തീവ്ര ഇസ്‌ലാമിസം, ഹിന്ദുത്വ തീവ്രവാദം; ശങ്കു.റ്റി.ദാസിന്റെ വാദങ്ങള്‍ക്കുള്ള മറുപടി
|പിതൃഭൂമിയും പുണ്യഭൂമിയുമായ ഇന്ത്യ സ്വാതന്ത്ര്യാനന്തരം കൈയില്‍ നിന്ന് വഴുതിപ്പോയപ്പോള്‍ അതിനെ എങ്ങനെയും തിരികെപ്പിടിക്കാനായി സംഘ്പരിവാര്‍ തങ്ങളുടെ പോരാളികളെ രണ്ടു ബറ്റാലിയനായി തിരിച്ചാണ് കളത്തിലിറക്കിയത്. ഒരു കൂട്ടര്‍ സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന താക്കോല്‍ സ്ഥാനങ്ങളില്‍ ഇരുന്ന് കരുക്കള്‍ നീക്കി. മറ്റൊരു കൂട്ടര്‍ ജനങ്ങള്‍ക്കിടയില്‍ സംഘ്പരിവാറിന് അനുകൂലമായ സാമൂഹ്യപരിസരം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധിച്ചു.
തീവ്രവാദവും സങ്കുചിതത്വവും ഇസ്‌ലാമിന്റെ മാത്രം ശാപമാണോ? മറ്റു മതങ്ങള്‍ അവരുടെ വിശ്വാസത്തിന്റെയും ആശയപ്രചാരണത്തിന്റെയും കാര്യത്തില്‍ തീവ്രനിലപാടുകള്‍ പുലര്‍ത്തുന്നില്ലേ? ജാതി-ലിംഗ വ്യത്യാസങ്ങളാല്‍ പലതരം വിവേചനങ്ങള്‍ നിലനില്‍ക്കുന്ന ഹിന്ദു മതത്തിലെ തീവ്രനിലപാടുകാരായ സംഘ്പരിവാര്‍ തന്നെ സമത്വത്തിലും സഹോദര്യത്തിലും വേരുറച്ച ഇസ്‌ലാമിനു നേര്‍ക്ക് വിരല്‍ ചൂണ്ടുന്നത് തികഞ്ഞ കാപട്യമല്ലെങ്കില്‍ പിന്നെന്താണ്?
ടെലിവിഷന്‍ ചാനലുകളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ഇന്ന് നടക്കുന്ന ചര്‍ച്ചകള്‍ കേട്ടാല്‍ സ്വതന്ത്രമായി ചിന്തിക്കുന്ന ഏതൊരാളുടെയും മനസ്സിലേയ്ക്ക് കടന്ന് വന്നേക്കാവുന്ന ചോദ്യങ്ങളാണ് ഇവ. തീവ്രചിന്തയും മതരാഷ്ട്രവാദവും മതന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശ ധ്വംസനവുമൊന്നും ഒരു മതത്തിന്റെയും കുത്തകയല്ലെന്നിരിക്കെ ഒരു പ്രത്യേക വിശ്വാസഘടനയെയും അതിനെ പിന്‍പറ്റുന്ന സമൂഹത്തെയും മാത്രം ഇതിന്റെയെല്ലാം വക്താക്കളായി ചിത്രീകരിക്കുന്നത് ഒരു നിശ്ചിത ലക്ഷ്യത്തോടെയാണെന്ന് പറയേണ്ടതില്ലല്ലോ.
ലോകമാകെ തീവ്രഇസ്‌ലാമിന്റെ ഭീഷണിയിലാണെന്നും ഹിന്ദുത്വതീവ്രവാദം എന്നത് വെറും സാങ്കല്‍പികം മാത്രമാണെന്നും സമര്‍ഥിക്കാനുള്ള വിവിധ തരം കസര്‍ത്തുകള്‍ സംഘ്പരിവാര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടത്തി വരികയാണ്. ഹിന്ദുത്വ തീവ്രാദവാദം എന്നൊന്നില്ലെന്നും ഉള്ളത് തീവ്രഇസ്‌ലാമിനോടുള്ള ജനാധിപത്യപരമായ ചെറുത്തുനില്‍പ് മാത്രമാണെന്നുമുള്ള പ്രമുഖ സംഘ്പരിവാര്‍ മുഖമായ അഡ്വ. ശങ്കു.റ്റി.ദാസിന്റെ ഫേസ്ബുക് പോസ്റ്റ് ഇത്തരം വിദണ്ഡവാദങ്ങളുടെ പരമ്പരയില്‍ ഒരെണ്ണം മാത്രമാണ്. എന്നാല്‍, കേട്ടാല്‍ സത്യമെന്ന് തോന്നിയ്ക്കുന്ന ചാതുരിയോടെ അര്‍ധസത്യങ്ങള്‍ നിരത്തുന്ന പോസ്റ്റ് വായനക്കാരെ വഴിതെറ്റിച്ചേയ്ക്കും എന്നുള്ളതിനാല്‍ ചരിത്രയാഥാര്‍ഥ്യങ്ങളുടെ വെളിച്ചത്തില്‍ അപഗ്രഥിക്കേണ്ടതുണ്ട് എന്നതിനാലാണ് ഈ ലേഖനം എഴുതാന്‍ തീരുമാനിച്ചിട്ടുള്ളത്.
