പൊറാട്ട്: പ്രത്യക്ഷമല്ലാത്ത ചില ചരിത്രങ്ങള്‍
|അര്‍ജുന്‍ പി.ജെ സംവിധാനം ചെയ്ത 'Remnants of Laughter' ഡോക്യുമെന്ററിയുടെ കാഴ്ചാനുഭവം.
ഏകദേശം 170 വര്‍ഷങ്ങള്‍ക്ക് മുന്‍പു ഉദയം ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന കലയാണ് പോറാട്ട് കളി അഥവാ പോറാട്ട് നാടകം. പാലക്കാട്ടെ പാണാര്‍ സമുദായം ആണ് ഈ കളി പൊതുവേ നടത്തുന്നത്. കുറച്ച് കൂടി ആഴത്തില്‍ പരിശോധിക്കുമ്പോള്‍ അവര്‍ മാത്രമല്ല, ജാതിയില്‍ താണവര്‍ എന്ന് സമൂഹം കരുതുന്ന മറ്റു പല സമുദായങ്ങള്‍ കൂടി ഇതില്‍ പങ്കെടുക്കാറുണ്ട് എന്ന് കാണാം. ക്ഷേത്രങ്ങള്‍ക്ക് പുറത്തുള്ള, ചെറിയ കാവുകളോടു ചേര്‍ന്ന സ്ഥലങ്ങളില്‍ സ്റ്റേജ് കെട്ടിയാണ് ഇത് പലപ്പോഴും കളിക്കാറുള്ളത്. ഇതിനെ കുറിച്ച് കേട്ടിട്ട് പെട്ടെന്ന് ഗൂഗിളിലും മറ്റും തിരയാന്‍ നില്‍ക്കേണ്ട. തടിയന്‍ റഫറന്‍സ് ബുക്കുകള്‍ ലഭ്യമാകും എന്ന് കരുതി ലൈബ്രറികളുടെ നിശബ്ദതയെ താളം തെറ്റിക്കാനും നില്‍ക്കേണ്ട. കാരണം, അത്തരത്തില്‍ എഴുതപ്പെടേണ്ട ചരിത്രമൊന്നും ഇല്ല എന്ന് കരുതുന്ന സമൂഹത്തില്‍ നിലനില്‍ക്കുന്ന കലയാണിത്. അമ്പലപ്പറമ്പുകളില്‍ ആഡ്യകലാരൂപങ്ങള്‍ ആടുന്ന സമയത്ത് അവിടെ പ്രവേശനം ഇല്ലാതിരുന്നവര്‍ നിര്‍മിച്ചെടുത്ത കലയാണ് പോറാട്ട് നാടകം. പുറംജാതിക്കാര്‍ നടത്തുന്ന കളി അഥവാ പുറമാട്ടം/ കളി എന്നതില്‍ നിന്നുമാണ് പോറാട്ട് നാടകം ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. ഏകദേശം ഇരുന്നൂറോളം കലാകാരന്മാര്‍ ആണ് ഇന്നിതില്‍ അഭ്യാസം നടത്തുന്നത്. ഇന്ന് പത്ത് വ്യത്യസ്ത ഗ്രൂപ്പുകളായി അവര്‍ കളികള്‍ നടത്തുന്നു. അവരുടെ ജീവിതം എങ്ങനെയാണ്? കളിയുടെ രൂപകങ്ങള്‍ എങ്ങനെയാണ്? അതിന്റെ ഭാവം/താളം എന്താണ്? ' Remanants of Laughter' എന്ന അര്‍ജുന്‍ പി.ജെ സംവിധാനം ചെയ്ത ഡോക്യുമെന്ററി സംസാരിക്കുന്നത് അത്തരം ചുറ്റുവട്ടങ്ങളില്‍ നിന്നുകൊണ്ടാണ്.
