Analysis
ഫാസിസത്തിനെതിരായ പോരാട്ടം അവസാനിക്കുന്നില്ല
Click the Play button to hear this message in audio format
Analysis

ഫാസിസത്തിനെതിരായ പോരാട്ടം അവസാനിക്കുന്നില്ല

ഗുർപ്രീത് സിംഗ്
|
11 March 2022 2:44 PM GMT

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്യുന്നു

ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ നമ്മളെ അസ്വസ്ഥമാക്കേണ്ടതാണ്. പഞ്ചാബിലെ 117 സീറ്റുകളിൽ 90 ഓളം സീറ്റുകൾ നേടി ബി.ജെ.പിക്കും കോൺഗ്രസിനും പകരം വെക്കാവുന്ന പാർട്ടിയായി വളർന്നു. എന്നിരുന്നാലും ഹിന്ദു ദേശീയവാദ പാർട്ടി ആയ ബി.ജെ.പി തന്നെയാണ് ഉത്തർപ്രദേശ് ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലും വിജയിച്ചത്.

ഉത്തർപ്രദേശിലെ 403 സീറ്റുകളിൽ 273 സീറ്റുകൾ നേടിയ ബി.ജെ.പി അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ 70 സീറ്റുകളിൽ 47 ഉം നേടി. ഇതിനു സമാനമായി മണിപ്പൂരിൽ 60ൽ 32 സീറ്റും ഗോവയിൽ 40ൽ 20 സീറ്റുകളും ബി.ജെ.പി നേടി. 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടുന്ന സംഘത്തിന് ഏറെ ആത്മവിശ്വാസം നൽകുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ.

എന്നാൽ, 2014 ൽ ആദ്യമായി അധികാരത്തിലേറിയത് മുതൽ ഇതുവരെ മോദി പ്രഭാവം പഞ്ചാബിൽ തീരെ ഫലിച്ചിട്ടില്ല. എല്ലാ പരമ്പരാഗത പാർട്ടികളെയും തിരസ്കരിച്ച് ആം ആദ്മി പാർട്ടിക്ക് വമ്പിച്ച ഭൂരിപക്ഷം നൽകിയതാണ് ഇത്തവണത്തെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സവിശേഷത. ഡൽഹിക്ക് ശേഷം ആം ആദ്മി പാർട്ടി ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. പഞ്ചാബിലെ ആഘോഷം മനസ്സിലാക്കാവുന്നതാണെങ്കിലും ഫാസിസ്റ്റുകൾക്കെതിരായ യഥാർഥ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല.



മോദിക്ക് കീഴിൽ ഇന്ത്യ ഒരു ഹിന്ദുത്വ സ്വേച്ഛാധിപത്യവും അസഹിഷ്ണുത നിറഞ്ഞതുമായ രാജ്യമായി മാറി. കഴിഞ്ഞ എട്ടു വർഷത്തിനിടെ രാഷ്ട്രീയ അഭിപ്രായ വ്യതാസങ്ങൾ പ്രകടിപ്പിക്കുന്നവർക്കെതിരെയും മുസ്ലിംകളും ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള മത ന്യൂനപക്ഷങ്ങൾക്കെതിരെയും അതിക്രമങ്ങൾ വർധിക്കുകയുണ്ടായി. നിർഭാഗ്യവശാൽ ബി.ജെ.പിക്കെതിരായും ഹിന്ദുത്വ അജണ്ടകൾക്കെതിരായും പ്രത്യയശാസ്ത്രപരമായ ഒരു പോരാട്ടത്തിന് ആപ്പിന് സാധിച്ചിട്ടില്ല. ബി.ജെ.പിയുടെ വർഗീയ ധ്രുവീകരണ അജണ്ടകളോട് വളരെ മൃദുവായ സമീപനമാണ് ആപ് സ്വീകരിച്ചിട്ടുള്ളത്. ആം ആദ്മി പാർട്ടി ബി.ജെ.പിയുടെ ബി പാർട്ടി ആണോയെന്ന് സംശയിക്കുന്നവർ പോലും രാഷ്ട്രീയ വൃത്തങ്ങളിലുണ്ട്.

മുസ്ലിം വിരുദ്ധത ഉപയോഗിച്ച് ഉത്തർ പ്രദേശ് പോലെയുള്ള ഇടങ്ങളിലെ സാമൂഹിക അന്തരീഷം കലുഷിതമാക്കി ബി.ജെ.പി നേട്ടം കൊയ്തത് വ്യക്തമായ കാര്യമാണ്. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളും ഇത്തരം വിഷയങ്ങളിൽ മൗനം അവലംഭിച്ചതായും ചില അവസരങ്ങളിൽ മോദിയേക്കാൾ മികച്ച രീതിയിൽ ദേശ സുരക്ഷയുടെ വക്താവായി മാറുന്നതായി കാണാം.



മോദി ഈയടുത്തൊന്നും പുറത്ത് പോകാൻ പോകുന്നില്ലെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത്. സ്വതവേ അദ്ദേഹത്തിനെതിരെ നിലകൊണ്ട പഞ്ചാബ് എന്ന സംസ്ഥാനത്തെ ആം ആദ്മി പാർട്ടിയുടെ വിജയത്തെ ആഘോഷിക്കുന്നതിലൂടെ പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാകില്ല. പാർലമെന്റിൽ പഞ്ചാബിൽ നിന്നും 13 സീറ്റുകളാണുള്ളതെങ്കിൽ യു.പിയിൽ നിന്നും ഇത് 80 ആണ്. അതുകൊണ്ട് തന്നെ മോദിക്ക് പഞ്ചാബിനെ എളുപ്പത്തിൽ അവഗണിക്കാൻ സാധിക്കും. തന്റെ ആവനാഴിയിലെ അവസാനത്തെ അസ്ത്രവുമുപയോഗിച്ച് ഉത്തർ പ്രദേശ് സംസ്ഥാനത്തെ തന്റെ കൂടെ നിർത്താൻ മോദി ശ്രമിക്കും. ഇതുവഴി തന്റെ ഭൂരിപക്ഷവും ഭരണവും നിലനിർത്താൻ മോദിക്ക് കഴിയും. ഉത്തർ പ്രദേശിലെ പ്രബല ഹിന്ദു വോട്ടർമാർ അദ്ദേഹത്തിന്റെ വിഭാഗീയ രാഷ്ട്രീയത്തിന് ഒപ്പമാണെന് തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ച സ്ഥിതിക്ക് സമീപ ഭാവിയിലൊന്നും രാജ്യം അദ്ദേഹത്തിന്റെ കയ്യിൽ നിന്നും വിട്ടുപോകുമെന്ന ആലോചനക്ക് തന്നെ വകയില്ല.

Similar Posts