മാർക്സ് എന്ന മൂർ
|പി.ടി നാസർ എഴുതുന്ന പരമ്പര ' ചുവപ്പിലെ പച്ച' ആരംഭിക്കുന്നു
മാർക്സിന്റെ ജീവിതത്തിൽ, മാർക്സിന്റേയും എംഗൽസിന്റേയും എഴുത്തുകളിൽ ലെനിന്റേയും, സ്റ്റാലിന്റേയും, പ്രവർത്തനങ്ങളിൽ, സോവിയറ്റ് സോഷ്യലിസ്റ്റ് നാട്ടിൽ, ലോക കമ്യൂണിസ്റ്റ് ഭൂപടത്തിൽ, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എന്താണ് മുസ്ലിംകളുടെ പങ്ക്? എന്നന്വേഷിക്കുന്ന പരമ്പര!
ജെന്നി മരിച്ചു. 1881 ഡിസംബർ രണ്ടിന്. ഇനിയുള്ള വരികൾ കാൾ മാർക്സിന്റെ ജീവചരിത്രത്തിൽ നിന്ന് നേരിട്ട് വായിക്കുന്നതാവും കൂടുതൽ നല്ലത്: " ഇത് മാർക്സിന് ഒരിക്കലും താങ്ങാനാവാത്ത ഒരു കനത്ത അടിയായിരുന്നു. തന്റെ പ്രിയപത്നിയെ അവർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തേക്ക് അനുഗമിക്കാൻ പോലും അദ്ദേഹം അശക്തനായിരുന്നു. ആകെ പരവശനായിരുന്ന അദ്ദേഹത്തെ ഹൈഗേറ്റ് സെമിത്തേരിയിലെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് ഡോക്ടർമാർ അനുവദിച്ചില്ല. തന്റെ പത്നിയുടെ വേർപാട് സൃഷ്ടിച്ച ആഘാതത്തെ കീഴ്പ്പെടുത്താൻ മാർക്സിന് കഴിഞ്ഞില്ല. "മൂറും മരിച്ചു'' - ജെന്നി മരിച്ച നാൾ എംഗൽസ് പറഞ്ഞു. *
ഇവിടെ എംഗൽസ് "മൂർ" എന്നു വിളിച്ചത് മാർക്സിനെതന്നെയാണ്. അതെ, അങ്ങനെയൊരു വിളിപ്പേര് മാർക്സിനുണ്ടായിരുന്നു. മൂർ എന്നാൽ മുസ്ലിം എന്നാണർഥം. (യൂറോപ്യൻ ക്രിസ്ത്യാനികൾ മുസ്ലിംകളെ വിളിച്ചിരുന്ന വാക്കാണത്. പ്രധാനമായും ആഫ്രിക്കൻ തീരപ്രദേശങ്ങളിലും മൊറോക്കോ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളിലുമൊക്കെ ഉള്ളവരെയാണ് ആദ്യം അങ്ങനെ വിളിച്ചിരുന്നത്. പിന്നീട് അറബികളേയും മുസ്ലിംകളായി മാറിയ എല്ലാവരേയും മൂറുകൾ എന്ന് വിളിക്കാൻ തുടങ്ങി)
മൂർ എന്ന വിളിപ്പേര് മാർക്സിന്റെ സുഹൃത്തുക്കൾക്കും മക്കൾക്കും പരിചിതമായിരുന്നു. മാർക്സ് സ്വയം ചാർത്തിയെടുത്ത വട്ടപ്പേരാണത്. 1881 ഡിസംബർ രണ്ടിനാണല്ലോ ഭാര്യ മരിക്കുന്നത്. ആരോഗ്യം വീണ്ടെടുക്കുന്നതിനായി ഡോക്ടർമാർ നിർദേശിച്ചത് മിതമായ കാലാവസ്ഥയുള്ള ഒരിടത്ത് പോയി കുറച്ചുകാലം താമസിക്കാനാണ്. അങ്ങനെ ആദ്യം അദ്ദേഹം വൈറ്റ് ദ്വീപിലെ വെന്റ്നോവറിലേക്ക് പോയി. 1882ലെ വസന്തത്തിൽ അൾജിയേഴ്സിലേക്ക് പോയി. വസന്തമെന്നാൽ അൾജിയേഴ്സിൽ ഏപ്രിൽ മാസത്തിലാണ്. 1882 ലെ ഏപ്രിലിൽ അൾജിയേഴ്സിൽ മുപ്പത് ഡിഗ്രി ചൂടുണ്ട്.
