Analysis
സി. രവിചന്ദ്രന്‍
Analysis

നവനാസ്തികതയുടെ ആള്‍ദൈവങ്ങള്‍; ഡോക്കിന്‍സില്‍ നിന്ന് രവിചന്ദ്രനിലേക്കുള്ള ദൂരം

ഷബീർ പാലോട്
|
30 March 2023 8:12 AM GMT

കേരളത്തിലെ യുക്തിവാദ-ഹിന്ദുത്വ കോമ്പോ അതിന്റെ പ്രഹരശേഷികൊണ്ട് വലിയ കരുത്താര്‍ജിച്ചിരിക്കുകയാണ്. ഹിന്ദുത്വവാദികളുടെ പ്രധാന സോഷ്യല്‍ ടൂളുകളൊക്കെയും മൂര്‍ച്ചകൂട്ടി നല്‍കുന്നത് രവിചന്ദ്രനും സംഘവുമാണ്. ഇസ്‌ലാമിന്റെ പൈശാചികവത്കരണം, കമ്യൂണിസ്റ്റ് പരിഹാസങ്ങള്‍, ഏകസിവില്‍കോഡ്, ചങ്ങാത്ത മുതലാളിത്തം തുടങ്ങിയവയിലെല്ലാം ആശയപരമായി ഹിന്ദുത്വയുടെ ബി.ടീമാണ് രവിയും സംഘവും.

സ്വാതന്ത്ര്യത്തിന്റെ ഏഴര പതിറ്റാണ്ട് പിന്നിടുന്ന നമ്മുടെ രാജ്യം അപകടകരമായ നിരവധി സാമൂഹിക സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതില്‍ പ്രധാനം ഫാഷിസത്തിന്റെ കടന്നുകയറ്റമാണ്. ഇന്ത്യക്കാരുടെ സാമാന്യ യുക്തിയെ താത്കാലികമായെങ്കിലും പ്രതിസന്ധിയിലാക്കാന്‍ ഫാഷിസ്റ്റ് നടപടികള്‍ക്കായിട്ടുണ്ട്. ഒരുവശത്ത് പ്രതീക്ഷയും മറുവശത്ത് വിഭജന യുക്തിയും ഫാഷിസം ഇന്ത്യക്കാര്‍ക്ക് നല്‍കുന്നുണ്ട്. അത് രണ്ടും മനുഷ്യരെ സ്വധീനിക്കാന്‍ പ്രാപ്തമായ ടൂളുകളാണ്. തരാതരംപോലെ ഹിന്ദുത്വ വാദികള്‍ ഇന്ത്യക്കാരെ പല ഘണ്ഡങ്ങളായി വിഭജിച്ച് നിര്‍ത്തുകയാണ്. ഹിന്ദു-മുസ്‌ലിം, വടക്ക്-തെക്ക്, ഹിന്ദി-ഇതരഭാഷകള്‍, ഇന്ത്യ-പാകിസ്ഥാന്‍, കേരളം-കര്‍ണാടക, ഇന്ത്യ-ബംഗ്ലാദേശ്, മുസ്‌ലിം-ക്രിസ്ത്യന്‍, സമ്പന്നന്‍-ദരിദ്രന്‍ തുടങ്ങി ഫാഷിസം ഇന്ത്യക്കാരെ നിരവധി തുരുത്തുകളായി വിഭജിച്ചുകഴിഞ്ഞു. നമ്മുടെ രാജ്യത്ത് ഏറ്റവും ഫലപ്രദമായി ഫാഷിസത്തെ നേരിടുന്ന ഭൂഭാഗമാണ് കേരളം. ഇവിടത്തെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ അതിന് അനുയോജ്യവുമാണ്. വലിയതോതിലുള്ള ന്യൂനപക്ഷങ്ങളുടെ സാന്നിധ്യം, സംഘടിതരും ശക്തരുമായ മുസ്‌ലിം സമൂഹം, ജനാധിപത്യവത്കരിച്ച കമ്മ്യൂണിസത്തിന്റെ സാന്നിധ്യം, നിക്ഷ്പക്ഷ മാധ്യമങ്ങള്‍ക്കുള്ള സ്വാധീനം തുടങ്ങിയവയാണ് ഇന്നും ഹിന്ദുത്വക്ക് വഴങ്ങാത്ത മണ്ണായി മലയാള നാടിനെ നിലനിര്‍ത്തുന്നത്.

ഹിന്ദുത്വ എന്ന വിപത്തിനെ ഫലപ്രദമായി മലയാളികള്‍ നേരിടുമ്പോഴും നാം ആര്‍ജിച്ച സകലമൂല്യ വ്യവസ്ഥിതിയേയും നിരന്തരം ആക്രമിക്കുന്ന മറ്റൊരു ധാര കേരളത്തില്‍ പതിയെ വേരുകളാഴ്ത്തുന്നുണ്ട്. അതാണ് ന്യൂ എത്തീസം. ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ലാത്തവിധം പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രതിലോമ ശക്തിയായി നവ നാസ്തികത കേരളത്തില്‍ മാറിയിട്ടുണ്ട്. നാം അത്രയും ശ്രദ്ധ കൊടുക്കേണ്ടുന്ന ഒന്നാണോ ഈ ചെറുസംഘം എന്നത് ഇപ്പോഴും നമ്മില്‍ പലരുടേയും സംശയമാണ്. ചെറുതാണെങ്കിലും ഈ വിപത്തിനെ നാം തിരിച്ചറിയേണ്ടതുണ്ട് എന്ന് തന്നെയാണ് അവരുടെ സമീപകാല ചരിത്രവും പരിണാമങ്ങളും തെളിയിക്കുന്നത്. അതിന് പ്രധാന കാരണം കേരളം ആര്‍ജിച്ചു എന്ന് പറയുന്ന സകലമൂല്യങ്ങളേയും ചോദ്യം ചെയ്യുന്ന ബൗദ്ധിക കലാപങ്ങളാണ് ന്യു എത്തീസ്റ്റുകള്‍ നടത്തുന്നത് എന്നതുകൊണ്ടാണ്. കേരളം ആര്‍ജിച്ചതായി മുകളില്‍ പറഞ്ഞ എല്ലാ ധര്‍മമൂല്യ വ്യവസ്ഥിതിയേയും അവര്‍ ചോദ്യംചെയ്യുന്നുണ്ട്. അതൊരു വിപ്ലവ പ്രവര്‍ത്തനമായാണവര്‍ ധരിച്ചുവശായിരിക്കുന്നത്. ഇതിലൂടെ അറിഞ്ഞോ അറിയാതയോ അവര്‍ ഹിന്ദുത്വ ഫാഷിസത്തിന് മണ്ണൊരുക്കുന്നു എന്നതാണ് ഏറെ അപകടകരം.

ന്യൂ എത്തീസത്തിന്റെ കേരളത്തിലെ ഉദയം

കേരളത്തില്‍ ന്യൂ എത്തീസത്തിന് ചുക്കാന്‍ പിടിക്കുന്നത് കൊല്ലം ജില്ലയിലെ ചവറക്കാരനായ ഒരു പ്രഫസറാണ്. ഇദ്ദേഹത്തിന്റെ പേര് സി. രവിചന്ദ്രന്‍ എന്നാണ്. മധ്യവര്‍ഗ കുടുംബത്തില്‍നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി സാമൂഹിക ജീവിതം നയിച്ചിരുന്ന ഇദ്ദേഹം പിന്നീട് കോളജ് അധ്യാപകനായി മാറുകയായിരുന്നു. തന്റെ യുവത്വം പിന്നിടുന്ന കാലത്താണ് (40 കളുടെ തുടക്കത്തില്‍) രവിചന്ദ്രന്‍ തന്റെ ന്യു എത്തീസ്റ്റ് യാത്ര ആരംഭിക്കുന്നത്. അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതുപോലെ വേള്‍സ് ട്രേഡ് സെന്റിന്റെ ആക്രമണം കണ്ട് ചിരിച്ച ചില സഹപ്രവര്‍ത്തകരും റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ നാസ്തികനായ ദൈവവും ആണ് രവിചന്ദ്രന്റെ യുക്തിവാദ ജീവിതത്തിന് ആക്കംകൂട്ടുന്നത്. റിച്ചാര്‍ഡ് ഡോക്കിന്‍സ് എന്ന ബ്രിട്ടീഷ് എവല്യൂഷനറി ബയോളജിസ്റ്റിന്റെ ഗോഡ് ഡെല്യൂഷന്‍ എന്ന പുസ്തകം 'നാസ്തികനായ ദൈവം' എന്നപേരില്‍ സ്വതന്ത്ര ട്രാന്‍സലേഷന്‍ നടത്തി രവിചന്ദ്രന്‍ സി. ആദ്യം പ്രസിദ്ധീകരിക്കുന്നു. പിന്നീട് ഇതിനെ ഒരു പ്രസന്റേഷനാക്കി മാറ്റുകയും അത് വിവിധ ഇടങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് രവിചന്ദ്രന്റെ പ്രഭാഷണ ജീവിതം ആരംഭിക്കുന്നത്.


ആദ്യ കാലത്ത് ഇദ്ദേഹം താന്‍ ജനിച്ചുവളര്‍ന്ന ഹിന്ദു മതത്തിലെ ആചാരപരമായ സവിശേഷതകളെയാണ് ചോദ്യം ചെയ്തിരുന്നത്. കേരളത്തിലെ പരമ്പരാഗത യുക്തിവാദ കൂട്ടായ്മയായ 'യുക്തിവാദി സംഘ'ത്തോടൊപ്പം തന്നെയായിരുന്നു രവിചന്ദ്രന്റെ യാത്ര. കാരണം, അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ വേദികള്‍ ലഭിച്ചിരുന്നത് അവിടന്നായിരുന്നു. യൂ ട്യൂബും ഗൂഗിളും ആയിരുന്നു രവിചന്ദ്രന്റെ എക്കാലത്തേയും ടൂളുകള്‍. ഡോക്കിന്‍സില്‍നിന്ന് അയാള്‍ ഡാനിയല്‍ ഡെന്നറ്റ്, സാം ഹാരിസ്, ക്രിസ്റ്റഫര്‍ ഹിച്ചിന്‍സ് എന്നീ പാശ്ചാത്യന്‍ ന്യുഎത്തീസ്റ്റുകള്‍ക്കിടയിലേക്ക് സഞ്ചരിച്ചു. അവര്‍ പറഞ്ഞ ആശയങ്ങള്‍ അതേപടി ഇങ്ങോട്ടേക്ക് പകര്‍ത്തുകയും ചെയ്തു.