സിമി ഇന്ത്യയില്‍ എത്ര ബോംബ് സ്ഫോടനങ്ങള്‍ നടത്തിയിട്ടുണ്ട്? വര്‍ഗീയ കലാപങ്ങള്‍ നടത്തിയിട്ടുണ്ട്? ബാബ്റി മസ്ജിദിനെ ലക്ഷ്യമാക്കി രഥമുരുട്ടി സംഘപരിവാര്‍ രാജ്യത്തിന്റെ സ്വസ്ഥത തകര്‍ത്ത എണ്‍പതുകള്‍ വരെ അവരെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും ഭീഷണിയോ വേവലാതിയോ ഉണ്ടായിരുന്നോ?
പി.എഫ്.ഐയുടെ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ന്യൂനപക്ഷ തീവ്രവാദം സംഘ പരിവാറിന്റെ ഭൂരിപക്ഷ തീവ്രവാദത്തിനോടുള്ള പ്രതിപ്രവര്‍ത്തനം ആയിരുന്നില്ല എന്നും ജാത്യാലുള്ള ഹിന്ദുവിരോധവും രാജ്യവിരുദ്ധതയുമാണ് മുസ്‌ലിം ഭീകരതയ്ക്ക് അടിസ്ഥാനമെന്നും പറഞ്ഞുവെയ്ക്കുകയാണ് മിസ്റ്റര്‍.ശങ്കു. അതിനായി അദ്ദേഹം നിരത്തുന്ന ഉദാഹരണങ്ങള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിയ്ക്കുന്ന കുതന്ത്രങ്ങള്‍ ശ്രദ്ധിക്കൂ.
ഒന്നാമതായി അദ്ദേഹം പറയുന്നു, സിമി രൂപീപകരിക്കപ്പെടുന്ന എഴുപതുകളില്‍ ബി.ജെ.പി ഇല്ല. ആര്‍.എസ്.എസ്സിന് ശക്തിയില്ല. എന്നിട്ടും ഇസ്‌ലാമിക രാജ്യസ്ഥാപനത്തിനായി മുസ്‌ലിംകള്‍ സിമി ഉണ്ടാക്കിയിരുന്നില്ലേ എന്ന്. സിമി അവരുടെ ജനനഘട്ടത്തിലേതില്‍ നിന്ന് വഴുതി മാറി സ്വീകരിച്ച ആശയങ്ങളോട് വിയോജിപ്പുള്ളയാളാണ് ഞാന്‍. അതുകൊണ്ട് അവരെ ന്യായീകരിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. എങ്കിലും ഒന്ന് ചോദിക്കട്ടെ. സിമി ഇന്ത്യയില്‍ എത്ര ബോംബ് സ്ഫോടനങ്ങള്‍ നടത്തിയിട്ടുണ്ട്? വര്‍ഗീയ കലാപങ്ങള്‍ നടത്തിയിട്ടുണ്ട്? ബാബ്റി മസ്ജിദിനെ ലക്ഷ്യമാക്കി രഥമുരുട്ടി സംഘപരിവാര്‍ രാജ്യത്തിന്റെ സ്വസ്ഥത തകര്‍ത്ത എണ്‍പതുകള്‍ വരെ അവരെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും ഭീഷണിയോ വേവലാതിയോ ഉണ്ടായിരുന്നോ?
അടുത്ത പരിഭവം ഇന്ത്യയില്‍ എവിടെയും ബി.ജെ.പി അധികാരത്തില്‍ വരുന്നതിന് മുന്‍പായിരുന്നില്ലേ മുസ്‌ലിംകള്‍ നാദാപുരം ഡിഫന്‍സ് ഫോഴ്സ് ഉണ്ടാക്കിയത് എന്നാണ്. എണ്‍പതുകളുടെ രണ്ടാം പാദത്തില്‍ നാദാപുരത്തു നടന്ന ലീഗ്-സി.പി.എം സംഘര്‍ഷങ്ങളുടെ നീണ്ട പരമ്പര ഓര്‍മയുള്ളതാണല്ലോ. നിരന്തര സംഘര്‍ഷങ്ങളുടെ ഫലമായി പരസ്പര വിശ്വാസം നഷ്ടപ്പെട്ട രണ്ട് സമൂഹങ്ങളെ കൂടുതല്‍ അകറ്റിയതില്‍ ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ വടക്കേ ഇന്ത്യയില്‍ അക്കാലത്ത് നടന്ന രഥയാത്രയ്ക്ക് പങ്കില്ലായിരുന്നു എന്ന് ശങ്കുവിന് എങ്ങനെ പറയാന്‍ സാധിക്കുന്നു?
