍ച്ചയും യോഗാസെന്ററും: ദിനേഷ് നാരായണന്റെ പുസ്തകം
ആനിരാജയുടെ പ്രതികരണത്തിന് മറ്റൊരു സാഹചര്യമുണ്ട്. ആയിടെയാണ് ഇക്കണോമിക് ടൈംസ് സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ദിനേഷ് നാരായണന്‍ രചിച്ച ദി ആര്‍എസ്എസ് ആന്റ് മെയ്ക്കിങ് ഓഫ് ദി ഡീപ് നാഷന്‍ എന്ന പുസ്തകം പുറത്തുവരുന്നത്. സിപിഎം നേതാക്കളും ആര്‍എസ്എസ് നേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നുവെന്ന് ഈ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അതീവ രഹസ്യമായി ആര്‍എസ്എസ് നേതാക്കളായ ഗോപാലന്‍കുട്ടി മാസ്റ്റര്‍, വത്സന്‍ തില്ലങ്കേരി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശ്രീ. എം മധ്യസ്ഥത വഹിച്ചുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ശ്രീ. എമ്മിന് സംസ്ഥാന സര്‍ക്കാര്‍ യോഗാസെന്റര്‍ തുടങ്ങാന്‍ തിരുവനന്തപുരത്ത് സൗജന്യ ഭൂമി നല്‍കിയതോടെ നേരത്തെ നടന്ന ആര്‍എസ്എസ്-സിപിഎം കൂടിക്കാഴ്ച രാഷ്ട്രീയ വിവാദമായി.
പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന എം.വി ഗോവിന്ദന്‍ (2021), ശ്രീ. എമ്മുമായ കൂടിക്കാഴ്ചയെ ആര്‍എസ്എസ്സുമായുള്ള കൂടിക്കാഴ്ചയായി ചിത്രീകരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ കുപ്രചാരണമാണെന്ന് കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ശ്രീ. എം ഇന്ത്യയിലെ മതനിരപേക്ഷതയുടെ പ്രതീകമാണ്: '' ശ്രീ. എമ്മിന്റെ മധ്യസ്ഥതയില്‍ സിപിഎം ആര്‍എസ്എസ്സുമായി ചര്‍ച്ച നടത്തിയിട്ടില്ല. യോഗയുമായി ബന്ധപ്പെട്ടാണ് ശ്രീ. എമ്മുമായി സഹകരിക്കുന്നത്. ഭൂമി നല്‍കിയതില്‍ തെറ്റില്ല. വര്‍ഷങ്ങളായി ശ്രീ. എം ഇന്ത്യയിലും കേരളത്തിലും മതനിരപേക്ഷതയുടെ പ്രതീകമായി പ്രവര്‍ത്തിക്കുകയാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് എന്തും പറയാം. തെളിവുകളൊന്നുമില്ല. സിപിഎം- ആര്‍എസ്എസ് ചര്‍ച്ചയ്ക്ക് ശ്രീ. എം ഇടനില നിന്നുവെന്ന് പറയുന്നവര്‍ എവിടെവെച്ച്, ഏത് ഹോട്ടലില്‍വെച്ചെന്ന് പറയണം. വര്‍ഗീയ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷവാദിയായ അദ്ദേഹത്തെ കുറിച്ച് പലതും പറയും' (ശ്രീ. എം ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രതീകം; സിപിഎം-ആര്‍എസ്എസ് ചര്‍ച്ച നടത്തിയത് എവിടെ വച്ചെന്ന് പറയണം': എം.വി ഗോവിന്ദന്‍, മാര്‍ച്ച് 1, 2024, ന്യൂസ് 18)
എം.വി ഗോവിന്ദന്‍ നിഷേധിച്ചെങ്കിലും പി. ജയരാജന്‍ യോഗം നടന്ന കാര്യം സ്ഥിരീകരിച്ചു. അതിനെ ആര്‍എസ്എസ്-സിപിഎം ചര്‍ച്ചയെന്ന് വിശേഷിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് വിയോജിപ്പ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം: ആര്‍സ്എസ് മുന്നോട്ട് വെക്കുന്ന മത രാഷ്ട്ര സംങ്കല്‍പത്തോട് ശക്തമായ എതിര്‍പ്പാണ് സിപിഐഎമ്മിനുള്ളത്. കേരളത്തിലെ പതിനാല് ജില്ലകളിലും നടന്ന സിപിഐഎം-ആര്‍എസ്എസ് സംഘര്‍ഷത്തിന്റെ സാഹചര്യവും ഏവര്‍ക്കും മനസ്സിലാക്കാന്‍ ആകും. ഇവിടെയാണ് രണ്ട് സംഘടനകളും നടത്തുന്ന ചര്‍ച്ചകളുടെ പ്രാധാന്യം വ്യക്തമാകുക. ആശയപരവും പ്രത്യയശാസ്ത്രപരവുമായ കാര്യങ്ങളില്‍ ഭിന്ന ധ്രുവവങ്ങളിലാണ് സിപിഐഎമ്മും-ആര്‍എസ്.എസും. അതിപ്പോഴും നിലനില്‍ക്കുന്നു. എന്നാല്‍, നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന നിലയിലുളള കായിക ആക്രമണങ്ങള്‍ തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ആര്‍എസ്.എസ് നേതൃത്വം ശ്രീ. എം നെ അറിയിച്ചു. ഇന്ന് മറ്റ് പാര്‍ട്ടികളില്‍പെട്ട സാധാരണക്കാരും കമ്യൂണിസ്റ്റ് കാഴ്ചപ്പാട് അനുസരിച്ച് വര്‍ഗ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ സിപിഐഎമ്മിന്റെ പിന്നില്‍ അണി നിരക്കേണ്ടവരാണ്. അതിനാല്‍ സമാധാനപരമായ അന്തരീക്ഷം ഉണ്ടാവേണ്ടത് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. കാരണം, സമാധാനപരമായ സാഹചര്യത്തിലാണ് ജനാധിപത്യത്തിന്റെ കണിക പോലും തൊട്ടുതീണ്ടിയിട്ടില്ലാത സംഘ്പരിവാരത്തിനകത്ത് വൈരുധ്യങ്ങള്‍ രൂപപ്പെടുക. ഈ കാഴ്ചപ്പാട് ശരിയാണ് എന്നതിന്റെ തെളിവാണ് കേരളത്തിലുടനീളം സംഘ്പരിവാര ബന്ധം ഉപേക്ഷിച്ച് ചെങ്കൊടി പിടിക്കാന്‍ നൂറ് കണക്കിന് ആളുകള്‍ മുന്നോട്ട് വന്നത് തെളിയിക്കുന്നത്.' (ശ്രീ. എം ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തു'; വിശദീകരണവുമായി പി. ജയരാജന്‍, മാര്‍ച്ച് 2, 2024, ന്യൂസ് 18).
ഇക്കാലത്തു തന്നെ ആര്‍എസ്എസ്സുകാര്‍ പ്രതികളാകുന്ന കേസുകളില്‍ കേരള പൊലിസ് മൃദുസമീപനം സ്വീകരിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഒപ്പം ന്യൂനപക്ഷങ്ങള്‍ പ്രതികളാകുന്ന ചെറിയ കേസുകള്‍പ്പോലും വലിയ കാന്‍വാസില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്തു. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ആനിരാജയുടെ പ്രതികരണം പുറത്തുവരുന്നത്.
തത്ത്വമസി ഗ്രൂപ്പ്: നിയമസഭയിലെ ചര്‍ച്ച
പൊലിസിലെ ആര്‍എസ്എസ് സാന്നിധ്യം നിയമസഭയിലും ഉന്നയിക്കപ്പെട്ടു. കേരള പൊലീസില്‍ ആര്‍എസ്എസ് സാന്നിധ്യമുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീറാണ് 2022ല്‍ നിയമസഭയില്‍ പറഞ്ഞത്: തത്വമസി എന്ന പേരില്‍ ഒരു പ്രസ്ഥാനം പൊലീസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ കന്യാകുമാരിയില്‍ പോയി ഒരു ശിബിരത്തില്‍ പങ്കെടുത്തിരുന്നു. ഇക്കാര്യം താന്‍ മുന്‍പ് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്നും മുനീര്‍ വിമര്‍ശിച്ചു. (മീഡിയവണ്‍, ജൂലൈ 14, 2022). ഇതേ ആരോപണം സിപിഎം നേതാവ് കൊടിയേരിയും ഉയര്‍ത്തിയതായി അദ്ദേഹം തന്റെ നിയമസഭാ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എസ്പി റാങ്കിലുള്ള പൊലിസുകാര്‍ ഗ്രൂപ്പിലുണ്ടെന്നാണ് കൊടിയേരി ആരോപിച്ചത്. മുനീറിന്റെ ചോദ്യങ്ങള്‍ മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.
പൂരവും പൊലിസും: മാധ്യമങ്ങള്‍ പറഞ്ഞത്
2024 ഏപ്രില്‍ 19നായിരുന്നു തൃശൂര്‍ പൂരം. അന്നവിടെയുണ്ടായ അനിഷ്ടസംഭവങ്ങള്‍ ആര്‍എസ്എസ് സ്വാധീനത്തെക്കുറിച്ച വലിയ തിരിച്ചറിവുകളാണ് കേരളീയ സമൂഹത്തിലുണ്ടാക്കിയത്. ഒന്നാം പൂരം കഴിഞ്ഞ് പിറ്റേന്നാള്‍ പുലര്‍ച്ചെയാണ് സാധാരണ വെടിക്കെട്ട് നടക്കുക. അതുവരെ നഗരത്തില്‍ നിയന്ത്രണങ്ങളൊന്നുമുണ്ടാവാറില്ല. എന്നാല്‍, ഇത്തവണ പുലര്‍ച്ചെ നടക്കുന്ന വെടിക്കെട്ടിന്റെ സുരക്ഷയ്ക്കെന്ന പേരില്‍ രാത്രി പത്തര മുതല്‍ പൊലീസ് ബാരിക്കേഡ് വെച്ച് ആളുകളെ തടഞ്ഞു. തിരുവമ്പാടി ദേവസ്വം ഇതില്‍ പ്രതിഷേധിച്ച് പഞ്ചവാദ്യം നിര്‍ത്തിവച്ചു. തുടര്‍ന്നുള്ള എഴുന്നള്ളിപ്പ് ഒരാനപ്പുറത്താക്കി. അതുകഴിഞ്ഞതും തിരുവമ്പാടിക്കാര്‍ പൂരപ്പന്തലുകളിലെ ലൈറ്റുകള്‍ അണച്ചു. അതോടെ പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് അനിശ്ചിതത്വത്തിലായി. പല ജില്ലകളില്‍നിന്നുള്ള പതിനായിരക്കണക്കിന് ആളുകള്‍ തൃശ്ശൂര്‍ റൗണ്ടിനുചുറ്റും അനിശ്ചിതത്വം പേറി നിന്നു. പുലര്‍ച്ചെ മൂന്നുമണിക്കു നടക്കേണ്ട വെടിക്കെട്ട് ഏഴുമണിക്കു ശേഷമാണ് നടന്നത്.
ഇതോടൊപ്പം മറ്റൊന്നു കൂടി സംഭവിച്ചു. പൂരം പ്രദര്‍ശനത്തിലേക്ക് ആളുകള്‍ കയറുന്നത് പൊലിസ് തടഞ്ഞു. പൂരനാളില്‍ വടക്കുനാഥനിലെത്തിയ ഭക്തരെ ആട്ടിയോടിച്ചു. ആനക്ക് പട്ട കൊടുക്കാന്‍ പോയവരെയും തടസ്സപ്പെടുത്തി. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ പൊലീസും ദേവസ്വം ഭാരവാഹികളും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചു. പാതിരാത്രിയില്‍ ഈ തര്‍ക്കത്തിനിടയിലേക്ക് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയും ആര്‍എസ്എസ് നേതാക്കളും എത്തി. തുടര്‍ന്ന് ഇരുദേവസ്വങ്ങളും വെടിക്കെട്ടിനില്ലെന്ന് പ്രഖ്യാപിച്ചു. പുലര്‍ച്ച രണ്ടിന് നടക്കേണ്ട വെടിക്കെട്ട് രാവിലെ ഏഴിലേക്ക് നീങ്ങിയത് അങ്ങനെയാണ്. ഇതൊക്കെ നടക്കുമ്പോഴും എഡിജിപി അജിത് കുമാര്‍ നഗരത്തില്‍ തന്നെ ഉണ്ടായിട്ടും വിഷയത്തില്‍ ഇടപെട്ടില്ല. പ്രശ്നങ്ങള്‍ക്ക് ഉത്തരവാദിയായ പൊലിസ് കമീഷണര്‍ അങ്കിത് അശോകനെതിരേയും നടപടിയെടുത്തില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് കാരണമായി പറഞ്ഞത്.
