Analysis
റാസ്പുട്ടിന്‍ വാഴുന്നു  നിക്കോളസ് വീഴുന്നു
Click the Play button to hear this message in audio format
Analysis

റാസ്പുട്ടിന്‍ വാഴുന്നു നിക്കോളസ് വീഴുന്നു

പി.ടി നാസര്‍
|
5 July 2022 9:20 AM GMT

നിക്കോളസ് രണ്ടാമന്‍ ചക്രവര്‍ത്തി സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുത്ത് യുദ്ധരംഗത്തേക്ക് നീങ്ങിയതോടെ ഭരണം റാണി അലക്‌സാണ്ടറയുടെ കൈയില്‍ വന്നു. അവരാണെങ്കില്‍ റാസ്പുട്ടിന്റെ കൈവെള്ളയിലാണ്. എല്ലാ തീരുമാനങ്ങളും നിയമനങ്ങളും റാസ്പുട്ടിന്റെ താല്‍പര്യപ്രകാരമാണ് എന്ന് എല്ലാവരും കരുതി. ഉദ്യോഗസ്ഥപ്രമുഖരും പ്രഭുക്കന്മാരും ദൂമയിലെ അംഗങ്ങളായിരുന്ന കുലീനരും എല്ലാവരും. | ചുവപ്പിലെ പച്ച: ഭാഗം-06

1914 ന്റെ പ്രത്യേകത ഓര്‍ക്കുമല്ലോ. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട വര്‍ഷമാണ്. റഷ്യ ആ യുദ്ധനാടകത്തിലെ ഒരു പ്രധാന കഥാപാത്രവുമാണ്. ക്ഷീണിതയായ കഥാപാത്രം. തോറ്റു തുടങ്ങിയ രാജ്യം. ആ രാജ്യത്തിന്റെ ഭരണാധികാരിയായ സാര്‍ ചക്രവര്‍ത്തിയും ക്ഷീണിതനാണ്. നിക്കോളസ് രണ്ടാമനാണല്ലോ അക്കാലം ചക്രവര്‍ത്തി. റൊമാനോവ് കുടുംബത്തിന്റെ വാഴ്ചക്ക് തിരശ്ശീലയിട്ടയാള്‍ എന്ന നിലക്കാണ് ആ ചക്രവര്‍ത്തി ലോകത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഓര്‍ക്കപ്പെടുക.

യുദ്ധരംഗങ്ങള്‍ ദുരന്തമയമായിരുന്നു. നാണംകെട്ട വാര്‍ത്തകള്‍ പരക്കുന്നു. അതിനിടെ ചക്രവര്‍ത്തി കിരീടമഴിച്ചു. അത് പൗരപ്രമുഖരെ ഏല്‍പ്പിച്ച് സ്ഥാനം ഒഴിഞ്ഞു. 1917 മാര്‍ച്ച് 15ന്. സ്വന്തം ജീവനും കുടുംബത്തിന്റെ വാഴ്ചയും നിലനിര്‍ത്താന്‍ അതുകൊണ്ട് കഴിയുമെന്ന് കരുതി. അതിനാണ് ആ ഭാഗ്യംകെട്ട ചക്രവര്‍ത്തി അങ്ങനെ ചെയ്തത്. എന്നാല്‍, അങ്ങനെയൊന്നുമല്ല വന്നുഭവിച്ചത്. ആ വര്‍ഷം അവസാനം നിക്കോളസും കുടുബവും വിപ്ലവത്തിന്റെ ബലിക്കല്ലില്‍ കുരുതി കഴിക്കപ്പെടുകയാണുണ്ടായത്.

1914 മുതല്‍ 17 വരെ കടന്നുപോവുമ്പോള്‍ മറക്കാനാവാത്ത ഒരു കഥാപാത്രമുണ്ട്. റാസ്പുട്ടിന്‍. ഗ്രിഗറി യെഫിമോവിച്ച് റാസ്പുട്ടിന്‍. വൈദ്യനെന്നും വൈദികനെന്നും സംന്യാസിയെന്നും കാമാഭ്യസിയെന്നും എല്ലാം വിശേഷിപ്പിച്ചുകാണുന്നു ഈ മനുഷ്യനെ. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ രേഖകളില്‍ നിക്കോളസ് രണ്ടാമന്‍ രക്തസാക്ഷിയാണ്. റാസ്പുട്ടിന്‍ അനഭിമതനുമാണ്. നിക്കോളസ് ചക്രവര്‍ത്തിയുടെ തലതെറിക്കാന്‍ കാരണമായത് റാസ്പുട്ടിനാണ് എന്നത് സത്യകഥ. ഈ റാസ്പുട്ടിന്‍ ജീവിതം തുടങ്ങുന്നത് സഭയുടെ സെമിനാരിയിലാണ് എന്നത് ഉപകഥ.

