സനാതന ധര്‍മം: ഹിന്ദുത്വയുടെ യുദ്ധം ഭരണഘടനയോടോ?
|മനുഷ്യര്‍ക്കിടയില്‍ വംശീയതയും വിഭാഗീയതയും പ്രോത്സാഹിപ്പിക്കുന്ന ജാതീയതക്ക് സനാതന ധര്‍മം സൈദ്ധാന്തിക അടിത്തറ നല്‍കുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
സനാതന ധര്‍മ വിവാദം അണയാതെ കത്തിക്കൊണ്ടിരിക്കുകയാണ്. ഇന്‍ഡ്യ സഖ്യത്തിന്റെ രൂപീകരണത്തോടെ പ്രതിസന്ധിയിലായ ബി.ജെ.പി.ക്ക് വീണു കിട്ടിയ ഒരവസരം കൂടിയാണിത്. സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യുകയെന്ന തമിഴ്നാട് യുവജന ക്ഷേമ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ ആഹ്വാനത്തെ വംശീയ ഉന്മൂലന ആഹ്വാനമായി ചിത്രീകരിച്ചാണ് സംഘപരിവാര്‍ അവസരത്തെ മുതലെടുക്കുന്നത്. സനാതന ധര്‍മത്തെ വിമര്‍ശിക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന് ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിലെ പൊതുവേദികളില്‍ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. സനാതന ധര്‍മത്തെ വിമര്‍ശിക്കുന്നവരുടെ കണ്ണും നാവും ചൂഴ്ന്നെടുക്കുമെന്നാണ് കേന്ദ്ര മന്ത്രി ഗജേന്ദ്ര ശെകാവത് രാജസ്ഥാനില്‍ വെച്ച് പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും പ്രതിപക്ഷ ഐക്യവുമെല്ലാം ബി.ജെ.പി.യെ പ്രധിരോധത്തിലാക്കിയിരിക്കെ, ഇങ്ങനെയൊരു സുവര്‍ണാവസരം പരമാവധി മുതലെടുക്കുക എന്നത് തന്നെയാണ് ലക്ഷ്യം.
സനാതന എന്ന സംസ്കൃത പദത്തിന്റെ ഭാഷാന്തരം ശാശ്വതം എന്നാണ്. ധര്മമെന്നാല് മൂല്യം, വിശ്വാസം, ആചാരം, സമ്പ്രദായം എന്നിങ്ങനെയൊക്കെയാണ്. ശാശ്വതമായി നിലനില്‍ക്കുന്ന അല്ലെങ്കില്‍ നിലനില്ക്കേണ്ട മൂല്യങ്ങളെയും ആചാരങ്ങളെയുമാണ് ഇത് കുറിക്കുന്നത്. വേദി, സ്മൃതി, സദാചാരം, ആത്മ തുഷ്ടി എന്നിവയാണ് ധര്മത്തിന് അടിസ്ഥാനം. വേദ, പുരാണ, ഇതിഹാസ പാരമ്പര്യങ്ങളില്‍ സനാതന ധര്‍മത്തെ കുറിച്ച് വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ട്. ഋഗ്വേദത്തില്‍ തുടങ്ങുന്ന വേദ പാരമ്പര്യത്തിലും, രാമായണ മഹാഭാരത ഇതിഹാസങ്ങളിലും, ധര്‍മ സൂത്രങ്ങളിലും, സ്മൃതി ഗ്രന്ഥങ്ങളിലും, പുരാണങ്ങളിലും, തന്ത്ര ഗ്രന്ഥങ്ങളിലുമെല്ലാം സനാതന ധര്മത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം പരാമര്‍ശങ്ങളുണ്ട്.
