ആര്‍.എസ്.സ്സ് ആലയത്തിലേക്ക് ആനയിച്ചെത്തുന്ന ക്രൈസ്തവ സംഘടനകള്‍
|മുസ്‌ലിംകളെ കുഴപ്പക്കാരും അക്രമികളുമായി ചിത്രീകരിച്ച് അരികുവല്‍കരിക്കുകയും ആ സാമൂഹികവിപത്തിനെ നേരിടാനുള്ള മതനിരപേക്ഷ-മാനവിക പ്രതിരോധമെന്ന പേരില്‍ ഒരു ഹിന്ദു-ക്രിസ്ത്യന്‍ ബദല്‍ മുന്നോട്ട് വെക്കുകയും ചെയ്യുക എന്ന തങ്ങളുടെ ചിരകാലമോഹമാണ് ക്രിസ്ത്യന്‍ സംഘടന രൂപീകരിക്കുന്നതിലൂടെ ആര്‍.എസ്.എസ്സ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ലൗജിഹാദ്, തുപ്പല്‍ ബിരിയാണി, തുള്ളിമരുന്ന് വിവാദം, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങി പല പേരുകളില്‍ കേരളസമൂഹത്തിലേക്ക് മുസ്‌ലിം വിരുദ്ധത കടത്തിവിടുന്ന ഹിന്ദുത്വ സ്ലോ പോയിസണിംഗിന്റെ മറ്റൊരു ഘട്ടമായി ഇതിനെ കാണാവുന്നതാണ്.
കേരളത്തിലെ പ്രബല മതവിഭാഗമായ ക്രിസ്താനികളെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള പുതിയ തന്ത്രവുമായി ആര്‍.എസ്.എസ് രംഗത്തു വന്നത് ഇക്കഴിഞ്ഞ ആഴ്ചകളിലാണ്. തങ്ങളുടെ വരുതിയില്‍ നില്‍ക്കുന്ന ഒരു കടലാസ്സ് സംഘടനയുണ്ടാക്കി കുറെ ക്രിസ്ത്യാനികളെ അതില്‍ അംഗങ്ങളുമാക്കി കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുകയാണ് അവരുടെ ലഷ്യം എന്ന് സ്പഷ്ടം.
മുസ്‌ലീംകളെ കുഴപ്പക്കാരും അക്രമികളുമായി ചിത്രീകരിച്ച് അരികുവല്‍കരിക്കുകയും ആ സാമൂഹികവിപത്തിനെ നേരിടാനുള്ള മതനിരപേക്ഷ-മാനവിക പ്രതിരോധമെന്ന പേരില്‍ ഒരു ഹിന്ദു-ക്രിസ്ത്യന്‍ ബദല്‍ മുന്നോട്ട് വെയ്ക്കുകയും ചെയ്യുക എന്ന ആര്‍.എസ്.എസ്സിന്റ ചിരകാലമോഹമാണ് അവര്‍ ഇതിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ലൗജിഹാദ്, തുപ്പല്‍ ബിരിയാണി, തുള്ളിമരുന്ന് വിവാദം, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങി പല പേരുകളില്‍ കേരളസമൂഹത്തിലേയ്ക്ക് മസ്‌ലിം വിരുദ്ധത കടത്തിവിടുന്ന ഹിന്ദുത്വ സ്ലോ പോയിസണിംഗിന്റെ മറ്റൊരു ഘട്ടമായി നമുക്ക് ഇതിനെ കാണാവുന്നതാണ്.
Save Our Nation India എന്ന പേരിലൂടെ പ്രസ്ഥാനത്തിന് ഒരു മതരഹിത, രാഷ്ട്രസ്‌നേഹി പ്രതിച്ഛായ നല്‍കാന്‍ അവര്‍ ശ്രദ്ധിച്ചിരിക്കുന്നു. ഇതില്‍ എടുത്തു പറയേണ്ടത് our nation എന്ന പ്രയോഗമാണ്. ഒരു മുസ്‌ലിം സംഘടനയുമായി ചേര്‍ന്ന് our nation എന്ന പേരില്‍ ഒരു പദ്ധതി സംഘടിപ്പിക്കാന്‍ ആര്‍.എസ്.എസ്സിനെ അവരുടെ പ്രത്യയശാസ്ത്ര പരിമിതികള്‍ ഒരിയ്ക്കലും അനുവദിയ്ക്കില്ല.