ഇനി, 1994ല്‍ മഅ്ദനിയുടെ പാര്‍ട്ടിയുമായി ചേര്‍ന്ന് എന്‍.ഡി.എഫ് ഉണ്ടാക്കിയപ്പോള്‍ ബി.ജെ.പിക്ക് ഭരണമില്ലായിരുന്നു പോലും. അര്‍ധസത്യം എന്ന് ഞാന്‍ തുടക്കത്തില്‍ പറഞ്ഞുവെങ്കിലും ഇവിടെ ശങ്കു പാതിസത്യം പോലും പറയുന്നില്ല. സംഘപരിവാര്‍ 1992ല്‍ ബാബറി മസ്ജിദ് കയ്യേറി തല്ലിപ്പൊളിച്ചതോടെ രണ്ടു മതങ്ങള്‍ക്കിടയില്‍ നൂറ്റാണ്ടുകളായി കാത്തുസൂക്ഷിച്ച പരസ്പരവിശ്വാസവും സഹിഷ്ണുതയുമാണ് അതിനൊപ്പം തകര്‍ന്ന് വീണത്. അതിനെ തുടര്‍ന്ന് രാജ്യമെമ്പാടും നടന്ന എണ്ണമറ്റ കലാപങ്ങളില്‍ ഏറ്റവും വലുത് ഒരുപക്ഷേ ബോംബെയുടെ തെരുവുകളില്‍ നടന്നതാവും. മുസ്‌ലിംകകളുടെ പ്രതികാരദാഹം എന്ന് സംഘ്പരിവാര്‍ മുദ്രകുത്തിയ ഈ കലാപത്തില്‍ പക്ഷേ 900 പേര്‍ കൊല്ലപ്പെട്ടതില്‍ ഏതാണ്ട് അറുനൂറോളം മുസ്‌ലിംകള്‍ തന്നെയായിരുന്നു. പള്ളി തകര്‍ത്തതിന്റെ ആഘോഷത്തിമിര്‍പ്പില്‍ സംഘ്പരിവാര്‍ ബോംബെയുടെ തെരുവുകളില്‍ മുസ്‌ലിംകള്‍ക്ക് മേല്‍ അക്രമം അഴിച്ചു വിട്ട വിവരം രേഖപ്പെടുത്തിയിട്ടുള്ളത് കലാപം അന്വേഷിച്ച ശ്രീകൃഷ്ണ കമീഷന്റെ റിപ്പോര്‍ട്ടിലാണ്.
ഇത്തരം സംഭവങ്ങള്‍ നടന്നതോടെ ഒരുമിച്ചു നില്‍ക്കാതെ ഇനി ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് രക്ഷയില്ല എന്ന ബോധ്യം അവരില്‍ പലരെയും ഒരല്‍പം തീവ്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രേരിപ്പിച്ചു എന്നത് സത്യം തന്നെ. അതിന്റെ കൂടി പരിണിതിയായിട്ടാണ് എന്‍.ഡി.എഫ് പോലുള്ള പല സംഘടനകളും അക്കാലത്ത് രാജ്യമെമ്പാടും തലപൊക്കിയത്. ഇതിനെയാണ് ശങ്കു.റ്റി.ദാസ് ബി.ജെ.പിക്ക് ഇന്ത്യയില്‍ ഭരണമില്ലാതിരുന്ന കാലത്ത് ഇസ്‌ലാമിക തീവ്രവാദികള്‍ ഏകപക്ഷീയമായി നടത്തിയ ഹിന്ദുവിരുദ്ധ അക്രമം എന്ന മട്ടില്‍ തീരെ നിഷ്‌കളങ്കമായി അവതരിപ്പിക്കുന്നത്.
ഹിന്ദുക്കള്‍ സ്വതവേ ദേശഭക്തരും മുസ്‌ലിംകള്‍ ജന്മനാല്‍ രാജ്യദ്രോഹികളും എന്ന് വരുത്തിത്തീര്‍ക്കാനായി അര്‍ധസത്യങ്ങളും അസത്യങ്ങളും ഇടകലര്‍ത്തി നിരത്തുന്ന ശങ്കു.റ്റി.ദാസിനു മുന്നില്‍ ഇരുകൂട്ടരുടെയും തീവ്രത അളക്കാന്‍ സഹായിക്കുന്ന രണ്ടുമൂന്ന് ചോദ്യങ്ങള്‍ സമര്‍പ്പിക്കുന്നു.
അയോധ്യ, കാശി, മഥുര എന്നിവിടങ്ങളിലെ പള്ളികള്‍ തകര്‍ത്ത് ക്ഷേത്രം പണിയാനുള്ള ആഹ്വാനമാണ് പിന്നീടിങ്ങോട്ട് ശങ്കു സൂചിപ്പിച്ച പല തീവ്രഇസ്‌ലാമിക സംഘടനകളുടെയും ബീജാവാപം ചെയ്തത് എന്നതാണ് പരമാര്‍ഥം. അപ്പോള്‍ പറയൂ, സമാധാനത്തോടെ ജീവിച്ച ഒരു രാജ്യത്തെ തീരാസംഘര്‍ഷങ്ങളിലേക്ക് തള്ളിയിട്ടത് മുസ്‌ലിംകളാണോ?
