എഫ്.എഫ്.സി ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയെടുത്ത അധമ ടെര്‍മിനോളജിയുടെ ദൃശ്യവത്കരണമാണ് ആര്.ഡി.എക്സ്
|മലയാള സിനിമ കാലപ്പഴക്കം കൊണ്ട് ആര്‍ജിച്ച മൂല്യബോധങ്ങളുടേയും കീഴാള നവോത്ഥാനത്തിന്റേയും കടക്കല്‍ കത്തിവയ്ക്കുന്നുണ്ട് ആര്.ഡി.എക്സ്.
സിനിമ എന്ന കല 100 ശതമാനവും വാര്‍പ്പ് മാതൃക (stereotype)കളുടേ താണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല; എന്നാലതങ്ങിനെയാണ്. സിനിമയിലെ ഓരോ പ്രതിനിധാനവും (representation) സമൂഹത്തിന്റെ ചിന്തകളുടെ സംഘാതങ്ങളാണ്. അതുകൊണ്ടാണ് സിനിമ എടുക്കുന്നവര്‍ അറിയാതെതന്നെ അവരുടെ സിനിമകളില്‍ മനുഷ്യവിരുദ്ധതകള്‍ കടന്നുകൂടുന്നത്. നിങ്ങളുടെ സിനിമയില്‍ സ്ത്രീ വിരുദ്ധതയുണ്ട് എന്ന് പറഞ്ഞാല്‍ ഒരു എഴുത്തുകാരനോ സംവിധായകനോ സമ്മതിച്ച് തരാത്തത് തങ്ങളില്‍ അങ്ങിനെയുണ്ട് എന്ന് അവര്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്തതുകൊണ്ടാണ്. അവരെ സ്വാധീനിക്കുന്നത് മേല്‍പ്പറഞ്ഞ വാര്‍പ്പ് മാതൃകകളാണ്. ഓണത്തിന് തിയറ്ററുകളില്‍ എത്തുകയും വലിയ വിജയം നേടുകയും ചെയ്ത മലയാള സിനിമയായ ആര്.ഡി.എക്സ് ഇത്തരം സ്റ്റീരിയോടൈപ്പുകളാല്‍ സമ്പന്നമാണ്.
ആര്.ഡി.എക്സിന്റെ കഥാപരിസരം
കേരളീയ മധ്യവര്‍ഗത്തിന്റെ പ്രതിനിധാനങ്ങളായ മൂന്ന് ചെറുപ്പക്കാരാണ് ആര്.ഡി.എക്സിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ കാലം 90 കളാണ്. നന്നായി പുനര്‍നിര്‍മിക്കപ്പെട്ട കാല പരിസരമാണ് ആര്.ഡി.എക്സിലേത്. വസ്ത്രങ്ങളില്‍ തുടങ്ങി വാഹനങ്ങളും ഉപകരണങ്ങളും വരെ മികച്ചരീതിയില്‍ പുനഃസൃഷ്ടിച്ചിട്ടുണ്ട്. നല്ല വീടും കാറും സാമൂഹികസ്വാധീനവും ഒക്കെയുള്ള നായകന്മാരുടെ പ്രധാന പ്രശ്നം അവരുടെ ആണത്ത പ്രയോഗങ്ങളാണ്. ഈ മധ്യവര്‍ഗ കോമള കുബേരന്മാരുടെ എതിരുനില്ക്കുന്നതാകട്ടെ കുറേ കോളനി മനുഷ്യരാണ്. കറുകറുത്ത നിറമുള്ള, കറപിടിച്ച പല്ലും, ലഹരിയും വിയര്‍പ്പും മണക്കുന്ന ഉടലുമുള്ള ക്രിമിനലുകള്‍. ഇവര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു വിഭാഗത്തെ തീര്‍ത്തും പൈശാചികവത്കരിച്ചിരിക്കുകയാണ് സിനിമ. ബാഹുബലിയിലെ വിചിത്രഭാഷ സംസാരിക്കുന്ന കാലകേയന്മാരെ ആര്.ഡി.എക്സ് കാണുമ്പോള്‍ നമ്മുക്ക് ഓര്‍മവരും.
