ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിധി വിലക്കുകള്‍
|പരമത വിദ്വേഷം വമിപ്പിക്കുന്നൊരാള്‍ നീതിപീഠത്തിന്റെ ഭാഗമാകുന്നതിന്റെ അപകടം മനസിലാക്കിയ നല്‍പ്പതോളം അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. എന്നിട്ടോ! വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയാക്കുന്നതിനെതിരെ ഫയല്‍ചെയ്ത പരാതി സുപ്രീംകോടതി കേള്‍ക്കുന്ന സമയത്ത് തന്നെ മദ്രാസ് ഹൈക്കോടതിയില്‍ അവര്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.
ഭയം എന്ന വാക്കിന് അത് നല്‍കുന്ന അര്‍ഥങ്ങള്‍ക്കപ്പുറമാണ് ഇന്ത്യയില്‍ ഇന്ന്. വലിയൊരു വിഭാഗം ഭയചകിതരായി ജീവിക്കുകയും മറ്റൊരു വിഭാഗം ഭയരഹിതരായി ജീവിക്കുകയും ചെയ്യുന്ന പ്രത്യേക സാഹചര്യമാണിന്ന് ഇന്നത്തെ ഇന്ത്യന്‍ അുഭവം. ദിശ തെറ്റി കൂരിരുളില്‍ അലയുന്ന നാവികരുടെ മേല്‍ പതിക്കുന്ന ചെറിയ മിന്നല്‍ പോലെയാണ് ഭരണകൂട ഭീകരതയുടെ കരിനിഴല്‍ വീണ ജനാധിപത്യത്തിന്റെ മേല്‍ നീതിപീഠത്തിന്റെ വെളിച്ചം വീശുന്നത്. മണ്ണപ്പം ചുട്ടെടുക്കുന്ന ലാഘവത്തില്‍ ഭരണകൂടം ദൈനംദിനം തങ്ങള്‍ക്കെതിരായി ഓരോ നിയമങ്ങള്‍ നിര്‍മിക്കുമ്പോഴും ഇനി നാം എങ്ങനെ ജീവിക്കും എന്ന ആശങ്കയിലാണ് ജനങ്ങള്‍. ഭരണകൂടത്തിന്റെ തിട്ടൂരങ്ങള്‍ക്കെതിരെ ഓടിച്ചെന്ന് കയറാന്‍ കഴിയുന്ന ഒരിടമായിരുന്നു നീതിപീഠം. എന്നാല്‍, സമീപകാലത്ത് സുപ്രധാന കോടതി വിധികള്‍ എല്ലാം തന്നെ സൂചിപ്പിക്കുന്നത് നീതിപീഠവും അത് കൈകാര്യം ചെയ്യുന്നവരും ഇത്രത്തോളം അതില്‍ കൂടുതലോ ആരെയോ ഭയപ്പെടുന്നുണ്ട് എന്നാണ്.
പൗരത്വ നിയമവും ജഡ്ജിയുടെ പിന്മാറ്റവും
2019 ഡിസംബറില്‍ പൗരത്വ നിയമഭേദഗതിക്ക് എതിരായി ജാമിയ മില്ലിയ പ്രതിഷേധത്തിന്റെ ഭാഗമായി ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കള്ളക്കേസില്‍ ശര്‍ജില്‍ ഇമാം, ആസിഫ് ഇഖ്ബാല്‍ തന്‍ഹ, തുടങ്ങിയ പതിനൊന്ന് ജെ.എന്‍.യു വിദ്യാര്‍ഥികളെ വെറുതെ വിട്ടുകൊണ്ട് ജഡ്ജി 'അരുള്‍ വര്‍മ്മ' നടത്തിയ പരാമര്‍ശം ഡല്‍ഹി പൊലീസിനെയും പ്രോസിക്യൂഷനേയും നിഷിധമായ ഭാഷയില്‍ വിമര്‍ശിക്കുന്നതായിരുന്നു. അഡീഷണല്‍ സെഷന്‍ ജഡ്ജിയുടെ ഈ നിരീക്ഷണം രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്നാല്‍, സമാന സ്വഭാവം ഉള്ള മറ്റൊരു കേസ് വീണ്ടും തന്റെ മുന്നിലേക്ക് വന്നപ്പോള്‍ അത് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറുകയും കോടതി പ്രിന്‍സിപ്പില്‍ സാകേത് ജില്ല സെഷന്‍സ് ജഡ്ജിക്ക് കേസ് കൈമാറാന്‍ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിട്ടുകൊണ്ട് പിന്മാറുകയുമാണ് ഉണ്ടായത്. സ്വതന്ത്രമായി നീതിപീഠം ഒരു കേസ് പരിഗണിക്കുകയും വിധി പറയുകയും ചെയ്തിട്ട് തൊട്ടടുത്ത ദിവസം സമാന രീതിയിലുള്ള കേസ് വരുമ്പോള്‍, പ്രകടമായ മറ്റൊരു കാരണവും ഇല്ലാതെ തന്നെ ഒരു ജഡ്ജ് പിന്മാറുകയും ചെയ്യുന്ന രാജ്യത്ത് നീതിപീഠം സ്വതന്ത്രമാണ് എന്ന് പറയുന്നത് ഫലിതമായി മാറുകയാണ്.
