Analysis
വിപ്ലവസര്‍ക്കാര്‍
Click the Play button to hear this message in audio format
Analysis

വിപ്ലവസര്‍ക്കാര്‍

പി.ടി നാസര്‍
|
11 Oct 2022 2:22 PM GMT

ലെനിന്‍ എണീറ്റു. പ്രസംഗപീഠത്തിന്റെ വക്കത്ത് പിടിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഇറുകിപ്പിടിച്ച കൊച്ചുകണ്ണുകള്‍ സദസ്സിലുടനീളം സഞ്ചരിച്ചു. അനേകം മിനിട്ടുകള്‍ നീണ്ടുനിന്ന, അലയലയായി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഹര്‍ഷാരവം അദ്ദേഹം കേട്ടതായി തോന്നിയില്ല. അതുനിലച്ചപ്പോള്‍ അദ്ദേഹം ലളിതമായ വാക്കുകളില്‍ ഇത്രയും പറഞ്ഞു: ' നമുക്ക് ഇനി സോഷ്യലിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുക്കുന്നതിലേക്ക് കടക്കാം.' വീണ്ടും അദമ്യമായ മനുഷ്യഗര്‍ജ്ജനം... | ചുവപ്പിലെ പച്ച - ഭാഗം 08

ബോള്‍ഷേവിക് പാര്‍ട്ടിക്കകത്തെ കലാപം കൊണ്ട് ഗുണം കിട്ടിയത് ശത്രുക്കള്‍ക്കാണ്. കൃത്യമായി പറഞ്ഞാല്‍, താല്‍ക്കാലിക ഗവര്‍മെന്റിന്. അവര്‍ക്ക് ബോള്‍ഷേവിക്കുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പിടികിട്ടി. അതോടെ എതിര്‍നീക്കങ്ങള്‍ ശക്തമാക്കി. ബോള്‍ഷേവിക് പാര്‍ട്ടിയുടെ പത്രങ്ങള്‍ അടപ്പിക്കാന്‍ ഉത്തരവ് വന്നു. 1917 ഒക്ടോബര്‍ 23നാണത്. അതു നടപ്പാക്കാന്‍ പട്ടാളം പ്രാവ്ദ ഓഫീസിലെത്തി. റെഡ്ഗാര്‍ഡുകളും തൊഴിലാളികളും ചേര്‍ന്ന് പട്ടാളത്തെ തടഞ്ഞു. വിപ്ലവകാരികളുടെ ഭാഗത്തു ചേര്‍ന്ന പട്ടാളക്കാരും അവരോടൊപ്പം അണിചേര്‍ന്നു. വിപ്ലവത്തിന് മണിമുഴങ്ങി.

ഒക്ടോബര്‍ 25 ഒരു പ്രധാന ദിവസമാണ്. നഗരങ്ങളിലെ പ്രദേശിക ഭരണകൂടമായ സോവിയറ്റുകളുടെ അഖിലറഷ്യാ കോണ്‍ഗ്രസ് ചേരേണ്ടത് അന്നാണ്. രണ്ടാമത് കോണ്‍ഗ്രസ്. അതിനുമുമ്പേ കലാപം തുടങ്ങണമെന്ന് ലെനിന്‍ നിര്‍ദേശിച്ചു. 24 ന് വിപ്ലവനീക്കം ശക്തമാക്കി. താല്‍ക്കാലിക സര്‍ക്കാരിന് കീഴിലുള്ള സൈനികരുടെ നീക്കം തടയുന്നതിന് പെട്രോഗാര്‍ഡിലെങ്ങും റെഡ്ഗാര്‍ഡുകള്‍ നിലയെടുത്തുനിന്നു. കമ്പിത്തപ്പാല്‍ ആപ്പീസുകള്‍ അവര്‍ പിടിച്ചടക്കി. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ കയ്യടക്കി.


കുലീനകുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി രാജ്ഞി സ്ഥാപിച്ച സെക്കണ്ടറി സ്‌ക്കൂളാണ് താല്‍ക്കാലിക സര്‍ക്കാറിന്റെ ആസ്ഥാനം. സ്‌മോള്‍നി ഇന്‍സ്റ്റിറ്റ്യൂട്ട്. വിപ്ലവകൗണ്‍സിലും അതുതന്നെ താവളമാക്കി. നെവാനദിക്ക് കുറുകെയുള്ള പാലങ്ങള്‍ നിയന്ത്രണത്തിലാക്കി നഗരത്തെ ഒറ്റപ്പെടുത്താന്‍ സര്‍ക്കാര്‍ പരിപാടിയിട്ടു. ഇതറിഞ്ഞ് 24 ന് രാത്രിതന്നെ ലെനിന്‍ സ്‌മോള്‍നിയില്‍ എത്തി. അവിടെ കാര്യങ്ങള്‍ക്ക് വേഗത പോരെന്ന്പറഞ്ഞ് ലെനിന്‍ ഒച്ചവെച്ചു.