പൂരം അലങ്കോലമാക്കിയത് ഹിന്ദു സെന്റിമെന്റ്സിനെ പ്രകോപിപ്പിച്ച് ബിജെപിയുടെ വിജയം ഉറപ്പാക്കാനാണെന്ന ആരോപണം തെരഞ്ഞെടുപ്പിനു മുമ്പു തന്നെ പുറത്തുവന്നു. ബിജെപി നിശ്ശബ്ദത പാലിച്ചെങ്കിലും ഇടത് സ്ഥാനാര്‍ഥിയും സിപിഐ നേതാവുമായ വി.എസ് സുനില്‍കുമാര്‍ ഇത് ശക്തമായി ഉന്നയിച്ചു. ബിജെപിക്കുവേണ്ടി പൊലിസിലെ ആര്‍എസ്എസ് സംഘം സംഘടിപ്പിച്ച നാടകമാണ് ഇതെന്നായിരുന്നു ആരോപണം. കോണ്‍ഗ്രസ് ഇതിനെ സിപിഎം-ബിജെപി ബാന്ധവമായി ചിത്രീകരിച്ചു. (ജനമാണ് പൂരമെന്നറിയാത്ത പൊലിസ്, ഏപ്രില്‍ 23, മനോരമ; അന്‍വറിന്റെ വെളിപ്പെടുത്തല്‍: ദുരൂഹത തീരാതെ തൃശ്ശൂര്‍ പൂരം പ്രശ്‌നം; അന്ന് സംഭവിച്ചതെന്ത്..? മാതൃഭൂമി, സെപ്റ്റംബര്‍ 2, 2024; അന്‍വറിന്റെ വെളിപ്പെടുത്തല്‍, വീണ്ടും കത്തിപ്പടര്‍ന്ന് തൃശൂര്‍ പൂരം, സെപ്തംബര്‍ 4, 2024). നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തൃശൂരില്‍ ജയിച്ചതോടുകൂടി പൂരം വിവാദം കുറച്ചുകൂടെ ശക്തമായി. എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ്സിനുവേണ്ടി പൂരം അലങ്കോലമാക്കിയെന്നാണ് പരാതി.
തെരഞ്ഞെടുപ്പിനു ശേഷവും ആരോപണം അടങ്ങിയില്ല. പൂരം അലങ്കോലമാക്കിയതില്‍ ബാഹ്യ ഇടപെടലുണ്ടോയെന്ന് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ആരോപണം നേരിടുന്ന എഡിജിപിയെത്തന്നെ നിയോഗിച്ചു. സ്വാഭാവികമായും ബാഹ്യ ഇടപെടലില്ലെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് റിപോര്‍ട്ട് നല്‍കി (സെപ്റ്റംബര്‍ 23, 2024, മാധ്യമം). പൂരം നിയന്ത്രിക്കുന്ന കമീഷ്ണര്‍ക്ക് ചില പാളിച്ചകള്‍ പറ്റിയതാണെന്നായിരുന്നു കണ്ടെത്തല്‍. ഇതും വിവാദമായതോടെ മുഖ്യമന്ത്രി ഡിജിപിയെത്തന്നെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചു.
എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ച: വെളിപ്പെടുത്തലുമായി സതീശന്‍
അന്‍വര്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വന്ന സമയത്ത് മറുഭാഗത്ത് പ്രതിപക്ഷവും സമാനമായ ചില വെളിപ്പെടുത്തലുകള്‍ നടത്തി. 2023 മേയ് 20 മുതല്‍ 22വരെ തൃശൂര്‍ പാറമേക്കാവില്‍ വിദ്യാമന്ദിര്‍ സ്‌കൂളില്‍നടന്ന ആര്‍എസ്എസ് ക്യാമ്പില്‍ പങ്കെടുത്ത ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയെ കാണാന്‍ വേണ്ടി പിണറായി വിജയന്‍ എഡിജിപി അജിത് കുമാറിനെ അയച്ചുവെന്നയായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചത്. തൃശൂര്‍ ഹോട്ടല്‍ ഹയാത്തില്‍വച്ചായിരുന്നു കൂടിക്കാഴ്ച. പൂരം അലങ്കോലപ്പെടുത്തി ഹൈന്ദവ വികാരം ഉയര്‍ത്തി തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൊലിസ് പൂരം അലങ്കോലപ്പെടുത്തിയത്. കൈക്കൂലിയും സ്വര്‍ണക്കടത്തും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അജിത് കുമാറിനെയും പി. ശശിയെയും സിപിഎം സംരക്ഷിക്കുന്നതും അതുകൊണ്ടാണ്. മുഖ്യമന്ത്രിക്ക് ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ടെന്നും സതീശന്‍ ആരോപിച്ചു. (സെപ്റ്റംബര്‍ 8, 2024, ഇന്ത്യന്‍ എക്സ്പ്രസ്)
കൂടിക്കാഴ്ച: എഡിജിപിയുടെ സ്ഥിരീകരണവും സര്‍ക്കാരും:
എഡിജിപിയുമായി ആര്‍എസ്എസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും സര്‍ക്കാരും ഇക്കാര്യം തുടക്കം മുതല്‍ അംഗീകരിച്ചിരുന്നില്ല. ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ആര്‍എസ്എസ്സും സമാനമായ നിലപാടെടുത്തു. സതീശന്‍ പുറത്തുവിട്ട വിവരങ്ങള്‍ കേരള പ്രാന്ത കാര്യവാഹ് പിഎന്‍ ഈശ്വരന്‍ നിഷേധിച്ചു. (മാധ്യമം, സെപ്റ്റംബര്‍ 8, 2024)
മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞുമാറിയെങ്കിലും താന്‍ ആര്‍എസ്എസ് നേതാക്കളെ നേരില്‍ കണ്ടതായി എഡിജിപി സ്ഥിരീകരിച്ചു. ദത്താത്രേയ ഹൊസബലെയെ മാത്രമല്ല രാം മാധവിനെയും കണ്ടതായി എഡിജിപി പറഞ്ഞു. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്വകാര്യ സന്ദര്‍ശനം മാത്രമായിരുന്നു. സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ് തൃശൂരില്‍ ദത്താത്രേയയുമായി കൂടികാഴ്ച നടത്തിയത്. ഔദ്യോഗിക വാഹനം ഉപയോഗിച്ചിട്ടില്ല. കോവളത്ത് ഒരു മാധ്യമ സ്ഥാപനത്തിന്റെ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടായിരുന്നുവെന്നും അതിനിടെയാണ് റാം മാധവിനെ കണ്ടത്. റാം മാധവുമായുണ്ടായത് വ്യക്തിപരമായ പരിചയപ്പെടല്‍ മാത്രമായിരുന്നു. ഒപ്പം സുഹൃത്തായ ജയകുമാര്‍ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഡിജിപിക്കുള്ള മൊഴിയിലാണ് ഇക്കാര്യം അറിയിച്ചത്. (മാധ്യമം, സെപ്റ്റംബര്‍ 8, 2024)
ആര്‍എസ്എസ് ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു രാംമാധവുമായുള്ള കൂടിക്കാഴ്ച. ആര്‍എസ്എസ് സമ്പര്‍ക്ക് പ്രമുഖ് കൈമനം ജയകുമാറാണ് എഡിജിപിയെ കൂട്ടിക്കൊണ്ടുപോയത്. കോവളത്തുവച്ചായിരുന്നു പരസ്പരം കണ്ടത് (രാം മാധവുമായും അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയെന്ന് റിപോര്‍ട്ട്, മാധ്യമം, സെപ്റ്റംബര്‍ 8, 2024). രണ്ട് കൂടിക്കാഴ്ചയുടെയും വിവരങ്ങള്‍ സ്പെഷ്യല്‍ ബ്രാഞ്ചും നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന വിവരം താമസിയാതെ പുറത്തുവന്നു.
ഉദ്യോഗസ്ഥര്‍ അവരുടെ തലത്തില്‍ അനൗദ്യോഗികമായി വ്യക്തികളെ കാണുന്നതില്‍ തെറ്റില്ലെന്നായിരുന്നു ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടത്. ഇത്തരം മീറ്റിംഗുകള്‍ ഏത് സര്‍ക്കാരിലും എല്ലാ സമയത്തും സംഭവിക്കാറുണ്ട്,'' ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്‍ ടിഎന്‍ഐഇയോട് പറഞ്ഞു. (ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, സെപ്റ്റംബര്‍ 9, 2024).
എഡിജിപിക്കെതിരേ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അതിനുള്ള ചുമതല നല്‍കിയത് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥര്‍ക്കായിരുന്നു. മാത്രമല്ല, അന്വേഷണവുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങള്‍ തനിക്ക് റിപോര്‍ട്ട് ചെയ്യാനും എഡിജിപി നിര്‍ദേശിച്ചു (സെപ്തംബര്‍ 7, 2024, മാധ്യമം). ഇതൊരു അന്വേഷണ പ്രഹസനമാണെന്നായിരുന്നു പ്രതിപക്ഷവിമര്‍ശനം.
കൂടിക്കാഴ്ച: ഇടത് പ്രതികരണങ്ങള്‍:
ആദ്യമൊക്കെ ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് സിപിഎം നേതാക്കള്‍ കൂടിക്കാഴ്ച ഒരു യാഥാര്‍ഥ്യമായി അംഗീകരിച്ചു. കൂടിക്കാഴ്ച ഉണ്ടായാല്‍ത്തന്നെ അതില്‍ എന്താണെന്നയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മറുചോദ്യം. എന്നാല്‍, ബിജെപി, എഡിജിപി വഴി സിപിഎമ്മുമായി ബന്ധം സ്ഥാപിച്ചുവെന്ന ആരോപണം അദ്ദേഹം തള്ളി. (സെപ്റ്റംബര്‍ 7, 2024, മാധ്യമം).
എഡിജിപി സിപിഐഎം നേതാവല്ലെന്നും തങ്ങള്‍ക്കെതിരേ സംഘടിതപ്രചാരണം നടക്കുന്നതായും എം.ബി രാജേഷ് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി: 'എഡിജിപി സിപിഐഎം നേതാവല്ല. ഏതെങ്കിലും ഉദ്യോഗസ്ഥന് ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെങ്കില്‍ അത് അന്വേഷണത്തിന്റെ പരിധിയില്‍ വരും. ഞങ്ങളുടെ ഒരു നേതാവും ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുന്നില്‍ നിലവിളക്ക് കൊളുത്തി വിനീത വിധേയനായി കൂപ്പുകൈയോടെ നിന്നിട്ടില്ല. അങ്ങനെ നിന്നവരാണ് ഇപ്പോള്‍ ന്യായം പറയുന്നത്. ഇതൊക്കെയും ഗൂഢാലോചനയില്‍ നിന്നും ഉരുത്തരിഞ്ഞ സംഘടിത പ്രചാരണമാണ്' (റിപോര്‍ട്ടര്‍, സെപ്തംബര്‍ 7, 2024)
സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അജിത് കുമാറിന് ആര്‍എസ്എസ് നേതാക്കളെ കാണാന്‍ അവകാശമുണ്ടെന്ന പക്ഷക്കാരനായിരുന്നു. സുഹൃത്താണ് കൂട്ടിക്കൊണ്ട് പോയതെന്ന് അജിത് കുമാര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതുകൊണ്ട് ഗൗരവത്തില്‍ കാണേണ്ട കാര്യമില്ലെന്നും സംഭവത്തില്‍ അപാകതകളില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നുകൂടി സ്പീക്കര്‍ വിമര്‍ശകരെ ഓര്‍മപ്പെടുത്തി. (സെപ്റ്റംബര്‍ 9, 2024, മനോരമ). ആര്‍എസ്എസ്സിനെ നിരോധിച്ച കാലം മന്ത്രി എം.ബി രാജേഷ് ഷംസീറിനെയും ഓര്‍മപ്പെടുത്തി. എന്നാല്‍, സിപിഐ കൂടിക്കാഴ്ചയെ ഒരു നിലക്കും അംഗീകരിച്ചില്ല. ഉന്നതോദ്യോഗസ്ഥന്‍ ആര്‍എസ്എസ്സിനെ കണ്ടതെന്തിനെന്ന് വ്യക്തമാക്കണമെന്ന് സിപിഐ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു (മാധ്യമം സെപ്റ്റംബര്‍ 10, 2024).