പുതിയ സംരംഭത്തിന് തുടക്കമിടാനായി ആര്‍.എസ്.എസ് ഇപ്പോള്‍ സംസ്ഥാനവ്യാപകമായി ലഹരിവിരുദ്ധ കാമ്പയിനുകള്‍ സംഘടിപ്പിക്കുന്നു. സുരേഷ് ഗോപി, പി.ടി ഉഷ, ജസ്റ്റിസ് എബ്രഹാം മാത്യു തുടങ്ങിയ സംഘ്പരിവാര്‍ അതീത പ്രതിച്ഛായയുള്ള സഹപ്രവര്‍ത്തകരെ മുന്നില്‍ നിര്‍ത്തിയാണ് ആര്‍.എസ്.എസ് ഇവിടെ കരുക്കള്‍ നീക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ക്രിസ്ത്യന്‍ സഭകള്‍ക്ക് താത്പര്യമുള്ള വിഷയമെന്ന നിലയില്‍ സഭയുടെയും വൈദികരുടെയും കന്യാസ്ത്രീകളുടേയുമെല്ലാം പങ്കാളിത്തവും അവര്‍ ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നു.
ഒറ്റനോട്ടത്തില്‍ സമൂഹനന്മയ്ക്കായി എന്ന് തെറ്റിദ്ധരിച്ചു പോകാവുന്ന ഈ സംരംഭത്തിന്റെ മറ പറ്റി ആര്‍.എസ്.എസ് തങ്ങളുടെ ജീവശ്വാസമായ മുസ്‌ലിം വിരുദ്ധത സമൂഹത്തിലേക്ക് തള്ളി വിടുന്നത് എപ്രകാരമാണെന്ന് കൂടി ഒന്ന് പരിശോധിക്കാം. സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ കേരളത്തിലെ ഏറ്റവും ശക്തരായ പ്രായോജകരായ ജനം ടി.വി ഇപ്പോള്‍ കുറച്ചു ദിവസമായി ഒരു ലഹരി വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ചു വരികയാണ്. പക്ഷേ, സ്വബോധവും ചിന്താശേഷിയും നഷ്ടപ്പെടുത്തുന്ന മാരകലഹരിക്ക് അടിപ്പെട്ടവരേക്കാള്‍ തീവ്രമായ വംശീയവെറിയുടെ ലഹരിയില്‍ മുങ്ങിക്കുളിച്ചവരാണ് തങ്ങളെന്ന് അവര്‍ ആ ചര്‍ച്ചകളിലൂടെ തന്നെ തെളിയിക്കുന്നു.
ആളെ കൊല്ലുന്ന ലഹരിയാണോ അതോ ഇസ്‌ലാം മതമാണോ കൂടുതല്‍ അപകടകാരി എന്ന് ചര്‍ച്ച കേള്‍ക്കുന്നവര്‍ക്ക് സംശയം തോന്നും വിധം മലയാളിയുടെ സിരകളില്‍ വിഷം കുത്തിവെക്കുന്നവരായി അവര്‍ ഒരു സമുദായത്തെ മാത്രം ചാപ്പ കുത്തുകയും വെറുക്കപ്പെടേണ്ടവരായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. സഭയുമായി കൈകോര്‍ത്ത് സംഘടിപ്പിക്കുന്ന പരിപാടിയായതിനാല്‍ തുല്യദുഃഖിതര്‍ എന്ന പദവി നല്‍കി പകരം ഇസ്‌ലാം വിരുദ്ധതയുടെ ഉറപ്പ് തിരികെ വാങ്ങാനും ആര്‍.എസ്.എസ് ഇത്തരം ഗിമ്മിക്കുകള്‍ നിരന്തരം ഉപയോഗപ്പുടുത്തുന്നു.
പുതിയ സംഘടനയ്ക്കായി ആര്‍.എസ്.എസ് തെരഞ്ഞെടുത്ത പേരിലെ കള്ളക്കളി കൂടി ഇനിയൊന്ന് പരിശോധിക്കാം. Save Our Nation India എന്ന പേരിലൂടെ പ്രസ്ഥാനത്തിന് ഒരു മതരഹിത, രാഷ്ട്രസ്‌നേഹി പ്രതിച്ഛായ നല്‍കാന്‍ അവര്‍ ശ്രദ്ധിച്ചിരിക്കുന്നു. ഇതില്‍ എടുത്തു പറയേണ്ടത് our nation എന്ന പ്രയോഗമാണ്. ഒരു മുസ്‌ലിം സംഘടനയുമായി ചേര്‍ന്ന് our nation എന്ന പേരില്‍ ഒരു പദ്ധതി സംഘടിപ്പിക്കാന്‍ ആര്‍.എസ്.എസ്സിനെ അവരുടെ പ്രത്യയശാസ്ത്ര പരിമിതികള്‍ ഒരിയ്ക്കലും അനുവദിയ്ക്കില്ല. മുസ്‌ലിംകളെപ്പോലെ ക്രിസ്താനിയെയും രാജ്യത്തിന്റെ internal threats ആയി ഗോള്‍വാള്‍ക്കറുടെ വിചാരധാര മാറ്റിനിര്‍ത്തുമ്പോഴും ക്രിസ്ത്യാനികള്‍ മുസ്‌ലിംകളെപ്പോലെ അപകടകാരികളല്ല എന്ന ഒരു ബോധ്യം പൊതുവെ ഇപ്പോള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനുണ്ട് എന്ന് വേണം മനസ്സിലാക്കാന്‍.
