നാണയങ്ങള്‍ സ്വേച്ഛാധിപതികളാകുന്ന കാലം; രതീഷ് കൃഷ്ണയുടെ കവിതകളെക്കുറിച്ച്
|ഭരണകൂടങ്ങളും മാധ്യമങ്ങളും നിര്‍മിക്കുന്ന വംശീയാഖ്യാനങ്ങള്ക്കിടയില് കുഴിച്ചുമൂടപ്പെടുന്ന കവിതയെക്കുറിച്ചു കവി ആശങ്കാകുലനാണ്. എങ്കിലും വരാന്‍ പോകുന്ന ദുരന്തകാലം പിന്നിടേണ്ട കുട്ടികളില്‍ കവിക്ക് പ്രതീക്ഷയുണ്ട്.
ആധുനിക ഹിന്ദി കവിതയുടെ സമകാലിക സന്ദര്‍ഭത്തെക്കുറിച്ചു എഴുതുമ്പോള്‍ അരുണ്‍ ഹോതാ ഇങ്ങനെ എഴുതുന്നു: 'ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും കൊടുംകാറ്റ് ലോകത്തെ ആകെ മാറ്റിമറിച്ചു എന്ന് പറയപ്പെടുന്നു. എന്നാല്‍, എന്ത് തരം മാറ്റമാണ് എന്ത് പുതിയ രൂപങ്ങളാണ് ഉയര്‍ന്നുവന്നത്? മാനവികതയുടെയും സാഹോദര്യത്തിന്റെയും സ്ഥാനത്ത് ആരാണ് കമ്പോള മേധാവിത്വം സ്ഥാപിക്കാന്‍ ആഗ്രഹിച്ചത്? മനുഷ്യബന്ധങ്ങളെ ഒരു ചരക്കാക്കി മാറ്റാന്‍ ആരാണ് ആഗ്രഹിച്ചത്? കമ്പോളവത്കരണം നമുക്ക് എന്തെങ്കിലും തന്നിട്ടുണ്ടെങ്കില്‍ അത് നമ്മില്‍ നിന്ന് അതിന്റെ നൂറിരട്ടി തട്ടിയെടുത്തിട്ടുണ്ട്. അതിന്റെ ആധിപത്യം സാധാരണക്കാരന് അരക്ഷിതാവസ്ഥയുടെയും അനിശ്ചിതത്ത്വത്തിന്റെയും വലയത്തില്‍ തളച്ചിട്ടു' ശ്രീവാസ്തവ ഏകാന്തിന്റെയും സഞ്ജയ് ചതുര്‍വേദിയുടെയും വരികള്‍ വിമര്ശകന് ഉദ്ധരിക്കുന്നു:
'ജീവിതം വേദനിച്ചു കൊണ്ടേയിരിക്കുന്നു,
വേദനിക്കുന്ന കാലുകളും
വേദനാജനകമായ ജീവിതവുമായി
അവര്‍ നടക്കുന്നു
വഴിയൊരുക്കുന്നതിനിടെ
നദികളില്‍ മുങ്ങി മരിച്ച
നാഗരികതകളില്‍
ഈ മനുഷ്യരും ഉണ്ടായിരുന്നോ ' (ശ്രീവാസ്തവ ഏകാന്ത്, 'സമയ് കേ സുരോന്‍ സേ 'ഇനിഷ്യേറ്റീവ് 89, പു 140)
'ചെറിയ മനുഷ്യരേ
എഴുന്നേറ്റ് നില്ക്കൂ
പരസ്പരം കൈകോര്‍ത്ത് പിടിക്കൂ
അല്ലാത്തപക്ഷം
വലിയ മനുഷ്യന്റെ യുഗം അവസാനിക്കില്ല.' (സഞ്ജയ് ചതുര്‍വേദി, പ്രകാശ് വര്‍ഷ് പു. 17)