സൈബീരിയക്കാരനാണ് റാസ്പുട്ടിന്‍. പൊക്രോവ്‌സ്‌ക്കെയെ ഗ്രാമത്തില്‍ ജനനം. 1869 ജനുവരി 21ന്. ഗ്രാമീണരായ മാതാപിതാക്കള്‍ക്ക് റാസ്പുട്ടിനെ വൈദികനാക്കാനായിരുന്നു ആഗ്രഹം. അതിനായി അവര്‍ സെമിനാരിയില്‍ ചേര്‍ത്തു. എന്നാല്‍, മഠത്തില്‍ വളര്‍ത്താന്‍ പറ്റിയ സ്വഭാവമായിരുന്നില്ല അവന്. അതുപറഞ്ഞ് വൈദികര്‍ തിരികെ വീട്ടിലേക്ക്തന്നെ അയച്ചു. പിന്നെ കല്യാണം കഴിച്ചു. 1887 ല്‍. ഭാര്യ പ്രാസ്‌കോവ്യ ഫെഡോ റോസ്വന. മൂന്നു മക്കളുമായി.


റാസ്പുട്ടിന്‍

അത്രയൊക്കെ ആയശേഷം റാസ്പുട്ടിന്‍ ഒരു തീര്‍ത്ഥയാത്ര പോയി. അതുകഴിഞ്ഞ് വെളിപ്പെടുന്നത് പുതിയ ഭാവത്തിലാണ്. ചിലപ്പോള്‍ സ്വയം സംന്യാസിയെന്ന് വിളിച്ചു. ചിലപ്പോള്‍, നിരന്തര തീര്‍ത്ഥാടകനാണെന്ന് അവകാശപ്പെട്ടു. 1904-'05 ഒക്കെയായപ്പോഴേക്ക് തലസ്ഥാനമായ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെത്തി. അവിടെ ചികിത്സകനായാണ് അറിയപ്പെട്ടത്. ഏത് രോഗവും മാറ്റും! എങ്ങനെയോ എന്തോ.

ആ അത്ഭുത പ്രവര്‍ത്തകന്‍ ഏറെ താമസിയാതെ ചക്രവര്‍ത്തിനിയുടെ അടുത്തയാളായി. പിന്നെ, കൊട്ടാരത്തിലെ അകത്തെയാളായി. നിക്കോളസ് രണ്ടാമന്റെ റാണി അലക്‌സാണ്ടറ ഫെദോറോവന റഷ്യക്കാരിയല്ല. ജര്‍മന്‍ രാജവംശത്തിലെയാണ്. നിക്കോളസ് കണ്ട് ഇഷ്ടമായി കല്യാണം കഴിച്ച് കൊണ്ടുവന്നതാണ്. അവരുടെ മകന്‍ അലക്‌സിക്ക് വീട്ടുമാറാത്ത രോഗമുണ്ട്. ഹീമോഫീലിയയാണ്. ചിലനേരം രക്തംവാര്‍ന്നു പോകും. ഇത്തരമൊരു ഘട്ടത്തില്‍, ചികിത്സകരൊക്കെയും തോറ്റ്, റാണി മകന്റെ ജീവനുവേണ്ടി കരയാന്‍ തുടങ്ങി. അപ്പോള്‍ റാസ്പുട്ടിന്‍ അത്ഭുതം പ്രവര്‍ത്തിച്ചു. അലക്‌സിയുടെ രക്തവാര്‍ച്ച നിന്നു. അതോടെ റാണി റാസ്പുട്ടിന്റെ ആരാധികയായി. ആ അത്ഭുത പ്രവര്‍ത്തകന് അങ്ങനെയാണ് കൊട്ടാരത്തിലേക്ക് വാതില്‍ തുറന്നുകിട്ടിയത്. ചക്രവര്‍ത്തിയുടെ ഉപദേശകവൃന്ദത്തില്‍ സ്ഥാനവും കിട്ടി.