എഡിജിപി, ആര്‍എസ്എസ്സിനെ കണ്ടത് പൂരം കലക്കാനാണെന്ന് തൃശൂരിലെ ഇടത് സ്ഥാനാര്‍ഥി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു: തിരുവമ്പാടി ദേവസ്വവും പൊലിസിലെ ചിലരും ഒത്തുകളിച്ചു പൂരം അലങ്കോലമാക്കി. ആര്‍എസ്എസ് അനുകൂല ഏജന്‍സിയായ വരാഹി അനലറ്റിക്സ് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് മനസ്സിലായത്. അവരാണ് പൂരദിവസം പാതിരാത്രിക്ക് ആംബുലന്‍സില്‍ സ്ഥലത്തെത്തിയ സുരേഷ്ഗോപിക്കു വേണ്ടി വാതില്‍തുറന്നുകൊടുത്തത്. സര്‍ക്കാര്‍ പൂരം കലക്കിയെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആര്‍എസ്എസ്സ് പൊലിസില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ലാഘവത്തോടെ സമീപിക്കരുത്. ആനി രാജ ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു. അതില്‍ കാര്യമുണ്ട്. എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ച നടന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. (കേരള പൊലിസിലെ ആര്‍എസ്എസ് സാന്നിധ്യം പരിശോധിക്കണം, വി.എസ് സുനില്‍കുമാര്‍, നിസാര്‍ പുതുവന, മാധ്യമം, സെപ്റ്റംബര്‍ 27, 2024; മാതൃഭൂമി, ഒക്ടോബര്‍ 2, 2024).
താഴെ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം സഖാക്കളും എഡിജിപിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ചു. പലരും അന്‍വറിനെയും പിന്തുണച്ചു. പി. ശശിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ഇറങ്ങിത്തിരിച്ച പൊലിസ് ക്രിമിനലെന്നാണ് എഡിജിപി അജിത് കുമാറിനെ റെഡ് ആര്‍മിയുടെ ഫേസ് ബുക്ക് പേജില്‍ വിശേഷിപ്പിച്ചത് (എഫ്ബി, റെഡ് ആര്‍മി, സെപ്റ്റംബര്‍ 5) ബിജെപി നേതാവിനെ കണ്ട പി. ജയരാജനെ മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് പറത്താക്കിയിട്ടും എഡിജിപിയെ സംരക്ഷിക്കുന്നുവെന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലെ പൊതുപ്രതികരണം.
ഭാഗം മൂന്ന്:
പൊലിസിലെ ഇസ്‌ലാമോഫോബിയ:
പ്രത്യയശാസ്ത്രബോധമെന്ന നിലയില്‍ ഹിന്ദുത്വചിന്ത പൊലിസിലുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Shaban, Abdul. 2018. Lives of Muslims in India: Politics, Exclusion, and Violence. New Delhi: Routledge). എന്നാല്‍, ഒരു മനോഭാവമെന്നതിനപ്പുറത്ത് ആര്‍എസ്എസിന്റെ നേരിട്ടുള്ള ഇടപെടലെന്ന നിലയിലാണ് പില്‍ക്കാല സംഭവവികാസങ്ങള്‍ ശ്രദ്ധേയമാകുന്നത്. ഹിന്ദുത്വബോധത്തിന്റെ ബലത്തില്‍ മറ്റു വിഭാഗങ്ങളില്‍നിന്നു വ്യത്യസ്തമായി മുസ് ലിംകളെ കൈകാര്യം ചെയ്യുന്ന ഒരു രീതി പൊലിസില്‍ വളര്‍ന്നുവന്നു. അത് കേരളത്തിലാകമാനം നമുക്ക് കാണാനാവും. വിവരാവകാശ പ്രവര്‍ത്തകനും ആക്ടിവിസ്റ്റും ആയ കെ.വി ഷാജി കേരളീയം പോഡ്കാസ്റ്റ് മോണിംഗ് വോയിസില്‍ നടത്തിയ പ്രതികരണം ഇത്തരം ഘടകങ്ങളെ വിശകലനം ചെയ്യുന്നുണ്ട്: 'കേരള പൊലീസിനകത്ത് വിവിധങ്ങളായ ഫ്രാക്ഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് അതില്‍ പ്രബലമായ ഒരു ഫ്രാക്ഷന്‍ സംഘ്പരിവാര്‍ ആണ്. വളരെ നിശബ്ദമായാണ് സംഘ്പരിവാര്‍ കേരള പൊലീസില്‍ അവരുടെ വേരുകള്‍ ഉറപ്പിച്ചത്. ഒന്നാം മോദി സര്‍ക്കാരിന്റെ വരവോടുകൂടി ഈ ഗ്രൂപ്പിന് ആത്മവിശ്വാസം വര്‍ധിക്കുകയും രണ്ടാം മോദി സര്‍ക്കാരിന്റെ വരവോടുകൂടി കേരള പൊലീസിന് അകത്തെ ആഭ്യന്തര നിയന്ത്രണങ്ങള്‍ സംഘ്പരിവാര്‍ ഏറ്റെടുത്തു. ലോക്നാഥ് ബഹ്റയിലൂടെയാണ് സംഘ്പരിവാര്‍ പ്രകടമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി തുടങ്ങിയത്. ഒരു മതവിഭാഗത്തിനെതിരെ (മുസ്ലിം) കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരള പൊലീസ് സ്വീകരിച്ചുവരുന്ന സമീപനം തന്നെയാണ് സേനയിലെ സംഘ്പരിവാര്‍ സാന്നിധ്യത്തിന്റെ അടയാളം.' 'കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസുക്കളില്‍ 70 ശതമാനത്തിലും പ്രതികളെ വെറുതെ വിട്ടു എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് സംഭവിച്ച വീഴ്ചകളാണ് പ്രതികളെ കുറ്റവിമുക്തരാക്കാന്‍ കാരണം' (കേരളീയം പോഡ്കാസ്റ്റ് മോണിംഗ് വോയിസില്‍ സെപ്റ്റംബര്‍ 8, 2024)
പൊലിസില്‍ വര്‍ഗീയവത്കരണം നടക്കുന്നുവെന്ന കാര്യത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിനും യോജിപ്പാണ്. അജിത് കുമാറിനെതിരേ അന്‍വര്‍ പറഞ്ഞ ആരോപണങ്ങളെയും അദ്ദേഹം പിന്തുണയ്ക്കുന്നു. പൊലിസിലെ വര്‍ഗീയവത്കരണം പുതിയ കാര്യമല്ലെന്ന് സെന്‍കുമാറിന്റെ അനുഭവം വച്ച് അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ വന്നശേഷം സംസ്ഥാനത്തെത്തിയ ഐപിഎസ് ഉദ്യോഗസ്ഥരില്‍ ഇത്തരം സമീപനങ്ങള്‍ വ്യാപകമാണെന്നും പറഞ്ഞു (മാധ്യമം, സെപ്റ്റംബര്‍ 28, 2024).
പൊലിസിന്റെ ഹിന്ദുത്വസ്വഭാവം പുറത്തുകൊണ്ടുവരുന്ന വിവിധ കാലങ്ങളില്‍ നടന്ന ചില സംഭവങ്ങളാണ് താഴെ നല്‍കുന്നത്.
പാനായിക്കുളം കേസും കളമശ്ശരിയിലെ സ്ഫോടനവും:
കേരള പൊലിസിന്റെ വംശീയ ചിന്ത മനസ്സിലാക്കാന്‍ താരതമ്യം ചെയ്യാവുന്ന രണ്ട് കേസുകളാണ് പാനായിക്കുളം കേസും കളമശ്ശേരി സ്ഫോടനക്കേസും.
2006 ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എറണാകുളം ആലുവയ്ക്കടുത്ത പാനായിക്കുളം എന്ന സ്ഥലത്തുനടന്ന സ്വാതതന്ത്ര്യദിന പരിപാടിയാണ് പിന്നീട് പാനായിക്കുളം സിമി കേസായി മാറിയത്. പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ ഇസ്‌ലാമിക് സ്റ്റുഡന്റ് സെന്റര്‍ എന്ന പ്രാദേശിക സംഘടനയാണ് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഒരു സെമിനാര്‍ സംഘടിപ്പിച്ചത്. ഈ സെമിനാറിനെ സിമിയുടെ രഹസ്യ യോഗമായി അവതരിപ്പിച്ചതോടെയാണ് പാനായിക്കുളം സിമി കേസിന്റെ ആരംഭം.
കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. അറുപത്തിയഞ്ച് ദിവസത്തിനുശേഷം ജാമ്യം നല്‍കി. ആദ്യം ബിനാനിപുരം പൊലിസ് കേസ് അന്വേഷിച്ചു. 2008 സെപ്റ്റംബറില്‍ സ്പെഷ്യല്‍ സ്‌ക്വാഡിന് കൈമാറി. മലപ്പുറം അഡ്മിനിസ്ട്രേറ്റീവ് ഡിവൈഎസ്പി എസ് ശശിധരനായിരുന്നു അന്വേഷണച്ചുമതല. ഇവര്‍ 2006ല്‍ വിട്ടയച്ച 13 പേരെക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്തു. 2010 കേസ് എന്‍ഐഎ ഏറ്റെടുത്തു. അങ്ങനെ ഇത് കേരളത്തിലെ ആദ്യ എന്‍ഐഎ കേസായി മാറി. 2010ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2014 ജൂലൈ 15ന് എന്‍ഐഎ കോടതി വിചാരണ ആരംഭിച്ചു. 2015 നവംബര്‍ 30ന് കുറ്റക്കാരെന്ന് കണ്ട് പ്രതികള്‍ക്ക് ശിക്ഷവിധിച്ചു. ഒന്നും രണ്ടും പ്രതികള്‍ക്ക് പതിനാലു വര്‍ഷവും മൂന്നുമുതല്‍ അഞ്ചുവരെ പ്രതികള്‍ക്ക് പന്ത്രണ്ട് വര്‍ഷവുമായിരുന്നു ശിക്ഷ.
തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി 2019 ഏപ്രില്‍ 12ന് കേരള ഹൈകോടതി പാനായിക്കുളം കേസ് റദ്ദു ചെയ്തു. ശിക്ഷിക്കപ്പെട്ട അഞ്ചുപേരെ വെറുതെ വിട്ടു. എന്‍.ഐ.എ കോടതി വെറുതെവിട്ട പന്ത്രണ്ട് പേര്‍ക്കെതിരെ എന്‍ഐഎ സമര്‍പ്പിച്ച അപ്പീലും കോടതി തള്ളി. എന്‍ഐഎ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. (പാനായിക്കുളം സിമി കേസിന്റെ നാള്‍വഴികള്‍, റാസിഖ് റഹീം, ഒക്ടോബര്‍ 1, 2023, മീഡിയവണ്‍ ഷെല്‍ഫ്)
2023 ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവയുടെ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടക്കുന്ന കളമശ്ശേരി സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഹാളില്‍ ഹാളില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. സ്ഫോടന സമയത്ത് രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഡൊമനിക് മാര്‍ട്ടിന്‍ എന്നയാള്‍ കൊരട്ടി പൊലിസ് സ്റ്റേഷനില്‍ ഹാജരായി കുറ്റമേറ്റു. (റിപോര്‍ട്ടര്‍, എപ്രില്‍ 23, 2024)
എന്നാല്‍, സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം സംഭവവുമായി ഒരു ബന്ധവുമില്ലാത്ത നിസാം, അബ്ദുള്‍ സത്താര്‍ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. മുന്‍കാല ചരിത്രം പരിശോധിച്ചായിരുന്നു നടപടിയെന്നാണ് പൊലിസ് വിശദീകരിച്ചത്. വേറെ ചിലരെയും നിരീക്ഷിച്ചിരുന്നുവത്രെ. നേരത്തെ പറഞ്ഞ ഒരു തെളിവുമില്ലെന്ന് കണ്ട് സുപ്രീംകോടതി പോലും വെറുതേ വിട്ട പാനായിക്കുളം കേസിന്റെ ബലത്തിലാണ് പൊലിസ് കളമശ്ശേരി കേസില്‍ ഇവരെ കുടുക്കാന്‍ നോക്കിയത്. ഡൊമനിക് മാര്‍ട്ടിന്‍ കുറ്റമേറ്റില്ലായിരുന്നെങ്കിലും ഇവര്‍ വീണ്ടും തടവറയ്ക്കുള്ളിലാകുമായിരുന്നു. ഇത് വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകന്‍ റിജാസ് എം. ഷീബ സിദ്ദീഖിനെതിരേയും കേസെടുത്തു.
