ഗോത്രഭ്രഷ്ടന്‍; പി.വി അന്‍വറിന്റെ രാഷ്ട്രീയ ഖനനം 'അതിരുകടക്കുമ്പോള്‍'
|അന്‍വറിന്റെ പോരാട്ടം സി.പി.എമ്മിന് പുറത്തേക്ക് കടക്കുമ്പോള്‍ അതിന്റെ ശക്തി കുറയുകയാണ്. പാര്‍ട്ടിക്ക് പുറത്തെ അന്‍വര്‍ കൂടുതല്‍ ദുര്‍ബലനാകും. അത് ലക്ഷ്യമില്ലാതെ അലയുകയും ഉത്തരമില്ലാതെ അവസാനിക്കുകയും ചെയ്യും.
കേരളത്തിലെ സിപിഎമ്മും അവര്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫും സമാനതകളില്ലാത്തൊരു പ്രതിസന്ധിക്കാലത്താണ്. സിപിഎമ്മിനെപ്പോലൊരു പാര്‍ട്ടിക്ക് പ്രതിസന്ധികള്‍ പുത്തരിയൊന്നുമല്ല. എന്നാലിവിടെ പ്രതിസന്ധിയുടെ സ്വഭാവമാണ് വ്യത്യസ്തമായിരിക്കുന്നത്. സ്വന്തം ആലയില്‍നിന്നുള്ള ഒരു അപ്രസക്തന്‍ തങ്ങളെ ഈവിധം ചുറ്റിക്കുമെന്ന് ഇടത് കണിയാന്മാര്‍ ഒരിക്കലും കരുതിയിരുന്നില്ല. തെല്ല് തമാശയില്‍ തുടങ്ങിയ പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗോത്രത്തെ ഒന്നാകെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. ഗോത്രത്തലവന് പിന്നാലെ ഒറ്റക്കെട്ടായി നേതാക്കളെല്ലാം രംഗത്തിറങ്ങിയത് അതുകൊണ്ടാണ്. അന്‍വറിന്റെ പോരാട്ടം ജയസാധ്യത കുറഞ്ഞ ഒന്നായി പരിണമിക്കുകയാണ്. അല്ലെങ്കിലും ചാവേറുകള്‍ ജയിച്ച ചരിത്രമില്ല, ചോരവാര്‍ന്ന് മരിക്കാനാണ് അവരുടെ വിധി.
അന്‍വറിന്റെ ഖനനങ്ങള്‍
കേരളീയ പൊതുബോധത്തില്‍ പി.വി അന്‍വര്‍ എന്ന പേരിന് അത്രനല്ല വിലാസമല്ല ഉള്ളത്. അന്‍വറിന്റെ കച്ചവടത്തിനും രാഷ്ട്രീയത്തിനും എന്നും വിവാദങ്ങളുടെ അകമ്പടിയുണ്ടായിരുന്നു. വാമൊഴി വഴക്കങ്ങളുടെ പേരിലും ഇദ്ദേഹം കുപ്രസിദ്ധനാണ്. തനിക്ക് അനഭിമതരായവരെയെല്ലാം അധിക്ഷേപിക്കുന്നതില്‍ നിലമ്പൂര്‍ എംഎല്‍എ ഒരിക്കലും പിശുക്ക് കാട്ടിയിരുന്നില്ല. അതിന് പാര്‍ട്ടിയോ രാഷ്ട്രീയമോ ഒന്നും മാനദണ്ഡമായിരുന്നില്ല.
നല്ലൊരു ഷോമാനാണ് അന്‍വര്‍. ഉശിര്, ആണത്വം, പ്രതികാരം, പരിഹാസം തുടങ്ങിയ ആണധികാര ഗുണങ്ങളാണ് അദ്ദേഹം അണികള്‍ക്കിടയില്‍ പ്രസരിപ്പിച്ചിരുന്നത്. മാസ്, ആക്ഷന്‍ എന്നൊക്കെ പറഞ്ഞ് പ്രചരിപ്പിക്കാന്‍ പറ്റിയ എന്തെങ്കിലും എപ്പോഴും ചുറ്റുമുള്ളവര്‍ക്ക് അദ്ദേഹം നല്‍കിയിരുന്നു. ഇതുതന്നെയാണ് നിലമ്പൂരിനെ രാഷ്ട്രീയ മാറ്റത്തിന് പ്രാപ്തമാക്കാന്‍ അന്‍വറിനെ സഹായിച്ചത്.