യുക്തിവാദം പോരാ

കേരള യുക്തിവാദ സംഘത്തോടൊപ്പം അധികമൊന്നും സഞ്ചരിക്കാന്‍ രവിചന്ദ്രന് ആകുന്നുണ്ടായിരുന്നില്ല. അവരുടെ തീവ്രത പോരാ എന്നായിരുന്നു അയാളുടെ പരാതി. മതത്തെ തുറന്ന് എതിക്കുന്നില്ല എന്നും ആജ്ഞേയതാ വാദികള്‍ പേടിത്തൊണ്ടന്മാരാണെന്നുമായിരുന്നു അയാളുടെ വാദം. യുക്തിവാദി സംഘത്തിന്റെ കമ്മ്യൂണിസ്റ്റ് ചായ്‌വും സംവാദങ്ങളിലെ പക്വപരമായ സമീപനങ്ങളും അയാള്‍ക്ക് ദഹിച്ചിരുന്നില്ല. കലഹിച്ചുനിന്നിരുന്ന കാലത്താണ് തങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരില്‍ എത്തിക്കാന്‍ രവിചന്ദ്രനും അയാളോടൊപ്പംകൂടിയ കുറച്ച് യുവാക്കളും ചേര്‍ന്ന് ചില ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടാക്കുന്നത്. അതില്‍ പ്രധാനമായിരുന്നു എസ്സന്‍സ്. ഇതല്ലാതെയും നിരവധി യൂട്യൂബ് പ്ലാറ്റ്‌ഫോമുകള്‍ ഇവര്‍ ഉണ്ടാക്കിയെടുത്തു. എസ്സെന്‍സ് ഗ്ലോബല്‍, ന്യൂറോണ്‍സ്, ഫ്രീതിങ്കേഴ്‌സ് കേരള, ആന്റി വൈറസ് എന്നിങ്ങനെ യൂട്യൂബ് ചാനലുകളിലൂടെയാണ് ഇവര്‍ ആശയപ്രചരണം നടത്തിയിരുന്നത്. രവിചന്ദ്രനും സംഘവും ഉയര്‍ത്തിവിട്ട ചിന്തകള്‍ കേരളത്തില്‍ പതിയെ സ്ഥാപനരൂപം കൈവരിക്കുന്നുണ്ടായിരുന്നു. സ്വദേശത്തും വിദേശത്തും അതിന് ശാഖകള്‍ ഉണ്ടായി. ഇവിടെയെല്ലാം നമ്മുക്ക് രവിചന്ദ്രനെക്കൂടാതെ ഒരുകൂട്ടം ആളുകളെ കാണാനാകും. ഡോ. വൈശാഖന്‍ തമ്പി, ഡോ. സി. വിശ്വനാഥന്‍, ഡോ. അഗസ്റ്റസ് മോറിസ്, ഡോ. രതീഷ് കൃഷ്ണന്‍ തുടങ്ങിയവരാണ് തങ്ങളുടെ പ്രഭാഷണങ്ങളിലൂടെ സ്വതന്ത്ര ചിന്തക്ക് കേരളത്തില്‍ ഊടും പാവും നല്‍കിയത്.

രവിചന്ദ്രന്റെ പരിണാമങ്ങള്‍

രവിചന്ദ്രനും സംഘവും ഉയര്‍ത്തിവിട്ട ബൗദ്ധിക സംവാദതലങ്ങള്‍ക്ക് മലയാളികള്‍ക്കിടയില്‍ വലിയ പ്രചാരമാണ് ലഭിച്ചത്. അതിന് പ്രധാന കാരണം അതിന്റെ നവീനതയായിരുന്നു. പരമ്പരാഗത യുക്തിവാദികളെപ്പോലെ മതവിമര്‍ശനം മാത്രമായിരുന്നില്ല ഈ സംഘത്തിന്റെ മേഖല. മലയാളി പ്രബുദ്ധമെന്ന് കരുതിയിരുന്ന പല വിഗ്രഹങ്ങളേയും ആശയങ്ങളേയും ഇവര്‍ ചോദ്യംചെയ്തു. അതില്‍ ജൈവ കൃഷിമുതല്‍ യോഗവരേയും, വാസ്തു മുതല്‍ എന്‍ഡോസള്‍ഫാന്‍വരേയും വിഷയമായിരുന്നു. ഹോമിയോയും പ്രകൃതി ചികിത്സയും ആയൂര്‍വേദയും നിശിതമായി വിമര്‍ശിക്കെപ്പട്ടു. പതിയെ രവിചന്ദ്രന്‍ കേരളത്തിലെ ചാംപ്യന്‍ ഓഫ് ന്യൂ എത്തീസം എന്ന തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. ആരാധകര്‍ക്ക് അയാള്‍ ആര്‍. സിയായി. നാസ്തികനായ ദൈവം എന്ന പ്രഭാഷണം ഒരു അനുഷ്ടാനംപോലെ നവനാസ്തികര്‍ കണ്ടുതുടങ്ങി. എതിരാളകള്‍ രവി ഡൈബം എന്ന് ഇയാളെ പരിഹസിച്ചുതുടങ്ങി.

ഫെമിനിസം എന്ന വിഷയത്തില്‍ റിച്ചാര്‍ഡ് ഡോക്കിന്‍സും പാശ്ചാത്യ നവനാസ്തിക വനിതകളും തമ്മില്‍ ഇടയുകയായിരുന്നു. ഡോക്കിന്‍സ് പലതരം കുപ്രസിദ്ധമായ സ്തീവിരുദ്ധ പരാമര്‍ശങ്ങളും നടത്തിയിട്ടുള്ള ആളാണ്. അതിലൊന്നാണ് മദ്യപിക്കുന്ന സ്ത്രീക്ക് ഒരാള്‍ റേപ്പ് ചെയ്‌തെന്ന് ആരോപിക്കാന്‍ കഴിയില്ല എന്നത്. വാഹനമോടിക്കണമെങ്കില്‍ മദ്യപിക്കാന്‍ പാടില്ല എന്നതുപോലെ റേപ്പ് വിക്റ്റിമിന് ആരോപണം ശരിയെന്ന് തെളിയിക്കണമെങ്കില്‍ മദ്യപിക്കാന്‍ പാടില്ല എന്നായിരുന്നു ഡോക്കിന്‍സിന്റെ വാദം.

രവിചന്ദ്രന്റെ യൂ ട്യൂബ് പ്രഭാഷണങ്ങള്‍ക്ക് 20,000 മുതല്‍ 30,000 വരെ സ്ഥിരം പ്രേക്ഷകര്‍ ഇന്ന് കേരളത്തിലുണ്ട്. അയാളുടെ ചില വിഡിയോകള്‍ മില്യണ്‍ ആളുകള്‍വരെ കാണുന്നുണ്ട്. ആന്റി വൈറസ് എന്നപേരില്‍ ദൈനംദിന വിഷയങ്ങള്‍ സംസാരിക്കാനും ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും രവിചന്ദ്രന് ഇന്നൊരു സ്ഥിരം പ്ലാറ്റ്‌ഫോമുണ്ട്. സൂര്യന് കീഴെ ഭൂമിക്ക് മുകളില്‍ എന്ത് വിഷയത്തിലും ഇയാള്‍ ആധികാരികമായിത്തന്നെ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. അത് അപ്പടി വിശ്വസിക്കുന്ന ഒരു കള്‍ട്ട് സമൂഹവും ഇന്ന് ഉദയം ചെയ്തിട്ടുണ്ട്.

രവിചന്ദ്രന്റെ ഗുരുക്കന്മാര്‍

നേരത്തേ പറഞ്ഞതുപോലെ പാശ്ചാത്യരായ ചില നവനാസ്തികരുടെ സ്വാധീനഫലമായാണ് രവിചന്ദ്രനും തന്റെ നാസ്തികതാ ജീവിതം ആരംഭിക്കുന്നത്. റിച്ചാര്‍ഡ് ഡോക്കിന്‍സ് ആയിരുന്നു അയാളുടെ മാനസഗുരു. അവിടെ നിന്ന് സഞ്ചരിച്ച് അയാള്‍ ഡാനിയല്‍ ഡെന്നറ്റ്, സാം ഹാരിസ്, ക്രിസ്റ്റഫര്‍ ഹിച്ചിന്‍സ് എന്നിവരിലെത്തുന്നുണ്ട്. പിന്നീട് അമേരിക്കന്‍ വലതുപക്ഷത്തെ നിരവധി അതിതീവ്രവാദികളെ രവിചന്ദ്രന്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നുണ്ട്. ജോര്‍ദാന്‍ പീറ്റേഴ്‌സനെയൊക്കെ അങ്ങിനെയാണ് രവിചന്ദ്രന്റെ പ്രധാന മൂല്യ സ്രോതസ്സായി മാറുന്നത്. പാശ്ചാത്യന്‍ ന്യൂ എത്തീസത്തിന്റെ അപചയങ്ങളെല്ലാം അതേപടി പകര്‍ത്താനാരംഭിച്ചതോടെയാണ് രവിചന്ദ്രന്‍ കുപ്രസിദ്ധനായി മാറുന്നത്.

