Analysis
വംശീയതയുടെ ബുള്‍ഡോസറുകള്‍
Click the Play button to hear this message in audio format
Analysis

വംശീയതയുടെ ബുള്‍ഡോസറുകള്‍

നജീബ് കാഞ്ഞിരോട്
|
20 July 2022 4:26 PM GMT

ഗാന്ധിയുടെയും ഗോഡ്‌സെയുടെയും ചിത്രങ്ങള്‍ക്ക് മുന്നില്‍ ഒരേ സമയം പൂക്കളര്‍പ്പിച്ചു കൊണ്ട് തൊഴുതു നില്‍ക്കുന്നവരാല്‍ ഭരിക്കപ്പെടുക എന്നുള്ളത് തന്നെയാണ് ഇന്നത്തെ ഭാരതീയരുടെ ഏറ്റവും വലിയ ദുര്യോഗം.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ പ്രതിപാദിച്ചിട്ടുള്ള അടിസ്ഥാന തത്വങ്ങളാണ് സമത്വം, സ്വാതന്ത്ര്യം, സാമൂഹ്യനീതി എന്ന കാര്യം, ഇനിയും പാടിക്കൊണ്ടിരിക്കേണ്ട അനിവാര്യതയില്ലാത്ത വിധം നിഷ്പക്ഷരായ ഇന്ത്യന്‍ ജനതയുടെ ഹൃദയത്തില്‍ അടിയുറച്ച കാര്യമാണ്. കൂടാതെ ഭാരതം അടിസ്ഥാനപരമായി ഒരു ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് രാഷ്ട്രമാണ്. ചിലപ്പോഴെങ്കിലും ചില പരിക്കുകള്‍ ഏറ്റിട്ടുണ്ടെങ്കില്‍ പോലും ഇത്രയും കാലം ഇന്ത്യ അതിന്റെ ജനാധിപത്യ മതേതര സ്വഭാവം ഒരു പരിധിവരെ നിലനിര്‍ത്തിപ്പോന്നിട്ടുണ്ട്. പക്ഷെ, തീവ്ര വര്‍ഗീയ ഫാസിസ്റ്റുകള്‍ രണ്ടാമതും അധികാരം കയ്യടക്കിയത് മുതല്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഗുരുതരമായ ഭീഷണി നേരിടുന്നു എന്ന യാഥാര്‍ഥ്യവും നിസ്തര്‍ക്കമാണ്. പാരമ്പര്യ ദേശീയ വാദത്തില്‍ അധിഷ്ഠിതമായ തീവ്ര രാഷ്ട്രീയ ചിന്തകളുടെ പ്രതിഫലനമാണ് ഫാസിസം. അടിസ്ഥാനപരമായി അതൊരു ആശയമോ ആദര്‍ശമോ അല്ല. മറിച്ച് അധിനിവേശമാണ്. പൊതുസമൂഹത്തില്‍ ഫാസിസം മാനസികമായും ശാരീരികമായും സാംസ്‌കാരികമായും അധിനിവേശം നടത്തുന്നു. ഫാസിസ്റ്റ് ഭരണകൂടം എപ്പോഴും രാജ്യത്തിന്റെ ഭരണ സംവിധാനവും സാമ്പത്തിക, നിയമ സംവിധാനങ്ങളുമെല്ലാം തങ്ങളുടെ ചിന്തകള്‍ക്ക് അനുസൃതമായി ഉടച്ചു വാര്‍ക്കാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കും.

സാംസ്‌കാരിക ഫാസിസം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഫാസിസത്തിന്റെ ഇന്ത്യന്‍ പതിപ്പായ സംഘ്പരിവാര്‍ അതിന്റെ ഏറ്റവും ഭീകരമായ ശൈലിയില്‍ കലാപങ്ങളും കൂട്ടക്കൊലകളും നടത്തിയപ്പോഴും കേരളത്തില്‍ അത് അത്രമാത്രം വേരൂന്നിയിരുന്നില്ല. ഒരു പക്ഷെ, കേരളത്തിന്റെ സാംസ്‌കാരിക തനിമയും മതേതര രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തമായ സ്വാധീനവും കാരണമായിരിക്കാം. പക്ഷെ, അടുത്ത കാലത്തായി തീവ്ര ചിന്തകളും വര്‍ഗീയതയും കേരള പൊതുമണ്ഡലത്തെയും പിടിമുറുക്കിക്കൊണ്ടിരിക്കുന്നു എന്നത് അവഗണിക്കാനാവാത്ത സത്യമാണ്. നേരിട്ടുള്ള കലാപങ്ങള്‍ക്ക് പകരം ഫാസിസത്തിന്റെ മറ്റൊരു മുഖമായ സാംസ്‌കാരിക ഫാസിസത്തിനാണ് കേരളം ഇരയായിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയകള്‍ പരിശോധിച്ചാല്‍ തന്നെ അതിന്റെ ആഴം മനസ്സിലാക്കാനാവും. മുമ്പെങ്ങുമില്ലാത്ത വിധം വര്‍ഗീയത ആളിക്കത്തുകയാണ് ഫേസ് ബുക്കും വാട്‌സ്ആപ്പും ട്വിറ്ററുമടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍.