അവിടെ, അൾജിയേഴ്സിൽ എവിടെ നോക്കിയാലും മൂറുകളാണല്ലോ. അവർക്കിടയിൽ, അഥവാ മുസ്ലിംകൾക്കിടയിൽ കാൾ മാർക്സ് ആദ്യമായി ജീവിക്കുകയാണ്. അറുപത്തിനാല് വർഷത്തെ ജീവിതത്തിന്റെ അവസാന പാദത്തിൽ.
കൊടുംതണുപ്പിൽ നിന്ന് രക്ഷതേടി എത്തിയതാണ് മൂറുകൾക്ക് നടുവിൽ. ആ ജീവിതം അദ്ദേഹം നന്നായി ആസ്വദിച്ചിരുന്നുവെന്ന് പറയാനാവില്ല. ജെന്നിയുടെ വിയോഗം വല്ലാതെ വേട്ടയാടിയിരുന്നു. എംഗൽസിനുള്ള ഒരു കത്തിൽ അദ്ദേഹം പറയുന്നുണ്ട്: "ഇടയ്ക്കൊന്ന് പറഞ്ഞുകൊള്ളട്ടെ, പ്രകടനാത്മകമായ ദൈന്യത കാണിക്കുന്നതിൽ എന്നെപ്പോലെ പരാങ്മുഖത്വം മറ്റാർക്കും കാണുകയില്ല. എന്നിരിക്കിലും എന്റെ ചിന്തകളിൽ ഒരു വലിയ ഭാഗം എന്റെ പത്നിയുടെ സ്മരണകളിൽ മുഴുകിയിരിക്കുകയാണെന്ന് കുറ്റസമ്മതം നടത്താതിരുന്നാൽ അത് നുണയായിരിക്കും."
എങ്കിലും ആ ദിവസങ്ങൾ ആസ്വദിച്ചില്ലെന്നും പറയാനാവില്ല. ചുരുങ്ങിയപക്ഷം അതിനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഒരിക്കൽ മുടിയും താടിയും വെട്ടിച്ചെറുതാക്കിയിട്ടുണ്ട്! തനിക്ക് 'പ്രവാചകപരിവേഷം' നൽകിയിരുന്ന ആ താടിക്കാട് കത്രിച്ചിട്ടത് കണ്ടപ്പോൾ ഉൗറിച്ചിരിച്ചതൊക്കെ മാർക്സ് എംഗൽസിനെ എഴുതിയറിയിക്കുന്നുണ്ട്. തന്റെ മുടി 'സമർപ്പിച്ചു' എന്നാണ് ഒരു പ്രയോഗം. ഒരു തരം അനുഷ്ഠാനം പോലെ. താടിഭാരം കുറച്ചപ്പോൾ സ്റ്റുഡിയോവിൽ പോയി ഫോട്ടോ എടുത്തിട്ടുമുണ്ട്.
എംഗൽസിനും മറ്റു സുഹൃത്തുക്കൾക്കുമെല്ലാം അൾജിയേഴ്സിൽ വെച്ച് എഴുതിയ കത്തുകളിൽ അദ്ദേഹം "മൂർ" എന്നാണ് തന്നെത്തന്നെ വിളിക്കുന്നത്. കത്തുകൾ അവസാനിപ്പിച്ചുകൊണ്ട് സ്വന്തം മൂർ എന്നെഴുതിയാണ് ഒപ്പിടുന്നത്. മക്കൾക്കുള്ള കത്തിൽ നേരത്തെ ഒപ്പുവെച്ചിരുന്നത് 'ഓൾഡ് നിക്ക്' എന്നെഴുതിയാണ്. അതാത് പിശാച്! ആ സ്ഥാനത്ത് ഇപ്പോൾ മൂർ എന്നാണ്.