പാശ്ചാത്യന്‍ നവ നാസ്തികത കെട്ടിപ്പടുത്തിരിക്കുന്നത് അടിസ്ഥാനപരമായി രണ്ട് അടിത്തറകളിലാണ്. അതിലൊന്ന് സയന്റിസമാണ്, മറ്റൊന്ന് മത വിരുദ്ധതയും. സയന്‍സാണ് വിവരശേഖരണത്തിന്റെ ഒരേയൊരു ആധികാരിക സ്രോതസ്സ് എന്നാണ് ഡോക്കിന്‍സ് പറയുന്നത്, മതമെന്നത് ഭൂമുഖത്തുനിന്ന് തുടച്ചുനീക്കേണ്ടുന്ന തിന്മയും. രവിചന്ദ്രനും ഇതേ ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്. ഇതോടൊപ്പം ഇസ്‌ലാമോഫോബിയ, കമ്മ്യൂണിസ്റ്റ് വിരുദ്ധത, കാപ്പിറ്റലിസത്തോടുള്ള വിധേയത്വം, സ്ത്രീ വിരുദ്ധത, ഇന്‍ഡിവിജ്വലിസം, മെരിറ്റോക്രസി തുടങ്ങിയ ഉപഗ്രഹാശയങ്ങളും നവ നാസ്തികതയ്ക്കുണ്ട്. കാലാകാലങ്ങളില്‍ ഇതേ ആശയങ്ങള്‍ രവിചന്ദ്രന്‍ പകര്‍ത്തുകയും അതേപടി ഇവിടെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

രവിചന്ദ്രനും സ്തീവിരുദ്ധതയും

രവിചന്ദ്രന്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുക്തിവാദി സംഘം വേദിയില്‍ നടത്തിയ പ്രസന്റേഷനുകളിലൊന്നാണ് 'വെളിച്ചപ്പാടിന്റെ ഭാര്യ'. കേരള ഫ്രീ തിങ്കേഴ്‌സ് ഫോറം എന്ന യു ട്യൂബ് ചാനലിലാണ് അത് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. യുക്തിവാദ പ്രചാരകര്‍ക്ക് ഭാര്യമാര്‍ എങ്ങിനെ തടസമാകുന്നു എന്ന് 'ആധികാരിക'മായി വിശദീകരിക്കുന്ന പ്രസന്റേഷനാണത്. പരമ്പരാഗത യുക്തിവാദികളുടെ ജീവിതത്തില്‍ നിന്നുള്ള നേരിട്ടുള്ള ഉദാഹരണങ്ങള്‍ സഹിതമായിരുന്നു ആ പ്രസന്റേഷന്‍ അവതരിപ്പിച്ചത്. കേരളത്തിലെ അറിയപ്പെടുന്ന യുക്തിവാദിയായ പവനന്റെ ജീവിതമൊക്കെ ഉദ്ധരിച്ച് നടത്തിയ ആ പ്രഭാഷണം യുക്തിവാദ ലോകത്തും നവ നാസ്തികര്‍ക്കിടയിലും വലിയ ഒച്ചപ്പാട് ഉണ്ടാക്കി. നാസ്തിക പുരുഷന്മാര്‍ എത്തിനില്‍ക്കുന്ന ബൗദ്ധിക നിലവാരത്തോട് കിടപിടിക്കാന്‍ സ്ത്രീകള്‍ക്ക് ആകുന്നില്ല എന്നായിരുന്നു രവിചന്ദ്രന്റെ വാദങ്ങളുടെ കാതല്‍. യുക്തിവാദികളുടെ ജീവിതം ഭാര്യമാര്‍ ദുസ്സഹമാക്കുന്നു എന്നും നിര്‍മാല്യത്തിലെ വെളിച്ചപ്പാടിന്റെ ഭാര്യയെ ഉദ്ധരിച്ച് ഇദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്.


നവനാസ്തികര്‍ക്കിടയില്‍ ഉണ്ടായിരുന്ന ചുരുക്കം ചില സ്ത്രീകളുടെ അഭിമാനംകൂടി ക്ഷതപ്പെടുത്തുന്ന വാദങ്ങളായിരുന്നു അന്ന് രവിചന്ദ്രന്‍ നടത്തിയത്. സ്തീകളുടെ ഭാഗത്തുനിന്നും ഇതിനെതിരേ വലിയ പ്രതിഷേധം ഉണ്ടായി. ഫ്രീതിങ്കേഴ്‌സ് ഫോറംതന്നെ ഇതിന്റെ ബദല്‍ വിഡിയോകള്‍ അന്ന് അവതരിപ്പിച്ചിരുന്നു. വെളിച്ചപ്പാടിന്റെ ഭാര്യയുടെ വിമര്‍ശനം ഹരിതാ തമ്പി അവതരിപ്പിക്കുമ്പോള്‍ പറയുന്നത് ഇത് തന്റെ രവിചന്ദ്രനുള്ള ഗുരുദക്ഷിണയാണ് എന്നാണ്. രവിചന്ദ്രന്‍ വെളിച്ചപ്പാടിന്റെ ഭാര്യ അവതരിപ്പിക്കുന്ന കാലത്തുതന്നെ യൂറോപ്യന്‍ നവനാസ്തികര്‍ക്കിടയില്‍ ഒരു പ്രശ്‌നം നടക്കുന്നുണ്ടായിരുന്നു. ഫെമിനിസം എന്ന വിഷയത്തില്‍ റിച്ചാര്‍ഡ് ഡോക്കിന്‍സും പാശ്ചാത്യ നവനാസ്തിക വനിതകളും തമ്മില്‍ ഇടയുകയായിരുന്നു. ഡോക്കിന്‍സ് പലതരം കുപ്രസിദ്ധമായ സ്തീവിരുദ്ധ പരാമര്‍ശങ്ങളും നടത്തിയിട്ടുള്ള ആളാണ്. അതിലൊന്നാണ് മദ്യപിക്കുന്ന സ്ത്രീക്ക് ഒരാള്‍ റേപ്പ് ചെയ്‌തെന്ന് ആരോപിക്കാന്‍ കഴിയില്ല എന്നത്. വാഹനമോടിക്കണമെങ്കില്‍ മദ്യപിക്കാന്‍ പാടില്ല എന്നതുപോലെ റേപ്പ് വിക്റ്റിമിന് ആരോപണം ശരിയെന്ന് തെളിയിക്കണമെങ്കില്‍ മദ്യപിക്കാന്‍ പാടില്ല എന്നായിരുന്നു ഡോക്കിന്‍സിന്റെ വാദം.

പാശ്ചാത്യന്‍ നവനാസ്തികര്‍ക്കിടയില്‍ ഡോക്കിന്‍സിനെ കുപ്രസിദ്ധനാക്കിയ മെറ്റാരു സംഭവമാണ് 'ഡിയര്‍ മുസ്‌ലിമ' ലെറ്റര്‍. 2011 ല്‍ ഒരു നവനാസ്തിക കൂട്ടായ്മക്കിടെ തനിക്ക് നേരിട്ട ദുരനുഭവങ്ങളെപ്പറ്റി റബേക്ക വാട്‌സണ്‍ എന്ന ഫ്രീതിങ്കര്‍ വെളിപ്പെടുത്തിയതോടെയാണ് വിവാദം ആരംഭിക്കുന്നത്. തന്നെ എലവേറ്ററില്‍വച്ച് ഒരു സഹകാരി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു അവരുടെ ആരോപണം. 'എലവേറ്റര്‍ഗേറ്റ്' എന്ന് അറിയപ്പെടുന്ന ഈ സംഭവം നടന്നപ്പോള്‍ നാസ്തികരായ അവരുടെ സഹപ്രവര്‍ത്തകര്‍ പ്രതികരിച്ചത് പലതരത്തിലായിരുന്നു. നാസ്തിക വനിതകള്‍ അവര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ പുരുഷന്മാരില്‍ വ്യത്യസ്ത അഭിപ്രായം ആണ് ഉണ്ടായത്. സംഭവം വിവാദമായപ്പോള്‍ ഡോക്കിന്‍സ് അതിനോട് നടത്തിയ പ്രതികരണം ഒരു കത്ത് രൂപത്തിലായിരുന്നു. 'ഡിയര്‍ മുസ്‌ലിമ' എന്നാണാ കത്ത് ആരംഭിച്ചത്. മുസ്‌ലിം ലോകത്ത് നടക്കുന്ന സ്ത്രീവിരുദ്ധതയെപറ്റി പറഞ്ഞശേഷം അയാള്‍ തന്റെ എത്തീസ്റ്റ് വനിതാ സഹപ്രവര്‍ത്തകയോട് പറഞ്ഞത് ഇത്ര ചെറിയ കാര്യത്തിന് വിലപിക്കാതെ കുറച്ചുകൂടി വളരുക എന്നാണ്. ഇത് ഫെമിനിസ്റ്റുകള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്.

ഇസ്‌ലാമോഫോബിയ

കുപ്രസിദ്ധരായ ഇസ്‌ലാമോഫോബിക്കുകളാണ് യൂറോപ്യന്‍ നവനാസ്തികര്‍. ഡോക്കിന്‍സിനെപോലുള്ളവര്‍ ഇസ്‌ലാം വിരുദ്ധരും സാംസ്‌കാരിക ക്രൈസ്തവത നല്ലതാണെന്ന് വാദിക്കുന്നവരുമാണ്. സാം ഹാരിസ് ആകട്ടെ മുസ്‌ലികളെ ഏതെങ്കിലും തരത്തില്‍ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയാലും കുഴപ്പമില്ല എന്ന് പറയുന്നയാളും. രവിചന്ദ്രന്‍ ആദ്യകാലത്ത് തന്റെ പ്രസന്റേഷനുകളില്‍ ഇസ്‌ലാമോ ഇസ്‌ലാമിക വിഷയങ്ങളോ കാര്യമായി പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍, ഏറെനാള്‍ തന്റെ മാസ്റ്റേഴ്‌സ് പറയുന്നതിനെ അവഗണിക്കാന്‍ രവിചന്ദ്രന് ആകുമായിരുന്നില്ല. 'ഇസ്‌ലാമും മനുഷ്യാവകാശങ്ങളും' എന്ന പ്രസന്റേഷനായിരുന്നു തുടക്കം. ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ പരമ്പരാഗത യുക്തിവാദികള്‍ക്ക് ഭയമാണ് എന്നും തങ്ങള്‍ക്കതിന് ഭയമില്ല എന്നുമുള്ള നേരേറ്റീവ് വികസിപ്പിച്ചാണ് കേരളത്തിലെ നവനാസ്തികര്‍ തങ്ങളുടെ പ്രചരണം മുന്നോട്ടുകൊണ്ടുപോയത്.