കേരളത്തെ അപേക്ഷിച്ച് ഇതര സംസ്ഥാനങ്ങളില്‍ സംഘ്പരിവാര്‍ ഫാസിസം യഥാര്‍ഥത്തില്‍ ഉറഞ്ഞു തുള്ളുകയാണ്. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെയും ജുഡീഷ്യറിയെപ്പോലും ഇത് പിടികൂടിയിരിക്കുന്നു എന്നത് അത്യന്തം ഭീതിപ്പെടുത്തുന്ന അവസ്ഥയാണ്. സാമൂഹ്യപ്രവര്‍ത്തകയായ ടീസ്റ്റ സെതല്‍വാദിനെതിരെയും ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാറിനെതിരെയുമൊക്കെ മോദി ഭരണകൂടം കള്ളക്കേസുകള്‍ ചമച്ച് പീഡിപ്പിക്കുന്നത് ഇതിന്റെ മികച്ച ഉദാഹരണമാണ്. അത്‌പോലെ തന്നെ ഉയര്‍ന്ന IPS ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെതിരെ നടത്തിയ നീക്കങ്ങളും ഫാസിസം എന്നും ഭയപ്പെടുന്നത് സത്യങ്ങളെയാണ് എന്നതിന് അടിവരയിടുന്നു. അതുകൊണ്ടാണ് വര്‍ഗീയവാദികള്‍ എന്നും ചരിത്രത്തെ വളച്ചൊടിക്കുകയും അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്. ഉത്തരേന്ത്യയിലെ നിയമ സംവിധാനവും പൊലീസുമൊക്കെ കാവിവല്‍കരിക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം വിസ്മരിച്ചിട്ട് കാര്യമില്ല.




പശു ഒരു ഭീകര ജീവിയല്ല

ഇതിനിടയിലാണ് ബീഫ് നിരോധനമെന്ന ഭക്ഷണ ഫാഷിസവും പശുവിന്റ പേരിലുള്ള ആള്‍ക്കൂട്ട കൊലകളും മറ്റൊരു ഭാഗത്ത് തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. പശുവിന്റെ പേരില്‍ നിരപരാധികളായ എത്ര മനുഷ്യരെയാണ് സംഘ്പരിവാര്‍ കൊന്ന് തള്ളിയത്. ഞങ്ങള്‍ കഴിക്കാത്തത് നിങ്ങളും കഴിക്കണ്ട എന്ന് പറയുന്നതിലെ കടുത്ത ജനാധിപത്യ വിരുദ്ധത സംഘ് ഭരണകൂടങ്ങള്‍ കൈ കെട്ടി നിന്ന് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു സമൂഹത്തോട് എന്തെങ്കിലും കഴിക്കരുത് എന്ന് പറയുന്നതിന് മുമ്പ് ഭരണകൂടം ചെയ്യേണ്ടിയിരുന്നത് നാട്ടിലെ എല്ലാ ജനങ്ങളും വലതും കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കലായിരുന്നു.

എഴുത്തുകാരുടെ ശവപ്പറമ്പോ ഇന്ത്യ?