എസ്. ശശിധരനെതിരേ മുന്‍ മജിസ്ട്രേറ്റ്:
പൊലിസിലെ സംഘ്പരിവാര്‍ ബന്ധം വാര്‍ത്തയായ സാഹചര്യത്തില്‍ ആ സമയത്തെ മലപ്പുറം എസ്.പിയും പാനായിക്കുളം കേസ് അന്വേഷണ ഉദ്യോഗസ്ഥനുമായ എസ്. ശശിധരനെതിരേ മുന്‍ മജിസ്ട്രേറ്റായ എം. താഹ രംഗത്തുവന്നു. ആദ്യം ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. 2009ല്‍ പാനായിക്കുളം കേസിലെ 17ാം പ്രതി നിസാമിന് ജാമ്യം കൊടുത്തതിന് തന്നെ സിമിക്കാരനാക്കി മാറ്റിയെന്നായിരുന്നു നോര്‍ത്ത് പറവൂര്‍ മുന്‍ മജിസ്ട്രേറ്റായിരുന്ന മുഹമ്മദ് താഹ എഴുതിയത്: (അപ്പോഴാണ്) പ്രതിയുടെ അഭിഭാഷകന്‍ പ്രതിയുടെ ജാമ്യഅപേക്ഷയെക്കുറിച്ചും അയാള്‍ കഴിഞ്ഞ നാളുകളില്‍ നാട്ടകം പോളിടെക്നിക്കില്‍ പഠിക്കുകയായിരുന്നു എന്നും അയാളുടെ സെമെസ്റ്റര്‍ എക്സാം അടുത്ത ആഴ്ച്ച ആണ് എന്നും പറയുന്നത്. അപ്പോള്‍ ഞാന്‍ കേസ് ഡയറി എവിടെ എന്ന് ചോദിച്ചു. അത് പൂര്‍ത്തി ആകാത്തത് കൊണ്ടു ഹാജരാക്കാന്‍ സമയം വേണം എന്ന് ശശിധരന്‍ പറഞ്ഞു. വൈകിട്ടു അഞ്ചു മണിക്ക് മുന്‍പ് കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശിച്ചു. ജാമ്യഅപേക്ഷ പരിഗണിക്കാനായി അടുത്ത ദിവസത്തേക്ക് വെച്ചു. രാത്രി ആ ഡയറി ആദ്യാവസാനം സൂക്ഷ്മമായി വായിച്ചു നോക്കിയ എനിക്ക് ആ പതിനേഴാം പ്രതിയെ കേസും ആയി ബന്ധിപ്പിക്കുന്ന ഒന്നും കാണാന്‍ കഴിഞ്ഞില്ല. ആ കുട്ടിയുടെ പഠനവും പരീക്ഷയും തടസപ്പെടുത്തുന്നത് നീതി അല്ല എന്ന് ഉത്തമബോധ്യം വന്നതുകൊണ്ട് ഞാന്‍ ആ പയ്യന് ഉപധിയോട് ജാമ്യം നല്‍കി. ശശിധരന്‍ അദ്ദേഹത്തിന്റെ അതേ ആശയഗതി പിന്തുടരുന്ന അന്നത്തെ ഹൈകോടതിയിലെ വിജിലന്‍സ് ഡയറക്ടറായിരുന്ന മാന്യ ദേഹത്തെ കൂട്ട് പിടിച്ചു എന്നെ സിമിക്കാരന്‍ ആക്കി സസ്‌പെന്‍ഡ് ചെയ്യിക്കാന്‍ കൊടും ശ്രമം നടത്തി എന്ന് അന്ന് ഹൈകോടതി ജഡ്ജി ആയിരുന്ന പയസ് സാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ പോലെയുള്ള ചിലര്‍ ജുഡീഷ്യല്‍ ഓര്‍ഡര്‍ പ്രകാരം ജാമ്യം നല്‍കിയതിന് സസ്‌പെന്‍ഡ് ചെയ്യുക എന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും എന്ന് പറഞ്ഞതുകൊണ്ടാണ് ശശിധരന്റെ ആഗ്രഹം അന്ന് നടക്കാതെ പോയത് - ഈ ശശിധരന്‍ ഈ കാലത്തു മലപ്പുറം എസ്പി ആയതു കേവലം യാദൃച്ഛികമാണോ എന്നു ചോദിച്ചാണ് അദ്ദേഹം അവസാനിപ്പിച്ചത്. 'എന്നെ സിമിയാക്കിയത് ഈ ശശിധരന്‍' എന്ന പേരിലെഴുതിയ കുറിപ്പ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. (മുഹമ്മദ് താഹ എഫ്ബി, സെപ്തംബര്‍ 8, 2024 )
ജാമ്യം നല്‍കിയതിന്റെ പേരില്‍ തന്നെ കോഴിക്കോട്ടേക്ക് സ്ഥലംമാറ്റിയതായി പിന്നീട് മീഡിയവണിനു നല്‍കിയ അഭിമുഖത്തില്‍ (സെപ്റ്റംബര്‍ 9, 2024, മീഡിയവണ്‍) അദ്ദേഹം പറഞ്ഞു: 'പാനായിക്കുളം സിമി കേസില്‍ പ്രതിയായ ഒരു വ്യക്തിക്ക് അതിലെ ചാര്‍ജ് ഷീറ്റ് പരിശോധിച്ചു ഉപാധികളുടെ ജാമ്യം അനുവദിക്കുകയും അനുവദിച്ചതിന്റെ പേരില്‍ തന്നെ പെട്ടെന്ന് തന്നെ കോഴിക്കോട് മജിസ്ട്രേറ്റിലോട്ട് സ്ഥലം മാറ്റുകയുണ്ടായി. പേര് നോക്കി യുവാക്കളെ അറസ്റ്റ് ചെയ്യുകയും അവരുടെ വിദ്യാഭ്യാസം തകര്‍ക്കുകയും ചെയ്യുന്ന രീതിയിലുള്ള നിലപാടുകള്‍ ഒരു ഉയര്‍ന്ന നിലയിലുള്ള പൊലീസ് ഉദ്യോഗത്തിന് ചേര്‍ന്നതല്ല (എസ്പി എം. ശശിധരന്‍ ഉദ്ദേശിച്ചു കൊണ്ട് ) 'മുമ്പ് പന്ത്രണ്ടായിരത്തോളം കേസുകളൊക്കെ ഉണ്ടായിരുന്ന മലപ്പുറം ജില്ലയില്‍ ഇപ്പോള്‍ 45,000 ത്തോളം കേസുകള്‍ വരുമ്പോള്‍ അതില്‍ എത്ര ചെറുപ്പക്കാരുടെ ജീവിതം (പാനായിക്കുളം കേസില്‍ നിരപരാധിയാണെന്ന ബോധ്യത്തില്‍ ജാമ്യം അനുവദിച്ച യുവാവിനെ പോലെ) നശിപ്പിച്ചു കളഞ്ഞിട്ടുണ്ട് എന്നുള്ളത് നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. സ്വാഭാവികമായും എല്ലാ ആരോപണങ്ങളും എസ്. ശശിധരന്‍ നിഷേധിച്ചു (സെപ്റ്റംബര്‍ 17, 2024, മീഡിയവണ്‍)
ശശിധരനെ പിന്തുണച്ച് വി.ഡി സതീശന്‍:
പാനായിക്കുളം കേസില്‍ നിരപരാധികളെ കുടുക്കുകയും ജഡ്ജിയെ സിമിക്കാരനാക്കുകയും ചെയ്തുവെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെ പ്രതിരോധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുന്നോട്ടുവന്നു. ജില്ലയിലെ പൊലീസ് മേധാവികള്‍ മലപ്പുറത്തെ ക്രിമിനല്‍ റെക്കോഡില്‍ മുന്‍പന്തിയിലെത്തിക്കാന്‍ മനഃപൂര്‍വം കേസുകള്‍ നിര്‍മിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ഉദ്യോഗസ്ഥരെ സംസ്ഥാന ആഭ്യന്തര വകുപ്പ് കൂട്ടത്തോടെ സ്ഥലം മാറ്റിയിരുന്നു. ഇതിനെയാണ് സതീശന്‍ വിമര്‍ശിച്ചത്. മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യോഗ്രസ്ഥനാണ് എസ്. ശശിധരനെന്നും ഇലന്തൂര്‍ നരബലി ഉള്‍പ്പെടെ പ്രമാദമായ പല കേസുകളും അദ്ദേഹത്തിന്റെ അന്വേഷണ മികവിന് ഉദാഹരണമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. (സെപ്റ്റംബര്‍ 12, 2024, ന്യൂസ്ടാഗ് ലൈവ്, സെപ്റ്റംബര്‍ 10, 2024, കേരള കൗമുദി)
എലത്തൂര്‍ തീവെപ്പ്കേസ്:
2023 ഏപ്രില്‍ രണ്ടിന് രാത്രിയാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ഡി 1 കോച്ചില്‍ ആക്രമണമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്ക് പോയ ട്രെയിന്‍ രാത്രി 9.07ന് എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. കയ്യിലെ കുപ്പിയില്‍ കരുതിയിരുന്ന ഇന്ധനം യാത്രക്കാര്‍ക്ക് നേരെ ഒഴിച്ച അക്രമി തീയിടുകയായിരുന്നു. റിസര്‍വ്ഡ് കംപാര്‍ട്ടമെന്റിലാണ് ആക്രമണമുണ്ടായത്. തീവയ്പില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. സംഭവത്തെത്തുടര്‍ന്ന് മൂന്നു പേരെ പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു (ദി ഫോര്‍ത്ത്, ഏപ്രില്‍ 17, 2023).
ട്രെയിന്‍ തീവയ്പ്പിന് ശേഷം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍നിന്നാണ് പ്രതി ഷാരൂഖ് സെയ്ഫി പൊലീസ് പിടിയിലായത്. ഇയാള്‍ രത്നഗിരി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശേഷം അജ്മീറിലേക്ക് കടക്കാനായിരുന്നു ശ്രമം. അതിനിടെയാണ് രത്‌നഗിരി പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്ക് ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. പിടിയിലാവുമ്പോള്‍ മോട്ടോറോളാ കമ്പനിയുടെ ഫോണ്‍, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, എടിഎം കാര്‍ഡ് എന്നിവയും കൈവശമുണ്ടായിരുന്നു.
പ്രതിയെ മഹാരാഷ്ട്രയില്‍നിന്ന് കാറിലാണ് നാല് പൊലിസുകാര്‍ക്കൊപ്പം കൊണ്ടുവന്നത്. ആ കാറാകട്ടെ വഴിയില്‍ കേടാവുകയുംചെയ്തു. ഇത് വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു. (പൊലീസ് പറഞ്ഞത് കള്ളം: കേസെടുത്തത് 'മാതൃഭൂമി'ക്കെതിരെ തന്നെ; മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ സ്റ്റേഷനില്‍ പിടിച്ചുവെക്കുകയും ചെയ്തു, മേയ് 18, 2023, വീക്ഷണം)
പൊലിസ് ഷാരൂഖ് സെയ്ഫിക്കെതിരേ യുഎപിഎ ചുമത്തി. ഇതേകുറിച്ച് എഡിജിപി അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞ വിവരങ്ങള്‍ ഇതൊക്കെയാണ്: എലത്തൂര്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഇയാള്‍ തീവ്ര ചിന്താഗതിയുള്ളയാളാണ്. ഒരു വര്‍ഷമായി ഷാരൂഖ് സൈഫി ദേശവിരുദ്ധ വീഡിയോകള്‍ കാണുന്നത് പതിവാക്കിയിരുന്നു. സാക്കിര്‍ നായിക്കിനെ പോലുള്ളവരുടെ വീഡിയോകള്‍ നിരന്തരം കാണാറുണ്ട്. ഷാരൂഖ് സെയ്ഫി ഇത്തരത്തിലൊരു കൃത്യം നടത്താന്‍ തീരുമാനിച്ചുറപ്പിച്ചാണ് കേരളത്തില്‍ എത്തിയത്. എന്നാല്‍, പ്രതിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ല. ഷാരൂഖ് കേരളത്തിലെത്തിയത് മുതലുള്ള മുഴുവന്‍ കാര്യങ്ങളും അന്വേഷിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് എന്തെങ്കിലും സഹായം പ്രതിക്ക് കിട്ടിയോ എന്ന് ഇപ്പോള്‍ പറയാനാവില്ല. തീവെപ്പ് തീവ്രവാദ പ്രവര്‍ത്തനമാണ് എന്നതിന് തെളിവായി എഡിജിപി പറഞ്ഞത് പ്രതിയെ പിടികൂടിയത് ഷഹീന്‍ബാഗില്‍നിന്നാണ് എന്നതായിരുന്നു (ദി ഫോര്‍ത്ത്, ഏപ്രില്‍ 17, 2023, മീഡിയവണ്‍ സെപ്റ്റംബര്‍ 10, 2024). പൗരത്വസമരകേന്ദ്രങ്ങളിലൊന്നായിരുന്നു ഷഹീന്‍ബാഗ്.