പാലക്കാടന്‍ ഗ്രാമമായ വടവന്നൂരില്‍ ആധുനികകാലത്ത് നടക്കുന്ന ഒരു പോറാട്ടുകളിയുടെ തയ്യാറെടുപ്പുകളില്‍ നിന്നും ഡോക്യുമെന്ററി തുടങ്ങുന്നു. കൊയ്‌ത്തൊഴിഞ്ഞ പാടം. പോളിത്തീന്‍ ഷീറ്റ് മേഞ്ഞൊരു സ്റ്റേജ്. അതിനു മുമ്പില്‍ കളിക്കാരെ കാത്തിരിക്കുന്ന മൈക്രോഫോണുകള്‍. സ്റ്റേജിന് പിന്നിലൊരു ചമയപ്പുരയുണ്ട്. അവിടെ നിലവിളക്ക് കൊളുത്തിവെച്ചതിനു പിന്നില്‍ ചമയങ്ങള്‍ അണിയുന്ന കലാകാരന്മാര്‍. സ്റ്റേജിന് പുറത്ത് കാത്തിരിപ്പിന്റെ നീളം പിടിച്ച, കൗതുകം നിറഞ്ഞ കണ്ണുകള്‍. കളി കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നവര്‍. പല സ്ഥലങ്ങളില്‍ നിന്നും, പല രീതിയില്‍ അവര്‍ വന്നെത്തുന്നു. പതിയെ അവിടമെല്ലാം ആളുകള്‍ നിറഞ്ഞു. സ്റ്റേജിനുമുന്നിലുള്ള വെളിച്ചം നിറഞ്ഞുതൂവുന്ന ഇന്‍കാന്‍ഡെസന്റ് വിളക്കുകള്‍ക്ക് ചുറ്റും ഈയാംപാറ്റകളും, മറ്റു പ്രാണികളും കറങ്ങി നടക്കുന്നു. ചമയപ്പുരയില്‍, ചമയങ്ങളുടെ അവസാനവട്ടം. കാറ്റ് ഇടവിട്ട് വീശുന്നൊരു മലയുടെ മുകളില്‍ അന്നേരം കളിക്കാരന്റെ മനസ്സ് ഏകാന്തതയുടെ വിഭ്രാന്തി അനുഭവിച്ചുകൊണ്ടിരുന്നു. കളി തുടങ്ങാറായി. ചിരിയുടെ കളി.
അധഃസ്ഥിത വര്‍ഗങ്ങളുടെ അടിച്ചമര്‍ത്തലുകളില്‍ നിന്നുമാണ് പോറാട്ട് നാടകം ജനിച്ചത്. അമ്പലങ്ങളുടെ അകത്തോ, ഉയര്‍ന്ന ജാതിക്കാരുടെ ഇടങ്ങളിലോ അസ്പ്രിശ്യത കല്‍പിച്ചിരിക്കുന്ന കലാരൂപമാണ് പോറാട്ട് കളി. അതുകൊണ്ട് തന്നെ, അമ്പലപ്പറമ്പുകളുടെ ചുറ്റുവട്ടങ്ങളില്‍ നിന്നും പുറത്തെറിയപ്പെട്ടവര്‍ കൊണ്ട് വന്ന കലാപരമായ വിപ്ലവം കൂടിയാണ് പോറാട്ട് കളിയെന്ന് കാണാം.
പോറാട്ട് നാടകത്തിന്റെ സമ്പ്രദായിക ചിട്ടവട്ടങ്ങള്‍ വളരെ ലളിതമാണ്. കളിയുടെ പ്രധാനി ചോദ്യക്കാരനാണ്. വിദൂഷകന്‍/സൂത്രധാരന്‍ എന്നൊക്കെ വിളിക്കാവുന്ന ചിട്ടവട്ടങ്ങള്‍ ആണ് ചോദ്യക്കാരനുള്ളത്. 'Porattukali: Defying the Language of High Art' എന്ന ലേഖനത്തില്‍ ഹരിത വിജയകുമാരന്‍ ഇതിന്റെ ചരിത്രത്തിലേയ്ക്ക് കടന്നുചെല്ലുന്നുണ്ട് (Porattukali: Defying the Language of 'High Art', Sahapedia, published on 21 November 2020). അതില്‍, പോറാട്ട് കളി തമിഴ് നാടകഭേദമായ തെരുക്കൂത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് പറയുന്നുണ്ട്. പോറാട്ട് കളിയുടെ പല രൂപങ്ങളും, കഥാപാത്രങ്ങളും തെരുക്കൂത്തിലും കണ്ടെത്താന്‍ സാധിക്കും. ചോദ്യക്കാരന്‍ കഴിഞ്ഞാല്‍ പിന്നെയുള്ളത് സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും ആയ മറ്റു കഥാപാത്രങ്ങളാണ്. സ്ത്രീകഥാപാത്രങ്ങള്‍ എല്ലാം പുരുഷന്മാര്‍ തന്നെ വേഷം കെട്ടി ആടുന്നവയാണ്. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടിരിക്കുന്നവര്‍ അവതരപ്പിക്കുന്ന കല ആയത് കൊണ്ട് തന്നെ അവരുടെ ദൈവങ്ങളായ കാളി, ചാത്തന്‍, കൂളി തുടങ്ങിയവരോടുള്ള പ്രാര്‍ഥനയോടെ ആണ് കളി തുടങ്ങുന്നത്. കളിയിലെ ആണും, പെണ്ണും, കുട്ടിയും കഥാപാത്രങ്ങള്‍ ആയി മാറുന്നത് അവരുടെ നാടിന്റെ സാംസ്‌കാരിക രീതികള്‍ അനുസരിച്ചാണ്. മണ്ണാനും, മണ്ണാത്തിയും, ചെറുമനും, ചെറുമത്തിയും, തൊട്ടിയനും, തൊട്ടീച്ചിയും, മാപ്പിള എന്നിങ്ങനെ കഥാപാത്രങ്ങള്‍ ഉണ്ടായി വരുന്നു. കണ്ടിരിക്കുന്നവര്‍ക്കിടയില്‍ ചിരി പടര്‍ത്തുക, അതാണ് കളിയുടെ പ്രധാന ഉദ്ദേശം. അതിന് വേണ്ടി, ആ ജനവിഭാഗങ്ങളുടെ ഇടയില്‍ അപ്പോള്‍ നിലവിലിരിക്കുന്ന സംഭവങ്ങള്‍, പ്രശ്‌നങ്ങള്‍, സങ്കടങ്ങള്‍, ദിലീമ്മകള്‍ എന്നിവയൊക്കെ ഉപയോഗിക്കാറുണ്ട്. അങ്ങനെ സാമൂഹികാവസ്ഥകളെ ഇത്തരത്തില്‍ ഹാസ്യരസപ്രധാനമായി അവതരിപ്പിക്കുന്നതു കൊണ്ടും, നിലവിലെ അവസ്ഥയില്‍ നിന്നും സ്വയം പുറത്തിറങ്ങി സംസാരിക്കുന്നതു കൊണ്ടും ഇതിനെ കറുത്ത ഹാസ്യത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ഇത്തരത്തില്‍ സജീവമാകുന്ന ഒരു പോറാട്ടുകളിയിലൂടെ ആണ് അര്‍ജുനും സംഘവും Remnants of Laughter ഒരുക്കിയിരിക്കുന്നത്. നിയതമായ ഒരു തിരക്കഥ അനുസരിച്ചല്ല പോറാട്ട് നാടകം നടക്കുന്നത്. ഒരു ചെറിയ ഔട്ട്‌ലൈന്‍ മാത്രം ഉണ്ടാവും. ഇതില്‍ നിന്നുമാണ് നാടകം ചുരുള്‍ നിവരുന്നത്. കൃത്യമായ ഇടങ്ങളില്‍ ഉപയോഗിക്കേണ്ടുന്ന പാട്ടുകള്‍, പോകേണ്ട താളം എന്നിവ മാത്രമാണ് മുന്‍കൂട്ടി തീരുമാനിക്കപ്പെടുക. പേര് സൂചിപ്പിക്കുമ്പോലെ ചിരിയുടെ, കളിയുടെ അവശേഷിപ്പുകളെ കളിയും, കാര്യവും ആയിട്ടാണ് സിനിമ മുന്നോട്ടുപോകുന്നത്. രാത്രി 9 മണി മുതല്‍ രാവിലെ 5.30/6 മണി വരെ തുടരുന്ന തുടര്‍ച്ചയായ കളിയേ കുറിച്ച് ഇതില്‍ ചോദ്യക്കാരന്റെ കഥാപാത്രം അവതരിപ്പിച്ച ആള്‍ പറയുന്നുണ്ട്. അതിനും മുന്‍പു പകലിലേയ്ക്ക് പടര്‍ന്ന കളിക്കാരുടെ ഉറക്കങ്ങള്‍ കാണുന്നുണ്ട്. തുടര്‍ച്ചയായ മണിക്കൂറുകള്‍ നീണ്ട കളിക്കൊടുവില്‍ ശാന്തത നിറഞ്ഞ ഉറക്കത്തില്‍. കളിക്കാരില്‍ ഏറ്റവും ചെറിയവന്റെ (പത്ത് - പതെിനൊന്നു വയസ്സ് പ്രായം വരും) വാക്കുകളില്‍ അത് വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്.
