Analysis
മുംബൈ ആനിമല്‍ മെഡിക്കല്‍ സെന്റര്‍ (Mumbai Animal Medical Center )
Analysis

രത്തന്‍ ടാറ്റയുടെ പെറ്റ് പ്രൊജക്ട്; ഒരുങ്ങുന്നു മുംബൈയില്‍ അത്യാധുനിക മൃഗാശുപത്രി

അംജദ് അലി
|
7 March 2024 7:53 AM GMT

ടാറ്റയുടെ ഏറെ നാളത്തെ സ്വപ്നമാണ് 'പെറ്റ് പ്രോജക്റ്റ്'. ലോക നിലവാരത്തില്‍ ഇന്ത്യയില്‍ ഒരു മൃഗാശുപത്രിയാണ് അതിലൂടെ ലക്ഷ്യം വെക്കുന്നത്. മാര്‍ച്ചില്‍ ഉദ്ഘാടനം കഴിയുന്നതോടെ നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മുയലുകള്‍ക്കും മറ്റു ചെറിയ മൃഗങ്ങള്‍ക്കും വേണ്ടിയുള്ള ചുരുക്കം ചില ആശുപത്രികളില്‍ ഒന്നായി മാറും മുംബൈ ആനിമല്‍ മെഡിക്കല്‍ സെന്റര്‍.

ടാറ്റാ ഗ്രൂപ്പിനെ അറിയാത്ത ഇന്ത്യക്കാരുണ്ടാവില്ല. ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ രത്തന്‍ ടാറ്റയും അപരിചിതനാവില്ല. വ്യവസായി, സംരംഭകന്‍ എന്നീ തലങ്ങളില്‍ പ്രസിദ്ധനായ ടാറ്റ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പ്രസിദ്ധനാണ്. രത്തന്‍ ടാറ്റ തികഞ്ഞൊരു മൃഗസ്‌നേഹികൂടിയാണെന്ന് തെളിയിക്കുകയാണ് ടാറ്റയുടെ ഉടമസ്ഥതയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്ന മുംബൈയിലെ അത്യാധുനിക മൃഗാശുപത്രിയിലൂടെ.

ടാറ്റയുടെ ഏറെ നാളത്തെ സ്വപ്നമാണ് 'പെറ്റ് പ്രോജക്റ്റ്'. ലോക നിലവാരത്തില്‍ ഇന്ത്യയില്‍ ഒരു മൃഗാശുപത്രിയാണ് അതിലൂടെ ലക്ഷ്യം വെക്കുന്നത്. മാര്‍ച്ചില്‍ ഉദ്ഘാടനം കഴിയുന്നതോടെ നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മുയലുകള്‍ക്കും മറ്റു ചെറിയ മൃഗങ്ങള്‍ക്കും വേണ്ടിയുള്ള ചുരുക്കം ചില ആശുപത്രികളില്‍ ഒന്നായി മാറും ടാറ്റാ ട്രസ്റ്റിനു കീഴിലുള്ള മുംബൈ ആനിമല്‍ മെഡിക്കല്‍ സെന്റര്‍ (Mumbai Animal Medical Center ). മൃഗങ്ങള്‍ക്ക് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക ആശുപത്രിയെന്നതും 'പെറ്റ് പ്രോജക്ടിനെ' ശ്രദ്ധേയമാക്കുന്നു.

രത്തന്‍ ടാറ്റക്ക് മൃഗങ്ങളോടുള്ള സ്‌നേഹം, പ്രത്യേകിച്ചും നായ്ക്കളോടുള്ള തന്റെ ഇഷ്ടം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വഴി പലപ്പോഴായി പങ്കുവെക്കാറുണ്ട്. വളര്‍ത്തുനായയുടെ അസുഖം കാരണം ചാള്‍സ് രാജകുമാരന്റെ ക്ഷണം സ്വീകരിക്കാതിരുന്നിട്ടുണ്ട് രത്തന്‍ ടാറ്റ. തന്റെ പ്രധാനപ്പെട്ട മീറ്റിങ്ങുകളില്‍ പ്രിയപ്പെട്ട വളര്‍ത്തു നായ 'ഗോവ' യുടെ സാന്നിധ്യം ഇല്ലാതിരുന്നിട്ടില്ല. ടാറ്റ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബോംബെ ഹൗസില്‍ തെരുവുനായ്ക്കള്‍ക്ക് വേണ്ടി പ്രത്യേകമായി നിര്‍മിച്ചു കൊടുത്ത കെന്നല്‍, മൃഗസ്‌നേഹിയെന്ന ടാറ്റയുടെ പേരിനെ കൂടുതല്‍ സ്വീകാര്യമാക്കിയിരുന്നു. അവിടെയാണ് ലോകോത്തര നിലവാരത്തിലെ മൃഗാശുപത്രിയിലൂടെ ടാറ്റയെന്ന മൃഗസ്‌നേഹി വീണ്ടും സ്വീകാര്യമാകുന്നത്.

