Analysis
മതവാദവും സല്‍മാന്‍ റുഷ്ദിയും ആവിഷ്‌കാര സ്വാതന്ത്ര്യവും: 2024 മേയ് മാസം കേരളത്തില്‍ സംഭവിച്ചത്
Analysis

മതവാദവും സല്‍മാന്‍ റുഷ്ദിയും ആവിഷ്‌കാര സ്വാതന്ത്ര്യവും: 2024 മേയ് മാസം കേരളത്തില്‍ സംഭവിച്ചത്

ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്
|
5 Jun 2024 10:45 AM GMT

ഒരു മുസ്‌ലിം ആക്റ്റിവിസ്റ്റിന്റെ രാഷ്ട്രീയ അനുഭവത്തിന്റെ പരിധിയില്‍പ്പെടാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന വ്യവഹാരത്തിനു എത്രത്തോളം കഴിയും. മുസ്‌ലിം ഉള്ളടക്കമുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്താല്‍ അത് അഭിപ്രായ/ആവിഷ്‌കാര സ്വാതന്ത്യം എന്ന അവകാശത്തിന്റെ പരിധിയില്‍ വരില്ലേ? (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 02)

കേരളകൗമുദി സ്ഥാപക പത്രാധിപരായിരുന്ന കെ. സുകുമാരന്‍, എസ്.എന്‍.ഡി.പി യോഗം നേതാക്കളായിരുന്ന കെ.പി തയ്യില്‍, എ.കെ ഭാസ്‌കര്‍, സഹോദരന്‍ അയ്യപ്പന്‍, ഒറ്റപ്പാലം പി.കെ കുഞ്ഞുരാമന്‍ തുടങ്ങിയവരുടെ ലേഖനങ്ങളുടെ സമാഹാരമാണ് 'അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം'. 1936ല്‍ കേരള തിയ്യ യൂത്ത് ലീഗ് പ്രസിദ്ധീകരിച്ച ആ പുസ്തകത്തിന്റെ പുനഃപ്രസാധനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മേയ് 12ന് റാസിഖ് റഹീം എന്ന മുസ്‌ലിം ആക്റ്റിവിസ്റ്റിനെ തേടി പൊലീസ് അദ്ദേഹത്തിന്റെ നാടായ ഈരാറ്റുപേട്ടയിലെത്തി. കോഴിക്കോട്ടെ ബഹുജന്‍ സാഹിത്യ അക്കാദമി 2005ലാണ് ഈ പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പുറത്തിറക്കിയത്. ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത സമാന സംഭവങ്ങള്‍ക്ക് താഴെ കാണുന്ന പട്ടിക കാണുക.


ഇതൊരു ആവിഷ്‌കാര സ്വാതന്ത്ര്യ പ്രശ്‌നമായി കേരളത്തില്‍ ചര്‍ച്ച ചെയ്യാന്‍ വളരെ പ്രയാസമാണ്. ഒരു മുസ്‌ലിം ആക്റ്റിവിസ്റ്റിന്റെ രാഷ്ട്രീയ അനുഭവത്തിന്റെ പരിധിയില്‍പ്പെടാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന വ്യവഹാരത്തിനു എത്രത്തോളം കഴിയുമെന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. മുസ്‌ലിം ഉള്ളടക്കമുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്താല്‍ അത് അഭിപ്രായ/ആവിഷ്‌കാര സ്വാതന്ത്യം എന്ന അവകാശത്തിന്റെ പരിധിയില്‍ വരില്ലേയെന്ന ചോദ്യം നിര്‍ണായകമാണ്. ഒരവകാശം മുസ്‌ലിംകളുടെ കാര്യത്തില്‍ ബാധകമാവാതെ വരുന്ന വംശീയ വിവേചനത്തിന്റെ പേരാണ് ഇസ്‌ലാമോഫോബിയ. എന്നാല്‍, ആവിഷ്‌കാരസ്വാതന്ത്ര്യമെന്ന വ്യവഹാരത്തിലൂടെ മറ്റൊരു രീതിയില്‍ ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ രീതികള്‍ പരിചയപ്പെടാം.


അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം - ആദ്യ പതിപ്പും മൂന്നാം പതിപ്പും.


റാസിഖ് റഹീം

മതവാദവും ആവിഷ്‌കാര സ്വാതന്ത്ര്യവും

കഴിഞ്ഞ മാസത്തെ ദേശാഭിമാനി വാരികയിലെ ഒരു ലേഖനം (മതവാദികളുടെ മരണവാറന്റ്, എന്‍.ഇ സുധീര്‍, 12 മേയ് 2024, പേജ്: 36, 38-39) സല്‍മാന്‍ റുഷ്ദിയുടെ 'നൈഫ്: മെഡിറ്റേഷന്‍സ് ആഫ്റ്റര്‍ ആന്‍ അറ്റംപ്റ്റഡ് മര്‍ഡര്‍' എന്ന പുതിയ പുസ്തകത്തെക്കുറിച്ചാണ്. 2022 ആഗസ്റ്റ് മാസം പത്തൊമ്പതാം തീയതി സല്‍മാന്‍ റുഷ്ദിയെ അമേരിക്കന്‍ പൗരനായ ഹാദി മത്താര്‍ എന്ന വ്യക്തി ന്യൂയോര്‍ക്കില്‍വെച്ച് ആക്രമിച്ചു. റുഷ്ദിയുടെ കണ്ണിനും കൈക്കും കരളിനും പരിക്ക് പറ്റി. 2016-ല്‍ റുഷ്ദി അമേരിക്കന്‍ പൗരത്വം സ്വീകരിച്ചിരുന്നു. ഇതെഴുതുമ്പോള്‍ രണ്ട് അമേരിക്കന്‍ പൗരന്മാര്‍ തമ്മിലുള്ള ക്രിമിനല്‍ കേസ് ആയതിനാല്‍ത്തന്നെ നിയമനടപടികള്‍ വിചാരണ കോടതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 'ലോകം' റുഷ്ദിയെ സംരക്ഷിച്ചതും ഫ്രഞ്ച്/ അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ അദ്ദേഹത്തിനു പിന്തുണയുമായി വന്നതും 'മതവാദികളുടെ ആവിഷ്‌കാര സ്വാതന്ത്ര്യ വിരുദ്ധതയും' പരിധിയില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യ' പ്രഖ്യാപനവുമൊക്കെ ലേഖനത്തിന്റെ ആശയത്തിന് മിഴിവേകുന്ന പ്രധാന സമീപനങ്ങളാണ്. എന്നാല്‍, ഈ ലേഖനത്തിന്റെ ആശയപരിസരം കുറേക്കൂടി വിപുലമാണ്. 2022-ല്‍ റുഷ്ദിക്കെതിരേ ആക്രമണം നടന്നയുടനേ എന്‍.ഇ സുധീര്‍ എഴുതിയ കുറിപ്പിന്റെ (ദി ക്യൂ, 13 ആഗസ്റ്റ് 2022, 'ഈ യുദ്ധത്തില്‍ നമ്മള്‍ സല്‍മാന്‍ റുഷ്ദിക്കൊപ്പമാണ് നിലകൊള്ളേണ്ടത്') തുടര്‍ച്ച പുതിയ എഴുത്തിലുമുണ്ട്. അന്നുതൊട്ടേ ഭാഷ, ചരിത്രം തുടങ്ങി സാമൂഹികപഠന സങ്കേതമുള്ള പ്രയോഗങ്ങളുടെ വിന്യാസത്തിലൂടെ ഒരു ലോകചരിത്ര സംഭവമായാണ് എന്‍.ഇ സുധീര്‍, റുഷ്ദി പ്രശ്‌നത്തെക്കുറിച്ച് എഴുതുന്നത്.


