കുറ്റസമ്മത മൊഴിയും പോലീസും പേരറിവാളന് നിഷേധിക്കപ്പെട്ട നീതിയും
|പേരറിവാളന് ഒരു പ്രതീകമാണ്. തെളിവുകളും സാക്ഷികളും കൃത്യമായ വിചാരണകളുമില്ലാതെ പൊതുബോധത്തെ തൃപ്തിപെടുത്താന്‍ വേണ്ടി മാത്രം തുറുങ്കില്‍ അടക്കപ്പെടുന്ന ഒരു വലിയ വിഭാഗം ദൗര്‍ഭാഗ്യവാന്മാരുടെ പ്രതീകം. ആ നിരകള്‍ പേരറിവാളനില്‍ തുടങ്ങുകയോ അവസാനിക്കുകയോ അല്ല. അദ്ദേഹത്തിലൂടെ തുടരുകയാണ്.
'' ചോദ്യം ചെയ്യല്‍ മുറിയില്‍ വച്ച് അടിവസ്ത്രം ഒഴികെയെല്ലാം അവര്‍ ഊരിമാറ്റിച്ചു. അതിന് ശേഷം ഇന്‍സ്‌പെക്ടര്‍ സുന്ദരരാജനും മറ്റ് രണ്ടുപേരും തുടര്‍ച്ചയായി മര്‍ദിക്കാന്‍ തുടങ്ങി. അവരിലൊരാള്‍ എന്റെ കാല്‍പാദങ്ങളില്‍ ഷൂവിട്ടു കയറി നിന്ന് ചവിട്ടിയരച്ചു. പെട്ടെന്ന് സുന്ദര്‍രാജ് മുട്ടുയര്‍ത്തി എന്റെ വൃഷ്ണങ്ങളില്‍ തൊഴിച്ചു. ത്രീവ്രവേദനയോടെ ഞാന്‍ നിലത്തു വീണുകിടന്ന് പിടഞ്ഞു. ഞാനുമായി എന്തെങ്കിലും ബന്ധമുള്ളതോ എനിക്കറിയാവുന്നതോ അല്ലാത്ത സംഭവങ്ങളെക്കുറിച്ച് അവര്‍ ചോദിച്ചുകൊണ്ടിരുന്നു.''
'' പിറ്റേന്ന് അവര്‍ എന്നെ ടോര്‍ച്ചര്‍ ചേംബര്‍ എന്നയിടത്തേക്ക് കൊണ്ടുപോയി. മല്ലിഗൈ ഓഫീസിലെ മുകള്‍ നിലയിലായിരുന്നു അവിടം. മര്‍ദകവീരന്മാരായ രമേശ്, മാധവന്‍, ചെല്ലദുരൈ, ഡി.എസ്.പി ശിവാജി എന്നിവര്‍ക്ക് എന്നെ കൈമാറി. അവര്‍ കുപ്രസിദ്ധരായിരുന്നു. വെള്ളവും ഭക്ഷണവും എനിക്ക് നിഷേധിക്കപ്പെട്ടു. മൂത്രം ഒഴിക്കാന്‍ പോലും അവരെന്നെ അനുവദിച്ചില്ല.''
'' ഇന്‍സ്പെക്ടര്‍മാരായ മാധവനും രമേശനും കൈകള്‍ മുന്നോട്ട് നീട്ടിയും കാല്‍മുട്ടുകള്‍ വളച്ചും ഇല്ലാത്ത ഒരു കസേരയില്‍ ഇരിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. വളരെ നേരം എന്നെ അങ്ങനെ അവര്‍ ഇരുത്തി. സിമന്റ് നിറച്ച പി.വി.സി പൈപ്പുകൊണ്ട് എന്റെ കാലിന്റെ പിന്നിലെ മസിലുകള്‍ അവര്‍ തല്ലിച്ചതച്ചു. ചെല്ലദുരൈ എന്നോട് കൈമുട്ടുകള്‍ ഉയര്‍ത്തി കാണിക്കാന്‍ പറഞ്ഞു. അടി പിന്നെ അവയിലേക്കായി. മാധവനും ചെല്ലദുരയും തെറിയും അശ്ലീലവും കൊണ്ട് അഭിഷേകം ചെയ്തു.''