'' ഒരു വളര്‍ത്തുമൃഗം ഇന്ന് ഒരാളുടെ കുടുംബത്തിലെ അംഗത്തില്‍ നിന്ന് വ്യത്യസ്തമല്ല. എന്റെ ജീവിതത്തിലുടനീളം നിരവധി വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷകനെന്ന നിലയില്‍ ഈ ഒരു ആശുപത്രിയുടെ ആവശ്യകത ഞാന്‍ തിരിച്ചറിയുന്നു'' - രത്തന്‍ ടാറ്റ പറയുന്നു.


ടാറ്റയുടെ വളര്‍ത്തു നായയുടെ കാലിന്റെ ജോയിന്റ് മാറ്റിവെക്കേണ്ടി വന്നപ്പോള്‍ യു.എസിലെ മിനിസോട്ട യൂണിവേഴ്‌സിറ്റി (University of Minnesota College of Veterinary Medicine) വെറ്റിനറി ആശുപത്രി വരെ കൊണ്ടുപോയി. പക്ഷേ, ചികിത്സ നല്‍കാന്‍ വൈകിപ്പോയിരുന്നു. കുറച്ചുകൂടെ നേരത്തെ ചികിത്സക്കായി എത്തിച്ചിരുന്നുവെങ്കില്‍ നായയുടെ കാല്‍ മരവിപ്പിക്കേണ്ട വരില്ല എന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. ആ അനുഭവത്തില്‍ നിന്നാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഒരു മൃഗാശുപത്രി എന്ന ആശയം ടാറ്റ സ്വപ്നം കണ്ടു തുടങ്ങിയത്.

രണ്ട് ഏക്കറിലേറെ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ആശുപത്രി 165 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. അഞ്ച് നിലകളില്‍ ഇരുനൂറ് പെറ്റ് ബെഡുകളുള്ള ഹോസ്പിറ്റല്‍ നേവി മുംബൈയില്‍ നിര്‍മിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ദൂരവും എത്തിച്ചേരാനുള്ള സമയവും പരിഗണിച്ച് മുംബൈ മഹാലക്ഷ്മിയിലേക്ക് മാറ്റുകയായിരുന്നു.


മള്‍ട്ടി ഡിസിപ്ലിനറി പരിചരണത്തോടൊപ്പം ശസ്ത്രക്രിയ, ഡയഗ്‌നോസ്റ്റിക്‌സ് തുടങ്ങി ദന്ത-നേത്ര-ത്വക്ക് രോഗങ്ങള്‍ക്കും പ്രത്യേക ചികിത്സാ വിഭാഗം ആശുപത്രിയില്‍ ഉണ്ടാകും. എന്‍ഡോസ്‌കോപ്പി സൗകര്യങ്ങള്‍ക്കൊപ്പം ഫാര്‍മസി സേവനങ്ങളും ലഭ്യമാകുന്ന ആശുപത്രിയുടെ നേതൃത്വം പ്രശസ്ത ബ്രിട്ടീഷ് വെറ്റിനറി ഡോക്ടര്‍ തോമസ് ഹീത്ത്‌കോട്ട് നല്‍കും. ലണ്ടനിലെ റോയല്‍ വെറ്റിനറി കോളജ് ഉള്‍പ്പെടെ യു.കെ വെറ്റിനറി സ്‌കൂളുകളുമായി സഹകരിച്ചാണ് ആശുപത്രി പ്രവര്‍ത്തിക്കുക.


Similar Posts