'' ഉറക്കം വന്നാല്‍ കെടക്കാനൊന്നും അവിടെ പറ്റൂല്ല. .. ച്ചാല്‍ രാവിലെ ഇസ്‌കൂളിലേയ്ക്ക് പോണം. സ്‌കൂളി പോയിട്ട് അവിടെ കെടന്ന് ഉറങ്ങും. അപ്പോ ടീച്ചര്‍ പറെം. ന്താ നെനക്ക് പറ്റിയെന്നു. ഞാം ഇതേമാതിരി കളിക്കാം പോയെന് പറേം. ടീച്ചറ് വിടും എന്നെ. വീട്ടീ വന്ന് കെടക്കാം പറഞ്ഞു വിടും. വയുന്നേരം ഇതേ മാതിരി കളിക്കാം പൂവ്വും. ഈ മുട്ടൊക്കെ നല്ല വേദനാണെന്റെ. അതൊന്നും കാര്യാക്കാതെ എപ്പോളും പോവും.''
അവന്റെ വിശേഷങ്ങള്‍ അഭിമാനത്തോടെ പറഞ്ഞു കരയുന്ന അമ്മയേയും പിന്നെ നമ്മള്‍ കാണുന്നുണ്ട്. ഒരു കരകാട്ടം കലാകാരി. അതൊരു നേര്‍ചിത്രമാണ്. സിമന്റ് കട്ടകള്‍ കൊണ്ട് പണിതീര്‍ത്ത, തേക്കാത്ത വീടിന്റെ ഭിത്തികളെയും, അതിന്റെ ഉള്‍ഭാഗത്തിന്റെ വിശാലതകളെയും വ്യക്തമാക്കാതെ, എന്നാല്‍, സൂക്ഷ്മതലത്തില്‍ അവരുടെ അവസ്ഥകളെ പറയാതെ പറഞ്ഞു അവശേഷിപ്പുകളുടെ വ്യക്തത വരുത്തുന്നുണ്ട് സംവിധായകനും സംഘവും.
ചോദ്യക്കാരന്റെ കഥാപാത്രത്തിനു പറയാന്‍ പിന്നെയും ഉണ്ട് ബാക്കി. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പു അയാള്‍ കളിച്ചുതുടങ്ങിയ കാലം മുതലുള്ള കാര്യങ്ങള്‍. രണ്ട് പെട്രോമാക്‌സ് വെളിച്ചത്തിന് മുന്‍പില്‍, മൈക്കിന്റെയോ മറ്റു ശബ്ദോപകരണങ്ങളുടെയോ സഹായമില്ലാതെ തൊണ്ട പൊട്ടുമാറുച്ചതില്‍ തമാശ പറഞ്ഞാടിയ കാലം. വെളുപ്പാന്‍കാലം വരെയുള്ള പറച്ചിലില്‍ നിരവധി മൊട്ടുസൂചികള്‍ കുത്തിക്കയറുന്ന പോലുള്ള വേദനയില്‍ വിങ്ങുന്ന തൊണ്ട. പിന്നെയും ഉണ്ട് ആ ബുദ്ധിമുട്ടുകളുടെ കഥകള്‍ പറയുവാന്‍ നിരവധി. ടോയ്‌ലറ്റില്‍ പോയി ഇരിക്കാന്‍ പോലും ബുദ്ധിമുട്ടുകള്‍ തോന്നുന്ന സമയം. അധികം പ്രായം എത്തും മുന്‍പേ മരിച്ചുപോകുന്നവര്‍. അങ്ങനെ പലയവസ്ഥകള്‍. എന്നിട്ടും അവര്‍ നാടകം കളിച്ചുകൊണ്ടിരിക്കുന്നു.