സാര്‍ നിക്കോളസ് രണ്ടാമനും അലക്‌സാണ്ടറയും

അങ്ങനെയൊക്കെ കടന്നുപോയി കാലം 1914ലെത്തുന്നു. പറഞ്ഞല്ലോ, യുദ്ധം വന്നു. റഷ്യയും യുദ്ധത്തിലേക്ക് എടുത്തുചാടി. നിക്കോളസ് രണ്ടാമന്‍ യുദ്ധത്തില്‍ ഭാഗഭാക്കാകാന്‍ തീരുമാനിച്ചത് റാസ്പുട്ടിന്റെ ഉപദേശം കേട്ടിട്ടാണ് എന്നും പറയപ്പെടുന്നുണ്ട്. യുദ്ധം ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ റഷ്യന്‍ പട്ടാളം കിതച്ചു. മുന്നണിയില്‍ നിന്ന് മോശം വാര്‍ത്തകളാണ് സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ എത്തുന്നത്. അതിവിദൂരദേശങ്ങളില്‍ പൊരുതുന്ന പട്ടാളക്കാര്‍ക്ക് ആയുധവും ഭക്ഷണവും എത്തിക്കാന്‍ കഴിയുന്നില്ല. റഷ്യന്‍പട്ടാളമുള്ള മുന്നണികളില്‍ നിന്ന് തോറ്റവാര്‍ത്തകള്‍ വരുന്നു. ചതുപ്പില്‍ ചവിട്ടിയപോലെ നില്‍ക്കുന്ന ആ ഗതികെട്ട നേരത്ത് ചക്രവര്‍ത്തി മറ്റൊരു തീരുമാനം കൂടി എടുത്തു. സൈന്യത്തലവന്റെ സ്ഥാനം നേരിട്ടേറ്റെടുക്കാന്‍. എന്നിട്ട് കൊട്ടാരംവിട്ട് യുദ്ധരംഗത്തേക്ക് നീങ്ങി.

അങ്ങനെയൊരു തീരുമാനം ചക്രവര്‍ത്തി എടുത്തത് റാസ്പുട്ടിന്റെ സ്വാധീനത്തിന് വഴങ്ങിയാണെന്നത് അങ്ങാടിപ്പാട്ടായി. അരമനയിലെ അടുക്കളക്കാരികള്‍ പോലും അങ്ങനെ വിശ്വസിച്ചു. ചക്രവര്‍ത്തി കൊട്ടാരം വിട്ടതോടെ ഭരണം അലക്‌സാണ്ടറയുടെ കൈയില്‍ വന്നു. അവരാണെങ്കില്‍ റാസ്പുട്ടിന്റെ കൈവെള്ളയിലാണ്. എല്ലാ തീരുമാനങ്ങളും നിയമനങ്ങളും റാസ്പുട്ടിന്റെ താല്‍പര്യപ്രകാരമാണ് എന്ന് എല്ലാവരും കരുതി. ഉദ്യോഗസ്ഥപ്രമുഖരും പ്രഭുക്കന്മാരും ദൂമയിലെ അംഗങ്ങളായിരുന്ന കുലീനരും എല്ലാവരും.

അല്ലെങ്കില്‍ത്തന്നെ, യുദ്ധം സംബന്ധിച്ച് ചക്രവര്‍ത്തി എടുത്ത പല തീരുമാനങ്ങള്‍ക്കും ദൂമയുടെ അംഗീകാരം ഉണ്ടായിരുന്നില്ല. സംഗതി രാജഭരണമാണെങ്കിലും, ദൂമയുമായി കൂടിയാലോചിച്ച ശേഷമേ പ്രധാന തീരുമാനങ്ങള്‍ എടുക്കുകയുള്ളൂ എന്ന് നിക്കോളസ് സമ്മതിച്ചിരുന്നു. അങ്ങനെയൊരു വ്യവസ്ഥയോടെയാണ് പാര്‍ലിമെന്റ് സ്ഥാപിച്ചതുതന്നെ. എന്നാല്‍, യുദ്ധകാലത്തെ തീരുമാനങ്ങളൊക്കെയും ചക്രവര്‍ത്തിയുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായി വന്നതാണ്. അതിനാല്‍ പ്രമുഖരൊക്കെ ഇടഞ്ഞുനില്‍പ്പാണ്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ദൂമ പിരിച്ചുവിട്ടിട്ടുമുണ്ട്. റാണിയും റാസ്പുട്ടിനും ഭരണം കൈയടക്കിയതോടെ ഉന്നതര്‍ക്കിടയില്‍ അസ്വസ്ഥത പടര്‍ന്നു.