ഡോക്കിന്‍സാദി നവ നാസ്തികരുടെ അതേ ന്യായവൈകല്യങ്ങള്‍ തന്നെയാണ് രവിചന്ദ്രനും സംഘവും ഇവിടെ പ്രചരിപ്പിച്ചത്. ഞങ്ങള്‍ മുസ്‌ലിം ഫോബിക് അല്ല ഇസ്‌ലാമോഫോബിക് ആണ്, ഇസ്‌ലാമിന്റെ ഏറ്റവും വലിയ ഇരകള്‍ മുസ്‌ലിംകളാണ്, ബാങ്കുവിളി അക്രമാസക്തതയുടെ ഉദ്‌ഘോഷണമാണ്, ഇസ്‌ലാമിനെ ശരിപ്പെടുത്തുകയാണ് ആധുനികകാലത്തെ ഏറ്റവും വലിയ വിമോചന ദൗത്യം എന്നിങ്ങനെപോകുന്നു അവരുടെ വാദങ്ങള്‍. 'വിഞ്ചസ്റ്ററിലെ കത്തീഡ്രലില്‍ നിന്ന് ഉയരുന്ന പള്ളിമണിനാദം അല്ലാഹു അക്ബര്‍ എന്ന അക്രമാസക്ത ഉദ്‌ബോധനത്തേക്കാള്‍ എത്രയോ മനോഹരമാണ്' എന്നാണ് ഡോക്കിന്‍സ് ഒരിക്കല്‍ ട്വീറ്റ് ചെയ്തത്. രവിചന്ദ്രന്‍ തന്റെ പ്രസന്റേഷനുകളില്‍ എല്ലാം ഊന്നിപ്പറയുന്നത് ഇതേ വാദങ്ങള്‍ തന്നെയാണ്. ഇസ്‌ലാമോഫോബിയ എന്ന നരേറ്റീവിനെ തെറ്റാണെന്ന് ഒരുഘട്ടത്തില്‍ ഡോക്കിന്‍സും അതിനെ പിന്തുടര്‍ന്ന് രവിചന്ദ്രനും പറയുന്നുണ്ട്. ഇസ്‌ലാമോ ഫോബിയ എന്നത് സ്വയമുള്ള ഇരവത്കരണമാണ് എന്നും ഇസ്‌ലാമിനെ പ്രതിരോധിക്കാനുള്ള മറയാണ് എന്നുമാണ് നവ നാസ്തികരുടെ ആരോപണം.

ഇസ്‌ലാം വിരുദ്ധതയെത്തുടര്‍ന്നുള്ള സഞ്ചാരങ്ങളില്‍ നവനാസ്തികര്‍ എത്തിപ്പെടുന്ന ചില തുരുത്തുകളുണ്ട്. അതിലൊന്നാണ് സിയോണിസത്തോടുള്ള അനുരാഗം. ഇസ്രയേല്‍ നടത്തുന്ന 'അതിജീവന'പോരാട്ടവും അതിനെ തുരങ്കംവയ്ക്കുന്ന ഫലസ്തീനികള്‍ എന്നുമുള്ള നരേറ്റീവ് ഇന്ത്യയില്‍ ഒരുപക്ഷെ ആദ്യം വികസിപ്പിക്കുന്നത് കേരളത്തിലെ നവനാസ്തികരാവും. ഇതിന്റെ വരവും യൂറോപ്പില്‍നിന്നുതന്നെയാണ്. ഡോക്കിന്‍സിന്റെ ജൂത പ്രേമം അദ്ദേഹം തുറന്നുപറഞ്ഞിട്ടുള്ളതാണ്. ജൂതന്മാര്‍ക്ക് കൂടുതല്‍ നോബല്‍ സമ്മാനം കിട്ടി എന്നും അവര്‍ വലിയ കച്ചവടക്കാരാണ്, സയന്റിസ്റ്റുകളാണ് എന്നതുമൊെക്കയാണ് അതിന്റെ മാനദണ്ഡം. ഇസ്രയേല്‍ നടത്തുന്ന ഓരോ കൂട്ടക്കൊലയും പ്രതിരോധമാണെന്നും മുസ്‌ലിം രാജ്യങ്ങളുടെ സ്വാധീനഫലമായാണ് അതിനെതിരേ യു.എന്‍ പ്രമേയം പാസാക്കുന്നതെന്നും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. യുദ്ധത്തില്‍ സ്ത്രീകളും കുട്ടികളും കൊല്ലെപ്പടുന്നതിന് കാരണം മുസ്‌ലിംകള്‍ അവരെ മനുഷ്യ കവചങ്ങളാക്കുന്നതാണ് എന്നുപോലും വാദിക്കുന്നുണ്ട് നവനാസ്തികര്‍. ഇതെല്ലാം രവിചന്ദ്രന്‍ അതേപടി തനിക്ക് സൗജന്യമായി ലഭിക്കുന്ന യൂട്യൂബ് മണിക്കൂറുകളിലൂടെ കേരളീയ സമൂഹത്തിലേക്ക് പടര്‍ത്തിവിടുന്നുണ്ട്.


കമ്യൂണിസ്റ്റ് വിരോധം

കേരളത്തിലെ നാസ്തിക പ്രസ്ഥാനം എന്നും ചേര്‍ന്ന് നിന്നിരുന്നത് ഇവിടത്തെ കമ്മ്യൂണിസ്റ്റ് ധാരയുമായാണ്. പരസ്പരം സഹകരിച്ചായിരുന്നു അവരുടെ മുന്നേറ്റം. രവിചന്ദ്രനും ആദ്യം അങ്ങിനെതന്നെയായിരുന്നു. തന്റെ പിതാവിന്റെ ഇടതുപക്ഷ ആശയങ്ങളോടുള്ള പ്രതിബദ്ധതയൊക്കെ രവിചന്ദ്രന്‍ പലതവണയായി പറഞ്ഞിട്ടുമുണ്ട്. എന്നാല്‍, തന്റെ യൂറോപ്യന്‍ മാസ്റ്റേഴ്‌സിനൊപ്പം സഞ്ചരിച്ച് സഞ്ചരിച്ച് രവിചന്ദ്രന്‍ അവസാനം എത്തുന്നത് കമ്യൂണിസം അശാസ്ത്രീയമാണ് എന്ന നിഗമനത്തിലാണ്. 'ആനയും ഉറുമ്പും'എന്ന തന്റെ പ്രസന്റേഷനിലൂടെ കമ്മ്യൂണിസത്തിന്റെ അടിസ്ഥാനാശയങ്ങളെത്തന്നെ അയാള്‍ ചോദ്യം ചെയ്യുന്നുണ്ട്. കമ്മ്യൂണിസം എന്ന ബുര്‍ഖ, സോഷ്യലിസം എന്ന ഉഡായിപ്പ് തുടങ്ങിനിരവധി നരേറ്റീവുകള്‍ ഇയാള്‍ വികസിപ്പിക്കുന്നു. യുക്തിവാദവും കമ്യൂണിസവും രണ്ടാണെന്നും കമ്യൂണിസം ഒരു മതമാണെന്നും അയാള്‍ എപ്പോഴും പറഞ്ഞുവയ്ക്കുന്നുണ്ട്. കേരള യുക്തിവാദി സംഘം എന്ന പരമ്പരാഗത പ്രസ്ഥാനത്തിന്റെ അലകും പിടിയും മാറ്റിമറിക്കുന്ന വാദങ്ങളായിരുന്നു ഇത്.

എവിടന്നാണ് രവിചന്ദ്രന് ഇത്തരം കമ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങള്‍ കിട്ടുന്നത്. പതിവുപോലെ തന്റെ മാസ്റ്റേഴ്‌സില്‍നിന്നുതന്നെയാണത്. ഗോഡ് ഡെല്യൂഷനില്‍ ഡോക്കിന്‍സ് പറയുന്നത് സ്റ്റാലിനും ഹിറ്റ്‌ലറും നടത്തിയ കൂട്ടക്കൊലകള്‍ സമാനമാണെന്നാണ്. ഒരാള്‍ കമ്മ്യൂണിസം എന്ന അശാസ്ത്രീയ ആശയത്തില്‍നിന്നും മറ്റേയാള്‍ യൂജിനിക്‌സ് എന്ന ആശയത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത് ചെയ്തത് എന്നാണ് ഡോക്കിന്‍സ് പറയുന്നത്. കമ്മ്യൂണിസത്തിന് തെളിവില്ലെന്നും സ്റ്റാലിനിസം പാര്‍ട്ടിക്ക് വേണ്ടിനടത്തിയ കൂട്ടക്കൊലകളാണെന്നും അയാള്‍ പറഞ്ഞുവെക്കുന്നുണ്ട്. നവനാസ്തികര്‍ക്ക് കമ്മ്യൂണിസത്തോടുള്ള വെറുപ്പിന്റെ കാരണം മുതലാളിത്തത്തോടുള്ള അവരുടെ അഭിനിവേശം കൂടിയാണ്. ആത്യന്തികമായി നവനാസ്തികത ചേര്‍ന്ന് നില്‍ക്കുന്നത് അമേരിക്കന്‍ മുതലാളിത്തവുമായാണ്. 'മഹത്തായ ദര്‍ശനം', 'സമൂഹസ്‌നേഹികള്‍ക്ക് കാപ്പിറ്റലിസം' തുടങ്ങി മുതലാളിത്തത്തിന്റെ മഹത്വം പറയുന്ന നിരവധി വിഡിയോകള്‍ കേരളത്തിലെ ഫ്രീതിങ്കര്‍ ചാനലുകളില്‍ കാണാന്‍ കഴിയും.