കല വിപ്ലവമാണ്
യഥാര്‍ഥത്തില്‍ അധഃസ്ഥിത വര്‍ഗങ്ങളുടെ അടിച്ചമര്‍ത്തലുകളില്‍ നിന്നുമാണ് പോറാട്ട് നാടകം ജനിച്ചത്. അമ്പലങ്ങളുടെ അകത്തോ, ഉയര്‍ന്ന ജാതിക്കാരുടെ ഇടങ്ങളിലോ അസ്പ്രിശ്യത കല്‍പിച്ചിരിക്കുന്ന കലാരൂപമാണ് പോറാട്ട് കളി. അതുകൊണ്ട് തന്നെ, അമ്പലപ്പറമ്പുകളുടെ ചുറ്റുവട്ടങ്ങളില്‍ നിന്നും പുറത്തെറിയപ്പെട്ടവര്‍ കൊണ്ട് വന്ന കലാപരമായ വിപ്ലവം കൂടിയാണ് പോറാട്ട് കളിയെന്ന് കാണാം. ഡോക്യുമെന്ററിയുടെ സംവിധായകന്റെ വാക്കുകളില്‍ അതിന്റെ വസ്തുതകള്‍ തെളിഞ്ഞു കാണാം.
' നമ്മള്‍ പോറാട്ട് നാടകമെന്ന വാക്ക് സാധാരണയായി കേള്‍ക്കാറുള്ളത് ഒരു നാട്ടുമൊഴിയായിട്ടാണ്. 'നീ പോറാട്ട് നാടകം കളിക്കല്ലേയെന്ന്'. പക്ഷേ, എത്ര പേര്‍ക്കറിയാം ഇതൊരു കലാരൂപമാണെന്ന്. ശരിക്കും ഈ നാടകം ഒരു സാംസ്‌കാരിക പ്രതിഷേധം ആണ്. പണ്ട് കാലത്ത് കല ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രം ആസ്വദിക്കാനുള്ളതല്ല, മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകനും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ഒരു പോലെ കല ആസ്വദിക്കാനുള്ള അവകാശമുണ്ട് എന്നതു വിപ്ലവകരമായി നേടിയെടുക്കലാണ് പോറാട്ട് എന്ന പുറത്താക്കപ്പെട്ടവന്റെ നാടകം''.
കീഴാളജാതിക്കാരുടെ ഈ നാടകത്തില്‍ ഉപയോഗിക്കുന്ന ഭാഷയുടെ പ്രയോഗങ്ങള്‍ മുതല്‍ അതിനോടുള്ള അയിത്തം തുടരുന്നു. സാംസ്‌കാരികമായി പരുവപ്പെട്ട ഭാഷാരൂപങ്ങള്‍ അല്ല അവര്‍ ഉപയോഗിക്കുന്നത് എന്നതു മുതല്‍ അതിന്റെ ഭാഷാപ്രയോഗങ്ങളില്‍ അതിലൈംഗികത ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന കണ്ടെത്തലുകള്‍ വരെ അത് നീളുന്നു. പോറാട്ട് കളിക്കാരിലെ ചെറുപ്പക്കാരനായ ഒരു കളിക്കാരന്‍ തന്റെയൊരു പഴയ വേഷത്തെ ഓര്‍മിച്ചെടുത്തുകൊണ്ട് അതിന്റെ പൊള്ളത്തരത്തെ വെളിവാക്കുന്നുണ്ട്. അയാളുടെ ചെറിയ പ്രായത്തില്‍ അണിഞ്ഞ പെണ്‍കുട്ടിയുടെ വേഷത്തില്‍, സാമൂഹികമായി ഉയര്‍ന്ന ജാതിക്കാരുടെ അടുത്തു ചെല്ലുമ്പോള്‍ അയാള്‍ നേരിട്ടിരുന്ന ലൈംഗികമായ വിധത്തിലുള്ള തൊടലും പിടിക്കലും. അവയില്‍ പലതിന്റെയും അര്‍ഥം മനസ്സിലാവാത്ത നിസ്സഹായനായ ഒരു കുട്ടിയുടെ അമ്പരപ്പ് ആ കണ്ണുകളില്‍ ഇന്നും വായിച്ചെടുക്കാം. ആധുനികമെന്നും, പുരോഗമനപരമെന്നും നമ്മള്‍ വിളിക്കുന്ന സമൂഹം ഇന്നും ഈ കലയോട് കാണിക്കുന്ന അയിത്തം, കളിക്കാരുടെ വാക്കുകളില്‍ നിന്നും കേള്‍ക്കുമ്പോള്‍ അമ്പരപ്പിക്കുന്നുണ്ട്. ഉയര്‍ന്ന ജാതിക്കാരില്‍ പലരും ഇത് ചിലപ്പോള്‍ കാണാന്‍ വരുമത്രേ. മണിക്കൂറുകള്‍ക്ക് ശേഷം 'ഇതെന്ത് പേക്കൂത്ത്' എന്ന മട്ടില്‍ അതിന്റെ സകല കലാപരമായ സാധ്യതകളെയും നിസ്സാരവത്കരിച്ചുകൊണ്ട് ഇരുട്ടിന്റെ മറവിലേക്ക് അവര്‍ കടന്നുകളയും. സംവിധായകന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍; ''വര്‍ഷം ഇത്രയും കഴിഞ്ഞിട്ടും നമ്മള്‍ പുരോഗമനം എന്ന് കരുതി കഴിയുന്ന ഈ സമൂഹത്തിലും ആ പുറത്താക്കപ്പെട്ടവന്റെ നാടകം ഇന്നും പുറത്ത് തന്നെ. ആ നാടകത്തെയും, കലാകാരന്മാരെയും, അവരുടെ പ്രയാണത്തെയും ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുക എന്നത് തന്നെയാണ് ഈ സിനിമയുടെ പ്രാഥമികലക്ഷ്യം''.