ഒക്ടോബര്‍ 25 പുലര്‍ന്നപ്പോഴേക്ക് കേന്ദ്ര ടെലഫോണ്‍ എക്‌സ്‌ചേഞ്ച്, വയര്‍ലസ് സ്റ്റേഷന്‍, പാലങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എന്നിവയെല്ലാം റെഡ്ഗാര്‍ഡുകളും തൊഴിലാളികളും വിപ്ലവ പക്ഷത്ത് ചേര്‍ന്ന പട്ടാളക്കാരും ചേര്‍ന്ന് കയ്യടക്കിവെച്ചു. വൈകുന്നേരമായപ്പോഴേക്ക് സോവിയറ്റുകളുടെ അഖിലറഷ്യാ കോണ്‍ഗ്രസിനുള്ള പ്രതിനിധികള്‍ സ്‌മോള്‍നി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിത്തുടങ്ങി. റഷ്യയുടെ നാനാഭാഗത്തു നിന്നുമായി 650 പ്രതിനിധികളുണ്ട്. എല്ലാവരും ബോള്‍ഷേവിക്കുകളല്ല. അതല്ലാത്തവര്‍ മുന്നൂറോളം പേരുണ്ട്.

ആ രാത്രിയില്‍, 1917 ഒക്ടോബര്‍ 25 ന് രാത്രിയില്‍, റഷ്യന്‍സോഷ്യലിസ്റ്റ് വിപ്ലവോത്സവത്തിന്റെ വെടിക്കെട്ട് തുടങ്ങി. താല്‍ക്കാലിക സര്‍ക്കാറിലെ മന്ത്രിമാര്‍ സ്‌മോള്‍നി ഇന്‍സ്റ്റിറ്റ്യൂട്ട് വിട്ട് ഹേമന്ദക്കൊട്ടാരത്തിലേക്ക് മാറിയിരുന്നു. നേവാ നദിയില്‍ നങ്കൂരമിട്ടിരുന്ന അറോറ എന്ന കപ്പലില്‍നിന്ന് കൊട്ടാരത്തിന് നേരെ പീരങ്കിയുണ്ട ഉതിര്‍ത്തു. ഒടുവിലത്തെ യുദ്ധമായി എന്ന അറിയിപ്പായിരുന്നു അത്. പ്രധാനമന്ത്രി അലക്‌സാണ്ടര്‍ കെരന്‍സ്‌ക്കി മുങ്ങി. റെഡ്ഗാര്‍ഡുകള്‍ ഹേമന്ദക്കൊട്ടാരത്തിലേക്ക് ഇരച്ചുകയറി. അവിടെയുണ്ടായിരുന്ന മന്ത്രിമാരെ അറസ്റ്റുചെയ്തു. ഇരട്ട ഭരണത്തില്‍ ഒന്ന് ഇല്ലാതായി. താല്‍ക്കാലിക സര്‍ക്കാറിന്റെ ഭരണം. കേന്ദ്രഭരണം എന്നും പറയാം. ഇനിയുള്ളത് സോവിയറ്റുകളാണ്. അഥവാ പ്രാദേശിക ഭരണസമിതികള്‍. അതിന്റെ പ്രതിനിധികളാണ് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി സ്‌മോള്‍നി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയിട്ടുള്ളത്. അവരുടെ മുന്നിലാണ് ചരിത്രത്തിന്റെ ബാക്കി ഭാഗങ്ങള്‍ അരങ്ങേറുന്നത്.