കേരളത്തിലെ വാഴ്ത്തപ്പെട്ട പലകവികളും വിമര്‍ശകരും ഒന്നുമറിയുന്നില്ല. അവര്‍ ഒരു കാലത്ത് അസ്തിത്വവാദ ചര്‍ച്ചയിലും സംത്രാസങ്ങളിലുമായിരുന്നു. തൊണ്ണൂറുകള്‍ക്കു ശേഷം വംശ-ലിംഗ- പരിസ്ഥിതി സ്വത്വവാദ ചര്‍ച്ചകളിലായിരുന്നു. ഒരിക്കലും വറ്റാത്ത ഡിജിറ്റല്‍ പുഴയോരത്തായിരുന്നു. അതത് കാലത്ത് വിപണി മൂല്യം ഉള്ള സിദ്ധാന്തങ്ങളുടെ പിന്നാലെ ആയിരുന്നു. ആര്‍ക്കൊക്കെയോ വഴിയൊരുക്കപ്പെടുമ്പോള് വഴിയാധാരമാകുന്ന ജീവിതങ്ങളെ കുറിച്ച് ആരും ഒന്നും അറിയുന്നില്ലായിരുന്നു. വഴി നടന്ന് തേഞ്ഞില്ലാതാകുന്ന, വിണ്ടു കീറുന്ന പാദങ്ങളെ കാണുന്നില്ല. ചോരയും മാംസവും കൊണ്ടു നിര്‍മിച്ചെടുത്ത നാഗരികതകള്‍ മുങ്ങി മരിക്കുന്നു. വിദ്യാലയങ്ങളും തൊഴിലിടങ്ങളും ചിതറിത്തെറിച്ചു പോകുന്നു. ചെറുതുകളുടെ ആഘോഷമായിരുന്നു ഉത്തരാധുനികത. ചെറുതുകളുടെ കൈകോര്‍ക്കല്‍ അല്ലായിരുന്നു. ആഗോളീകരണത്തിനുള്ള മനസ്സമ്മതമായിരുന്നു അത്. ഘടനാവാദം, ഉത്തരഘടനാ വാദം, പോസ്റ്റ് കൊളോണിയലിസം തുടങ്ങിയവ എല്ലാം വിപണിവത്കരിക്കപ്പെട്ട വംശീയതയെയും ചെറുതുകളെയും ഉയര്‍ത്തിക്കൊണ്ടുവന്നു. ബാര്‍ത്ത് പറഞ്ഞ 'കര്‍ത്താവിന്റെ മരണം' കര്‍ഷകന്റെ മരണം തന്നെയായിരുന്നു. വായനക്കാരുടെ ഉദയം ഉപഭോക്താക്കളുടെ ഉദയവും.
ഭരണകൂടങ്ങളും മാധ്യമങ്ങളും ചെറുതുകളുടെയും ബഹുസ്വരതയുടെയും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. എല്ലാ വംശീയതയും ഭൂരിപക്ഷ വംശീയത വിഴുങ്ങുന്നു. എസ്. സുധീഷും ഐജാസ് അഹമ്മദും ന്യൂനപക്ഷ വംശീയതയെ എങ്ങനെ ഭൂരിപക്ഷ വംശീയത വിഴുങ്ങുമെന്നു വിശദീകരിച്ചിട്ടുണ്ട്. ഈ സാംസ്കാരിക സ്വത്വവാദം ആഗോളീകരണത്തിനെതിരെ കോര്‍ക്കേണ്ട കയ്യുകളില്‍ വ്യാജ വിപ്ലവങ്ങളുടെ കളിപ്പാട്ടങ്ങള്‍ നിര്‍മിച്ചു കൊടുത്തു. സവര്‍ണ്ണ/അവര്‍ണ്ണ, മുസ്ലിം/ഹിന്ദു, ഹമാസ്/അമേരിക്ക തുടങ്ങിയ സാംസ്കാരിക ദ്വന്ദ്വനിര്മിതികളില് അഭയം തേടാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥ. അതിനിടയിലൂടെ ഒരു രാജ്യം വില്ക്കപ്പെടുന്നു എന്ന വസ്തുത മറയ്ക്കപ്പെട്ടു. ഏതാനും വലിയ മനുഷ്യരുടെ ഉദയത്തോടെ ബലൂണ്‍ പോലെ രാജ്യം വികസിക്കുന്നു. ചെറിയ മനുഷ്യര്‍ എഴുന്നേല്ക്കുകയും കൈകോര്‍ക്കുകയും ചെയ്തില്ലെങ്കില്‍ വലിയ മനുഷ്യരുടെയുഗം അവസാനിക്കുകയില്ല.
