ഇസ്ലാമോഫോബിയ കാലത്തെ രാഷ്ട്രീയ നോമ്പ്
|മതം നോക്കി പൗരത്വം നല്കുന്ന, പൗരത്വം നിഷേധിക്കുന്ന അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധമായ ഒരു ആശയത്തെ നിയമമായി കൊണ്ടുവന്ന് ഇംപ്ലിമെന്റ് ചെയ്യുന്ന സന്ദര്‍ഭത്തിലൂടെയാണ് ഇന്ത്യന്‍ ജനത കടന്നുപോകുന്നത്. ഈ സന്ദര്‍ഭത്തില്‍ വെറുപ്പ് ഉല്പാദിപ്പിച്ചു മുന്നോട്ടുപോകുന്ന ഹിന്ദുത്വ ഭീകരതക്കെതിരെ ഇരകളാക്കപ്പെടുന്ന ജനസമൂഹത്തോട് ഐക്യപ്പെടുക എന്നത് ഉയര്‍ന്ന സംസ്കാരിക ബോധത്തിന്റെ അടയാളമാണ്.
ഇന്ത്യയില്‍ ഇസ്ലാമോഫോബിയയുടെ വേരു കിടക്കുന്നത് ബ്രാഹ്മണ്യ വ്യവസ്ഥയിലാണ്. പൊതുവര്‍ഷം പന്ത്രണ്ട് പതിമൂന്ന് നൂറ്റാണ്ടുകളിലായി എഴുതപ്പെടുന്ന ജയാനകന്റെ പൃത്ഥ്വിരാജവിജയവും ഗംഗാദേവിയുടെ മധുരാ വിജയവും മുസ്ലിംകളെ രാക്ഷസരായാണ് ചിത്രീകരിക്കുന്നത്. നയചന്ദ്ര സൂരിയുടെ രംഭാ മഞ്ചരിയില്‍ ജൈത്രരഥന് എന്ന രാജാവിനെ മുസ്ലിംകളെ നശിപ്പിക്കുന്നവനായി ചിത്രീകരിക്കുന്നതും യാദൃച്ഛികമല്ല. പൃത്ഥ്വിരാജ്നെയും കമ്പനെയും രാമനായി ചിത്രീകരിക്കുന്ന ജയാനകനും ഗംഗാദേവിയും രാമനാല്‍ നശിപ്പിക്കപ്പെടുന്ന രാക്ഷസരായിട്ടാണ് മുസ്ലിംകളെ അവതരിപ്പിക്കുന്നത്. എ.ആര് രാജരാജ വര്‍മയുടെ ആംഗല സാമ്രാജ്യത്തില്‍ മുസ്ലിംകള് പ്രവേശിച്ചതിലൂടെ കേരള മണ്ണ് അശുദ്ധമായതായി വര്‍ണിക്കുന്നു. ഇതേ കൃതിയില്‍ ടിപ്പുവിനെ രാവണനായും ബ്രിട്ടീഷുകാരെ രാമനായും എ.ആര് അവതരിപ്പിക്കുന്നു.