സവര്‍ണ വംശീയതയിലും സങ്കുചിത ദേശീയതയിലും ഊന്നിയ ഏകശിലാവാദമാണ് സംഘ്പരിവാര്‍ മുന്നോട്ട് വെക്കുന്ന ആശയം. ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ക്കും ബഹുസ്വരതക്കും വിരുദ്ധമായ വാദമാണിത്. ഇതിനെ എതിര്‍ക്കുന്നവരും ആശയപരമായി വിയോജിക്കുന്നവരുമെല്ലാം സംഘ്പരിവാറിന്റെ ശത്രുക്കളാണ്. ഫാസിസം എന്നും തങ്ങളുടെ വളര്‍ച്ചയുടെ ഗ്രാഫ് ഉയര്‍ത്തിയിട്ടുള്ളത് എതിര്‍ സ്ഥാനത്ത് ഒരു പൊതുശത്രുവിനെ പ്രതിഷ്ഠിച്ചുകൊണ്ടാണ്. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെയും ദലിതരെയും ആക്ടിവിസ്റ്റുകളെയുമൊക്കെയാണ് സംഘ്പരിവാര്‍ ശത്രുസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്. പക്ഷെ, അധികാരത്തിന്റെ ധാര്‍ഷ്ട്യം തലക്ക് പിടിച്ചപ്പോള്‍ തങ്ങളുടെ ആശയങ്ങളെയോ നയങ്ങളെയോ എതിര്‍ക്കുന്നവരെയെല്ലാം എതിര്‍ സ്ഥാനത്തു നിര്‍ത്തുകയും അവരെ മൃഗീയമായി ഇല്ലാതാക്കുകയും ചെയ്യുന്ന പ്രവണത ഭീകരമാം വിധം വര്‍ധിച്ചിരിക്കുന്നു. എഴുത്തുകാരുടെ ശവപ്പറമ്പാണോ ഇന്ത്യ എന്ന് സംശയിക്കേണ്ട വിധത്തിലാണ് കുറച്ചു മുമ്പ് നടന്ന സംഭവങ്ങളെ പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്നത്. പ്രൊഫ. കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദബോല്‍ക്കര്‍, ഗൗരി ലങ്കേഷ് തുടങ്ങിയ എഴുത്തുകാരെ പോലും അവര്‍ കൊന്നു തള്ളി. കടുത്ത അസഹിഷ്ണുത മൂലം ആശയപരമായി എതിര്‍ക്കുന്നവരെയെല്ലാം ഉന്മൂലനം നടത്തി ഇന്ത്യയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ഫാസിസ്റ്റ് ഭരണകൂടവും അതിന്റെ പിണിയാളുകളും. ആശയത്തെയും എഴുത്തിനെയും ആദര്‍ശം കൊണ്ട് നേരിടാനാവാത്തവര്‍ ആയുധം കൊണ്ട് കൊന്നു തള്ളുന്നതിന് പിന്നില്‍ കടുത്ത ആശയ ദാരിദ്ര്യവും അസഹിഷ്ണുതയുമാണ്. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ദേശദ്രോഹികള്‍ എന്നു വിളിക്കുകയും അവര്‍ രാജ്യം വിട്ട് പോകണമെന്ന് ആക്രോശിക്കുകയും ചെയ്യുന്നത് ഈ അസഹിഷ്ണുതയുടെ ഭാഗമാണ്. ഗാന്ധിജിയെ കൊന്ന തോക്ക് സംഘ്പരിവാര്‍ താഴെ വെച്ചിട്ടില്ല. അതില്‍ നിന്നുള്ള അവസാന വെടിയുണ്ട തുളച്ചുകയറിയിരിക്കുന്നത് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിലേക്കാണ്. കൊന്നിട്ടും മതി വരാതെ അവര്‍ രാഷ്ട്രപിതാവിനെ അപമാനിച്ചു കൊണ്ടേയിരിക്കുകയാണ്.


വളരെ വേഗത്തില്‍ ഇന്ത്യയില്‍ സാംസ്‌കാരിക ഫാസിസവും വര്‍ഗീയതയും തഴച്ചു വളരുകയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു സമൂഹത്തെ സങ്കുചിത ദേശീയതയും വംശീയതയും കൊണ്ട് മോദിയും യോഗിയും ചേര്‍ന്ന് പതിനെട്ടാം നൂറ്റാണ്ടിലേക്ക് വലിച്ചിഴക്കുകയാണ്. ഈ ആധുനിക കാലഘട്ടത്തില്‍ പോലും ഇത്തരക്കാര്‍ക്ക് അനുയായികള്‍ വര്‍ധിച്ചു വരുന്നു എന്ന ഭീതിജനകമായ യാഥാര്‍ഥ്യത്തില്‍ നിന്ന് കൊണ്ടാണ് ഈ അപകടത്തെ ആശയപരമായും ബൗദ്ധികമായും എങ്ങനെ പ്രതിരോധിക്കാം എന്ന് ചിന്തിച്ചു തുടങ്ങേണ്ടത്. സംഘ് വര്‍ഗീയതയെ പ്രതിവര്‍ഗീയത കൊണ്ട് നേരിടാനാവും എന്ന് ചിന്തിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് എന്ന് പറയേണ്ടതില്ലല്ലോ. മതനിരപേക്ഷതയും ജനാധിപത്യവും തിരിച്ചു പിടിക്കാനും ഫാസിസത്തെ ശക്തമായി പ്രതിരോധിക്കാനും മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിഷ്പക്ഷ സാംസ്‌കാരിക പ്രവര്‍ത്തകരും ന്യൂനപക്ഷങ്ങളും ദലിതരുമൊക്കെ ഒന്നിച്ചു പോരാടേണ്ടതിന്റെ അവശ്യകത വര്‍ധിച്ചു വരുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ സംഘ്പരിവര്‍ ഫാസിസത്തെ പ്രതിരോധിക്കുക എന്നത് തന്നെയാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രവര്‍ത്തനം.


