വി.ഡി സതീശന്റെയും എം.കെ മുനീറിന്റെയും വായനാ ലോകം
|പുസ്തകങ്ങള്‍ നമുക്ക് തരുന്ന വെളിച്ചം വളരെ വലുതാണ്. ഓരോ പുസ്തകങ്ങളും ഓരോ അറിവിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'രണ്ടു സാമാജികര്‍ പുസ്തകം വായിക്കുന്നു' എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ വി.ഡി സതീശനും ഡോ. എം.കെ മുനീറും തങ്ങളുടെ വായനാലോകം രൂപപ്പെട്ടതെങ്ങിനെയെന്ന് പങ്കുവെക്കുന്നു. | MLF 2023 |റിപ്പോര്‍ട്ട്: അയ്ഷ നദ
രാഷ്ട്രീയം രൂപപ്പെടുത്തുന്നതില്‍ വായന എത്രത്തോളം സഹായിച്ചിട്ടുണ്ട്? ഏതൊക്കെ മേഖലകളില്‍ നിന്നുള്ള വായനയാണ് നിങ്ങളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്? ഏതൊക്കെ രീതിയിലാണ് പുസ്തകങ്ങള്‍ നിങ്ങളെ സ്വാധീനിച്ചത്? എന്നീ ചോദ്യങ്ങളോടുള്ള പ്രതികരണം.
വി.ഡി സതീശന്
യുവാല്‍ നോഹ ഹരാരിയുടെ 'സാപിയന്‍സ്' എന്ന പുസ്തകത്തില്‍ മനുഷ്യരാശിയുടെ ചരിത്രമാണ് പറയുന്നത്. രണ്ട്, മൂന്ന് ലക്ഷം വര്‍ഷം മുമ്പുള്ള മനുഷ്യവംശത്തിന്റെ ചരിത്രം. ഹരാരിയുടെ രണ്ടാമത്തെ പുസ്തകം 'ഹോമോ ദിയൂസ്' ഭാവിയെകുറിച്ചുള്ള പുസ്തകമാണ്. അതിമനോഹരമായ പ്രവചനങ്ങള്‍ ആ പുസ്തകങ്ങളില്‍ ഉണ്ട്. മൂന്നാമത്തെ അദ്ദേഹത്തിന്റെ പുസ്തകം '21 ലെസ്സണ്‍സ് ഫോര്‍ ദി 21 സെഞ്ച്വറി'. 50 പുസ്തകങ്ങള്‍ വായിക്കുന്നതിന് തുല്യമാണ് ഹരാരിയുടെ ഒരു പുസ്തകം വായിക്കുന്നത്.
മതത്തെ കുറിച്ചും ഇതിഹാസങ്ങളെ കുറിച്ച് എഴുതിയിട്ടുള്ള പുസ്തകങ്ങളുടെ വായനയെ കുറിച്ചാണ് അടുത്തത് പറയാനുള്ളത്. റേസ അസ്ലന് ഒരു ഇറാനിയന്‍ അമേരിക്കന്‍ എഴുത്തുകാരന് ആണ്. അദ്ദേഹം ഇറാനിലെ ഷിയ മുസ്ലിം ആയിരുന്നു. പിന്നീട് ക്രിസ്ത്യാനിറ്റിയിലേക്ക് പോയി. വീണ്ടും ഇസ്ലാമിലേക്ക് തിരിച്ചു വന്നു. അദ്ദേഹം ഇസ്ലാമിനെയും ക്രിസ്ത്യാനിറ്റിയെയും പറ്റി എഴുതിയ പുസ്തകങ്ങളുണ്ട്. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 'ഗോഡ് 'എന്ന പുസ്തകമാണ്. മനുഷ്യനില്‍ ഉണ്ടായ പരിണാമത്തെപോലെ ദൈവത്തില്‍ ഉണ്ടായ പരിണാമത്തെ കുറിച്ചാണ് 'ഗോഡ്' എന്ന പുസ്തകത്തില്‍ എഴുതിയിട്ടുള്ളത്. അദ്ദേഹം ക്രിസ്ത്യനിറ്റിയെ കുറിച്ച് എഴുതിയ പുസ്തകം 'ജീസസ് ഓഫ് നസ്രേത്ത്' ആണ്. 'നോ ഗോഡ് ബട്ട് ഗോഡ്' എന്ന മനോഹരമായ ഒരു പുസ്തകം അദ്ദേഹം ഇസ്ലാമിനെ കുറിച്ച് എഴുതിയിട്ടുണ്ട്.
ഇതിഹാസങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍ അതിന്റെ വ്യാഖ്യനങ്ങള്‍ ഞാന്‍ ധാരാളമായി വായിക്കാറുണ്ട്. സി. രാജാഗോപാലാചാരിയുടെ പുസ്തകം വായിച്ചിട്ടുണ്ട്. കൂടാതെ മറാത്തി നോവലിസ്റ്റ് ആയ ശിവജി സവാന്ത്, കര്‍ണനെ പ്രധാനമാക്കി എഴുതിയ 'മൃത്യുഞ്ചയ', പി. കെ ബാലകൃഷ്ണന്റെ 'ഇനി ഞാന്‍ ഉറങ്ങട്ടെ' എം. ടിയുടെ 'രണ്ടാമൂഴം', അതേപോലെ ക്രിസ്തുവിനെ കുറിച്ച് എഴുതിയ 'കില്ലിംഗ് ജീസസ്' എന്നീ പുസ്തകങ്ങളിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്.
അടുത്തത് ഫാസിസിസത്തെ കുറിച്ചുള്ള വായനയാണ്. പുസ്തകങ്ങളെ കുറിച്ചുള്ള സംവാദത്തില്‍ ഞാന്‍ എപ്പോഴും പറയാറുള്ളത്, ഒന്നാം ലോക മഹായുദ്ധത്തിന്റെയും രണ്ടാം ലോക മഹായുദ്ധത്തിന്റെയും ഇടയിലുള്ള സംഭവങ്ങളെ കുറിച്ച് വായിക്കുക, ആ കാലത്തെക്കുറിച്ചുള്ള സിനിമകള്‍ കാണുക, യൂറോപ്പില്‍ പോവുമ്പോള്‍ ആ സ്ഥലങ്ങള്‍ കാണുക എന്നിങ്ങനെയാണ്. എന്നെ ഏറ്റവും വലിയ ജനാധിപത്യവാദിയാക്കിയത് ഞങ്ങളുടെ ഈ ഗവേഷണവും പഠനവുമാണ്. ആ കൂട്ടത്തില്‍ ഞാന്‍ വായിച്ച ഏറ്റവും പ്രധാനപ്പെട്ട പുസ്തകം 'തേര്‍ഡ് റൈക്ക്' എന്ന പുസ്തകമാണ്. ഇതില്‍ ഫാസിസം അല്ലെങ്കില്‍ നാസിസം എങ്ങനെയാണ് ഉത്ഭവിച്ചത് എന്നാണ് പറയുന്നത്. വളരെ പ്രയാസപ്പെട്ട് വായിച്ച പുസ്തകമാണത്. ഇത് വളരെ പ്രധാനപ്പെട്ട പുസ്തകവുമാണ്. നമുക്ക് ഇപ്പോള്‍ നാസിസത്തിന്റയും ഫാസിസത്തിന്റെയും ഉത്ഭവം അന്വേഷിച്ചു പോയാല്‍ - ഇപ്പോള്‍ ഇന്ത്യയില്‍ അടക്കം ലോകത്തിലെ പല രാജ്യങ്ങളിലും ഏകാധിപത്യ ഭരണം ഉണ്ട്. ഞാന്‍ എപ്പോഴും പറയാറുണ്ട്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ നടന്ന അതേ കാര്യം തെന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലും നടക്കുന്നത്. ഹിറ്റ്ലറുടെ പ്രോപ്പഗണ്ട മിനിസ്റ്റര്‍ ഗീബല്‍സ് ചെയ്തിരുന്ന അതേപണിയാണ് ഇപ്പോഴത്തെ പി.ആര് ഏജന്‍സിയും ചെയ്തുകൊണ്ടിരിക്കുന്നത്.