മഹാരാജാ കോളനിയിലെ സോംബികള്‍
ആര്.ഡി.എക്സ് നിര്‍മിച്ചിരിക്കുന്നത് ആക്ഷന്‍ പ്രാധാന്യം നല്‍കിയാണ്. അതിനുവേണ്ടിയുള്ള പിരികയറ്റലാണ് സിനിമയിലുടനീളം. ഇതിന് ഇരയാകേണ്ടിവന്നതാകട്ടെ സിനിമയിലെ വില്ലന്മാരും. സിനിമയില്‍ കറുത്ത മനുഷ്യര്‍ മാത്രമല്ല കറുത്ത ഭൂപ്രദേശവും ഉണ്ട്. മഹാരാജാ കോളനി എന്നാണ് ആ ഭൂഭാഗത്തിന്റെ പേര്. അവിടത്തെക്കുറിച്ച് പറയുമ്പോഴെല്ലാം ആ മനുഷ്യരുടെ തിന്മയും ഉയര്‍ന്നുവരും. അവിടത്തെ വയോധികര്‍പോലും കൊടും ക്രിമിനലുകളാണ്. കോളനിയില്പെട്ടുപോകുന്ന നായകരില്‍ ഒരാളിനെ അടിച്ച് കൊല്ലാന്‍ ആക്രോശിക്കുന്നത് പൊതുവേ പാവമെന്ന് തോന്നിക്കുന്ന ഒരു വയോധികനാണ്. ഒരുകൂട്ടം മനുഷ്യരുടേയും ഭൂപ്രദേശത്തിന്റേയും സമ്പൂര്‍ണമായ പൈശാചികവത്കരണമാണ് ആര്.ഡി.എക്സില്‍ കാണാനാകുന്നത്. കോളനിമനുഷ്യരെ മനുഷ്യരെന്നതിലുപരി സ്വാഭാവികവത്കരിച്ചിട്ടുണ്ട് സിനിമ. വളരെ നീണ്ട ഒരു സംഘട്ടന സീക്വന്‍സില്‍ അവര്‍ പെരുമാറുന്നത് മനുഷ്യരെന്നതിലുപരി രക്തദാഹികളായ സോംബികളായാണ്.
തിരിച്ചുവരുന്ന ഭൂതകാലക്കുളിര്
കേരളീയ നവോത്ഥാന പരിസരത്തില്‍ നാം പുതപ്പിച്ച് കിടത്തിയിരിക്കുന്ന കറുത്ത ഭൂഭാഗങ്ങളാണ് കോളനികള്‍. കേരളത്തില്‍ ആരാണ് കോളനികളില്‍ താമസിക്കുന്നത്. ദലിതരും മുസ്ലിംകളുമാണ് അതില്‍ ഭൂരിഭാഗവും. കേരളത്തിലെമ്പാടും അംബേദ്കര്‍ കോളനികളും പാക്കിസ്താന്, ബംഗ്ലാദേശ് കോളനികളുമുണ്ട്. എവിടെയെങ്കിലും നമുെക്കാരു ബ്രാഹമണ, നായര്‍ കോളനി കാണാനാകുമോ. ഈ കോളനികളില്‍ നരകിച്ച് ജീവിക്കുന്നത് ഈ സമൂഹത്തിലെ കീഴാള മനുഷ്യരാണ്. ഫോര്‍ട്ട് കൊച്ചിമുതല്‍ തിരുവനന്തപുരത്തെ ചെങ്കല്ച്ചൂളയും കരിമഠം കോളനിയുംവരെ പരന്നുകിടക്കുന്ന ഭൂഭാഗങ്ങളില്‍ 90 ശതമാനവും ദലിത്, മുസ്ലിം മനുഷ്യരാണുള്ളത്. ഒരു കാലത്ത് മലയാള സിനിമയിലെ വില്ലന്മാരെല്ലാം ഈ കോളനികളില്നിന്നുള്ളര് ആയിരുന്നു. അടുത്ത കാലത്താണ് അതിന് മാറ്റമുണ്ടായത്. തെളിഞ്ഞ രാഷ്ട്രീയമുള്ള ഒരുകൂട്ടം ചെറുപ്പക്കാര്‍ അവരുടെ പ്രജ്ഞാബലംകൊണ്ട് മാറ്റിയെഴുതിയതാണ് മലയാള സിനിമയിലെ ഈ കോളനി വിരുദ്ധ പ്രവര്‍ത്തനം. കമ്മട്ടിപ്പാടമൊക്കെ ഈ പ്രവര്‍ത്തനത്തിലെ നാഴികക്കല്ലുകളാണ്. അവിടെനിന്നാണ് ആര്.ഡി.എക്സ് തിരിഞ്ഞുനടക്കുന്നത്.