തലസ്ഥാനത്തെ കുലീനരുടെ അസ്വസ്ഥതയ്ക്ക് വേറെയുമൊരു കാരണമുണ്ട്. അവരില്‍ പലരുടേയും ഭാര്യമാരും പെണ്‍മക്കളും റാസ്പുട്ടിന്റെ ആരാധികമാരാണ്. റാസ്പുട്ടിന്റെ ബൈബിള്‍ പാരായണമാണ് അവരെയൊക്കെ ആവാഹിച്ചതെന്ന് ആ സംന്യാസിയുടെ സ്തുതിപാഠകര്‍ പറഞ്ഞു.

ആത്മീയ സദസ്സുകള്‍ പാതിരാക്കപ്പുറവും നീണ്ടു. ആരാധികമാരും ആത്മീയഗുരുവും ലഹരിയിലാറാടി. കുലീനര്‍ക്കിടയില്‍ അസ്വസ്ഥത പടര്‍ന്നു. അവര്‍ പലതും ആലോചിച്ചു. ഒടുവില്‍ ഒരു രാത്രിയില്‍ രാജകുടുംബാംഗമായ ഫെലിക്‌സ് യോസപോവിന്റെ കൊട്ടാരത്തിലേക്ക് വിരുന്നിന് ക്ഷണിച്ചു.

ധാരാളം ആരാധികമാരോടൊപ്പമാണ് ആത്മീയഗുരു എത്തിയത്. അതിഥേയേര്‍ എല്ലാവര്‍ക്കും മദ്യവും ഭക്ഷണവും വിളമ്പി. റാസ്പുട്ടിനും ആരാധകരും നൃത്തം തുടങ്ങി. ചുവടുകള്‍ മുറുകിയപ്പോള്‍ വിളമ്പുകാര്‍ വിഷംചേര്‍ത്ത മദ്യത്തിന്റെ ചഷകം റാസ്പുട്ടിന്റെ കൈയില്‍ കൊടുത്തു. അത് മൊത്തിയ റാസ്പുട്ടിന്‍ ആതിഥേയരെ നോക്കി കണ്ണിറുക്കി ചിരിച്ചു എന്നും കഥയിലുണ്ട്. കഥ വലുതാണ്. വിരുന്ന് തുടങ്ങുമ്പോള്‍ കൊടുത്ത കേക്കില്‍തന്നെ സൈനഡ് ചേര്‍ത്തിരുന്നു എന്നൊക്കെയാണ്. ഏതായാലും ആ വിഷം ചെന്നശേഷം റാസ്പുട്ടിന് വീര്യം കൂടുകയാണ് ചെയ്തത്. വിഷം ഏശാതിരിക്കാനുള്ള മരുന്നുകള്‍ ആദ്യമേ റാസ്പുട്ടിന്‍ ശീലിച്ചിരുന്നു. റാസ്പുട്ടിന്‍ തളരുന്നില്ലാ എന്നു കണ്ടപ്പോള്‍ ആതിഥേയര്‍ക്ക് പരിഭ്രാന്തിയായി. അവര്‍ സര്‍വ്വസാധാരണമായ ആയുധമെടുത്തു. തോക്ക്. തലക്ക് വെടിയേറ്റ് റാസ്പുട്ടിന്‍ വീണു. 1916 ഡിസംസംബര്‍ 30 നാണത്. വീഴുമ്പോള്‍ പ്രായം 47.