എല്ലാ സോഷ്യലിസ്റ്റുകളേയും ചേര്‍ത്തുകൊണ്ടുള്ള ഒരു കൂട്ടുഗവര്‍മെന്റ് ഉണ്ടാക്കുന്നതിനെ ബോള്‍ഷേവിക്കുകളില്‍ ഗണ്യമായൊരു വിഭാഗം അനുകൂലിച്ചു. അവര്‍ പറഞ്ഞു: 'നമുക്ക് പിടിച്ചു നില്‍ക്കാനാകില്ല. നമുക്കെതിരായ ശക്തികള്‍ അത്രയേറെയുണ്ട്. നമുക്ക് ആളില്ല. നമ്മള്‍ ഒറ്റപ്പെടും. എല്ലാം അതോടെ തീരും'. കമനീവും സ്യമനോവും പറഞ്ഞത് ഇതാണ്. പക്ഷേ, ലെനിനും അദ്ദേഹത്തിന്റെ അരികത്ത് ട്രോട്‌സ്‌ക്കിയും പാറപോലെ ഉറച്ചുനിന്നു. 'അനുരഞ്ജനവാദികള്‍ നമ്മുടെ പരിപാടി അംഗീകരിക്കട്ടെ. എങ്കില്‍ അവര്‍ക്കും ഗവര്‍മെന്റില്‍ വരാം. നമ്മള്‍ ഒരിഞ്ചുപോലും വിട്ടുകൊടുക്കില്ല. നമ്മള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നതിന് വേണ്ടി തുനിഞ്ഞിറങ്ങാനുള്ള ധൈര്യവും മനക്കരുത്തുമില്ലാത്ത സഖാക്കള്‍ ഇവിടെയുണ്ടെങ്കില്‍ മറ്റു ഭീരുക്കളുടേയും അനുരഞ്ജന വാദികളുടേയും കൂടെ അവര്‍ക്കും ഇറങ്ങി പോകാം. തൊഴിലാളികളുടേയും പട്ടാളക്കാരുടേയും പിന്തുണയോടെ നമ്മള്‍ മുന്നോട്ടുപോകും'.

ഒക്ടോബര്‍ വിപ്ലവത്തിന്റെ നാടകീയത മുഴുവന്‍ ചാലിച്ച വിവരണമുള്ളത് 'ലോകത്തെ പിടിച്ചുകുലുക്കിയ പത്തു ദിവസങ്ങള്‍' എന്ന പുസ്തകത്തിലാണ്. എഴുതിയത് ജോണ്‍ റീഡ്. ട്രേഡ് യൂണിയനിസ്റ്റും സോഷ്യലിസ്റ്റുമായ ആ അമേരിക്കക്കാരന്‍ വിപ്ലവം നടക്കുമ്പോള്‍ അതിന് നടുവിലുണ്ട്. റീഡിന്റെ തത്സമയ വിവരണം നോക്കാം:

'കോണ്‍ഗ്രസ് ഉച്ചയ്ക്ക് ഒരു മണിക്ക് കൂടുമെന്നാണ് നിശ്ചയിച്ചിരുന്നത്. ആ വലിയഹാള്‍ എത്രയോ മുമ്പ് നിറഞ്ഞു കഴിഞ്ഞു. പക്ഷേ, മണി ഏഴായിട്ടും പ്രസീഡിയത്തിന്റെ യാതൊരു ലക്ഷണവുമില്ല. ബോള്‍ഷേവിക്കുകളും മെന്‍ഷേവിക്കുകളും മറ്റ് സോഷ്യലിസ്റ്റ് റവലൂഷണറികളും അവരവരുടെ മുറികളില്‍ യോഗം ചേരുകയാണ്. ഉച്ചതിരിഞ്ഞുള്ള നീണ്ട മണിക്കൂറുകള്‍ മുഴുവനും ലെനിനും ട്രോട്‌സ്‌ക്കിയും ഒത്തുതീര്‍പ്പിനെതിരെ വീറോടെ പൊരുതിക്കൊണ്ടിരുന്നു. എല്ലാ സോഷ്യലിസ്റ്റുകളേയും ചേര്‍ത്തുകൊണ്ടുള്ള ഒരു കൂട്ടുഗവര്‍മെന്റ് ഉണ്ടാക്കുന്നതിനെ ബോള്‍ഷേവിക്കുകളില്‍ ഗണ്യമായൊരു വിഭാഗം അനുകൂലിച്ചു. അവര്‍ പറഞ്ഞു: 'നമുക്ക് പിടിച്ചു നില്‍ക്കാനാകില്ല. നമുക്കെതിരായ ശക്തികള്‍ അത്രയേറെയുണ്ട്. നമുക്ക് ആളില്ല. നമ്മള്‍ ഒറ്റപ്പെടും. എല്ലാം അതോടെ തീരും'. കമനീവും സ്യമനോവും പറഞ്ഞത് ഇതാണ്. പക്ഷേ, ലെനിനും അദ്ദേഹത്തിന്റെ അരികത്ത് ട്രോട്‌സ്‌ക്കിയും പാറപോലെ ഉറച്ചുനിന്നു. 'അനുരഞ്ജനവാദികള്‍ നമ്മുടെ പരിപാടി അംഗീകരിക്കട്ടെ. എങ്കില്‍ അവര്‍ക്കും ഗവര്‍മെന്റില്‍ വരാം. നമ്മള്‍ ഒരിഞ്ചുപോലും വിട്ടുകൊടുക്കില്ല. നമ്മള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നതിന് വേണ്ടി തുനിഞ്ഞിറങ്ങാനുള്ള ധൈര്യവും മനക്കരുത്തുമില്ലാത്ത സഖാക്കള്‍ ഇവിടെയുണ്ടെങ്കില്‍ മറ്റു ഭീരുക്കളുടേയും അനുരഞ്ജന വാദികളുടേയും കൂടെ അവര്‍ക്കും ഇറങ്ങി പോകാം. തൊഴിലാളികളുടേയും പട്ടാളക്കാരുടേയും പിന്തുണയോടെ നമ്മള്‍ മുന്നോട്ടുപോകും'.

ഏഴടിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍, ഇടതുപക്ഷ റവലൂഷണറികള്‍ സൈനികവിപ്ലവകമ്മിറ്റിയില്‍ തുടരാന്‍ തീരുമാനിച്ചതായി വിവരം കിട്ടി. 'അവര്‍ നമ്മുടെ പുറകെവരുന്നത് കണ്ടില്ലേ ' ലെനിന്‍ പറഞ്ഞു.

കൃത്യം 8.40 ന് പ്രസീഡിയം അംഗങ്ങളുടെ ആഗമനം അറിയിച്ചുകൊണ്ട് ഹാളില്‍ ഇടിനാദം പോലുള്ള കരഘോഷത്തിന്റെ അലയടിയുയര്‍ന്നു. അക്കൂട്ടത്തില്‍ ലെനിനുമുണ്ട്-മഹാനായ ലെനിന്‍. ഉറപ്പുള്ള കുറിയ രൂപം. ഉന്തിനില്‍ക്കുന്ന വലിയ കഷണ്ടിത്തല ചുമലുകളില്‍ അമര്‍ന്നിരിക്കുന്നു. ചെറിയകണ്ണുകള്‍. പതിഞ്ഞ മൂക്ക്. ഉദാരമായ വലിയ വായ്. കനത്ത താടിയെല്ല്. ഇപ്പോള്‍ മുഖം വടിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞകാലത്തേയും വരുംകാലത്തേയും വിശ്രൂത താടി പൊടിച്ചു തുടങ്ങിയിട്ടുണ്ട്. പപ്രശ്ശമായ വേഷം. വേണ്ടതിലേറെ നീളമുള്ള ട്രൗസര്‍. ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാകാനുള്ള ഗാഭീര്യം അശേഷമില്ലങ്കിലും അദ്ദേഹത്തോളം സ്‌നേഹാദരങ്ങള്‍ വാരിക്കൂട്ടിയിട്ടുള്ളവര്‍ ചരിത്രത്തില്‍ വിരളമാണ്. അസാധാരണനായ ഒരു ജനനേതാവാണ് അദ്ദേഹം. ബുദ്ധിശക്തികൊണ്ടു മാത്രം നേതാവായിത്തീര്‍ന്ന ഒരു മനുഷ്യന്‍....

കാമിനോവ് സൈനിക വിപ്ലവക്കമ്മിറ്റിയുടെ നടപടികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് വായിച്ചു പട്ടാളത്തില്‍ വധശിക്ഷ നിര്‍ത്തലാക്കി, പ്രചാരണ സ്വാതന്ത്യം പുനഃസ്ഥാപിച്ചു, രാഷ്ട്രീയക്കുറ്റങ്ങള്‍ക്ക് അറസ്റ്റ്‌ചെയ്ത ഓഫീസര്‍മാരേയും പട്ടാളക്കാരേയും മോചിപ്പിച്ചു, കെരന്‍സ്‌ക്കിയെ അറസ്റ്റ് ചെയ്യാനും സ്വകാര്യ സംഭരണശാലകളിലെ ഭക്ഷ്യശേഖരം കണ്ടുകെട്ടാനും കല്‍പ്പന പുറപ്പെടുവിച്ചു-ഹാളില്‍ വമ്പിച്ച കയ്യടി .