പ്രതിസന്ധികള്‍
ഇത്തരത്തില്‍ പലതരം പ്രശ്‌നങ്ങള്‍ ഈ കലാരൂപം അഭിമുഖീകരിക്കുന്നെങ്കിലും മറ്റൊന്ന് ഇതിന്റെ മുന്നോട്ടുള്ള പോക്കിനെ തന്നെ പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. കുറഞ്ഞു വരുന്ന പോറാട്ട് കളിക്കാരുടെ എണ്ണമാണ് പ്രധാനം. സാമ്പ്രദായിക കലാരൂപങ്ങള്‍ക്ക് കിട്ടുന്ന പോലെ അധികാരവര്‍i ശ്രേണികളില്‍ നിന്നുമുള്ള അംഗീകാരങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ കലാകാരന്മാര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം സാമ്പത്തികമാണ്. നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ടാണ് ഇത് നടത്തിക്കൊണ്ട് പോകുന്നത്. എന്നാല്‍, അതിന് തക്കവണ്ണമുള്ള പ്രതിഫലം ഇവര്‍ക്ക് ലഭിക്കാറില്ല. ഇത് പലപ്പോഴും പലരേയും ഇത് തുടര്‍ന്നു കൊണ്ടുപോകുന്നതിലും, പുതിയ ആള്‍ക്കാര്‍ അവിടേയ്ക്ക് വരുന്നതിനും തടസ്സമാകുന്നുണ്ട്. ഡോക്യുമെന്ററിയുടെ ഒരിടത്ത് നന്ദിയോട്ട് കനകന്‍ എന്ന കലാകാരന്‍ അതിനെ വിശദീകരിക്കുന്നുണ്ട്.
''തുച്ഛമായ കാശ് കിട്ടും. ഒന്നോ രണ്ടോ മാസം കിട്ടും. അത് കൊണ്ടെന്ത് ചെയ്യാന്‍ പറ്റും? ഒരു പെങ്കോച്ചിനെ പൊലത്തുമോ? ജീവിക്കാന്‍ പറ്റുമോ? ഇപ്പറഞ്ഞ എന്നോടും പറഞ്ഞിട്ടുണ്ട്''.
ചോദ്യങ്ങള്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ പോറാട്ടുകളിയുടെ ഭാവിയെന്നത് വല്ലാത്ത പ്രതിസന്ധിയിലാണ്. ഡോക്യുമെന്ററിയുടെ ഒരു ഭാഗത്ത് ആ കലയോടുള്ള സ്‌നേഹം കൊണ്ട് മാത്രം അതില്‍ തുടര്‍ന്നു പോകുന്ന ആള്‍ക്കാരെക്കുറിച്ച് പറയുന്നുണ്ട്. അതിന്റെ ആവേശം അത്രത്തോളം പകര്‍ന്നുകിട്ടിയില്ലാത്ത തലമുറകളിലേയ്ക്ക് വരുമ്പോള്‍ അതിന്റെ ഭാവിയെന്നത് അത്ര ശോഭകരമല്ല. അങ്ങനെ വരുമ്പോള്‍ അത് നമ്മുടെ സമൂഹത്തില്‍ എങ്ങനെയൊക്കെ ആണ് നിലനിന്നിരുന്നത് എന്ന് മറ്റൊരു തലമുറയ്ക്ക് മനസ്സിലാക്കുവാന്‍ കൃത്യമായ ചരിത്രപാഠങ്ങള്‍ ആവശ്യമുണ്ട്. അവിടെയാണ് Remnants of Laughter പ്രസക്തം ആകുന്നത്.