പ്രതീക്ഷകള്‍

സംഘ് പരിവാറിന്റെ വംശീയ രാഷ്ട്രീയത്തെ ശക്തമായി പ്രതിരോധിക്കേണ്ട കോണ്‍ഗ്രസ്സടക്കമുള്ള പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം എഴുന്നേറ്റ് നില്‍ക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണ്. മോദിയെപ്പോലെയുള്ള തീവ്ര വര്‍ഗീയ ഫാസിസ്റ്റുകളെ നേരിടാന്‍ കെല്‍പുള്ള ഒരൊറ്റ ദേശീയ നേതാവ് പോലും കോണ്‍ഗ്രസിനിപ്പോഴില്ല. രാഹുല്‍ ഗാന്ധി നന്മയും മനുഷ്വത്വവുമുള്ള നേതാവാണെങ്കിലും സംഘ്പരിവാറിനെ നേരിടാന്‍ ആര്‍ജവമുള്ള നേതാക്കള്‍ ഇനിയും ഉയര്‍ന്നു വരേണ്ടതുണ്ട്. കുടുംബ പാരമ്പര്യത്തിന്റെ ദൗര്‍ബല്യത്തില്‍ പുറത്തുകടക്കാതെ കോണ്‍ഗ്രസിന് ഇനി ദേശീയ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക് അത്ര പെട്ടെന്നൊന്നും കടന്നുവരാനും കഴിയില്ല. എന്നിരുന്നാലും സംഘ്പരിവാറിനെ പ്രതിരോധിക്കാന്‍ ഇപ്പോഴും സാധാരണക്കാരിലുള്ള പ്രതീക്ഷ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മറ്റു മതേതര പാര്‍ട്ടികളുടെ ഐക്യപ്പെടലാണ്.


പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല. ബിഹാറില്‍ സംഭവിച്ചതു പോലെ പരസ്പര വൈര്യം മറന്ന് ഒരുമിച്ച് നിന്ന് സംഘ്പരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ പ്രതിരോധിച്ചാല്‍ നമുക്ക് മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാനാവും. കേന്ദ്രത്തിലും യു.പിയിലുമൊക്കെ ബി.ജെ.പിക്ക് കിട്ടിയ വോട്ടിന്റെ ശതമാനം നോക്കിയാല്‍ മനസ്സിലാവും മതേതര വോട്ടുകള്‍ ഭിന്നിച്ചതാണ് വര്‍ഗീയ പാര്‍ട്ടികള്‍ അധികാരം കയ്യടക്കാന്‍ ഹേതുവായതെന്ന കാര്യം. അതിനുമപ്പുറം വോട്ടിംഗ് യന്ത്രത്തില്‍ പോലും കൃത്രിമം കാണിച്ചു എന്ന ആരോപണം അതീവ ഗുരുതരമാണ്.