പൊതുവെ വാദിക്കപ്പെടാറുള്ളതു പോലെ കൊളോണിയല്‍ ശക്തികളുടെ ആദ്യ സൃഷ്ടിയല്ല മുസ്ലിം ഭീതി. മറിച്ച് ഇന്ത്യന്‍ ബ്രാഹ്മണ്യ മൂല്യ വ്യവസ്ഥയില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്ന ഒന്നാണത്. ഇതിനെ മറികടക്കുന്നതിലൂടെ മാത്രമേ ഇന്ത്യക്ക് ഒരു ജനാധിപത്യ രാഷ്ട്രമായി നിലനില്ക്കാന് കഴിയൂ. (ടി.എസ് ശ്യാംകുമാര്‍) ഹിന്ദുത്വയുടെ വംശഹത്യ പ്രത്യയശാസ്ത്രത്തിനെതിരെ അതിജീവനത്തിനായി പോരാടുന്ന ഇന്ത്യയിലെ മുസ്ലിം ജനതയ്ക്കൊപ്പം ഐക്യപ്പെട്ടുകൊണ്ട് ഇന്ന് ഞാനുമെന്റെ അമുസ്ലിംകളായ നിരവധി സുഹൃത്തുക്കളും രാഷ്ട്രീയ നോമ്പനുഷ്ഠിക്കുന്നു,'' (മുസ്ലിം സമുദായത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നോമ്പ് നോറ്റവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്)
ജര്‍മനിയുടെ ചാന്‍സിലര്‍ ആയിരുന്ന ഹിറ്റ്ലര്‍ നൂറംബര്‍ഗ് നിയമങ്ങള്‍ നിര്‍മിച്ച് ജൂത സമൂഹത്തെ ഉന്മൂലനം ചെയ്തത് നമ്മുടെ മുന്നില്‍ നിലനില്‍ക്കുന്ന ചരിത്ര യാഥാര്‍ഥ്യമാണ്. അത്തരത്തില്‍ മറ്റൊരു ഹിറ്റ്ലര്‍ ഇന്ത്യയില്‍ പുനര്‍ ജനിച്ചിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തിന്റെ മുന്നില്‍ നിന്നു നോക്കുമ്പോള്‍ മുസ്ലിം സമൂഹത്തോട് ഐക്യപ്പെട്ടുകൊണ്ട് നടത്തുന്ന ഏത് ചെറിയ പ്രവര്‍ത്തനവും അങ്ങേയറ്റത്തെ ഉയര്‍ന്ന രാഷ്ട്രീയ പ്രതിരോധമായി തീരും.
അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കുന്ന മാര്‍ച്ച് 15ന് കേരളത്തിലെ ഏതാനും ആക്ടീവ്സ്റ്റുകള് വിശുദ്ധ റമദാന് മാസത്തിലെ നോമ്പ് അനുഷ്ടിച്ച് മുസ്ലിം സമൂഹത്തോട് ഐക്യദാര്‍ഢ്യപ്പെട്ടത് മഹത്തരമായ സംസ്കാരിക പ്രവര്‍ത്തനമായി ചരിത്രം രേഖപ്പെടുത്തും. മുസ്ലിമും മുസ്ലിമിന്റെ ജീവിതവും ഇസ്ലാമോഫോബുകളാല് പൈശാചികവത്കരിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ ഇത്തരത്തില്‍ മുസ്ലിം സമൂഹത്തോട് ഐക്യപ്പെടുവാന്‍ മുന്നോട്ടുവന്ന സംസ്കാരിക പ്രവര്‍ത്തകരെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.
അങ്ങേയറ്റത്തെ വെറുപ്പ് ഉല്പാദിപ്പിച്ചു മുന്നോട്ടുപോകുന്ന ഹിന്ദുത്വ ഭീകരതക്കെതിരെ ഇരകളാക്കപ്പെടുന്ന ജനസമൂഹത്തോട് ഐക്യപ്പെടുക എന്നത് ഉയര്‍ന്ന സംസ്കാരിക ബോധത്തിന്റെ അടയാളമാണ്. മതം നോക്കി പൗരത്വം നല്കുന്ന അല്ലെങ്കില്‍ പൗരത്വം നിഷേധിക്കുന്ന അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധമായ ഒരു ആശയത്തെ നിയമമായി കൊണ്ടുവന്ന് ഇംപ്ലിമെന്റ് ചെയ്യുന്ന സന്ദര്‍ഭത്തിലൂടെയാണ് ഇന്ത്യന്‍ ജനത കടന്നുപോകുന്നത്. ആധുനിക ദേശരാഷ്ട്ര സങ്കല്പത്തില് മതം നോക്കി പൗരത്വം നല്‍കുന്നത് ഇതുവരെ ഒരു രാജ്യവും നടപ്പാക്കാത്തതാണ്. എന്നാല്‍, ഇത്തരത്തില്‍ നിയമങ്ങള്‍ ആവിഷ്കരിക്കാന്‍ ഹിന്ദുത്വ ഭീകരത മുന്നോട്ടുവന്നത് മുസ്ലിം എന്ന അപരനെ പുറത്താക്കാന്‍ തന്നെയാണ്.
ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സുദേഷ് എം. രഘുവിന്റെ വീട്ടില്‍ നോമ്പുതുറക്കായി ഒത്തുചേര്‍ന്നവര്‍.
ഗോള്‍വാള്‍ക്കാരുടെ വിചാരധാരയിലെ പ്രഥമ ശത്രുവിനെ നിഷ്കാസനം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഇത്രയും കിരാതമായ മനുഷ്യത്വ വിരുദ്ധ നിയമങ്ങള്‍ ചുട്ടെടുക്കുന്നത്. ഇത്തരത്തില്‍ ഒട്ടും നീതീകരിക്കാന്‍ കഴിയാത്ത നിയമങ്ങള്‍ നടപ്പാക്കിയതിന്റെ വല്ല ഉദാഹരണവും ചരിത്രത്തില്‍ കാണാന്‍ സാധിക്കുമെങ്കില്‍ അത് ഹിറ്റ്ലറുടെ ജര്‍മനിയിലാണ്. ജര്‍മനിയുടെ ചാന്‍സിലര്‍ ആയിരുന്ന ഹിറ്റ്ലര്‍ നൂറംബര്‍ഗ് നിയമങ്ങള്‍ നിര്‍മിച്ച് ജൂത സമൂഹത്തെ ഉന്മൂലനം ചെയ്തത് നമ്മുടെ മുന്നില്‍ നിലനില്‍ക്കുന്ന ചരിത്ര യാഥാര്‍ഥ്യമാണ്. അത്തരത്തില്‍ മറ്റൊരു ഹിറ്റ്ലര്‍ ഇന്ത്യയില്‍ പുനര്‍ ജനിച്ചിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തിന്റെ മുന്നില്‍ നിന്നു നോക്കുമ്പോള്‍ മുസ്ലിം സമൂഹത്തോട് ഐക്യപ്പെട്ടുകൊണ്ട് നടത്തുന്ന ഏത് ചെറിയ പ്രവര്‍ത്തനവും അങ്ങേയറ്റത്തെ ഉയര്‍ന്ന രാഷ്ട്രീയ പ്രതിരോധമായി തീരും. ദലിത് ബഹുജന സമൂഹത്തില്‍ നിന്നുള്ള ഈ ഐക്യപ്പെടല്‍ മനുവാദ രാഷ്ട്രീയത്തിന്റെ വക്താക്കളായ ഹിന്ദുത്വ ഭരണകൂടത്തിനെതിരെയുള്ള ഉജ്ജ്വലമായ രാഷ്ട്രീയ മുന്നേറ്റമാണ്. പഴുത്തു നാറിയ ജാതീയതയുടെ ഇരകളായ ദലിത് ബഹുജന സമൂഹത്തിന്റെ ഐക്യപ്പെടല്‍ പുതിയ സഹോദര്യ രാഷ്ട്രീയത്തിന് ഊര്‍ജ്ജം നല്‍കും എന്ന് വിശ്വസിക്കുന്നു. ഒരു വശത്ത് ഹിന്ദുത്വ ഭരണകൂടം മുസ്ലിം സ്വത്വത്തിന്റെ പൗരന് എന്ന പദവിയെ തന്നെ നിഷേധിക്കുന്ന നിയമ നിര്‍മാണവുമായി മുന്നോട്ട് പോവുമ്പോള്‍ ഇസ്ലാമോഫോബുകളായ മറ്റൊരു കൂട്ടര് മുസ്ലിം ആരാധനകളെ പൈശാചികവത്കരിക്കുന്ന പണിയിലാണ്.