'കരയില്‍ നിന്നും നമ്മള്‍ കാണുന്ന കടലിനെ, കടലില്‍ നിന്നും കാണുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമാണ്'' എന്ന തിരിച്ചറിവിന്റെ പാഠങ്ങള്‍ പറഞ്ഞുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. അതിനെ അന്വര്‍ഥമാക്കുംവിധം അവരോടൊപ്പം ജീവിച്ച്, അവരിലൊരാളായി മാറി, ആ ചിന്തകളിലും, ജീവിതക്രമങ്ങളിലും ഉള്ള താളങ്ങള്‍, രീതികള്‍ മനസ്സിലാക്കി ചെയ്തതാണ് ആ ഡോക്യുമെന്ററി. അതുകൊണ്ട് തന്നെ അതിന്റെ പൂര്‍ണ്ണത അതിന്റെ നിര്‍മാണരീതിയില്‍ കാണാവുന്നതാണ്. ഒരു പോറാട്ട്കളിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ നീളുന്ന സിനിമ. അതിനിടയില്‍ കടന്നു വരുന്ന പല മനുഷ്യര്‍. ചായം തേച്ചും അല്ലാതെയും. സൂക്ഷ്മതലത്തില്‍ ഉപയോഗിച്ചിരിക്കുന്ന പല ഇമേജുകളിലൂടെ അവരുടെ ജീവിതത്തിന്റെ പല ഏടുകള്‍ നിര്‍മിച്ചെടുത്തിരിക്കുന്നു. ആ സൂക്ഷ്മതല ഇമേജുകള്‍ക്ക് മറ്റൊരു കഥ പറയാനുണ്ട്. ആ കലാകാരന്മാരുടെയും, കലയുടെയും സാമൂഹിക, രാഷ്ട്രീയ പരിസരങ്ങള്‍. പ്രത്യക്ഷത്തില്‍ കാണുന്ന നാടകത്തിന്റേയും, അതിന്റെ അവശേഷിപ്പുകളുടെയും കാര്യങ്ങള്‍ അല്ലാതെ ഫ്രെയിമുകളുടെ വിന്യാസത്തിലൂടെയും അതിലെ കൃത്യമായ ഇടങ്ങളിലുള്ള കൂട്ടിച്ചേര്‍ക്കലുകളിലൂടെയും സംസാരിക്കുന്ന മറ്റൊരു തലമാണത്.
ഭിത്തിയില്‍ ഒട്ടിച്ച് വെച്ചിരിക്കുന്ന ഓരോ ദിവസവും നടക്കുന്ന ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പുകളെ കുറിച്ചുള്ള ചായം പടര്‍ന്ന ഒരു ചാര്‍ട്ട്, മണ്ണെണ്ണ വിളക്കുകള്‍ ഒതുക്കിവെച്ചിരിക്കുന്നത്, പൊട്ടിപ്പോവാറായ ഭിത്തിയ്ക്ക് മുമ്പില്‍ കാത്തിരിക്കുന്നവര്‍, പെഡസ്ട്രിയല്‍ ഫാനിന്റെ കാറ്റില്‍ പറന്നാടുന്ന ഒരു കലണ്ടറും, അതിനോട് ചേര്‍ന്നു പഴയൊരു ഫ്രിഡ്ജും, പഴയൊരു കമ്യൂണിസ്റ്റ് പാര്‍ട്ടി ജാഥയുടെ ഫോട്ടോ, തേങ്ങ ചാക്കിലാക്കി കൊണ്ട് പോകുന്ന കലാകാരന്‍, തുണി കൊണ്ട് മറച്ച പൊളിഞ്ഞു വീഴാറായ, മേല്‍ക്കൂര ഇല്ലാത്ത ഒരു ടോയ്‌ലറ്റും, ബാത്ത്‌റൂമും അങ്ങനെയങ്ങനെ. കാണികളുടെ ലോകത്തെ വ്യക്തമാക്കുന്ന മറ്റൊരു ഫ്രയിം വിന്യാസം കൂടി സിനിമയില്‍ കാണാം. മറ്റൊന്ന് കളിക്കിടയില്‍ കളിക്കാരുടെ മാനസികതലങ്ങളെ പ്രതിപാദിക്കുന്ന തലമാണ്. അങ്ങനെയങ്ങനെ, പല തലങ്ങളിലൂടെ പടര്‍ന്നിറങ്ങുന്ന സിനിമ. മറ്റൊന്ന് കൂടിയുണ്ട്. പുരോഗമിച്ചു എന്ന് നമ്മള്‍ കരുതുന്ന നമ്മുടെ സമൂഹം എത്രത്തോളം ജാതിപരമായ വിവേചനങ്ങള്‍ ഇന്നും തുടരുന്നുണ്ട് എന്നതിന്റെ നേര്‍ചിത്രം സിനിമയില്‍ പലയിടത്തും വ്യക്തമാക്കുന്നുണ്ട്. ആ ആഴങ്ങളെ തിരിച്ചറിയുമ്പോള്‍ അത് ചെറുതല്ലാത്ത ഒരു പിരിമുറുക്കം കാഴ്ചക്കാരിലേയ്ക്ക് പകരുന്നുമുണ്ട്.