മോഡിഫൈഡ് ഇന്ത്യയില്‍ ജനാധിപത്യം വെറും നോക്കുകുത്തിയായിക്കൊണ്ടിരിക്കുകയാണ്. എങ്ങനെയെങ്കിലും അധികാരം പിടിച്ചടക്കുക, അതിനു എന്ത് മാര്‍ഗവും സ്വീകരിക്കുക എന്നത് വര്‍ഗീയ ഫാസിസ്റ്റുകള്‍ എക്കാലവും തുടര്‍ന്ന് വരുന്ന ഒരു രീതിയാണ്. പല സംസ്ഥാനങ്ങളിലും ഇവര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ വര്‍ഗീയ കലാപങ്ങള്‍ അധികാരത്തിലേക്കുള്ള ചോരയില്‍ കുതിര്‍ന്ന ചവിട്ടുപടികളായിരുന്നു. ഗുജറാത്ത് കലാപവും, മുസഫര്‍നഗര്‍ കലാപങ്ങളും കണ്ഡമാലുമെല്ലാം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. ഇനിയും ഇത് തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യും. പക്ഷെ, ചരിത്രത്തില്‍ തങ്കലിപികളില്‍ കൊത്തിവെക്കപ്പെടുന്നത് ഫാസിസ്റ്റുകളുടെ പേരുകളായിരിക്കില്ല; മറിച്ച് സ്വന്തം ജീവന്‍ ബലി നല്‍കി വര്‍ഗീയതയെ പ്രതിരോധിച്ചവരുടേതായിരിക്കും. ചരിത്രത്തില്‍ ഗാന്ധിയുടെ സ്ഥാനം ഉന്നതമാണെങ്കില്‍ ഗോഡ്സെയുടെ സ്ഥാനം ചവറ്റുകൊട്ടയിലാണ്. എഴുത്തുകാരുടെ പേനകളില്‍ നിന്നും ഇനിയും തീക്കനലുകള്‍ പെയ്തിറങ്ങും. ആ ചൂടില്‍ സംഘ്പരിവാര്‍ വെന്തുരുകുന്ന കാലം വിദൂരമല്ല. തീവ്ര വര്‍ഗീയ വാദികള്‍ കൊന്നുതള്ളിയ മൃതദേഹത്തില്‍ നിന്നും ചിതറിത്തെറിച്ച ചോരയില്‍ നിന്നും വിശാലമായ കാന്‍വാസുകള്‍ സൃഷ്ടിക്കപ്പെടും. അതില്‍ പുതിയ ചിന്തകള്‍ ചിതറി വീഴും. പ്രതിരോധത്തിന്റെ പുതിയ അക്ഷരങ്ങള്‍ രചിക്കപ്പെടും. നമുക്ക് ഇനിയും തൂലിക ചലിപ്പിച്ചു തുടങ്ങാം. അവര്‍ തോക്ക് താഴെ വെക്കുന്നത് വരെ.


നമ്മുടെ രാജ്യം ഇത്തരമൊരു ഭയാനകമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ പ്രതിപക്ഷത്തുള്ള മതേതര ജനാധിപത്യ രാഷ്ട്രീയ കക്ഷികള്‍ ഉറക്കമുണര്‍ന്ന് പ്രതികരിക്കേണ്ട സമയമാണിത്. നമ്മള്‍ മൗനം വെടിഞ്ഞേ മതിയാവൂ. അഭിപ്രായ ഭിന്നതകള്‍ മറന്നു പ്രാദേശിക മതേതര പ്രസ്ഥാനങ്ങള്‍ ഒരുമിച്ച് നിന്ന് ഇന്ത്യന്‍ ഭരണഘടനയുടെ മാഹാത്മ്യം ഉയര്‍ത്തിപ്പിടിക്കാന്‍ പൊരുതിയില്ലെങ്കില്‍ വര്‍ഗീയ ഫാസിസ്റ്റുകളുടെ കരാള ഹസ്തങ്ങളില്‍ നിന്ന് ഭാരതത്തെ തിരിച്ചു കൊണ്ടുവരിക എന്നത് ഒരു വിദൂര സ്വപ്നം മാത്രമായി അവശേഷിക്കാനാണ് സാധ്യത.

കുഴലൂതുന്ന ദേശീയ മാധ്യമങ്ങള്‍

വര്‍ഗീയ ഫാസിസ്റ്റ്, ഏകാധിപത്യ ഭരണകൂടത്തിന്റെ ചെയ്തികളില്‍ ദേശീയ മാധ്യമങ്ങള്‍ കാണിക്കുന്ന നിസ്സംഗതയും നട്ടെല്ലില്ലാത്ത നിലപാടുകളും നിരുത്തരവാദപരമായ നുണ പ്രചാരണങ്ങളും ഹിറ്റ്‌ലറുടെ കാലത്തെ ജര്‍മനിയിലെ ഗീബല്‍സേറിയന്‍ തന്ത്രങ്ങളെയാണ് അനുസ്മരിപ്പിക്കുന്നത്. ഫാസിസ്റ്റുകള്‍ക്കെതിരെ ചൂണ്ടുവിരലുയര്‍ത്തുന്ന ആര്‍ജവമുള്ള സാംസ്‌കാരിക നായകരെ പോലും രാജ്യദ്രോഹികളായി ചാപ്പ കുത്തുമ്പോള്‍ അതിനെതിരെയുള്ള പ്രതികരണങ്ങള്‍ പോലും ചില കോണുകളില്‍ മാത്രമൊതുങ്ങുമ്പോള്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. സംഘ്പരിവാറിന്റെ വര്‍ഗീയ ശൂലങ്ങള്‍ രാജ്യത്തെ ജനാധിപത്യ മതേതര മൂല്യങ്ങളെ തച്ചുടക്കുന്ന ഫാസിസ്റ്റ് കാലത്ത് നിശ്ശബ്ദരായിരിക്കാന്‍ നമുക്കെന്തവകാശം?