ഇടത് ആവാസവ്യവസ്ഥയിലായിരിക്കുകയും അതില്‍നിന്ന് ഭ്രഷ്ടനാവുകയും ചെയ്യുകയെന്നാല്‍ കേരളത്തില്‍ അതത്ര സുഖമുള്ള കാര്യമായിരിക്കില്ല. അന്‍വറിന്റെ നഷ്ടം കേരളത്തിന്റേതുകൂടിയാണ്. അയാള്‍ ഉയര്‍ത്തിയ പ്രസക്തമായ ചോദ്യങ്ങള്‍ കെട്ടുപൊട്ടിയ പട്ടംപോലെ അലയാന്‍ പോവുകയാണ്.
അന്‍വറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലുടെ കടന്നുപോയാല്‍ അതില്‍ നിറയെ പലതരം ശകാരങ്ങളും പരിഹാസങ്ങളും വെല്ലുവിളികളും കാണാനാകും. ഒരു ജനപ്രതിനിധിയുടെ 'മാന്യതയില്‍' അന്‍വര്‍ ഒരിക്കലും സംസാരിച്ചിരുന്നില്ല. എന്നാല്‍, സിപിഎമ്മിന്റെ കാര്യത്തില്‍ അദ്ദേഹം കരുതലുള്ളയാളായിരുന്നു. അന്‍വറിന്റെ ഭ്രമകല്‍പ്പനകളിലെ സൂര്യതേജസ്സ് എന്നും പിണറായി വിജയനായിരുന്നു. തനിക്ക് എത്തേണ്ട ഉയരമായി അദ്ദേഹം ഒരുപക്ഷെ പിണറായി വിജയനെ സങ്കല്‍പ്പിച്ചിരിക്കും. നിലമ്പൂരിന്റെ ഇരട്ടച്ചങ്കനായി തന്റെ മനോരാജ്യങ്ങളില്‍ അദ്ദേഹം വിരാജിച്ചിരിക്കാം. പാര്‍ട്ടിയും മുഖ്യമന്ത്രിയും വിട്ടൊരു കളിയും അന്‍വര്‍ ഇതുവരെ കളിക്കാതിരുന്നതും അതുകൊണ്ടാണ്.
ആഫ്രിക്കയിലെ സ്വര്‍ണ്ണ ഘനനം
ഒരു എംഎല്‍എ ജീവിക്കാനായി ആഫ്രിക്കയില്‍ സ്വര്‍ണ്ണം ഘനനം ചെയ്യുന്നു എന്നത് മലയാളിക്ക് ഏറെ കൗതുകമുള്ള കാര്യമായിരുന്നു, പ്രത്യേകിച്ചും രാഷ്ട്രീയം വലിയ ഖനന സാധ്യതയായി മുന്നിലുള്ളപ്പോള്‍. അന്‍വര്‍ എന്നും അങ്ങിനെയായിരുന്നു. വേറിട്ട വഴികളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. സിയേറലിയോണില്‍ തങ്ങളുടെ അമ്പുക്ക കുഴിച്ചെടുക്കുന്ന സ്വര്‍ണ്ണത്തിന്റെ ശേഖരം അണികളേയും പുളകിതരാക്കിയിരുന്നു. ഒന്നും രണ്ടുമല്ല 20,000 കോടിയുടെ സ്വര്‍ണ്ണമാണ് വരാന്‍ പോകുന്നതെന്ന് അന്‍വര്‍ പറഞ്ഞതും കൗതുകമായി.