ഒന്ന് - ഹിന്ദു-മുസ്‌ലിം സൗഹാര്‍ദം അണപൊട്ടി ഒഴുകിയിരുന്ന എഴുപതുകളില്‍ മുസ്‌ലിംകള്‍ എന്തിന് സിമി ഉണ്ടാക്കി എന്നൊരു ചോദ്യം ചോദിച്ചല്ലോ. അങ്ങനെയെങ്കില്‍, ഇന്ത്യയിലെ മുസ്‌ലിംകളില്‍ എത്ര ശതമാനം പേര് സിമിയില്‍ അംഗങ്ങളാവുകയോ അവരോട് കൂറ് പുലര്‍ത്തി ഇസ്‌ലാമിക രാഷ്ട്രം ഉണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയോ ചെയ്തിട്ടുണ്ടാകും? തിരിച്ചൊന്ന് ചിന്തിയ്ക്കൂ. ആര്‍.എസ്.എസ് 1925 ല്‍, വി.എച്ച്.പി 1964 ല്‍ ല്‍, ബജ്രംഗ്ദള്‍ 1984 ല്‍- ഇത് മൂന്നിലും കൂടി എത്ര കോടി ഹിന്ദുക്കള്‍ ഉണ്ടായിരുന്നിരിക്കണം? അത് ആകെയുള്ള ഹിന്ദുക്കളുടെ എത്ര ശതമാനം വരും? അപ്പോള്‍ ആരാണ് എണ്ണത്തില്‍ കൂടിയ തീവ്രവാദികള്‍?
രണ്ട് - വിഭജനകാലത്തെ വലിയ കലാപങ്ങള്‍ക്ക് ശേഷം അങ്ങിങ് വല്ലപ്പോഴും ഉണ്ടായതല്ലാതെ എണ്‍പതുകളുടെ തുടക്കം വരെ എന്ത് കൊണ്ട് കാര്യമായി ഹിന്ദു-മുസ്‌ലിം കലാപങ്ങള്‍ ഉണ്ടായില്ല? ഇപ്പറയുന്ന സിമി 1977ല്‍ ഉണ്ടാക്കിയെങ്കിലും അവര്‍ ഇസ്‌ലാമിക രാജ്യത്തിന് വേണ്ടി കലാപമൊന്നും അഴിച്ചുവിട്ടില്ലല്ലോ. എന്നാല്‍, അതേ ഇന്ത്യയില്‍ എണ്‍പതുകളുടെ മധ്യത്തോടെ ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങള്‍ എങ്ങനെ സര്‍വ്വസാധാരണമായി? ഉത്തരം ഞാന്‍ തന്നെ പറഞ്ഞു തരാം.
1984 ഏപ്രില്‍ 7.8 ദിവസങ്ങളില്‍ ദില്ലിയില്‍ വി.എച്ച്.പിയുടെ നേതൃത്വത്തില്‍ ഒരു ഹിന്ദു ധറം സന്‍സദ് നടന്നു. അന്നത്തെ ജോയിന്റ് സെക്രട്ടറി ആയിരുന്ന അശോക് സിംഗാളിന്റെ നേതൃത്വത്തില്‍ അന്നെടുത്ത തീരുമാനം രാജ്യത്തിന്റെയാകെ സ്വസ്ഥത എന്നെന്നേക്കുമായി നശിപ്പിക്കുന്നതായിരുന്നു. അയോധ്യ, കാശി, മഥുര എന്നിവിടങ്ങളിലെ പള്ളികള്‍ തകര്‍ത്ത് ക്ഷേത്രം പണിയാനുള്ള ആഹ്വാനമാണ് പിന്നീടിങ്ങോട്ട് ശങ്കു സൂചിപ്പിച്ച പല തീവ്രഇസ്‌ലാമിക സംഘടനകളുടെയും ബീജാവാപം ചെയ്തത് എന്നതാണ് പരമാര്‍ഥം. അപ്പോള്‍ പറയൂ, സമാധാനത്തോടെ ജീവിച്ച ഒരു രാജ്യത്തെ തീരാസംഘര്‍ഷങ്ങളിലേക്ക് തള്ളിയിട്ടത് മുസ്‌ലിംകളാണോ?
മൂന്ന് - സിമി, എന്‍.ഡി.എഫ്, പി.ഡി.പി, പി.എഫ്.ഐ തുടങ്ങി കുറെ സംഘടകളുടെ പേര് പറഞ്ഞിട്ട് അവ ഉണ്ടായ സമയത്ത് മോദി അധികാരത്തിലെത്തിയിട്ടില്ല എന്ന വസ്തുതയെ മറയാക്കി മുസ്‌ലിംകളിലെ തീവ്രചിന്താഗതി ആര്‍.എസ്.എസ്സിനെ പ്രതിരോധിയ്ക്കാനല്ല, മറിച്ച് അന്ധമായ ഹിന്ദു വിരോധം മൂലമാണ് എന്ന് പറഞ്ഞു വെക്കാനുള്ള ശങ്കുവിന്റെ വാദം യുക്തിസഹമേയല്ല. കാരണം, ഇപ്പറഞ്ഞ സംഘടനകളെല്ലാം ഉണ്ടാവുന്നതിന് പതിറ്റാണ്ടുകള്‍ മുന്‍പേ ആര്‍.എസ്.എസ് പിറവിയെടുക്കുകയും ഇന്ത്യന്‍ സമൂഹമനസ്സിനുള്ളില്‍ മതവൈരത്തിന്റെ വിഷത്തുള്ളികള്‍ ക്രമാനുഗതമായി വീഴ്ത്തിക്കൊണ്ടിരിയ്ക്കുകയും ചെയ്തിരുന്നു എന്നത് തന്നെ. അതിനോടകം തന്നെ അനേകം വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് ആയിരക്കണക്കിന് മുസ്‌ലിംകളെ ആയുസെത്തും മുന്‍പേ അവര്‍ കാലപുരിയ്ക്ക് അയച്ചു കഴിഞ്ഞിരുന്നു എന്നതും നാം കാണേണ്ടതുണ്ട്. അപ്പോള്‍, ഇപ്പറഞ്ഞ മുസ്‌ലിം സംഘടനകളുടെയെല്ലാം പിറവിയ്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ഉയര്‍ത്തിയ ഭീഷണിയും അരക്ഷിതത്വവുമാണ് എന്ന് വ്യക്തമല്ലേ?