ന്യൂനപക്ഷ സമുദായങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ പരസ്യമായി സൗഹൃദഹസ്തം നീട്ടുമ്പോഴും ആര്‍.എസ്.എസ്സിന്റെ പരോക്ഷലക്ഷ്യങ്ങള്‍ മറ്റു പലതുമാണെന്ന് ചരിത്രാനുഭവങ്ങളുടെ വെളിച്ചത്തില്‍ നാം തിരിച്ചറിയേണ്ടതാണ്. മുസ്‌ലിംകളെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്കും ആശയങ്ങളിലേക്കും അടുപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ രൂപീകരിച്ച മുസ്‌ലിം രാഷ്ട്രീയ മഞ്ച് എന്ന സംഘടനയുടെ അവതാരോദ്ദേശ്യങ്ങള്‍ പക്ഷേ, പൂര്‍ണ്ണമായും രാഷ്ട്രീയാധികാരവും ഹിന്ദുത്വാശയങ്ങളുടെ സാധൂകരണവും ആയിരുന്നു എന്ന് കാലം തെളിയിച്ചിട്ടുള്ളതാണ്.
തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ തങ്ങളുടെ മുസ്‌ലിം വിരുദ്ധ നേതാക്കള്‍ക്കൊപ്പം നിന്ന് കൈവീശാനും തങ്ങളുടെ ഇസ്‌ലാമോഫോബിക് കരുനീക്കങ്ങള്‍ക്ക് തൊപ്പിയും താടിയും വെച്ച കുറച്ചാളുകളുടെ പരസ്യപിന്തുണ നല്‍കുന്ന ദൃശ്യതയ്ക്കും രാഷ്ട്രീയ മൈലേജിനും അപ്പുറം മറ്റൊന്നും അവര്‍ അതില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. പുറമേക്ക് ദേശീയതയും യഥാര്‍ഥത്തില്‍ മുസ്‌ലിം അപരവല്‍ക്കരണവും ലക്ഷ്യമിട്ടുള്ള സി.എ.എ, ഏകീകൃത സിവില്‍ കോഡ്, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, മുത്വലാഖ് നിരോധനം തുടങ്ങിയ ഓരോ നടപടിയിലും അവര്‍ ആ കടലാസ്സ് സംഘടനയുടെ അംഗങ്ങളെ തൊപ്പി ധരിപ്പിച്ച് സംഘ്പരിവാര്‍ ഭരണകൂടത്തിന് അനുകൂലമായി നിരത്തിലിറക്കിയത് നാം കണ്ടതാണല്ലോ.
ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ മുസ്‌ലിംകളുടെ വീടുകള്‍ക്ക് മീതെ തിരഞ്ഞുപിടിച്ച് ബുള്‍ഡോസര്‍ ഉരുട്ടിക്കയറ്റിയപ്പോള്‍ അതിനെ അനുകൂലിച്ച് സംഘ്പരിവാറിന്റെ ആജ്ഞാനുവര്‍ത്തികളായ ഗോഡി മീഡിയയില്‍ പോയി വാചാലരായതും ഇക്കൂട്ടര്‍ തന്നെ. കൂടാതെ, ലക്ഷക്കണക്കിന് സ്‌കൂളുകള്‍ക്ക് മേല്‍ക്കൂര പോലുമില്ലാത്ത യു.പി.യിലെ മദ്രസ്സകളിലെ ടാപ്പില്‍ കുടിവെള്ളം വരുന്നില്ല എന്ന പേര് പറഞ്ഞു ശിശുസംരക്ഷണ വകുപ്പിന്റെ അന്വേഷണവും സര്‍വ്വേയുമെല്ലാം ആവശ്യപ്പെട്ട് ആദിത്യനാഥ് സര്‍ക്കാരിന് കത്തയച്ചതും ആര്‍.എസ്.എസ്സിന്റെ കൈയിലെ ഈ കളിപ്പാവ തന്നെ.