രാജ്യസ്‌നേഹവും സങ്കുചിത ദേശീയതയും

ഭരണകൂടത്തെ വിമര്‍ശിക്കുന്നത് പോലും രാജ്യദ്രോഹമാകുന്ന സങ്കുചിത ദേശീയത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതി തീവ്രമാണ്. ഇന്ത്യയില്‍ ഞങ്ങള്‍ മാത്രം മതി, ഞങ്ങളാണ് രാജ്യസ്‌നേഹികള്‍ എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുന്ന അതേ ഹിന്ദുത്വ വാദികള്‍ തന്നെയാണ് ഗാന്ധിജിയെ ക്രൂരമായി വെടി വെച്ചുകൊന്ന ഗോഡ്സെയെ വീരനായകനാക്കുന്നതും ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് ജയില്‍ മോചിതനായ സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കണമെന്ന് യാതൊരു ലജ്ജയുമില്ലാതെ പറയുന്നതും എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. സംഘ്പരിവാറിന്റെ സവര്‍ണ ദേശീയതയുടെ പ്രധാന ഇരകള്‍ ഇന്ത്യയിലെ മുസ്‌ലിംകളും ദലിതരുമാണ്. മറ്റുള്ളവരെ രാജ്യദ്രോഹികളാക്കാന്‍ വെമ്പുന്ന സംഘ്പരിവാര്‍, ചെരിപ്പ് നക്കികളായ സ്വന്തം മുന്‍ഗാമികളുടെ ചരിത്രമെങ്കിലും പഠിക്കാന്‍ തയ്യാറാകണം. 'ബ്രിട്ടീഷ് കാര്‍ക്കെതിരെ പോരാടി നിങ്ങളുടെ ഊര്‍ജം കളയാതെ നിങ്ങള്‍ ആഭ്യന്തര ശത്രുക്കളായ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും കമ്യുണിസ്റ്റ്കാരെയുമാണ് നേരിടേണ്ടത്' എന്ന് എഴുതിവെച്ച ഗോള്‍വാള്‍ക്കറുടെ വിചാരധാര വേദഗ്രന്ഥമായി കൊണ്ട് നടക്കുന്ന സംഘ്പരിവാര്‍ മറ്റുള്ളവരെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ടതില്ല. അത് മനസ്സിലാവണമെങ്കില്‍ അമിത് ഷായും നരേന്ദ്ര മോദിയും സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ബാലപാഠങ്ങളെങ്കിലും പഠിച്ചാല്‍ മതിയാവും. ചരിത്രം പറയുന്നത് ആര്‍.എസ്.എസ് നേതാക്കളായ ഭായ് പരമാനന്ദ് (story of my life - 1982), ഡോ. ബി.എസ് മൂഞ്ചെ (ഹിന്ദു മഹാസഭാ സമ്മേളനം -1923), വി.ഡി സവര്‍ക്കര്‍ (ഹിന്ദുത്വ-1923), ഗോള്‍വാക്കര്‍ (We or our nationhood Defined - 1939) തുടങ്ങിയ ആര്‍.എസ്.എസ് നേതാക്കളുമാണ് ബ്രിട്ടീഷ് കാലത്ത് തന്നെ ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കണമെന്ന് ശക്തിയായി വാദിച്ചതും പണിയെടുത്തതും. ആരാണ് ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചതെന്ന ചരിത്ര വസ്തുതകള്‍ വിരല്‍ ചൂണ്ടുന്നത് ഹിന്ദുത്വ സംഘടനകളിലേക്കാണ്.