ഇക്കാര്യം തികച്ചും ബോധ്യമുള്ള കേരളീയനായ ഇന്ത്യന്‍ കവിയാണ് രതീഷ് കൃഷ്ണ. എന്നാല്‍, ഭരണകൂടങ്ങളും മാധ്യമങ്ങളും നിര്‍മിക്കുന്ന വംശീയാഖ്യാനങ്ങള്ക്കിടയില് കുഴിച്ചുമൂടപ്പെടുന്ന കവിതയെക്കുറിച്ചു കവി ആശങ്കാകുലനാണ്. എങ്കിലും വരാന്‍ പോകുന്ന ദുരന്തകാലം പിന്നിടേണ്ട കുട്ടികളില്‍ കവിക്ക് പ്രതീക്ഷയുണ്ട്.
'ഞാന്‍ ഞാവല്‍ പഴങ്ങള്‍ കഴുകിത്തുടച്ച് അവര്‍ക്ക് നല്കുന്നു
കൈനിറയെ പഴങ്ങളുമായി അവരെന്നെ നോക്കുന്നു
ഇത് തിന്നണോ കളയണോ
അവര്‍ക്ക് അത് മനസ്സിലാകുന്നില്ല
ഇത് നിങ്ങളുടെ കുട്ടികള്‍ക്ക് കൊടുക്കൂ
ഞാന്‍ പുഞ്ചിരിച്ചു ' (ഞാവല്‍ പഴങ്ങള്‍)
രാജ്യം ഒരു ജനാധിപത്യ സ്ഥലമല്ല ടൂറിസ്റ്റ് മ്യൂസിയമായി മാറിയിരിക്കുന്നു. ക്ഷേത്രങ്ങളും പള്ളികളും കൊണ്ട് രാജ്യം വിഭജിക്കുക മാത്രമല്ല, രണ്ടും ടൂറിസ്റ്റ് സ്ഥലങ്ങളാക്കി മാറ്റി വിപണി മൂല്യം സൃഷ്ടിക്കുന്നു. രാജ്യം കാഴ്ചബംഗ്ലാവ് ആയി മാറുന്നു. സെല്‍ഫി പോയിന്റുകളായി മാറുന്നു. വിപരീതപരിണാമത്തില്പ്പെട്ട മനുഷ്യന് മൃഗങ്ങള്‍ ഉപദേഷ്ടാക്കള്‍ ആയി മാറുന്നു. രതീഷിന്റെ കവിതയില്‍ പൂച്ച കൊച്ചുറബ്ബി (ചെറിയ ഗുരുനാഥന്) ആണ്. പൂച്ചയുടെ വളര്‍ത്തു മനുഷ്യനാണ് ആഖ്യാതാവ്.
കവിതയുടെ ഞാവല്‍പ്പഴങ്ങള്‍ സാംസ്കാരിക നായകര്‍ക്കും ഭരണകൂടങ്ങള്‍ക്കും മനസ്സിലായില്ലെങ്കിലും കുട്ടികള്‍ക്ക് മനസ്സിലാകും. കാരണം അവരാണ് ഈ ദുരിതകാലത്തെ നേരിടേണ്ടവര്‍.
ചുംബനം ഛര്‍ദ്ദിക്കുന്ന പൂച്ചകള്‍
ജനത കുരിശ്ശേറ്റപ്പെടുമ്പോഴും അധികാരം അതിന്റെ ഉയിര്ത്തെഴുന്നേല്പുകള് ആഘോഷിക്കുന്നു.
'അരിയും മണ്ണെണ്ണയും
ലഭിക്കുന്നില്ലെന്ന് അമ്മ പറഞ്ഞു.
ഇടയ്ക്ക് ഞങ്ങള്‍ പച്ചരി കുതിര്‍ത്ത് തിന്നാന്‍ തുടങ്ങി.
റേഷന്‍ കാര്‍ഡുകളില്‍നിന്ന്
മരിച്ചവരുടെ പേരുകള്‍ വെട്ടിക്കളയുകയല്ലാതെ
ഞങ്ങളുടെ ഗവണ്മെന്റ് പൗരന്മാര്ക്കായി മറ്റൊന്നും ചെയ്തില്ല.