മെരിറ്റോക്രസി

കേള്‍ക്കുമ്പോള്‍ ഏറെ ആകര്‍ഷകമായി തോന്നുന്ന ആശയങ്ങളിലൊന്നാണ് മെരിറ്റോക്രസി. മെരിറ്റുള്ളവര്‍ വിജയിക്കട്ടെ എന്നതാണതിലെ തത്വം. എന്നാല്‍, ഈ ആശയം രവിചന്ദ്രന്റെ പക്കലെത്തിയപ്പോള്‍ അത് സംവരണ വിരുദ്ധതയായി പരിണമിക്കുകയായിരുന്നു. രവിചന്ദ്രന്റെ ഏറ്റവും കുപ്രസിദ്ധമായ ആശയങ്ങളില്‍ ഒന്നായി അത് മാറുകയും ചെയ്തു. 2019 ല്‍ അവതരിപ്പിക്കപ്പെട്ട 'ജാതിപ്പൂക്കള്‍' എന്ന പ്രസന്റേഷന്‍ വിചിത്രമായ പല ആശയങ്ങളും മൂന്നോട്ടുവെക്കുന്നതായിരുന്നു. ജാതി പറയുന്നതാണ് ജാതി നിലനില്‍ക്കാന്‍ കാരണം, സംവരണമാണ് ജാതിബോധം ശക്തിപ്പെടാന്‍ കാരണം, രാജ്യത്തെ വിവിധ ജനവിഭാഗങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക പദവികളും ആനുകൂല്യങ്ങളും എടുത്തുകളഞ്ഞാല്‍ സമത്വസുന്ദരമായൊരു ലോകം കൈവരും തുടങ്ങി രാജ്യഭരണഘടനയെത്തന്നെ ചോദ്യം ചെയ്യുന്ന വാദങ്ങളാണ് ജാതിപ്പൂക്കളില്‍ ഇയാള്‍ ഉയര്‍ത്തുന്നത്.


മെരിറ്റിനെപറ്റിയുള്ള യൂറോപ്യന്‍ നവനാസ്തികതയുടെ വാദങ്ങള്‍ക്ക് സമാനമായ ആശയങ്ങള്‍ തന്നെയാണ് ഇവിടേയും രവിചന്ദ്രന്‍ ഉയര്‍ത്തുന്നത്. എന്നാലത് ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ മണ്ഡലതിലേക്ക് എടുത്തുവച്ചപ്പോള്‍ സംവരണ വിരുദ്ധതയായി പരിണമിക്കുകയായിരുന്നു. 'സ്വന്തം പ്രയത്‌നത്തിലൂടെയാണ് കഴിവുള്ളവര്‍ ഉയര്‍ന്നുവരേണ്ടതെന്നും, അങ്ങിനെയാണ് സാമൂഹിക വളര്‍ച്ച സാധ്യമാവുകയെന്നുമാണ്' ഡോക്കിന്‍സ് പറയുന്നത്. മെരിറ്റിനെപറ്റിയുള്ള റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ കുപ്രസിദ്ധമായൊരു പ്രസ്താവനയുണ്ട്. രാജ്യഭരണം പോലുള്ള അതീവഗൗരവമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ എല്ലാവരേയും ഉള്‍പ്പെടുത്തരുതെന്നും അത് അറിവും ബോധവുമുള്ള ആളുകള്‍ നിര്‍വഹിക്കേണ്ടതുമാണെന്നതാണത്. ബ്രിട്ടനില്‍ ബ്രെക്‌സിറ്റ് റഫറണ്ടം നടക്കുമ്പോള്‍ ഡോക്കിന്‍സ് പറഞ്ഞത് ഒരു രാജ്യത്തിന്റെ സോഷ്യോപൊളിറ്റിക്കല്‍ സംവിധാനങ്ങളെപറ്റി അറിയാത്ത അതേപറ്റി വിവരമില്ലാത്ത ആളുകള്‍ ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തുന്നത് അപകടകരം ആണ് എന്നാണ്. വോട്ടെടുപ്പിന് ജാതി, മതം, പ്രഭുത്വം, വിദ്യാഭ്യാസം തുടങ്ങിയവ മാനദണ്ഡമാക്കിയിരുന്ന പഴയകാല രീതിയിലേക്കുള്ള, കൃത്യമായി പറഞ്ഞാല്‍ സയന്റിഫിക് റേസിസത്തിലേക്കാണ് ഈ വാദങ്ങളിലൂടെ നവനാസ്തികര്‍ ലോകെത്ത ക്ഷണിക്കുന്നത്.

കഴിവുള്ളവര്‍ ഒരുമിച്ച് മത്സരിക്കുകയും അതില്‍ യോഗ്യന്‍ വിജയിക്കുകയും ചെയ്യുക എന്ന സംവരണ വിരുദ്ധ തത്വത്തിലേക്ക് രവിചന്ദ്രന്‍ എത്തുന്നത് ഈ യൂറോപ്യന്‍ സ്വാധീനം കാരണമാണ്. ഇന്ത്യപോലുള്ള ഒരു രാജ്യത്ത് നീതി പുനസ്ഥാപിക്കാന്‍ വേണ്ടി ഏര്‍പ്പെടുത്തിയ സംവരണത്തിലേക്ക് യൂറോപ്യന്‍ ചിന്താപദ്ധതിയെ എത്തിക്കുകയും അതിനെ ഒരു യുക്തിയുമില്ലാതെ നടപ്പാക്കണമെന്ന് വാദിക്കുകയുമാണ് കേരളത്തിലെ നവനാസ്തികര്‍ ചെയ്യുന്നത്.

സവര്‍ക്കറൈറ്റ് യുക്തിവാദം

നവനാസ്തികതയുടെ രാഷ്ട്രീയ പക്ഷം ഏതാണെന്ന് അന്വേഷിച്ചാല്‍ നാം എപ്പോഴും ചെന്ന് നില്‍ക്കുക വലതുപക്ഷത്തായിരിക്കും. അമേരിക്കയില്‍ അവര്‍ മുതലാളിത്തത്തിനും ശാസ്ത്ര ഭീകരതക്കും അതിന്റെ സകലതിന്മകള്‍ക്കും ഒപ്പമാണ്. മുതലാളിത്തമാണ് ജനങ്ങളുടെ വിമോചനശാസ്ത്രമെന്നാണ് യൂറോപ്യന്‍ നവനാസ്തികര്‍ വാദിക്കുന്നത്. കേരളത്തിലെ നവനാസ്തികര്‍ എന്തുകൊണ്ട് ഹിന്ദുത്വ പക്ഷമാകുന്നു എന്നതിന്റെ ഉത്തരം ഇതിലുണ്ട്. യൂറോപ്യന്‍ ആശയങ്ങളെ അതേപടി പകര്‍ത്തുന്നവര്‍ക്ക് ഇവിടെമാത്രം അതില്‍നിന്നൊരു വ്യത്യാസം പ്രതീക്ഷിക്കേണ്ടതില്ലല്ലോ. രവിചന്ദ്രന്റെ കുപ്രസിദ്ധമായ 'വെടിയേറ്റ വന്മരം' എന്ന പ്രസന്റേഷന്‍ ഇന്ത്യകണ്ട ഏറ്റവുംവലിയ തീവ്രവാദി ആക്രമണത്തെ വെള്ളപൂശുന്നതായിരുന്നു. ഇതിലൂടെ ഗാന്ധിജിയെ വധിക്കാനുണ്ടായ ഗോഡ്‌സേയുടെ ചോദനകളെ സ്വാഭാവികം എന്നും അതിലെ ഉദ്ദേശശുദ്ധി നല്ലതായിരുന്നു എന്നുമാണ് രവിചന്ദ്രന്‍ പറയുന്നത്.


പിന്നീട് വന്ന 'ഹിന്ദുത്വ'എന്ന പ്രസന്റേഷനില്‍ ഹിന്ദുത്വയെ പ്രശ്‌നവത്കരിക്കുക എന്നതാണ് രവിചന്ദ്രന്‍ ഉദ്ദേശിക്കുന്നതെങ്കിലും പലപ്പോഴും അതിനോടൊപ്പം ചേര്‍ന്നുപോകുന്നുണ്ട് അദ്ദേഹം. ആര്‍.എസ്.എസ് ഒരുപാട് മാറിയിരിക്കുന്നു എന്നാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ഒരുവാദം. ഹിന്ദുത്വ വാദികള്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയാവുകയും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ പിടിച്ചെടുക്കുകയും ന്യൂനപക്ഷ വേട്ട സ്വതന്ത്രമായി തുടരുകയും ചെയ്യുന്ന ചരിത്ര സന്ദര്‍ഭത്തില്‍നിന്നാണ് ഹിന്ദുത്വം അത്ര അപകടകരമല്ല എന്ന് രവിചന്ദ്രന്‍ പറയുന്നത്. ഒരുപടികൂടി കടന്ന് കേരളത്തില്‍ ബി.ജെ.പിയേക്കാള്‍ അപകടകാരികള്‍ മുസ്‌ലിംകളും കമ്മ്യൂണിസ്റ്റുകളും ആണെന്നും അദ്ദേഹം പറയുന്നുണ്ട്.

രവിചന്ദ്രന്റെ ഈ വാദങ്ങള്‍ കേരളത്തിലെ ഫ്രീ തിങ്കേഴ്‌സിനിടയില്‍ പിളര്‍പ്പിന് വഴിവെച്ചിട്ടുണ്ട്. രവിചന്ദ്രന്‍ ഒരു സവര്‍ക്കറൈറ്റ് യുക്തിവാദിയാണെന്നാണ് യുക്തിവാദികളില്‍ ഒരുവിഭാഗത്തിന്റെ ആരോപണം. കേരള ഫ്രീ തിങ്കേഴ്‌സ് ഫോറം നേതാവായ ഡോ. സി. വിശ്വനാഥന്റെ നേതൃത്വത്തില്‍ രവിചന്ദ്രന്റെ ഹിന്ദുത്വ അഭിനിവേശങ്ങളെ തുറന്നുകാട്ടുന്ന പ്രസന്റേഷനുകള്‍ നിരവധി വന്നിട്ടുണ്ട്. രവിചന്ദ്രന്‍ തന്റെ പ്രസന്റേഷനുകളില്‍ ഉപയോഗിക്കുന്ന ഉദ്ധരണികളും തെളിവുകളുംമറ്റും ഹിന്ദുത്വ ആശയക്കാര്‍ ഉത്പാദിപ്പിക്കുന്നതാണെന്ന് ഇവര്‍ തുറന്നുകാട്ടുന്നു.

