Analysis
മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍
Analysis

മതവും മനുഷ്യനും; രണ്ടു മതപണ്ഡിതര്‍ പരസ്പരം പങ്കുവെക്കുന്നത്

സിയാന അലി
|
2 Dec 2023 12:45 PM GMT

മതം മനുഷ്യന്റെ അനുഭവത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്, മതവും ദൈവവും അതേ കുറിച്ചുള്ള ചിന്തകളും മനുഷ്യരില്‍ ഒരു സഹജമായ അനുഭൂതിയായി എങ്ങനെയാണ് വന്നു നിറയുന്നത് എന്ന് ചന്തിക്കുകയും പറയുകയും ചെയ്യുന്നു ഫാ. ബോബി ജോസ് കട്ടിക്കാട്, റഷീദ് ഹുദവി ഏലംകുളം എന്നീ രണ്ട് പുരോഹിതന്‍മാര്‍. | MLF 2023 | റിപ്പോര്‍ട്ട്: സിയാന

ബോബി ജോസ് കട്ടിക്കാട്

എല്ലാ നഗരത്തിന്റെയും സ്ഥായിയായ ഭാവം എന്ന് പറയുന്നത് അതിനെ പൊതിഞ്ഞു നില്‍ക്കുന്ന ദുഃഖമാണ്. സന്ധ്യകളൊക്കെ ദുഃഖസാന്ദ്രമാണ്. മനുഷ്യന്റെ ദുഃഖത്തില്‍ നിന്നാണ് അഗാധമായ എല്ലാ വികാരങ്ങളും ആരംഭിക്കുന്നത്. ദുഃഖത്തിന് ഒത്തിരി പ്രതലങ്ങള്‍ ഉണ്ട്. ഓരോ ദുഃഖവും ഉണ്ടാക്കുന്ന വൈകാരിക വ്യത്യാസം എന്ന് പറയുന്നത് നമ്മുടെ നിസ്സഹായതയാണ്. അവിടെ നിന്നാണ് അഗാധമായി ബന്ധപെട്ടു നില്‍ക്കാനും അപാരമായി ബന്ധപ്പെട്ട് നില്‍ക്കാനുമുള്ള മനുഷ്യന്റെ പ്രചോദനം ആരംഭിക്കുന്നതെന്ന് കരുതാവുന്നതാണ്.

അടുത്തിടെ വന്ന ചലച്ചിത്രമാണ് കാതല്‍. മലയാള സമൂഹം ഒരു പക്ഷെ അഡ്രസ്സ് ചെയ്യാന്‍ അത്ര ധൈര്യപ്പെടാത്ത ഒരു വിഷയമാണ് അതിന്റെ പ്രമേയം. അതിനകത്തൊരു പ്രത്യേക സാഹചര്യത്തില്‍ വളരെ ഹൃദയ സ്പര്‍ശിയായ, ദൈവമേയെന്ന് വിളിച്ച് പ്രാര്‍ഥിക്കുന്ന, നിലവിളിക്കുന്ന ഒരു ഭാഗമുണ്ട്. ആ വാക്ക് ഉണ്ടാക്കുന്ന ഒരു ഫ്രീസിങ് ഉണ്ട്. കണ്ടുകൊണ്ടിരിക്കുന്ന മനുഷ്യര്‍ ആ ദൈവമെന്ന വാക്കിനകത്തു ഫ്രീസ് ചെയ്യപ്പെടുകയാണ്.