റാസ്പുട്ടിന്‍

പാതിരാത്രിയാണ് വെടിയേറ്റത്. തലയോട്ടിയില്‍ മൂന്ന് മുറിവുകളുണ്ടായിരുന്നു. പുലര്‍ച്ചെ ശവശരീരം തുണിയില്‍ പൊതിഞ്ഞ് പാലത്തില്‍ നിന്ന് നദിയിലെറിഞ്ഞു. പിറ്റേ ദിവസം പാലത്തിലൂടെ നടന്ന ചില തൊഴിലാളികള്‍ പാലത്തിന്റെ കൈവരിയില്‍ രക്തത്തുള്ളികള്‍ കണ്ടു. അതു പ്രകാരം തിരച്ചിലാരംഭിച്ചു. മൂന്നാംനാള്‍ പൊലീസാണ് റാസ്പുട്ടിന്റെ ശവം നദിയില്‍ കണ്ടെത്തിയത്. അന്വേഷണം പക്ഷേ, എങ്ങുമെത്തിയില്ല.

സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലെ പ്രമുഖ പോസ്റ്റ്‌മോര്‍ട്ടം സര്‍ജനായ ദിമിത്രി കൊസോറോതോവ് ആണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ദുരൂഹസാഹചര്യത്തില്‍ കാണാതായി. പിന്നീട് പല ഡോക്ടര്‍മാരും കുറ്റാന്വേഷണ വിദഗ്ധരും പലവിധത്തില്‍ അന്വേഷണങ്ങള്‍ നടത്തിയാണ് പല വിവരങ്ങളും പുറത്തു കൊണ്ടുവന്നത്. റാസ്പുട്ടിനെ ജീവനോടെ വെള്ളത്തിലെറിഞ്ഞു എന്നും ജനനേന്ദ്രിയം മുറിച്ചുമാറ്റിയിരുന്നു എന്നുമൊക്കെ കിംവദന്തികള്‍ പരന്നിരുന്നു. അതൊന്നും ശരിയല്ലെന്ന് പിന്നീട് ഡോക്ടര്‍മാരുടെ അന്വേഷണത്തില്‍ വ്യക്തമായി. ഏറ്റവും കൗതുകകരമായത്, വിഷം ഉള്ളില്‍ചെന്നതിന്റെ തെളിവുകളും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലാ എന്നതാണ്.

റഷ്യയിലെ പ്രഭുക്കന്മാരുടെ അസൂയയും ശത്രുതയുമാണ് അപസര്‍പക കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. എന്നാല്‍, ചരിത്രരേഖകളനുസരിച്ച് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയും പ്രതിക്കൂട്ടിലാണ്. റാസ്പുട്ടിന്‍ നിക്കോളസ് ചക്രവര്‍ത്തിയെ സ്വാധീനിച്ച് ജര്‍മനിയുമായി സന്ധിയുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം കിട്ടി. അതനുസരിച്ച് അവര്‍ തക്കസമയത്ത് ഇടപെട്ട് സാഹചര്യം മുതലെടുത്തു എന്നാണ് ആ വഴിക്കുള്ള ഉപകഥകള്‍.

1917 ജനുവരി രണ്ടിനാണ് റാസ്പുട്ടിനെ അടക്കം ചെയ്തത്. സര്‍ക്കോയ്‌സെലോവിലെ ഒരു ചെറിയ പള്ളിയുടെ സെമിത്തേരിയില്‍. ശവമടക്കിന് റാസ്പുട്ടിന്റെ ഭാര്യയേയോ കാമുകിയേയോ മകളേയോ ഒന്നും വിളിച്ചിരുന്നില്ല. രാജകുടുംബാംഗങ്ങളും അവരുടെ കുറച്ച് പരിചാരകരും മാത്രമാണ് പങ്കെടുത്തത്. അന്നുരാത്രി റാസ്പുട്ടിന്റെ മകള്‍ കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളെ കണ്ടു. പരസ്പരം ആശ്വസിപ്പിച്ചിരിക്കണം.