സാം ഹാരിസ് എന്ന എത്തീസ്റ്റ് ടെററിസ്റ്റ്

രവിചന്ദ്രന്‍ കോപ്പിയടിക്കുന്ന യൂറോപ്യന്‍ നവനാസ്തിക ധാരയിലെ ഏറ്റവും കുപ്രസിദ്ധനായ വ്യക്തിയാണ് സാം ഹാരിസ്. ഒരു ന്യൂറോ സയന്റിസ്റ്റും എഴുത്തുകാരനും യോഗ പരിശീലകനും ടി.വി അവതാരകനും ഒക്കെയാണ് സാം ഹാരിസ്. 'വേക്കിങ് അപ്പ്'എന്ന പേരില്‍ ഒരു ആത്മീയ സമാനമായൊരു കോഴ്‌സ് ഇയാള്‍ പരിശീലിപ്പിക്കുന്നുണ്ട്. അതിനായി ഒരു മെഡിറ്റേഷന്‍ ആപ്പും സ്വന്തമായി സാമിനുണ്ട്. ശ്രീ.ശ്രീ രവിശങ്കറിന്റെ ഒക്കെ മാതൃകയില്‍ പണം വാങ്ങിയാണ് ഈ കോഴ്‌സ് ഇയാള്‍ വില്‍ക്കുന്നത്. പണ്ട് കോളജില്‍ പഠിക്കുന്ന കാലത്ത് എം.ഡി.എം.എ അടിച്ച് കിളിപോയി നാടുവിട്ട് ഇന്ത്യയിലും നേപ്പാളിലുമൊക്കെ കറങ്ങിയിട്ടുണ്ട് സാം ഹാരിസ്. അവിടെ വച്ചാണ് അയാള്‍ക്ക് ധ്യാനം എന്ന കച്ചവട ചരക്ക് കിട്ടുന്നത്.


മുസ്‌ലിം വിരുദ്ധതയാണ് സാം ഹാരിസിന്റെ തുറുപ്പുശീട്ടും വലിയ പ്രശസ്തിക്ക് കാരണവും. മുസ്‌ലിംകളെ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കണം, ഏതെങ്കിലും ഒരു മുസ്‌ലിം നാട് ആണവായുധം കൈക്കലാക്കിയാല്‍ ആ രാജ്യത്തെ അമേരിക്ക മുന്‍കൂര്‍ ആണവായുധം പ്രയോഗിച്ച് നശിപ്പിക്കണം, ഇസ്‌ലാമോഫോബിയ എന്നത് മുസ്‌ലിം വര്‍ഗീയതയെ മറച്ചുവയ്ക്കാനുള്ള ഒരു ടൂളാണ്, മുസ്‌ലിംകള്‍ വര്‍ധിക്കുന്നത് ലിബറല്‍ മൂല്യങ്ങളെ നശിപ്പിക്കും, സമൂഹത്തില്‍ മുസ്‌ലിംകള്‍ എണ്ണത്തില്‍ കൂടാന്‍ ഇടവരുത്തരുത് തുടങ്ങി സാം ഹാരിസിന്റെ കുപ്രസിദ്ധ സിദ്ധാന്തങ്ങള്‍ നിരവധിയാണ്. രവിചന്ദ്രന്‍ പറഞ്ഞുനടക്കുന്ന 'ഇസ്‌ലാം പൈശാചികമാണ്, മുസ്‌ലിംകള്‍ ഇരകളാണ്' എന്ന വാദമൊക്കെ പതിറ്റാണ്ടായി പറയുന്നയാളാണ് സാം ഹാരിസ്.

പ്രശസ്ത അവതാരകനായ ബില്‍ മെഹറിന്റെ 'റിയല്‍ ടൈം വിത് ബില്‍ മെഹര്‍' എന്ന ഷോയില്‍ 2014ല്‍ ഒരു സംവാദം സംഘടിപ്പിക്കുന്നുണ്ട്. അതില്‍ സാം ഹാരിസ്, ഹോളിവുഡ് നടനായ ബെന്‍ അഫ്‌ലക്, സംവാദകനായ മൈക്കിള്‍ സ്റ്റീലേ, മാധ്യമപ്രവര്‍ത്തകന്‍ നിക്കോളാസ് ക്രിസ്റ്റോഫ് എന്നിവരാണ് പങ്കെടുക്കുന്നത്. ഷോയില്‍ സാം ഹാരിസ് പറയുന്നത് ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന പൈശാചികതയുടെ മാതാവാണ് ഇസ്‌ലാം എന്നാണ്. മുസ്‌ലിംകളില്‍ 20 ശതമാനവും ജിഹാദികളാണെന്നും ഇയാള്‍ ആരോപിക്കുന്നുണ്ട്. സാം ഹാരിസ് തുപ്പുന്ന ഇസ്‌ലാം വിരുദ്ധതയില്‍ പ്രതിഷേധിച്ച് ബെന്‍ അഫ്‌ലക് പറയുന്നൊരു കാര്യമുണ്ട്. 'കുടിലരായ ജൂതര്‍' എന്ന് പണ്ട് ഒരു ജനതയെ വിളിച്ചതുപോലെയാണിത് എന്നാണ് ബെന്‍ അഫ്‌ലക് പറയുന്നത്. ഒരു ജനവിഭാഗത്തെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിനുമുമ്പ് നാസികള്‍ പ്രചരിപ്പിച്ച വാദമാണ് നവനാസ്തികള്‍ പലപ്പോഴും പറയുന്നതെന്നാണ് ബെന്‍ പറയാതെ പറയുന്നത്.

മുസ്‌ലിംകളെപറ്റി മാത്രമല്ല സാം ഹാരിസ് കുപ്രസിദ്ധമായ വാദങ്ങള്‍ മുന്നോട്ടുവച്ചിട്ടുള്ളത്. അമേരിക്കയിലെ തോക്ക് സംസ്‌കാരവും വെടിവെപ്പ് കൂട്ടക്കൊലകളും ന്യായീകരിച്ചയാളാണ് സാം ഹാരിസ്. 'അമേരിക്കയില്‍ വര്‍ഷംതോറും 1,00,000 ലധികംപേര്‍ മരിക്കാന്‍ കാരണം ഡോക്ടര്‍മാരും നഴ്‌സുമാരും വൃത്തിയായി കൈഴുകാത്തതാണെന്നും, ആശുപത്രികളിലെ കൈകഴുകലാണ് തോക്കിനേക്കാള്‍ വലിയ പ്രശ്‌നമെന്നുമാണ് സാം ഹാരിസ് പറഞ്ഞത്. അമേരിക്കയിലെ കൊലപാതകങ്ങളില്‍ 0.1 ശതമാനം മാത്രമാണ് വെടിവെപ്പിലൂടെ സംഭവിക്കുന്നതെന്നും ഇയാള്‍ പറയുന്നുണ്ട്.

രവിചന്ദ്രന്‍ എന്ന അപകടകാരി

ഒരു കാലത്ത് രവിചന്ദ്രനോടൊപ്പം കേരളത്തിലെ സ്വതന്ത്രചിന്താ പ്രസ്ഥാനത്തിന്റെ മുന്നണിയില്‍ നിന്നിരുന്ന ഡോ. സി. വിശ്വനാഥന്‍ തന്റെ ഒരു പ്രസന്റേഷനില്‍ പറയുന്ന കാര്യമുണ്ട്. രവിചന്ദ്രന്റെ 'കുടിയേറ്റവും കലാപവും' എന്ന തലക്കെട്ടില്‍ യു ട്യൂബില്‍ ലഭ്യമായ വിഡിയോയുടെ കമന്റ് സെക്ഷനെപ്പറ്റിയാണ് അദ്ദേഹം ഭയപ്പാടോടെ പറയുന്നത്. സ്വീഡനിലെ ഖുറാന്‍ കത്തിച്ച വിഷയത്തിലാണ് രവിചന്ദ്രന്‍ ആ വിഡിയോയില്‍ സംസാരിക്കുന്നത്. അതിന് താഴെ അദ്ദേഹത്തിന്റെ അനുയായികള്‍ നടത്തുന്ന ഇസ്‌ലാമോഫോബിയ പരത്തുന്ന കമന്റുകളാണ് സി. വിശ്വനാഥന്‍ അമ്പരപ്പോടെ വിവരിക്കുന്നത്. അതിലെ വെറുപ്പും വിദ്വേഷവും മതവിശ്വാസികളില്‍പ്പോലും കാണാനാകാത്തതാണെന്നാണ് അദ്ദേഹം പറയുന്നത്.

എന്താണ് രവിചന്ദ്രും കൂട്ടരും നവോത്ഥാനം ഉഴുതുമറിച്ച കേരളത്തിലെ മണ്ണിനോടും മനുഷ്യരോടും ചെയ്യുന്നത്? എങ്ങിനെയാണ് അയാള്‍ കേരളം കണ്ട ഏറ്റവും അപകടകാരിയായ ഇന്റലക്ച്വല്‍ ആയി മാറുന്നത്? അതിന്റെ ഒന്നാമത്തെ കാരണം, നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളെ രവിചന്ദ്രനും സംഘവും നിരന്തരം അട്ടിമറിക്കുന്നു എന്നതാണ്. ഇന്ന് മലയാളികളുടെ സൈബര്‍ ലോകത്തെ ഏറ്റവും വിദ്വേഷം പരത്തുന്ന സോഷ്യല്‍മീഡിയ ഗ്രൂപ്പുകള്‍ സ്വതന്ത്രചിന്തകരുടേതാണ്. അവിടെ നിങ്ങള്‍ക്ക് ഏത് മതത്തേയും ഏത് ജനവിഭാഗവും ബഹുമാനിക്കുന്ന വ്യക്തികളേയും അവരുടെ വിശ്വസങ്ങളേയും എത്ര ഹീനമായും ആക്ഷേപിക്കാം. അവരെപറ്റി ട്രോളുകള്‍ ഉണ്ടാക്കി രസിക്കാം.