രാജ്യം, ക്രിസ്തുവിനെ
വേര്‍പ്പെടുത്തിയ
കുരിശുപോലെ തകര്‍ന്നു.' (കൊച്ചു റബ്ബി)
എഴുത്തുകാരും സാംസ്കാരിക നായകരും വിപ്ലവകാരികളുമാകട്ടെ വിപരീതപരിണാമത്തിലാണ്. പെണ്‍കുട്ടികള്‍ പ്രതിഷേധത്തോടെ തെരുവില്‍ വലിച്ചെറിയുന്ന ദേശീയ പുരസ്കാരങ്ങള്‍ക്കു വേണ്ടി സാംസ്കാരിക നായകന്മാര് അക്കാദമി ബഞ്ചിലിരുന്നു കരയുന്നു. ആരാണ് വലിയ കവിയെന്ന് തര്‍ക്കിക്കുന്നു, കൂലി കുറഞ്ഞു പോയതില്‍ വിലപിക്കുന്നു. എഴുത്തുകാര്‍, ജനങ്ങളാകെത്തന്നെ നാലു കാലില്‍ വീഴുന്ന പൂച്ചയായി പരിണമിച്ചിരിക്കുന്നു. നിലവിലുള്ള പ്രതിഷ്ഠകളെ തല്ലിയുടയ്ക്കാനായിരുന്നു നാരായണ ഗുരു നവോത്ഥാന കാലത്ത് ഒഴുകുന്ന നദിയില്‍ നിന്നും ഒരു കല്ലെടുത്ത് അരുവിപ്പുറത്ത് പ്രതിഷ്ഠിച്ചത്. എന്നാല്‍, പുതിയ കാലപ്രതിഷ്ഠ ഒരു വിപരീത പരിണാമമാണ് മനുഷ്യനില്‍ നിന്നും ഹനുമാനിലേയ്ക്കുള്ള പരിണാമമാണ്. പ്രതിമാജീവിതങ്ങളുടെ നിര്‍മിതിയാണ്. രാജ്യം ഒരു ജനാധിപത്യ സ്ഥലമല്ല ടൂറിസ്റ്റ് മ്യൂസിയമായി മാറിയിരിക്കുന്നു. ക്ഷേത്രങ്ങളും പള്ളികളും കൊണ്ട് രാജ്യം വിഭജിക്കുക മാത്രമല്ല, രണ്ടും ടൂറിസ്റ്റ് സ്ഥലങ്ങളാക്കി മാറ്റി വിപണി മൂല്യം സൃഷ്ടിക്കുന്നു. രാജ്യം കാഴ്ചബംഗ്ലാവ് ആയി മാറുന്നു. സെല്‍ഫി പോയിന്റുകളായി മാറുന്നു. വിപരീതപരിണാമത്തില്പ്പെട്ട മനുഷ്യന് മൃഗങ്ങള്‍ ഉപദേഷ്ടാക്കള്‍ ആയി മാറുന്നു. രതീഷിന്റെ കവിതയില്‍ പൂച്ച കൊച്ചുറബ്ബി (ചെറിയ ഗുരുനാഥന്) ആണ്. പൂച്ചയുടെ വളര്‍ത്തു മനുഷ്യനാണ് ആഖ്യാതാവ്.
'ചീരു കൊച്ചു റബ്ബി
എന്റെ വളര്‍ത്തു പൂച്ചയാണ്
ചിലപ്പോഴൊക്കെ ഞാന്‍ അവളുടെ
വളര്‍ത്തു മനുഷ്യനും. (കൊച്ചു റബ്ബി)'
ഭരണകൂട ഭീകരതകളും കോര്‍പ്പറേറ്റ് ഭീകരതകളും ഏറ്റുവാങ്ങി ഇഴജെന്തുവായി പരിണമിച്ച മനുഷ്യര്‍ പൂച്ചയ്ക്ക് മുന്നില്‍ കേഴുന്നു.
'മനുഷ്യന് ഇഴയുന്നു
പുറ്റുകള്‍ തോറും തേടുന്നു
റബ്ബീ, നീയെവിടെ...
വിഷ ജന്തുവാമെന്നെ ആരെങ്കിലും
അടിച്ചു കൊല്ലും!
