ഇന്ത്യയിലെ വംശഹത്യാ രാഷ്ട്രീയവും നിഷേധത്തിന്റെ വിലയും
|വംശഹത്യ തങ്ങളുടെ കൺമുന്നിൽ അരങ്ങേറുമ്പോഴും അതിനെ തിരിച്ചറിയാനാകാതെയും പ്രതിരോധിക്കാതെയും അധര-വ്യായാമത്തിൽ ഏർപ്പെടുന്ന രാഷ്ട്രീയ-പ്രതിപക്ഷങ്ങളെ വെളിച്ചത്തുകൊണ്ട് വരിക തന്നെ വേണം.
രണ്ടു (മുൻ?) ബി ജെ പി നേതാക്കളുടെ വിദ്വേഷ പ്രസ്താവനകൾ ലോക തലത്തിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പതിനാറോളം രാജ്യങ്ങളാണ് ഇവയെ അപലപിച്ചു കൊണ്ട് മുന്നോട്ടു വന്നത്. അന്താരാഷ്ട്ര സമ്മർദ്ദത്താൽ അവർക്കെതിരെയുള്ള നടപടി കേവലം സസ്‌പെൻഷനിൽ ഒതുക്കാം എന്ന ഭരണം കയ്യാളുന്ന പാർട്ടിയുടെ നയം വിലപോയില്ല. ഒടുവിൽ ഡൽഹി പൊലീസ് അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്യാനുള്ള വൈമുഖ്യം ഭരണകൂടം ആഗ്രഹിക്കുന്ന ആസൂത്രിതമായ രാഷ്ട്രീയ നേട്ടങ്ങളെ തുറന്നുകാട്ടുന്നു. ഇന്ത്യയിലുടനീളം വിവിധ കോണുകളിൽ ഭരണകൂട നിഷ്ക്രിയത്വത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ അടിച്ചമർത്തൽ പദ്ധതികളും തകൃതിയായി നടപ്പാക്കപ്പെടുന്നുണ്ട്. ജാർഖണ്ഡിലെ റാഞ്ചിയിൽ പ്രതിഷേധക്കാർക്കെതിരെ നിറയൊഴിച്ച പോലീസ് രണ്ടു യുവാക്കളെയാണ് വെടിവെച്ചു കൊന്നത്.
സംഘപരിവാർ പരീക്ഷണശാലയായ ഉത്തർപ്രദേശിലെ അടിച്ചമർത്തൽ നയങ്ങൾ സകല സീമകളും ലംഘിച്ചുകൊണ്ട് മുസ്‌ലിം വംശഹത്യയായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തുടനീളം ഇതുവരെയും 255 ആളുകളെയാണ് അറസ്റ്റ് ചെയ്തത്. അലഹബാദിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ മുഹമ്മദ് ജാവേദിനെയും മറ്റു പത്തു പ്രതിഷേധക്കാരെയും പൊലീസ്കൈകാര്യം ചെയ്യുന്ന രീതി കൂട്ടായ ശിക്ഷയുടെ (collective punishment) ഗണത്തിൽ വരുന്നതാണ്. വ്യാജ കേസുകൾ ചുമത്തികൊണ്ടു അറസ്റ്റും കരാളനിയമങ്ങളാലുള്ള തടങ്കലും സ്വത്തു പിടിച്ചെടുക്കലും കുടുംബാംഗങ്ങൾക്കുമേലുള്ള അറസ്റ്റുഭീഷണിയും തുടങ്ങി ചടുലമായ നീക്കങ്ങളാണ് മൂന്നു ദിവസങ്ങൾക്കുള്ളിൽ പോലീസ് നടത്തിയത്. വെൽഫെയർ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ ജാവേദിനെ പോലീസ് വിശേഷിപ്പിച്ചത്. അലഹബാദിൽ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിന്റെ സൂത്രധാരൻ എന്നാണ്. അർധരാത്രി വീട്ടിലെത്തി അദ്ദേഹത്തെയും ഭാര്യയെയും ഇളയ മകളെയും ഇറക്കികൊണ്ടുപോയ പൊലീസ്നടപടി ഭയത്തിന്റെ അന്തരീക്ഷം നിലനിർത്തുവാനുദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഇന്ന് ഉച്ചയോടെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കപ്പെട്ട ജാവേദിന്റെ വീട് പോലീസ് തകർത്തുകളഞ്ഞു. ഉത്തർപ്രദേശിൽ പ്രയോഗത്തിലുള്ള ഗ്യാങ്‌സ്റ്റർ ആക്ട് പ്രകാരം, അറസ്റ്റിനൊപ്പം ആരോപിതന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള അവകാശവും ഭരണകൂടത്തിനുണ്ട്. എന്നാൽ, ജാവേദിന്റെ വീട് അനധികൃതമാണെന്നു വാദിച്ചുകൊണ്ടു മെയ് മാസത്തിൽ നോട്ടീസ് നൽകിയെന്നും അതിനാൽ സ്വാഭാവിക നടപടിയാണെന്നുമാണ് പോലീസിന്റെ വാദം. പക്ഷെ, ജാവേദിന്റെ കുടുംബം അത്തരമൊരു നോട്ടീസ് ഭരണകൂടം കെട്ടിച്ചമച്ചതാണെന്ന് ആരോപിക്കുന്നു. ഇന്ത്യയിലുടനീളം ഇപ്പോൾ പ്രചാരത്തിലുള്ള ബുൾഡോസർ-ആക്രമണത്തിന്റെ പകർപ്പ് തന്നെയാണ് ഇന്ന് നാമിവിടെ കണ്ടതും.