നാല് - ഇസ്‌ലാമിക രാജ്യത്തെക്കുറിച്ച് ചിന്തിയ്ക്കുന്നത് പോലും മഹാപാപമാണെന്ന് ശങ്കു.റ്റി.ദാസ് വാദിയ്ക്കുന്നു. ഞാന്‍ അതിനെ മാനിയ്ക്കുന്നു. മതേതരരാജ്യത്ത് അങ്ങനെയൊരു മതരാഷ്ട്രചിന്തയോട് എനിക്കും തീരെ യോജിപ്പില്ല. പക്ഷേ, അദ്ദേഹമുള്‍പ്പെടെയുള്ള സംഘ്പരിവാരത്തിന്റെ ചിരകാല അഭിലാഷം ഹിന്ദു രാഷ്ട്രം വേണമെന്നല്ലേ? ബി.ജെ.പിയും ആര്‍.എസ്സ്.എസ്സും ഉള്‍പ്പെടെ എല്ലാവരും മറയില്ലാതെ അത് പറയുന്നുമുണ്ടല്ലോ. ഇസ്‌ലാമികരാജ്യ സ്ഥാപനം തീവ്രവാദമാകുന്ന രാജ്യത്ത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നത് എങ്ങനെ ദേശസ്‌നേഹമാവും? ദയവായി, ഇതിന് മറുപടിയായി കുട്ടികളെ പറ്റിയ്ക്കുന്ന ലൊടുക്ക് വിദ്യകള്‍ പോലെ ഹിന്ദു രാഷ്ട്രം ഒരു സംസ്‌കാരമാണെന്നും അതിന് മതവുമായി ബന്ധമില്ലെന്നുമൊന്നും തള്ളിമറിയ്ക്കരുത്. അതൊന്നും അങ്ങനെയല്ല എന്ന് മനസ്സിലാക്കാന്‍ ഇക്കഴിഞ്ഞ ആഴ്ചയില്‍ മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സാമ്പിള്‍ ഹിന്ദുരാഷ്ട്രങ്ങളില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മുസ്‌ലിംകളെ നിഗ്രഹിയ്ക്കാന്‍ ബജ്രംഗ്ദള്‍ നടത്തിയ ശ്രമങ്ങള്‍ തന്നെ ധാരാളം.
ശങ്കു.റ്റി.ദാസിന്റെ ആരോപണങ്ങളില്‍ ഒന്നിന് പോലും ചരിത്രവസ്തുതകളുടെ പിന്‍ബലമോ യാഥാര്‍ഥ്യങ്ങളുമായി പുലബന്ധമോ ഇല്ലെന്നിരിയ്ക്കിലും അദ്ദേഹം ഉയര്‍ത്തുന്ന പ്രശ്‌നത്തിന്റെ മറുവശം നാം ചര്‍ച്ച ചെയ്യേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നു. സംഘ്പരിവാറിന് അധികാരസ്ഥാനങ്ങളില്‍ തീരെ സ്വാധീനമില്ലാത്ത കാലഘട്ടത്തില്‍ പോലും തീവ്രഇസ്‌ലാമിക സംഘടനകള്‍ എങ്ങനെയുണ്ടായി എന്നതാണല്ലോ അദ്ദേഹം ഉയര്‍ത്തുന്ന ചോദ്യം. പക്ഷേ, കറകളഞ്ഞ ആര്‍.എസ്.എസ് വിരുദ്ധനായിരുന്ന നെഹ്രുവിന്റെ കാലത്തു പോലും അധികാരകേന്ദ്രങ്ങളില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്താന്‍ ആര്‍.എസ്.എസ് ന് എങ്ങനെ കഴിഞ്ഞു എന്നതാണ് ശങ്കു ബോധപൂര്‍വം മറച്ചു പിടിയ്ക്കാന്‍ ശ്രമിച്ചതും നാം സഗൗരവം ചര്‍ച്ച ചെയ്യേണ്ടതുമായ വിഷയം എന്ന് ഞാന്‍ കരുതുന്നു.