ഒരു പക്ഷെ മലയാള ചലച്ചിത്രത്തില്‍ പ്രാര്‍ഥനയുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരു പഠനമോ ഗവേഷണമോ നടക്കുമ്പോള്‍ ആദ്യം അനുസ്മരിക്കാന്‍ പോകുന്നത് തീവ്രതയുള്ള ആ നിലവിളിയാണ്. നിശ്ചയമായിട്ടും അതിനകത്തു ഒരു നിസ്സഹായതയുടെ ഒരു പ്രതലമുണ്ട്. ഞാന്‍ വിചാരിക്കുന്നു എല്ലാ പ്രവാചകന്മാരും ഈ നിസ്സഹായത ഒരു ഘട്ടത്തിലെങ്കിലും അനുഭവിച്ച മനുഷ്യരാണ്. ഞാന്‍ പൊതുവായിട്ട് മതങ്ങളുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ഒരു തെളിച്ചമെന്ന് പറയുന്നത്, എല്ലാ മതങ്ങളെയും രൂപപ്പെടുത്തിയ മനുഷ്യര്‍ ആഴത്തില്‍ അഗാധമായ വിഷമം അനുഭവിച്ച മനുഷ്യരാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട വിഷമം എന്ന് പറയുന്നത് അനാഥത്വമാണ്. ലോകത്തിലെ എല്ലാ മനുഷ്യന്റെയും പൊതുവായ പ്രശ്‌നം എന്ന് പറയുന്നത് അത് അവര്‍ അനുഭവിച്ച നിസ്സഹായതയും അനാഥത്വവുമാണ്.

അനാഥരായ മനുഷ്യര്‍ പ്രപഞ്ചത്തില്‍ അഭയം തേടിയ, ആശ്വാസം തേടിയ ചില കഥകളുടെ പേരാണ് റിലീജ്യന്‍ (religion) എന്നൊക്കെ പറയുന്നത്. മനുഷ്യരാശിയുടെ ഏറ്റവും ശ്രേഷ്ടമായ ഭാവനാ പാരമ്പര്യമാണ് മതമെന്ന് പറയുന്നത്. അതില്‍ കാലോചിതമായിട്ടുള്ള നവീകരണം വൈകിയെന്നാണ് തോന്നുന്നത്. മതത്തില്‍ നവീകരണം തീര്‍ച്ചയായിട്ടും ആവശ്യമാണ്.


റഷീദ് ഹുദവി

മതമെന്ന അനുഭൂതി, മതമെന്ന ബോധം ഒരുപക്ഷെ മനുഷ്യന്റെ ലോജിക്കിനെ തോല്‍പിച്ചു കളയുന്ന ഒരു സംഭവം വിവരിക്കാം. 2015 ഫെബ്രുവരി 8 ന് മലയാള മനോരമ ഒരു ഫീച്ചര്‍ ചെയ്തു. ഇന്റര്‍നാഷ്ണല്‍ സ്‌പേസ് സ്റ്റേഷന്‍ സ്ഥാപിച്ചതിനു ശേഷം യൂറി ഗഗാറിന്‍ ബഹിരാകാശത്തു പോയ അനുഭവത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട് അതില്‍. എല്ലാം തയ്യാറാക്കി കാസാക്കിസ്താനിലെ വിക്ഷേപണ സ്ഥലത്ത് പോവുന്നതിനു തൊട്ടുമുമ്പ് അവര്‍ക്ക് മൂത്രശങ്ക ഉണ്ടായി. അവര്‍ അവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു ബസ്സിന്റെ ടയറില്‍ മൂത്രമൊഴിക്കുകയും ചെയ്തു. പിന്നെ അതുവഴി പോകുന്ന മിക്ക ആളുകളും അവിടെ വന്നു മൂത്രം ഒഴിക്കുന്ന രീതി പിന്തുടര്‍ന്നു. ശാസ്ത്രത്തിന്റെ ചിറകിലേറിയാണ് മനുഷ്യന്റെ യാത്ര. പക്ഷെ, അവന്റെ ഉള്ളിലെന്തോ ഒരു സമാശ്വാസം ഉണ്ട്. അതിനെ മതമെന്ന് വിളിക്കാമോ എന്നെനിക്കറിയില്ല. ശാസ്ത്ര സമവാക്യങ്ങള്‍ക്ക് അപ്പുറത്തും മനുഷ്യന്റെ ബോധ്യം, അല്ലെങ്കില്‍ അനുഭൂതി അവനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു എന്നുള്ളതാണ് യാഥാര്‍ഥ്യം.