തനിക്കെതിരേ 'വ്യാജ' വാര്‍ത്തകള്‍ ചെയ്ത മാധ്യമങ്ങളാണ് ആഫ്രിക്കയിലേക്കുള്ള ചുവടുമാറ്റത്തിന് പ്രേരിപ്പിച്ചതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു. കക്കാടംപൊയിലെ പാര്‍ക്ക് നടത്താന്‍ അനുവദിക്കാതെയും മറ്റ് ബിസിനസുകള്‍ 'പൂട്ടിച്ചും' തന്നെ പൊറുതിമുട്ടിച്ച മാധ്യമങ്ങളോട് അടങ്ങാത്ത കലിയായിരുന്നു കുറേക്കാലം അന്‍വറിന്. നിരന്തരം മാപ്രകളെ ഫള്ള് പറഞ്ഞുള്ള കുറിപ്പുകള്‍ അന്‍വര്‍ സമൂഹമാധ്യമങ്ങളില്‍ ഇടുന്നുണ്ട്. മാപ്രകള്‍ക്ക് എല്‍സിയും ബ്രാഞ്ച് കമ്മിറ്റിയും ഇല്ലാത്തതുകൊണ്ട് അതൊരു പ്രശ്‌നമായില്ല, ആരും അയാളെ തടയാനെത്തിയില്ല.
കലിപ്പ് അടങ്ങുന്നില്ല
നിരന്തര പോരാട്ടമായിരുന്നു അന്‍വറിന് എന്നും ജീവിതം. ചില മനുഷ്യര്‍ അങ്ങിനെയാണ്. പോരാട്ടങ്ങളില്‍ നിന്നാണവര്‍ ഊര്‍ജം കണ്ടെത്തുന്നത്. ചുറ്റും നിരന്തരം പ്രതിസന്ധികള്‍ സൃഷ്ടിച്ചാവും അവര്‍ മുന്നേറുക. പ്രതിസന്ധി ഇല്ലാതായാല്‍ അവര്‍ക്ക് ശ്വാസംമുട്ടുംപോലെ തോന്നും. രക്തത്തിലലിഞ്ഞ ഈ സമരോത്സുകതയാണ് മറ്റൊരുതരത്തില്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അന്‍വര്‍ പറയുന്നതും ചെയ്യുന്നതും ലളിതമായ കാര്യങ്ങളാണ്. ചിന്തിക്കുന്നപോലെതന്നെ പറയുകയും അതുതന്നെ ചെയ്യുകയും ചെയ്യുന്നയാളാണ് അന്‍വര്‍. അതില്‍ ശുദ്ധതയുണ്ടെങ്കിലും അല്‍പ്പം മണ്ടത്തരവുമാണത്. എല്ലാം എല്ലായിടത്തും പറയാനും ചെയ്യാനും കഴിയില്ല എന്നതാണ് പ്രശ്‌നം. അന്‍വറിന് അത് മനസിലാകാന്‍ അധികം താമസംവരികയുമില്ല.
ഗോത്രഭ്രഷ്ടന്‍
കേരളത്തിലെ ഏറ്റവും വലിയ ഗോത്രവര്‍ഗ സംവിധാനമാണ് സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടി. ശക്തവും വിശാലവും ശിക്ഷാബദ്ധവുമാണ് അവരുടെ രീതികള്‍. സൗഭദ്രമെന്ന് തോന്നുന്ന തങ്ങളുടെ ഗോത്രഘടനയില്‍ എന്തെങ്കിലും വിള്ളലുണ്ടായാല്‍, ഏതെങ്കിലും ഒരാള്‍ അതിനെതിരേ ശബ്ദമുയര്‍ത്തിയാല്‍ പ്രതികരിക്കാനുള്ള സംവിധാനം അവര്‍ ഉണ്ടാക്കിയിട്ടുണ്ട്. ആ പ്രതികരണം ഏകവും അക്രമാസക്തവുമായിരിക്കും. അന്‍വര്‍ സ്വയം കല്‍പ്പിച്ചിരുന്ന ലക്ഷ്മണരേഖ ഇപ്പോള്‍ മറികടന്നിരിക്കുകയാണ്. അയാളുടെ പോരാട്ടത്തിന്റെ കാന്‍വാസിലേക്ക് മേല്‍പ്പറഞ്ഞ ഗോത്രവര്‍ഗ സംവിധാനംതന്നെ കടന്നുവന്നിരിക്കുന്നു.