'' ഡി.എസ്.പി കൃഷ്ണമൂര്‍ത്തി അനുവര്‍ത്തിച്ചത് മറ്റൊരു ശൈലിയാണ്. മറ്റൊരു പൊലീസുകാരന്റെ സഹായത്തോടെ എന്റെ കാലുകള്‍ 180 ഡിഗ്രിയില്‍ പിടിച്ചു തിരിച്ചു. അപ്പോഴത്തെ വേദന പറഞ്ഞറിയിക്കാന്‍ വയ്യ.''
'' ഇന്‍സ്പെക്ടര്‍ ടി.എന്‍ വെങ്കിടേശ്വരന്‍ എന്റെ വിരലുകള്‍ക്കിടയില്‍ മൊട്ടുസൂചി കയറ്റി. എന്റെ കാല്‍പാദങ്ങള്‍ അയാള്‍ ഷൂവിട്ട് ചവിട്ടി അരച്ചു.''
'' കസ്റ്റഡിയില്‍ എനിക്ക് വെള്ളം നിഷേധിക്കപ്പെട്ടു. അവര്‍ ആരോപിക്കുന്ന കുറ്റം സമ്മതിക്കും വരെ എനിക്ക് വെള്ളം തരില്ലെന്ന് അവര്‍ പറഞ്ഞു. രാത്രികളില്‍ എന്നെ ഉറങ്ങാന്‍ സമ്മതിച്ചില്ല. ഉറങ്ങുമ്പോള്‍ അവര്‍ മുഖത്ത് വെള്ളം കോരിയൊഴിച്ചു. ഭക്ഷണവും വെള്ളവും അവര്‍ക്ക് മര്‍ദനോപകാരണങ്ങള്‍ ആയിരുന്നു.''
എ.ജി പേരറിവാളന്‍ എഴുതിയ കഴുമരത്തില്‍ നിന്നുള്ള ഒരു അഭ്യര്‍ഥന എന്ന പുസ്തകം വായിച്ചു തീര്‍ക്കുക അത്ര എളുപ്പമല്ല. മനസ്സിനെയും ചിന്തകളെയും അത് നീണ്ടകാലം വേട്ടയാടിക്കൊണ്ടിരിക്കും. ഭരണകൂടവും അതിന്റെ പൊലീസും എങ്ങിനെ നിരപരാധികളെ കുറ്റവാളികള്‍ ആക്കുന്നു എന്നതും എങ്ങനെ ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കി ജയിലിലടയ്ക്കുമെന്നും ഇതിലും വലിയ അനുഭവ സാക്ഷ്യം ഇല്ല.
നീണ്ട നീതിനിഷേധങ്ങള്‍ക്കൊടുവില്‍ പേരറിവാളനെ സുപ്രീം കോടതി ജയില്‍ വിമുക്തനാക്കിയപ്പോള്‍ അതിനെ വൈകിയെത്തിയ നീതി എന്ന് പലരും വിശേഷിപ്പിച്ചു കണ്ടു. എപ്പോഴാണ് നിഷേധിക്കപ്പെട്ട നീതി പുനഃസ്ഥാപിക്കപ്പെട്ടത്? അയാളുടെ ജീവിതത്തിലെ നീണ്ടവര്‍ഷങ്ങള്‍ തടവറയില്‍ ഹോമിക്കാന്‍ വിട്ടുകൊടുത്തവരില്‍ നിന്നും എന്ത് പരിഹാരമാണ് ഉണ്ടായത്? അയാള്‍ അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് എന്ത് സമാശ്വാസമാണ് ഇപ്പോള്‍ കരഗതമായിട്ടുള്ളത്? കഴുമരത്തിന് ചുവട്ടില്‍ മരണത്തിന്റെ കാലൊച്ച കാതോര്‍ത്ത് നിമിഷങ്ങള്‍ എണ്ണിയിരുന്ന ആ ദിവസങ്ങളില്‍ അയാളും കുടുംബവും നേരിട്ട ദുരിതങ്ങള്‍ക്ക് എന്തുനീതിയാണ് വൈകിയെങ്കിലും കിട്ടിയിട്ടുള്ളത്?