എഡിജിപിക്കെതിരേ മുസ്‌ലിം ലീഗ്:
എഡിജിപി അജിത് കുമാറിനെതിരേയുള്ള പല ആരോപണങ്ങളും നേരത്തെത്തന്നെ പൊതുമണ്ഡലത്തിലുള്ളവയാണ്. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ വെളിച്ചത്തില്‍ മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിയും ആഞ്ഞടിച്ചു. എഡിജിപി അന്വേഷിച്ച എലത്തൂര്‍ തീവെപ്പ് കേസ് ഉള്ളപ്പെടെ എല്ലാ കേസുകളും പുനരന്വേഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം: ഉത്തരേന്ത്യയിലെ ട്രെയിന്‍ ആക്രമണ പരമ്പര പോലെ ഒരു രാഷ്ട്രീയം എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിന് പിന്നിലുണ്ടായിരുന്നു. 2023 ഏപ്രില്‍ രണ്ടിനാണ് ഇത് സംഭവിക്കുന്നത്. ഒരു മാസത്തിന് ശേഷമായിരുന്നു കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനായി കേരളത്തില്‍നിന്നുള്ള ആസൂത്രിതമായ നീക്കമായിരുന്നു ട്രെയിന്‍ തീവെപ്പ്. കേസ് അന്വേഷിച്ച എഡിജിപി എം.ആര്‍ അജിത് കുമാര്‍ പറഞ്ഞ ഓരോ വാക്കുകളും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. അത് വലിയ ചര്‍ച്ചയായി മാറി. സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത ഈ സംഭവത്തിന് കേരളത്തിലെ പൊലീസ് കൂട്ടുനിന്നു. തീവെപ്പ് തീവ്രവാദ പ്രവര്‍ത്തനമാണ് എന്നതിന് തെളിവായി എഡിജിപി പറഞ്ഞത് പ്രതിയെ പിടികൂടിയത് ഷഹീന്‍ബാഗില്‍നിന്നാണ് എന്നതായിരുന്നു. സിഎഎക്കെതിരെ പ്രോജ്ജ്വലമായ സമരം നയിച്ച നാടാണ് ഷഹീന്‍ബാഗ്. പൗരത്വ നിയമത്തിനെതിരായ സമരം തീവ്രവാദ പ്രവര്‍ത്തനമാണെന്നാണ് എഡിജിപി ഇതിലൂടെ പറയുന്നത്. മുഹമ്മദ് മോനൂസ് എന്നയാളെയും കേസില്‍ പിടികൂടിയിരുന്നു. ഇയാളുടെ പിതാവിനെ പിന്നീട് കൊച്ചിയില്‍ മരിച്ചനിലയില്‍ കാണപ്പെടുകയുണ്ടായി. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് പറഞ്ഞത്. എഡിജിപി അജിത് കുമാര്‍ കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുമെന്ന് പി.വി അന്‍വര്‍ എംഎല്‍എ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ കാതില്‍ പ്രതിധ്വനിക്കുന്നത്. എഡിജിപി അജിത് കുമാര്‍ കേരളത്തില്‍ ഇടപെട്ട എല്ലാ കേസുകളും പുനരന്വേഷിക്കണം (സെപ്റ്റംബര്‍ 10, 2024, മീഡിയവണ്‍).
പിഎഫ്ഐ ചാപ്പകുത്തല്‍ കേസ്:
രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ഹവില്‍ദാറായി വര്‍ഷങ്ങളായി ജോലിചെയ്യുന്ന സൈനികന്റെ ദേഹത്ത് പിഎഫ്ഐ എന്ന് ചാപ്പകുത്തിയ കേസ് കഴിഞ്ഞ വര്‍ഷമാണ് (2023 സെപ്റ്റംബര്‍ 24) രാജ്യത്ത് പ്രകമ്പനം സൃഷ്ടിച്ചത്. കയക്കാവൂരിലെ ഷൈന്റെ ദേഹത്താണ് ചാപ്പകുത്തിയത്. സംഭവം നടന്നയുടന്‍ പൊലീസിനെ അറിയിക്കാതെ മാധ്യമങ്ങളെയാണ് ഷൈന്‍ വിവരമറിയിച്ചത്. മാധ്യമങ്ങളില്‍നിന്നു വിളിക്കുമ്പോഴാണ് കടയ്ക്കല്‍ പൊലീസ് വിവരമറിഞ്ഞത്. ഇതു സംശയത്തിനിടയാക്കി. ഷൈനും സുഹൃത്ത് ജോഷിയും ചേര്‍ന്ന് നടത്തിയ നാടകമായിരുന്നുവെന്ന് പിന്നീട് ബോധ്യമായി. രാജ്യം മുഴുവന്‍ പ്രശസ്തിപരക്കാനും സൈന്യത്തില്‍ താന്‍ ആഗ്രഹിക്കുന്ന പദവി നേടിയെടുക്കാനുംവേണ്ടി ആസൂത്രണംചെയ്ത നാടകമാണ് പിഎഫ്‌ഐ എഴുത്തെന്ന് ഷൈന്‍ ചോദ്യംചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്തു.
ആ രണ്ട് ദിവസത്തിനുള്ളില്‍ രാജ്യത്താകമാനം കടുത്ത വംശീയമായ പ്രചാരണമാണ് നടന്നത്. കേരളം താലിബാന്‍ ആകുന്നുവെന്ന് പ്രചരിപ്പിക്കപ്പെട്ടു. കേരളത്തില്‍ തീവ്രവാദി ആക്രമണണെന്നും ദേശീയമാധ്യമങ്ങള്‍ എഴുതി. എന്നാല്‍, കേസെടുത്തെങ്കിലും ഇരുവര്‍ക്കുമെതിരേ നിസ്സാര വകുപ്പാണ് പൊലിസ് എടുത്തത്. ഇവരുടെ ജാമ്യം പരിഗണിക്കുന്ന ദിവസം കടയ്ക്കല്‍ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ അവധിയിലായിരുന്നു. പിന്നീട് പുനലൂര്‍ കോടതിയിലെ എപിപിയാണ് ഓണ്‍ലൈനില്‍ ഹാജരായത്. പ്രതി ഇപ്പോഴും തന്റെ ജോലിയില്‍ തുടരുകയാണ് (മാതൃഭൂമി സെപ്റ്റംബര്‍ 17, 2023; ആവിയായിപ്പോയ ചാപ്പകുത്തല്‍ കേസ്, എം. ഷറഫുല്ലാഖാന്‍, സെപ്തംബര്‍ 17, 2024 മാധ്യമം)
മുസ്‌ലിം തീവ്രവാദിയല്ലേടോ:
കാസര്‍കോഡ് ഗവണ്‍മെന്റ് കോളജ് യൂണിയന്‍ ചെയര്‍മാനും എംഎസ്എഫ് നേതാവുമായിരുന്ന കരിം കുണിയ ഈ ദിവസങ്ങളില്‍ തന്റെ അനുഭവം പങ്കുവച്ചു. കലക്ടറേറ്റ് മാര്‍ച്ചിനുവേണ്ടി അപേക്ഷയുമായെത്തിയ അദ്ദേഹത്തെ അന്നത്തെ എസ്പിയായിരുന്ന എം.ആര്‍ അജിത് കുമാര്‍ ഭീഷണിപ്പെടുത്തിയത് താന്‍ മുസ്‌ലിം തീവ്രവാദിയല്ലേടോ എന്നു ചോദിച്ചായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഉമ്മയെയും ബാപ്പയെയും ചവുട്ടിക്കൂട്ടി അകത്തിടുമെന്നും ഭീഷണിപ്പെടുത്തി. പെര്‍മിഷന്‍ കൊടുക്കേണ്ടെന്ന് കീഴുദ്യോഗസ്ഥനോട് നിര്‍ദേശിക്കുകയും ചെയ്തു (സെപ്റ്റംബര്‍ 20, 2024, മാധ്യമം, നിയമം തകര്‍ക്കുന്ന നിയമപാലകര്‍; എഫ്ബി കരിം കുണിയ, സെപ്റ്റംബര്‍ 8, 2024). പെര്‍മിഷന്‍ താന്‍ പറയാമെന്നും എന്നാല്‍ അജിത് കുമാര്‍ പറഞ്ഞ കാര്യം ആരോടും പറയരുതെന്നും കീഴുദ്യോഗസ്ഥന്‍ ഉപേദശിച്ചു. പരാതിയുമായി വന്നാല്‍ താന്‍ കൂടെനില്‍ക്കില്ലെന്നും ഓര്‍മിപ്പിച്ചു.
ഭാഗം നാല്:
മലപ്പുറം പ്രൊജക്റ്റ്
കേരള പൊലിസിന്റെ ഹിന്ദുത്വവത്കരണത്തോടൊപ്പം മലപ്പുറം ജില്ലയെ സവിശേഷമായി ലക്ഷ്യം വയ്ക്കുന്ന ഒരു പദ്ധതി നടന്നുവരുന്നതായി പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസുകളുടെ എണ്ണംകൂട്ടാന്‍ അനാവശ്യമായി കേസുകളെടുക്കുന്നുവെന്ന് മന്ത്രി വി. അബ്ദുല്‍ റഹ്മാനും പി.വി അന്‍വര്‍ എം.എല്‍.എ.യും അവിടത്തെ എസ്പിയായിരുന്ന ശശിധരനെതിരേ ആരോപണമുന്നയിച്ചിരുന്നു. എസ്.പി സുജിത് ദാസിന്റെ കാലത്ത് ജില്ലയിലെ പെറ്റിക്കേസുകളുടെ എണ്ണംകൂട്ടാന്‍ കര്‍ശനനിര്‍ദേശം നല്‍കിയതിന്റെ പേരില്‍ പൊലീസുകാര്‍ ജനങ്ങളോട് വേട്ടക്കാരെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും ആക്ഷേപമുണ്ടായിരുന്നു. മുസ്‌ലിം ലീഗ് പലതവണ ഇതിനെതിരേ പ്രതിഷേധവും സംഘടിപ്പിച്ചു.