ബുന്ദിന്റെ പ്രതിനിധി വീണ്ടും പ്രസംഗിച്ചു. ബോള്‍ഷേവിക്കുകളുടെ സന്ധിയില്ലാത്ത മനോഭാവം വിപ്ലവത്തെ നശിപ്പിക്കുമെന്നും അതുകൊണ്ട് കോണ്‍ഗ്രസില്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ ബുന്ദ് പ്രതിനിധികള്‍ക്ക് നിവൃത്തിയില്ലെന്നും അയാള്‍ പറഞ്ഞു. സദസ്സില്‍ നിന്നും വിളികള്‍: 'നിങ്ങള്‍ ഇന്നലെ രാത്രി ഇറങ്ങിപ്പോയെന്നാണല്ലോ വിചാരിച്ചത്! ഇനി എത്ര തവണകൂടി ഇറങ്ങിപ്പോവാനാണ് ഭാവം ?'

അടുത്തതായി സാര്‍വ്വദേശീയ മെന്‍ഷേവിക്കുകളുടെ പ്രതിനിധി പ്രസംഗിക്കാന്‍ എണീറ്റു. സദസ്സില്‍ നിന്ന് വിളികള്‍: 'എന്ത്? നിങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ടോ?' സാര്‍വ്വദേശീയ വാദികളില്‍ കുറേപ്പേര്‍ മാത്രമേ കോണ്‍ഗ്രസ്സില്‍ നിന്ന് ഇറങ്ങിപ്പോയുള്ളുവെന്നും ബാക്കിയുള്ളവര്‍ തുടര്‍ന്നും പങ്കെടുക്കാനുദ്ദേശിക്കുന്നുണ്ടെന്നും പ്രസംഗികന്‍ വ്യക്തമാക്കി. 'സോവിയറ്റുകളിലേക്ക് അധികാരം കൈമാറുന്നത് വിപ്ലവത്തിന് അപകടകരമാണെന്ന് മാത്രമല്ല ഒരു പക്ഷേ, വിനാശകരമാവാന്‍ ഇടയുണ്ടെന്നും ഞങ്ങള്‍ കരുതുന്നു' - സദസ്സില്‍ ബഹളം. 'പക്ഷേ കോണ്‍ഗ്രസ്സില്‍ തുടര്‍ന്നും പങ്കെടുക്കുകയും അധികാരകൈമാറ്റത്തിന് എതിരെ വോട്ടു രേഖപ്പെടുത്തുകയും ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണെന്നും ഞങ്ങള്‍ കരുതുന്നു!'

മറ്റുള്ളവരും പ്രസംഗിച്ചു. പ്രസംഗങ്ങള്‍ക്ക് മുറയൊന്നുമുള്ളതായി തോന്നിയില്ല. തലസ്ഥാന നഗരിയിലേക്കുള്ള കല്‍ക്കരിയുടേയും ഭക്ഷണത്തിന്റേയും സപ്ലൈ മുറിച്ചുകളയാന്‍ ഇടയുള്ള കലേദിന് എതിരായി നടപടികള്‍ കൈകൊള്ളണമെന്ന് ദൊനേത്സ് കല്‍ക്കരിത്തടങ്ങളിലെ തൊഴിലാളികളുടെ ഒരു പ്രതിനിധി കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടു. യുദ്ധമുന്നണിയില്‍ നിന്ന് അപ്പോള്‍മാത്രം എത്തിയ കുറേ പട്ടാളക്കാര്‍ അവരവരുടെ റെജിമെന്റുകളുടെ ആവേശഭരിതമായ അഭിവാദങ്ങള്‍ അറിയിച്ചു...


അതാ, ലെനിന്‍ എണീറ്റു. പ്രസംഗപീഠത്തിന്റെ വക്കത്ത് പിടിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഇറുകിപ്പിടിച്ച കൊച്ചുകണ്ണുകള്‍ സദസ്സിലുടനീളം സഞ്ചരിച്ചു. അനേകം മിനിട്ടുകള്‍ നീണ്ടുനിന്ന, അലയലയായി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഹര്‍ഷാരവം അദ്ദേഹം കേട്ടതായി തോന്നിയില്ല.

അതുനിലച്ചപ്പോള്‍ അദ്ദേഹം ലളിതമായ വാക്കുകളില്‍ ഇത്രയും പറഞ്ഞു: ' നമുക്ക് ഇനി സോഷ്യലിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുക്കുന്നതിലേക്ക് കടക്കാം.' വീണ്ടും അദമ്യമായ മനുഷ്യഗര്‍ജ്ജനം...