അതിനുമുന്‍പ് നിന്റെ വാലില്‍ പിടിച്ച്
ഞാന്‍ പുറത്തേക്ക് വലിക്കട്ടെ.
റബ്ബീ -
ഞാന്‍ അനാഥനാണ്. ' (കൊച്ചു റബ്ബി)
രതീഷിന്റെ കവിതയിലെ പൂച്ച മനുഷ്യദുരന്തങ്ങളുടെ സാക്ഷിയും കാരണവും ഇരയും അഭയവും പ്രതിഷേധവുമാണ്.
മ്യൂസിയം എന്ന കവിതയില്‍ ഇങ്ങനെ കാണാം:
'വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം
വരാനിരിക്കുന്ന ഒരു ചാറ്റല്‍ മഴയത്ത്
നീ അക്കാദമിയിലെ ഒരു ബഞ്ചിലിരുന്ന് കരയുന്നതെന്തിനാവും!
നിനക്കൊരു ആത്മാവില്ലെന്ന് നീ വിതുമ്പുന്നു. ആ നടുക്കത്തില്‍ മ്യൂസിയത്തില്‍വെച്ച് ഞാന്‍ നിനക്ക് നല്കിയ ചുംബനം നിന്റെ പൂച്ച ഛര്‍ദ്ദിക്കുന്നു.
ഏണിയും പാമ്പും കളിക്കാന്‍
ഞാന്‍ നിന്നെ ക്ഷണിക്കുന്നു.
നഷ്ടപ്പെട്ടുവെന്ന് പറയൂ
എനിക്കത് മനസിലാവും.
നോക്കൂ, ഉറുമ്പിന് ഉറുമ്പിന്റെ ആത്മാവ് ദിനോസറുകള്‍ക്ക് അതിനോളം വലിപ്പമുള്ള ആത്മാവ്...
നീ ആ ബഞ്ചില്ത്തന്നെയിരിക്കുന്നു.
നിന്റെ ഇല്ലായ്മയെ നിശബ്ദം അറിയിച്ചുകൊണ്ട് '
അധികാരത്തിന്റെ വരാന്തയില്‍ ആത്മാവു നഷ്ടപ്പെട്ട ജനത. സാക്ഷിയായ പൂച്ച ചുംബനം ഛര്‍ദിക്കുന്നു. മ്യൂസിയമായിത്തീര്ന്ന ജീവിതത്തിന് ജീവന് നല്കാന് നല്കപ്പെട്ട ചുംബനം പൂച്ചയ്ക്ക് ദഹിക്കുന്നില്ല. ആത്മാവ് പണയപ്പെടുത്തിയ ഒരു ജനതയില്‍ നിന്നും പ്രണയവും പ്രതിഷേധവും നഷ്ടപ്പെട്ടിരിക്കുന്നു. പൂച്ച ആ പ്രതിഷേധം ഏറ്റെടുക്കുന്നു.
കര്‍ഷകന്റെ പാദങ്ങളില്‍ നിന്നും കവിത
അധികാരത്തിന്റെ ഉപകാരസ്മരണകളായി എല്ലാ വ്യവഹാരങ്ങളും മാറിയിരിക്കുന്നു. കവിതയില്‍ നിന്നും എഴുത്തുകാരന് ഇറങ്ങിപ്പോയിരിക്കുന്നു. അക്ഷരങ്ങളില്‍ നിന്നും അനുഭവവും. നിര്‍മാതാക്കള്‍ അഭയങ്ങളില്ലാതെ വലിച്ചെറിയപ്പെടുകയും ഇടനിലക്കാര്‍ അധികാരികളാകുകയും ചെയ്യുന്ന ഒരു ലോകം. ആമസോണ്‍ എന്ന ഉത്പന്നങ്ങളുടെ ഇടനില സ്ഥാപനം ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായപ്പോള്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. വാക്കുകളുടെ വ്യാപാരികള്‍ വാക്കുകളെ കൊന്നു.
'നഗരം അടഞ്ഞു കിടക്കുന്നു
വാക്കുകളുടെ വ്യാപാരികള്‍
ഒഴിഞ്ഞു പോയിരിക്കുന്നു.