മലപ്പുറം എന്ന ക്രൈംകാപ്പിറ്റല്‍:
മലപ്പുറമെന്ന ജില്ലയെ എങ്ങനെ ഒരു ക്രമിനല്‍ സ്പോട്ടായി ചിത്രീകരിച്ചുവെന്ന് മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ സി. ദാവൂദ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: മലപ്പുറം ജില്ലയെ സവിശേഷമായി ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള പരിപാടികള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് കാലങ്ങളായിട്ടുണ്ട്. താനൂര്‍ കടപ്പുറത്ത് പാകിസ്താനില്‍ നിന്നും കപ്പല്‍ വന്നു എന്ന് പറഞ്ഞു വാര്‍ത്തകള്‍ വരാറുണ്ട്. ഡല്‍ഹിയില്‍ നിന്ന് ഇറങ്ങുന്ന പത്രത്തിലാണ് വാര്‍ത്ത വരുന്നത്. താനൂരില്‍ കപ്പലടുത്തു, ആയുധങ്ങളുമായി കപ്പലടുത്തു, കണ്ടെയ്‌നര്‍ നോട്ടുകളുമായിട്ട് കപ്പല്‍ വന്നു എന്നൊക്ക പറഞ്ഞ് അപസര്‍പ്പക വാര്‍ത്തകള്‍ വന്നൊരു കാലമുണ്ടായിരുന്നു. അതൊരു ക്രിമിനല്‍ പ്രദേശമാണ് എന്ന ധാരണ വ്യാപകമായി സൃഷ്ടിക്കുക എന്നുള്ളതാണ്. മലപ്പുറത്തിന്റെ കാര്യത്തില്‍ മാത്രമല്ല. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് അത്തരം പ്രദേശങ്ങളെ ക്രിമിനല്‍ സ്‌പോട്ടുകളാക്കി മാറ്റുക എന്നുള്ളത് ഇന്ത്യയില്‍ എമ്പാടുമുള്ളൊരു പദ്ധതിയാണ്. ഭട്കല്‍, ഉത്തര്‍പ്രദേശിലെ അസംഗഡ്, ബോംബെയിലെ മുംബ്ര, ഇന്ത്യയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ ക്രിമിനല്‍ സ്‌പോട്ടുകളാക്കി ചിത്രീകരിക്കുന്ന പതിവുണ്ട്. അസംഗഡിനെ കുറിച്ച് ആതംക്ഗഡ് എന്നാണ് ബിജെപിക്കാര്‍ പ്രസംഗിക്കുക. ആതംക്ഗഡ് എന്ന് പറഞ്ഞാല്‍ തീവ്രവാദികളുടെ പ്രദേശം. ആ ഒരു പ്രൊജക്റ്റ് ഇന്ത്യയില്‍ എല്ലായിടത്തും ഉള്ളതാണ്. പ്രചരണപരമായി മലപ്പുറത്തിനെതിരെ അത് വളരെ നേരത്തെതന്നെയുണ്ട്. (മലപ്പുറം പൊലീസ് എന്ന അധോലോകം, ഔട്ട് ഓഫ് ഫോക്കസ്, സെപ്റ്റംബര്‍ 9, 2024)
'കേരള പൊലീസിലെ പരിവാര്‍ പ്രോജക്റ്റ്' എന്ന ശ്യാം പ്രസാദിന്റെ റിപോര്‍ട്ട് കേരള പൊലീസിന്റെ സമീപകാല ചരിത്രത്തിലെ ആര്‍എസ്എസ് ബന്ധങ്ങളെ വിശകലനം ചെയ്യുന്നതോടൊപ്പം മലപ്പുറത്തെക്കുറിച്ചുള്ള പരിവാര്‍ പ്രൊജക്റ്റിനെക്കുറിച്ച് നിരവധി നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. മലപ്പുറത്തെ കേന്ദ്രീകരിച്ച് നിര്‍മിച്ചിരിക്കുന്ന ഇസ്‌ലാമോഫോബിക് വ്യവഹാരങ്ങളും പൊലീസിങ്ങും എങ്ങനെയാണ് ജില്ലയെ ക്രിമിനല്‍ കേസുകള്‍ കൂടുതലുള്ള ജില്ലയായി രേഖപ്പെടുത്തുന്നത് എന്ന് ലേഖനം അന്വേഷിക്കുന്നു. (കേരളീയം മാസിക, സെപ്റ്റംബര്‍ 13, 2024).
മലപ്പുറത്തെ കുറ്റകൃത്യനിരക്ക്:
കേരളത്തില്‍ ആകെ ഇരുപത് പൊലിസ് ജില്ലകളാണ് ഉള്ളത്. കുറ്റകൃത്യ നിരക്ക് കണക്കാക്കുന്നത് പൊലിസ് ജില്ലകളുടെ അടിസ്ഥാനത്തിലാണ്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് പോലുള്ള ജില്ലകളില്‍ രണ്ട് പൊലിസ് ജില്ലകളാണ് ഉള്ളത്. അവ തമ്മില്‍ കൂട്ടിയാലാണ് ആ ജില്ലകളിലെ ആകെ കുറ്റകൃത്യം ലഭിക്കുക. എന്നാല്‍, മലപ്പുറത്ത് ആകെ ഒരു പോലിസ് ജില്ലയാണ് ഉള്ളത്. അതായത് റവന്യു ജില്ലയും പൊലിസ് ജില്ലയും ഒന്നാണ്. പൊലിസ് ജില്ലകളുടെ കണക്കില്‍ നോക്കിയാല്‍ മലപ്പുറമാണ് കേരളത്തില്‍ ഏറ്റവും മുന്നില്‍. എന്നാല്‍, ജില്ലാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇപ്പോള്‍ മലപ്പുറവും മറ്റ് ജില്ലകളും തമ്മില്‍ കണക്കില്‍ വലിയ അന്തരമില്ലെന്നാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോ തങ്ങളുടെ സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകളില്‍നിന്ന് മനസ്സിലാവുന്നത്. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ മലപ്പുറം അഞ്ചാം സ്ഥാനത്താണ് (മാധ്യമം, ഒക്ടോബര്‍ 4, 2024).
ക്രൈം റോക്കോര്‍ഡ് ബ്യൂറോ അവരുടെ സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 2021 വര്‍ഷം മലപ്പുറത്ത് ആകെ 19,045 കേസുകളും 2022ല്‍ 26,959 കേസുകളും 2023ല്‍ 40,428 കേസുകളുമാണ് എടുത്തിരുന്നത്. കോഴിക്കോട് 2021ല്‍ 27,601 ഉം 2022ല്‍ 20,320ഉം 2023ല്‍ 38,691 ഉം കേസെടുത്തു. (തിരുവനന്തപുരം കുറച്ച് വ്യത്യസ്തമായി കാണുന്നു. തിരുവനന്തപരത്ത് 2021ല്‍ 1,17,277 കേസുകളാണ് എടുത്തിരുന്നത്. 2022ല്‍ 43,552 കേസുകളും രജിസ്റ്റര്‍ ചെയ്തു). താരതമ്യേന കുറവ് കുറ്റകൃത്യങ്ങള്‍ നടന്നിരുന്ന മലപ്പുറത്ത് പൊടുന്നനെയാണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയതെന്നാണ് കണക്കില്‍നിന്ന് മനസ്സിലാവുന്നത്. അതായത് കഴിഞ്ഞ ഏതാനും കാലങ്ങളായി കുറ്റകൃത്യനിരക്കില്‍ വര്‍ധന കാണുന്നു. എന്നിട്ടും കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മലപ്പുറം ഇപ്പോഴും പുറകിലാണെന്നതും വസ്തുതയാണ്.
കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്തിയാണ് ഈ നിരക്ക്വര്‍ധന നേടിയത്. കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതിയില്‍ മലപ്പുറവും മറ്റ് ജില്ലകളും തമ്മില്‍ നിരവധി വ്യത്യാസങ്ങളുണ്ട്. ഒരേ കേസില്‍ ഒന്നിലധികം എഫ്ഐആറുകള്‍ ചേര്‍ത്തും കേസുകളുടെ എണ്ണം വര്‍ധിപ്പിച്ചു (കാക്കിക്കുളളിലെ കാവിബന്ധം പുറത്തുവരുമ്പോള്‍, നസ്‌റുദ്ദീന്‍ മണ്ണാര്‍ക്കാട്, സുപ്രഭാതം, സെപ്റ്റംബര്‍ 8, 2024). ഇസ്‌ലാമോഫോബിക് വിവേചനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും അതുവഴിയാണ്. പൊടുന്നനെയുണ്ടാക്കിയെടുത്ത ഈ നിരക്ക് വര്‍ധനവിന് ഉപയോഗിച്ച ഒരു പ്രധാന രീതിയാണ് സ്വമേധയാ കേസെടുക്കല്‍. മാധ്യമം നല്‍കുന്ന കണക്കനുസരിച്ച് മലപ്പുറത്ത് 2019 ല്‍ 3,959 സ്വമേധയാ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇരുപത്തിമൂന്നില്‍ അത് 35,501 കേസുകളായി വര്‍ധിച്ചു. ഈ വര്‍ഷം ഇതുവരെ 23,006 ആയിട്ടുണ്ട് (മലപ്പുറത്തെ കുറ്റദേശമാക്കാന്‍ പൊലിസ് തിരക്കഥ, സമൂര്‍ നൈനാന്‍, മാധ്യമം, സെപ്റ്റംബര്‍ 11, 2024). ഇത് രണ്ട് തരം അനീതികള്‍ക്ക് കാരണമായി. ഏറ്റവും പ്രധാനം കള്ളക്കേസുകളില്‍ കുടുക്കുന്നതും നിസ്സാരമായ കുറ്റകൃത്യങ്ങളില്‍പ്പോലും ഗുരുതരമായ വകുപ്പുകള്‍ ചേര്‍ക്കുന്നതുമാണ്. മറ്റൊന്ന് അഖിലേന്ത്യാ തലത്തില്‍ത്തന്നെ മലപ്പുറത്തെ കുറ്റകൃത്യകേന്ദ്രമാക്കി മാറ്റുന്ന ആഖ്യാനങ്ങള്‍ രൂപപ്പെട്ടു.