ഒരു ലോക നിര്‍മിതി

ലോകം എന്ന വാക്കിന്റെ അര്‍ഥം ഭൂഗോളത്തിന്റെ ഉപരിതലത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ കൂട്ടായ്മയെന്നാണ്. ഈ മാനുഷിക സംഘബോധത്തിന്റെ അപരമായുള്ള ഒരു അത്യപൂര്‍വ പ്രതിഭാസമാണ് 'റുഷ്ദി വിവാദം' എന്നാണ് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ലോകത്തു നടന്ന ഒരു വേറിട്ട സംഭവത്തെ കുറിക്കാന്‍ സുധീര്‍ പ്രയോഗിക്കുന്ന ഭാഷാ സാങ്കേതികവിദ്യകള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

ലോകത്തിന്റെ പൊതു ഒഴുക്കില്‍ നിന്നു വേറിട്ട സംഭവമായിരുന്നു ഖുമൈനിയുടെ ഫത്‌വ എന്നാണ് സുധീര്‍ കരുതുന്നത്. സുധീറിന്റെ വാക്കുകളില്‍: 'ലോകം ഇന്നുവരെ കേട്ടിട്ടില്ലാത്ത ഈ ഫത്‌വ പുറത്തുവന്നതോടെ റുഷ്ദിയുടെ ജീവന്‍ അപകടത്തിലായി. റുഷ്ദിയെ കൊല്ലുന്നയാള്‍ക്ക് വലിയൊരു തുകയുടെ പാരിതോഷികവും സ്വര്‍ഗത്തില്‍ സ്ഥാനവും ഖൊമൈനി ഉറപ്പുകൊടുത്തിരുന്നു! സംഗതി തീക്കളിയാണെന്ന് ലോകം തിരിച്ചറിഞ്ഞു. ബ്രിട്ടീഷ് ഗവണ്മെന്റ് അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി പ്രത്യേക സൈനിക സുരക്ഷാഭടന്മാരെ നിയോഗിച്ചു. അങ്ങനെ ഇരുപത്തിനാലു മണിക്കൂറും റുഷ്ദി അവരുടെ സംരക്ഷണവലയത്തില്‍ ജീവിച്ചുതുടങ്ങി (ദി ക്യൂ, 13 ആഗസ്റ്റ് 2022).' ഇന്ത്യയിലടക്കം നിരോധിക്കപ്പെട്ട നിരവധി പുസ്തകങ്ങളും, അക്കാലത്ത് സോവിയറ്റ് യൂണിയനും ഇസ്രയേലും കൊന്നൊടുക്കിയ അനേകം എഴുത്തുകാരുമുണ്ടായിട്ടും 'ലോകം ഇന്നുവരെ കേട്ടിട്ടില്ലാത്ത' എന്ന വിശേഷണമാണ് ഖുമൈനിയുടെ വധശിക്ഷാ ഫത്‌വക്ക് സുധീര്‍ നല്‍കുന്നത്. ''ഇന്നുവരെ കേട്ടിട്ടില്ലാത്ത' എന്ന പ്രയോഗം ലോകത്തെ മറ്റു സംഭവങ്ങളില്‍ നിന്നു വ്യത്യസ്തമായ ഒരു വിശേഷണത്തെ സൂചിപ്പിക്കുന്നു (ദി ക്യൂ, 13 ആഗസ്റ്റ് 2022). ലോകത്തിന് അപരചിതമായ ഒരു വധശിക്ഷ ആഹ്വാനം ആയിരുന്നുവെന്നാണ് സൂചന. അധിനിവേശ യുദ്ധങ്ങള്‍ നിറഞ്ഞ ശീതയുദ്ധ ലോകത്തെ, ഹിംസയുടെ ആഖ്യാനത്തിനു പുറത്തുനിറുത്തിയാണ് ഈ ചര്‍ച്ച വികസിക്കുന്നത്. ലോകത്തെ ഇങ്ങനെ വിശേഷിപ്പിക്കുക മാത്രമല്ല, ''സംഗതി തീക്കളിയാണെന്ന് ലോകം തിരിച്ചറിഞ്ഞു''വെന്നു ലോകത്തെ മുന്‍നിര്‍ത്തി ഒരു ആരോപണം കൂടി അതേ സ്ഥലത്ത് സുധീര്‍ നടത്തുന്നു.


ഈ ലോക നിര്‍മിതിയെ ചരിത്രവത്കരിക്കുകയാണ് അടുത്ത ഘട്ടം.''മതനിന്ദയുടെ പേരില്‍ നടന്ന ഈ സംഭവങ്ങള്‍ ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത ഒന്നായി അവശേഷിക്കും. ആ വിശ്വാസത്തിനാണ് ഇപ്പോള്‍ പോറലേറ്റിരിക്കുന്നത്. മുസിലിം തീവ്രവാദത്തിന്റെ യുക്തിരഹിതവും ഭ്രാന്തവുമായ മുന്നേറ്റങ്ങള്‍ക്ക് അറുതിയാക്കാന്‍ ലോകത്തിന് കഴിഞ്ഞിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണ്. (ദി ക്യൂ, 13 ആഗസ്റ്റ് 2022). ഈ അക്രമം 'ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത ഒന്നായി അവശേഷിക്കും' എന്ന ലോക ചരിത്രത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രവചനവുമുണ്ട്.