അതുകൊണ്ട് തന്നെ ഈ സിനിമയെന്നാല്‍ ഇത്തരത്തില്‍ സമൂഹത്തിന്റെ ചരിത്രത്തില്‍ അത്ര പ്രത്യക്ഷമല്ലാത്ത ഒരു കലാരൂപത്തിന്റെ ഡോക്യുമെന്റേഷന്‍ എന്നതിനേക്കാള്‍, അത് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന കടുത്ത യാഥാര്‍ഥ്യങ്ങളുടെ അടയാളപ്പെടുത്തല്‍ കൂടിയാണ്. കളി കാണാനായി ചൂട്ടും തെളിച്ചു വയല്‍വരമ്പിലൂടെ പോകുന്ന മനുഷ്യരുടെ ഒരു ദൃശ്യം ഉണ്ടതില്‍. കളിസ്ഥലത്തെ കൊട്ടിനൊപ്പം ആവേശത്തില്‍ താളം ചവിട്ടി പോകുന്ന മനുഷ്യന്‍ ആ ദൃശ്യത്തില്‍ ഉണ്ട്. പല തലത്തില്‍ അത്തരത്തില്‍ മനുഷ്യന്റെ പല താളങ്ങളുടെ ആകെത്തുകയാണ് ഓരോ കലകളും. ഇതില്‍ വലിപ്പച്ചെറുപ്പങ്ങളില്ല. മനുഷ്യന്റെ നിലനില്‍പ്പിനെ പ്രതിനിധീകരിക്കുന്ന അതിശക്തമായ കണ്ണികളാണത്. അതുകൊണ്ട് തന്നെ അവയൊക്കെയും എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നു എന്ന ഓര്‍മപ്പെടുത്തലുകള്‍ സിനിമ കണ്ടു തീരുമ്പോള്‍ ആഴത്തില്‍ പടര്‍ന്നിറങ്ങുന്നു. ചിരികള്‍ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ.
സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന Snow Leapord International Film Festival ല്‍ ഉള്‍പ്പെടെ നിരവധി ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ മത്സരചിത്രമായി ഡോക്യുമെന്ററി തെരഞ്ഞെടുത്തിട്ടുണ്ട്. മ്യാന്മാര്‍ ബര്‍മ്മ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏഷ്യന്‍ ടാലന്റ് വിഭാഗത്തില്‍ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച ഛായാഗ്രഹകന്‍, മികച്ച എഡിറ്റര്‍ ഉള്‍പ്പെടെ നാല് അവര്‍ഡുകളും നേടി. മീഡിയവണ്‍ അക്കാദമിയിലെ മാധ്യമ വിദ്യാര്‍ഥിയായിരിക്കെ ഡിപ്ലോമ പ്രൊജക്ട് വര്‍ക്കിന്റെ ഭാഗമായാണ് അര്‍ജുന്‍ പി.ജെ ഡോക്യുമെന്ററി തയ്യാറാക്കിയത്. അലക്‌സ് ജോണ്‍ കാമറയും സച്ചിന്‍ സഹദേവ് എഡിറ്റും നിര്‍വഹിച്ചു.