ഇതേക്കുറിച്ച് മീഡിയവണ്‍ ഔട്ട്ഓഫ് ഫോക്കസ് ഇങ്ങനെ നിരീക്ഷിച്ചു: എന്‍സിആര്‍ബിയുടെ കണക്കില്‍ ഓരോരുത്തരും എത്രമാത്രം ക്രൈം റേറ്റ് ഉണ്ടാകണം എന്നതിലൊക്കെ പൊലീസിന് വ്യക്തമായ പദ്ധതികളുണ്ട്. അതിന് പൊലീസിനെ നയിക്കുന്നത് ആരാണ്, പൊലീസിന് ആവശ്യമായ നിര്‍ദ്ദേശം കൊടുക്കുന്നത് ആരാണെന്ന് ദത്താത്രേയ ഹൊസബല്ല ആയിട്ടും റാം മാധവുമായിട്ടുള്ള കൂടിക്കാഴ്ചകള്‍ക്ക് ശേഷം നമുക്ക് കൃത്യമായി മനസ്സിലാകുന്നുണ്ട്. അത് കേരളത്തില്‍ അതിന്റെ പ്രോജക്റ്റ് പൂര്‍ത്തിയാക്കിക്കഴിഞ്ഞിരിക്കണം, ഇത്രയും കാലത്തെ ഈ നിസംഗത, ഈ ജാഗ്രതയില്ലായ്മ കേരളത്തില്‍ ഒരു അപകടകരമായ സിറ്റ്വേഷന്‍ ക്രിയേറ്റ് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. എപ്പോഴും മലപ്പുറത്ത് രാഷ്ട്രപതി ഭരണം വേണം എന്ന ആവശ്യം പല കോണുകളില്‍ നിന്ന് ഉയര്‍ന്നുകാണാറുണ്ട്. പ്രത്യേകിച്ച് ഈ നോര്‍ത്ത് ഇന്ത്യന്‍ സംഘികള്‍ക്കിടയില്‍ നിന്ന്. എന്‍സിആര്‍ബിയുടെ കണക്കെടുത്തുനോക്കുക, ഓരോ വര്‍ഷവും നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം മലപ്പുറത്ത് ക്രൈമുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഭീകരവാദ ജില്ലയാണെന്നുള്ള പൊലീസ് സര്‍ട്ടിഫിക്കേഷനും പല സ്ഥലത്തുനിന്നും വരികയാണ്. അത് സംഭവിച്ചുകഴിഞ്ഞു നിലം ഏതാണ്ട് ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്. (മലപ്പുറം പൊലീസ് എന്ന അധോലോകം, ഔട്ട് ഓഫ് ഫോക്കസ്, സെപ്റ്റംബര്‍ 9, 2024)
മുസ്‌ലിം ലീഗ് നേതാവ് സാദിഖലി തങ്ങളും ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു: മലപ്പുറത്തിന്റെ സല്‍പേര് കളയാന്‍ വേണ്ടിയുള്ള ഒരുപാട് ശ്രമങ്ങള്‍ നടന്നതായി ഇപ്പോള്‍ നമുക്ക് ബോധ്യമായി. ഒരു ഗവണ്‍മെന്റില്‍ നിന്നത് ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. ഒരു ജില്ലയുടെയും സല്‍പേര് കളയാന്‍ പാടില്ലല്ലോ, പ്രത്യേകിച്ച് ഉദ്യോഗസ്ഥരും പൊലീസുകാരും. അവര്‍ ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുന്നവര്‍ ആയിരിക്കെ. നേരത്തെയുള്ള എസ്പിക്ക് എതിരെയുള്ള ആരോപണം ക്രൈയിം റെയിറ്റ് കൂട്ടാന്‍ ശ്രമിച്ചുവെന്നതാണ്. ഇതിനെതിരേ യൂത്ത് ലീഗും മുസ്‌ലിം ലീഗും അടക്കം പലരും സമരം ചെയ്തതാണ്. അതിന്റെ പേരില്‍ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തതാണ്. ഇതൊക്കെ ഇവിടെ നേരത്തെയുണ്ടായിരുന്നു. അന്‍വര്‍ പറഞ്ഞതോടെ കൂടുതല്‍ വ്യക്തമായി. എന്നാല്‍, ക്രൈം റേറ്റ് സവിശേഷമായി കൂട്ടുന്നതിലൂടെ മലപ്പുറത്തെ മൊത്തത്തില്‍ ഒരു ക്രിമിനല്‍ ഹബ്ബായി മാറ്റുവാനുള്ള ശ്രമമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. (മീഡിയവണ്‍, സെപ്റ്റംബര്‍ 1, 2024)
സുജിത് ദാസിന്റെ പദ്ധതി:
മലപ്പുറം ഔദ്യോഗികമായിത്തന്നെ അതൊരു ക്രൈം ക്യാപിറ്റല്‍ ആക്കി മാറ്റണം എന്നുള്ള പദ്ധതി നടപ്പാക്കുന്നതില്‍ എസ്.പി സുജിത് ദാസിന് വലിയ പങ്കുണ്ട്. അദ്ദേഹം ചാര്‍ജെടുത്ത 2021 ഫെബ്രുവരിക്കു ശേഷം കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ധന കാണുന്നുണ്ട്. 12,000 കേസുകള്‍ മാത്രം ഉണ്ടായിരുന്ന ജില്ലയില്‍നിന്ന് അത് 22,000ലേക്കും 26,000ലേക്കും 40,000ലേക്കും ക്രിമിനല്‍ കേസുകള്‍ വര്‍ധിപ്പിക്കാന്‍ അദ്ദേഹം നടപടി സ്വീകരിച്ചു. ഇതൊരു ട്രാപ്പ് പോലെയാണ്. അദ്ദേഹത്തിന് പകരം മറ്റാര് വന്നാലും കുറ്റകൃത്യനിരക്ക് കുറയാതെ നോക്കുന്നത് അവരുടെ ബാധ്യതയായി മാറും. അല്ലെങ്കില്‍ പുതിയ ആളുടെ കഴിവുകേടായി വ്യാഖ്യാനിക്കാനുള്ള സാധ്യതയുണ്ട്: ഇത്തരം അജണ്ടകളില്ലാത്ത എസ്പി വരുമ്പോള്‍ അയാളുടെ പ്രധാനലക്ഷ്യം, ഈ നമ്പര്‍ കീപ്പ് ചെയ്യാനാണ്. 2023ല്‍ 40,000 ക്രിമിനല്‍ കേസുകള്‍ ഉള്ള ജില്ലയില്‍ അടുത്ത വര്‍ഷം അത് കുറയുകയാണെങ്കില്‍ പെര്‍ഫോമന്‍സ് മോശമാണെന്ന് പറയും. അത് കഴിവുകേടായി കാണും. ഇന്ത്യയിലെ തന്നെ ക്രൈം ക്യാപിറ്റല്‍ ആക്കി ഈ ജില്ലയെ മാറ്റുക എന്നുള്ളത് ഒരു പദ്ധതിയായി നടപ്പാക്കാന്‍ വേണ്ടിയാണ് സുജിത് ദാസ് വന്നത്. സുജിത് ദാസ് പോയതിന് ശേഷം ഇക്കാര്യത്തില്‍ അതേക്കാള്‍ മികവുതെളിയിച്ച ഒരാളെയാണ് കൊണ്ടുവന്ന് ഇരുത്തിയിരിക്കുന്നത്, ശശിധരന്‍. (മലപ്പുറം പൊലീസ് എന്ന അധോലോകം, ഔട്ട് ഓഫ് ഫോക്കസ്, സെപ്റ്റംബര്‍ 9, 2024)
സ്വര്‍ണക്കടത്തുകേസും മയക്കുമരുന്നു കേസും വാഹനം പിടിച്ചെടുക്കല്‍ കേസും വ്യാപകമാക്കിക്കൊണ്ടാണ് സുജിത് ദാസ് തന്റെ ലക്ഷ്യം കണ്ടത്. അതില്‍ സ്വര്‍ണക്കടത്ത് കേസ് അദ്ദേഹത്തിന് വ്യക്തിപരമായ ലാഭമുണ്ടാക്കിയെന്നാണ് അന്‍വറിനെപ്പോലുള്ളവര്‍ പുറത്തുകൊണ്ടുവന്ന തെളിവുകള്‍ സൂചിപ്പിക്കുന്നത്:
സ്വര്‍ണക്കള്ളക്കടത്തും സുജിത് ദാസും:
സുജിത് ദാസ് എസ്പിയായിരുന്ന സമയത്ത് കേസെടുക്കുന്ന കാര്യത്തില്‍ യാതൊരു തത്വദീക്ഷയും പുലര്‍ത്തിയിരുന്നില്ലെന്ന് മാധ്യമ റിപോര്‍ട്ടുകളില്‍ കാണുന്നു. ചെറിയ കുറ്റകൃത്യങ്ങള്‍ക്കുപോലും വലിയ കേസെടുക്കുക, ജനങ്ങളെ അനാവശ്യമായി കേസില്‍ കുടുക്കുക എന്നിവ വ്യാപകമായി നടന്നു. ജില്ലയിലെ നല്ലൊരു വിഭാഗം ജനങ്ങള്‍ കോടതിയുടെയും പൊലിസിന്റെ കാരുണ്യത്തിനുള്ളിലേക്ക് വലിച്ചെറിയപ്പെട്ടു. വലിയ സാമൂഹ്യദുരന്തത്തിലേക്കാണ് അത് കലാശിച്ചത്.
സുജിത് ദാസിന്റെ കാലത്ത് 124 കേസുകളിലായി 102 കിലോ സ്വര്‍ണമാണ് പൊലിസ് പിടികൂടിയത്. 2022ല്‍ 34 കേസുകളിലായി 28 കിലോയും 2023ല്‍ 34 കേസുകളിലായി 28 കിലോയും പിടികൂടി. കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ സ്വര്‍ണക്കടത്തുകാരെ പൊലിസ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സാഹസികമായി പിടികൂടുകയായിരുന്നു. എന്നാല്‍, ഇതിന്റെ ഉള്ളുകള്ളികള്‍ എംഎല്‍എ അന്‍വറും മാധ്യമങ്ങളും പുറത്തുവിട്ടു. സ്വര്‍ണം കടത്തുന്നുണ്ടെന്ന് ബോധ്യമായിട്ടും അത് പിടികൂടാതെ വിമാനത്താവളത്തിനു പുറത്തുവച്ച് പിടികൂടുകയായിരുന്നു പൊലിസ് ചെയ്തിരുന്നത്. വിമാനത്താവളത്തിലെ കസ്റ്റംസുകാരുടെ ഒത്താശയോടെയാണ് അത് ചെയ്തിരുന്നത്. പിടികൂടിയിരുന്ന സ്വര്‍ണം ഒരേ അപ്രൈസറെയാണ് പൊലിസ് ഏല്‍പ്പിച്ചിരുന്നത്. പിടികൂടിയ സ്വര്‍ണത്തിന്റെ അളവ് കുറച്ചുകാണിച്ച് ബാക്കി പൊലിസ് സ്വന്തം കീശയിലാക്കും. സുജിത് ദാസിന് ലാഭം രണ്ടാണ്- കേസുകളുടെ എണ്ണം കൂടുന്നു. തട്ടിച്ച സ്വര്‍ണം കയ്യിലെത്തുന്നു (നിയമം തകര്‍ക്കുന്ന നിയമപാലകര്‍, പരമ്പര, മാധ്യമം, സെപ്റ്റംബര്‍ 14, 2024).
സഖാവ് ലോറിയും സ്‌ക്രാപ്പാകുന്ന മലപ്പുറം വാഹനങ്ങളും:
2021ല്‍ മലപ്പുറം ജില്ലയില്‍ പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്ത വകയില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ചത് 6 കോടി രൂപയാണ്. പല കേസുകളിലും പിടിച്ചെടുക്കുന്ന വാഹനങ്ങളാണ് ഇങ്ങനെ സ്‌ക്രാപ്പായി വില്‍ക്കുന്നത്. ഇതേ വര്‍ഷം തൃശൂര്‍ ജില്ലയില്‍ 67 ലക്ഷം രൂപയാണ് സമാഹരിച്ചത്. തൃശൂര്‍ രണ്ടാം സ്ഥാനത്തായിരുന്നു. ആലപ്പുഴയില്‍ അത് 47 ലക്ഷം രൂപയായിരുന്നു. (മലപ്പുറം പൊലീസ് എന്ന അധോലോകം, ഔട്ട് ഓഫ് ഫോക്കസ്, സെപ്റ്റംബര്‍ 9, 2024ല്‍ ഉദ്ധരിച്ചത്, ഒറിജിനല്‍ സോഴ്സ് മാതൃഭൂമി ഇംഗ്ലീഷ് ഓണ്‍ലൈന്‍, 2021 ജൂലൈ).
ചെറിയ കേസുകളില്‍പ്പോലും വാഹനങ്ങള്‍ പിടിച്ചെടുത്ത് ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാണ് വാഹന സ്‌ക്രാപ്പ് വില്‍പ്പനയില്‍ മലപ്പുറം റെക്കോര്‍ഡ് ലാഭമുണ്ടാക്കിയത്. നിയമവിരുദ്ധമായും നിയമങ്ങള്‍ അതിവായന നടത്തിയുമാണ് പൊലിസ് ഇത് സാധിക്കുന്നത്. കാളികാവിലെ സിപിഐഎം ലോക്കല്‍ സെക്രട്ടറി സക്കരിയയുടെ സഖാവ് ലോറിയുടെ കഥ ഇക്കാര്യം വിശദീകരിക്കും: സക്കരിയക്ക് സ്വന്തമായി ഒരു ലോറിയുണ്ട്. ചുവന്ന ബോഡിയുള്ള ലോറിക്ക് നല്ലൊരു പേരുമുണ്ട്; സഖാവ്. ലൈഫ് പദ്ധതി പ്രകാരം വയ്ക്കുന്ന ഒരു വീടിന്റെ തറയില്‍ മണ്ണടിക്കാന്‍ ഒരിക്കല്‍ അദ്ദേഹം തന്റെ വണ്ടിയുമായി പോയി. മണ്ണടിക്കേണ്ട സ്ഥലത്തേക്ക് പോകുന്നതിന് മുമ്പ് വണ്ടി തിരിക്കണം. വണ്ടി അവിടെയുള്ള പാടത്ത് വെച്ചാണ് തിരിക്കേണ്ടത്. വണ്ടിയുടെ പുറകുഭാഗം പാടത്തെത്തിയപ്പോള്‍ പൊടുന്നനെ പൊലീസ് പ്രത്യക്ഷപ്പെട്ടു. പാടത്ത് മണ്ണടിക്കുകയാണെന്ന് ആരോപിച്ച് വണ്ടി പിടിച്ചെടുത്തു. വീടിന്റെ തറയില്‍ മണ്ണടിക്കാനെത്തിയതാണെന്ന് പറഞ്ഞെങ്കിലും zപാലിസ് സമ്മതിച്ചില്ല. പതിനഞ്ച് ലക്ഷം രൂപ അടച്ചാലേ വണ്ടി വിട്ടുകൊടുക്കുകയുള്ളൂ എന്ന് പറഞ്ഞു. സക്കരിയ ഹൈകോടതിയെ സമീപിച്ചു. കേസും കൂട്ടവുമായി നടക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ ഇഎംഐ മുടങ്ങി. ഇത്തരം നീക്കങ്ങളിലൂടെയാണ് സുജിത് ദാസും കൂട്ടാളികളും പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ എണ്ണം കൂട്ടിയത്.