ആ ഒരു ബോധ്യം, അത് സംഘടിതമായ മതങ്ങളാവം അല്ലാതിരിക്കാം. ആ ഒരു ബോധ്യം മനുഷ്യനെ നയിച്ചുകൊണ്ടിരിക്കുന്നു. അത് അന്ധവിശ്വാസം എന്ന് പറയുന്ന ആളുകളുണ്ട്, ബോധ്യമെന്ന് പറയുന്നവരുണ്ട്, അനുഭൂതി എന്ന് വിളിക്കുന്നവരുമുണ്ട്. മാസങ്ങള്‍ക്ക് മുന്നേ ദി ഹിന്ദു ഒരു റിപ്പോര്‍ട്ട് കൊടുക്കുകയുണ്ടായി. ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ നാസയില്‍ പോയി. നാസയും ഇന്ത്യയും തമ്മില്‍ ഒരു joint mission ഉണ്ട്. അതിനു പോയപ്പോള്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ തേങ്ങയുടയ്ക്കുന്ന ചിത്രം ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, അമേരിക്കയിലെ ശാസ്ത്രജ്ഞന്‍മാര്‍ ഒരു കപ്പലണ്ടി കുപ്പി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് കൈമാറിയിട്ട് ഫോട്ടോ എടുക്കുന്ന ഒരു ചിത്രമാണ് പത്രങ്ങളില്‍ വന്നത്. എന്താണ് കപ്പലണ്ടി കുപ്പിക്കു പിന്നില്‍ എന്ന് അന്വേഷിച്ചു നോക്കുമ്പോള്‍ 1960 കളില്‍ നാസയില്‍ ranger mission നടന്നുകൊണ്ടിരിക്കുന്ന സമയത്ത് അവിടുന്നു പോയ പേടകങ്ങളില്‍ ആറ് എണ്ണവും പരാജയപ്പെട്ടു. ഏഴാമത്തെ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് നാസയുടെ ലബോറട്ടറിയിലെ ഒരു എഞ്ചിനീയര്‍ പറഞ്ഞു, നിങ്ങളാരും ടെന്‍ഷന്‍ അടിച്ചു ഇരിക്കണ്ട, നമ്മള്‍ക്കു കപ്പലണ്ടി ഒക്കെ കഴിച്ചിരിക്കാമെന്ന്. ഏഴാമത്തെ ranger misiion വിജയിച്ചു. പിന്നീട് ranger mission മായി ബന്ധപ്പെട്ട അവിടുന്ന് പോയ പേടകങ്ങള്‍ പുറപ്പെടുന്നതിന്റെ തൊട്ടു മുമ്പ് ശാസ്ത്രജ്ഞന്‍മാര്‍ കപ്പലണ്ടി കഴിക്കുമായിരുന്നു. പിന്നീടുള്ള mission കളിലെല്ലാം കപ്പലണ്ടി പ്രധാനപ്പെട്ട ഫാക്ട് ആയി കാണാന്‍ പറ്റും. ചില ആളുകള്‍ക്ക് അത് തമാശ ആയിട്ട് തോന്നാം. പക്ഷെ, ആ ഒരു തമാശയെ കുറിച്ചാണ് നമ്മളിപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.