ഇതേ മാതൃകയില്‍ കൃസ്ത്യാനികളെ കുപ്പിയിലിറക്കി സ്വന്തം താളത്തിന് തുള്ളിക്കാന്‍ രാഷ്ട്രീയ ഇസായി മഞ്ച് എന്നൊരു സംഘടന തട്ടിക്കൂട്ടാമെന്നൊരു പദ്ധതി 2002ല്‍ അന്നത്തെ സര്‍സംഘ്ചാലക് ആയിരുന്ന കെ.എസ് സുദര്‍ശന്റെ തലയില്‍ ഉദിച്ചതാണ്. സംഘത്തിന്റെ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാറിന്റെ നേതൃത്വത്തില്‍ കേരളത്തിലെ അരമനകളിലും സഭാകാര്യാലയങ്ങളിലുമെല്ലാം അന്നവര്‍ കയറിയിറങ്ങിയതുമാണ്. എന്നാല്‍, ഗ്രഹാം സ്റ്റെയിന്‍സിന്റെ ഉള്‍പ്പെടെ പലപ്പോഴായി നടന്ന നിരവധി കൊലപാതകങ്ങളുടെയും ഗുജറാത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ 1998ല്‍ നടന്ന അതിക്രമങ്ങളുടെയും ഭീകരത അന്ന് സഭാ അധികാരികളെ അങ്ങനെയൊരു നീക്കത്തില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിച്ചു. ഗുജറാത്തില്‍ അതേ വര്‍ഷം മുസ്‌ലിംകള്‍ക്ക് നേരെ നടന്ന ക്രൂരമായ നരഹത്യയും സഭയുടെ തീരുമാനത്തെ അന്ന് സ്വാധീനിച്ചിരുന്നു എന്ന് സ്വാഭാവികമായും കരുതാവുന്നതേയുള്ളൂ.
പിന്നീട് 2016ല്‍ ഇതേ ആവശ്യവുമായി അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന കുമ്മനം രാജശേഖരന്‍ കാത്തോലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് അധ്യക്ഷനായിരുന്ന മാര്‍ ക്‌ളീമിസ് തിരുമേനിയെ സന്ദര്‍ശിച്ചതും അദ്ദേഹത്തിന്റെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിച്ചതുമെല്ലാം പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. മോദി സര്‍ക്കാരിന്റെ തുടക്കകാലത്ത് സഭക്കുള്ളില്‍ ഉണ്ടായിരുന്ന ബി.ജെ.പി. അനുകൂലവികാരം മുതലാക്കാന്‍ പക്ഷേ അന്ന് കുമ്മനത്തിന് സാധിച്ചില്ല. കാരണം, ഭരണം കിട്ടി കസേരയില്‍ ഉറച്ചിരുന്നതോടെ ബീഫ് നിരോധനം, പള്ളികള്‍ക്ക് നേരെയുള്ള ആക്രമണം, ഘര്‍വാപസി തുടങ്ങിയ ഇഷ്ടവിനോദങ്ങളിലേക്ക് സംഘ്പരിവാറിന്റെ കാലാള്‍പ്പട തിരിഞ്ഞതോടെ ആര്‍.എസ്.എസ്സിന്റെ തനിനിറം സഭകള്‍ക്ക് മനസ്സിലായി എന്നത് തന്നെ.
മുസ്‌ലിം വിരോധം എന്ന പൊതു താല്‍പര്യമൊന്നിനു മാത്രം (shared interest) പരസ്പരവൈരുധ്യങ്ങള്‍ തിങ്ങി നിറഞ്ഞ രണ്ടു സമുദായ സംഘടനകളെ തമ്മില്‍ എത്ര കാലം വിളക്കിച്ചേര്‍ത്തു നിര്‍ത്താനാവുമെന്ന് കണ്ടറിയേണ്ടത് തന്നെയാണ്. മുസ്‌ലിംകളെ ഒരു വഴിക്കാക്കി കഴിഞ്ഞാല്‍ അടുത്തതായി കണക്കു തീര്‍ക്കാനായി പുള്ളി തൊട്ട് വെച്ചിട്ടുള്ളത് തങ്ങളെയാണ് എന്നറിഞ്ഞുകൊണ്ട് സഭാനേതൃത്വവും അണികളും ആര്‍.എസ്.എസ് എന്ന ധൃതരാഷ്ട്രരെ വാരിപ്പുണരാന്‍ തന്നെ തീരുമാനിച്ചാല്‍ അതേപ്പറ്റി സ്വയം കൃതാനര്‍ഥം എന്നതിനപ്പുറം മറ്റൊന്നും പറയാനില്ല.