'സ്വധര്‍മം, വര്‍ണ ധര്‍മം' എന്നാണ് മനുസ്മൃതി പറയുന്നത്. ഒരാളുടെ ധര്‍മം എന്നത് അദ്ദേഹത്തിന്റെ വര്‍ണത്തിന്റെ ധര്‍മമെന്താണോ അതാണ് എന്നാണ് ഇതിനര്‍ഥം. വര്‍ണാശ്രമ ധര്‍മത്തെക്കുറിച്ച് മനുസ്മൃതി വിശദമായി വിവരിക്കുന്നുണ്ട്. നാല് വര്‍ണങ്ങളാണ് ഉള്ളത്. ബ്രാഹ്മണരാണ് ഏറ്റവും ഉന്നത വര്‍ണമായി പരിഗണിക്കപ്പെടുന്നത്. ധര്‍മം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക, ഉപഹാരങ്ങള്‍ സ്വീകരിക്കുക എന്നിവയാണ് ഈ വിഭാഗത്തിന്റെ കര്‍ത്തവ്യം. രാജ്യഭരണവും യുദ്ധം ചെയ്യലുമാണ് ക്ഷത്രിയരുടെ ധര്‍മം. കൃഷി, കന്നുകാലി വളര്‍ത്തല്‍ എന്നതൊക്കെയാണ് മൂന്നാമത്തെ വിഭാഗമായ വൈശ്യരുടെ ധര്‍മം. ഭൂമിയുടെ ഉടമസ്ഥാവകാശം കൈവന്നതോടെ വാണിജ്യവും വൈശ്യരുടെ മേഖലയില്‍ വന്നു. വര്‍ണാശ്രമ ശ്രേണിയില്‍ ഏറ്റവും താഴെയായി ഗണിക്കപ്പെടുന്നവര്‍ ശൂദ്രരാണ്. ബ്രാഹ്മണരെ ശുശ്രൂഷിക്കുകയെന്നതാണ് ഇവരുടെ ധര്‍മം. ധര്‍മ പ്രകാരം ശൂദ്രര്‍ക്ക് സ്വത്ത് സമ്പാദിക്കാനുള്ള അവകാശമില്ല. വര്‍ണം ജന്മസിദ്ധമാണെന്ന് ഭഗവദ് ഗീതയിലും പരാമര്‍ശമുണ്ട്. 'ചാതുര്‍വര്‍ണം മായാസൃഷ്ടം ഗുണകര്‍മ വിഭാഗശഃ' (ഞാന്‍ തന്നെയാണ് ചാതുര്‍വര്‍ണം സൃഷ്ടിച്ചിട്ടുള്ളത്, ഓരോരുത്തരിലെയും ഗുണം അനുസരിച്ചാണ് തരം തിരിക്കുന്നത്). വര്‍ണങ്ങള്‍ പരസ്പരം കലരുന്നത് ലോകത്തിന്റെ നാശത്തിന്റെ കാരണമാവും എന്നാണ് മനുസ്മൃതിയും അര്‍ഥശാസ്ത്രവും പറയുന്നത്. അതിനാല്‍ തന്നെ വിവിധ വര്ണങ്ങളിലുള്പ്പെട്ടവര് തമ്മില്‍ വിവാഹം ചെയ്യുന്നത് വര്‍ണാശ്രമ പ്രകാരം കര്‍ശനമായി വിലക്കപ്പെട്ടിട്ടുണ്ട്.
മദ്ധ്യകാലത്ത് വര്‍ണ വ്യവസ്ഥിതിയുമായി കലഹിച്ചവരാണ് ശ്രീബുദ്ധനും ജൈനനും. വേദ പുരാണങ്ങളിലെ ധര്‍മമെന്നത് കൊണ്ട് ഉദ്ദേശം ജാതി ശ്രേണി തന്നെയാണ്. അതാവട്ടെ ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരുമാണ്. സാഹോദര്യത്തിന്റെ മറ്റൊരു പേരാണ് ജനാധിപത്യം എന്നാണ് അംബേദ്കര്‍ ഭാഷ്യം. ധര്‍മമാകട്ടെ, സാഹോദര്യം, തുല്യത തുടങ്ങിയ സങ്കല്പങ്ങളൊന്നും പ്രോത്സാഹിപ്പിക്കുന്നില്ല.