അൾജീരിയൻ ജീവിതം കൊണ്ട് ആരോഗ്യം കാര്യമായി മെച്ചപ്പെട്ടില്ലാ എന്നാണ് ജീവചരിത്രത്തിൽ നിന്ന് മനസ്സിലാകുന്നത്. തുടർന്ന് തെക്കൻ ഫ്രാൻസിൽ പോയി താമസിച്ചിട്ടും ഗുണമുണ്ടായില്ല. സ്ഥിതി അൽപ്പമെങ്കിലും മെച്ചപ്പെട്ടത് വേനൽക്കാലത്ത് സ്വിറ്റ്സർലാന്റിൽ എത്തിയപ്പോഴാണ്.
ഊരുചുറ്റൽ കഴിഞ്ഞ് 1882 ഒക്ടോബറിൽ മാർക്സ് ഇംഗ്ലണ്ടിൽ തിരിച്ചെത്തി. ശരീരം കുറച്ചൊന്ന് ഉഷാറായിരുന്നു. മൂലധനത്തിന്റെ എഴുത്തുപണി വീണ്ടും ആരംഭിക്കാനാലോചിച്ചതാണ്. പാർട്ടിപ്പത്രത്തിൽ ലേഖനങ്ങൾ എഴുതിക്കൊടുക്കാമെന്നും ഏറ്റതാണ്. പക്ഷേ, നവംബറിലെ മൂടൽമഞ്ഞ് പിന്നെയും വീഴ്ത്തി. രക്ഷതേടി വെന്റ്നോവറിലേക്ക് വീണ്ടും പോയി. തണുപ്പും ഈർപ്പവും ഇടയ്ക്കിടെ ശ്വാസംമുട്ടിച്ചു. അതിനിടെ മകൾ ജെന്നിയുടെ മരണം.
1883 തുടക്കത്തിൽ തിരികെ വീണ്ടും ലണ്ടനിലെത്തി. ഫെബ്രുവരി ആയപ്പോഴേക്കും ശ്വാസകോശത്തിൽ പരുക്കൾ പൊന്തി. ചികിത്സയും പരിചരണവും ഒന്നും ഫലിച്ചില്ല. എംഗൽസ് എല്ലാ ദിവസവും സുഹൃത്തും സഖാവും സഹപ്രവർത്തകനും എല്ലാമായ മാർക്സിനെ കാണാൻ എത്തുമായിരുന്നു. മാർച്ച് 14 ന് ഉച്ചതിരിഞ്ഞാണെത്തിയത്: "ഞങ്ങൾ മുറിയിൽ കടന്നപ്പോൾ അദ്ദേഹം ഉറങ്ങുകയായിരുന്നു. എന്നാൽ, ഇനിയൊരിക്കലും ഉണരാത്ത ഉറക്കമായിരുന്നു അത്. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും ശ്വാസവും നിലച്ചു കഴിഞ്ഞിരുന്നു. ആ രണ്ട് മിനിറ്റുകൾക്കിടയിൽ യാതൊരു വേദനയും കൂടാതെ സമാധാനമായി അദ്ദേഹം മരിച്ചു."
ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ കാൾമാർക്സിനെ അടക്കം ചെയ്തു. സെമിത്തേരിയിൽ എന്നാൽ സഭയുടെ സവിശേഷമായ വിവേചനത്തോടെ, അവിശ്വാസികൾക്കും അരാജകവാദികൾക്കും വേണ്ടി നീക്കിവെച്ചിട്ടുള്ള കുഴിമാടപ്പുറമ്പോക്കിൽ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മാർക്സ് മതവിശ്വാസിയല്ലായിരുന്നല്ലോ.