റാസ്പുട്ടിന് പിന്നാലെ സാര്‍ ചക്രവര്‍ത്തിയുടെ ഭരണവും വീണു. യുദ്ധത്തിന്റെ ഗതി പറഞ്ഞല്ലോ. തോറ്റു മുടന്തുകയാണ്. ദൂമയിലെ അംഗങ്ങളായിരുന്നവരും മറ്റു പ്രഭുക്കളും ഉദ്യോഗസ്ഥ പ്രമുഖരും എല്ലാം ചക്രവര്‍ത്തിക്കെതിരെ തിരിഞ്ഞു. ജനങ്ങളാണെങ്കില്‍ പൂര്‍ണമായും രാജകുടുംബത്തിന് എതിരാണ്. ബോള്‍ഷേവിക് പാര്‍ട്ടിയും മറ്റ് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടികളും നിരന്തരം പണിമുടക്കകളും പ്രക്ഷോഭങ്ങളും നടത്തുകയാണ്. പട്ടാളക്കാര്‍പോലും സമരം ചെയ്യുന്നു. ആടിയുലയുന്ന സിംഹാസനത്തില്‍ നിന്ന് താഴെയിറങ്ങാന്‍ പ്രഭുക്കളും ഉന്നതോദ്യോഗസ്ഥരും നിക്കോളസ് ചക്രവര്‍ത്തിയെ നിര്‍ബന്ധിച്ചു.

നിക്കോളസ് സ്ഥാനം ഒഴിഞ്ഞ്, അനുജന്‍ മിഖായേലിനെ പിന്തുടര്‍ച്ചാവകാശിയായി പ്രഖ്യാപിച്ചാല്‍ റൊമാനോവ് കുടുംബത്തിന്റെ ഭരണം നിലനിര്‍ത്താം എന്നായിരുന്നു പ്രഭുക്കന്മാര്‍ ധരിപ്പിച്ചത്. സ്വന്തം മകനായ അലക്‌സി രാജകുമാരനെ പിന്തുടര്‍ച്ചവകാശിയാക്കാനാണ് നിക്കോളസ് ഇഷ്ടപ്പെട്ടത്. അങ്ങനെ രാജകീയപ്രഖ്യാപനം തയ്യാറാക്കിയതുമാണ്. എന്നാല്‍, ഹീമോഫീലിയാ രോഗിയായ അലക്‌സി ഏറെനാള്‍ ജീവിച്ചിരിക്കില്ല എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. അപ്പോള്‍ പ്രഖ്യാപനം മാറ്റിയെഴുതി. സഹോദരനായ ഗ്രാന്റ് ഡ്യൂക്ക് മിഖായേലിനെ അടുത്ത ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു. രാജകല്‍പ്പനയില്‍ ഒപ്പുചാര്‍ത്തി. കിരീടം അഴിച്ചുവെച്ചു.

എന്നാല്‍, സ്ഥാനം ഏറ്റെടുക്കാന്‍ മിഖായേല്‍ തയ്യാറായില്ല. 'ഇന്നിപ്പോള്‍ വേണ്ട, നാളെ തീരുമാനിക്കാം' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ മറുപടി. പിറ്റേദിവസം മിഖായേല്‍ നടത്തിയ പ്രസ്താവന പ്രഭുക്കന്മാരേയും കുലീനരേയും ഒന്നടങ്കം ഞെട്ടിച്ചു.

'രാജഭരണം തുടരുകയാണോ, റിപ്പബ്ലിക്കായി മാറുകയാണോ വേണ്ടതെന്ന് ജനങ്ങളള്‍ തീരുമാനിക്കണം, ജനങ്ങളുടെ തീരുമാനം ഭരണഘടനാ നിര്‍മാണസഭയിലൂടെ പുറത്തുവരണം. അധികാരം ഏറ്റെടുക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കാം' - എന്നായിരുന്നു മിഖായേലിന്റെ നിലപാട്. പൊള്ളുന്ന സിംഹാസനത്തിലിരിക്കാന്‍ സാര്‍ മിഖായേല്‍ തയ്യാറായില്ല എന്ന് ചുരുക്കം.