കച്ചവടക്കാരായ സര്‍ക്കാര്‍
അക്ഷരങ്ങളുടെയും
വാര്‍ത്തകളുടെയും
വില കുറച്ചിരിക്കുന്നു...
പഴയ സാധനങ്ങള്‍ വില്‍ക്കുന്ന ഇടങ്ങളില്‍ പ്രായമുള്ളവര്‍
മാസ്ക്കണിഞ്ഞിരിക്കുന്നു.
അവര്‍ക്ക് അറുപതുകളിലെ
ഒരു സിനിമാഗാനം എഴുതികൊടുത്താലോ?
പൊലീസ് അരുകിലേക്ക് വരുന്നു
ഞാന്‍ കൊമ്പുള്ള ഒരു വെളുത്ത കുതിരയെ എഴുതിയെടുത്ത് രക്ഷപ്പെടുന്നു.' (ഇപ്പോള്‍ പുലി
മാനുകള്‍ക്കിടയില്‍ മേയുന്നു. )
കര്‍ഷകര്‍ തന്റെ സമരത്തിലൂടെ ഒരു രാജ്യത്തിന് ജീവന് കൊടുക്കും പോലെ കവി വാക്കുകള്‍ക്ക് ജീവന് കൊടുക്കുന്നു
'കര്‍ഷകന്റെ പാദങ്ങളില്‍നിന്ന്
'സ' യും ഹൃദയത്തില്‍നിന്ന് 'മ'യും
ശിരസ്സില്‍നിന്ന് 'രം' എന്ന അക്ഷരവും കണ്ടെടുത്ത് ഞാന്‍ ചേര്‍ത്തെഴുതുന്നു.
അനന്തരം -
വയലുകളില്‍നിന്ന് ട്രാക്ടറുകള്‍
നഗരത്തിലേക്ക് തിരിക്കുന്നു
സന്ധിയില്ലാത്ത ഒരു 'സമരം'
ഗര്‍ജ്ജിക്കുന്നു'. (ഇപ്പോള്‍ പുലി
മാനുകള്‍ക്കിടയില്‍ മേയുന്നു.)
മരിച്ച വാക്കുകള്‍ക്ക് ജീവനുള്ള നട്ടെല്ലും മരിച്ച ജീവിതങ്ങള്‍ക്ക് അര്‍ഥമുള്ള സമരജീവിതവും നല്‍കുകയാണ് കവി തന്റെ മാന്ത്രിക റിയലിസത്തിലൂടെ സാധിക്കുന്നത്. പ്രതിഷ്ഠയും പ്രതിമാജീവിതങ്ങളും കൊണ്ട് മ്യൂസിയമായിത്തീര്ന്ന ഒരു രാജ്യത്ത്, ആത്മാവു നഷ്ടപ്പെട്ട ഒരു ജനതയ്ക്ക് കവിത എഴുതി ജീവന് പകര്‍ന്നു കൊടുക്കുന്ന പ്രക്രിയയാണ് കവി ചെയ്യുന്നത്. നമ്മുടെ രാജ്യം എത്തി നില്ക്കുന്ന രാഷ്ട്രീയ സന്ദര്‍ഭങ്ങളെയാണ് രതീഷ് കൃഷ്ണ എന്ന കവി പ്രശ്നവത്കരിക്കുന്നത്. അധികാരത്തിന്റെ വരാന്തയിലിരുന്നു കരയുന്ന ആത്മാവു നഷ്ടപ്പെട്ട ജനതയ്ക്കും അക്ഷര വ്യാപാരികള്‍ക്കും അക്ഷരത്തിനും തൊഴില്‍ ജീവിതത്തിനും നിരന്തരം വില കുറയ്ക്കുന്ന കച്ചവടക്കാരായ ഭരണകൂടത്തിനും നടുവില്‍ നിന്നു കൊണ്ടു കര്‍ഷകരുടെ പാദങ്ങളില്‍ നിന്നും ഹൃദയങ്ങളില്‍ നിന്നും സന്ധി ചെയ്യാത്ത സമരങ്ങള്‍ പോലെ കവിത നിര്‍മിച്ചെടുക്കുന്നു. അതു രാജ്യം വികസിക്കുമ്പോള്‍ പുറന്തള്ളപ്പെടുന്നവന്റെ നെഞ്ചിലെ നേരും നെരിപ്പോടും നിലവിളിയും നിഷേധവുമായിത്തീരുന്നു.