ഭാഷ, ചരിത്രം തുടങ്ങിയ സങ്കേതങ്ങളിലൂടെ ലോകത്തെ നിര്‍വചിക്കുന്ന ലേഖകന്‍ ഈ വിഷയത്തില്‍ ലോകത്തിനു ചെയ്യാവുന്ന കാര്യമെന്താണെന്ന് ഒരു പരിഹാരക്രിയ എന്ന നിലയില്‍ നിര്‍ദേശിക്കുന്നുണ്ട്. ''ഇപ്പോഴത്തെ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് തിരിച്ചുവന്നതിനുശേഷവും റുഷ്ദി തന്റെ അന്തകരാവാന്‍ ശ്രമിക്കുന്ന പ്രാകൃത മതവാദികളോട് വിധേയപ്പെടില്ല എന്നെനിക്ക് തീര്‍ച്ചയുണ്ട്. മതഭീകരതയോട് സമരസപ്പെടുകയുമില്ല. ഈ യുദ്ധത്തില്‍ നമ്മള്‍ റുഷ്ദിക്കൊപ്പമാണ് നിലകൊള്ളേണ്ടത്. അത് മാനവരാശിയുടെ മുന്നോട്ടു പോക്കുമായി ബന്ധപ്പെട്ട നിലപാടാണ്.'' റുഷ്ദി തന്റെ നിലപാടു പങ്കുവെക്കുമെന്നു പ്രതീക്ഷിക്കുന്ന സുധീര്‍ ('എന്നെനിക്ക് തീര്‍ച്ചയുണ്ട്' എന്ന പ്രയോഗം ശ്രദ്ധിക്കുക) ഒരു യുദ്ധത്തിനു തയ്യാറാവാന്‍ പറയുന്നു. 'നമ്മള്‍' എന്ന പ്രയോഗം അവ്യക്തമാണെങ്കിലും അതു 'മാനവരാശി'യുടെ പുരോഗതി എന്ന അര്‍ഥത്തില്‍ ഒരു ലോകസ്വഭാവമുള്ള ഇടപെടലായിട്ടാണ് ഭാവന ചെയ്യുന്നത് (ദി ക്യൂ, 13 ആഗസ്റ്റ് 2022).

ഭൂരിപക്ഷ ലോകത്തിനെതിരായ ഒരു നിലപാട് എന്ന നിലയിലാണ് റുഷ്ദിക്കെതിരായ ആക്രമണം സുധീര്‍ വിശദീകരിക്കുന്നത്. ലോകം എന്നത് ഒരൊറ്റ യൂണിറ്റായി സങ്കല്‍പിക്കുകയാണ് ചെയ്യുന്നത്. റുഷ്ദിക്കെതിരായ ഖുമൈനിയുടെ ഫത്‌വ വരുന്ന കാലത്ത് (1989) പോലും ലോകം ഒരൊറ്റ യൂണിറ്റായല്ല പ്രതികരിച്ചത്. ബ്രിട്ടണ്‍ ഫത്‌വയെ എതിര്‍ത്തപ്പോല്‍ സോവിയറ്റ് യൂണിയന്‍ അനുകൂലിച്ചു. സോവിയറ്റ് യൂണിയന്റെ ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ 'ടെലെഗ്രാഫ് എജന്‍സി ഓഫ് ദി സോവിയറ്റ് യൂണിയന്‍' (ടാസ്, 1925-ല്‍ സ്ഥാപിതം) ഖുമൈനിയുടെ വധശിക്ഷ ആഹ്വാനത്തെ പിന്തുണച്ചിരുന്നു (ലോസ് എഞ്ചലസ് ടൈംസ് റിപ്പോര്‍ട്ട്. 2 മാര്‍ച്ച് 1989). എന്നാല്‍, അക്കലാത്ത് സോവിയറ്റ് യൂണിയനോട് ഇടഞ്ഞു നിന്ന വിമത എഴുത്തുകാര്‍ അതിന്റെ പേരില്‍ ഖുമൈനിയെ ജോസഫ് സ്റ്റാലിനോട് ഉപമിക്കുന്നുണ്ട് (ന്യൂയോര്‍ക് ടൈംസ്, 2 ഫെബ്രുവരി 1989). ഖുമൈനിയുടെ വധശിക്ഷാ ആഹ്വാനത്തെ 46ഓളം മുസ്‌ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മായ ഓര്‍ഗനൈസെഷന്‍ ഓഫ് ഇസ്‌ലാമിക്‌ കണ്‍ട്രീസ് (ഒ.ഇ.സി) തള്ളികളഞ്ഞിരുന്നു (ടൈംസ് ഓഫ് ഇന്ത്യ, 18 മാര്‍ച്ച് 1989). ഈ മുസ്‌ലിം രാഷ്ട്രങ്ങളും 'ലോക'ത്തിന്റെ പരിധിയില്‍ത്തന്നെ വരുന്നതാണല്ലോ.

ഇന്നത്തെ ലോകം എന്നത് അമേരിക്കന്‍/ ഫ്രഞ്ച് ഭരണകൂടങ്ങള്‍ എന്ന രീതിയില്‍ വായിച്ചാല്‍ത്തന്നെ ചില സങ്കീര്‍ണതകളുണ്ട് (മതവാദികളുടെ മരണവാറന്റ്, എന്‍.ഇ സുധീര്‍, 12 മെയ് 2024, ദേശാഭിമാനി വാരിക, പേജ് : 36, 38 - 39). ആവിഷ്‌കാരസ്വത്രന്ത്ര്യച്ചര്‍ച്ചയുടെ പുതിയൊരു ഘട്ടം 2023 ഒക്ടോബര്‍ മുതല്‍ എട്ടു മാസമായി യൂറോ-അമേരിക്കന്‍ സമൂഹങ്ങളില്‍ വികസിച്ചിരിക്കുന്നു. ഫലസ്തീന് ഐക്യദാര്‍ഢ്യ പ്രക്ഷോഭങ്ങളെ ലോകോത്തര യു.എസ് സര്‍വകലാശാലകള്‍ തന്നെ വിദ്വേഷഭാഷണങ്ങള്‍ അഥവാ ഹേറ്റ് സ്പീച്ച് എന്ന പേരില്‍ റദ്ദാക്കുന്ന അനേകം ഉദാഹരണങ്ങള്‍ നിലവിലുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ മുഹമ്മദ് അബ്ദു എന്ന മുസ്ലിം പ്രൊഫസറെ കൊളംബിയ യൂണിവേഴ്‌സിറ്റി പുറത്താക്കിയതും ഈജിപ്തിലെ പട്ടാള ഭരണാധികാരിയായ മുഹമ്മദ് അല്‍-സീസിയുടെ നാട്ടിലേക്കു തിരിച്ചയക്കാന്‍ ശ്രമിക്കുന്നതും യു.എസ് കോണ്‍ഗ്രസ് അദ്ദേഹത്തെ എന്നെന്നേക്കുമായി വിലക്കാന്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയോട് ആഹ്വാനം ചെയ്തതും നമ്മുടെ മുന്നിലുള്ള ഉദാഹരണമാണ് (ന്യൂ യോര്‍ക് ടൈംസ്, ഏപ്രില്‍ 17, 2024). ഗസാന്‍ ഹാഗെ എന്ന സൈദ്ധാന്തികനെ ഫലസ്തീന് അനുകൂല നിലപാടിന്റെ പേരില്‍ ജര്‍മനിയിലെ മാക്‌സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്താക്കിയത് മറ്റൊരു ഉദാഹരണം (ടൈംസ് ഹയര്‍ എഡുക്കേഷന്‍, 8 ഫെബ്രുവരി 2024). 2014ല്‍ ഫലസ്തീന്‍ പ്രശ്‌നത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ സ്റ്റീവന്‍ സലേഷ്യ എന്ന അമേരിക്കന്‍ പ്രൊഫസര്‍ക്ക് ഇല്ലിനോസ് യൂണിവേഴ്‌സിറ്റിയിലെ തൊഴില്‍ നഷ്ടപ്പെട്ടു. ഒടുവില്‍, അദ്ദേഹം ബസ് ഡ്രൈവറായി ജീവിക്കുന്ന ചരിത്രം ഈ വര്‍ഷം പുറത്തിറങ്ങിയത് 'ആന്‍ ഹോണസ്റ്റ് ലിവിംഗ്: എ മെമോയര്‍ ഓഫ് പേക്യോലിയാര്‍ ഐറ്റിനരീസ്'ല്‍ (ഫോര്‍ഡാം യൂണിവേഴ്‌സിറ്റി പ്രസ്, 2024) വായിക്കാവുന്നതാണ്.