വിധിയുടെ വില
രാജ്യം ഏറ്റവും കൂടുതല്‍ കാലം ഒരു വിധിക്കായി കാത്തിരുന്നതും ഒരു കേസിന്റെ വിധിയില്‍ ഉന്നത നീതിപീഠത്തിന്റെ വിശ്വാസ്യത സംശയത്തിന്റെ നിഴലില്‍ ആയതും ബാബരി ധ്വംസന കേസിലാണ്. തെളിവുകളെ മാനദണ്ഡമാക്കാതെ, സാഹചര്യത്തെളിവുകളെ പരിഗണിക്കാതെ ഭൂരിപക്ഷത്തിന്റെ വികാരം പരമോന്നത ന്യായാധിപന്മാരുടെ മനോനിലയെ നിയന്ത്രിച്ചപ്പോള്‍ രാജ്യത്തിന്റെ ഹൃദയത്തില്‍ അത് ഒരു തീരാ കളങ്കമായി മാറി.
ജസ്റ്റിസ് രഞ്ജന്‍ ഗഗോയ്
ബാബരി ദ്വംസന കേസില്‍ അഞ്ചംഗ ബെഞ്ചിന്റെ തലവന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും വിരമിച്ച് നാലാമത്തെ മാസം രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ആദ്യമായി സഭയില്‍ എത്തിയ ദിവസം പരിഹാസത്തോടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചത്. എന്നാല്‍, തനിക്ക് രാജ്യസഭയിലേക്ക് ക്ഷണം ലഭിച്ചപ്പോള്‍ തെല്ലും മടിക്കാതെയാണ് അത് സ്വീകരിച്ചത് എന്നും താന്‍ പ്രതിനിധാനം ചെയ്യുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ രാജ്യസഭയില്‍ ഉയര്‍ത്തുവാനുള്ള അവസരമായാണ് താന്‍ ഇതിനെ കാണുന്നത് എന്നും തന്റെ ആത്മകഥയില്‍ അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനത്ത് നിന്നും ആദ്യമായി ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയ വ്യക്തിയും മുഖ്യമന്ത്രിയായിരുന്ന കേശവ് ചന്ദ്ര ഗഗോയുടെ മകനുമാണ് രഞ്ജന്‍ ഗഗോയ്.
ജസ്റ്റിസ് അശോക് ഭൂഷന്‍
ഉത്തര്‍പ്രദേശിലെ ജൗണ്‍പൂരില്‍ 1956 ലാണ് അദ്ദേഹം ജനിച്ചത്. അലഹബാദ് സര്‍വകലാശാലയില്‍ നിന്നാണ് നിയമത്തില്‍ ബിരുദം നേടി. 1979 മുതല്‍ അലഹബാദ് കോടതിയില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2001ല്‍ ഏപ്രില്‍ 24ന് അലഹബാദ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി 2015 മാര്‍ച്ച് മുതല്‍ കേരള ഹൈക്കോടതി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബാബരി കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചില്‍ അംഗമായിരുന്നു. 2021 ജൂലൈയില്‍ സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച് 90 ദിവസത്തിനുള്ളിലാണ് അദ്ദേഹത്തെ കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രെബ്യൂണല്‍ (എന്‍.സി.എല്‍.എ.ടി) ചെയര്‍പേഴ്‌സണ്‍ ആയിട്ട് നിയമിച്ചത്. 2020 മാര്‍ച്ചില്‍ ജസ്റ്റിസ് എസ്.ജെ മുഖോപാധ്യായ വിരമിച്ച ശേഷം 19 മാസങ്ങളാണ് ഈ പദവി ഒഴിഞ്ഞുകിടന്നത്.