കത്തുന്ന പച്ചമരം
സ്വത്വവാദ/വംശീയ/ഫോക്ലോര് ചരിത്രരഹിത അക്കാദമിക പ0നങ്ങള്‍, ലിംഗപരവും വംശീയവുമായ അര്Lത്തിലേയ്ക്ക് ചുരുക്കുന്ന വാര്‍ത്താ നിര്‍മിതികള്‍. ഇതിനെയെല്ലാം ഉപയോഗപ്പെടുത്തി വിപണി കയ്യടക്കുന്ന രാജ്യാധികാര വ്യവസ്ഥ, ഇത്തരത്തില്‍ വാക്കുകളും സമരങ്ങളും കൊല്ലപ്പെടുന്ന സമകാല ജീവിതത്തില്‍ നിന്നും കവിതയും കര്‍ഷകസമരവും ഉയര്‍ന്നു വരുന്നു എന്നതു അനിവാര്യതയാണ്. മനുഷ്യന് എന്ന പദത്തെ ചരിത്രത്തില്‍ നിന്നും ഒഴിവാക്കാനാവില്ല എന്നതിന്റെ തെളിവാണത്. ഗാന്ധിജിയുടെ രാമരാജ്യവും ഗോഡ്സെയുടെ രാമരാജ്യവും തമ്മിലുള്ള വൈരുധ്യം രതീഷ് 'രാമരാജ്യം' എന്ന കവിതയില്‍ പരാമര്‍ശിക്കുന്നുണ്ട്. ആരുടെ രാമരാജ്യമായാലും രാമരാജ്യം ഒരു ജനാധിപത്യ രാഷ്ട്രമല്ല. ഡിഗ്രി പഠിക്കാനും കൃഷി ചെയ്യാനും ലോണ്‍ എടുത്തു അതുവീടാനാവാതെ ആത്മഹത്യ ചെയ്യുന്ന ശംബൂകന്മാര്‍ രാമരാജ്യത്തില്‍ ഉണ്ടാകും. അവന് രാക്ഷസനാണ് അവനെക്കൊല്ല് എന്നു പറയുന്ന പുരോഹിതന്മാര് ഉണ്ടാകും. സിറിയന്‍ കവി അഡോണിസ് ആശാന് പുരസ്കാരം സ്വീകരിക്കാന്‍ വന്നപ്പോള്‍ പറഞ്ഞത്, താന്‍ നരഭോജികളുടെ നാട്ടില്‍ നിന്നാണ് വരുന്നത് എന്നാണ്. മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന രാജ്യം നരഭോജികളുടെ നാടാണ്. അവിടത്തെ ജനങ്ങളുടെ ഉളളില്‍ പതുങ്ങിയിരുന്ന് വംശീയമൃഗം തൊട്ടടുത്ത സുഹൃത്തിനെ ആക്രമിക്കും. പണത്തിന് വേണ്ടി മതത്തെ ഉപയോഗിക്കുന്ന സ്വേച്ഛാധിപതികളെ നിര്‍മിക്കും. നാണയങ്ങള്‍ സ്വേച്ഛാധിപതികളാകുന്ന കാലം എന്നു ഹിന്ദി കവി സഞ്ജയ് കുന്ദന്‍ പുതിയ കാലത്തെ നിരീക്ഷിക്കുന്നത് അതുകൊണ്ടാണ്. എങ്കിലും ചെറിയ മനുഷ്യര്‍ എഴുന്നേല്ക്കുകയും കൈകോര്‍ക്കുകയും വലിയ മനുഷ്യരുടെ യുഗം അവസാനിപ്പിക്കുകയും ചെയ്യും. ഇത്തരം കവിതകള്‍ അത്തരം രാഷ്ട്രീയ പ്രതീക്ഷ നല്കുന്നു
'അവള് വന്നപ്പോഴാണ്
കാട്ടുതീയുണ്ടായത്.
അവള് മരത്തെ പുണര്‍ന്ന്
മരമായി.
കത്തുന്ന പച്ചമരം ' (രതീഷ് കൃഷ്ണ, ഒറ്റയ്ക്കു കത്തുന്ന പച്ചമരം)