..... അങ്ങനെ നീളുകയാണ് ജോണ്‍ റീഡിന്റെ ദൃക്‌സാക്ഷി വിവരണം. ഒടുവില്‍ വിപ്ലവം എങ്ങനെയാണ് ഗവര്‍മെന്റായി പരിണമിച്ചത് എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ നല്ലത് ട്രോട്‌സ്‌ക്കിയുടെ ജീവചരിത്രമാണ്. അതില്‍ റോബര്‍ട്ട് സര്‍വ്വീസ് വിവരിക്കുന്നു: 'ലെനിന്‍ അധ്യക്ഷനായി ഒരു സര്‍ക്കാര്‍ രൂപീകരിച്ചു. ട്രോട്‌സ്‌ക്കിയുടെ നിര്‍ദ്ദേശപ്രകാരം അതിന് ജനകീയ കമ്മീസാറുകളുടെ കൗണ്‍സില്‍ എന്ന് പേരിട്ടു. റഷ്യന്‍ ചുരുക്കെഴുത്തില്‍ 'സോവ്‌നാര്‍കോം'. നിലവിലുള്ള സോവിയറ്റുകളുടെ ഭരണ സംവിധാനമായിരുന്നു മുഴുവന്‍ അധികാര വ്യവസ്ഥക്കും. സമാധാനത്തേയും ഭൂമിയെയും പത്രങ്ങളേയും സംബന്ധിച്ച ഉത്തരവുകള്‍ ഉടന്‍തന്നെ പുറപ്പെടുവിക്കപ്പെട്ടു. എങ്കിലും പെട്രോഗാര്‍ഡിന്റെ അതിര്‍ത്തിക്ക് പുറത്തേക്ക് സോവ്‌നാര്‍കോമിന് അധികാരമുണ്ടായിരുന്നില്ല.



ബോള്‍ഷേവിക്കുകള്‍ക്ക് ജനകീയപിന്തുണ നേടിയെടുക്കുകയും പഴയ സാമൂഹിക വ്യവസ്ഥയെ തകിടംമറിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആയിരുന്നു ഈ ഉത്തരവുകളുടെ ലക്ഷ്യം. റഷ്യയില്‍ സോഷ്യലിസ്റ്റ് വിപ്ലവം തുടങ്ങിക്കഴിഞ്ഞു. യൂറോപ്പിന്റെ മറ്റു ഭാഗങ്ങളും തങ്ങളെ പിന്തുടരുമെന്ന് ലെനിനും ട്രോട്‌സ്‌ക്കിയും പ്രതീക്ഷിച്ചു. ജീവിതംകൊണ്ട് അവര്‍ ചൂതുകളിക്കുകയായിരുന്നു. തങ്ങള്‍ വിജയിക്കുമെന്ന് അവര്‍ക്ക് അങ്ങേയറ്റത്തെ ആത്മവിശ്വാസമുണ്ടായിരുന്നു' - ട്രോട്‌സ്‌ക്കിയുടെ ജീവചരിത്രത്തിലെ 'അധികാരം പിടിച്ചെടുക്കുന്നു' എന്ന അധ്യായം റോബര്‍ട്ട് സര്‍വ്വീസ് അവസാനിപ്പിക്കുന്നത് അങ്ങനെയാണ്. ലെനിന്‍ മാത്രമല്ല ട്രോട്‌സ്‌ക്കിയും തുല്ല്യ പ്രാധാന്യമുള്ള നേതാവാണ് എന്ന് സ്ഥാപിച്ചുകൊണ്ട്.