എന്നാൽ, മതമെന്നത് മാർക്സിന് അന്യമായ വിഷയമായിരുന്നില്ല. അദ്ദേഹത്തിന്റെയും ബൗദ്ധികപങ്കാളി എംഗൽസിന്റേയും എഴുത്തുകളുടെ തുടക്കംതന്നെ മതത്തെ തൊട്ടുകൊണ്ടാണ്. മാർക്സ് - എംഗൽസ് തെരഞ്ഞെടുത്ത കൃതികളുടെ ഒന്നാം അദ്ധ്യായത്തിലെ ഒന്നാം ഖണ്ഡികയിൽതന്നെ
'ക്രിസ്തുമതസാരം' കടന്നുവരുന്നുണ്ട്. ക്രിസ്തുമതത്തേയും ജൂതമതത്തേയും പഠിച്ചും പരാമർശിച്ചും വീക്ഷിച്ചും വിമർശിച്ചുമാണ് മാർക്സും എംഗൽസും കമ്മ്യൂണിസത്തിലേക്ക് മുന്നേറുന്നത്.
1818 മെയ് അഞ്ച് മുതൽ 1883 മാർച്ച് 13 വരെയാണ് മാർക്സ് ജീവിച്ചിരുന്നത്. 64 വയസ്സുവരെ. 1820 നവംബർ 28 മുതൽ 1895 ആഗസ്റ്റ് അഞ്ച് വരെയാണ് എംഗൽസ് ജീവിച്ചിരുന്നത്. 74 വർഷക്കാലം. സജീവവും സാരവത്തുമായ ജീവിതമായിരുന്നു രണ്ടു പേരുടേതും. കാര്യമായും എഴുത്തായിരുന്നു പ്രവർത്തന മണ്ഡലം. പ്രസംഗങ്ങളും സംഘാടനങ്ങളും ഇല്ലെന്നല്ല. എഴുത്തായിരുന്നു മറ്റെല്ലാത്തിന്റേയും അടിസ്ഥാനം. ആശയരൂപീകരണവും ആശയപ്രചാരണവുമെല്ലാം നടക്കുന്നത് അതിലൂടെയാണല്ലോ.
1848 ഫെബ്രുവരി 21 ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തുവരുന്നു. ജർമ്മൻ ഭാഷയിൽ. ഈ ബൗദ്ധിക ഇരട്ടകളുടെ സാന്നിദ്ധ്യം ലോകം ശ്രദ്ധിക്കുന്നത് അപ്പോഴാണ്. 1867 ൽ മൂലധനം പുറത്തുവരുന്നതോടെ രാഷ്ട്രീയ-ദാർശനിക ലോകത്തിന്റെ ശ്രദ്ധ മുഴുവൻ മാർക്സിലേക്ക് നീളുന്നു. 1867 ൽ ഒന്നാം വോള്യമാണ് വന്നത്. 1885 ൽ രണ്ടാം വോള്യം. മൂന്നാം വോള്യം വന്നത് 1894 ലാണ്. സ്വാഭാവികമായും എംഗൽസ് ഒറ്റയ്ക്കാണ് മൂന്നാം വോള്യത്തിന്റെ മിനുക്കുപണികൾ മുഴുമിപ്പിക്കുന്നത്.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവിലും മൂലധനത്തിലും ഇല്ലാത്ത എന്തും മാർക്സ് - എംഗൽസ് തെരഞ്ഞടുത്ത കൃതികളിൽ കാണാം. ജീവിച്ചിരുന്നപ്പോൾ ഇരുവരും നടത്തിയ എല്ലാ വ്യവഹാരങ്ങളുടേയും സമാഹാരമാണിത് എന്ന് ചുരുക്കിപ്പറയാം. ഇതിൽ എല്ലാം ഉൾപ്പെടും. രണ്ടു പേരും പരസ്പരം എഴുതിയ കത്തുകളും മറുപടികളുമുണ്ട്. രണ്ടുപേരും മറ്റുള്ളവർക്ക് എഴുതിയ കത്തുകളുണ്ട്. പത്രാധിപൻമാർക്കെഴുതിയ കത്തുകളുണ്ട്. പത്രങ്ങൾക്കെഴുതിയ ലേഖനങ്ങളുണ്ട്. ഖണ്ഡന ലേഖനങ്ങൾക്കുള്ള മണ്ഡന മറുപടികളുണ്ട്. പുസ്തകങ്ങൾക്കുള്ള അവതാരികകളുണ്ട്. പ്രസംഗങ്ങളുണ്ട്. വിമർശനങ്ങളുണ്ട്. വീക്ഷണങ്ങളുണ്ട്. മാർക്സും എംഗൽസും അവരുടെ കാലത്ത് ലോകത്തെ എങ്ങനെ കണ്ടു എന്ന് എളുപ്പത്തിലൊന്ന് മനസ്സിലാക്കാൻ കൃതികളുടെ സമാഹാരത്തിലൂടെ വേഗത്തിലൊന്ന് കടന്നുപോയാൽ മതി.