ടാഡ, പോട്ട എന്നീ ക്രിമിനല്‍ നിയമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടുകയോ മരണം കാത്ത് നീണ്ടകാലം ജയിലില്‍ കഴിയേണ്ടി വരികയോ ഇല്ലായിരുന്നു. കരിനിയമങ്ങള്‍ ഇപ്പോള്‍ യു.എ.പി.എ യിലേക്ക് വളര്‍ന്നിരിക്കുന്നു. കൃത്യമായ തെളിവുകള്‍ ഇല്ലാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചാര്‍ത്തി തരുന്ന ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ജയിലില്‍ പോവുകയും കൊലമരത്തിനു കീഴില്‍ ഊഴം കാത്തിരിക്കേണ്ടിയും വരുന്നു.
പേരറിവാളന്‍ ഒരു പ്രതീകമാണ്. തെളിവുകളും സാക്ഷികളും കൃത്യമായ വിചാരണകളുമില്ലാതെ പൊതുബോധത്തെ തൃപ്തിപെടുത്താന്‍ വേണ്ടി മാത്രം തുറുങ്കില്‍ അടക്കപ്പെടുന്ന ഒരു വലിയ വിഭാഗം ദൗര്‍ഭാഗ്യവാന്മാരുടെ പ്രതീകം. ആ നിരകള്‍ പേരറിവാളനില്‍ തുടങ്ങുകയോ അവസാനിക്കുകയോ അല്ല. അദ്ദേഹത്തിലൂടെ തുടരുകയാണ്. കഴിഞ്ഞ അമ്പത് വര്‍ഷങ്ങളില്‍ നിരവധിയായ ഭീകര പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടന്നു. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും പോലുള്ള വലിയ നേതാക്കള്‍ അതിന്നിരയാവുകയും ചെയ്തു. ആ സാഹചര്യത്തിലാണ് ഇത്തരം കുറ്റകൃത്യങ്ങളെ തടയാന്‍ അതിശക്തമായ നിയമങ്ങള്‍ വേണം എന്ന വാദം ഉണ്ടായതും അതിന് പ്രകാരം ടാഡയും പോട്ടയും യു.എ.പി.എ യും പോലുള്ള കരിനിയമങ്ങള്‍ രൂപപ്പെട്ടതും.
ഇത്തരം നിയമങ്ങളുടെ വലിയ ഒരു പ്രശ്‌നം അവയ്ക്ക് ഭീകര പ്രവര്‍ത്തനങ്ങളെ തടയാന്‍ ആകുന്നില്ല എന്നതാണ്. പലപ്പോഴും ഈ നിയമങ്ങള്‍ ഉപയോഗിക്കപ്പെടുക കുറ്റകൃത്യങ്ങള്‍ നടന്നതിന് ശേഷമാകും. നല്ലൊരു പങ്ക് സംഭവങ്ങളിലും അവയില്‍ നേരില്‍ ഉള്‍പ്പെട്ട ഭീകരവാദികള്‍ ഒന്നടങ്കം കൊല്ലപ്പെട്ടിരിക്കും. യഥാര്‍ഥ പ്രതികള്‍ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരപ്പെടുകയോ വിചാരണ ചെയ്യപ്പെടുകയോ ചെയ്യുന്നില്ല. അഥവാ യഥാര്‍ഥ പ്രതികള്‍ ആത്മഹത്യാ ചെയ്യാതെ അവശേഷിച്ചാല്‍ പൊലീസ് അവരെ വെടിവച്ചു കൊല്ലും.