റോബര്‍ട്ട് സര്‍വ്വീസ് എഴുതിയ ജീവചരിത്രത്തില്‍ മാത്രമല്ല. ആ വിപ്ലവത്തിന്റെ ജാതകക്കുറിയായി കണക്കാക്കാവുന്ന ദൃക്‌സാക്ഷി വിവരണത്തില്‍ ജോണ്‍ റീഡ് വിവരിക്കുന്നതും അങ്ങനെത്തന്നെയാണ്: ' ആ ഉയര്‍ന്ന വേദിയില്‍ ട്രോട്‌സ്‌ക്കി നിന്നു. ആത്മവിശ്വാസവും ആജ്ഞാശക്തിയും അദ്ദേഹത്തിന്റെ മുഖത്ത് ഓളംതല്ലിയിരുന്നു. ആ വായ്‌ക്കോണുകളില്‍ തത്തിക്കളിച്ച പരിഹാസഭാവം അവജ്ഞയുടെ വക്കത്തെത്തി നിന്നിരുന്നു. മുഴങ്ങുന്ന ശബ്ദത്തില്‍ അദ്ദേഹം പ്രസംഗം ആരംഭിച്ചപ്പോള്‍ ആ വമ്പിച്ച സദസ്സാകെ ദത്തശ്രദ്ധരായി മുന്നോട്ട് ആഞ്ഞു. ട്രോട്‌സ്‌ക്കി തുടങ്ങി: 'ഞങ്ങളുടെ പാര്‍ട്ടി ഒറ്റപ്പെട്ടുപോകുമെന്ന അപകടത്തെക്കുറിച്ചുള്ള ഈ അഭിപ്രായങ്ങളിലൊന്നും ഒരു പുതുമയുമില്ല. സായുധ കലാപത്തിന്റെ തൊട്ടുമുമ്പും ഞങ്ങളുടെ വിനാശകരമായ പരാജയത്തെപ്പറ്റി പ്രവചിച്ചിരുന്നതാണ്. എല്ലാവരും ഞങ്ങള്‍ക്കെതിരായിരുന്നു. സൈനികവിപ്ലവ കമ്മിറ്റിയില്‍ ഇടതുപക്ഷ സോഷ്യലിസ്റ്റ് പാര്‍ട്ടി മാത്രമാണ് ഞങ്ങളോടൊപ്പമുണ്ടായിരുന്നത്. പിന്നെങ്ങിനെയാണ് ഒട്ടുമുക്കാലും രക്തച്ചൊരിച്ചിലൊന്നും കൂടാതെതന്നെ താല്‍ക്കാലിക ഗവര്‍മെന്റിനെ താഴെയിറക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത്? വാസ്തവത്തില്‍ താല്‍ക്കാലിക ഗവര്‍മെന്റാണ് ഒറ്റപ്പെട്ടിരുന്നത്. ഞങ്ങളെ എതിര്‍ത്ത ജനാധിപത്യ പാര്‍ട്ടികളാണ് ഒറ്റപ്പെട്ടിരുന്നത്. അവ ഇപ്പോഴും ഒറ്റപ്പെട്ടിരിക്കുകയാണ്. തൊഴിലാളി വര്‍ഗവുമായി അവ എന്നന്നേക്കുമായി തെറ്റിപ്പിരിഞ്ഞിരിക്കുന്നു!...

ആ നെടുങ്കന്‍ പ്രസംഗം ട്രോട്‌സ്‌ക്കി അവസാനിപ്പിക്കുകയാണ്: 'രണ്ടേരണ്ടു പോംവഴികളേയുള്ളൂ. ഒന്നുകില്‍ റഷ്യന്‍ വിപ്ലവം യൂറോപ്പില്‍ ഒരു വിപ്ലവപ്രസ്ഥാനം സൃഷ്ടിക്കും. അല്ലെങ്കില്‍ യൂറോപ്യന്‍ കോയ്മകള്‍ റഷ്യന്‍ വിപ്ലവത്തെ ഞെക്കിക്കൊല്ലും'. ട്രോട്‌സ്‌ക്കി നിര്‍ത്തി. പിന്നീട് ജോണ്‍ റീഡിന്റെ വിവരണമാണ്: 'പ്രതിനിധികള്‍ പ്രചണ്ഡമായ ഹര്‍ഷാരവത്തോടെ ട്രോട്‌സ്‌ക്കിയുടെ പ്രസംഗത്തെ സ്വാഗതം ചെയ്തു. അതിന്റെ സാഹസികത അവരിലേക്ക് കൂടി സംക്രമിച്ചു. മാനവരാശിക്കാകെവേണ്ടി പോരാടുന്നവരാണ് തങ്ങളെന്ന ചിന്ത അവരില്‍ ആളിക്കത്തി. കലാപകാരികളായ ആ ബഹുജനങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ആ നിമിഷംതൊട്ട് ഉല്‍ബുദ്ധതയും സുനിശ്ചിതത്വവും ആര്‍ജ്ജിച്ചു. അവ പിന്നീടൊരിക്കലും അവരെ വിട്ടുപോയില്ല'.