ഒന്ന് ആലോചിച്ചാല്‍, ഹിന്ദുത്വം മതേതരസര്‍ക്കാരുകളെ പിന്നില്‍ നിന്ന് നിയന്ത്രിയ്ക്കുന്ന അനുഭവം സ്വാതന്ത്ര്യം കിട്ടിയ കാലം മുതലുള്ള ഇന്ത്യയുടെ ദുര്‍വിധിയാണ് എന്ന് പറയേണ്ടി വരും. ഇന്ത്യ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സമത്വവാദിയായ ഭരണാധികാരിയായി ഞാന്‍ കാണുന്നത് പണ്ഡിറ്റ് നെഹ്രുവിനെയാണ്. ആ നെഹ്റു ഭരിച്ചിരുന്നപ്പോള്‍ പോലും ചുറ്റും ഉണ്ടായിരുന്നത് ആര്‍.എസ്.എസ്സിന്റെയും ഹിന്ദു മഹാസഭയുടെയുമെല്ലാം പ്രവര്‍ത്തകരും അനുചരന്മാരും ആയിരുന്നുവെന്നത് ഇന്ന് നമുക്കെല്ലാം അറിവുള്ളതാണ്. അപകടകരമായ ബ്രാഹ്മണ്യം തലയില്‍ പേറിയ എത്രയോ പേര്‍ തങ്ങളുടെ ഹിന്ദുത്വ അഭിനിവേശത്തെ ഗാന്ധിത്തൊപ്പി കൊണ്ടും ഖദര്‍ കുപ്പായം കൊണ്ടും മറച്ചുപിടിച്ച് കോണ്‍ഗ്രസ്സുകാരായി ചമഞ്ഞു മുസ്‌ലിംകളെയും മറ്റു ന്യൂനപക്ഷങ്ങളെയും ദലിതുകളെയും പതിറ്റാണ്ടുകളോളം വഞ്ചിച്ചു എന്ന് നാം ഇടയ്‌ക്കെങ്കിലും ഒന്ന് ചിന്തിക്കേണ്ടതുണ്ട്.
ഇങ്ങനെ പിന്‍സീറ്റ് ഡ്രൈവിങ് നടത്തിയ ഹിന്ദുത്വം കാലാകാലങ്ങളില്‍ ബാബരി മസ്ജിദില്‍ രാമവിഗ്രഹമായും ഗാന്ധിവധക്കേസില്‍ സവര്‍ക്കറുടെ നിരപരാധിത്വമായും ആര്‍.എസ്.എസ്, വി.എച്ച്.പി തുടങ്ങിയ അപകടകാരികളായ സംഘടനകളുടെ നിരോധനം പിന്‍വലിക്കാനുള്ള തീരുമാനമായും അയോധ്യയില്‍ കര്‍സേവയ്ക്കുള്ള അനുമതിയായുമെല്ലാം അവരുടെ പണി കൃത്യമായി ചെയ്തുകൊണ്ടിരുന്നു. ഇതെല്ലാം നടന്നത് ആര്‍.എസ്.എസ്സിന് പ്രത്യക്ഷമായ യാതൊരു സ്വാധീനവും ഉണ്ടാകാനിടയില്ലെന്ന് പൊതുജനം തെറ്റിദ്ധരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്താണ് എന്നതും നാം കാണാതെ പോകരുത്.
ഒടുവില്‍ അധികാരം നേടിയെടുത്തപ്പോള്‍ തങ്ങളുടെ ഹിന്ദുത്വ അജണ്ടയ്ക്കുള്ള സാധൂകരണം എന്ന നിലയ്ക്ക് സംഘികള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്തു പിന്‍വാതിലിലൂടെ നേടിയടുത്ത പ്രിവിലേജുകള്‍ സമര്‍ഥമായി ഉപയോഗിക്കുന്നതും നാം കണ്ടുവരുന്നു. ആര്‍.എസ്.എസ്സിന്റെ വിലക്ക് പിന്‍വലിച്ചത് നെഹ്രുവല്ലേ, സവര്‍ക്കറെ സ്തുതിച്ചു കൊണ്ട് കത്തെഴുതിയത് ഇന്ദിര ഗാന്ധിയല്ലേ, ബാബരി മസ്ജിദ് ക്ഷേത്രമാണെന്ന് ബോധ്യപ്പെട്ട് പൂട്ട് തുറന്നത് രാജീവ് ഗാന്ധിയല്ലേ, വി.എച്ച്.പിടെ വിലക്ക് പിന്‍വലിച്ചത് നരസിംഹറാവുവല്ലേ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇപ്പോഴിതാ ഉത്തരമില്ലാതാവുന്നത് കോണ്‍ഗ്രസിന് മാത്രമല്ല, ഒരു മതേതരരാജ്യത്തിന് അപ്പാടെയാണ്.