പുറത്തുള്ളവരുടെ വിമര്‍ശനങ്ങളേക്കാള്‍ ഗോത്രങ്ങളെ വിറളിപിടിപ്പിക്കുക ഉള്ളിലെ കലാപങ്ങളാണ്. സാധാരണ ഗതിയില്‍ വധശിക്ഷയില്‍ കുറഞ്ഞതൊന്നും ഇത്തരക്കാര്‍ക്ക് നല്‍കാറില്ല. പാര്‍ട്ടിയോടൊപ്പം ആയിരുന്നപ്പോള്‍ അതിന്റെ ശക്തിയും രണോത്സുകതയും ആവോളം ആസ്വദിച്ചിരുന്നയാളാണ് അന്‍വര്‍. സിപിഎമ്മിലെ ഗോത്രാചാരങ്ങളുടെ സംരക്ഷകനായ മുഖ്യമന്ത്രിയുടെ രീതികള്‍ അന്‍വറിനും അറിയാം. അതുകൊണ്ടുതന്നെ ഇനിവരാന്‍ പോകുന്ന കാര്യങ്ങള്‍ ആര്‍ക്കും പ്രവചിക്കാന്‍ കഴിയുന്നതാണ്.
നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും സൈബര്‍ ഇടങ്ങളിലും ഉള്ള പാര്‍ട്ടി അണികളും നേതാക്കളും അന്‍വറിനെ പഞ്ഞിക്കിടാന്‍ പോവുകയാണ്. സംഘടിത ശക്തിയുടെ കരുത്തും രൗദ്രതയും അയാള്‍ നേരിട്ടറിയും. ഒപ്പം നിന്നവരുടെ ഭാവമാറ്റങ്ങള്‍ അയാളെ അതിശയിപ്പിക്കും. മുസ്‌ലിം പേരുകാരനായതിനാല്‍ അയാള്‍ രാജ്യദ്രോഹിയും തീവ്രവാദിയും ആകും. ഇടത് ആവാസവ്യവസ്ഥയിലായിരിക്കുകയും അതില്‍നിന്ന് ഭ്രഷ്ടനാവുകയും ചെയ്യുകയെന്നാല്‍ കേരളത്തില്‍ അതത്ര സുഖമുള്ള കാര്യമായിരിക്കില്ല. അന്‍വറിന്റെ നഷ്ടം കേരളത്തിന്റേതുകൂടിയാണ്. അയാള്‍ ഉയര്‍ത്തിയ പ്രസക്തമായ ചോദ്യങ്ങള്‍ കെട്ടുപൊട്ടിയ പട്ടംപോലെ അലയാന്‍ പോവുകയാണ്.
ഊറിച്ചിരിക്കുന്ന കഴുകന്മാര്‍
സംഘപരിവാറിന്റെ ഇന്ത്യ പ്രൊജക്ടിലെ രണ്ടറ്റങ്ങളാണ് കേരളവും കശ്മീരും. കശ്മീര്‍ ഇന്ന് വെട്ടിമുറിക്കപ്പെട്ട നിലയിലാണ്. ചോര വാര്‍ന്ന് നില്‍ക്കുന്ന കശ്മീരിന്റെ ഭാവി പ്രവചനാതീതമാണ്. അവിടത്തെ മനുഷ്യരുടെ നിസംഗതയില്‍ മറപിടിച്ചിരിക്കുന്നത് എന്താണെന്നത് വ്യക്തമല്ല. അക്രമിക്കപ്പെട്ടവന്റെ നിശബ്ദത ഭീതിപ്പെടുത്തുന്നതാണ്. കശ്മീര്‍ കഴിഞ്ഞാല്‍ പിന്നെ കേരളമാണ് സംഘ്പരിവാറിന്റെ കീറാമുട്ടി. കേരളത്തെ വരുതിയിലാക്കാന്‍ ഏറെക്കാലമായി അവര്‍ സകല അടവും പയറ്റുകയാണ്.
ഒരിക്കലും അറിയാനിടയില്ലായിരുന്ന നിഗൂഢ ലോകത്തേക്കാണ് നിലമ്പൂര്‍ എംഎല്‍എ കേരളത്തിലെ ജനങ്ങളെ കൂട്ടിക്കൊണ്ടുപോയത്. ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ഡീപ് സ്‌റ്റേറ്റ് എത്ര ആഴത്തിലുള്ളതാണെന്ന് നാട്ടുകാര്‍ ഇത്ര തെളിവോടെ മനസിലാക്കുന്നത് ഇപ്പോഴാണ്.