മതവാദികളും ലോകവും

ആവിഷ്‌കാര സ്വാതന്ത്ര്യ വിരുദ്ധത മതവാദത്തിന്റെ കുഴപ്പമായി പൊതുവത്കരിച്ചു ചിത്രീകരിക്കുന്ന ഒരു രീതിയാണ് ലേഖനത്തില്‍ പിന്തുടരുന്നത് (മതവാദികളുടെ മരണവാറന്റ്, എന്‍.ഇ സുധീര്‍, 12 മെയ് 2024, പേജ്: 36, 38-39). മുസ്‌ലിംകളെക്കുറിച്ചു നേരിട്ടല്ല, മറിച്ച് മതവാദികള്‍ എന്ന പൊതു ലേബലിലാണ് അവതരണം. ദേശാഭിമാനി വാരികയില്‍ എഴുതിയ കുറിപ്പില്‍ പറയുന്ന മതവാദം എന്ന പരികല്‍പനയുടെ പ്രശ്‌നം ചില ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാം.

(ഒന്ന്) അമേരിക്കയിലെ തന്നെ പ്രധാനപെട്ട മുസ്‌ലിം പ്ലാറ്റ്‌ഫോമായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ - ഇസ്‌ലാം റിലേഷന്‍ തന്നെ 2022 ആഗസ്റ്റ് 12നു റുഷ്ദിക്കെതിരായ ആക്രമണത്തിനെതിരേ രംഗത്തുവന്നിരുന്നു.

(രണ്ട്) മാത്രമല്ല, ലിബറല്‍ മുസ്‌ലിം വിഭാഗങ്ങള്‍തന്നെ ഇന്ത്യയില്‍ റുഷ്ദിയെ തള്ളിക്കളഞ്ഞിരുന്നു. ഉദാഹരണമായി, 1989-ല്‍ ശാബാനുവിന്റെ വക്കീലായിരുന്ന ദാനിയ ലത്തീഫി പറഞ്ഞത് 'Rushdie has revived a term that tven queen victoria banished' എന്നാണ് (ടൈംസ് ഓഫ് ഇന്ത്യ 30 ഒക്ടോബര്‍, 1989).

(മൂന്ന്) മുസ്‌ലിം ദൈവശാസ്ത്ര സമീപനവും ഏറെ സങ്കീര്‍ണമാണ്. ഷിയാ നേതാവായ ഖുമൈനിയുടേത് ഒരു ഫത്‌വ എന്ന നിലയില്‍ ഒരു ദൈവശാസ്ത്ര സമീപനമാണ് എന്നു കരുതുക. ഇസ്‌ലാമിക നിയമനിര്‍ധാരണ തത്ത്വങ്ങള്‍ അനുസരിച്ചാണ് ഒരു മുസ്‌ലിം വിശ്വാസി ഒരു ഫത്‌വ സ്വീകരിക്കുന്നത്. ഖുമൈനിയുടെ ഇസ്‌ലാമിക നിയമനിര്‍ധാരണ തത്ത്വങ്ങള്‍ പിന്തുടരുന്നത് ശിയ മുസ്‌ലിം വിഭാഗങ്ങളാണ്. പതിനാല് ശതമാനം വരുന്ന ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഏകദേശം പത്തു ശതമാനമാണ് ശിയാ വിഭാഗം (1.4 ശതമാനം). അവരില്‍ത്തന്നെ വിവിധ കാഴ്ചപ്പാടുകള്‍ ധാരാളമുണ്ട്. മതവാദം പോലുള്ള എസ്സന്‍ഷ്യലിസ്റ്റ് പരികല്‍പനയുടെ പ്രശ്‌നം മുസ്ലിം രാഷ്ട്രീയത്തിന്റെ ഇത്തരം സങ്കീര്‍ണതകളെ മറച്ചുവെക്കുന്നു എന്നതാണ്.

പഴയ കാലത്ത് മതവാദികള്‍ മാത്രമല്ല, റുഷ്ദിയോടു വിയോജിച്ച മലയാളികള്‍ വിവിധ തരക്കാരാണ്; വിവിധ കാരണങ്ങളാലുമാണ്. റുഷ്ദി ഒരു 'ഇടത്തരം എഴുത്തുകാരനും' സാത്താനിക് വേഴ്‌സസ് ഒരു 'ഇടത്തരം പുസ്തകവും' കൂടിയാണെന്ന് പത്രാധിപര്‍ എം.ടി വാസുദേവന്‍ നായര്‍ പറയുന്നു (മാത്രഭൂമി ആഴ്ചപ്പതിപ്പ്, 1989 ആഗസ്റ്റ് 20-26, ആമുഖം). സല്‍മാന്‍ റുഷ്ദി ഒരു 'പത്താം കിട' എഴുത്തുകാരനാണെന്നായിരുന്നു കൃഷ്ണന്‍ നായരുടെ അഭിപ്രായം എന്നതും ശ്രദ്ധേയമാണ് (സമകാലിക മലയാളം, 1998 മെയ് 1). മാത്രമല്ല, പുസ്തക നിരോധനം ഇന്ത്യയില്‍ ജവഹര്‍ലാല്‍ നെഹ്‌റു മുതലുള്ള ഭരണാധികാരികള്‍ നടത്തിയിരുന്നുവെന്ന 'സത്യവൈചിത്ര്യം' എന്‍.പി മുഹമ്മദിനെ പോലുള്ള എഴുത്തുകാര്‍ ഈ ചര്‍ച്ചയുടെ ഭാഗമായിത്തന്നെ (രാമനിലേക്കുള്ള ദൂരം, മാത്രഭൂമി ആഴ്ചപ്പതിപ്പ്, 1989 ആഗസ്റ്റ് 13 -19, പേജ് 6) പങ്കുവച്ചിരുന്നു.