ഇത്തരം ഗ്രൂപ്പുകളിലാണ് ഏറ്റവും അധികം ഫേക്ക് ഐഡികള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കണമെന്നും മുറിവേല്‍പ്പിക്കരുതെന്നും വിഭാവനം ചെയ്യുകയും അപരമത വിദ്വേഷത്തെയും മതനിന്ദയേയും കര്‍ശനമായി നേരിടുകയും ചെയ്ത നമ്മുടെ ഭരണഘടനാ മൂല്യങ്ങളുടെ നഗ്‌നഗമായ ലംഘനമാണ് നവനാസ്തികര്‍ നടത്തുന്നത്. ചുരുക്കത്തില്‍ സമൂഹത്തില്‍ പേരിനെങ്കിലും നിലനിന്നിരുന്ന അപരവിദ്വേഷ വര്‍ത്തമാനങ്ങളോടുള്ള എല്ലാത്തരം ഇന്‍ഹിബിഷനുകളും എടുത്തുമാറ്റാന്‍ നവനാസ്തിക പ്രബോധനങ്ങള്‍ക്കായിട്ടുണ്ട്.

നശീകരണ പ്രവര്‍ത്തനങ്ങള്‍

നാസ്തികത പ്രത്യേകിച്ചും നവ നാസ്തികത സവിശേഷമായും ഒരു നശീകരണാശയമാണ്. അതില്‍ സര്‍ഗാത്മകമായ ഒന്നുംതന്നെയില്ല എന്നത് സുവിദിതമാണ്. നെഗേഷന്‍ അധവാ നിഷേധമാണ് നാസ്തികതയുടെ അടിസ്ഥാന ആദര്‍ശം. കമ്യൂണിസം പോലെ കേരളീയ നവോത്ഥാനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ ഒരാശയത്തെപ്പോലും അന്ധവിശ്വാസം എന്നും കപടം എന്നും വിളിച്ച് ആക്ഷേപിക്കുകയാണ് രവിചന്ദ്രനും കൂട്ടരും. അതിനുള്ള ന്യായമാകട്ടെ പാശ്ചാത്യന്‍ നാസ്തികരില്‍നിന്ന് കടമെടുത്ത ആശയങ്ങളും. കമ്യൂണിസം മാത്രമല്ല രവിചന്ദ്രന്റേയും അനുയായികളായ വെട്ടുകിളികൂട്ടങ്ങളുടേയും അധിക്ഷേപത്തിന് പാത്രമാകുന്നത്. സോഷ്യലിസവും ഹ്യൂമനിസവും ഫെമിനിസവും എല്ലാം ഇവരുടെ ചെമ്പിലെ വേവുന്ന ഇനങ്ങളാണ്. അതിനെല്ലാം പകരം അവര്‍ വെക്കുന്നതാകട്ടെ മുതലാളിത്തവും അതിന്റെ ആര്‍ത്തികളുമാണ്. മുതലാളിത്തം ലോകത്തോട് ചെയ്തുകൊണ്ടിരിക്കുന്ന തിന്മകള്‍ സാമാന്യം ചിന്താശേഷിയുള്ള മനുഷ്യര്‍ക്കെല്ലാം അറിയുന്നകാര്യമാണ്. കഴിഞ്ഞ 50 കൊല്ലത്തിനിടയ്ക്ക് മനുഷ്യന്‍ ഭൂമിയില്‍നിന്ന് കൊള്ളയടിച്ച മുതലിന്റെ കണക്കെടുത്താല്‍ അത് ഇന്നോളമുള്ള മാനവിക ചരിത്രത്തിലെ അത്രയുമോ അതില്‍ക്കൂടുതലോ വരും. ഈ ആര്‍ത്തിയുടെ പ്രത്യയശാസ്ത്രമാണ് രവചന്ദ്രനും കൂട്ടരും ഉയര്‍ത്തിനടക്കുന്നത്.

സയന്റിസവും സോഷ്യല്‍ ഡാര്‍വിനിസവും

മനുഷ്യരാശിക്കായി രവിചന്ദ്രനും കൂട്ടര്‍ക്കുമുള്ള ഒരേയൊരു ഒറ്റമൂലി സയന്‍സാണ്. സയന്‍സ് നമ്മുടെ എല്ലാപ്രശ്‌നങ്ങളും പരിഹരിക്കും എന്നാണീ ശുദ്ധാത്മാക്കള്‍ വിചാരിച്ചിരിക്കുന്നത്. എന്താണ് സയന്‍സ് എന്നതിനെപ്പറ്റി സാമാന്യമായി അറിയാത്തതുകൊണ്ടാകും ഈ സിദ്ധാന്തം ഇവര്‍ പ്രചരിപ്പിക്കുന്നത്. മനുഷ്യരാശിയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവുംവലിയ കൂട്ടക്കൊലയായ ജൂത വംശഹത്യ ഹിറ്റ്‌ലര്‍ നടത്തുന്നത് 'യൂജിനിക്‌സ്' എന്ന അന്നെത്ത സയന്‍സിനെ അടിസ്ഥാനമാക്കിയായിരുന്നു. സയന്‍സിന് മാനവികതക്ക് ഒരു സംഭാവനയും ചെയ്യാന്‍ കഴിയില്ലെന്നതും അത് കാര്യങ്ങള്‍ അറിയാനുള്ള ഒരു ഉപാധി മാത്രമാണെന്നതും ഫിലോസഫിയിലെ അടിസ്ഥാന തത്വങ്ങളില്‍പ്പെട്ടതാണ്. രവിചന്ദ്രന്റെ നാസ്തിക ഗുരുവായ റിച്ചാര്‍ഡ് ഡോക്കിന്‍സിനെപറ്റി യൂറോപ്യന്‍ ചിന്തകര്‍ പറയുന്നത് ഫിലോസഫിയെപ്പറ്റി ഇത്രയും അജ്ഞതയുള്ള ഒരാളെ തങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്നതാണ്. മനുഷ്യന്റെ അറിവ് സമ്പാദനത്തിലെ ഏറ്റവും പ്രധാനമാര്‍ഗമായ ഫിലോസഫിയെപ്പറ്റി സമ്പൂര്‍ണ്ണമായും അജ്ഞനാണ് ഡോക്കിന്‍സും ശിഷ്യന്‍ രവിചന്ദ്രനും. സയന്‍സിന്റെ ഫിലോസഫിയായ എപ്പിസ്റ്റമോളജിയെക്കുറിച്ചും ഇരുവര്‍ക്കും വലിയ ധാരണയൊന്നും ഇല്ല. സയന്‍സാണ് ആത്യന്തികസത്യവും സൗന്ദര്യവും എന്നൊക്കെ ഡോക്കിന്‍സും അതുകേട്ട് രവിചന്ദ്രനും തട്ടിവിടാറുണ്ട്. എന്നാലിവര്‍ മനുഷ്യനെ ആത്യന്തികമായി നയിക്കുന്നത് സോഷ്യല്‍ ഡാര്‍വിനിസത്തിലേക്കും ഇന്റിവിജ്വലിസത്തിലേക്കുമൊക്കെയാണ്.

ഇസ്‌ലാമോഫോബിയ

രവിചന്ദ്രനും കൂട്ടരും ചെയ്യുന്ന മറ്റൊരു അധമപ്രവര്‍ത്തിയാണ് ഇസ്‌ലാമോഫോബിയയുടെ വ്യാപാരികളാവുക എന്നത്. മതവിമര്‍ശനം എന്നപേരിലാണിവര്‍ ഈ കര്‍മം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ എല്ലാവരേയും വിമര്‍ശിക്കുന്നുണ്ട് എന്നും ഇസ്‌ലാമിന് മാത്രമായി വിമര്‍ശനത്തില്‍ നിന്നൊരു ഇമ്മ്യൂണിറ്റി നല്‍കാനാവില്ലെന്നുമാണ് നവനാസ്തികര്‍ പ്രചരിപ്പിക്കുന്നത്. ഈ ലോകത്തെ മുസ്‌ലിംകള്‍ നന്നായാല്‍ ഈ ലോകം മുഴുവന്‍ നന്നായേനെ എന്നൊക്കെ ഒരു മതവിഭാഗത്തിനെതിരേ മൈക്ക്‌വച്ച് ഇവര്‍ പറയാറുണ്ട്.

ഇന്ത്യ ഒരു മുസ്‌ലിം വംശഹത്യയുടെ വക്കിലാണെന്ന് 'ജിനോസൈഡ് വാച്ച്'പോലുള്ള ഏജന്‍സികളും സ്ഥാപകനായ ഗ്രിഗറി സ്റ്റാന്റനെ പോലുള്ള സോഷ്യല്‍ സയന്റിസ്റ്റുകളും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വംശഹത്യക്ക് മുമ്പുള്ള പത്ത്ഘട്ടങ്ങളില്‍ എട്ടും രാജ്യം പിന്നിട്ടുകഴിഞ്ഞു. അവിടെനിന്നാണ് ആര്‍.എസ്.എസ് പഴയപോലെയല്ലെന്നും അവര്‍ ഒരുപാട് മാറിയെന്നും രവിചന്ദ്രന്‍ പ്രചരിപ്പിക്കുന്നത്.