മനുഷ്യര്‍ക്കിടയില്‍ വംശീയതയും വിഭാഗീയതയും പ്രോത്സാഹിപ്പിക്കുന്ന ജാതീയതക്ക് സനാതന ധര്‍മം സൈദ്ധാന്തിക അടിത്തറ നല്‍കുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ശ്രീനാരായണ ഗുരു, ഡോ. ബി.ആര്. അംബേദ്കര്‍, സഹോദരന് അയ്യപ്പന്, പെരിയാര്‍ രാമസാമി നായ്കര്‍ തുടങ്ങിയവരാണ് വിമര്‍ശകരിലെ പ്രധാനികള്‍. മദ്ധ്യകാലത്ത് ഈ വ്യവസ്ഥിതിയുമായി കലഹിച്ചവരാണ് ശ്രീബുദ്ധനും ജൈനനും. വേദ പുരാണങ്ങളിലെ ധര്‍മമെന്നത് കൊണ്ട് ഉദ്ദേശം ജാതി ശ്രേണി തന്നെയാണ്. അതാവട്ടെ ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരുമാണ്. സാഹോദര്യത്തിന്റെ മറ്റൊരു പേരാണ് ജനാധിപത്യം എന്നാണ് അംബേദ്കര്‍ ഭാഷ്യം. ധര്‍മമാകട്ടെ, സാഹോദര്യം, തുല്യത തുടങ്ങിയ സങ്കല്പങ്ങളൊന്നും പ്രോത്സാഹിപ്പിക്കുന്നില്ല.
എന്നാല്‍, വര്‍ണാശ്രമം ജാതി വ്യവസ്ഥ അല്ലെന്നും ജന്മത്തിലൂടെയല്ല കര്‍മത്തിലൂടെയാണ് ആളുകളെ വേര്തിരിക്കുന്നതെന്നുമുള്ള വാദങ്ങളുമായി സംഘ്പരിവാര്‍ അനുകൂലികള്‍ രംഗത്തു വരാറുണ്ട്. എന്നാല്‍, ജാതിയെ അരക്കിട്ടുറപ്പിക്കാത്ത ഒരു ഗ്രന്ഥവും സംസ്കൃത ഭാഷയില്‍ രചിക്കപ്പെട്ടിട്ട്ല്ലഎന്നതാണ് വസ്തുത. ആയതിനാല്‍ തന്നെ ചാതുര്‍വര്‍ണ്യവും ജാതിയും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന വാദങ്ങള്‍ സംശയരഹിതമന്യേ തള്ളപ്പെടും. വിരാട പുരുഷന്റെ അംഗോപകങ്ങളില് നിന്നാണ് ചാതുര്വര്ണങ്ങള് ഉണ്ടാവുന്നതെന്നും വിരാട് പുരുഷന്റെ ഉത്തമാംഗങ്ങളില് നിന്നും ഉണ്ടാവുന്നവരെല്ലാം ഉത്തമരാണെന്നും നീചാംഗങ്ങളില് നിന്ന് പിറന്നവരെല്ലാം നീചന്മാരാണെന്നും ഭാഗവത പുരാണം കൃത്യമായി വ്യക്തമാക്കുന്നുണ്ട്. മുഖത്തില്‍ നിന്നുണ്ടാവുന്ന ബ്രാഹ്മണരാണ് ഏറ്റവും ഉത്തമര്‍, അതിനു ശേഷം ക്ഷത്രിയരും വൈശ്യരും. കാല്‍പ്പാദത്തില്‍ നിന്നുണ്ടാവുന്ന ശൂദ്രര്‍ നീചര്‍. ശേഷം വരുന്ന അധമ ജാതിയുടെയും ജാതി ഭ്രഷ്ടരുടെയും കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. പുരാണങ്ങളിലെ 'ധര്‍മം വിട്ട് ജീവിക്കരുത്' എന്ന ആഹ്വാനം 'വര്‍ണാശ്രമം വിട്ട് ജീവിക്കരുത്' എന്ന് തന്നെയാണ് അര്‍ഥമാക്കുന്നത്. മനുസ്മൃതിയാകട്ടെ, ധര്‍മമെന്നത് ജാതി വ്യവസ്ഥ തന്നെയാണെന്ന് അസ്സന്നിഗ്ധം പ്രഖ്യാപിക്കുന്നുമുണ്ട്. മുജ്ജന്മ കര്‍മ ഫലമായാണ് ഓരോരുത്തരുടെയും ജാതി നിര്‍ണയിക്കപ്പെടുന്നതെന്ന് അദ്വൈത സിദ്ധാന്തവും ചൂണ്ടിക്കാട്ടുന്നു.