നമ്മള് ഒരു ജനാധിപത്യ വാദിയാവാന്‍ നമ്മളെ പ്രേരിപ്പിച്ചത് ആ കാലഘട്ടത്തില്‍ ജനാധിപത്യവും മനുഷ്യാവകാശവും എത്രമാത്രം ചവിട്ടി അരക്കപ്പെട്ടു എന്നതിന്റെ തിക്തമായ ഓര്‍മകളാണ്. ഏകാധിപതികള്ക്കെതിരായി, സ്വേച്ഛാധിപത്യത്തിനെതിരായി, ഫാസിസത്തിന് എതിരായി നമ്മള് പോരാട്ടത്തിന് ഇറങ്ങുമ്പോള്‍, നമ്മള് അറിയണം അവരെ നമ്മള്‍ക്ക് കീഴടക്കാനാവുമെന്ന്. കാരണം, അവര്‍ ഭീരുക്കള്‍ ആണ്. അവിടെ നമ്മള് പിന്തിരിഞ്ഞു ഓടാന്‍ പാടില്ല എന്ന് എന്നെ പഠിപ്പിച്ചത് പുസ്തകങ്ങള്‍ ആണ്. ഭാവിയില്‍ എന്ത് സംഭവിക്കാന്‍ പോവുന്നു എന്നതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ - പിന്നെ ഗാന്ധിയെയും നെഹ്റുവിനെയും കൂടുതല്‍ മനസ്സിലാക്കാന്‍ ഉള്ള പുസ്തകങ്ങളൊക്കെയാണ് രാഷ്ട്രീയ ജീവിതത്തില്‍ എന്നെ കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്.
എം.കെ മുനീര്‍
വി.ഡി സതീശന് വായിക്കുന്ന പുസ്തകങ്ങള്‍ പലതും നമ്മെ ചിന്തിപ്പിക്കുന്നതും വായിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ്. ഞാന്‍ പുതിയ ആശയങ്ങളിലേക്ക് എങ്ങനെയാണ് കടന്നതെന്ന് ചോദിച്ചാല്‍ ആദ്യമൊക്കെ ഫിക്ഷനും, ക്ലാസിക്കുകളും വായിക്കാറുണ്ടായിരുന്നു. ഒരു ഘട്ടം എത്തിയപ്പോള്‍ ഫിക്ഷനേക്കാള്‍ ഞാന്‍ നോണ്‍ ഫിക്ഷനിലേക്ക് പ്രവേശിച്ചു. നോണ്‍ ഫിക്ഷനില്‍ തന്നെ സ്പെഷ്യലൈസേഷനിലേക്ക് പോയി. കാരണം, ഫാസിസവും സംഘ്പരിവാറും എന്ന പുസ്തകം എഴുതുന്നതിന് വേണ്ടി ഏകദേശം നൂറു കണക്കിന് പുസ്തകങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്നും സ്വരൂപ്പിച്ച് വായിച്ചു. ഒരുപാട് റഫറന്‍സുകള്‍ നടത്തി ഞാന്‍ ആദ്യമായി എഴുതിയ പുസ്തകം ആണ് ഫാസിസവും സംഘ്പരിവാരും. ഫാസിസം എന്തെന്ന് പഠിച്ചാലേ ഫാസിസവും സംഘ്പരിവാറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിക്കാനാവൂ. അതിന് എന്നെ സഹായിച്ച പുസ്തകമാണ് ക്രിസ്റ്റോഫ് ജഫര്‍ലോട്ട് എഴുതിയ 'ഹിന്ദു നേഷന്‍സ്' എന്ന പുസ്തകം. ഇത് വായിക്കുന്നതിന്റെ ഇടയില്‍ എനിക്ക് ലോകത്ത് നടക്കുന്ന