Analysis
ഒരു ചായ കുടിക്കുന്നോ?; തട്ടുകടയില്‍ മന്ത്രി സജി ചെറിയാന്റെ ക്ഷണം സ്വീകരിച്ച് നടി രോഹിണി
Analysis

ഒരു ചായ കുടിക്കുന്നോ?; തട്ടുകടയില്‍ മന്ത്രി സജി ചെറിയാന്റെ ക്ഷണം സ്വീകരിച്ച് നടി രോഹിണി

സക്കീര്‍ ഹുസൈന്‍
|
10 Feb 2024 8:59 AM GMT

ആദ്യ ദിനത്തില്‍ ബ്ലാക്ക് ബോക്‌സില്‍ അരങ്ങേറിയ ബംഗാളി നാടകം 'മാട്ടി കഥ' പ്രേക്ഷകര്‍ക്കൊപ്പം കണ്ടതിന്റെ ആവേശകരമായ അനുഭവവും അവര്‍ പങ്കുവെച്ചു. |Itfok 2024

വിമാന സമയം തെറ്റേണ്ടെന്ന് കരുതി ഇറ്റ്‌ഫോക്ക് ഉദ്ഘാടനം കഴിഞ്ഞ് തിരക്കിട്ട് പോവുകയായിരുന്നു നടി രോഹിണി. പൊടുന്നനെയായിരുന്നു ആ വിളി: 'രോഹിണി ഒരു ചായ കുടിക്കുന്നോ?' മന്ത്രി സജി ചെറിയാനായിരുന്നു അത്. വേദിയില്‍ നിന്ന് ആദ്യം ഇറങ്ങിയ അദ്ദേഹം സമീപത്തെ തട്ടുകടയില്‍ നിന്ന് ചായ കുടിക്കുന്നു. മന്ത്രിയെ അവഗണിക്കുന്നതെങ്ങിനെ എന്ന ഭാവത്തില്‍ രോഹിണിയും ഒപ്പം കൂടി.

അതോടെ നിരവധിപേര്‍ അവര്‍ക്കരികിലെത്തി. അവരുടെ താല്‍പര്യത്തെ ആരും തടഞ്ഞതുമില്ല.

മന്ത്രിയുടെ കുശലാന്വേഷണമായി പിന്നീട്. രജനികാന്തിന്റെ പുതിയ പടത്തിന്റെ സെറ്റില്‍ നിന്നാണ് അവര്‍ എത്തിയത്, പടത്തിന് പേര് ഇട്ടിട്ടില്ല -സജി ചെറിയാന്റെ അന്വേഷണത്തിന് അവര്‍ മറുപടി നല്‍കി.

സിനിമാ തിരക്കുകളെക്കുറിച്ചായി മന്ത്രിയുടെ അന്വേഷണം. കന്നടത്തിലാണ് ഇപ്പോള്‍ കൂടുതല്‍ സിനിമകള്‍ എന്നായി രോഹിണി.

ചെന്നൈയില്‍ തന്നെയാണോ താമസം? മന്ത്രി.

ചെന്നൈ വിടണമെന്നുണ്ട്. പക്ഷേ പറ്റുന്നില്ല - അവര്‍ പറഞ്ഞു.

മലയാള സിനിമാനുഭവങ്ങളെക്കുറിച്ച് വൈകാരികമായി തന്നെ അവര്‍ പ്രതികരിച്ചു. അതിനിടെ, മറ്റൊരു അതിഥികൂടിയെത്തി -മന്ത്രി ആര്‍. ബിന്ദു. സജി ചെറിയാന്‍ ബിന്ദുവിനെ രേവതിക്ക് പരിചയപ്പെടുത്തി. രോഹിണിക്ക് കൈ കൊടുക്ക്. അതല്ലെ നല്ല പടം - സജി ചെറിയാന്റെ കമന്റ്. ചെറിയ ചിരിയോടെ മന്ത്രി ബിന്ദു രേവതിക്ക് കൈ കൊടുത്തു.

ആദ്യ ദിനത്തില്‍ ബ്ലാക്ക് ബോക്‌സില്‍ അരങ്ങേറിയ ബംഗാളി നാടകം 'മാട്ടി കഥ' പ്രേക്ഷകര്‍ക്കൊപ്പം കണ്ടതിന്റെ ആവേശകരമായ അനുഭവവും അവര്‍ പങ്കുവെച്ചു. വളരെ കാലങ്ങള്‍ക്കുശേഷമാണ് ഇങ്ങനെ നാടകം ആസ്വദിച്ചത്. മണ്ണിനെയും മനുഷ്യനെയും മനുഷ്യത്വത്തെയും ഒരുമയെയും കുറിച്ച് പറഞ്ഞ നാടകം ഹൃദ്യമായിരുന്നു. അതൊരു പ്രിഥ്വി തിയറ്ററായി എനിക്ക് അനുഭവപ്പെട്ടു. പ്രേക്ഷകരെ അവര്‍ വളരെ മനോഹരമായി നാടകത്തില്‍ പങ്കാളികളാക്കി. ഞാനും പങ്കാളിയായി. പ്രേക്ഷകരില്‍ പ്രതികരണമുണ്ടാക്കാനാവുന്നു എന്നതാണ് അരങ്ങിന്റെ ശക്തി - രോഹിണി പറഞ്ഞു.