സല്‍മാന്‍ റുഷ്ദിയും ജീവിക്കാനുള്ള അവകാശവും

സാര്‍വലൗകികമായ കാറ്റഗറൈസേഷനുകള്‍ ഇല്ലാതെയും ആക്രമിക്കപ്പെട്ട റുഷ്ദിയോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാവുന്നതേയുളളൂവെന്നതും മനസ്സിലാക്കേണ്ടതുണ്ട്. റുഷ്ദിക്കെതിരായ ആക്രമണം അദ്ദേഹത്തിന്റെ ജീവിക്കാനുള്ള അവകാശത്തിനെതിരാണ് (റൈറ്റ് ടു ലൈഫ്). ജീവിക്കാനുള്ള അവകാശം എന്നത് ആവിഷ്‌കാര സ്വാതന്ത്ര്യ അവകാശത്തെക്കാള്‍ (റൈറ്റ് ടു ഫ്രീഡം ഓഫ് സ്പീച്ച്) പ്രധാനമാണ്. അതുകൊണ്ടാണ് ഒരു മനുഷ്യന്റെയും ജീവന്‍ അപകടത്തിലാക്കുന്ന ആവിഷ്‌കാരസ്വാതന്ത്ര്യം അനുവദനീയമല്ല എന്നു ജെ.എസ് മില്‍ പോലുള്ള ലിബറല്‍ ചിന്തകര്‍ പറയുന്നത്. മില്ലിന്റെ 'ഓണ്‍ ലിബര്‍ട്ടി' (1859) എന്ന പുസ്തകമാണല്ലോ ആധുനിക ഭരണകൂടങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യ ചര്‍ച്ചകളുടെ അടിസ്ഥാനം.

എഴുത്തുകാരന്‍ എന്ന നിലയില്‍ റുഷ്ദിയോട് ആര്‍ക്കും യോജിക്കാം, വിയോജിക്കാം. ഒരു രാഷ്ട്രഘടനയില്‍ നിയമപരിധിയുള്ള അവകാശമാണ് ആവിഷ്‌കാര സ്വാതന്ത്ര്യം. എന്നാല്‍, എഴുത്തുകാരന്‍ എന്ന നിലയിലാണെങ്കിലും അല്ലെങ്കിലും അദ്ദേഹത്തിന്റെ ജീവിക്കാനുള്ള അവകാശം മറ്റൊരു പ്രശ്‌നമാണ്. അത് എഴുത്തുകാരന്‍ എന്ന പ്രശ്‌നത്തിന്റെ മാത്രം പരിധിയില്‍ നില്‍ക്കുന്ന ഒരു കാര്യവുമല്ല. ആ അവകാശത്തിന് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ളതു പോലെയുള്ള നിയമപരമായ പരിധികള്‍ അല്ല ഉള്ളത്. ജീവിക്കാനുള്ള അവകാശം വ്യത്യസ്തമായ ഒരു നിയമപ്രശ്‌നമാണ്. വധശ്രമത്തിനാണ് ഇപ്പോല്‍ അമേരിക്കയിലെ ഫെഡറല്‍ കോര്‍ട്ടില്‍ അക്രമി വിചാരണ നേരിടുന്നത്.

തീര്‍ച്ചയായും, മതേതര ദേശീയ ആധുനിക ഭരണകൂടങ്ങള്‍ കൊല്ലാനും ജീവിക്കാനും ഉള്ള അവകാശം കൈകാര്യം ചെയ്യുന്നത് ജീവിക്കാനുള്ള അവകാശം എന്ന അടിസ്ഥാന അവകാശത്തെ രാഷ്ട്രീയ അവകാശമാക്കി നിയന്ത്രിക്കുന്നതിലൂടെയാണ്. ആധുനിക ഭരണകൂടത്തിന് നിയമം ഉപയോഗിച്ചു സ്വന്തം പൗരന്മാരെ കൊല്ലാം. യുദ്ധത്തിലൂടെ ആധുനിക രാഷ്ട്രത്തിന് വിദേശികളായ മറ്റു രാഷ്ട്ര പൗരന്മാരെ കൊല്ലാം. പക്ഷേ, മറ്റ് പൗരന്മാര്‍ക്ക്/വിദേശികള്‍ക്ക്/അഭയാഥികള്‍ക്ക് നിയമം കയ്യിലെടുത്തു ഒരു രാഷ്ട്രത്തിനകത്ത് അതിനു സാധിക്കില്ല എന്നതാണ് ഈ വിഷയത്തില്‍ ആധുനിക ഭരണകൂടമായ അമേരിക്കന്‍ ഐക്യനാടുകള്‍ തന്നെ പറയുന്നത്. മതങ്ങള്‍പോലും അതത് ആധുനിക രാഷ്ട്രവ്യവസ്ഥയുടെ കൊല്ലാനും ജീവിക്കാനുമുള്ള അവകാശത്തിന്റെ പരിധികളെ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ആയത്തുല്ല ഖുമൈനിയുടെ വധശിക്ഷാ ആഹ്വാനത്തെ എതിര്‍ത്ത 46ഓളം മുസ്‌ലിം രാഷ്ട്രങ്ങളുടെ നിലപാട് കാണിക്കുന്നതും മറ്റൊന്നല്ല. കാരണം, അക്കാലത്ത് റുഷ്ദി ബ്രിട്ടീഷ് പൗരനാണ്. ആ രാജ്യത്തെ നിയമമാണ് അദ്ദേഹത്തിന് ബാധകമാകുക എന്ന നിലപാടാണ് ബഹുഭൂരിപക്ഷം ഇസ്‌ലാമിക നിയമചിന്തകരും പറഞ്ഞത് (ടൈംസ് ഓഫ് ഇന്ത്യ, 18 മാര്‍ച്ച് 1989).

ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന വൈരുധ്യം

ജനാധിപത്യത്തിന്റെ കേന്ദ്രത്തില്‍ തുടരുന്ന വൈരുധ്യപ്രശ്‌നമായി ആവിഷ്‌കാരസ്വാതന്ത്ര്യം മാറിയിരിക്കുന്നു. ഇതൊരു കേവല ഇരട്ടത്താപ്പ് എന്നതിലപുറം ഘടനാപരമായ ഒരു വൈരുധ്യമായി നിലനില്‍ക്കുന്നു. മുസ്‌ലിം ജനവിഭാഗങ്ങള്‍ ആവിഷ്‌കാരസ്വാതന്ത്ര്യ വിരുദ്ധരും പാശ്ചാത്യലോകം ആവിഷ്‌കാര സ്വാതന്ത്ര്യവാദികളും എന്ന ലളിത സമീപനത്തിന്റെ പരിധികള്‍ പരിശോധിക്കുന്നത് സമകാലിക ഇസ്‌ലാമോഫോബിയയെ പഠിക്കുമ്പോള്‍ നിര്‍ണായകമാണ്. മതവാദികള്‍ എന്ന ലേബലിന്റെ മൂര്‍ത്ത സാഹചര്യവും അതാണല്ലോ. ഒരു കാലത്തു സോവിയറ്റ് യൂണിയനെതിരായി വികസിച്ച 'സ്വതന്ത്രലോകം' എന്ന പരികല്‍പന അതിന്റെതന്നെ ആന്തരിക/ബാഹ്യ പരിധികളെ അന്വേഷിക്കുന്ന കാലഘട്ടമാണിത്.