മനുഷ്യന്റെ ഈ സഹജമായ ബോധം ഇങ്ങനെ തമാശയായിട്ടും പ്രവര്‍ത്തിക്കും,അല്ലാത്ത രീതിയിലും പ്രവര്‍ത്തിക്കും. ചെറിയൊരു ഉദാഹരണം കൂടെ പറയാം. ഖലീഫ ഹാറൂണ്‍ റഷീദിയുടെ അടുത്തേക്ക് ഒരു സൂഫിയായ മനുഷ്യന്‍ വന്നു. ഇബ്‌നു സമ്മക്ക് എന്നാണ് അദ്ദേഹത്തിന്റെ പേര്. ഖലീഫ വെള്ളം കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു. വെള്ളം കുടിക്കുന്ന സമയത്ത് ഇബ്‌നു സമ്മക്ക് ചോദിച്ചു. ഈ വെള്ളം നിങ്ങളുടെ വയറ്റിലേക്ക് ഇറങ്ങിയിട്ടില്ലെങ്കില്‍ നിങ്ങള്‍ അതിന് എന്ത് പകരം കൊടുക്കുമെന്ന്. അപ്പോള്‍ ഖലീഫ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു. എന്റെ സാമ്രാജ്യത്തിന്റെ പകുതി ഞാന്‍ കൊടുക്കും. ശരി, എന്നാല്‍ കൂടോച്ചോളൂ എന്ന് പറഞ്ഞു. കുടിച്ചു കഴിഞ്ഞപ്പോള്‍ ചോദിച്ചു, കുടിച്ച ഈ വെള്ളം ശരീരത്തില്‍നിന്ന് മൂത്രമായി പുറത്തു പോയിട്ടില്ലെങ്കില്‍ താങ്കള്‍ എന്ത് പകരം കൊടുക്കുമെന്ന്. അദ്ദേഹം പറഞ്ഞു എന്റെ സാമ്രാജ്യത്തിനെ മുഴുവന്‍ ഞാന്‍ കൊടുക്കും. അപ്പോള്‍ ഇബ്‌നു സമക്കിന്റെ ഒരിറക്കു വെള്ളത്തിന്റെ വില ഒരു സാമ്രാജ്യത്തിന്റെ വില, അല്ലെങ്കില്‍ ഒരു സാമ്രാജ്യത്തിന്റെ വില ഈ ഒരിറക്ക് വെള്ളത്തിന്റെതാണ്. ഇത്തരം ഒരു സാമ്രാജ്യത്തിന് വേണ്ടി മത്സരിക്കാതെയിരിക്കുന്നതല്ലേ മനുഷ്യര്‍ക്ക് നല്ലതെന്ന് സൂഫി ചോദിച്ചു. ഹാറൂണ്‍ റഷീദി ഇരുന്ന് കരഞ്ഞു. തനിക്ക് കിട്ടിയ അനുഗ്രഹങ്ങള്‍ എത്ര വലുതാണ് എന്നോര്‍ത്ത് നന്ദിസൂചകമായി കരഞ്ഞതായിരുന്നു.

അപ്പോള്‍ മനുഷ്യനെ കൃതജ്ഞാലുവാക്കുന്ന ഒരു അത്ഭുതമായിട്ട് മതം പലപ്പോഴും പ്രവര്‍ത്തിക്കുന്നത് കാണാം. അതുപോലെ വേദന സഹിക്കാനുള്ള ശേഷി മനുഷ്യന്‍ പ്രകടിപ്പിക്കുന്നത് കാണാം. സമര്‍പ്പണ ബോധം മനുഷ്യര്‍ക്ക് ഉണ്ടാക്കി കൊടുക്കുന്നത് കാണാം. പ്രപഞ്ചത്തെ മുഴുവന്‍ ചൂഴ്ന്ന് നില്‍ക്കുന്ന സ്‌നേഹമൊക്കെയായിട്ട് മതം മനുഷ്യനില്‍ ആവൃതമാവുകയും അതിന്റെ അനുഭൂതി മനുഷ്യര്‍ അനുഭവിക്കുകയും ചെയുന്നു.

മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'മതവും മനുഷ്യനും' എന്ന വിഷയത്തില്‍ നടന്ന സംഭാഷണത്തിന്റെ സംക്ഷിപ്ത രൂപം.

തയ്യാറാക്കിയത്: സിയാന



Similar Posts