ഞാന്‍ നാടകങ്ങള്‍ നിരന്തരം കാണാറുണ്ട്. മലയാള നാടകങ്ങള്‍ കാണാന്‍ കിട്ടുന്ന അവസരം നഷ്ടപ്പെടുത്താറില്ല. അച്ചന്‍കുഞ്ഞ്, ഭരത് ഗോപി സര്‍, ശങ്കരാടിച്ചേട്ടന്‍, നെടുമുടി വേണു സര്‍ ഭാസിച്ചേട്ടന്‍, ലളിതചേച്ചി എന്നിവരോടൊപ്പം അഭിനയിക്കുന്ന കാലത്ത് അവരുടെ നാടകാനുഭവങ്ങളെക്കുറിച്ചാണ് ഞാന്‍ അന്വേഷിച്ചിരുന്നത്. കഥയായി പറയാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അവരുടെ വിവരണം എന്നെ വല്ലാതെ കൊതിപ്പിച്ചു. അങ്ങിനെയാണ് ഞാന്‍ നാടകരംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം പ്രളയന്‍ സംവിധാനം ചെയ്ത് തമിഴ്‌നാട്ടില്‍ പലയിടത്തും കളിച്ച തെരുവുനാടക അനുഭവവും അവര്‍ വിശദീകരിച്ചു. രോഹിണിയുടെ സാന്നിധ്യം നാടകത്തെ ശ്രദ്ധേയമാക്കിയിരുന്നു.



മന്ത്രി സജി ചെറിയാന്‍, ആര്‍. ബിന്ദു എന്നിവര്‍ക്കൊപ്പം നടി രോഹിണി

ഇന്നത്തെ നിലയില്‍ എന്നെ ആക്കിതീര്‍ത്തത് കേരളമാണ്. ആ സ്‌നേഹവും കടപ്പാടും കേരളത്തോട് എനിക്കുണ്ട്. ഈ മണ്ണിനെക്കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. അഭിനയം എനിക്ക് ഒരുപാട് പാഠങ്ങളേകി. കേരളത്തില്‍ നിന്ന് തുടങ്ങാനായി എന്നത് എന്റെ ഭാഗ്യമാണ്.

ഒരു അഭിനേത്രി എന്നതിനപ്പുറത്ത് വ്യക്തി എന്ന നിലയില്‍ എനിക്ക് നിലപാടുകളുണ്ട്. നമ്മള്‍എണ്ണത്തില്‍ കുറവാകാം. പക്ഷേ, ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ നമുക്കാകണം. ആലംബഹീനര്‍ക്കും ദുര്‍ബലര്‍ക്കും ആത്മവിശ്വാസവും ധൈര്യവും പകരാന്‍ കഴിയണം. ഇതിനായും നാട്ടില്‍ സമാധാനം സ്ഥാപിക്കാനും നമ്മള്‍ ഒന്നിച്ചു നില്‍ക്കണം. ഇതാണ് എന്റെ രാഷ്ട്രീയം.

കല എന്റെ മുറിവുകള്‍ ഉണക്കുകയും ധൈര്യം പകരുകയും ചെയ്തു. എന്നെ തന്നെയും എനിക്കു ചുറ്റുമുള്ളവരെയും നിരീക്ഷിക്കാന്‍ കല എന്നെ പഠിപ്പിച്ചു. ഞാന്‍ ആരാണെന്നും പഠിപ്പിച്ചു. എന്റെ അവകാശങ്ങളെക്കുറിച്ചും അതിനുവേണ്ടി നിലകൊള്ളേണ്ടതിനെക്കുറിച്ചും ബോധവതിയാക്കി.

സ്‌നേഹമാണ് നീതി എന്ന ആശയത്തില്‍ ദല്‍ഹിയില്‍ നിന്ന് പുറപ്പെട്ട കലാജാഥ തമിഴ്‌നാട്ടില്‍ എത്തിയപ്പോള്‍ അതിന് നേതൃത്വം കൊടുത്തത് പ്രളയനായിരുന്നു. ഞാനടക്കമുള്ളവര്‍ അതില്‍ പങ്കാളികളായി. തമിഴ്‌നാട്ടില്‍ നിരവധിയിടങ്ങളില്‍ ഞങ്ങള്‍ തെരുവു നാടകം കളിച്ചു. തെരുവുകളില്‍ പോകാനും അവതരണം നടത്താനും എനിക്ക് ഈ പ്രസ്ഥാനം അവസരമേകി. എനിക്ക് ചില്ല് കൊട്ടാരത്തില്‍ കഴിയേണ്ട.

ജനങ്ങള്‍ക്കായി നിലകൊള്ളണമെന്നാണ് എന്റെ ആഗ്രഹം. സമത്വമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ നമുക്കാവണം. അതിനായി നമുക്കൊന്നിച്ച് നിലകൊള്ളാം - രോഹിണി പറഞ്ഞു.

Similar Posts