ലിബറല്‍ ജനാധിപത്യത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യ ചര്‍ച്ചകളുടെ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പുസ്തകമാണ് ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ എഴുതിയ ഓണ്‍ ലിബര്‍ട്ടി (1859). ഏതു സാഹചര്യത്തിലും ജനങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഭരണകൂടം ഇടപെടാന്‍ പാടില്ല എന്ന പക്ഷക്കാരനാണ് ജോണ്‍ സ്റ്റുവര്‍ട്ട് മില്‍. ഒരു സാഹചര്യത്തില്‍ 'ജനങ്ങളും ഭരണകൂടവും ഒന്നാണ്' എങ്കിലും ആര്‍ക്കും ഒരാളുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാന്‍ അര്‍ഹതയില്ലെന്ന് മില്‍ പറയുന്നു. കാരണം, മറ്റൊരാളുടെ അഭിപ്രായത്തെ ഭരണകൂടം നിയന്ത്രിക്കുമ്പോള്‍ അവിടെ ബലപ്രയോഗമുണ്ട്. ആ ബലപ്രയോഗംതന്നെ ജനവിരുദ്ധമാണ്. മുഴുവന്‍ മനുഷ്യരാശിക്കെതിരേയും ഒരു മനുഷ്യന്‍ വാദിച്ചാല്‍ ആ ഏക മനുഷ്യന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് തടയിടാന്‍ മനുഷ്യരാശിക്ക് അര്‍ഹതയില്ല എന്നാണ് മില്ലിന്റെ അഭിപ്രായം. എന്നാല്‍, വെള്ളക്കാരായിരുന്നു മില്‍ മനസ്സിലാക്കിയ മനുഷ്യന്‍. യൂറോ-അമേരിക്കന്‍ ലോകത്തിന് പുറത്തുള്ള 'കൊളോണിയല്‍ പ്രജ'കളുടെ കാര്യത്തില്‍ ഈ അവകാശം മില്‍ എത്രത്തോളം പരിഗണിച്ചുവെന്നത് മറ്റൊരു പ്രശ്‌നം.


സത്യത്തിലേക്കുള്ള വഴി

എന്താണ് ആവിഷ്‌കാര സ്വാതന്ത്ര്യം വിലക്കിയാലുള്ള കുഴപ്പം? ആവിഷ്‌കാര സ്വാതന്ത്ര്യം സത്യം കണ്ടെത്താനുള്ള വ്യവഹാരമാണ്; സാമൂഹിക പുരോഗതിയുടെ പ്രശ്‌നമാണ്. ശരിയും തെറ്റും ചര്‍ച്ചചെയ്തു മനസ്സിലാകാനുള്ള ഒരു വ്യവഹാരം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന വ്യവഹാരത്തിലൂടെ നാം സത്യം കണ്ടെത്താന്‍ ശ്രമിക്കുന്നു. ചില അഭിപ്രായങ്ങള്‍ തെറ്റാണെങ്കിലും ആ തെറ്റ് തിരുത്താനുള്ള അവകാശം മനുഷ്യര്‍ക്ക് ലഭിക്കാതെ പോകുന്നു. ഇനി, അഭിപ്രായങ്ങള്‍ ശരിയാണെങ്കില്‍ അത് മുഴുവന്‍ മനുഷ്യര്‍ക്കും ലഭ്യമാകുന്ന മൂല്യമാണ്. അഭിപ്രായത്തിന്റെ സാധൂകരണത്തെ മില്‍ 'ഇന്‍ഫാലിബിലിറ്റി പ്രിന്‍സിപ്പല്‍' എന്ന ആശയത്തിലൂടെ കൂടുതല്‍ വിശദീകരിക്കുന്നു. മറ്റു മനുഷ്യര്‍ ഒരാശയത്തെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യുമ്പോഴാണ് ആശയത്തിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ വെളിപ്പെടൂ. ഒരാള്‍ ഒരു പാര്‍ട്ടിക്കോ വിഭാഗത്തിനോ വര്‍ഗത്തിനോവേണ്ടി നിലകൊണ്ടാല്‍പ്പോലും അയാളുടെ അഭിപ്രായങ്ങള്‍ അയാള്‍ക്ക് ബോധ്യപ്പെടാന്‍ അതിനെ എതിര്‍ക്കുന്ന വിഭാഗങ്ങള്‍ ആവശ്യമാണ്. സാമൂഹിക-രാഷ്ട്രീയ മാറ്റത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന സങ്കല്‍പം നിര്‍ണായകമാണ് എന്നും മില്‍ മനസ്സിലാക്കുന്നു.

ജീവിക്കാനുള്ള അവകാശം എന്ന പരിധി

ഈ സാഹചര്യത്തില്‍, ആവിഷ്‌കാരസ്വാതന്ത്ര്യം തെറ്റായ ആശയപ്രചാരണത്തിനും വിദ്വേഷ പ്രചാരണത്തിനും ഉപയോഗിക്കില്ലേ എന്ന 'സാങ്കല്‍പിക' ചോദ്യത്തിനു മില്‍ സ്വയം നല്‍കുന്ന ഉത്തരം ശ്രദ്ധേയമാണ്. മറ്റ് മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ ചില സന്ദര്‍ഭങ്ങളില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം തടയാം എന്ന് അദ്ദേഹം പറയുന്നു. മനുഷ്യജീവന്‍ മനുഷ്യന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കാള്‍ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം കരുതുന്നു. ഇതാണ് 'ഹാം പ്രിന്‍സിപ്പല്‍' എന്ന അദ്ദേഹത്തിന്റെ സമീപനത്തിന്റെ ഒരു പ്രത്യേകത. ഒരു അഭിപ്രായം ശരിയോ തെറ്റോ ആകാന്‍ സാധ്യതയുണ്ട്. എന്നാല്‍, മനുഷ്യജീവന്‍ അപകടത്തിലാവുന്നത് എപ്പോഴും ശരിയായ ഒരു സാധ്യതയാണ്. അപ്പോള്‍, കൂടുതല്‍ ശരിയായ സാധ്യത എന്ന അര്‍ഥത്തില്‍ മനുഷ്യന്‍, ജീവന്‍ എന്ന സത്യത്തെ ഉയര്‍ത്തിപ്പിടിക്കണം. കാരണം, ആവിഷ്‌കാരസ്വാതന്ത്ര്യം ലക്ഷ്യംവക്കുന്നത് സത്യത്തിന്റെ സംസ്ഥാപനത്തെയാണ്. സമഗ്ര ആവിഷ്‌കാര സ്വാതന്ത്ര്യവാദമായിട്ടാണ് മില്ലിന്റെ ഈ സമീപനത്തെ വിലയിരുത്താറുള്ളത്. തീര്‍ച്ചയായും, മില്ലിന്റെ വായനക്കാര്‍ എല്ലാവരും അദ്ദേഹത്തെ അങ്ങനെ കാണുന്നില്ല. പക്ഷേ, സമഗ്ര ആവിഷ്‌കാര സ്വാതന്ത്ര്യവാദത്തിന്റെ ഒരു തലം അദ്ദേഹത്തിന്റെ പില്‍കാല വായനക്കാര്‍ മില്ലിലൂടെ കണ്ടെടുക്കുന്നുണ്ട്.