നേരിട്ട് കുറ്റകൃത്യം നടത്തിയവരെ ആരെയും കിട്ടാതെ വരുമ്പോള്‍ പൊലീസ് ഇരുളിലാകും. അവര്‍ സാധ്യതകള്‍ വച്ച് ഒരു കഥ മെനഞ്ഞുണ്ടാക്കും. എന്നിട്ടതിനു ചുറ്റും നടന്ന് അതിലെ കഥാപാത്രങ്ങളെ അന്വേഷിക്കും. സത്യമെന്ന മട്ടില്‍ കഥകള്‍ പ്രചരിക്കപ്പെടും. മാധ്യമങ്ങള്‍ അവയെ പൊലിപ്പിച്ചെടുക്കും. കോടതിയില്‍ എത്തുമ്പോഴും പൊലീസ് പറഞ്ഞതോ അവര്‍ വിശ്വസിക്കുന്നതോ മാത്രമായിരിക്കും സത്യം എന്ന നിലയാണ് ഉണ്ടാവുക. 1993 ലെ മുംബൈ ബോംബ് സ്ഫോടനങ്ങള്‍ എടുക്കുക. അതൊരു വലിയ ഗൂഢാലോചനയാണ് എന്ന തിയറിയുമായി പൊലീസ് രംഗത്തെത്തി. 194 പേരെയാണ് ഗൂഢാലോചനയുടെ ഉത്തരവാദികളായി അന്ന് പൊലീസ് കണ്ടെത്തിയത്. ഇതയധികം പേര്‍ക്ക് ഒത്തുകൂടി എങ്ങനെ ഒരു രഹസ്യ സ്വഭാവമുള്ള ഗൂഢാലോചന നടത്താന്‍ ആകും എന്നാരും ചോദിച്ചില്ല. ഒടുവില്‍ 123 പേരെ വിചാരണ ചെയ്തു. ബാക്കിയുള്ളവരെ കണ്ടെത്താനായില്ല. പതിമൂന്നര വര്‍ഷങ്ങള്‍ ആ വിചാരണ നീണ്ടു. കുറ്റാരോപിതര്‍ക്കെല്ലാം ജാമ്യം നിഷേധിക്കപ്പെട്ടു. വിചാരണ കഴിഞ്ഞതിനു ശേഷം മൂന്നരവര്‍ഷം വേണ്ടി വന്നു ജഡ്ജിക്ക് സ്വന്തം തീരുമാനത്തില്‍ എത്താന്‍. പിന്നെ ഓരോരുത്തരുടെയും കേസ് പ്രത്യേകമായി എടുത്തു വിധി പ്രസ്താവം തുടങ്ങി. നൂറു പേരെ ശിക്ഷിച്ചു. 23 പേരെ വെറുതെ വിട്ടു. കുറ്റാരോപിതരും വെറുതെ വിടപ്പെട്ടവരും ആ വര്‍ഷങ്ങളില്‍ അനുഭവിച്ച ദുരിതങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല.
കരി നിയമങ്ങള്‍ പൊലീസുകാരെ നീതിബോധം ഇല്ലാത്തവരാക്കുന്നു. ഏകാധിപതികള്‍ക്കു കീഴില്‍ എന്നതുപോലെ പൊലീസ് പ്രവര്‍ത്തിക്കുന്നു. കുറ്റസമ്മതത്തെ ഏറ്റവും വലിയ തെളിവായി ഇവര്‍ അവതരിപ്പിക്കുന്നു. ബ്രിട്ടീഷ് കാലത്തുപോലും കുറ്റസമ്മതങ്ങളെ തെളിവായി കണ്ടിരുന്നില്ല. പൊലീസ് ഭീകരതയും കുറ്റം ഏറ്റെടുപ്പിക്കലും തന്നെ കാരണം. അതുകൊണ്ടാണ് ഇന്ത്യന്‍ പീനല്‍ കോഡും ഇന്ത്യന്‍ തെളിവ് നിയമവും പൊലീസിന് മുന്‍പാകെയുള്ള കുറ്റസമ്മതത്തെ തെളിവായി കണക്കാക്കാത്തത്. അതൊരു ഭരണഘടനാപരമായ അധികാരണമാണ്.
എന്നാല്‍, പേരറിവാളന്‍ പോലുള്ളവരുടെ കേസുകളില്‍ പൊലീസിന് മുന്‍പാകെയുള്ള കുറ്റസമ്മതം മാത്രം തെളിവായി വന്നു. രാജീവ് വധത്തില്‍ നേരിട്ട് പങ്കെടുത്ത തനു സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. ശിവരസനും ശുഭയും ബാംഗ്ലൂരില്‍ ആത്മഹത്യാ ചെയ്തു. ആരാണ് ബോംബ് നിര്‍മിച്ചത് എന്ന ചോദ്യത്തിലായിരുന്നു പൊലീസ് അന്വേഷണം തുടങ്ങിയത്. ഇന്നും ആ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം ആയിട്ടില്ല.