സോവിയറ്റ് യൂണിയൻ നിലവിലുള്ള കാലത്ത് ഔദ്യോഗിക പ്രസിദ്ധീകരണാലയം 50 വോള്യങ്ങളായാണ് ഇത് പ്രസിദ്ധീകരിച്ചത്. പല പല ഭാഷങ്ങളിലേക്ക് വിവർത്തനം ചെയ്ത് ലോകത്ത് എങ്ങും എത്തിച്ചു. വളരെയെളുപ്പത്തിൽ ആർക്കും മനസ്സിലാക്കാവുന്ന തരത്തിലാണ് മലയാളത്തിൽ ഇൗ പുസ്തകങ്ങളുടെ സംവിധാനം. അടിക്കുറിപ്പുകൾ, പദസൂചികകൾ, വ്യക്തിവിവരങ്ങൾ, വിശദീകരണങ്ങൾ എല്ലാം ചേർത്ത പഠനസഹായികൾ. അദ്ധ്യാപകരുടെ മാർഗനിർദേശം ഇല്ലാതെതന്നെ രാഷ്ട്രീയ വിദ്യാർഥികൾക്ക് ആ പ്രത്യയശാസ്ത്രത്തെ സമീപിക്കാം. സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്നപ്പോൾ മലയാളികളായ എഴുത്തുകാരെ അവിടെ കൊണ്ടുപോയി താമസിപ്പിച്ചാണ് തർജമ ചെയ്യിച്ചിരുന്നത്. അവിടെത്തന്നെ അച്ചടിച്ചു. ഗംഭീരമായി ബൈന്റ് ചെയ്ത് ഭംഗിയാക്കി കേരളത്തിൽ കൊണ്ടുവന്ന് വിതരണം ചെയ്തു. സോവിയറ്റ് യൂണിയൻ ഛിന്നഭിന്നമായി 31 വർഷങ്ങൾ കഴിഞ്ഞിട്ടും ആ പുസ്തകങ്ങൾ നൂലുപൊട്ടാതെ നിൽക്കുന്നുണ്ട്. പന്ത്രണ്ട് വോള്യങ്ങളേ മലയാളത്തിൽ വന്നുള്ളൂ എന്നുമാത്രം. മാർക്സ് - എംഗൽസ് തെരഞ്ഞെടുത്ത കൃതികൾ എന്ന പേരിൽ.
രാഷ്ട്രീയ വിദ്യാർഥികൾക്ക് നേരിട്ട് പ്രവേശിക്കാം എന്നു പറഞ്ഞല്ലോ. എന്നാലും ആ ദർശനിക ലോകത്തേക്ക് കടന്നു ചെല്ലാൻ സഹായം വേണ്ടവർക്ക് കൈ നീട്ടിക്കൊടുക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റ് പണ്ഡിതർ മടിയില്ലാതെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. മാർക്സ് - എംഗൽസ് സമ്പൂർണ സമാഹാരത്തിൽ നിന്നും മറ്റു പ്രാമാണിക ഗ്രന്ഥങ്ങളിൽ നിന്നും വിവരങ്ങൾ വേർതിരിച്ചെടുത്ത് വിഷയക്രമത്തിൽ സമഗ്രമായ പുസ്തകങ്ങൾ ആറ്റിക്കുറുക്കി എടുത്തിട്ടുണ്ട്. അങ്ങനെയൊരാളാണ് കെ.ഇ.എൻ.