ആപേക്ഷിക അര്‍ഥം

സാഹിത്യ വിമര്‍ശകനായ സ്റ്റാന്‍ലി ഫിഷ് അദ്ദേഹത്തിന്റെ 'ദേര്‍ ഈസ് നോ സച് തിങ് ആസ് ഫ്രീഡം ഓഫ് സ്പീച്ച്, ഇറ്റ് ഈസ് എ ഗുഡ് തിങ്ങ് റ്റൂ' (1994) എന്ന പഠനത്തില്‍ പറയുന്നനുസരിച്ച് ആവിഷ്‌കാരസ്വാതന്ത്ര്യം എന്നത് വിവരണസ്വഭാവമുള്ള പദമാണ്. നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ അതിനോടു കൂട്ടിച്ചേര്‍ക്കാം. ഓരോരുത്തരുടെയും അജണ്ട അനുസരിച്ച് ആ വാക്കിന് അര്‍ഥങ്ങള്‍ ലഭിക്കുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യം സ്വയം ഒരു മൂല്യമല്ല. അത് സ്വയം ഒരു ലക്ഷ്യവുമല്ല. ആവിഷ്‌കാരസ്വാതന്ത്ര്യം എപ്പോഴും ആന്തരികവും ബാഹ്യവുമായ പരിധികള്‍ ഉള്ളതാണ്. ആവിഷ്‌കാര സ്വാതന്ത്ര്യംപോലെ ഇത്രയധികം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തപ്പെട്ടതും അര്‍ഥം നീട്ടിവെയ്ക്കപ്പട്ടുതുമായ ഒരു വ്യവഹാരമില്ലെന്നാണ് സ്റ്റാന്‍ലി ഫിഷ് കരുതുന്നത്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു അര്‍ഥം ഇല്ലെന്നും അതിനൊരു ആപേക്ഷികസ്വഭാവമാണുള്ളതെന്നും അദ്ദേഹം കരുതുന്നു. ഏതു തരത്തിലുള്ള ആവിഷ്‌കാരവും ഒരു മുന്‍കൂര്‍ നിര്‍മിത ചിന്താ-പ്രയോഗ പരിധിയുടെ പ്രകാശനമാണെന്ന് അദ്ദേഹം എഴുതുന്നു. അധികാരനിരപേക്ഷ സങ്കല്‍പനം എന്നതിലപ്പുറം രാഷ്ട്രീയ പോരാട്ടത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രശ്‌നമാണ് ആവിഷ്‌കാരസ്വാതന്ത്ര്യം. ഒരുതരം ആപേക്ഷിക വാദമാണ് ഫിഷ് അവതരിപ്പിക്കുന്നതെന്നു സ്റ്റാന്‍ലി ഫിഷിന്റെ വിമര്‍ശകര്‍ പറയുന്നു.


ലിബറല്‍ ജനാധിപത്യ അനുഭവം

ലോകത്തെ പ്രധാന ജനാധിപത്യ രാഷ്ട്രങ്ങള്‍ എന്നു കരുതുന്ന അമേരിക്കന്‍ ഐക്യനാടുകളിലും കനഡയിലും യൂറോപ്പിലും വിവിധ രീതികളിലുള്ള പരിധികള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുണ്ട് എന്നതാണ് ഫിഷ് പരിശോധിക്കുന്നത്. ആവിഷ്‌കാരസ്വാതന്ത്ര്യവും വിദ്വേഷാവിഷ്‌കാരവും (ഹെയ്റ്റ് സ്പീച്ച്) രണ്ടാണ് എന്നതാണ് കാനഡയുടെ നിലപാട്. കനേഡിയന്‍ ക്രിമിനല്‍ കോഡ് അനുസരിച്ചാണീ വ്യത്യാസം. ആവിഷ്‌കാരസ്വാതന്ത്ര്യവും വിദ്വേഷാവിഷ്‌കാരവും ക്രിമിനല്‍ കോഡ് അനുസരിച്ച് തരംതിരിച്ചാണ് കാനഡയില്‍ നിലനില്‍ക്കുന്നത്. കനേഡിയന്‍ നിലപാടാണ് യൂറോപ്പിലും ഇംഗ്ലണ്ടിലും പിന്തുടരുന്നത്. ലിഖിത ഭരണഘടനയില്ലാത്ത ഇംഗ്‌ളണ്ടില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പരിധി നിര്‍ണയിക്കുന്ന ആര്‍ട്ടിക്കിള്‍ പത്ത് നിലവിലുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യം ഒരു സവിശേഷാവകാശമാണ്. ഇംഗ്‌ളണ്ടില്‍ ഭരണകൂടത്തിന് അതിനു പരിധി നിശ്ചയിക്കാവുന്നതാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ബാഹ്യമായ പരിധി നിശ്ചയിച്ചാണ് യൂറോപ്പും ഇംഗ്ലണ്ടും കാനഡയും പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍, അമേരിക്കയില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് ബാഹ്യപരിധിയില്ല. പകരം ആന്തരിക പരിധിയാണ്. ക്രിമിനല്‍ കോഡ് ഉപയോഗിച്ചു ആവിഷ്‌കാരസ്വാതന്ത്ര്യവും വിദ്വേഷാവിഷ്‌കാരവും തരംതിരിക്കാന്‍ അമേരിക്ക തയ്യാറല്ല. വിദ്വേഷ പ്രസ്താവനകളെ കേവല സംസാരം എന്നതിലുപരി ദോഷം ഉണ്ടാക്കുന്ന പ്രവര്‍ത്തിയായാണ് അമേരിക്കന്‍ നിയമങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ദോഷം ചെയ്യുന്ന ഒരു പ്രവര്‍ത്തിയുടെ ഹേതുവായ ഒരു സംസാരത്തെ നിയന്ത്രിക്കാം എന്നാണ് അമേരിക്കന്‍ സമീപനം.