ഭരണകൂട ഭീകരത

സമാധാനപരമായി പ്രതിഷേധം നടത്തുന്നവരെ പൊലീസിനെയും ഗുണ്ടകളെയും വിട്ട് ക്രൂരമായി ആക്രമിക്കുകയും കൊല്ലുകയും ചെയ്യുകയാണ് ഫാസിസ്റ്റ് ഭരണകൂടങ്ങള്‍. ഉത്തര്‍പ്രദേശില്‍ കര്‍ഷക സമരത്തിലേക്ക് വണ്ടിയോടിച്ചു കയറ്റി എട്ട് പാവങ്ങളെ ക്രൂരമായി കൊന്നത് കേന്ദ്രമന്ത്രിയായ അജയ് മിശ്രയുടെ മകനാണ്. പ്രവാചക നിന്ദക്കെതിരെ പ്രതികരിച്ചവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും പൊലിസ് സ്റ്റേഷനില്‍ വെച്ചു അവരെ മൃഗീയമായി മര്‍ദിക്കുകയും ചെയ്യുകയാണ് യോഗിയുടെ പൊലീസ്. അത് കൂടാതെയാണ് പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത്. ഇതാണ് ഫാസിസ്റ്റ് കാലത്തെ ജനാധിപത്യശൈലി. ഇന്ത്യയില്‍ ഇതുവരെ നടക്കാത്ത സംഭവങ്ങളാണ് യു.പിയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ പോലും പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയും യാതൊരു നിയമവും പാലിക്കാതെ അവരുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്യുന്ന സയണിസ്റ്റ് ശൈലി ജനാധിപത്യ ഇന്ത്യയിലും സംഭവിക്കുന്നു എന്നതിനേക്കാള്‍ അപകടകരവും ഭീതിപ്പെടുത്തുന്നതുമായ കാര്യം, ഇത്രയൊക്കെ നടന്നിട്ടും അതിനെതിരെ ശക്തമായ പ്രതിഷേധം എവിടേയും ഉണ്ടാകുന്നില്ല എന്നതാണ്. അഫ്രീന്‍ ഫാത്തിമ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥിനികളെയും അവരുടെ കുടുംബത്തെയും വേട്ടയാടിക്കൊണ്ടിരിക്കുന്നു. അഫ്രിന്‍ ഫാത്തിമയുടെ പിതാവ് ജാവേദിനെ അറസ്റ്റ് ചെയ്യുകയും അവരുടെ വീട് തകര്‍ക്കുകയും ചെയ്തിരിക്കുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളുമെല്ലാം തുടരുന്ന മൗനം ഇരകളില്‍ അന്യതാബോധം സൃഷ്ടിക്കുന്നുണ്ട്. ഭയം എല്ലാവരിലും അരിച്ചു കയറിക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യം. എതിരാളികളുടെ ഭയത്തിന്റെ നൂലില്‍ പിടിച്ചുകൊണ്ടാണ് ഫാസിസം ഉരഞ്ഞു കയറുക. ആസാമില്‍ കുടിയിറക്കപ്പെട്ട മുസ്‌ലിംകളെ ക്രൂരമായി വെടിവെച്ചു കൊന്ന നിയമപാലകരും മൃതദേഹത്തിന് മുകളില്‍ സംഹാരനൃത്തം നടത്തിയ മാധ്യമ പ്രവര്‍ത്തകനുമെല്ലാം വ്യക്തമാക്കുന്നത് നാം ഇതുവരെ ശീലിച്ചിരുന്ന വിശാല ദേശീയതയില്‍ നിന്ന് തെന്നി മാറി, തീവ്രമായ സവര്‍ണ സങ്കുചിത ദേശീയതയിലേക്ക് നമ്മുടെ രാജ്യം അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ്. ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് നിരപരാധികളായ മനുഷ്യരെ പച്ചക്ക് തല്ലിക്കൊല്ലുന്ന സംഘ്പരിവാറിന്റെ സവര്‍ണ വംശീയത രക്ഷസീയമായി ഉറഞ്ഞു തുള്ളുന്നതും അധികാരത്തിന്റെ തിണ്ണബലത്തിലാണ്. ഗാന്ധിയുടെയും ഗോഡ്‌സെയുടെയും ചിത്രങ്ങള്‍ക്ക് മുന്നില്‍ ഒരേ സമയം പൂക്കളര്‍പ്പിച്ചു കൊണ്ട് തൊഴുതു നില്‍ക്കുന്നവരാല്‍ ഭരിക്കപ്പെടുക എന്നുള്ളത് തന്നെയാണ് ഇന്നത്തെ ഭാരതീയരുടെ ഏറ്റവും വലിയ ദുര്യോഗം.