ശ്രീനാരായണഗുരുവിന്റെ പന്തിഭോജനത്തിനുശേഷം കേരളീയ നവോത്ഥാനം ജാതിയെ വലിച്ചെറിഞ്ഞു മുന്നോട്ടു വന്നെങ്കിലും ഇപ്പോഴും മായ്ച്ചു കളയാന്‍ കഴിയാത്തവിധം ഉള്ളില്‍ അള്ളിപിടിച്ചു നില്ക്കുന്ന ജാതി ബോധം നമ്മുടെ ജീവിത പരിസരങ്ങളില്‍ കാണാവുന്നതാണ്. ഇവിടെ മുസ്ലിം എന്ന പുതിയ അപര ജാതി പുനര്‍ജനിക്കുകയും ഈ അപര ജാതിയെ മാറ്റിനിര്‍ത്തേണ്ടതാണ് എന്നുള്ള സംഘ്പരിവാറിന്റെയും ഇസ്ലാമോഫോബുകളുടെയും പ്രചാരണത്തിന് കനം വച്ച് തുടങ്ങുകയും ചെയ്യുന്ന ഒരു സന്ദര്‍ഭത്തില്‍ രാഷ്ട്രീയ നോമ്പിന് ഏറെ പ്രസക്തിയുണ്ട്.
റമദാന് മാസത്തിലെ നോമ്പിനെ ഡീമൊണൈസ് ചെയ്യുന്നതിന്റെ ഭാഗമായി മുസ്ലിം സ്ത്രീകള്‍ നോമ്പു മാസത്തില്‍ അടുക്കളയില്‍ നരകിക്കുകയാണ് എന്ന ഇല്ലാ കഥ ചിലയാളുകള്‍ പ്രചരിപ്പിച്ചിരുന്നു. നോമ്പ് എന്ന മഹത്തായ ആത്മീയവും സാമൂഹികവുമായ ഒരു ആരാധനയെ നേരിട്ട് അക്രമിക്കാന്‍ കഴിയില്ല എന്ന് വരുമ്പോള്‍ സ്ത്രീകളുടെ പ്രയാസങ്ങളെ ഉയര്‍ത്തിക്കാട്ടി സ്ത്രീ വിമോചനത്തിന്റെ ബാനറില്‍ നോമ്പിനെ പൈശാചികവത്കരിക്കുന്നു. പിന്നെ മലപ്പുറത്ത് പകല്‍ സമയങ്ങളില്‍ ഭക്ഷണം ലഭിക്കാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ് എന്ന സ്ഥിരം ക്ലീഷേ കഥകള്‍ പടച്ച് വിടുന്നതും കാണാം. ഇത്തരത്തില്‍ മുസ്ലിമും മുസ്ലിമിന്റെ ആരാധനകളും ഭീകരമായി ചിത്രീകരിക്കുന്ന ഒരു സന്ദര്‍ഭത്തില്‍ നോമ്പ് നോറ്റ് പ്രതിരോധം തീര്‍ത്ത ആക്ടിവിസ്റ്റുകളെ കേരളിയ സമൂഹം സര്‍വ്വാത്മനാ സ്വാഗതം ചെയ്യണം.
ശ്രീനാരായണഗുരുവിന്റെ പന്തിഭോജനത്തിനുശേഷം കേരളീയ നവോത്ഥാനം ജാതിയെ വലിച്ചെറിഞ്ഞു മുന്നോട്ടു വന്നെങ്കിലും ഇപ്പോഴും മായ്ച്ചു കളയാന്‍ കഴിയാത്തവിധം ഉള്ളില്‍ അള്ളിപിടിച്ചു നില്ക്കുന്ന ജാതി ബോധം നമ്മുടെ ജീവിത പരിസരങ്ങളില്‍ കാണാവുന്നതാണ്. ഇവിടെ മുസ്ലിം എന്ന പുതിയ അപര ജാതി പുനര്‍ജനിക്കുകയും ഈ അപര ജാതിയെ മാറ്റിനിര്‍ത്തേണ്ടതാണ് എന്നുള്ള സംഘ്പരിവാറിന്റെയും ഇസ്ലാമോഫോബുകളുടെയും പ്രചാരണത്തിന് കനം വച്ച് തുടങ്ങുകയും ചെയ്യുന്ന ഒരു സന്ദര്‍ഭത്തില്‍ രാഷ്ട്രീയ നോമ്പിന് ഏറെ പ്രസക്തിയുണ്ട്. പൗരത്വം നിയമം പൊടി തട്ടിയെടുത്ത് പുനരവതരിച്ച പശ്ചാത്തലത്തില്‍ ഇരകളാക്കപ്പെടുന്ന സമൂഹത്തോട് ഐക്യപ്പെട്ടുകൊണ്ട് ചെയ്യാന്‍ കഴിയുന്ന ഉജ്ജ്വലമായ ആവിഷ്കാരമാണ് രാഷ്ട്രീയ നോമ്പ്. അപരന് ശത്രുവല്ലെന്നും അപരന്റെ ജീവിതം എന്റെയും ജീവിതമാണെന്ന് വിളിച്ചു പറയുന്നതാണ് ഇവര്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം.
ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിത് പ്രാണ പ്രതിഷ്ട നടത്തുന്നത് ഭരണകൂടത്തിന്റെ ഔദ്യോഗിക സംവിധാനമാണ് എന്ന് നാം മനസ്സിലാക്കുന്നു. എന്നാല്‍, ചരിത്രത്തില്‍ മറ്റൊരു പ്രതിഷ്ട നടന്നത് ഇങ്ങ് കേരളത്തിലാണ്. അത് അരുവിപ്പുറത്തെ ശിവ പ്രതിഷ്ഠയാണ്. പൗരോഹിത്യ അധികാരത്തിനെതിരായ പുതിയ അധികാരാരോഹണവും ജാതി വിവേചനത്തിനെതിരായ നവോത്ഥാന ചരിത്രത്തിലെ ഉജ്വല മുന്നേറ്റവുമായിരുന്നു അത്. ഒന്ന് വംശീയ വാദത്തെ അരക്കിട്ടുറപ്പിക്കുന്ന പ്രതിഷ്ടയും മറ്റൊന്ന് ജാതീയതയെ പൗരോഹിത്യത്തെ തൂത്തെറിയുന്നതിനുള്ള പ്രതിഷ്ടയും. ജാതീയമായ ഉച്ച നീചത്വങ്ങളില്‍ നിന്ന് രക്ഷ തേടി ബുദ്ധമതം സ്വീകരിച്ച അംബേദ്കറും അനുയായികളും മനുഷ്യ വിമോചനത്തിന്റെ മറ്റൊരു വഴിയാണ് വെട്ടി തെളിച്ചത്. ഇത്തരത്തില്‍ അംബേദ്കറിന്റെയും ശ്രീ നാരായണ ഗുരുവിന്റെയും നവോത്ഥാന ഇടപെടലുകളെ സ്വാംശീകരിച്ച ദലിത് ബഹുജന്‍ ആക്ടിവിസ്റ്റുകള്‍ നടത്തിയ മഹത്തായ ഇടപെടല്‍ വലിയ അര്‍ഥത്തിലുള്ള ചേര്‍ത്ത് പിടിക്കലിന്റെ രാഷ്ട്രീയത്തെയാണ് മുന്നോട്ട് വെച്ചത് എന്ന് കാണാന്‍ കഴിയും.
മുസ്ലിം വിരുദ്ധത പൊതുബോധമായി വികസിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള ഐക്യപ്പെടലുകള്‍ സാഹോദര്യ രാഷ്ട്രീയത്തിന്റെ പുതിയ വാതിലുകള്‍ തുറക്കുക തന്നെ ചെയ്യും. പൊതു ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ ആവാത്ത ഒരു സമരായുധമാണ് ഉപവാസം എന്നിരിക്കെ ഒരു സമുദായത്തിന്റെ ആരാധന തന്നെ ഉപവാസമായതുകൊണ്ട് അതിനോട് ഐക്യപ്പെടല്‍ ഇരട്ട രാഷ്ട്രീയ ദൗത്യമാണ് നിര്‍വഹിക്കുന്നത്.