ദൂമയിലെ മുന്‍ അംഗങ്ങളും ചക്രവര്‍ത്തിയുടെ മന്ത്രിമാരും മറ്റ് പ്രഭുക്കളുമൊക്കെ ചേര്‍ന്ന് ഇടക്കാല മന്ത്രിസഭ രൂപീകരിച്ചു. ഭരണഘടനാ നിര്‍മാണസഭ രൂപം കൊളളുന്നതുവരെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനാണ് ഇടക്കാല ഗവര്‍മെന്റ്. പിരിച്ചുവിട്ട ദൂമയിലെ അംഗങ്ങളാണ് കാര്യമായും മുന്നിലുണ്ടായിരുന്നത്. സ്വാഭാവികമായും പ്രഭുക്കളുടേയും ഭൂവുടമകളുടേയും സമ്പന്നരുടേയും രാജഭരണവാദികളുടേയും താല്‍പര്യത്തിന്നാണ് ഇടക്കാല ഗവര്‍മെന്റില്‍ മുന്‍തൂക്കം ലഭിച്ചത്.

അതിനിടയില്‍ സമരം ചെയ്യുന്ന തൊഴിലാളികളും പട്ടാളക്കാരും ചേര്‍ന്ന് അടിത്തട്ടില്‍ പ്രാദേശിക ഭരണസമിതികള്‍ രൂപീകരിച്ചു തുടങ്ങി. സ്വയംഭരണാധികാരം അവകാശപ്പെട്ട ഈ കൗണ്‍സിലുകളാണ് സോവിയറ്റുകള്‍ എന്ന് അറിയപ്പെട്ടത്. ഈ സംഭവവികാസങ്ങളെല്ലാം ചേര്‍ന്നതാണ് ഫെബ്രുവരി വിപ്ലവം.

പഴയൊരു രാജകുടുംബത്തിലെ അംഗവും ദൂമയിലെ അംഗവുമായിരുന്ന ജോര്‍ജി ല് വോവ് ആണ് താല്‍ക്കാലിക ഗവര്‍മെന്റില്‍ ആദ്യം പ്രധാനമന്ത്രിയായി വന്നത്. പ്രഭുകുടുംബമായിരുന്നു എങ്കിലും സാധാരണ കൃഷിക്കാരുടെ ജീവിത രീതി സ്വീകരിച്ചവരാണ് ജോര്‍ജിയുടെ കുടുംബം. ജോര്‍ജിയാവട്ടെ കാഡറ്റ് പാര്‍ട്ടി നേതാവുമാണ്.


ജോര്‍ജി ല് വോവ് - ഇടക്കാല ഗവര്‍മെന്റിന്റെ പ്രധാനമന്ത്രി

മെന്‍ഷേവിക്കുകളും മറ്റ് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടികളുമൊക്കെ തല്‍ക്കാലം ഇടക്കാല ഗവര്‍മെന്റ് ഭരിക്കട്ടെ എന്ന നിലപാടെടുത്തു. ഭരണം കൊണ്ടുനടക്കാന്‍ സാധാരണക്കാരുടെയും തൊഴിലാളികളുടേയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രാപ്തി വന്നിട്ടില്ല എന്ന നിലപാടായിരുന്നു അവര്‍ക്കൊക്കെ. ബോള്‍ഷേവിക്ക് പാര്‍ട്ടിക്കകത്ത് പല അഭിപ്രായക്കാരുണ്ട്. ലെനിന്‍ റഷ്യയിലല്ലതാനും. അപ്പോഴും പ്രവാസത്തിലാണ്. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടികളില്‍ നിന്ന് അലക്‌സാണ്ടര്‍ കെരന്‍സ്‌കി ഇടക്കാല ഗവര്‍മെന്റില്‍ ചേരാനും തയ്യാറായി. നീതിന്യായ മന്ത്രിയായിരുന്നു കെരന്‍സ്‌കി.

പ്രധാനമന്ത്രിയും മന്ത്രിസഭയും എല്ലാമുണ്ടെങ്കിലും ഇടക്കാല ഗവര്‍മെന്റിന് സ്വതന്ത്രമായി ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. എന്തിനും പെട്രോഗാര്‍ഡ് നഗരത്തിലെ സോവിയറ്റിന്റെ അനുമതി വേണ്ടിയിരുന്നു. മെന്‍ഷേവിക്കുകയും സോഷ്യല്‍ ഡമോക്രാറ്റുകളും ചേര്‍ന്നാണ് പെട്രോഗാര്‍ഡ് ഭരിക്കുന്നത്. മേല്‍ക്കൂരയില്‍ കുലീനരുടെ മന്ത്രിസഭയും അടിത്തട്ടില്‍ തൊഴിലാളികളുടെ ഭരണ നിര്‍വഹണ സമിതിയും. ദ്വയാധികാരം എന്നാണ് ഈ സംവിധാനം അറിയപ്പെട്ടത്.