സമുദായം എന്ന ആധുനിക പരിധി

അമേരിക്കന്‍ സാഹചര്യത്തില്‍ തന്നെ ആവിഷ്‌കരത്തിന്റെ സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പരിധി സമുദായമാണ്. ഏറ്റവും വികസിതമായ ആവിഷ്‌കാര സ്വാതന്ത്ര്യം നിലനില്‍ക്കുന്ന ഒരു സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത് ആധുനിക സമുദായത്തിന്റെ രീതിയിലാണ്. ഓരോ സര്‍വകലാശാലയും അതിന്റെ അടിസ്ഥാന മൂല്യമനുസരിച്ച് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കുന്നു. ഒരു സര്‍വകലാശാലയില്‍ അനുവദിക്കുന്ന ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് അതിന്റെ സാമുദായിക മൂല്യങ്ങളുടെ താല്‍പര്യം പ്രധാനമാണ്. കാന്‍സല്‍ കള്‍ച്ചര്‍, സേഫ് സ്‌പേസ്, നോണ്‍ -പ്ലാറ്റ്‌ഫോമിംഗ് തുടങ്ങിയ ചര്‍ച്ചകള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ത്തന്നെ വലിയൊരു സംവാദമേഖലയായി മാറിയിരിക്കുന്നു. അധ്യാപകരും വിദ്യാര്‍ഥികളും ഗവേഷകരും എഴുത്തുകാരും അതനുസരിച്ച് പുറത്താക്കപ്പെടുകയും അകത്താക്കപ്പെടുകയും ചെയ്യുന്നു. ഭരണകൂടനിയമം ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ പാലിക്കാത്ത ലോകോത്തര സര്‍വകലാശാലകള്‍ പക്ഷേ, സ്വന്തംനിലയ്ക്ക് അതിനു നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു.

രാഷ്ട്രീയമോ സത്യമോ?

ആവിഷ്‌കാരസ്വാതന്ത്ര്യം ആപേക്ഷികവും സ്ഥല-കാല ബന്ധിതവുമാണ് എന്ന സമീപനമുള്ള ഫിഷ് സമ്പൂര്‍ണ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ സമഗ്രമായല്ല, വ്യാഖ്യാനത്മകമായ സംശയത്തോടെയാണ് കാണുന്നത്. അതായത്, ആര്‍ക്കും എന്തു പ്രശ്‌നമുണ്ടായാലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിച്ചുകൂടാ എന്ന വാദത്തിന്റെ ലക്ഷ്യം അതിലൂടെ ഇപ്പോള്‍ എല്ലാവര്‍ക്കും ഗുണം ഒന്നുമില്ലെങ്കിലും ഭാവിയില്‍ ഒരു ഗുണം ഉണ്ടാകും എന്ന സമീപനമാണ്. ഭാവിയിലെ ഗുണത്തിന്റെ പേരില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രശങ്ങളെക്കുറിച്ചുള്ള മറ്റ് വിമര്‍ശനങ്ങള്‍ മറച്ചുവെക്കപ്പെടുന്നു. അതിലൂടെ, ഒരു പ്രത്യേക തരത്തിലുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിജയം ആഘോഷിക്കപ്പെടുന്നു. അതാകട്ടെ, ഏതെങ്കിലും ഒരു സാമൂഹിക-രാഷ്ട്രീയ വിഭാഗത്തിന്റെ താല്‍പര്യസംരക്ഷണമായി മാറുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യത്തെ മായ്ച്ചു കളയാനല്ല, മറിച്ച് അതിന്റെ അധികാരപരിധികള്‍ കൂടുതല്‍ ആഴത്തില്‍ വിശകലനം ചെയ്യാന്‍ ഇതു നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.

ആവിഷ്‌കാരസ്വാതന്ത്ര്യം ഒരു വ്യവഹാരം എന്ന നിലയില്‍ എത്രത്തോളം സത്യം കണ്ടെത്താന്‍ സഹായിക്കുമെന്ന കാര്യത്തിലും ഫിഷ് ചില സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഉദാഹരണമായി, ഹോളോകാസ്റ്റ് നടന്നിട്ടില്ല എന്ന വാദം നുണയാണ്. എന്നാല്‍, ആ വാദം ഉന്നയിക്കാന്‍ ആവിഷ്‌കാരസ്വാതന്ത്ര്യം അനുവദിക്കുകയാണെങ്കില്‍ സത്യത്തെ മറച്ചുവെക്കുകയാണ് ചെയ്യുന്നത്. കേവല ആവിഷ്‌കാര സ്വാതന്ത്ര്യത്തിലൂടെ സത്യം കണ്ടെത്താന്‍ കഴിയില്ല എന്നതാണ് വസ്തുത. കൂടുതല്‍ പ്രചാരണ സ്വഭാവമുള്ള ഒരു വിഭാഗത്തിനു ജനങ്ങളെ നുണയിലൂടെ നിയന്ത്രിക്കാന്‍ കഴിയുമെന്ന സ്ഥിതി വരുന്നു. ഈ സാഹചര്യത്തില്‍, സക്രിയമായ ചര്‍ച്ച തന്നെ അസാധ്യമാകുന്നു. അതിനാല്‍ത്തന്നെ, ആവിഷ്‌കാരസ്വാതന്ത്ര്യം സത്യം കണ്ടെത്താന്‍ സഹായിക്കുമെന്ന നിലപാടിന് പരിമിതികളുണ്ട്. സത്യം അല്ല രാഷ്ട്രീയമാണ് ആവിഷ്‌കാരസ്വാതന്ത്ര്യത്തെ അന്വേഷിക്കാനുള്ള വഴിയെന്നും ഇതിലൂടെ തെളിഞ്ഞുവരുന്നു.

ആവിഷ്‌കാരസ്വാതന്ത്ര്യം വേണ്ട എന്ന നിലപാടുകാരനല്ല ഫിഷ്. മറിച്ച്, അതിന്റെ പരിധികളും പരിമിതികളും കൂടി ചര്‍ച്ച ചെയ്യുകയും വിമര്‍ശിക്കപ്പെടുകയും വേണമെന്നതിന്റെ സൂചനയായി അദ്ദേഹത്തിന്റെ വാദങ്ങളെ കാണാവുന്നതാണ്. ഇന്നത്തെ ലോകത്തിന്റെ തന്നെ ഭാഗമാണ് ഈ ചര്‍ച്ചകള്‍. ചുരുക്കിപറഞ്ഞാല്‍, ലോകം, മതവാദം, സമ്പൂര്‍ണ ആവിഷ്‌കാര സ്വാതന്ത്ര്യം തുടങ്ങിയ സംജ്ഞകളിലൂടെ നടത്തുന്ന ലളിതമായ സാഹിത്യ അവതരണങ്ങള്‍ ലോകത്തു നിലനില്‍ക്കുന്ന വംശീയ വിഭജനത്തെ വിശിഷ്യാ ഇസ്‌ലാമോഫോബിയയെ മറയ്ക്കുന്ന അധികാരപ്രയോഗമായി അറിഞ്ഞോ അറിയാതെയോ പ്രവര്‍ത്തിക്കുന്നുവെന്നതാണ് അനുഭവം.

(റിസര്‍ച്ച് ഇന്‍പുറ്റ്‌സ്: കെ.കെ നൗഫല്‍, ആതിക്ക് ഹനീഫ്, റെന്‍സന്‍ വി.എം)

Similar Posts