രവിചന്ദ്രന്‍ മറ്റ് മതങ്ങളെ വിമര്‍ശിക്കാറില്ലേ? അതുപോലെയല്ലേ ഇസ്‌ലാം വിമര്‍ശനവും എന്ന് നമ്മുക്കും സംശയം തോന്നാം. രവിചന്ദ്രന്റെ ഹിന്ദുമത വിമര്‍ശനങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങള്‍െക്കതിരായ വിമര്‍ശനം മാത്രമാണെന്ന് മനസിലാകും. ജ്യോതിഷം, വാസ്തു, പശു തുടങ്ങിയവയാണ് അതിലെ വിഷയങ്ങള്‍. ക്രിസ്തുമതത്തിന്റെ കാര്യത്തിലും സാമാന്യമായി അതുതന്നെയാണ് സ്ഥിതി. മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒരുതരം വിമര്‍ശനങ്ങളും പരാമര്‍ശങ്ങളും നിങ്ങള്‍ക്ക് യേശുവിനെപ്പറ്റിയോ കൃഷ്ണനെപ്പറ്റിയോ കേരളത്തിലെ നവനാസ്തികര്‍ പറയുന്നത് കേള്‍ക്കാനാവില്ല. ഹിന്ദു, കൃസ്ത്യന്‍ മത വിശ്വസികള്‍ നന്നായാല്‍ ലോകം നന്നായേനെ എന്നൊരു പരാമര്‍ശം രവിചന്ദ്രന്‍ എവിടേയും പറയാറില്ല. അപ്പോള്‍ രണ്ട് വിമര്‍ശനങ്ങളും തമ്മില്‍ തന്റെ യജമാന ചിന്തകരെപ്പോലെ രവിചന്ദ്രന്‍ കൃത്യമായ വേര്‍തിരിവ് പാലിക്കാറുണ്ട് എന്നതാണ് വാസ്തവം.


ഇനി മറ്റൊരു ചോദ്യം മറ്റ് മത വിമര്‍ശനങ്ങളും ഇസ്‌ലാം വിമര്‍ശനവും ഒരുപോലെയാണോ എന്നതാണ്. അല്ല എന്നതാണ് ഉത്തരം. കാരണം ഈ ലോകത്ത് ഒരു ഹിന്ദുഫോബിയയോ, ക്രിസ്ത്യന്‍ ഫോബിയയോ നിലനില്‍ക്കുന്നില്ല. അതുമാത്രമല്ല ഹിന്ദുക്കള്‍ സഹിഷ്ണുക്കളും സാധുക്കളും ആണെന്നും ക്രിസ്ത്യാനികള്‍ സമാധാനത്തിന്റെ വക്താക്കളാണെന്നുമാണ് നിലനില്‍ക്കുന്ന പൊതുബോധം. ഈ മതങ്ങളെയെല്ലാം ഒരുപോലെ വിമര്‍ശിക്കണം എന്നതുതന്നെ തെറ്റായൊരു സങ്കല്‍പ്പമാണ്. ഇസ്‌ലാമിനും മുസ്‌ലികള്‍ക്കും എതിരേ വ്യാജമായൊരു ഭീതി സൃഷ്ടിച്ച് നിലനിര്‍ത്തിയിരിക്കുന്ന കാലത്ത് അവര്‍ക്കെതിരായ അനാവശ്യമായ വിദ്വേഷപ്രചരണവും ഭീതി പരത്തലും തെറ്റാണെന്ന് മനസിലാക്കാനുള്ള സാമാന്യബോധവും വിവരവും ഇല്ലാത്തവരാണ് രവിചന്ദ്രനും അനുയായികളും. ഇതിനുപകരം മുസ്‌ലിംകള്‍ക്കെതിരായി കൂടുതല്‍ വിദ്വേഷം പ്രചരിപ്പിച്ച് അവരുടെ വംശഹത്യക്ക് ആക്കംകൂട്ടുകയാണ് നവനാസ്തികരും അവരുടെ ദൈവമായ രവിചന്ദ്രനും ചെയ്തുകൊണ്ടിരിക്കുന്നത്.

സംഘപരിവാറിന്റെ ആലയിലെ യുക്തിവാദം

രവിചന്ദ്രനും സംഘവും നടത്തുന്ന മറ്റൊരു സാംസ്‌കാരിക പ്രവര്‍ത്തനം സംഘപരിവാറിന് ഉണ്ടാക്കി നല്‍കുന്ന ദൃശ്യതയും പൊതുസമ്മതിയുമാണ്. ഹിന്ദുത്വവാദികള്‍ നമ്മുടെ രാജ്യെത്ത അതിന്റെ ഏറ്റവും അഭിശക്തമായ നാളുകളിലേക്ക് അതിവേഗം നയിച്ചുകൊണ്ടിരിക്കുന്ന കാലത്താണിത് എന്നതാണ് ശ്രദ്ധേയം. രാജ്യത്തെ നിരവധിഘണ്ഡങ്ങളായി വിഭജിക്കുകയും ഇന്ത്യക്കാരെ മാനിപ്പുലേറ്റ് ചെയ്ത് പരസ്പരം പോരടിപ്പിക്കുകയും ചെയ്യുകയാണ് സംഘപരിവാര്‍. ഹിന്ദുത്വ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വാധീനശക്തിയായിരിക്കുകയാണ്. ഇന്ത്യ ഒരു മുസ്‌ലിം വംശഹത്യയുടെ വക്കിലാണെന്ന് 'ജിനോസൈഡ് വാച്ച്'പോലുള്ള ഏജന്‍സികളും സ്ഥാപകനായ ഗ്രിഗറി സ്റ്റാന്റനെ പോലുള്ള സോഷ്യല്‍ സയന്റിസ്റ്റുകളും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വംശഹത്യക്ക് മുമ്പുള്ള പത്ത്ഘട്ടങ്ങളില്‍ എട്ടും രാജ്യം പിന്നിട്ടുകഴിഞ്ഞു. അവിടെനിന്നാണ് ആര്‍.എസ്.എസ് പഴയപോലെയല്ലെന്നും അവര്‍ ഒരുപാട് മാറിയെന്നും രവിചന്ദ്രന്‍ പ്രചരിപ്പിക്കുന്നത്. ഒരുപടികൂടി കടന്ന് കേരളത്തില്‍ ബി.ജെ.പിയേക്കാള്‍ ഭയക്കേണ്ടത് കമ്യൂണിസ്റ്റുകളും മുസ്‌ലികളും ആണെന്നും ഈ വിദ്വേഷ വ്യാപാരത്തിന്റെ പ്രഫസര്‍ പറഞ്ഞുവെക്കുന്നുണ്ട്. ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് യുക്തിവാദികളെ കൂടെക്കൂട്ടണമെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ കേരളത്തില്‍ വന്നപ്പോഴുള്ള ആഹ്വാനം.

യുക്തിവാദത്തോട് ഹിന്ദുത്വക്ക് ആദര്‍ശപരമായ വിയോജിപ്പുകള്‍ ഇല്ല എന്നത് സുവിദിതമാണ്. സവര്‍ക്കറും ഗോഡ്‌സേയുമൊക്കെ സ്വയംതന്നെ യുക്തിവാദികളും സാംസ്‌കാരികദേശീയതയുടെ വക്താക്കളുമായിരുന്നു. ഇന്ത്യയിലെ സാധാരണക്കാര്‍ വിശ്വസിക്കുന്ന ഹിന്ദുമതവുമായി ഹിന്ദുത്വക്ക് കാര്യമായ ബന്ധമൊന്നുമില്ല. അതുകൊണ്ടുതന്നെ യുക്തിവാദികള്‍ നടത്തുന്ന ഹിന്ദുമത വിമര്‍ശനം അവരെ ബാധിക്കുകയുമില്ല. കേരളത്തിലെ രവിചന്ദ്രന്‍ വിഭാഗം യുക്തിവാദികളുടെ ആശയങ്ങള്‍ക്ക് സവര്‍ക്കറുടെ ഉത്‌ബോധനങ്ങളുമായുള്ള സാമ്യം അപാരമാണ്. യുക്തിവാദികളായ എതിരാളികള്‍ ഇവരെ സവര്‍ക്കൈററ്റ് യുക്തിവാദികള്‍ എന്ന് വിളിക്കുന്നതിന് കാരണവും അതുതന്നെ.

കേരളത്തിലെ യുക്തിവാദ-ഹിന്ദുത്വ കോമ്പോ അതിന്റെ പ്രഹരശേഷികൊണ്ട് വലിയ കരുത്താര്‍ജിച്ചിരിക്കുകയാണ്. ഹിന്ദുത്വവാദികളുടെ പ്രധാന സോഷ്യല്‍ ടൂളുകളൊക്കെയും മൂര്‍ച്ചകൂട്ടി നല്‍കുന്നത് രവിചന്ദ്രനും സംഘവുമാണ്. ഇസ്‌ലാമിന്റെ പൈശാചികവത്കരണം, കമ്യൂണിസ്റ്റ് പരിഹാസങ്ങള്‍, ഏകസിവില്‍കോഡ്, ചങ്ങാത്ത മുതലാളിത്തം തുടങ്ങിയവയിലെല്ലാം ആശയപരമായി ഹിന്ദുത്വയുടെ ബി.ടീമാണ് രവിയും സംഘവും. ബി.ജെ.പിയുടേയോ, ആര്‍.എസ്.എസിന്റെയോ ലേബലില്‍ ഒരാള്‍ക്ക് പറയാന്‍ കഴിയാത്തതെല്ലാം വിമുഖതയില്ലാതെ പറയാനാകുന്ന ഒരു സംഘമായി രവിചന്ദ്രനും അയാള്‍ നേതൃത്വം നല്‍കുന്ന എസ്സന്‍സ് ഗ്ലോബലും മാറിയിട്ടുണ്ട്. ഈ സംഘത്തില്‍ ചേരുന്നതോടെ ഒരാള്‍ക്ക് വര്‍ഗീയവാദിയെന്നോ തീവ്രവാദിയെന്നോ ഫാഷിസ്‌ററ് എന്നോ വംശീയവാദിയെന്നോ ഉള്ള ദുഷ്‌പേരുകളൊന്നും വീഴാതെ ഈ വിഭാഗങ്ങള്‍ ചെയ്യുന്ന അധമത്തരങ്ങള്‍ ചെയ്യാനാകും. ഒരുപക്ഷെ രവിചന്ദ്രനെ കേരളത്തിലെ ഏറ്റവും അപകടകാരിയായ ഇന്റലക്ച്വല്‍ എന്ന് വിളിക്കേണ്ടിവരുന്നത് ഇത്തരമൊരു സംഘത്തെ വാര്‍ത്തെടുത്തതുകൊണ്ടുകൂടിയാകും.

Similar Posts