ജസ്റ്റിസ് അബ്ദുല്‍ നസീര്‍
2023 ഫെബ്രുവരി 12നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ജസ്റ്റിസ് അബ്ദുല്‍ നസീറിനെ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ആയി നിയമിച്ചത്. 2017ല്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ അബ്ദുല്‍ നസീര്‍ 2023 ജനുവരി നാലിനാണ് സുപ്രീംകോടതിയില്‍ നിന്നും വിരമിച്ചത്. കൃത്യം 37 -ാമത്തെ ദിവസമാണ് ആന്ധ്രപ്രദേശ് ഗവര്‍ണര്‍ പദവി അദ്ദേഹത്തിന് കേന്ദ്രസര്‍ക്കാര്‍ വെച്ച് നീട്ടിയത്. മുത്തലാഖ്, നോട്ടുനിരോധനം കേസുകളില്‍ വിധി പുറപ്പെടുവിച്ച ജഡ്ജിയാണ് അദ്ധേഹം. അയോധ്യ കേസില്‍ ബാബരി പള്ളി നിലനിന്നിരുന്ന സ്ഥലം രാമ ക്ഷേത്ര അവശിഷ്ടങ്ങള്‍ ഉള്ള ഇടം ആണെന്നും പള്ളിയുടെ 2.77 ഏക്കര്‍ സ്ഥലം രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന് നല്‍കണമെന്നും നിലപാടെടുത്ത സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിലും അബ്ദുല്‍ നസീര്‍ അംഗമായിരുന്നു.
വിക്ട്‌ടോറിയാന്‍ വിദ്വേഷങ്ങള്‍
ഇന്ത്യയുടെ തെക്കേ മുനമ്പില്‍ സംഘ്പരിവാര്‍ ആശയങ്ങളുടെ പ്രചാരകയും തരംപോലെ ഒളിഞ്ഞും തെളിഞ്ഞും ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വെറുപ്പിന്റെ കൂരമ്പുകള്‍ എയ്യുകയും ചെയ്തിരുന്നയാള്‍, മഹിളാ മോര്‍ച്ച ദേശീയ നേതാവ്, തികഞ്ഞ മോദി ഭക്ത, പാരമ്പര്യ സംഘ്പരിവാര്‍ കുടുംബ പശ്ചാത്തലം- വിവേകാനന്ദന്റെ മണ്ണില്‍ ക്രിസ്ത്യാനികള്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുന്നുവെന്നും ഹിന്ദുക്കള്‍ ന്യൂനപക്ഷം ആകുന്നുവെന്നും ക്രിസ്ത്യാനികള്‍ ഭൂരിപക്ഷം ആവുന്നു എന്നും ഒരു ചാനല്‍ ചര്‍ച്ചയില്‍ ഉള്ളിലിരിപ്പ് പുറത്ത് ചാടിച്ചു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ സോളിസിറ്റര്‍ ജനറല്‍ പദവി കൊടുത്ത് വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി അംഗീകരിച്ചു. പരമത വിദ്വേഷം വമിപ്പിക്കുന്നൊരാള്‍ നീതിപീഠത്തിന്റെ ഭാഗമാകുന്നതിന്റെ അപകടം മനസിലാക്കിയ നല്‍പ്പതോളം അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയക്കുകയും ചെയ്തു. എന്നിട്ടോ! വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയാക്കുന്നതിനെതിരെ ഫയല്‍ചെയ്ത പരാതി സുപ്രീംകോടതി കേള്‍ക്കുന്ന സമയത്ത് തന്നെ മദ്രാസ് ഹൈക്കോടതിയില്‍ അവര്‍ ജഡ്ജിയായി സത്യപ്രതിക്ജ്ഞ ചെയ്തു.
ഡമ്മി പോസ്റ്റുകളിലേ ഇഷ്ടക്കാര്‍
ഗവര്‍ണര്‍ നിയമനങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍ രാഷ്ട്രീയം മാത്രമാണ് മാനദണ്ഡമാക്കുന്നത് എന്നതിന് നിരവധി തെളിവുകള്‍ ഉണ്ട്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനൊക്കെ അതിന്റെ ജീവിച്ചിരിക്കുന്ന തെളിവുകളും ആണ്. എന്നിരുന്നാലും ജുഡീഷ്യറിയുടെ ഉന്നത പദവികള്‍ അലങ്കരിച്ചിരുന്നവര്‍ തല്‍സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ സ്റ്റേറ്റ് വെച്ച് നീട്ടുന്ന പദവികള്‍ യാതൊരുവിധ സങ്കോചവും ഇല്ലാതെ സ്വീകരിക്കുമ്പോള്‍ നഷ്ടമാകുന്നത് സാധാരണക്കാരന്റെ വിശ്വാസമാണ്, രാജ്യത്തെ ജുഡീഷ്യറി സംവിധാനം സുധാര്യവും സ്വതന്ത്രമാണ് എന്നുള്ള ജനങ്ങളുടെ വിശ്വാസമാണ്.
(അഭിഭാഷകനും കേരള ലോ അക്കാദമിയില്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയും ആണ് ലേഖകന്‍)