ഇടക്കാല ഗവര്‍മെന്റിന്റെ ആദ്യത്തെ തീരുമാനം ചക്രവര്‍ത്തിയുടെ കുടുംബത്തെ സുരക്ഷിതമായി താമസിപ്പിക്കുന്നതിനായിരുന്നു. തൊഴിലാളികളും പട്ടാളക്കാരും ഇളകിമറിയുന്ന സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ സാര്‍ ചക്രവര്‍ത്തിയുടെ കുടുംബം സുരക്ഷിതമായിരുന്നില്ല.

ചക്രവര്‍ത്തി സ്ഥാനം ഒഴിഞ്ഞയുടന്‍ ഒരു സംഘം പട്ടാളക്കാര്‍ റാസ്പുട്ടിന്റെ ശവശരീരം കല്ലറയില്‍ നിന്ന് തോണ്ടിയെടുത്ത് കത്തിച്ച് കളഞ്ഞിരുന്നു. രാജഭരണാനുകൂലികള്‍ അതൊരു സംഗമകേന്ദ്രം ആക്കാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു അത്.


ചക്രവര്‍ത്തി സ്ഥാനമൊഴിയുന്നു

പ്രക്ഷോഭകര്‍ ചക്രവര്‍ത്തിയുടെ കുടുംബത്തിനെതിരെ തിരിയും മുമ്പ് ഇടക്കാല ഗവര്‍മെന്റ് അവരെ മാറ്റി. സാര്‍സ്‌കോയിസെലോയിലെ കൂടുതല്‍ സുരക്ഷിതമായ കൊട്ടാരത്തില്‍ താമസിപ്പിച്ചു. കാവല്‍ ശക്തിപ്പെടുത്തി.

ചരിത്രം അവസാനിക്കുന്നില്ല...

------------------

* റഷ്യയില്‍ അന്ന് നിലവിലുണ്ടായിരുന്ന ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് 1917 ഫെബ്രുവരി 27 നാണ് ചക്രവര്‍ത്തി സ്ഥാനമൊഴിഞ്ഞത്. എന്നാല്‍, പിന്നീട് പരിഷ്‌കരിച്ച് നടപ്പിലാക്കിയ ജോര്‍ജിയന്‍ കലണ്ടര്‍ പ്രകാരം ഇത് മാര്‍ച്ച് 15 നാണ്.

ബോള്‍ഷേവിക് വിപ്ലവത്തിന് ശേഷം ലെനിന്റെ ഭരണകാലത്ത് 1918 ലാണ് റഷ്യയില്‍ കലണ്ടര്‍ പരിഷ്‌കാരം നടപ്പാക്കിയത്. ജൂലിയന്‍ കലണ്ടറില്‍ നിന്ന് ജോര്‍ജിയന്‍ കലണ്ടറിലേക്ക് മാറുമ്പോള്‍ ഫെബ്രുവരി മാസത്തിലെ ഒന്നുമുതല്‍ 13 വരെയുള്ള തിയ്യതികള്‍ ഒഴിവാക്കിയിരുന്നു.

അതിനാല്‍ ചരിത്ര സംഭവങ്ങളുടെ തിയ്യതികളില്‍ വ്യത്യാസം കാണാം. ബോള്‍ഷേവിക് വിപ്ലവം നടന്നത് ഒക്ടോബര്‍ 24, 25 തിയ്യതികളിലാണ്. അതിനാല്‍ ഒക്ടോബര്‍ വിപ്ലവം എന്നും അറിയപ്പെടുന്നുണ്ട്. എന്നാല്‍ പുതുക്കിയ കലണ്ടര്‍ അനുസരിച്ച് നവംബര്‍ ആറ്, ഏഴ് തിയ്യതികളിലാണ് വിപ്ലവമെന്ന് കാണാം.

** സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് സാര്‍സ്‌കോയ് സെലോ. ഇപ്പാഴിത് പുഷ്‌കിന്‍ നഗരത്തിന്റെ ഭാഗമാണ്.


Similar Posts