പേര് മാത്രംമതി വാര്‍ത്തയാകാന്‍:
2022 ഒക്ടോബര്‍ 24ന് മേലാറ്റൂര്‍ മണിയാണീരിക്കടവ് പാലത്തിനു സമീപം വാഹന പരിശോധനയക്ക്ടയില്‍ മലപ്പുറം കരിഞ്ചാപ്പാടി സ്വദേശികളായ കരുവള്ളി ഷഫീഖ്, കരുവള്ളി മുബഷിര്‍, ഒളകര നിഷാദ്, മച്ചിങ്ങല്‍ ഉബൈദുല്ല എന്നിവരെ പൊലിസ് പിടികൂടിയത്. അവരുടെ കാറിലെ സുഗന്ധവസ്തു എഡിഎംഎയാണെന്നായിരുന്നു പൊലിസിന്റെ ശാഠ്യം. നാല് പേരെയും രഹസ്യഭാഗങ്ങളില്‍ മുളകരച്ചു തേക്കുക കൂടി ചെയ്തിട്ടും അവര്‍ തെറ്റായ മൊഴി നല്‍കാന്‍ തയ്യാറായില്ല. അവരുടെ മാതാവിനെ ലൈംഗീകമായി പീഡിപ്പിക്കുമെന്നു പോലും പൊലിസ് ഭീഷണി മുഴക്കി. നിങ്ങളുടെ പേരുകള്‍ മാത്രം മതി വലിയ വാര്‍ത്തയാകാനെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അവരെ ഭീഷണിപ്പെടുത്തിയത്ര. പിന്നീട് ലാബ് പരിശോധയില്‍ പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് ബോധ്യപ്പെട്ടു. ഒരു തെറ്റും ചെയ്യാതെ ഇവര്‍ 88 ദിവസമാണ് ജയിലില്‍ കിടന്നത്. മയക്കുമരുന്നു കേസില്‍ കുടുക്കി ടാര്‍ഗറ്റ് തികക്കുകയാണ് പൊലിസിന്റെ ലക്ഷ്യമെന്നാണ് യുവാക്കള്‍ പറയുന്നത്. പ്രതിചേര്‍ക്കപ്പെട്ടവരിലൊരാള്‍ വിദേശത്ത് പോകാന്‍ നില്‍ക്കുന്നതിനിടയിലാണ് പിടിക്കപ്പെട്ടത്. അദ്ദേഹത്തി്ന് തന്റെ ജോലി നഷ്ടപ്പെട്ടു. കെഎസ്ഇബി കരാര്‍ ജീവനക്കാരനായ മറ്റൊരാളുടെ ജോലിയും അവതാളത്തിലായി (ഹാഫിസ് മുഹമ്മദ്, എഫ്ബി, സെപ്റ്റംബര്‍ 8, 2024) അതിലൊരാളായ കുറുവ കരിഞ്ചാപാടി സ്വദേശി കരുവള്ളി ഷഫീഖ് പിന്നീടു ഹൃദായാഘാതം വന്നു മരിച്ചു (9 ഒക്ടോബര്‍ 2024, മീഡിയവണ്‍)
എടവണ്ണയിലെ റിദാന്‍ ബാസില്‍വധം:
എടവണ്ണ ചെമ്പക്കുത്തിലെ അറയിലകത്ത് റിദാന്‍ ബാസില്‍ 2023 ഏപ്രില്‍ 22ന് വെടിയേറ്റ് മരിച്ചു. പ്രതികളായ മുഹമ്മദ് ഷാനെയും സഹോദരന്‍ മുഹമ്മദ് നിസാമിനെയും ജോലിയില്‍നിന്ന് പുറത്താക്കാന്‍ കാരണം റിദാനാണെന്ന വൈരാഗ്യത്തില്‍ വെടിവച്ചുകൊന്നുവെന്നാണ് പൊലീസ് കേസ്. ശേഷം റിദാന്റെ മൊബൈല്‍ ഫോണ്‍ ചാലിയാര്‍ പുഴയില്‍ ഉപേക്ഷിച്ചു. ഒരു വര്‍ഷം മുമ്പ് തുടങ്ങിയ വ്യക്തവൈരാഗ്യം കൊലക്ക് കാരണമായതായി പ്രതി സമ്മതിച്ചതായും പറയുന്നു. എന്നാല്‍, കൊല്ലപ്പെട്ട റിദാന്റെ ഭാര്യക്ക് പ്രതിയുമായി രഹസ്യബന്ധമുണ്ടെന്ന മട്ടിലുള്ള കഥ പൊലീസ് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതോടെ ഇക്കാര്യത്തില്‍ കുടുംബത്തിന് സംശയം തുടങ്ങി. ഈ കഥ സമ്മതിച്ചില്ലെങ്കില്‍ കൂട്ടുപ്രതിയാക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തി.
സുജിത് ദാസാണ് അന്വേഷണം ഏകോപിപ്പിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പട്ട വിവരങ്ങള്‍ കൈവശമുണ്ടായിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്‍വര്‍ ഉന്നയിക്കുന്നത്: കേസിന്റെ വിചാരണ എടവണ്ണ പൊലീസ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരിക്കുകയാണ്. കോടതി അനുവദിച്ചിട്ടുണ്ട്. പൊലിസിന്റെ തലപ്പത്തുള്ള ചില ആരോപണവിധേയര്‍ക്ക് കരിപ്പൂരിലെ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യക്തമാകുന്ന തെളിവുകള്‍ റിദാന്റെ ഫോണിലുണ്ടായിരുന്നു. അത് നശിപ്പിക്കാനാണ് റിദാനെ കൊലപ്പെടുത്തിയത്. അതുകൊണ്ടാണ് ഫോണ്‍ കാണാതായത്. അതുകൊണ്ടാണ് കേസിന്റെ ദുരൂഹത മാറാത്തത്. അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നു (പൊലീസിനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി പി.വി അന്‍വര്‍: 'എടവണ്ണ റിദാന്‍ കൊലക്കേസ് അട്ടമറിക്കുന്നുവെന്ന് ഇന്നത്തോടെ വ്യക്തമായി, മാധ്യമം, സെപ്റ്റംബര്‍ 25, 2024)
ഭാഗം അഞ്ച്:
പോലീസ് നയം: സിപിഎം വിശദീകരണം:
ഇടതുപക്ഷ സര്‍ക്കാരുകളുടെ പൊലീസ് നയത്തെക്കുറിച്ച് സിപിഎം പ്രവര്‍ത്തകന്‍ പുത്തലത്ത് ദിനേശന്‍ ദേശാഭിമാനിയില്‍ ഒരു ലേഖനം എഴുതി. ഇടതുപക്ഷ സര്‍ക്കാരുകളുടെ പൊലീസ് നയം (ദേശാഭിമാനി, സെപ്റ്റംബര്‍ 17, 2024) എന്ന പേരില്‍. 1957ലെ പൊലീസ് നയത്തിന്റെ രത്നച്ചുരുക്കം വിശദീകരിച്ചുകൊണ്ട് അന്‍വര്‍ ഉയര്‍ത്തിയ പരാതികളെ പരിശോധിക്കുന്ന ലേഖനം പക്ഷേ, അന്‍വര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്നതായിരുന്നു. പൊലീസില്‍ അത്തരം ശക്തികളുണ്ടെന്ന കാര്യവും അംഗീകരിച്ചു. അവര്‍ക്കെതിരെ അന്വേഷണം നടത്തുകയാണ് പാര്‍ട്ടി നയമെന്നും പറഞ്ഞുവച്ചു. ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ, ഇക്കാര്യത്തില്‍ ഒരു അവ്യക്തതയും പാര്‍ട്ടിക്കോ സര്‍ക്കാരിനോ ഇല്ല. നവമാധ്യമ ചര്‍ച്ചകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയം അവര്‍ സ്വയം തീരുമാനിക്കുകയും അതിനനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിക്കുകയുമാണ് ചെയ്യുന്നതെന്നും ഇത് പാര്‍ട്ടിയെ സംരക്ഷിക്കുന്നതിനല്ല, മറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും കുറ്റപ്പെടുത്തി.
മുസ്ലിം പ്രാതിനിധ്യവും ന്യൂനപക്ഷ അവകാശവും:
ഒരു ജനവിഭാഗത്തിന് പൊലീസ് ഫോഴ്സിലുള്ള അംഗബലം അവരോടുള്ള പൊലീസിന്റെ പെരുമാറ്റത്തെ സ്വാധീനിക്കുമെന്ന് പൊതുവെ പറയാം. കീഴാള വിഭാഗങ്ങളുടെ കാര്യത്തിലാണെങ്കില്‍ ഇത് കുറേ കൂടി ശരിയാണ്. അതുകൊണ്ടാണ് പൊലീസിലും പൊതുവെ ഭരണരംഗത്തും ആവശ്യമായ പ്രാതിനിധ്യത്തിനുവേണ്ടി കീഴാളര്‍ ശ്രമിക്കുന്നത്. 2010ലെ ഒരു കണക്കുവച്ച് കേരളത്തിലെ പൊലീസ് സേനയിലെ മുസ്‌ലിംകളുടെ അനുപാതം കേരളത്തില്‍ 40,550 പൊലീസുകാരില്‍ 5,866 പേരാണ് മുസ്‌ലിം സമുദായത്തില്‍നിന്നുള്ളത്. പട്ടിക ജാതിക്കും താഴെയാണ് ഇത്. പൊലീസ് സേനയിലെ പട്ടിക ജാതിക്കാരുടെ ആകെ എണ്ണം 6,637 ആണ്. മുസ്‌ലിംകളുടെ എണ്ണം 26 ശതമാനമെന്ന് കണക്കാക്കിയാല്‍ ശരാശരി പതിനായിരത്തോളം പേര്‍ പൊലീസിലുണ്ടാവേണ്ടതാണ്. (സിജെപി, ജനുവരി 24, 2023). കണക്കനുസരിച്ച് അത്രത്തോളം പൊലിസുകാര്‍ നമ്മുടെ സേനയിലില്ലെന്ന് സത്യമാണ്. ഇത് കേരളത്തിലെ കാര്യം മാത്രമല്ല, അഖിലേന്ത്യാ തലത്തിലും ഇതുതന്നെയാണ് അവസ്ഥ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ പൊലീസ് സേനയിലുള്ളത് കശ്മീരിലാണ്. ആ സംസ്ഥാനത്തെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ പൊലിസ് സേനയിലെ ആകെ മുസ്ലിംകള്‍ വെറും 3 മുതല്‍ 4 ശതമാനം വരെയാണ് (സിജെപി , ജനുവരി 24, 2023. ഇവ്വിഷയകമായി സച്ചാര്‍ കമീഷന്‍ നടത്തിയ റെകമന്‍ഡേഷന്‍ പ്രകാരം പൊലീസിനു ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അറിയാനും ഉള്ള പ്രത്യേക ട്രെയിനിംഗ് അടക്കം നിര്‍ദേശിച്ചിരുന്നു.
മുസ്ലിംകളെ ഒരു റിസ്‌ക് വിഭാഗമായിക്കാണുന്നുവെന്നതാണ് സുരക്ഷാ വ്യവഹാരങ്ങളിലൂടെ സംഭവിക്കുന്നത്. ഇസ്ലാമോഫോബിയയുടെ പ്രധാനപ്പെട്ട ഒരു രൂപമാണത്. മഹാരാഷ്ട്രയില്‍ 22 വര്‍ഷം ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അബ്ദുറഹ്മാന്‍ എഴുതിയ Absent in Politics and Power: Political Exclusion of Indian Muslims ( 2024 ) പൊലീസും ന്യൂനപക്ഷങ്ങളും തമ്മിലുള്ള ബന്ധം വികസന (ഡെവലപ്‌മെന്റ് ) കാഴ്ചപ്പാടുള്ളതായിയിരിക്കണമെന്നു പറയുന്നു. ന്യൂനപക്ഷങ്ങളെ ഒരു സുരക്ഷാ (സെക്യൂരിറ്റി) വ്യവഹാരമായിക്കാണുന്ന സമീപനം തിരുത്തണമെന്ന നിര്‍ദേശവുമുണ്ട്. സുരക്ഷാ വ്യവഹാരം പൊലീസിംഗില്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ പരിഹരിക്കാന്‍ വിശാലമായ ഒരു വികസനോന്‍മുഖ ന്യൂനപക്ഷ അവകാശ രാഷ്ട്രീയ സമീപനം ഉരിത്തിരിഞ്ഞു വരേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
(റിസര്‍ച്ച് കലക്റ്റീവ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റിദ ഫാത്തിമ, റെന്‍സന്‍ വി.എം, മുഹമ്മദ് മുസ്തഫ, നിഹാല്‍ എ, അസീം ഷാന്‍, സഈദ് റഹ്മാന്‍, ബാസില്‍ ഇസ്‌ലാം, കമാല്‍ വേങ്ങര, അബ്ദുല്‍ ബാസിത്)