പക്ഷേ, ചരിത്രത്തില്‍ നിന്ന്, സോവിയറ്റ് വിപ്ലവത്തിന്റെ ചരിത്രത്തില്‍ നിന്ന് ട്രോട്‌സ്‌ക്കി വളരെപ്പെട്ടെന്ന് വിട്ടുപോയി. അതു ചരിത്രത്തിലെ മറ്റൊരു ചതി. ലെനിന്‍ പൊടുന്നനെ അസ്തമിക്കുകയും സ്റ്റാലിന്‍ ഓര്‍ക്കാപ്പുറത്ത് ജ്വലിച്ചുയരുകയും ചെയ്തതോടെ ട്രോട്‌സ്‌ക്കി ഇരുട്ടില്‍പ്പെട്ടു. പലരും മാഞ്ഞു പോയിട്ടുണ്ട്. സ്റ്റാലിനേയും സ്റ്റാലിനിസത്തേയും വിലയിരുത്തിക്കൊണ്ട് മലയാളത്തില്‍ എഴുതപ്പെട്ട ഒരു പുസ്തകത്തില്‍ പറയുന്നു: 'ഒക്ടോബര്‍ വിപ്ലവത്തിന്റെ ലെനിന്‍ കഴിഞ്ഞാലുള്ള നേതാവും താരവുമായി ലോകം മുഴുവന്‍ പ്രചരിപ്പിച്ചത് ട്രോട്‌സ്‌ക്കിയെയാണ്. 'ലോകത്തെ പിടിച്ചുകുലുക്കിയ പത്തുദിവസങ്ങള്‍' എന്ന ഏറെ പ്രചാരം നേടിയ, ജോണ്‍ റീഡ് എന്ന കമ്മ്യൂണിസ്റ്റായിരുന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തകന്റെ പുസ്തകത്തിലെ തെറ്റായ വിവരങ്ങളാണ് ഇതിനൊരടിസ്ഥാനം'

എന്നാല്‍, ജോണ്‍ റീഡ് എഴുതിയ പുസ്തകം 1919ല്‍ പുറത്തുവന്നത് ലെനിന്റേയും ഭാര്യ ക്രൂപ്‌സ്‌ക്കായയുടേയും അവതാരികകളുടെ അകമ്പടിയോടെയാണ് എന്നത് മറ്റൊരു കൗതുകം. ' എല്ലാ ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്ത് ലക്ഷക്കണക്കിന് കോപ്പികള്‍ പ്രസിദ്ധീകരിച്ചുകാണാന്‍ ഞാന്‍ ആഗ്രഹിക്കുന്ന പുസ്തകമാണിത്. തൊഴിലാളിവര്‍ഗ്ഗ വിപ്ലവം എന്താണെന്നും തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യം എന്താണെന്നും മനസിലാക്കുന്നതിന് അത്രയും പ്രധാന സംഭവങ്ങളെ സത്യസന്ധമായും അസാമാന്യമായ ഓജസ്സോടെയും ഇത് വരച്ചുകാട്ടുന്നു' - എന്നാണ് ലെനിന്‍ പറഞ്ഞിട്ടുള്ളത്.


അതു പോലും പിന്നീട്, തള്ളപ്പെട്ടു. ചരിത്രം തിരുത്തുകയെന്നത് ഒരു പരിപാടിയായി നടപ്പാക്കിയ കാലത്ത്. സോവിയറ്റ് ചരിത്രത്തില്‍ ഇത്തരം ചുരങ്ങള്‍ ഏറെയുണ്ട്, വളവുകള്‍ അനവധിയുണ്ട്, അതുവഴി ഇപ്പോള്‍ പോകുന്നില്ല.

ഇപ്പോള്‍ നമുക്ക് സ്‌മോള്‍നി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് തിരിച്ചുപോകാം. 1917 ഒക്ടോബര്‍ 25ന് രാത്രി രണ്ടര മണിക്ക് കാമിനീവ് വിപ്ലവ ഗവര്‍മെന്റിന്റെ രൂപീകരണം സംബന്ധിച്ച ഡിക്രി വായിക്കുകയാണ്: 'കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി കൂടുന്നതുവരെ രാജ്യഭരണം നടത്താന്‍ ഒരു തൊഴിലാളി - കര്‍ഷക ഗവര്‍മെന്റ് രൂപീകരിക്കുന്നു. ജനകീയ കമ്മിസാര്‍ കൗണ്‍സില്‍ എന്നായിരിക്കും പേര്....

ഹാളില്‍ നിശ്ശബ്ദത. കമ്മീസാര്‍മാരുടെ പേരുകള്‍ വായിച്ചു. ഒരോപേരും വായിക്കുമ്പോഴും കയ്യടി. ലെനിന്റേയും ട്രോട്‌സ്‌ക്കിയുടേയും പേരുകള്‍ വിശേഷിച്ചും കരഘോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്...

(തുടരും)

* * * * * * * * * * * *

ബുന്ദ് = ജൂത തൊഴിലാളി യൂണിയന്‍

അവലംബം:

1. ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങള്‍. ജോണ്‍ റീഡ്.

2. ട്രോട്‌സ്‌ക്കിയുടെ ജീവചരിത്രം -

റോബര്‍ട്ട് സര്‍വീസ്.

മലയാളം - ഡി.സി ബുക്‌സ്

3. സ്റ്റാലിനും സ്റ്റാലിനിസവും,

സോമസേഖരന്‍,

മാതൃഭൂമി.

Similar Posts