ഭാഗവത പുരാണത്തിലെ കലിയുഗ സങ്കല്പം ഇവിടെ പരാമര്‍ശിക്കേണ്ടത് തന്നെയാണ്. ഭഗവാന് വാസുദേവന്‍ കലിയുഗത്തില്‍ കല്ക്കിയായി അവതരിക്കും. കലിയുഗ കാലത്ത് ശൂദ്രരും അതിശൂദ്രരും ഭരണകര്‍ത്താക്കളായി വരും. സ്ത്രീകള്‍ വര്‍ണാശ്രമ ധര്‍മത്തെ ലംഗിച്ച് ജീവിക്കാന്‍ തുടങ്ങും. കീഴാളര്‍ അധികാര സ്ഥാനങ്ങളിലെത്തും. ഇങ്ങനെ വര്‍ണാശ്രമ ധര്മത്തിന് കോട്ടം തട്ടുമ്പോള്‍ അതിനെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ടിയാണ് കല്‍ക്കി അവതരിക്കുന്നതെന്നാണ് ഭാഗവത പുരാണത്തിന്റെ ഭാഷ്യം. ഭരണഘടനയുടെ സഹായത്താല്‍ നാം നേടിയെടുത്ത അല്ലെങ്കില്‍ നേടിയെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന മൂല്യങ്ങളെയെല്ലാം റദ്ദ് ചെയ്യുക എന്നതാണ് ഇതിനര്‍ഥം.
ചുരുക്കത്തില്‍, ജാതി ഇല്ലാതെ സനാതന ധര്‍മം ഇല്ലെന്നു വേണം പറയാന്‍. 'സനാതനം' എന്ന പ്രയോഗത്തിലൂടെ മനസിലാക്കേണ്ടത് മാറ്റമില്ലാതെ വര്ണാശ്രമമെന്ന അസമത്വ വ്യവസ്ഥ നിലനില്‍ക്കണമെന്നാണ്. അങ്ങനെയൊരു 'ഭാരത'ത്തെയാണ് ഹിന്ദുത്വ വാദികള്‍ പുനര്‍നിര്‍മിക്കാന്‍ പരിശ്രമിക്കുന്നത്. അവര്‍ക്ക് രാജ്യത്തെ കീഴാളനെയും ദലിതനെയും അടിച്ചമര്‍ത്തണമെങ്കില്‍ ഈ വ്യവസ്ഥ കോട്ടംതട്ടാതെ നിലനിന്നേ മതിയാകൂ. ജാതിവ്യവസ്ഥ നിലനില്ക്കണമെങ്കില് അതിന് സൈദ്ധാന്തിക അടിത്തറ പാകിയ വ്യവസ്ഥയും നിലനില്‍ക്കേണ്ടതുണ്ടല്ലോ. ഹിന്ദുത്വ വാദികളുടെ യുദ്ധം ഭരണഘടനയോടാണ്. 'We the people of India' എന്നാണ് ഭരണഘടനയുടെ അഭിസംബോധന. രാജ്യത്തെ ജനങ്ങളെ തുല്യരായി കാണാത്ത എല്ലാ വ്യവസ്ഥിതിയും യുദ്ധം പ്രഖ്യാപിക്കുന്നത് ഭരണഘടനയോട് തന്നെയാണ്.
അവലംബം: ന്യൂസ് ഡീകോഡ്
തയ്യാറാക്കിയത്: ദാനിഷ് അഹ്മദ്