ജനാധിപത്യവും മതേതരത്വവും തച്ചുടച്ച് പകരം ഏകാധിപത്യവും വംശീയതയും നിറഞ്ഞ ഇന്ത്യ സൃഷ്ടിക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലറും ഇറ്റലിയില്‍ ബെനിറ്റോ മുസ്സോളിനിയും ചെയ്തത് പോലെ. ഇനിയും മൗനം തുടര്‍ന്നാല്‍ മതേതര ഇന്ത്യ എന്നത് തിരിച്ചു പിടിക്കാനാവാത്ത ഒരു സമസ്യ മാത്രമായി മാറും. വിശാല ദേശീയതക്ക് പകരം സങ്കുചിത ബ്രാഹ്മണിക്കല്‍ ദേശീയത ശക്തി പ്രാപിച്ചു വരുന്നത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും എത്രമാത്രം അപകടകരമാണ് എന്നുള്ളത് ഇനിയങ്ങോട്ട് കാണാനിരിക്കുന്നതെ ഉള്ളൂ. സ്വന്തം ഭരണ പരാജയം മറച്ചു വെക്കാന്‍ പൗരത്വ ബില്ലും മറ്റ് വിവാദങ്ങളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിലെ സാമ്പത്തിക സ്ഥിതി ഏറ്റവും ദയനീയമായ അവസ്ഥയിലാണ്. ഓരോ ദിവസം കഴിയുന്തോറും ഇന്ത്യ കടുത്ത ദാരിദ്ര്യത്തിലേക്കാണ് പോകുന്നത്. പല സ്ഥാപനങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റുകൊണ്ടിരിക്കുന്നു. അതോടൊപ്പം തന്നെ ഇന്ധന വിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ അതിന്റെ ഏറ്റവും ഉച്ചസ്ഥായിയിലാണ്. അത്തരം കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം പേക്കൂത്തുകളും ഹിജാബ് നാടകങ്ങളുമായി വരുന്നത് എന്ന് പറയുന്നവരെ തള്ളിക്കളയാനാവില്ല. അത്‌കൊണ്ട് തന്നെ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വവും ജനാധിപത്യവും തിരിച്ചുവരാന്‍ അതേ ഭരണഘടന കൊണ്ട് തന്നെ ഫാസിസത്തെ നേരിടുക എന്നതേ ചെയ്യാനുള്ളൂ. ഭരണഘടന തന്നെയാണ് പ്രതിരോധം.


ആത്യന്തികമായി എല്ലാ വിഭജനങ്ങളും മാറ്റിവെച്ച് ഇന്ത്യയിലെ മതേതരസമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വന്ന് രണ്ടാം സ്വാതന്ത്ര്യ സമരം പോലെ കനത്ത പ്രതിഷേധങ്ങള്‍ തന്നെ നടത്തേണ്ടതുണ്ട്. ഇതിനെതിരെ മൗനം അലങ്കാരമായി കൊണ്ട് നടക്കുന്നവര്‍ നാളെ ഇത് തങ്ങളെയും ബാധിക്കും എന്ന് മനസ്സിലാവാതെ നിശബ്ദമായി നാടകം കണ്ടുകൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷവും എല്ലാം വെറുതെ നോക്കിക്കൊണ്ടിരിക്കുക മാത്രമാണ്. അങ്ങനെയുള്ളവര്‍ പ്രശസ്ത ജര്‍മന്‍ തത്വ ചിന്തകനായ മാര്‍ട്ടിന്‍ നെയ്മുള്ളര്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. 'ആദ്യം അവര്‍ സോഷ്യലിസ്റ്റുകളെ അക്രമിക്കാന്‍ വന്നു, ഞാന്‍ എതിര്‍ത്തില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റായിരുന്നില്ല. പിന്നെ അവര്‍ തൊഴിലാളികളെ അക്രമിക്കാന്‍ വന്നപ്പോഴും ഞാന്‍ എതിര്‍ത്തില്ല, കാരണം ഞാനൊരു തൊഴിലാളിയായിരുന്നില്ല, പിന്നെയവര്‍ ജൂതരെ അക്രമിക്കാന്‍ വന്നു, ഞാന്‍ എതിര്‍ത്തില്ല, കാരണം ഞാനൊരു ജൂതനായിരുന്നില്ല. അവസാനം അവര്‍ എന്നെ അക്രമിക്കാന്‍ വന്നപ്പോള്‍ എതിര്‍ക്കാന്‍ ആരും ബാക്കിയുണ്ടായിരുന്നില്ല.'

Similar Posts