ഏതു പെട്ടിക്കടയിലും കിട്ടുന്ന ഒന്‍പത് വാള്‍ട്ടിന്റെ രണ്ടു ബാറ്ററികള്‍ വാങ്ങിയതിനാണ് പേരറിവാളന്‍ അറസ്റ്റിലായത്. ആര്‍ക്കും വാങ്ങാവുന്ന ബാറ്ററികള്‍. ഇലക്ട്രോണിക് ആന്‍ഡ് കമ്മ്യൂണികേഷന്‍സ് എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ ഉള്ളയാള്‍ ബാറ്ററി വാങ്ങി എന്നിടത്താണ് അയാള്‍ സംശയത്തിന്റെ നിഴലില്‍ ആകുന്നത്. അയാളാണ് ബോംബ് ഉണ്ടാക്കിയത് എന്ന് പൊലീസ് പ്രഖ്യാപിച്ചു. ടാഡയുടെ കീഴില്‍ അറുപത് ദിവസങ്ങള്‍ കൊടിയ മര്‍ദനം നേരിട്ടതിനു ശേഷം അയാള്‍ കൊടുത്ത കുറ്റസമ്മത മൊഴിയായിരുന്നു ഏക തെളിവ്. അറസ്റ്റു ചെയ്ത അന്ന് മുതല്‍ അയാളെ പൊലീസ് ഭീകരമായി ഉപദ്രവിച്ചു.
ഓരോ ബോംബ് സ്‌ഫോടന കേസിലും പൊലീസ് നടത്തുന്നത് ഈ രീതിയാണ്. തേര്‍ഡ് ഡിഗ്രി പീഡനം. ക്രൂരരമായ മര്‍ദനം, അടുത്ത ബന്ധുക്കളെ കസ്റ്റഡിയില്‍ എടുത്തു മുന്നില്‍ കൊണ്ടുവന്നു അപമാനിക്കല്‍, അങ്ങനെ പോകുന്നു ഭീകരതകള്‍. നിവൃത്തിയില്ലാതെ മനുഷ്യര്‍ കുറ്റങ്ങള്‍ സമ്മതിക്കുന്നു.
പേരറിവാളന്റെ കാര്യത്തില്‍ ടാഡ ചാര്‍ജുകള്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞു. എന്നാല്‍, ഗൂഢാലോചന കുറ്റം നിലനില്‍ക്കുമെന്ന് കണ്ടെത്തി. എന്തായിരുന്നു ഗൂഢാലോചന. എന്താണതിന് തെളിവ്. കോടതി തന്നെ കണ്ടെത്തിയത് രാജീവ് ഗാന്ധിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയത് തനുവും ശിവരശനും ശുഭയും മാത്രമാണ്. ബാറ്ററി വാങ്ങിയത് ഗൂഢാലോചനയാകുമോ? തലയുടെ മുകളില്‍ ഒരു വാള്‍ തൂങ്ങുന്ന അവസ്ഥയിലായിരുന്നു പേരറിവാളന്റെ മൂന്നു പതിറ്റാണ്ടുകളില്‍ ജയില്‍ ജീവിതം. അതിനിടയിലും അയാള്ഡ പഠിച്ചു. ബിരുദങ്ങള്‍ നേടി. സഹ തടവുകാരോടും ജയില്‍ അധികൃതരോടും മാന്യമായി മാത്രം ഇടപെട്ടു. നീതി അയാള്‍ക്ക് അവകാശപ്പെട്ടതാണ്. അയാളുടെ കീശയില്‍ നിന്നും ബാറ്ററി വാങ്ങിയതിന്റെ ബില്‍ കിട്ടിയിരുന്നു എന്ന് പൊലീസ് പറഞ്ഞിരുന്നു. രണ്ടു ചെറിയ ബാറ്ററികള്‍ വാങ്ങിയാല്‍ ഏതു കടയിലാണ് ഈ രാജ്യത്ത് ബില്‍ കിട്ടുക?
19.05.2022, മീഡിയവണ്‍ ഷെല്‍ഫ്