ആര്.ഡി.എക്സിന്റെ വിജയ ഫോര്‍മുല
ആര്.ഡി.എക്സ് കണ്ടുകൊണ്ടിരുന്നപ്പോള്‍ ഈ സിനിമയുടെ കഥാഗതിയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാല്‍ ഇതിനെ മനുഷ്യരുടെ സിനിമയാക്കാമെന്ന് തോന്നിയിരുന്നു. പണക്കൊഴുപ്പുള്ള സാമൂഹിക സ്വാധീനമുള്ള മൂന്ന് ചെറുപ്പക്കാര്‍. അവരിലൊരാള്‍ക്ക് അടുത്തുള്ള കോളനിയിലെ ഒരു പെണ്‍കുട്ടിയോട് പ്രണയം. എന്നാല്‍ അവള്‍ക്ക് ഇവനെ കണ്ടുകൂട. അവള്‍ക്ക് ഇഷ്ടം തന്റെകൂടെ നൃത്തം ചെയ്യുന്ന അയല്‍ക്കാരനോടാണ്. എന്നാലാ പെണ്ണിനെ സ്വന്തമാക്കാന്‍ നമ്മുടെ വില്ലന്‍ പദ്ധതിയൊരുക്കുന്നു. കാമുകനായ നായകനും കോളനിയിലെ കൂട്ടുകാരും ചേര്‍ന്ന് ഇതിനെ പ്രതിരോധിക്കുന്നു. മഹാരാജാ കോളനിയില്‍ ഒരു കരാട്ടേ സ്കൂള്‍ ഉണ്ടെന്ന് സങ്കല്പ്പിച്ചാല് ഇത്തരമൊരു സിനിമ സാധ്യമാണ്. എന്നാലിവിടെ ഇടിക്കേണ്ടിവരിക കോമള കുമാരന്മാരെയായിരിക്കും. കറുത്ത ക്രിമിനലുകളെ പരമാവധി ഹൈപ്പ് കയറ്റി ചുഴറ്റി അടിക്കാനുള്ള സാധ്യത കുറവായിരിക്കും. വെളുത്ത നായികയെ ടാറടിച്ച് കറുപ്പിക്കാനുള്ള അവസരവും ഉണ്ടാകില്ല.
ആര്.ഡി.എക്സ് വിജയിക്കാനുള്ള പ്രധാന കാരണം അതൊരു തിയറ്റര്‍ സിനിമയാണ് എന്നതുകൊണ്ടാണ്. ആ തിയറ്റര്‍ എക്സ്പീരിയന്‍സ് സാധ്യമാകുന്നത് വില്ലന്മാരുടെ പൈശാചികവത്കരണം കൊണ്ടാണ്. മനുഷ്യവിരുദ്ധമായ ഒരാശയത്തെ വിജയഫോര്‍മുലയാക്കി പണം വാരിയ സിനിമയാണ് ആര്.ഡി.എക്സ്.
ഉപസംഹാരം
മലയാള സിനിമ കാലപ്പഴക്കംകൊണ്ട് ആര്‍ജിച്ച മൂല്യബോധങ്ങളുടേയും കീഴാള നവോത്ഥാനത്തിന്റേയും കടക്കല്‍ കത്തിവയ്ക്കുന്നുണ്ട് ആര്.ഡി.എക്സ് എന്ന സിനിമ. കേരളീയ പൊതുബോധത്തില്‍ അമര്‍ന്നിരുന്ന കറുത്ത, കോളനി മനുഷ്യരോടുള്ള വെറുപ്പിനെ പുനരുല്പ്പാദിപ്പിക്കുകയാണിവിടെ. നല്ല രാഷ്ട്രീയ ബോധ്യമുള്ള മനുഷ്യര്‍ തങ്ങളുടെ തെളിഞ്ഞ ബുദ്ധിയില്‍ നിന്ന് നിര്‍മിച്ചെടുത്ത സിനിമകളുടെ പാരമ്പര്യത്തെ കലക്കിമറിക്കുന്നുണ്ട് ആര്.ഡി.എക്സ്. വില്ലത്തരത്തിന്റെ കലിപ്പ് കയറ്റാനായി മാത്രം മഹാരാജ കോളനിയെ കറുത്ത ഉടലുകളുടെ, കരുവാളിച്ച മുഖങ്ങളുടെ, കറുകറുത്ത മനുഷ്യരുടെ സോംബി നാടാക്കിയിട്ടുണ്ട് സിനിമ. അതുകണ്ട് അത്തരം കോളനികളില്‍ നിന്ന് വരുന്ന മനുഷ്യര്‍ തന്നെ കയ്യടിക്കുന്നത് കാണുമ്പോള്‍ സനാതനം വരാനായി കയ്യടിക്കുന്ന ബഹുജനങ്ങളെയാണ് ഓര്‍മവരുന്നത്. തങ്ങള്‍ക്കെതിരായ അധീശാശയങ്ങളുടെ നടത്തിപ്പുകാരായി ഇരകള്‍ മാറുന്ന കാഴ്ച്ച അത്യന്തം വേദനാജനകമാണ്. എഫ്.എഫ്.സി എന്ന അധമ ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയെടുത്ത ഒരു അധമ ടെര്‍മിനോളജിയുണ്ട്. ആ വാക്കിന്റെ ദൃശ്യ വിവരണമാണ് ആര്.ഡി.എക്സ്.