മറ്റു തീവ്രവാദ പ്രസ്ഥാനങ്ങളെ പഠിക്കാനുള്ള അവസരം ലഭിച്ചു. ഹിറ്റ്ലറുടെ 'മെയിന്‍ കാഫ്' എന്ന ജീവചരിത്രത്തിലെ മൂന്ന് ഭാഗങ്ങളും പ്രൊപ്പഗണ്ടയെ എങ്ങിനെ അനുകൂലമാക്കി മാറ്റാന്‍ കഴിയും എന്നുള്ളതിനെ കുറിച്ചാണ് പറയുന്നത്. ഇതേ സാധനം തന്നെയാണ് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ എടുത്ത് പ്രയോഗിക്കുന്നത്. പ്രോപ്പഗണ്ടക്ക് ആണ് അവിടെ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. 'മെയിന്‍ കാഫ്' എന്ന പുസ്തകവും 'ബഞ്ച് ഓഫ് തോട്സും' ഒക്കെ ഒന്ന് താരതമ്യം ചെയ്തു നോക്കിയാല്‍ ഇതെല്ലാം ഒന്നുതന്നെയാണെന്ന് കാണാന്‍ കഴിയും. മെയിന്‍ കാഫിന്റെ ഭാഗങ്ങള്‍ അല്പം പരിഷ്കരിച്ചു എഴുതപ്പെട്ടതാണ് 'ബഞ്ച് ഓഫ് തോട്സ്' എന്ന് വളരെ ആഴത്തില്‍ പഠിച്ചു നോക്കിയാല്‍ മനസ്സിലാക്കാന്‍ പറ്റും.
ഈ കാലഘട്ടത്തില്‍ വായന നടത്തിയപ്പോള്‍ ആണ് എനിക്ക് ഇതു തമ്മിലുള്ള വ്യത്യാസം മനസ്സിലായത്. അപ്പോള്‍ ഇന്ത്യയില്‍ ഇത് കടന്നു വരുമ്പോള്‍ നമുക്ക് ഉയര്‍ത്തിപ്പിടിക്കാനുള്ള വ്യക്തിത്വം എന്ന് പറയുന്നത് ജവാഹര്‍ലാല്‍ നെഹ്റു തന്നെയാണ്. ഇവിടെയുള്ള വര്‍ഗീയത പ്രചരിപ്പിക്കുന്ന സ്കൂളുകള്‍ക്ക് പകരമായി കോണ്‍ഗ്രസിന് ചെയ്യാന്‍ പറ്റുന്നത് നെഹ്റുവിന്റെ പേരിലുള്ള സെക്കുലര്‍ സ്കൂളുകള്‍ ഇന്ത്യ മുഴുവന്‍ സ്ഥാപിക്കുക എന്നുള്ളതാണ്.
കോളനിവത്കരണം കഴിഞ്ഞിട്ടുള്ള ഇന്ത്യയാണ് കോളോണിയല്‍ കാലഘട്ടത്തില്‍നിന്നും മോചിതമായ ഇന്ത്യ. കോളോണിയല്‍ വിരുദ്ധമായ നിലപാട് എടുക്കേണ്ടതിന് പകരം കോളനിവത്കരിക്കാന്‍ ശ്രമിക്കുന്ന ഇസ്രായേലിന്റെ പക്ഷത്തു നില്ക്കുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കില്‍ കോളനിവത്കരണത്തില്‍ നിന്ന് ഒരുപാഠവും പഠിച്ചിട്ടില്ല എന്നാണ് ബോധ്യപ്പെടുത്തുന്നത്. അതുകൊണ്ടാണ് പുതിയ വായനയില്‍ ഞാന്‍ ഇല്ലാന് പെപ്പേയുടെ 'എത്നിക് ക്ലീന്‍സിങ്' എന്ന പുസ്തകം തെരഞ്ഞെടതുത്തത്. വംശീയ ഉന്മൂലനം എന്താണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന പുസ്തകമാണത്.