ഹിന്ദുത്വത്തെ വളര്‍ത്തിയതിന് കോണ്‍ഗ്രസിനെ മാത്രം ഉത്തരവാദിയായി ഞാന്‍ കാണുന്നു എന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല. അതില്‍ ഭീമമായ പങ്ക് അവര്‍ക്കുള്ളതാണ് എന്നത് അവിതര്‍ക്കിതം. എന്നാല്‍, പലപ്പോഴായി അധികാരത്തില്‍ വന്നിട്ടുള്ള പല പാര്‍ട്ടികളും ഇതൊക്കെത്തന്നെ ചെയ്തിട്ടുമുണ്ട്. പുറമേയ്ക്ക് ആര്‍.എസ്.എസ് വിരോധം ഭാവിയ്ക്കുന്ന കമ്മ്യുണിസ്റ്റ് സര്‍ക്കാരുകള്‍ക്കും ഇതില്‍ പങ്കുണ്ട്. അത് പറയുമ്പോഴാണ് ഇപ്പോഴത്തെ പിണറായി സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവുന്നതും.
പിണറായി വിജയന്‍ പ്രത്യക്ഷത്തില്‍ ആര്‍.എസ്.എസ് വിരുദ്ധ നയങ്ങള്‍ പിന്തുടരുന്നു എന്ന് അംഗീകരിയ്ക്കുമ്പോഴും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ മഷിനറി ചലിപ്പിയ്ക്കുന്നതില്‍ സംഘ്പരിവാര്‍ ആശയം ഹൃദയത്തില്‍ പേറുന്നവര്‍ക്കുള്ള പങ്ക് നമ്മെ ഞെട്ടിപ്പിയ്ക്കുന്നതാണ്. നിരവധി ഉദാഹരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നാം ദിവസവും കാണുകയും കേള്‍ക്കുകയും ചെയ്യുന്നതിനാല്‍ അതെല്ലാം ഇവിടെ പറയുന്നത് ആവര്‍ത്തനവിരസമാവും. എങ്കില്‍ പോലും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ കലക്റ്റര്‍മാര്‍ തുടങ്ങി ഗ്രേഡ് കുറഞ്ഞ ജീവനക്കാര്‍ വരെ മതേതരകേരളത്തില്‍ ഹിന്ദുരാഷ്ട്ര നിര്‍മാണത്തിനായി മനസ്സര്‍പ്പിച്ചുള്ള സ്ഥിരപ്രയത്‌നത്തിലാണ് എന്നത് പരസ്യമായ രഹസ്യമാണ്.
യാതൊരു അടിസ്ഥാനവുമില്ലാതെ മുസ്‌ലിംകളെ ഹിന്ദുവിരോധികളും മതഭ്രാന്തന്മാരും തീവ്രവാദികളുമൊക്കെയായി മുദ്രകുത്തുന്ന അഡ്വ. ശങ്കു.റ്റി.ദാസിന്റെ മേല്‍ സൂചിപ്പിച്ച പോസ്റ്റുമായി ബന്ധപ്പെട്ട ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം ഞാന്‍ നിങ്ങളെ ബോധ്യപ്പെടുത്താം. അതിതീവ്രമായ മുസ്‌ലിം വിരോധവും കലര്‍പ്പില്ലാത്ത വംശീയവെറിയും മനസ്സില്‍ പേറുന്നവര്‍ക്ക് മാത്രം പിന്തുണയ്ക്കാന്‍ കഴിയുന്ന ആ പോസ്റ്റിന് ചുവട്ടില്‍ വന്ന് ജയ് വിളിയ്ക്കുകയും അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തവരില്‍ ഒരാളുടെ പ്രൊഫൈല്‍ എന്റെ കണ്ണില്‍ ഉടക്കി നിന്നു. ജാതിമതഭേദമെന്യേ ജനങ്ങള്‍ തലയിലേറ്റിയ പഴയ 'കലക്ടര്‍ ബ്രോ' പ്രശാന്ത് നായരുടേതായിരുന്നു ശങ്കുവിനുള്ള ഒരു ആശംസ. 'Being able to read you again means a lot to so many of us' എന്ന കമന്റിട്ട് കുളിരുകോരുന്ന പ്രശാന്ത് ശങ്കുവിന്റെ അഭിപ്രായങ്ങളെ പൂര്‍ണ്ണമായും ശിരസ്സാവഹിയ്ക്കുന്ന ഒരു മനസ്സിനുടമയാണെന്ന് തന്നെയല്ലേ ഇത് വെളിവാക്കുന്നത്.