"മാർക്സ്, എംഗൽസ്, ലെനിൻ - മതത്തെപ്പറ്റി" എന്നൊരു പുസ്തകം കെ.ഇ.എന്നിന്റേതുണ്ട്. ** അതിലൂടെ കടന്നാൽ മാർക്സും എംഗൽസും മതങ്ങളെ എങ്ങനെ വിശദീകരിക്കുന്നുവെന്ന് കുറച്ചുകൂടി എളുപ്പത്തിൽ മനസ്സിലാകും.
മാർക്സിന്റെ ജീവിതവും മതങ്ങളും തമ്മിൽ എങ്ങനെയായിരുന്നു എന്നറിയാമല്ലോ. ജൂത കുടുംബത്തിൽ ജനിച്ചു. കൃസ്ത്യൻ അന്തരീക്ഷത്തിൽ ജീവിച്ചു. ക്രിസ്ത്രീയ വനിതയെ വിവാഹം ചെയ്തു. മാർക്സ് മതരഹിതനായിരുന്നു എങ്കിലും ജെന്നിയുടെ കഴുത്തിലെ കുരിശിന് മതമുണ്ടായിരുന്നു. അദ്ദേഹം ധൈഷണിക ജീവിതത്തിൽ ഉടനീളം കൈ്രസ്തവരും ജൂതന്മാരുമായ ബുദ്ധിജീവികളോട് തർക്കിച്ച്കൊണ്ടിരിന്നു. മുസ്ലിം അന്തരീക്ഷത്തിൽ ജീവിക്കുന്നത് ജീവിതത്തിന്റെ അവസാനത്തെ മൂന്ന് നാല് മാസങ്ങൾ മാത്രമാണ്.
പക്ഷേ, മാർക്സിന്റേയും എംഗൽസിന്റേയും ശ്രദ്ധയിലേക്ക് മുസ്ലിംകൾ 1850 മുതൽതന്നെ കടന്നുവരുന്നുണ്ട്. ഒട്ടോമൻ സാമ്രാജ്യവും തുർക്കിയും ലോകരാഷ്ട്രീയത്തിൽ ഇടപെടുന്നതോടെയാണിത്. അതു മുതൽ മാർക്സിന്റേയും എംഗൽസിന്റേയും രചനകളിൽ മുസ്ലിംകളെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. അതുപക്ഷേ, സാന്ദർഭികമായി പറഞ്ഞു പോകുന്നത് മാത്രമാണ് എന്ന വിമർശനങ്ങളുമുണ്ട്. എങ്കിലും അവ പ്രധാനമാണ്. അവർ എത്രമാത്രം പറഞ്ഞു എന്നതിനേക്കാൾ പ്രധാനമാണല്ലോ എന്തു പറഞ്ഞു എന്നത്.
കമ്മ്യൂണിസ്റ്റ് ദർശനത്തിന്റെ അടിസ്ഥാന വചനങ്ങളിൽ മുസ്ലിംകൾ പരാമർശിക്കപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ? എന്നൊക്കെ അറിയേണ്ടതുണ്ടല്ലോ. അത് അടുത്ത ലക്കത്തിൽ പരിശോധിക്കാം.
* ഹൈന്റിച്ച് ഗെംകോവ് എഴുതിയ ജീവചരിത്രത്തിൽ നിന്നാണിത്. മാർക്സിനെപ്പറ്റി രചിക്കപ്പെട്ടിട്ടുള്ള കൃതികളിൽ ഏറ്റവും സമഗ്രവും പ്രസക്തവുമായ ഗ്രന്ഥം എന്ന് വാഴ്ത്തപ്പെടുന്ന പുസ്തകമാണിത്. പി.ഗോവിന്ദപ്പിള്ള, എം.പി പരമേശ്വരൻ, വി. അരവിന്ദാക്ഷൻ, കെ.ഇ.കെ നമ്പൂതിരി എന്നിവർ ചേർന്നാണ് മലയാളത്തിലേക്ക് തർജമ ചെയ്തത്. ചിന്ത പബ്ലിക്കേഷൻ.
** മാർക്സ് എംഗൽസ് ലെനിൻ - മതത്തെപ്പറ്റി. പ്രോഗ്രസ് പബ്ലിക്കേഷൻ.
(തുടരും)