ജാവേദിന്റെ മകളും ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രെട്ടറിയുമായ ആഫ്രീൻ ഫാത്തിമയെ ആവശ്യമെങ്കിൽ അറസ്റ്റുചെയ്യാൻ ഡൽഹി പോലീസിന്റെ സഹായം തേടുമെന്നാണ് പോലീസ് പറയുന്നത്. അലിഗഡ് മുസ്‌ലിം സർവകലാശാലയിലെ വുമൺസ് കോളേജ് മുൻ പ്രസിഡന്റും ജെ.എൻ.യു സ്റ്റുഡന്റസ് യൂണിയൻ കൗൺസിലറുമായ ആഫ്രീൻ പൗരത്വ സമരമുഖത്ത് സജീവമായി ഇടപെട്ടിരുന്നു. അലഹബാദിലെ ഷഹീൻ ബാഗ് സ്‌ക്വയർ സംഘടിപ്പിക്കുവാനും ഇന്ത്യയിലുടനീളം അതിനു നേതൃത്വം നൽകാനും ശ്രമിച്ച ആഫ്രീൻ സംഘപരിവാറിന്റെ സൈബർ അറ്റാക്കിനെ നേരിട്ടവളാണ്. പൗരത്വ പ്രക്ഷോഭത്തിലൂടെ ഉയർന്നുവന്ന മുസ്‌ലിം സ്വത്വ-അവബോധ രാഷ്ട്രീയ മുന്നേറ്റത്തിന്റെ പ്രതീകമായ ഒരു കുടുംബത്തെ ഉന്നം വെക്കുന്നതിലൂടെ സംഘപരിവാർ നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്: "ഇന്ത്യയിലെ മുസ്‌ലിം സമുദായം വംശഹത്യയുടെ മുനമ്പിലാണെങ്കിലും പ്രതിഷേധിക്കുവാനുള്ള അവകാശം റദ്ധാക്കപ്പെട്ടിരിക്കുന്നു. പ്രതിഷേധത്തിന് വലിയ വില കൊടുക്കേണ്ടിവരും". ഭരണം കയ്യാളുന്ന സംഘ്പരിവാരത്തിനു ജനക്കൂട്ടത്തിനെ ഇളക്കിവിട്ട് വംശഹത്യ ചെയ്യിക്കേണ്ട ആവശ്യമില്ല. പകരം നിയമവും പൊലീസും തങ്ങളുടെ ഇച്ഛക്കനുസരിച്ചു പ്രവർത്തിപ്പിച്ചാൽ മതി.
ഇന്ത്യൻ രാഷ്ട്രീയ ഭൂമിക പ്രക്ഷുബ്ധമായി തുടരുന്നത് ചില ഭരണകൂട-നടപടികളുടെ ചടുലതയും മറ്റു ചിലതിന്റെ നിഷ്ക്രിയതയുടെയും പശ്ചാത്തലത്തിലാണ്. ഈ നിഷ്ക്രിയത തന്നെയും ചടുലമായ ശത്രു-സംഹാരത്തിനു അവസരമൊരുക്കുവാൻ വേണ്ടിയുള്ള കാത്തിരിപ്പിന്റെ ഭാഗമാണ്. ആസൂത്രിത രീതിയിൽ പ്രകോപനം സൃഷ്ടിച്ചുകൊണ്ട് പ്രതിഷേധത്തിന്റെ കളമൊരുക്കുവാനും പിന്നീട് അതേ പ്രതിഷേധത്തിന്റെ പേരിൽ നിയമനടപടി എടുക്കുവാനും വ്യാവഹാരിക അട്ടിമറി നടത്തുവാനും പതിറ്റാണ്ടുകളായി പ്രായോഗിക-പരിശീലനം നേടിയ സംഘപരിവാർ ഭരിക്കുമ്പോൾ സംഘബോധം (collective conscience) അവരുടെ കൂടെ നിന്നല്ലെങ്കിലേ അത്ഭുതമുള്ളൂ. ഒരേ മാതൃകയിലുള്ള ഇത്തരം ആസൂത്രിത ശ്രമങ്ങളെ പ്രശസ്ത രാഷ്ട്രീയ വിദഗ്ദൻ പോൾ ബ്രാസ് വിശേഷിപ്പിച്ചത് 'സ്ഥാപനവൽകൃത കലാപ സമ്പ്രദായം' (institutionalized riot system) എന്നാണ്. അതിനാൽ തന്നെ ഇതിനെ കേവലം പൊടുന്നനെയുള്ള പൊട്ടിപ്പുറപ്പെടലിന്റെയും ആകസ്മികതയുടെയും വീക്ഷണകോണിലൂടെ നോക്കിക്കാണുന്നവർ, മുസ്‌ലിം സമുദായത്തിന്റെ പ്രതിഷേധ രീതികളെ ഭൂതക്കണ്ണാടി വെച്ച് പരിശോധിക്കുകയും അനൗചിത്യ-കൃത്യങ്ങളുടെ ഗണത്തിൽ പെടുത്തുകയും ചെയ്യും. മറിച്ച്, ഈ സംഭവപരമ്പരകളുടെ ഉപഭോക്താക്കളുടെ അന്യായവും അക്രമവും പൊതുവിചാരണ ചെയ്യപ്പെടാതെ 'സംഘബോധ'മായി നിലനിൽക്കുകയും ചെയ്യും. വംശഹത്യ തങ്ങളുടെ കൺമുന്നിൽ അരങ്ങേറുമ്പോഴും അതിനെ തിരിച്ചറിയാനാകാതെയും പ്രതിരോധിക്കാതെയും അധര-വ്യായാമത്തിൽ ഏർപ്പെടുന്ന രാഷ്ട്രീയ-പ്രതിപക്ഷങ്ങളെ വെളിച്ചത്തുകൊണ്ട് വരിക തന്നെ വേണം.