ജനഹിതം ഒപ്പമാവില്ലെന്ന് കണ്ടാല്‍ മറ്റ് വഴികള്‍ നോക്കുകയാണ് സംഘ് ഭീകരന്മാരുടെ രീതി. അതാണവര്‍ കേരളത്തിലെ പൊലീസ് സംവിധാനംവഴി ചെയ്യാന്‍ ശ്രമിക്കുന്നത്. പൂരം കലക്കിയും മലപ്പുറത്തെ ഇന്ത്യയുടെ മാഫിയാ തലസ്ഥാനമാക്കിയും സംഘപരിവാര്‍ നെയ്യുന്ന വലയിലെ കണ്ണികളാണ് എ.ഡി.ജി.പി അനില്‍കുമാറും എസ്.പി സുജിത് ദാസുമെല്ലാം. ഈ ദേശവിരുദ്ധ സഖ്യത്തിനേറ്റ കനത്ത പ്രഹരമായിരുന്നു അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍.
അന്‍വറിന്റെ പോരാട്ടം സി.പി.എമ്മിന് പുറത്തേക്ക് കടക്കുമ്പോള്‍ അതിന്റെ ശക്തി കുറയുകയാണ്. പാര്‍ട്ടിക്ക് പുറത്തെ അന്‍വര്‍ കൂടുതല്‍ ദുര്‍ബലനാകും. അത് ലക്ഷ്യമില്ലാതെ അലയുകയും ഉത്തരമില്ലാതെ അവസാനിക്കുകയും ചെയ്യും. ഇതിന്റെയെല്ലാം നഷ്ടം കേരളത്തിലെ ജനാധിപത്യ, മതേതര പൗരസമൂഹത്തിനാണ്. അവര്‍ ഒരിക്കലും അറിയാനിടയില്ലായിരുന്ന നിഗൂഢ ലോകത്തേക്കാണ് നിലമ്പൂര്‍ എംഎല്‍എ അവരെ കൂട്ടിക്കൊണ്ടുപോയത്. ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ഡീപ് സ്‌റ്റേറ്റ് എത്ര ആഴത്തിലുള്ളതാണെന്ന് നാട്ടുകാര്‍ ഇത്ര തെളിവോടെ മനസിലാക്കുന്നത് ഇപ്പോഴാണ്.
തങ്ങള്‍ക്കെതിരായി പോരാട്ടം നടത്തുന്ന രാഷ്ട്രീയ, ഭരണ സംവിധാനത്തെ പറ്റിച്ച്, അവരുടെ നിയന്ത്രണത്തിലുള്ള നിയമസംവിധാനങ്ങള്‍ക്കകത്ത് അനായാസം കടന്നുകയറാന്‍ തങ്ങള്‍ക്കാകും എന്നാണവര്‍ തെളിയിക്കുന്നത്. സിപിഎമ്മിനെ നാലുപാടും നിന്ന് ആക്രമിച്ച് ക്ഷയിപ്പിക്കുക എന്ന മിഷന്‍ കേരളയാണിപ്പോള്‍ അഭംഗുരം നടക്കുന്നത്. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെല്ലാം ഒരുപോലെ പാര്‍ട്ടിയില്‍നിന്ന് അകലുകയാണിപ്പോള്‍. പാര്‍ട്ടി അണികള്‍തന്നെ ആത്മവിശ്വാസം ഇല്ലാത്തവരായി മാറുന്നതും കാണാതിരുന്നുകൂട. ഇതെല്ലാം തിരിച്ചറിയാനുള്ള ഉള്‍ക്കാഴ്ച്ച പാര്‍ട്ടി നേതൃത്വത്തിന് ഇല്ലാതാകുന്നിടത്താണ് സംഘ് വൈതാളികര്‍ ഗൂഡസ്മിതം പൊഴിക്കുകയും കേരളീയര്‍ പരാജയപ്പെടുകയും ചെയ്യുന്നത്.