'ബ്രോ'യുടെ കമന്റില്‍ അധികാര ദുര്‍വ്വിനിയോഗമോ ദേശവിരുദ്ധതയോ ഒന്നും ആരോപിക്കാന്‍ നമുക്കാവില്ല. പ്രത്യക്ഷത്തില്‍ ഒരു രാഷ്ട്രീയനിലപാട് പോലും അദ്ദേഹം പറയുന്നുമില്ല. എന്നാല്‍, മുസ്‌ലിംകള്‍ക്കെതിരെ നീതിയുക്തമല്ലാത്ത, ചരിത്രത്തിന്റെ യാതൊരു പിന്‍ബലവുമില്ലാത്ത അസംബന്ധങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്ന ശക്തമായ ആര്‍.എസ്.എസ് നുണഫാക്ടറിയിലെ ഒരു പ്രമുഖനാണ് ശങ്കു.റ്റി.ദാസ് എന്നതില്‍ സംഘ്പരിവാര്‍ അനുയായികളല്ലാത്തവര്‍ക്ക് തര്‍ക്കമുണ്ടാവില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ കേരളത്തില്‍ ആന്റി മുസ്‌ലിമിസം (anti-Muslimism) ഒരു വലിയ മൂല്യമുള്ള കറന്‍സിയാക്കി മാറ്റിയെടുക്കുന്നതില്‍ വഹിച്ചിട്ടുള്ള പങ്കും നാം തിരിച്ചറിഞ്ഞതാണല്ലോ. മുസ്‌ലിം അപരവല്‍കരണം മറയില്ലാതെ വളര്‍ത്തുന്ന ആ വാക്കുകള്‍ തനിയ്ക്ക് ഇത്രയേറെ പ്രിയപ്പെട്ടതാണ് (means a lot) എന്ന് സര്‍ക്കാരില്‍ ജില്ലാ മജിസ്ട്രേറ്റിന്റെ വരെ പദവി വഹിച്ചിട്ടുള്ള ഒരാള്‍ തുറന്നെഴുതുമ്പോള്‍ ഇന്ത്യയുടെ ജനാധിപത്യ-മതേതര കവചത്തിന് യാതൊരു കോട്ടവും വന്നിട്ടില്ലെന്ന് ഇനിയും നാം എങ്ങനെ സമാധാനിയ്ക്കും.
സംഘ്പരിവാര്‍ വിരുദ്ധ സര്‍ക്കാരുകള്‍ക്ക് ഉള്ളില്‍ നിന്ന് പോലും ചരട് വലിയ്ക്കാനായി പ്രശാന്ത് ബ്രോകളും സംഘ് വിരുദ്ധ ഹിന്ദുക്കളുടെ തലച്ചോറുകളില്‍ നിരന്തരം സര്‍ജിക്കല്‍ സ്‌ട്രൈക്ക് ചെയ്യാനായി രാഹുല്‍ ഈശ്വരന്മാരും അക്ഷീണപ്രയത്‌നം തുടര്‍ന്നുകൊണ്ടേയിരിക്കും.
പിതൃഭൂമിയും പുണ്യഭൂമിയുമായ ഇന്ത്യ സ്വാതന്ത്ര്യാനന്തരം കൈയില്‍ നിന്ന് വഴുതിപ്പോയപ്പോള്‍ അതിനെ എങ്ങനെയും തിരികെപ്പിടിക്കാനായി സംഘ്പരിവാര്‍ തങ്ങളുടെ പോരാളികളെ രണ്ടു ബറ്റാലിയനായി തിരിച്ചാണ് കളത്തിലിറക്കിയത്. ഒരു കൂട്ടര്‍ സര്‍ക്കാരില്‍ നിര്‍ണായകസ്വാധീനം ചെലുത്താന്‍ സാധിക്കുന്ന താക്കോല്‍ സ്ഥാനങ്ങളില്‍ ഇരുന്ന് കരുക്കള്‍ നീക്കി. മറ്റൊരു കൂട്ടര്‍ ജനങ്ങള്‍ക്കിടയില്‍ സംഘ്പരിവാറിന് അനുകൂലമായ സാമൂഹ്യപരിസരം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധിച്ചു.
സാധാരണ രാഷ്ട്രീയക്കാരെപ്പോലെ അധികാരത്തിലെത്തിയാല്‍ പിന്നെ സുഖലോലുപതയിലും പണം വാരിക്കൂട്ടുന്നതിലും മാത്രം ശ്രദ്ധിക്കുന്നില്ല എന്നതാണ് സംഘ്പരിവാറിനെ വ്യത്യസ്തരാക്കുന്നത്. അവര്‍ ആ പണി ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നു. പുറമേയ്ക്ക് മുസ്‌ലിം 'സഹോദരങ്ങള്‍ക്ക്' വേണ്ടി ചലിയ്ക്കുന്ന ചുണ്ടുകളും നാവും അവര്‍ ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ചലിപ്പിച്ചു കൊണ്ടിരിക്കും. എന്നാല്‍, ഉള്ളില്‍ മുസ്‌ലിം വിരുദ്ധത എന്ന ജീവരക്തത്തിന്റെ ബലത്തില്‍ അവരുടെ ഹൃദയം ഹിന്ദുരാഷ്ട്രത്തിനായി തുടിച്ചുകൊണ്ടിരിയ്ക്കും.
സംഘ്പരിവാര്‍ വിരുദ്ധ സര്‍ക്കാരുകള്‍ക്ക് ഉള്ളില്‍ നിന്ന് പോലും ചരട് വലിയ്ക്കാനായി പ്രശാന്ത് ബ്രോകളും സംഘ് വിരുദ്ധ ഹിന്ദുക്കളുടെ തലച്ചോറുകളില്‍ നിരന്തരം സര്‍ജിക്കല്‍ സ്‌ട്രൈക്ക് ചെയ്യാനായി രാഹുല്‍ ഈശ്വരന്മാരും അക്ഷീണപ്രയത്‌നം തുടര്‍ന്നുകൊണ്ടേയിരിക്കും. അതിനി ഏത് മതേതര ദേവേന്ദ്രന്‍ വന്ന് നാട് ഭരിച്ചാലും.